Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രകൃതിയിൽ അലിയാം ഇനി, മങ്കയം മനോഹരം സുന്ദരം അവാച്യം..

പ്രകൃതിയിൽ അലിയാം ഇനി, മങ്കയം മനോഹരം സുന്ദരം അവാച്യം..

ചിലപ്പോൾ കോടമഞ്ഞു നമ്മളെ വന്നു പൊതിയും..അല്ലെങ്കിൽ ചാറ്റൽ മഴ നമ്മളിൽ പുഞ്ചിരി വിതറും. ഇതൊന്നുമില്ലാത്തപ്പോൾ ചിത്രശലഭങ്ങൾ നമുക്ക് മുന്നിൽ നൃത്തമാടും. ഭാഗ്യമുണ്ടെങ്കിൽ വരയാടുകൾ തലകുലുക്കി നമുക്കരികിലെത്തും. ഭയപ്പെടുത്താനെനാന്നുമല്ലെങ്കിലും ചിലപ്പോൾ ആനക്കൂട്ടവും......പക്ഷേ കാട്ടുമൃഗങ്ങളുടെ പാതയിൽ നമുക്കെന്തുകാര്യമെന്നല്ലേ.. പ്രകൃതിയുടെ വശ്യത കൃത്രിമത്വമൊന്നുമില്ലാതെ ആസ്വദിക്കണമെന്നുണ്ടോ? തിരുവനന്തപുരം ജില്ലയിലെ മങ്കയത്തേക്കു വരൂ.. 

ടൂറിസ്റ്റുകളുടെ അതിപ്രസരമൊന്നുമില്ലാത്ത, ഉപഭോക്തൃസംസ്‌കാരത്തിന്റെ പുതുപ്രവണതകളില്ലാത്ത, എന്തിന് ഒരു കട പോലുമില്ലാത്ത കേരളത്തിലെ ഏക ടൂറിസ്റ്റ് കേന്ദ്രം. അതാണ് മങ്കയം. ഇവിടത്തെ ഏറ്റവും ആകർഷണീയത പൊന്മുടി മലനിരകളിലേക്കുള്ള ട്രക്കിങ് പാതയാണ്.

മലഞ്ചെരിവുകൾക്കിടയിലൂടെ അക്വേഷ്യ മരങ്ങൾ വിരിച്ച തണൽവീഥിയിലൂടെ പാലോട് നിന്ന് അര മണിക്കൂർ മാത്രമേയുള്ളൂ ബ്രൈമൂർ എന്ന പ്രകൃതിയുടെ വരദാനത്തിലേക്കു പോകാൻ. ഇവിടെ കാണാൻ നിരവധിയാണ്. വരയാടുകളെ ഭാഗ്യമുണ്ടെങ്കിൽ ചിലപ്പോൾ കാണാം. തിരുവനന്തപുരം നഗരത്തിൽ നിന്നു 45 കിലോമീറ്റർ മതി ബ്രൈമൂറിലെത്താൻ. പാലോട്, വിതുര ഏതുവഴി വേണമെങ്കിലും ബ്രൈമൂറിലെത്താം. കൊല്ലത്തു നിന്നു വരുന്നവർക്കു മടത്തറ വഴിയും പ്രവേശിക്കാം.

ഇരുവശങ്ങളിലും തണൽ വിരിക്കുന്ന അക്വേഷ്യ മരങ്ങളോ കൊടും വനമോ യാത്രയിൽ ഉടനീളം ഉണ്ടാകും. ഇടിഞ്ഞാറെത്തിയാൽ ഒരു ചെക് പോസ്റ്റുണ്ട്. വനം സംരക്ഷണ സമിതി സ്ഥാപിച്ചതാണ് ചെക് പോസ്റ്റ്. ഇവിടെ ഓരോരുത്തർക്കും 20 രൂപ വീതം ഫീസ് അടയ്ക്കണം.പിന്നെ വാഹനത്തിനും.

ചെക് പോസ്റ്റ് കഴിഞ്ഞാൽ ബ്രൈമൂർ മലനിരകളിൽ നിന്നുൽഭവിക്കുന്ന ഒരു അരുവിയിലെത്തും. ഇതിനു സമീപത്തായി കുട്ടികളുടെ പാർക് ഉണ്ട്. പിന്നെ അതിമനോഹരമായ ഒരു വെള്ളച്ചാട്ടവും. കാളക്കയമെന്നാണ് വെള്ളച്ചാട്ടത്തിന്റെ പേര്. വനത്തിലെ എല്ലാ ഔഷധവേരുകളിലൂടെയും തട്ടിയൊഴുകിവരുന്ന അരുവിയിൽ കുളിച്ചാൽ യാത്രാക്ഷീണം പമ്പ കടക്കും. വെള്ളത്തിന് നല്ല തണുപ്പാണ്. ഇവിടെ കാളക്കയം എന്ന ചതിക്കുഴിയുണ്ട്. കാളക്കയത്തിന് മനുഷ്യനെ വലിയ ഇഷ്ടമാണ്. ചിലരെ കയത്തിന്റെ അടിത്തട്ടിലേക്ക് ആവാഹിച്ചു കൊണ്ടുപോയി ഒളിപ്പിക്കുന്നതിനാൽ കാളക്കയത്തിൽ കുളിക്കുന്നതിനു വി.എസ്.എസ് നിരോധമേർപ്പെടുത്തിയിട്ടുണ്ട്. നിരവധി പേർ ഇവിടെ മരിച്ചതിനാലാണ് വനം സംരക്ഷണ സമിതിയുടെ വിലക്ക്.

എന്നാൽ അരുവിയിൽ കുളിക്കുന്നതിന് വിലക്കില്ല. ഇനി നമുക്ക് വീണ്ടും യാത്ര തുടരാം. ഇവിടെ മുതൽ മലകയറ്റമാണ്. ഇരുവശങ്ങളിലും കൊടും വനം. നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത പക്ഷികളുടെ ചിറകടിയും അപൂർവയിനം ചിത്രശലഭങ്ങളേയും നമുക്കിവിടെ കണ്ടുമുട്ടാം. കുളി കഴിഞ്ഞ് കാനനഭംഗി ആസ്വദിച്ച് പോകുമ്പോൾ പുരാതനമായ ഒരു ക്ഷേത്രവും ഒരു കുരിശടിയും കാണാം. ഇതിനു സമീപം രണ്ടു ചെറിയ വെള്ളച്ചാട്ടമുണ്ട്.

ഹെയർപിൻ വളവുകളിൽ അപകടം പതിയിരിക്കുന്നതിനാൽ സൂക്ഷിച്ചുപോവുക. വാഹനങ്ങൾ വളരെ കുറവാണ് ഇവിടെ ഹെയർപിൻ വളവുകളിൽ നിന്നു താഴോട്ടു നോക്കിയാൽ മലനിരകളുടെ സൗന്ദര്യം ആസ്വദിക്കാം. പച്ചപ്പുതച്ച പ്രകൃതിയിൽ അപ്പൂപ്പൻ താടി പോലെ കോടമഞ്ഞ് പ്രത്യക്ഷപ്പെടും. ചിലപ്പോൾ അതു നമ്മെ തട്ടിയുഴിഞ്ഞു പോകും.

ഇനി നമ്മൾ കാണുന്നത് സ്വകാര്യ വ്യക്തികളുടെ കൈയിലിരിക്കുന്ന എസ്റ്റേറ്റുകളാണ്. ഈ എസ്റ്റേറ്റുകളിൽ ഒരുകാലത്ത് തേയില മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് അവയെല്ലാം വരുമാനം കൂടുതൽ ലഭിക്കുന്ന റബറിലേക്കു മാറി. രണ്ടു കിലോമീറ്റർ ഇതിനിടയിലൂടെ സഞ്ചരിച്ചാൽ ബ്രൈമൂർ എസ്റ്റേറ്റാണ്. ഇവിടെ അനുവാദം ചോദിച്ച് അകത്ത് പ്രവേശിക്കാം. എസ്റ്റേറ്റിനകത്ത് പ്രവേശിച്ചാൽ 130 കൊല്ലം പഴക്കമുള്ള ടീ ഫാക്റ്ററി കെട്ടിടം കാണാം. ഇവിടെ ഇപ്പോൾ തേയില കുറവായതിനാൽ യന്ത്രങ്ങളെല്ലാം അഴിച്ചുകൊണ്ടുപോയിരിക്കുന്നു. ഈ കെട്ടിടങ്ങളിൽ ബ്രൈമൂർ എസ്റ്റേറ്റ് ഒരുക്കുന്ന താമസ സൗകര്യമുണ്ട്. 6000, 4000, 3000 എന്നീ നിരക്കുകളിലാണ് ദിവസ വാടക.

എസ്റ്റേറ്റിനകത്ത് കൂടി രണ്ടര കിലോമീറ്റർ പോയാൽ അതിമനോഹരമായ മറ്റൊരു വെള്ളച്ചാട്ടത്തിലെത്താം. ഇവിടെ കുളിക്കുമ്പോൾ പ്രത്യേക അനുഭൂതി ലഭിക്കുന്നു. ഇവിടെ തേയിലക്കാടുകളുണ്ട്. പൊഗ്ഗടി മലനിരകളുണ്ട്. ബ്രൈമൂറിൽ താമസിക്കാൻ പോകുന്നവർ നേരത്തെ ബുക്ക് ചെയ്തിട്ടു പോകണം. ആഹാരം വേണമെങ്കിൽ അതും ബുക്ക് ചെയ്യണം. സ്വയം പാചകം ചെയ്ത് കഴിക്കാനുള്ള സൗകര്യവുമുണ്ട്.

എസ്റ്റേറ്റിലെ തൊഴിലാളികൾ മലനിരകളിൽ താമസമുണ്ട്. ഇവിടെ നിന്നു രണ്ടര മണിക്കൂർ നടന്നാൽ സമുദ്രനിരപ്പിൽ നിന്നു 1035 അടി ഉയരത്തിലുള്ള പൊന്മുടി മലനിരയിലെത്താം. അഞ്ചു കിലോമീറ്റർ നടന്നാൽ മതി. പക്ഷേ ചെങ്കുത്തായ മലനിരകളും ഇടതിങ്ങിയ വനങ്ങൾക്കും ഇടയിലൂടെയായതിനാൽ രണ്ടര മണിക്കൂർ എടുക്കും. ഓരോ ചുവടികൾക്കുമൊപ്പം പക്ഷികളുടെ കാതടിപ്പിക്കുന്ന ഒച്ചയോ... ക്രൂരമായ നിശബ്ദതയോ നമുക്കൊപ്പമുണ്ടാകും. മരംകോച്ചുന്ന തണുപ്പും.

വരയാടുകളും ആനകളും യാത്രയിൽ മുന്നിൽ പ്രത്യക്ഷപ്പടാം. അതുകൊണ്ടു വനപാലകരുടെ നിർദേശങ്ങൾ അനുസരിക്കുക. ആനയുള്ളതിനാൽ ഒറ്റയ്ക്കു വരുന്നവരെ ബ്രൈമൂർ വരെ പോകാനേ അനുവാദമുള്ളൂ. പത്തുപേരുടെ സംഘത്തിന് 500 രൂപയാണ് ട്രക്കിങ് ചാർജ്. അര ദിവസമാണ് സമയം. ട്രക്കിംഗിനു പോകാൻ ഉദ്ദേശിക്കുന്നവർ പാലോട് റെയ്ഞ്ച് ഓഫീസറുമായി ബന്ധപ്പെടുക. 0472 2842122.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP