Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഛത്തീസ്‌ഗഡ് - ഒരു ഓർമ്മക്കുറിപ്പ്

ഛത്തീസ്‌ഗഡ് - ഒരു ഓർമ്മക്കുറിപ്പ്

ഛത്തീസ്‌ഗഡിൽ നടക്കുന്ന മാവോവാദി ആക്രമണങ്ങളുടെ പരമ്പര ഒരു തുടർകഥയായി പത്രവാർത്തകളിൽ സ്ഥാനം പിടിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ വർഷങ്ങൾക്കു മുമ്പ് നടത്തിയ ഒരു യാത്രയുടെ ഓർമ്മകൾ ഇവിടെ കുറിക്കട്ടെ. കിറ്റ്‌സ് എന്ന സ്ഥാപനത്തിൽ അദ്ധ്യാപകനായി ജോലി ചെയ്യവേ രണ്ടായിരിത്തി രണ്ടിൽ ആകസ്മികമായി ഛത്തീസ്‌ഗഡിലേക്ക് പത്ത് ദിവസം നീണ്ടു നിന്ന ഒരു ടൂർ, വിദ്യാർത്ഥികൾക്കൊപ്പം പോകാൻ മുകളിൽ നിന്ന് ഉത്തരവ് ലഭിച്ചു. മകൾ ജനിച്ചിട്ട് ഏതാനും ദിവസങ്ങൾ മാത്രമായതിനാൽ വീട് വിട്ട് നിൽക്കാൻ ഒട്ടും തന്നെ മനസ് സമ്മതിക്കുന്നുണ്ടായിരുന്നില്ല. തിരുവനന്തപുരത്ത് നിന്നും വിദ്യാർത്ഥികൾക്കൊപ്പം രപ്തിസാഗർ എക്സ്‌പ്രസിൽ കയറുമ്പോൾ മനസ് പൂർണ്ണമായും യാത്രയ്ക്കായി സജ്ജമായിട്ടില്ലായിരുന്നു. കേരള ടൂറിസത്തിൽ നിന്നും ഡെപ്യൂട്ടേഷനിൽ ഛത്തീസ്‌ഗഡിൽ ടൂറിസം മേധാവിയായി ചുമതലയേറ്റ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു ഈ യാത്രക്ക് കിറ്റ്‌സിൽ നിന്നും ഒരു സംഘം ഛത്തീസ്‌ഗഡിലേക്ക് സന്ദർശനം നടത്തണം എന്ന നിർദ്ദേശം മുന്നോട്ട് വച്ചത്. ഉദ്ദേശം പ്രധാനമായിട്ടും ഛത്തീസ്‌ഗഡിനെ ടൂറിസം ഭൂപടത്തിൽ കൊണ്ടു വരിക എന്നതായിരുന്നു.

റായ്പൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുമ്പോൾ സമയം അർദ്ധരാത്രി കഴിഞ്ഞിരുന്നു. പക്ഷേ ഞങ്ങൾക്ക് ഒട്ടും തന്നെ ബുദ്ധിമുട്ടേണ്ടി വന്നില്ല. കാരണം ഞങ്ങളേയും കാത്ത് ഒരു എ.സി. ബസും, ഗൈഡും നില്പുണ്ടായിരുന്നു. പിന്നീടങ്ങോട്ടുള്ള യാത്രയും ഭക്ഷണവും താമസസൗകര്യവും എല്ലാം മികച്ചതായിരുന്നു. റായ്‌പ്പൂർ നഗരം തിരക്കു കുറഞ്ഞും വീതിയുള്ള റോഡുകളും നടപ്പാതകളും കൊണ്ട് ഒരു വ്യത്യസ്ത അനുഭവമായി മാറി. ഇവിടുത്തെ പ്രത്യേകത, സിറ്റി ബസുകളുടെ അഭാവമായിരുന്നു. ആദ്യ ദിവസം തന്നെ ഞങ്ങളുടെ ആതിഥേയർ ഛത്തീസ്‌ഗഡിനെക്കുറിച്ചും അവിടത്തെ സംസ്‌കാരത്തെക്കുറിച്ചും ഒരു ക്ലാസ് തന്നെ എടുത്തു. ഒരു കാര്യം അപ്പോൾ വ്യക്തമായി, ഛത്തീസ്‌ഗഡിൽ കൂടുതലും ആദിവാസി മേഖലകളും കാടുകളുമാണ്.

ബസ്തർ പ്രകൃതി രമണീയവും നദികളും കാടുകളാലും അനുഗ്രഹീതമായ ഒരു വനമേഖലയാണ്. ഇവിടത്തെ തനതായ ഒരു പക്ഷിയാണ് ബസ്തർ മൈന. മനുഷ്യ ശബ്ദം ഇത്ര മനോഹരമായി അനുകരിക്കുന്ന മറ്റൊരു ജീവിയും ഭൂമുഖത്തില്ലത്രേ. ബസ്തർ മൈനയെ കാണാൻ ഞങ്ങളെ ഒരു വന മേഖലയിലേക്ക് കൂട്ടികൊണ്ടു പോയി. അവിടെ ഒരു വലിയ കൂട്ടിൽ ഉണ്ടായിരുന്ന മൈന ഹിന്ദിയിൽ തെറി പറഞ്ഞത് ഏറെ ചിരിയുണർത്തി. ഈ കേന്ദ്രം ഉദ്ഘാടനം ചെയ്യാൻ എത്തിയ മുഖ്യനെ മൈന ഇതേരീതിയിൽ അഭിസംബോധന ചെയ്‌തെന്നും, അദ്ദേഹം ആ മൈനയ്ക്ക് പ്രത്യേക കൂട് നിർമ്മിച്ചു കൊടുക്കാൻ ഉത്തരവ് ഇട്ടു എന്നും പരിപാലകൻ പറഞ്ഞപ്പോൾ പലർക്കും ചിരി അടക്കാനായില്ല.

ബസ്തറിലെ തനതായ ഗോത്രവർഗ്ഗക്കാർ വസ്ത്രമുടുക്കാത്തവരും പുറം ലോകവുമായി ബന്ധപ്പെടാൻ ആഗ്രഹിക്കാത്തവരുമാണ്. ഇവർ ഉണ്ടാക്കുന്ന ബെൽ മെറ്റൽ ശില്പങ്ങൾക്ക് കമ്പോളത്തിൽ ഏറെ ആവശ്യക്കാരാണ്. പല പഞ്ചനക്ഷത്രഹോട്ടലുകളുടെയും പൂമുഖം ഇവിടെ നിന്നെത്തുന്ന ശില്പങ്ങൾ അലങ്കരിക്കുന്നു എന്നത് വിശ്വസിക്കാൻ ആദ്യം കഴിഞ്ഞില്ല. ടൂറിസത്തിലൂടെ കിട്ടുന്ന വരുമാനം ഈ ഗോത്രസമൂഹത്തിന്റെ ഉന്നമനത്തിനായി സർക്കാർ വിനിയോഗിക്കുന്നു എന്നു മാത്രമല്ല ഇവർക്കായി ആഴ്ച തോറും ഒരു ചന്ത സർക്കാർ ചെലവിൽ നടത്തുന്നുമുണ്ട്. നെൽകൃഷി വ്യാപകമായി നടത്തുന്നതിനാൽ ഇവിടുത്തെ പ്രധാന ധാന്യം നെല്ല് തന്നെയാണ്. പക്ഷേ നാട്ടിൽ കിട്ടുന്ന പോലെത്തെ അരി അല്ലാത്തതിനാൽ കഴിക്കാൻ അല്പം ബുദ്ധിമുട്ടേണ്ടി വന്നു.

ഇവിടെ നിന്നും കുറച്ചകലെയായി ഗ്രാമീണർ കാളകളെ കെട്ടി തിരികല്ല് ഉപയോഗിച്ച് അരി വേർതിരിച്ചെടുക്കുന്നത് കാണാൻ അവസരമുണ്ടായി. കേരളത്തിൽ പണ്ട് കാലങ്ങളിൽ ഇത്തരം കാഴ്ചകൾ സാധാരണമായിരുന്നു. ഇത് കൂടാതെ ഇവിടുത്തെ തനത് ലഹരി പാനീയമായ ചീന്ത് രുചിക്കാനും സാധിച്ചു. കൂടെ ഉണ്ടായിരുന്ന ഗൈഡായ രാകേഷ് പറഞ്ഞ ഒരു കാര്യം മനസ്സിൽ തങ്ങി നിന്നു. ഇവിടത്തുകാരുടെ പ്രധാന വരുമാനം ഒരു തരം പശ ചുരത്തുന്ന മരമാണ്. ഇതിൽ നിന്നും ഊറി വരുന്ന പശ പെയിന്റു കമ്പനികൾ വാങ്ങാറുണ്ടത്രേ. ഇത് കൂടാതെ ഈ മരത്തിന്റെ കൂജ ആകൃതിയിൽ ഉള്ള കായ തുരന്നാണ് നേരത്തെ പറഞ്ഞ ലഹരി പാനീയം അതിനുള്ളിൽ സൂക്ഷിക്കുന്നത്. കൂടുതൽ സമയം സൂക്ഷിക്കും തോറും ലഹരി വർദ്ധിക്കും. ഇത് മാത്രമല്ല. കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്ന പുരുഷന്റെ കൈവശം ഇത്തരം എത്ര മരങ്ങൾ ഉണ്ട് എന്നതാണ് അയാളുടെ സമ്പത്തിന്റെ അളവ് കോൽ!

ബസ്തർ വനമേഖലകളിലൂടെ സഞ്ചരിച്ച് ഒരു തനി നാട്ടിൻ പ്രദേശത്തെത്തിയപ്പോൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു കാഴ്ച കണ്ടു. കുറച്ചകലെ ഒരാൾക്കൂട്ടം. പതുക്കെ ആളുകളെ വകഞ്ഞ് മാറ്റി നോക്കിയപ്പോൾ രണ്ട് പോര് കോഴികൾ തമ്മിൽ തീ പാറുന്ന പോരാട്ടം. ഒരു കോഴിയുടെ കാലുകളിൽ തിളങ്ങുന്ന മൂർച്ചയുള്ള കത്തിയുടെ തലപ്പേറ്റ് എതിരാളി പിടഞ്ഞു വീണു; ചോര ചീറി. ജയഭേരികളോടെ ഉടമസ്ഥൻ ജയിച്ച കോഴിയേയും എടുത്ത് വാതുവെയ്‌പ്പ് തുക കൈപ്പറ്റി നടന്ന് നീങ്ങി. ബസ്തറിൽ ചോര ഒഴുകുന്നത് ഇന്ന് നിത്യസംഭവമാണെങ്കിലും ഈ യാത്രയിൽ ആദ്യമായിട്ടായിരുന്നു ഇങ്ങനെ ഒരു അനുഭവം. വീണ്ടും അടുത്ത ജോഡികൾ പോർക്കളത്തിൽ ഇറങ്ങി. ഞങ്ങൾ പതുക്കെ നടന്നു നീങ്ങി.

ബസിൽ കയറി വീണ്ടും യാത്ര തുടർന്നു. കുട്ടികൾ പാട്ടും കളികളുമായി അടിച്ചു പൊളിക്കുമ്പോൾ എന്റെ മനസ്സിൽ നിന്ന് ആ കോഴി പോര് മാഞ്ഞു പോകാൻ കൂട്ടാക്കിയില്ല. ഇവിടുത്തെ റോഡുകളുടെ പ്രത്യേകത ഒരു കണ്ടും കുഴിയുമില്ല എന്നത് തന്നെ. വാഹനങ്ങൾ തീരെ ഇല്ല എന്നു തന്നെ പറയാം. നൂറിനും നൂറ്റിഅൻപതിനും ഇടയിൽ ബസ്സിന്റെ സ്പീഡോമീറ്റർ പിടഞ്ഞുകൊണ്ടിരുന്നു. ഒരു ദിവസം കൊണ്ട് ഞങ്ങൾ അറുനൂറ് കി.മി. വരെ താണ്ടി. ഇത് നാട്ടിലെ റോഡുകളിൽ ഇത് ചിന്തിക്കാൻ സാധിക്കുമോ?

റോഡിന്റെ ഇരുവശവും വിശാലമായ ഭൂപ്രദേശങ്ങൾ. ഇവിടുത്തെ വീടുകൾ ഭൂമിയിൽ നിന്നും കുഴിച്ചെടുക്കുന്ന പ്രത്യേകതരം പാളികളാൽ ആവരണം ചെയ്‌പ്പെട്ടിരിക്കുന്നു. ''ഇത് ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്.'' ഞങ്ങളുടെ ഗൈഡു കൂടിയായ രാകേഷ് പറഞ്ഞു. ഒന്നു കുഴിച്ചാൽ ഇത്തരം പാളികൾ ഇവിടെ നിന്ന് ലഭിക്കും. ഇത് ഉപയോഗിച്ചാണ് വീടുകൾ നിർമ്മിച്ചിരിക്കുന്നത്.

അന്ന് വൈകുന്നേരത്തൊടെ ഞങ്ങൾ ചിത്രക്കൂട വെള്ളച്ചാട്ടത്തിനരികെയെത്തി. ഈ മനോഹരമായ വെള്ളച്ചാട്ടം നയാഗ്ര വെള്ളച്ചാട്ടത്തിന്റെ അതേ ആകൃതിയിലാണ് താഴേക്ക് പതിക്കുന്നത്. ചിത്രകൂട വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ സംഗീതാത്മകമായ ഒരു രാവായിരുന്നു അത്. താഴേക്ക് പതിക്കുന്ന ഇന്ദ്രാവതി നദി, മുന്നിൽ ടെന്റുകളുടെ ഇടയിൽ കുട്ടികൾ നൃത്തച്ചുവടുകളുമായി ഒരു മായികമായ അനുഭവം.

അടുത്ത ദിവസം കാംഗർവാലി ദേശീയോദ്യാനത്തിലേക്ക് കാടിനെ മുറിച്ച് ബസ് മുന്നോട്ട് കുതിക്കുമ്പോൾ ഞങ്ങൾ മറ്റൊരു ലോകത്തായിരുന്നു. നാടും വീടുംമൊക്കെ മറന്ന മട്ടായിരുന്നു എല്ലാവരും. കാംഗർവാലി ദേശീയോദ്യാനത്തിന്റെ കവാടത്തിന് മുന്നിൽ ബസ് നിറുത്തി. പിന്നെ കാട്ടിലൂടെ ഒരു കാൽ നടയാത്ര. അര മണിക്കൂർ നടന്നു കാണും. മുന്നിൽ ഒരു വലിയ ഗുഹ. ഗൈഡ് ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു. കഷ്ടിച്ച് ഒരാൾക്ക് നിവർന്ന് നിൽക്കാൻ പാകത്തിന് ഉയരമുള്ള ഗുഹയിലൂടെ നടന്നു നീങ്ങി. പെട്ടെന്ന് ഗുഹ അവസാനിച്ചു എന്നു തോന്നുമാറ് ഒരാൾക്ക് ഇഴഞ്ഞ് നീങ്ങാൻ മാത്രം പറ്റുന്നത്ര വലിപ്പമുള്ള ഒരു ദ്വാരം. അല്പം ശങ്കിച്ചു നിന്ന ശേഷം ഒരോരുത്തരായി ഇഴഞ്ഞ് അപ്പുറത്തേക്ക് കടന്നു. ഒരു വലിയ ഹാളിൽ കയറിയ പ്രതീതി. അത്രയ്ക്ക് വലിപ്പമുള്ള മറ്റൊരു ഗുഹയിലേക്കാണ് ഞങ്ങൾ പ്രവേശിച്ചതെന്ന് അപ്പോഴാണ് മനസ്സിലായത്. ഇവിടെ കാണപ്പെട്ട ശിലായുഗ ലിഖിതങ്ങളെ കുറിച്ചുള്ള വർണനകൾക്കിടയിൽ പൊടുന്നനെ ഗൈഡ് ഒന്ന് നിറുത്തിയിട്ട് അമർത്തി പറഞ്ഞു. ''ഇന്നലെ ഇവിടെ ഒരു കടുവ ഉണ്ടായിരുന്നു.'' ഷോക്കേറ്റതു പോലെ എല്ലാ കണ്ണുകളും രക്ഷപ്പെടാനുള്ള വെമ്പലോടെ ഗുഹയുടെ കവാടത്തിലേക്ക് പാഞ്ഞു. ചിരി അടക്കിക്കൊണ്ട് ഗൈഡ് പറഞ്ഞു ''ഏതായാലും വെള്ളത്തിൽ വീണു. ഇനി കുളിച്ചു കയറാം.'' പുറത്തേക്കു കടന്നപ്പോൾ ജീവൻ തിരിച്ചു കിട്ടിയ ആശ്വാസം എല്ലാവരുടെയും മുഖത്ത് കാണാമായിരുന്നു. എന്റെ സ്ഥിതിയും വ്യത്യസ്തമല്ലായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ബസ് ബസ്തറിനടുത്തുള്ള ഏതോ സ്ഥലത്ത് നിർത്തി. പെട്ടെന്ന് ഒരു കൂട്ടം ചെറുപ്പക്കാർ ഞങ്ങളുടെ ബസിനുള്ളിലേക്ക് ഇരച്ചു കയറി, താളാത്മകമായ് നൃത്തച്ചുവടുകൾ വെയ്ക്കുവാൻ തുടങ്ങി. ഒന്ന് അന്ധാളിച്ചെങ്കിലും കിറ്റ്‌സിലെ വിദ്യാർത്ഥികളും അവരോടൊപ്പം കൂടി. പിന്നെയാണ് കാര്യം പിടികിട്ടിയത്. ജാസി ഗിഫ്റ്റ് സംഗീതം പകർന്ന് ആ സമയത്തെ ഹിറ്റായ 'ലജ്ജാവതിയെ' എന്നു തുടങ്ങുന്ന ഗാനം ബസിലെ സ്പീക്കറുകളിലൂടെ ഒഴുകിയെത്തിയതു യുവാക്കളെ ഹരം കൊള്ളിച്ചത്രേ. എന്തായാലും ഞങ്ങളുടെ കയ്യിൽ നിന്നും ആ കാസറ്റ് വാങ്ങി പകരം മൂന്നെണ്ണം തിരികെ നൽകിയിട്ടാണ് അവർ ഞങ്ങളെ യാത്രയാക്കിയത്. സംഗീതത്തിന് അതിർവരമ്പുകളില്ലെന്ന് അടിവരയിടുന്ന മറക്കാനാകാത്ത ഒരനുഭവമായിരുന്നു അത്.

ഞങ്ങൾ അടുത്തതായി പോയത് തീർത്ഥഗർഗ വെള്ളച്ചാട്ടത്തിലേക്കായിരുന്നു ഏകദേശം നൂറ് അടി ഉയരത്തിൽ നിന്നും പതിക്കുന്ന ഈ ജലപാതം ഒരു വ്യത്യസ്ത അനുഭവമായി. കൂടെയുള്ള വിദ്യാർത്ഥികളിൽ ചിലർ സാഹസികമായി ഈ വെള്ളച്ചാട്ടത്തിന്റെ മുകൾ അറ്റം വരെ കയറി പോയത് ഒരു അദ്ധ്യാപകൻ എന്ന നിലക്ക് എന്നെ ഏറെ വ്യാകുലനാക്കി. അവർ തിരിച്ചു വരുന്നതു വരെ ഉള്ളിൽ തീയായിരുന്നു. കിറ്റ്‌സിലെ വിദ്യാർത്ഥികൾ ഇവിടുത്തെ പരിസരം വൃത്തിയാക്കി മാതൃകാപരമായ പ്രവർത്തനത്തിന് അടുത്ത ദിവസത്തെ പത്രവാർത്തകളിൽ നിറഞ്ഞു നിന്നത് എന്നെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ ഒരു കാര്യമായിരുന്നു.

ഇവിടത്തെ ആരാധനമൂർത്തികളിൽ ഏറെയും കേരളത്തിൽ ആരാധിക്കപ്പെടുന്നവ തന്നെയാണ്. ഗണപതിയുടെയും, പാണ്ഡവന്മാരുടെയും അസാധാരണമാം വിധം വലിപ്പമുള്ള വിഗ്രഹങ്ങൾ കൗതുകരമായ അനുഭവം സമ്മാനിച്ചു. ബൊമർഡിയോ, സിർപൂർ എന്നിവടങ്ങളിലെ ശില്പചാതുര്യം ആശ്ചര്യപ്പെടുത്തുന്നവയാണ്. ബൊമർഡിയോ ക്ഷേത്രം ഖജ്‌റാവോ ക്ഷേത്രത്തിന്റെ മാതൃകയിലാണ് നിർമ്മിച്ചിരിക്കുന്നത്. തൊട്ടടുത്ത് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പര്യവേഷണം നടക്കുന്നുണ്ടായിരുന്നു. കണ്ടെത്തിയ പുരാതനകാല അവശിഷ്ടങ്ങളിൽ തലയെടുപ്പോടെ ഉയർന്നു നിന്നത് ഒരു ശ്രീരാമക്ഷേത്രവും, തൊട്ടടുത്ത് തന്നെ സ്ഥിതിചെയ്യുന്ന ലക്ഷ്മണ ക്ഷേത്രവും ആയിരുന്നു ഇപ്പോൾ ഇത്തരം പ്രചീനകാല ക്ഷേത്രങ്ങളും ശില്പങ്ങളും പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളായി മാറിയിരിക്കുന്നു.

ഛത്തീസ്‌ഗഡിന്റെ സൗന്ദര്യം പൂർണമായും ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലും ഈ പ്രദേശത്തുകൂടിയുള്ള യാത്ര ഏതൊരു സഞ്ചാരിയുടെയും സ്വപ്നം തന്നെയാണ് എന്ന് പറയുന്നതിൽ ഒട്ടും തന്നെ അതിശയോക്തിയില്ല. തിരികെ നാട്ടിൽ എത്തുമ്പോൾ ഈ അനുഭവം ഇത്ര നാൾ മനസ്സിൽ തങ്ങി നിൽക്കും എന്നു കരുതിയിരുന്നില്ല. ഇപ്പോൾ വർഷങ്ങൾക്ക് ശേഷം ഇതെഴുതുമ്പോൾ ഓർമ്മകളുടെ ഒരു വേലിയേറ്റം മനസ്സിനെ ഉത്തമാകുന്നു. ഛത്തീസ്‌ഗഡിൽ സമാധാനത്തിന്റെ നാളുകൾ പിറക്കട്ടെ. വീണ്ടും സഞ്ചാരികൾക്കായി തുറക്കപ്പെടട്ടെ എന്ന പ്രത്യാശയോടെ ഈ ഓർമ്മക്കുറിപ്പ് അവസാനിപ്പിക്കുന്നു.

 (സി കെ വേണുഗോപാൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് അസിസ്റ്റന്റ് പ്രൊഫസറാണ്.)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP