Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ട് എത്തിയത് ഒന്നര ദിവസമെടുത്ത്; കനത്ത മഴയിൽ പട്ടാമ്പിയിൽ യാത്ര അവസാനിപ്പിച്ച തീവണ്ടിയിൽ നിന്ന് ബസിനായി നെട്ടോട്ടം; സ്റ്റേഷനിലെ ആകെയുള്ള കടയിൽ ബിസ്‌ക്കറ്റ്പോലും വിറ്റുതീർന്നിരിക്കുന്നു; പുര കത്തുമ്പോൾ വാഴവെട്ടാൻ നോക്കുന്ന ഹോട്ടലുകാരും ടൂറിസ്റ്റ് ബസുകാരും; അതിനിടയിൽ സൗജന്യമായി ഭക്ഷണം തന്നും വണ്ടിക്ക് കൈനീട്ടി സഹായിച്ച ചില സുമനസ്സുകളും; നോർത്ത് 24 കാതം സിനിമയെ ഓർമ്മിപ്പിച്ച് പ്രളയദിനത്തിൽ ഒരു തീവണ്ടിയാത്ര

തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ട് എത്തിയത് ഒന്നര ദിവസമെടുത്ത്; കനത്ത മഴയിൽ പട്ടാമ്പിയിൽ യാത്ര അവസാനിപ്പിച്ച തീവണ്ടിയിൽ നിന്ന് ബസിനായി നെട്ടോട്ടം; സ്റ്റേഷനിലെ ആകെയുള്ള കടയിൽ ബിസ്‌ക്കറ്റ്പോലും വിറ്റുതീർന്നിരിക്കുന്നു; പുര കത്തുമ്പോൾ വാഴവെട്ടാൻ നോക്കുന്ന ഹോട്ടലുകാരും ടൂറിസ്റ്റ് ബസുകാരും; അതിനിടയിൽ സൗജന്യമായി ഭക്ഷണം തന്നും വണ്ടിക്ക് കൈനീട്ടി സഹായിച്ച ചില സുമനസ്സുകളും; നോർത്ത് 24 കാതം  സിനിമയെ ഓർമ്മിപ്പിച്ച് പ്രളയദിനത്തിൽ ഒരു തീവണ്ടിയാത്ര

കെ കെ ജയേഷ്

 കുറേ വർഷം മുമ്പാണ് ഫഹദ് ഫാസിലും സ്വാതി റെഡിയും നായികാ നായകന്മാരായി അഭിനയിച്ച നോർത്ത് 24 കാതം എന്ന സിനിമ കണ്ടത്. ഒരു ഹർത്താൽ ദിനത്തിൽ റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിപ്പോകുന്ന ഹരിയും നാരായണിയും ഒരുമിച്ച് കോഴിക്കോട്ടേക്ക് നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. വൃത്തിയിലും കൃത്യനിഷ്ഠതയിലും ആരോഗ്യസംരക്ഷണത്തിലുമെല്ലാം അതീവ ശ്രദ്ധാലുവാണ് ഹരി. ഇതിൽ നിന്ന് നേർവിപരീതമാണ് നാരായണിയുടെ സ്വഭാവം. ഹർത്താൽ ദിനത്തിൽ കൊല്ലത്തിനടുത്തുള്ള പരവൂർ സ്റ്റേഷനിൽ കുടുങ്ങിപ്പോകുന്ന ഇരുവരും ഗോപാലേട്ടൻ എന്ന കോഴിക്കോട് സ്വദേശിയെ പരിചയപ്പെടുന്നു. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് സുഖമില്ല. അത്യാവശ്യമായി അദ്ദേഹത്തിന് വീട്ടിലേക്ക് മടങ്ങണം. ഹർത്താലായതുകൊണ്ട് വാഹനങ്ങളൊന്നും കിട്ടാനില്ല. ട്രെയിനുകൾ പലതും റദ്ദ് ചെയ്തിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ഗോപാലേട്ടനെ വീട്ടിലെത്തിക്കാൻ നടന്നും ആംബുലൻസിലും ബോട്ടിലുമെല്ലാമായി ഇവർ കോഴിക്കോട്ടേക്ക് തിരിക്കുകയാണ്.

യുക്തിക്ക് നിരക്കുന്നതല്ല ചിത്രത്തിന്റെ പ്രമേയം എന്നാണ് അന്ന് തോന്നിയുന്നത്. പരവൂരിൽ നിന്ന് കോഴിക്കോട്ടേക്ക് നടത്തുന്ന യാത്രയിൽ എന്തൊക്കെയോ പാളീച്ചകൾ അനുഭവപ്പെട്ടു. മറ്റൊരു സംസ്ഥാനം പശ്ചാത്തലമാക്കി കഥ പറഞ്ഞിരുന്നെങ്കിൽ കൂടുതൽ നന്നാവുമായിരുന്നു എന്നും തോന്നിയിരുന്നു. തീർച്ചയായും യുക്തിക്ക് നിരക്കാത്തത് പലതും ആ ചിത്രത്തിൽ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ളൊരു അനുഭവം കേരളത്തിലെ വെള്ളപ്പൊക്കം സമ്മാനിച്ചപ്പോൾ ആ സിനിമയെക്കുറിച്ച് വീണ്ടും ഓർത്തുപോയി.

ഓഫീസ് സംബന്ധമായ കാര്യത്തിനാണ് ഓഗസ്റ്റ് 15 ന് തിരുവനന്തപുരത്ത് എത്തിയത്. ഉച്ചകഴിഞ്ഞപ്പോഴാണ് വീട്ടിൽ നിന്ന് ഭാര്യയുടെ ഫോൺവന്നത്. വേഗം തിരിച്ചോളൂ.. വാർത്തയൊക്കെ അറിഞ്ഞില്ലേ.. ട്രെയിനുകൾ ഒക്കെ നിർത്താൻ പോവുകയാണെന്ന് ടി വിയിൽ വാർത്ത കണ്ടു. ആശങ്കയോടെയുള്ള അവളുടെ വാക്കുകൾ കേട്ടപ്പോഴും അതത്ര കാര്യമായി എടുത്തില്ല. അതിനുമാത്രം പ്രശ്‌നങ്ങളൊന്നും ഉണ്ടാവില്ലെന്ന് മനസ്സ് പറഞ്ഞു. തിരുവനന്തപുരത്ത് അപ്പോഴും അത്രവലിയ വെള്ളപ്പൊക്കമൊന്നും ഉണ്ടായിരുന്നില്ല. ഓട്ടോ കയറി റെയിൽവേ സ്റ്റേഷനിലെത്തി. ഏഴ് മണിക്കാണ് ഞങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്ത മലബാർ എക്സ്‌പ്രസ്. അതിന് തൊട്ടുമുമ്പായി 6.45 ന് മാവേലി സ്റ്റേഷനിൽ നിന്നും യാത്രതിരിച്ചു. സഹപ്രവർത്തകർ പലരും അതിലായിരുന്നു. ഏഴ് മണിക്ക് തന്നെ മലബാറും തിരിച്ചു. അതിരാവിലെ കോഴിക്കോട്ടെത്തുമെന്നും ആദ്യ ബസ്സിൽ തന്നെ വീട്ടിലേക്ക് പോവാമെന്നുമായിരുന്നു കണക്കുകൂട്ടൽ.

വണ്ടിയിലുണ്ടായിരുന്ന ഒരാളുടെ ഫോണിൽ നിന്ന് ക്യൂബൻ കോളനി എന്ന സിനിമ മൊബൈലിലേക്ക് കയറ്റി. അതും കണ്ട് കൊണ്ട് കിടന്ന് ഉറങ്ങിപ്പോയി. രാവിലെ നേരത്തെ എഴുന്നേറ്റു. കോഴിക്കോട്ടെത്താനായിട്ടുണ്ടെന്ന് കരുതി നോക്കിയപ്പോൾ വണ്ടി ഇരിങ്ങാലക്കുട സ്റ്റേഷനിൽ കിടക്കുന്നു. എന്തുപറ്റിയെന്ന് ഒപ്പമുണ്ടായിരുന്ന രാജീവിനോടും അമീറിനോടും ചോദിച്ചപ്പോഴാണ് വണ്ടി അവിടെ പിടച്ചിട്ടിരിക്കുകയാണെന്ന് മനസ്സിലായത്.

പുറത്തിറങ്ങിയപ്പോൾ സ്റ്റേഷൻ മാസ്റ്റർക്ക് മുമ്പിൽ വലിയ ആൾക്കൂട്ടം. വണ്ടി എപ്പോൾ പോവുമെന്നാണ് എല്ലാവർക്കും അറിയേണ്ടത്. തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് പുറപ്പെട്ട വണ്ടികളെല്ലാം പാതി വഴിയിൽ കുടുങ്ങിക്കിടക്കുയാണെന്ന് അദ്ദേഹം പറഞ്ഞു. 'മാവേലി മുളങ്കുന്നത്തുകാവിലും മംഗലാപുരം എക്സ്‌പ്രസ് ചാലക്കുടിയിലും കിടക്കുകയാണ്. കലക്ടറുടെ നിർദ്ദേശാനുസരണമാണ് വണ്ടികൾ പിടിച്ചിട്ടിരിക്കുന്നത്. എട്ട് മണിക്ക് ശേഷം വണ്ടി വിടണോ എന്ന് ആലോചിക്കാമെന്നാണ് കലക്ടറുടെ ഉത്തരവ്'. ശാന്തനായിട്ടായിരുന്നു സ്റ്റേഷൻ മാസ്റ്ററുടെ മറുപടി. എട്ടു മണി കഴിഞ്ഞാൽ വണ്ടി പോവുമെല്ലോ എന്ന് ആശ്വസിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ ഞെട്ടിപ്പിക്കുന്ന വാക്ക് കേട്ടത്. 'വടക്കാഞ്ചേരി പാലത്തിലേക്ക് മണ്ണ് വീണിട്ടുണ്ട്.. ഇവിടുന്ന് പോയാലും വഴിയിൽ കുടുങ്ങാൻ സാധ്യത ഉണ്ട്'

സ്റ്റേഷനിലാകെ ഒരു ചെറിയ കടയാണ് ഉള്ളത്. അവിടെയുള്ള ബിസ്‌ക്കറ്റുപോലും ഇതിനകം വിറ്റുതീർന്നിരുന്നു. പലർക്കും ഭക്ഷണം കിട്ടിയ്ില്.വണ്ടിയിൽ ചെന്നിരുന്നു. കലക്ടറുടെ ഉത്തരവ് വരാൻ കാത്തിരിക്കുകയാണ്. വണ്ടിയിൽ കണ്ണൂർ സ്വദേശിയായ ഒരാളുണ്ട്. അയാൾ ഇടയ്ക്കിടെ വന്ന് എപ്പോൾ പോവും എന്ന് അന്വേഷിച്ചുകൊണ്ടിരുന്നപ്പോൾ അയാളോട് ദേഷ്യം തോന്നി. പിന്നെയാണ് അറിഞ്ഞത് എന്തോ അത്യാവശ്യ കാര്യത്തിന് ഗൾഫിൽ നിന്ന് പത്ത് ദിവസത്തെ ലീവിലുള്ള വരവാണ്. കോഴിക്കോട്ടേക്ക് ടിക്കറ്റ് കിട്ടിയില്ല. എറണാകുളം വിമാനത്താവളം വെള്ളത്തിലായി. ഒടുവിൽ തിരുവനന്തപുരത്ത് ഇറങ്ങിയതാണ്. ട്രെയിനിൽ പെട്ടന്ന് നാട്ടിലെത്താമെന്ന കണക്കുകൂട്ടലിലായിരുന്നു അദ്ദേഹം.

തൊട്ടപ്പുറത്തെ സീറ്റിൽ മലപ്പുറത്തുള്ള ഒരു കുടുംബമാണ്. ഗൃഹനാഥനും ഭാര്യയും മക്കളും അനിയന്റെ മകനുമെല്ലാമുണ്ട്. ഭാര്യയ്ക്ക് കാൻസറാണ്. അവർ ആർ സി സിയിൽ നിന്ന് വരികയാണ്. വീട്ടിലേക്ക് പോയിട്ടും വലിയ കാര്യമൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു. വീട് മൊത്തം വെള്ളത്തിൽ മുങ്ങിയിരിക്കുകയാണത്രെ. സമീപത്തുള്ളവരെല്ലാം ദുരിതാശ്വാസ ക്യാമ്പിലാണ്. ഇങ്ങനെയൊക്കെ പറഞ്ഞെങ്കിലും ഒട്ടും ആശങ്കയില്ലാത്ത വിധത്തിലായിരുന്നു അവരുടെ പെരുമാറ്റം. അവർ ഇടയ്ക്കിടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു. ഭക്ഷണമില്ലാത്തപ്പോൾ വാട്‌സ് ആപ്പിൽ. പിന്നെയും ഭക്ഷണം. നമ്മൾ ടെൻഷനടിച്ചിട്ടെന്ത് കാര്യമെന്നായിരുന്നു പുള്ളിയുടെ ചോദ്യം. 'ഇതിലും ദുരിതമനുഭവിക്കുന്നവർ എത്രയോ ചുറ്റിലുമില്ലേ.. നമ്മൾക്ക് ഇത്രയേ ഉണ്ടായുള്ളു എന്ന് ആശ്വസിക്കുക..'

9 മണിയായപ്പോൾ വണ്ടി വീണ്ടും യാത്ര തുടർന്നപ്പോൾ എല്ലാവരും ആശ്വസിച്ചു. ഞങ്ങളുടെ തൊട്ടപ്പുറത്ത് കോഴിക്കോട്ടുള്ള കുടുംബമാണ്. കലാമണ്ഡലത്തിൽ പഠിക്കുന്ന മകളെ അതിരാവിലെ പോയി കൂട്ടി മടങ്ങുകയാണ് അവർ. കൂട്ടിക്കൊണ്ടുപോകാൻ നിർദ്ദേശം കിട്ടിയതുകൊണ്ട് ധൃതിപ്പെട്ട് വന്നതാണ് അവർ. എറണാകുളത്ത് പഠിക്കുന്ന ഒരു പെൺകുട്ടി തൊട്ടടുത്ത സീറ്റിലുണ്ട്. ആശങ്കയോടെ അവൾ ഇടയ്ക്കിടെ വീട്ടിലേക്ക് വിളിച്ചുകൊണ്ടിരുന്നു.

ടോയ്‌ലറ്റിന് അടുത്തേക്ക് ചെന്നപ്പോൾ വാതിലിനടുത്ത് ഒരാൾ നിൽക്കുന്നുണ്ട്. നോർത്ത് കാതത്തിലെ ഫഹദിന്റെ നായകന്റെ തനിപ്പകർപ്പ്. പുറത്തെവിടെയോ ജോലി ചെയ്യുന്ന ആളാണ്. കക്കൂസിൽ പോവണമെങ്കിലും ബാത്ത് റൂമിലേക്ക് കയറാൻ പറ്റുന്നില്ല. വൃത്തിഹീനമായ ടോയ്‌ലറ്റിൽ ഇരിക്കാൻ സാധിക്കുന്നില്ലെന്ന് വിഷമത്തോടെ കക്ഷി പറഞ്ഞു. പലതവണ കയറിനോക്കിയെങ്കിലും ഇറങ്ങിപ്പോന്നു. വണ്ടി ഓടിത്തുടങ്ങിയതിന്റെ ആശ്വാസം ആളുടെ മുഖത്തുണ്ട്. കോഴിക്കോട്ടെത്തിയിട്ട് കാര്യം സാധിക്കാമല്ലോ എന്ന പ്രതീക്ഷ ആ സുന്ദര മുഖത്ത് ഞാൻ കണ്ടു. പ്രളയത്തിൽ മുങ്ങിപ്പോയ ഭൂഭാഗങ്ങൾക്ക് നടുവിലൂടെ വണ്ടി ഓടിക്കൊണ്ടിരുന്നു. ചുറ്റിലും മനുഷ്യരുടെ ദുരിതങ്ങളാണ്. പ്രകൃതി ദുരന്തത്തിൽ പകച്ചുപോയ മനുഷ്യരുടെ നിസ്സഹായാവസ്ഥ. വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു. കണ്ണു തുറന്നപ്പോൾ വൈകുന്നേരമായിട്ടുണ്ട്. വണ്ടി പട്ടാമ്പി സ്റ്റേഷനിൽ നിൽക്കുന്നു. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അറിയിപ്പ് വന്നു. വണ്ടി റദ്ദാക്കിയിരിക്കുന്നു. പാലത്തിൽ വെള്ളം കയറി. ഇനി പോവാൻ യാതൊരു നിർവ്വാഹവുമില്ല.

ഇത് കേട്ടപാടെ നേരത്തത്തെ കക്ഷി മറ്റെല്ലാം മറന്ന് ടോയ്‌ലറ്റിലേക്ക് ഓടിക്കയറുന്നത് കണ്ടു. മലപ്പുറത്തെ കുടുംബത്തിന് ഇപ്പോഴും വലിയ ടെൻഷനൊന്നുമില്ല. 'ബസ്സ് കിട്ടുമോ എന്ന് നോക്കാം പോരുന്നോ' എന്ന് അദ്ദേഹത്തോട് ചോദിച്ചു. ഇല്ല സുഖമില്ലാത്ത ഭാര്യയെ ബസ്സിൽ കയറ്റിക്കൊണ്ടുപോകാൻ കഴിയല്ല. നാട്ടിൽ നിന്ന് ബന്ധു കാറുമായി വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആശങ്കയോടെ എല്ലാവരും ട്രെയിനിൽ നിന്നിറങ്ങി. ടൗണിലേക്ക് നടന്നോളൂ വളാഞ്ചേരിക്ക് ബസ് കിട്ടുമെന്ന് നാട്ടുകാർ വന്ന് പറഞ്ഞു. അങ്ങനെ ആ വൈകുന്നേരം പട്ടാമ്പി ടൗണിലൂടെ നടന്നു. ഏകദേശം ഹർത്താൽ പ്രതീതിയിലായിരുന്നു ടൗൺ. അധികം കടകളൊന്നും തുറന്നിട്ടില്ല. ഹോട്ടലുകളാവട്ടെ തീരെ പ്രവർത്തിക്കുന്നില്ല. ഒടുവിൽ ഒരു ഹോട്ടൽ തപ്പിക്കണ്ടുപിടിച്ച് കയറി. പൊറോട്ട ഓർഡർ ചെയ്തു. ടൊമോറ്റോ ഫ്രൈ മാത്രമേയുള്ള. അത് ആവാൻ കുറച്ച് സമയം പിടിക്കും. സാമ്പാർ തരട്ടെ എന്ന് സ്‌നേഹത്തോടെയുള്ള സപ്ലൈയറുടെ ചോദ്യം. മതിയെന്ന് പറഞ്ഞു. ബിൽ കിട്ടിയപ്പോൾ സാമ്പാറിന് ഒരാൾക്ക് പത്ത് രൂപ. പൊറോട്ടയ്ക്ക് ഫ്രീയായി സാമ്പാർ ഒഴിച്ചുതരുന്ന കോഴിക്കോട്ടെ ഹോട്ടലുകാരെ മനസ്സിൽ നമിച്ച് ബിൽ കൊടുത്ത് പുറത്തേക്കിറങ്ങി.

വളാഞ്ചേരിക്ക് രണ്ട് ബസ് തിങ്ങി നിറഞ്ഞ് കടന്നുപോയി. ചില കടക്കാർ ബിസ്‌ക്കറ്റും വെള്ളവുമെല്ലാം ബസ്സ് കാത്തു നിൽക്കുന്നവർക്ക് വിതരണം ചെയ്യുന്നുണ്ട്. ഒടുവിൽ ഒരു ബസ് പൊലീസ് തടഞ്ഞു നിർത്തി എല്ലാവരെയും കയറ്റി. അങ്ങിനെ വളാഞ്ചേരിയിലേക്കുള്ള യാത്ര. വഴിയിലൊരിടത്ത് വണ്ടി നിന്നു. മുമ്പിൽ വെള്ളം കയറിയിട്ടുണ്ട്. എല്ലാം താണ്ടി വളാഞ്ചേരിയിലെത്തിയപ്പോൾ രാത്രി എട്ട് മണി. പട്ടാമ്പിയിൽ ട്രെയിനിൽ വന്നിറങ്ങിയവരെല്ലാം റോഡിലുണ്ട്. വഴിയിൽ കുടുങ്ങിയവരെ സഹായിക്കാനായി പെരുമഴയത്ത് കുറേ യുവാക്കൾ. അവർ കാലിയായി വരുന്ന വണ്ടികളെല്ലാം തടഞ്ഞു നിർത്തി കുറച്ചുപേരെ കയറ്റുമോ എന്ന് യാചിക്കുന്നു.

പലരെയും അവർ ജീപ്പിലും കാറിലും ലോറിയിലുമെല്ലാം കയറ്റിവിട്ടു. ഒടുവിൽ അവർ എവിടുന്നോ ഒരു ടൂറിസ്റ്റ് ബസ് പിടിച്ചുകൊണ്ടുവന്ന് ആളുകളെ കയറ്റാൻ തുടങ്ങി. സ്ത്രീകൾക്കും വൃദ്ധർക്കും കുട്ടികൾക്കും കുടുംബങ്ങൾക്കും മുൻഗണന. ആ ബസ് കോഴിക്കോട്ടേക്ക് യാത്രതിരിച്ചു. ഞങ്ങളെന്ത് ചെയ്യുമെന്ന് ചോദിച്ചപ്പോൾ നിങ്ങളെ കയറ്റിവിട്ടിട്ടോ ഞങ്ങൾ പോവുകയുള്ളുവെന്നായിരുന്നു മറുപടി. ഒടുവിൽ ഒരു കുട്ടി ബസ്സ് വന്നപ്പോൾ ഞങ്ങളെ അതിൽ കയറ്റി. എന്നാൽ കുറച്ചുകഴിഞ്ഞപ്പോൾ ഡ്രൈവർ പറഞ്ഞു പോവില്ലെന്ന്. അതോടെ അതിൽ നിന്നിറങ്ങി.

ഒടുവിൽ ഒരു ടൂറിസ്റ്റ് ബസ്സിൽ എന്നേയും സഹപ്രവർത്തകരെയും കയറ്റിത്തന്നു. കോഴിക്കോട്ടേക്ക് 250 രൂപവേണമെന്ന് ഡ്രൈവർ. തരാമെന്ന് പറഞ്ഞതോടെ വണ്ടി യാത്രയാരംഭിച്ചു. രാത്രി വൈകി വണ്ടി കോഴിക്കോട്ടെത്തിയപ്പോൾ റോഡിലെ വെള്ളക്കെട്ട് കുറഞ്ഞിട്ടുണ്ട്. ടോയ്‌ലറ്റിന് മുമ്പിൽ പരുങ്ങിയ ആൾ എന്നെ നോക്കി ഒന്ന് ചിരിച്ചു. കോഴിക്കോട്ടെത്താൻ കാത്തു നിന്നിരുന്നെങ്കിൽ എന്താവുമായിരുന്നു അവസ്ഥ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. ചോദിച്ചില്ല. നോർത്ത് കാതത്തിലെ ഫഹദിനെപ്പോലെ അയാളുടെ കാഴ്ചപ്പാടുകളും മാറിയിട്ടുണ്ടാവും എന്ന് എനിക്ക് ഉറപ്പായിരുന്നു.

( മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമാണ് ലേഖകൻ )\

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP