Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഈസ്റ്റാൻബൂളിലെ കാറ്റുകൾ പറഞ്ഞ കഥകൾ; ജെ എസ് അടൂർ എഴുതുന്നു

ഈസ്റ്റാൻബൂളിലെ കാറ്റുകൾ പറഞ്ഞ കഥകൾ; ജെ എസ് അടൂർ എഴുതുന്നു

ജെ എസ് അടൂർ

സ്താൻബൂളിന്റ തെരുവിലൂടെ നടക്കുമ്പോൾ ചരിത്രത്തിലെ കഥകളുടെ കാർണിവലിൽ അല്പം ലഹരിയറിഞ്ഞു നടക്കാം. ബോസ്ഫറസ്സിനെ തഴുകി വരുന്ന കിഴക്കൻ കാറ്റിൽ ചരിത്രത്തെ തൊട്ടറിഞ്ഞു മധ്യാഹ്ന സൂര്യന്റെ ഇളംചൂടിൽ പല പ്രാവശ്യം നടന്നുപോയപ്പോഴും കഥകൾ വീണ്ടും വീണ്ടും മോഹിപ്പിച്ചു. ഒറാൻ പാമുഖിന്റ 'മൈ നൈം ഈസ് റെഡ്'പുസ്തക താളിലെ പതിനാറാം നൂറ്റാണ്ടിലെ ഓട്ടോമൻ കഥകളും ബൈസാന്റിയം ഇതിഹാസങ്ങളും കബാബിന്റെ രുചികളും എന്നും മാടി വിളിക്കുന്ന നഗരമാണത്. ഇനിയും കണ്ടും കേട്ടും കൊതി തീരാത്ത കഥകൾ. അവിടുത്തെ കാറ്റുകൾക്ക് ആയിരകണക്കിന് വര്ഷങ്ങളുടെ കഥ പറയാനുണ്ട്. ഗ്രീക്ക് സുന്ദരിമാരുടെ കഥകൾ.

പായ് കപ്പലിൽ വന്നിറങ്ങിയ സിൽക്ക് കഥകൾ. മതങ്ങളും വിശ്വാസങ്ങളും പറഞ്ഞു പഠിപ്പിച്ച കഥകൾ. വാളും പരിചയും പ്‌ളേഗും നിറഞ്ഞ മരണ കഥകൾ . അധികാരത്തിന്റ ഉന്മാദ കഥകൾ പള്ളികളും പള്ളി മീനാരങ്ങളും പറഞ്ഞ വിശുദ്ധ കഥകൾ. ടർകിഷ് കുളിയിടങ്ങളിലെ രതിയുടെ കഥകൾ. പുക്കിൾ നൃത്തങ്ങളുടെ ലാസ്യ കഥകൾ സംഗീതത്തിന്റ ലഹരികൾ നുരയുന്ന കഥകൾ. ആയുധങ്ങളുടെ ശീല്കാര കഥകൾ. ബാങ്ക് വിളികളും കുർബാന വീഞ്ഞുകളും മനസ്സിലേറ്റുന്ന കഥകൾ. . പള്ളികളുടെയും പള്ളി മീനാരങ്ങള്ളുടെ മുകളിൽ മേഘങ്ങൾ ചരിത്രത്തിലെ കഥകളുമായി പാറി പറന്നു. ഇസ്താംബുളിലെ കല്ലുകൾ വിരിച്ച പാതയിൽ കുതിരകളുടെ കുളമ്പടി ഒച്ചകളും തേരുകളുടെ ആരവങ്ങളും വാളുകളുടെ ശീൽക്കാരങ്ങളും കേൾക്കാമായിരുന്നു.

ബോസ്ഫറസിലെ ഓളങ്ങളിലും കാറ്റിലും കടത്തു വള്ളങ്ങളിലും ഏഷ്യ യൂറോപ്പിനെ ചുംബിച്ചുണർത്തി ആലിംഗനത്തിൽ ലോകത്തിന്റ ഭാഗദേയമെഴുതി
കരിങ്കടലിൽ നിന്നും മാർമാര കടലിൽ നിന്നുമൊക്ക പായ്കപ്പലുകൾ സിൽക്കും, കുന്തിരക്കവും, കുരുമുളകും ചൈനയിൽ നിന്ന് വന്ന സിറാമിക് വിസ്മയങ്ങളുമായി കോൺസ്റ്റിനോപ്പിൾ തീരമണഞ്ഞു. മെഡിറ്ററേനിയൻ കടലിനും കരിങ്കടലിനും ഇടയിൽ രണ്ടു ഭൂകണ്ഡങ്ങളുടെ ചേരുവകൾ ഇഴകി ചേർന്ന ഒരു നാഗരിക സംസ്‌കാരമാണ്.
ബൈസാന്റിയോൻ എന്നും കുസ്തന്തിനോ പൊലീസെന്നും കോൺസ്റ്റിനോപ്പിൾ എന്നും ഇസ്താൻബൂൾ എന്ന പേരുകളിൽ അങ്ങ് കിഴക്കേ ചൈനയിൽ നിന്നും സിൽക്ക് വഴികൾ ചെന്നു ചേർന്നത് മഹാനഗരത്തിന്റെ ഭണ്ഡാരങ്ങളിലാണ് . അവിടെ നിന്നാണ് പിന്നീട് യൂറോപ്പിലേക്ക് പോയത്.

ബോസ്ഫറസിന്റെ തീരത്ത് മനുഷ്യരെല്ലാരും കൂടിയ സമൂഹമായിട്ട് ഏതാണ്ട് പതിനായിരം കൊല്ലം. അവിടെ പല വിധ ഗോത്ര സഞ്ചയങ്ങൾ കണ്ട് മുട്ടി. കൂട്ടി മുട്ടി. കൂടിയിഴകി ഒഴുകി. അതു ഒരു ഗ്രീക്ക് നഗരമാകാൻ തുടങ്ങിയത് പൊതു വർഷങ്ങൾക്ക് മുമ്പ് ബി സി 660 ൽ ആയിരുന്നു. ഗ്രീസിലെ മെഗാരയിൽ നിന്ന് വന്നവർ അവിടെ അധികാരമുറപ്പിച്ചു. അവർ നഗരത്തിനു ബൈസാന്റിയോൺ എന്ന് പേർ വിളിച്ചു അതു നാഗരിക സംസ്‌കാരമായി വളർന്നു. ഏഷ്യയിലെയും യൂറോപ്പിലെയും.മനുഷ്യരും ഭാഷകളും കച്ചവടവും സംസ്‌കാരങ്ങളും അവിടെ സന്ധിച്ചു പരസ്പരം സന്നിവേശിച്ചു. റോമാ സാമ്രജ്യം വളർന്നപ്പോൾ നഗരം റോമാ സാമ്രാജ്യത്തിലെ മഹാ നഗരങ്ങളിലോന്നായി.

നഗരത്തിന്റ ഊടും പാവും മാറ്റി അതിനു ചുറ്റും കോട്ടകൾ പണിതു അതിനെ ലോകത്തിലെ ഏറ്റവും സംഘടിത അധികാരത്തിന്റെ അടയാളമാക്കിയത്, ഇന്നത്തെ സെർബിയ എന്ന രാജ്യത്തു ജനിച്ചു വളർന്നയോരാളായിരുന്നു. അയാളുടെ പേര് ഗയൂസ് ഫ്‌ളാവിയസ് വലേറിയസ് കോൺസ്റ്റന്റീനസ്സ് എന്നായിരുന്നു. അച്ഛൻ ഫ്‌ളാവിയോസ് കോൺസ്റ്റന്റീനസ്. പട്ടാള ഓഫിസർ ആയി തുടങ്ങി റോമാ സാമ്രജ്യത്തിലെ നാലു സീസർമാരിൽ ഒരാളായി വളർന്നയാൾ. അമ്മ ഗ്രീസിലെ സാധാരണ കുടുംബത്തിൽ വളർന്ന ഹെലിന. ജനിച്ചത് പൊതു വർഷങ്ങൾക്ക് (സി ഇ )പിന്പു 272 ഫെബ്രുവരി 27 ന്. മറിച്ചത് പൊതു വർഷങ്ങൾക്ക് പിൻപു (സീ ഇ )337, മെയ് 22ന്.

അറുപത്തിയഞ്ചു കൊല്ലം ജീവിച്ച അയാൾ റോമാ സാമ്രജ്യത്തിന്റ അധികാരം മാത്രമല്ല നിരന്തരം യുദ്ധം ചെയ്തു പിടിച്ചത്. അയാൾ ചരിത്രം വെട്ടിപിടിച്ചു ലോക ചരിത്രം മാറ്റി മറിച്ചു. കോൺസ്റ്റീനസ്സ് വളർന്നു അന്ന് ലോകത്തിലെ ഏറ്റവും ശക്തമായ റോമാ സാമ്രാജ്യത്തിന്റ കോൺസ്റ്റന്റീൻ ചക്രവർത്തിയായി. റോമിന് പകരം അധികാര കേന്ദ്രമാക്കിയത് ബൈസാന്റിയമായിരുന്നു. കോൺസ്റ്റീന്റിൻ ചക്രവർത്തി മരിക്കുന്നതിന് എഴുകൊല്ലം മുമ്പാണ് അദ്ദേഹം റോമാ സാമ്രജ്യ തലസ്ഥാനമായി ബൈസാന്റിയം തിരെഞ്ഞെടുത്തത് . പൊതു വർഷങ്ങൾക്ക് പിന്നെ (സീ ഇ )330 ഇൽ നഗരത്തിന്റെ പേര് തന്നെ കോൺസ്റ്റിന്റീനോ പൊലീസ് എന്ന കോൺസ്റ്റന്റിനോപ്പോൾ ആയി മാറിയത് കോൺസ്റ്റന്റിനും അദ്ദേഹത്തിന്റെ അമ്മയും ചരിത്രം മാറ്റി മറിച്ചത് സാമ്രജ്യ ഭരണത്തിന്നു ഏക മത പ്രത്യയശാസ്ത്ര രൂപീകരണത്തിലൂടെയാണ് .
യേശുവും കോൺസ്റ്റന്റിനും പല വിധ ഗോത്ര, പ്രാദേശിക ദൈവഅധികാര വിശ്വാസങ്ങളും ആചാരങ്ങളും വിവിധ വംശീയ ഭാഷ ചേരുവകളുമായി മൂന്നു ഭൂകണ്ഡങ്ങളിൽ വ്യാപിച്ചു കിടന്ന റോമാ സാമ്രജ്യം ഏതാണ്ട് രണ്ടാം നൂറ്റാണ്ടോടെ ശിഥിലമാകാൻ തുടങ്ങിയിരുന്നു.

റോമാ സാമ്രാജ്യത്തിൽ ഈജിപ്റ്റിലെ അലക്സാന്ടറിയായിൽ നിന്നും മറ്റു തുറമുഖ നഗരങ്ങളിൽ കൂടി വ്യപാര ശ്രിംഖലയിൽ കൂടെ വളർന്ന അന്നത്തെ പുതിയ ആശയ ധാരകളായിരുന്നു ആദിമ ക്രിസ്തീയ വിശ്വാസം. വളരെ രാഷ്ട്രീയ പ്രതികൂലങ്ങളും പീഡനങ്ങളും ഏറ്റ ആദിമ ക്രിസ്തീയ കൂട്ടായ്മകളുടെ അടയാളം മീൻ ആയിരുന്നു
ലോകമൊട്ടുക്കും വ്യാപാര ശ്രിംഖലകളിൽ കൂടി പരന്ന ക്രിസ്തീയ വിശ്വാസ ധാരയുടെ പ്രത്യേകത അതു കാല ദേശങ്ങൾക്ക് അതീതമായി ലോകത്തെ എല്ലാവർക്കും ചേരവുന്ന തുറന്ന സുവിശേഷ വിശ്വാസധാരയായിരുന്നുവന്നതാണ്. ആദ്യകാല മത വിശ്വാസങ്ങൾ ഗോത്ര -പ്രദേശ ബന്ധിതമായിരുന്നു. യഹൂദ -ഗോത്ര പ്രാദേശിക ബന്ധിതമായിരുന്ന വിശ്വാസത്തെ രൂപാന്തരപ്പെടുത്തി അതിനെ സ്ഥല-ദേശ കാലത്തിനും ഭാഷ, വംശങ്ങൾക്കും സർവ്വലോക വിമോചന സുവിശേഷമാക്കിയതായിരുന്നു ക്രിസ്തീയ വിശ്വാസത്തിന്റെ പ്രത്യേകത.

അതിനെ യാഥാസ്തിക യഹൂദ ഗോത്ര വിശ്വാസ ആചാരങ്ങൾക്ക് അപ്പുറം ആർക്കും എവിടെയും എപ്പോഴും ചേരാവുന്ന സുവിശേഷമാക്കിയതിൽ പ്രധാനി റോമാ സാമ്രജ്യത്തിൽ വളർന്ന പൗലോസ് ആയിരുന്നു. കാരണം യേശു പറഞ്ഞ സ്‌നേഹത്തിന്റെ സുവിശേഷത്തിനു സംഘടന രൂപ പ്രത്യയശാസ്ത്ര ആചാര വിശ്വാസ നൽകിയത് പൗലോസ് എഴുതിയ ലേഖനങ്ങളാണ്. റോമാ സാമ്രജ്യത്തിന്റ രാഷ്ട്രീയ അധികാരത്തെ അതിനു വെളിയിൽ നിന്ന് ആശയപരമായി ചോദ്യം ചെയ്ത യേശു സാമ്രാജ്യ.അധികാരത്തിന്റെ കണ്ണിലെ കരടായി മാറി. അതു കൊണ്ടാണ് അധികാര വ്യവസ്ഥയുടെ ബദൽ ആശയക്കാരനെ ക്രൂശിലേറ്റിയത് . റോമാ സാമ്രാജ്യത്തിന്റ അധികാരത്ത ആശയങ്ങൾ കൊണ്ടു നേരിടുന്നവവർക്കുള്ള അധികാര ശ്കതിയുടെ താക്കീത് കൂടി ആയിരുന്നു. വ്യാപാരമേൽക്കോയ്മ ഉണ്ടായിരുന്ന യേശുവിന്റ അനുയായികളായി തുറമുഖ നഗരങ്ങളിൽ സാമ്പത്തിക സ്വാധീനം കൂടിയ യഹൂദന്മാരെയും ആശയ പ്രചാകരെയും റോമാ സാമ്രാജ്യത്തിന്റെ ശത്രുക്കളായാണ് അധികാരികൾ കണ്ടത്.

അതിനു മൂന്നു കാരണങ്ങൾ ഉണ്ടായിരുന്നു. വ്യപാര കണ്ണികളിൽ കൂടി സാമ്രജ്യത്തിന്റെ വിവിധ ഇടങ്ങളിലും ലോകമൊട്ടുക്ക് പടരുന്ന സർവ്വദേശീയ (യൂണിവേഴ്‌സൽ -കത്തോലിക്ക് ) ബദൽ അധികാര പ്രത്യയശാസ്ത്ര ആശയം എന്നതായിരുന്നു. രണ്ടാമത്തത് ക്രിസ്‌തോസ് എന്ന മിശിഹ അടിച്ചമർത്തലുകളിൽ നിന്നും പീഡനത്തിൽ നിന്നും ദാരിദ്ര്യത്തിൽ അധികാര അഹങ്കാരങ്ങളിൽ നിന്നും വിമോചനം നൽകാൻ നീതി സൂര്യനായി ന്യായം വിധിക്കാൻ വീണ്ടും വരുമെന്നുള്ള വിശ്വാസം. അധികാരികൾ റോമാ സാമ്രജ്യത്തെ തകർക്കാനുള്ള അപകട ആശയമായാണ് കണ്ടത്. ആസന്നമായ ക്രിസ്തുവിന്റെ രണ്ടാവരവിലൂടെയുള്ള വിമോചനം എന്നതിനെ റോമാ സാമ്രാജ്യത്തെ അട്ടിമറിക്കുവാനുള്ള തന്ത്രമായാണ് അധികാരികൾ കണ്ടത്.

മൂന്നാമതായി, ആദ്യ ക്രിസ്തു വിശ്വാസികളായ വ്യാപാര ശ്രിംഖല കൈയടക്കിയ യഹൂദന്മാരും കച്ചവടക്കാരുടെ സാമ്പത്തിക സ്വാധീനവും റോമാ സാമ്രജ്യത്തിന് തലവേദനയായി. ഏതാണ്ട് മൂന്നൂറു കൊല്ലം അടിച്ചമർത്തിയും കൊല ചെയ്തുമൊക്കെ ഒതുക്കും തോറും വളർന്നു വന്ന ബദൽ ആശയ വിശ്വാസ ധാരയായിരുന്നു ആദിമ ക്രിസ്തീയ കൂട്ടായ്മകൾ. അതിന്റ രാഷ്ട്രീയ സാമ്പത്തിക പ്രയോജനം ആദ്യമായി മനസ്സിലാക്കിയത് കോൺസ്റ്റന്റീൻ ആയിരുന്നു. പ്രേരിപ്പിച്ചത് അദ്ദേഹത്തിന്റെ അമ്മയായിരുന്ന ഹെലീന ആയിരുന്നുവെന്നാണ് കഥ. അതും പലതിനെയും പോലെ മിത്തായിരിക്കാം കോൺസ്റ്റന്റീൻ റോമാ സാമ്രാജ്യത്തിൽ എല്ലായിടത്തുമുണ്ടായിരുന്ന ക്രിസ്തീയ ആശയ- വിശ്വാസത്തെ അടിച്ചമർത്തുന്നതിനു പകരം ഒപ്പം കൂട്ടി കൊ -ഓപ്റ്റ് ചെയ്തു. വ്യാപകമായ ക്രിസ്തീയ സംഘ ബലം കൂടി കൂട്ടിയാണ് റോമാ സാമ്രജ്യത്തെ എതിരാളികളായ ചക്രവർത്തി മാരെ തോൽപ്പിച്ചത് . കാരണം വ്യാപാര നെറ്റ്‌വർക്കുകൾ രാഷ്ട്രീയ ഇന്റലിജെൻസ് വാർത്ത വിനിമയ കണ്ണികളായിരുന്നു . അതു പോലെ സാമ്പത്തിക ശേഷിയുള്ള വിഭാഗവും കോൺസ്റ്റന്റിൻ ആയിരുന്നു അധികാരത്തിന്റെ ബദൽ ആശയം ധാരായ ക്രിസ്തു വിശ്വാസത്തെ റോമാ സാമ്രജ്യ അധികാരത്തിന്റെ അകമ്പടി ഐഡിയോളേജിയാക്കിയത് .

സി ഇ 313 ലെ മിലാൻ പ്രഖ്യാപനതൊടുകൂടി ക്രിസ്തീയ വിശ്വാസവും അതു പിൻപറ്റുവാനുള്ള സ്വാതന്ത്ര്യവും ലോക ചരിത്രം മാറ്റി. പിന്നീട് റോമാ സാമ്രജ്യത്തിന്റ അധികാര ഐഡിയോളെജിയും ഔദ്യോഗിക മതവും ക്രിസ്തു മതമായി വൈവിദ്ധ്യവും ഗോത്ര - പ്രാദേശികവുമായ മത വിശ്വാസ ധാരകൾക്ക് മുകളിലിട്ട ഔദ്യോഗിക ആവരണമായി മാറിയതോട് കൂടിയാണ് ക്രിസ്തു മതം റോമൻ അധികാര ഐഡിയോളെജി ആയി പരിണമിച്ചത്. ബദൽ വിമോചന ക്രിസ്തു വിശ്വാസ ധാര അങ്ങനെ അധികാര രൂപിയായും ആശയ അരൂപിയായും റോമാ സാമ്രജ്യവും കടന്നു ലോകമെമ്പാടും പരന്നു. ആയുധ ബലമുള്ള സാമ്രാജ്യശക്തി സംഘടിതമതം ആശയ ബലം കൂടി വിളക്കി ചേർത്താണ് ദൈവത്തിന്റെ പേരിൽ രാഷ്ട്രീയ -സംഘ ശക്തി ബലം ഉപയോഗിച്ചു ആളുകളെ ഭരിക്കുവാൻ തുടങ്ങിയത്. സാമ്രജ്യ വിരുദ്ധരെ കൊന്നു തൂക്കിയ കുരിശു റോമൻ അധികാര ചിഹ്നമായി. അതു വാളുകളുടെ പുതിയ ഡിസൈനായി . യേശുവിന്റെ ആശയങ്ങൾ ആചാരങ്ങളൂം ആഘോഷങ്ങളുമാക്കി സിംഹാസനസ്ഥരായപ്പോൾ യേശുവിന്റെ സ്‌നേഹം അസ്ഥാനത്തായി . അതു പതിയെ അപ്രത്യക്ഷമായി. മതവും അധികാരവും കെട്ടുപിണഞ്ഞു കിടക്കുന്നതിന്റ കഥകൾ അധികാരത്തിന്റെ ഭാവപ്പകർച്ചകളുടെ കഥകളാണ്.

അധികാരത്തിന്റെ വാൾ ബലവും വ്യപാരത്തിന്റ സാമ്പത്തിക രാഷ്ട്രീയവു മില്ലാതെ ലോകത്ത് ഒരു മതങ്ങളും ആശയ ധാരകളും അധിക കാലം ചരിത്രത്തിൽ പിടിച്ചു നിന്നില്ല. അധികാരം നിലനിർത്തുന്നത് ആളുകളാണെന്നും. ആളുകൾക്ക് അപ്പം മാത്രം പോരാ ആശയങ്ങളും കൊടുത്തു അതു ആചാരമാക്കി കാല ദേശങ്ങൾക്കതീതമായി നിർത്താമെന്നു കണ്ടെത്തിയതുകൊണ്ടാണ് കോൺസ്റ്റന്റീനും കോൺസ്റ്റെന്റോനോപ്പിളും അധികാര ചരിത്ര സംക്രമണങ്ങളുടെ പുതിയ ഭൂമിയും ആകാശവുമായത്. മരണ കിടക്കിയിൽ ക്രിസ്തു വിശ്വാസി ആയെന്ന കഥ കോൺസ്റ്റീൻ ചക്രവർത്തിയെ വിശുദ്ധ കോൺസ്റ്റീനാക്കി. അദ്ദേഹത്തിന്റെ അമ്മ സെയ്ന്റ് ഹെലീനയായി. എല്ലാം വിശുദ്ധീകരണങ്ങളും അധികാര അകമ്പടി പ്രയോഗങ്ങളാണ് അങ്ങനെയാണ് ഹാഗി സോഫിയുടെ തുടക്കം. പിന്നെ കോൺസ്റ്റിനോപ്പിൾ കുരിശു യുദ്ധങ്ങളുടെ പടയോട്ട കുളമ്പടികളുടെ നഗരമായി.

തുടരും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP