Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

1921 ഒരു സുപ്രഭാതത്തിൽ ഉണ്ടായതല്ല; നിരവധി സമരങ്ങൾക്ക് അതിനുമുമ്പ് മലബാർ സാക്ഷ്യം വഹിച്ചു; പ്രധാനപ്പെട്ട ഒന്നായ ചേരൂർ വിപ്ലവത്തിന്റെ കഥ എഴുതുന്നു ഫവാസ് കിഴക്കേതിൽ

1921 ഒരു സുപ്രഭാതത്തിൽ ഉണ്ടായതല്ല; നിരവധി സമരങ്ങൾക്ക് അതിനുമുമ്പ് മലബാർ സാക്ഷ്യം വഹിച്ചു; പ്രധാനപ്പെട്ട ഒന്നായ ചേരൂർ വിപ്ലവത്തിന്റെ കഥ എഴുതുന്നു ഫവാസ് കിഴക്കേതിൽ

ഫവാസ് കിഴക്കേതിൽ

ലബാറിൽ നൂറ്റാണ്ടുകളോളം നീണ്ടു നിന്ന നിരവധി ബ്രിട്ടീഷ്-ജന്മി വിരുദ്ധ സമരങ്ങളുടെ തുടർച്ചയാണ് മലബാർ സമരം. ടിപ്പു മലബാർ ഭരിച്ചിരുന്ന സമയത്ത് കർഷകർക്ക് സ്വന്തം ഭൂമിയിൽ കൃഷിയിറക്കാൻ അനുവാദം ഉണ്ടായിരുന്നു. ടിപ്പു മരിച്ചതിനു ശേഷം ആ അധികാരം ബ്രിട്ടീഷുകാർ ജന്മിമാർക്ക് തിരിച്ചു നൽകുകയും കർഷകർക്ക് അമിതനികുതി ചുമത്തുകയും ചെയ്തു. അവിടെ നിന്ന് ആരംഭിച്ചതാണ് മലബാർ സംഘർഷങ്ങൾ.

മുട്ടുചിറ ലഹള, ചേരൂർ കലാപം, തൃക്കാലൂർ ലഹള, വണ്ടൂർ ലഹള, കൊളത്തൂർ ലഹള, പൊന്നാനി വിപ്ലവം, മട്ടന്നൂർ കലാപം തുടങ്ങി നിരവധി സമരങ്ങൾക്ക് 1921 ന് മുൻപ് മലബാർ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഈ ലഹളകൾ അടിച്ചമർത്താനാണ് മലബാർ സ്‌പെഷ്യൽ പൊലീസ് (MSP) എന്ന സ്‌ക്വാഡിനെ ബ്രിട്ടീഷുകാർ നിർമ്മിക്കുന്നത് തന്നെ...1921 ഒരു സുപ്രഭാതത്തിൽ ഉണ്ടായതല്ല എന്നർത്ഥം. ഇതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു 1843ലെ ചേരൂർ വിപ്‌ളവം.

തിരൂരങ്ങാടിക്കടുത്ത് വെന്നിയൂരിലെ പുരാതന ജന്മികുടുംബമായിരുന്നു കപ്രാട്ട് പണിക്കരുടേത്. 11ആാം നൂറ്റാണ്ടിൽ ആറങ്ങോട് സ്വരൂപത്തിനു കീഴിൽ വെള്ളാട്ടര രാജാക്കന്മാരുടെ പടനായകന്മാരായിരുന്ന കപ്രാട്ട് പണിക്കന്മാർ പിൽകാലത്ത് സാമൂതിരിയുടെ പടനായകന്മാരായതായി കരുതപ്പെടുന്നു. മുസ്ലിം പണ്ഡിതനും, സിദ്ധനുമായ മമ്പുറം സയ്യിദ് അലവിയുമായി ആരോഗ്യകരമായ സൗഹൃദബന്ധം പുലർത്തിയിരുന്ന അധികാരി കൃഷ്ണപ്പണിക്കരായിരുന്നു 1843 കാലത്ത് കപ്രാട്ട് തറവാട്ടിലെ കാരണവർ. സാമൂഹികമായ ഉച്ചനീചത്വങ്ങളും പരമ്പരാഗത മാമൂലുകളും കണിശതയോടെ പാലിച്ചുവന്നിരുന്ന പണിക്കർക്ക് വളരേയേറേ അടിയാളരും ചെറമക്കളുമുണ്ടായിരുന്നു.

അക്കാലത്ത് കപ്രാട്ട് തറവാട്ടിൽ അടിച്ചുതളിക്കാരിയായി ജോലിചെയ്തിരുന്ന 'ചക്കി' (ചിരുത എന്നും പറയപ്പെടുന്നു) എന്ന അടിയാള യുവതിയാണ് ചേരൂർ വിപ്ലവത്തിന് നിദാനമായി മാറിയത്. ചെറുപ്പത്തിലേ അച്ചനമ്മമാർ മരണപ്പെട്ടു നിരാലംബയായിരുന്ന ഈ സ്ത്രീക്ക് ഒരു തരം ചൊറി പിടിപെടുകയും വൈദ്യന്മാരുടെ നിർദ്ദേശ പ്രകാരം നിരവധി നാട്ടു ചികിത്സകൾ ചെയ്തിട്ടും രോഗശമനം ഉണ്ടാകാതായപ്പോൾ അക്കാലത്ത് ദിവ്യപരിവേശത്തോടെ ജനങ്ങൾ ആദരിച്ചിരുന്ന മമ്പുറം സയ്യിദ് അലവിയെ ചികിത്സാർത്ഥം സമീപിക്കാൻ അവർ തീരുമാനിച്ചു. അലവിയുടെ അരികിൽ രോഗ വിവരം പറയാൻ പോയ ചക്കിക്കു യാതൊരു വിവേചനവും അനുഭവിക്കാതെ തന്നെ സയ്യിദ് അലവിയെ സമീപിച്ചു പ്രശ്‌നം അവതരിപ്പിക്കാൻ അവസരം ലഭിച്ചു. അലവി ചക്കിക്ക് വേണ്ടി പ്രാർത്ഥിക്കുകയും പൊന്നാൻ എന്ന പേരിലറിയപ്പെടുന്ന ഒരു തരം തകരയുടെ കുരു ചേർത്ത് വെളിച്ചെണ്ണ കാച്ചിയെടുത്ത് തേക്കുന്നതിനും നിർദ്ദേശിക്കുകയുമുണ്ടായി. രണ്ടാഴ്ചക്കകം തന്നെ ചക്കിയുടെ മാറാദീനം മാറി.

അയിത്തവും, തീണ്ടലുമായി ഉച്ചനീചത്വങ്ങൾ അനുഭവിക്കേണ്ടി വന്നിരുന്ന കീഴ്ജാതിക്കാരിയായ ചക്കിക്ക് സഹജീവിയെന്ന തുല്യ പരിഗണന നലികിയുള്ള 'സയ്യിദ് അലവിയുടെ' പെരുമാറ്റം ആദ്യമേ തന്നെ ഹൃദ്യമായി തോന്നിയിരുന്നു. തന്നെ ഏറെക്കാലമായി അലട്ടിയിരുന്ന രോഗത്തിന് കൂടി ശമനം വന്നതോടെ 'ചക്കി' ഈ വിവരങ്ങൾ തന്റെ കൂട്ടത്തിലുള്ളവരുമായി പങ്കു വെക്കുകയും കൂട്ടത്തിലുള്ള രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്മാരുമുൾപ്പെടെ ആറ് അടിയാളന്മാർ അലവിയുടെ ആശിർ വാദത്തോടെ ഇസ്ലാമിലേക്ക് മാർഗ്ഗം കൂടുകയും ചെയ്തു. ചക്കി ആയിഷ എന്ന പേര് സ്വീകരിച്ചപ്പോൾ മറ്റുള്ളവർ യഥാക്രമം ഖദീജ, ഹലീമ, അഹ്മദ്, ഹുസ്സൈൻ, സാലിം എന്നീ പേരുകൾ ചാർത്തി. അന്ന് കീഴാള ജാതികൾക്കു ചക്കി,മാക്രി, ചാത്തൻ പോലുള്ള പേരുകളെ സ്വീകരിക്കാൻ അനുവാദമുണ്ടായിരുന്നുള്ളു.

എന്നാൽ മതം മാറിയപ്പോൾ ഇസ്ലാമിലെ ആദരിക്കപ്പെടുന്ന നബിയുടെയും ഭാര്യമാരുടെയും പേരമക്കളുടേയുമൊക്കെ പേരുകളാണ് തങ്ങൾക്ക് നൽകിയത് എന്ന് മനസ്സിലാക്കിയ ആ അടിയാളന്മാർക്കു പുതിയ മാർഗ്ഗത്തോട് അഭിനിവേശം കൂടി. ഇസ്ലാം സ്വീകരിച്ചതോടെ അവർ ശരീര ഭാഗങ്ങൾ മറച്ചു വസ്ത്രം ധരിക്കാനും, ഇസ്ലാമിന്റെ പ്രാഥമികമായ ആചാരമുറകളും, ഖുർആൻ പാരായണവും പരിശീലിക്കുവാനും തുടങ്ങി.

ആയിശയായതിനു ശേഷവും ചക്കി കപ്രാട്ട് തറവാട്ടിലെത്തി തന്റെ അടിച്ചുതളി ജോലി തുടർന്നു.മാർഗ്ഗം കൂടലിലൂടെ അക്കാലത്തെ ജാതീയമായ ആചാരങ്ങളിൽ നിന്നും മുക്തമാകാൻ സാധിച്ചിരുന്നു. അയിത്തം, തീണ്ടൽ പോലുള്ള നിയമങ്ങൾ ഇസ്ലാം മത പ്രവേശത്തോടെ തിരോഭവിക്കുമായിരുന്നു. ആയതിനാൽ അധഃകൃതാവസ്ഥ മാറിയ ചക്കി മാറ് മറച്ചായിരുന്നു ജോലിക്ക് എത്തിയിരുന്നത്. എന്നാൽ, കപ്രാട്ട് തറവാട്ടിൽ അവർ ജോലി ചെയ്യവേ 'പഴയ ചക്കി'ക്കു പ്രവേശിക്കാൻ അനുമതിയുള്ള പരിധിയും വിട്ടുള്ള ആയിശയുടെ സാന്നിധ്യം പണിക്കരുടെ ശ്രദ്ധയിൽപ്പെട്ടു. തീണ്ടാപ്പാട് പാലിക്കാനും, മേൽക്കുപ്പായം ഊരാനുമുള്ള പണിക്കരുടെ ശാസന ആയിഷ ചെവി കൊണ്ടില്ല, കീഴാളയായ അടിയാത്തി കാട്ടിയ കൂസലില്ലായ്മ കൃഷ്ണപ്പണിക്കരുടെ സവർണ ആഡ്യബോധത്തെ പ്രകോപിച്ചു. അയിത്തപ്പെടുത്തിയതിന് ശിക്ഷയേൽക്കാൻ ആയിശയെ അയാൾ നിർബന്ധിച്ചു. എന്നാൽ ആചാരമനുസരിച്ചു വാ പൊത്തി ഓച്ഛാനിച്ചു 'എംബ്രാ' എന്ന് വിളിച്ചു മാറി നിന്ന് ശിക്ഷ സ്വീകരിക്കുന്നതിന് പകരം തന്റെ പുതുവിശ്വാസത്തേയും വേഷവിധാനങ്ങളേയുമെല്ലാം സാക്ഷിനിർത്തി 'നിങ്ങൾ' കരുതും പോലെ താൻ പഴയ ചക്കിയല്ലെന്നാണ് അവർ പ്രത്ത്യത്തരം ചെയ്തത്. കീഴാള ജാതിക്കാരിയുടെ ഈ സ്വാതന്ത്ര്യബോധത്തെ സഹിക്കാനും യാഥാർഥ്യം ഉൾകൊള്ളാനും കൃഷണപ്പണിക്കരുടെ ജന്മിത്തം സന്നദ്ധമായില്ല.അയാൾ കൂടുതൽ പ്രകോപിതനാവുകയും,'നീ ചക്കിയാണെടീ' എന്നാക്രോശിച്ച്‌കൊണ്ട് ആയിശയുടെ മേൽ കുപ്പായവും ,മുണ്ടും വലിച്ചു ചീന്തിയെറിഞ്ഞു.തറയിൽ ചവിട്ടി വീഴ്‌ത്തി മുലയിൽ കത്തി കൊണ്ട് മുറിവേൽപ്പിച്ചു. (അക്കാലത്ത് അധഃസ്ഥിതവിഭാഗങ്ങൾക്ക് മാറുമറക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. മേൽക്കുപ്പായമിട്ടാൽ മുല അരിഞ്ഞെടുക്കുന്ന രീതിയിൽ ശിക്ഷാ വിധികൾ നടാപ്പാക്കുമായിരുന്നു ) താൻ ഇസ്‌ളാമായി ആയിഷയായെന്ന ചക്കിയുടെ രോദനം ചെവി കൊള്ളാൻ കാപ്രാട്ട് തമ്പ്രാൻ തയ്യാറായില്ല.

കൃഷ്ണപ്പണിക്കരുടെ അസഹിഷ്ണുതക്കിരയായ ആയിശ ചോരയൊലിക്കുന്ന മാറും, നഗ്‌നമാക്കപ്പെട്ട ശരീരവുമായി സഹായം തേടി മമ്പുറത്തേക്കോടി. കരഞ്ഞു കൊണ്ട് അവർ സയ്യിദ് അലവിയെ സമീപിച്ച് സംഭവങ്ങൾ വിശദീകരിച്ചു. കപ്രാട്ട് പണിക്കരുമായി സൗഹൃദത്തിൽ കഴിഞ്ഞിരുന്ന സയ്യിദ് അലവിക്ക് ഈ ചെയ്തി അവിശ്വസിനീയമായിരുന്നു.എന്നാൽ വൈകാതെ അദ്ദേഹത്തിന് യാഥാർഥ്യം ബോധ്യപ്പെട്ടു.(നിജസ്ഥിതി അന്വേഷിച്ച 'സയ്യിദ് അലവിയോട്' തന്റെ പ്രവൃത്തിയെ ന്യായീകരിക്കുകയാണ് അധികാരി ചെയ്തത്) ഇതോടെ അദ്ദേഹം കടുത്ത ധർമസങ്കടത്തിലായി. എന്നാൽ ചക്കിയെന്ന ആയിഷയുടെ കണ്ണ് നീരും, അഭിമാനവും കാപ്രാട്ട് തംബ്രാനുമായുള്ള സൗഹൃദത്തെ അതി ജയിക്കാൻ പോന്നവ തന്നെയായിരുന്നു.

പ്രകോപനത്താൽ കൃഷ്ണ പണിക്കർ ചെയ്ത പ്രവൃത്തി ദൂര വ്യാപകമായ പ്രത്യാഘാതങ്ങൾ ക്ഷണിച്ചു വരുത്തുന്നവ തന്നെയായിരുന്നു. അക്കാലത്ത് ഒരു കീഴ്ജാതിയെ സവർണ്ണൻ പീഡിപ്പിക്കുന്നതിൽ അസ്വാഭാവികത ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അത് നാട്ടു നടപ്പായി മാത്രമേ കണക്കാക്കപ്പെടുകയുള്ളു. എന്നാൽ ഇവിടെ തമ്പ്രാൻ കൈ വെച്ചത് പഴയ അടിയാളത്തി ചക്കിയുടെ മേൽക്കുപ്പായത്തിലല്ല ആയിഷയുടെ വസ്ത്രങ്ങളിലാണ്. ഒരു മുസ്ലിം സ്ത്രീയുടെ മാനത്തിനു തമ്പ്രാൻ വില പറഞ്ഞുവെന്ന നിലയിലാണ് മാപ്പിളമാർ ഈ സംഭവത്തെ വിലയിരുത്തിയത്. പ്രശ്‌ന സാധ്യത ഉൾ തിരിഞ്ഞു വന്നതോടെ തമ്പ്രാൻ ബ്രിട്ടീഷ് അധികാരികളുടെ സഹായം തേടുകയും കാവലിനായി കോവിലകത്തിനു ആയുധധാരികളായ നായന്മാരെ വിന്യസിക്കുകയുമുണ്ടായി.

അപ്പോഴേക്കും പണിക്കരുടെ അന്യായമായ ഈ നടപടി നാടാകെ പ്രചരിച്ചിരുന്നു. ജന്മി-നാടുവാഴിത്ത ശക്തികളുടെ അന്യായമായ അധികാര പ്രയോഗങ്ങൾക്കെതിരെ സാമൂഹികമായ അസംത്രപ്തി പടർന്നിരുന്ന അക്കാലത്ത് കപ്രാട്ട് തംബ്രാന്റെ ഈ ചെയ്തി ജന്മിത്തത്തിനെതിരായ ഒരു ജനകീയ മുന്നേറ്റത്തിനു മതിയായ കാരണമായിരുന്നു. സംഭവത്തിലടങ്ങിയ മതകീയമാനങ്ങൾ ഈ മുന്നേറ്റത്തിന് ഊർജ്ജം പകർന്നു. വാർത്ത അറിഞ്ഞു സയ്യിദ് അലവിയെ സന്ദർശിക്കാൻ വന്ന മാപ്പിള പോരാളികളിൽ പെട്ട പൊന്മള സ്വദേശികളായ പൂവാടൻ മൊയ്തീൻ, പട്ടർകടവ് ഹുസൈൻ എന്നിവരോട് ആക്രമണത്തിന് സജ്ജരാകാൻ സയ്യിദ് അലവി കൽപ്പിച്ചു. തുടർന്ന് ചേറൂർ നിവാസികളായ കുട്ടിമൂസകുട്ടി, ചോലക്കൽ ബുഖാരി, കുന്നത്തൊടി അലിഹസ്സൻ, പൂന്തിരുത്തി ഇസമായിൽ, പൂനതക്കപ്പുറം മൊയ്തീൻ എന്നിവരും ഈ സംഘത്തിൽ അംഗമായി. സംഘാംഗങ്ങൾ എല്ലാം മുരീദുമാർ (ആത്മീയ ശിഷ്യന്മാർ) എന്ന് നിലയിൽ അലവിയുമായി മാനസിക അടുപ്പമുള്ളവർ ആയിരുന്നു. നീക്കങ്ങൾ രഹസ്യമാകാൻ ഇത് സഹായകരമായി വർത്തിച്ചു.

ഒക്ടോബർ 10 വിപ്ലവകാരികൾ മമ്പുറത്ത് കൂട്ടം കൂടി. മുസ്ലിം നോമ്പ് മാസമായ റംസാനിലെ ബദർ ദിനം എന്ന് വിശേഷിപ്പിക്കുന്ന ദിവസമായിരുന്നു അന്ന്. മമ്പുറം സയ്യിദ് അലവിയുടെ നേതൃത്തത്തിൽ രക്ത സാക്ഷികളുടെ കീർത്തന കാവ്യമായ ബദർ മൗലൂദ് ആലപിച്ച ശേഷം സംഘം ആക്രമണത്തിന് കോപ്പു കൂട്ടി. രക്ത സാക്ഷികളാവാൻ അനുഗ്രഹിക്കണമെന്ന ഏഴംഗ പടയുടെ ആവിശ്യം സ്വീകരിച്ചു സയ്യിദ് അലവി പ്രാർത്ഥിക്കുകയും മന്ത്രം ചെയ്ത രക്ഷ ധരിപ്പിച്ചു രക്ത സാക്ഷികളാവാൻ അനുഗ്രഹിക്കുകയും ചെയ്തു. അടുത്ത ദിവസം തറമ്മൽ മഖാം (ഹസ്സൻ ജിഫ്രിയുടെ സ്മൃതി കുടീരം) സന്ദർശിച്ചു പ്രാർത്ഥിച്ച ശേഷം മാപ്പിള പോരാളികൾ കാപ്രാട്ട് തമ്പ്രാനെയും സഹായികളെയും ലക്ഷ്യമാക്കി പുറപ്പെട്ടു.

വലിയ തോതിലുള്ള അക്രമണപ്രവർത്തനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ ബ്രിട്ടീഷ് ഭരണകൂടം സംഘർഷ സാധ്യത ലഘൂകരിക്കാൻ പണിക്കരെ അധികാരി സ്ഥാനത്ത് നിന്നും മാറ്റി. എന്നാൽ ഇത്തരമാശ്വാസ നടപടികളൊന്നും തന്നെ മാപ്പിളമാരുടെ ക്രോധം ശമിക്കാൻ പോന്നവയായിരുന്നില്ല. മാപ്പിളമാർ കരം നൽകാൻ വിസമ്മതിച്ചു. തുടർന്ന് ഒക്ടോബർ 15 ന് രണ്ട് താലൂക് ശിപായിമാർ ആക്രമിക്കപ്പെട്ടു. ഒക്ടോബർ 18ന് പണിക്കരുടെ സഹായി കാര്യസ്ഥൻ നായരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അലവിയുടെ അനുയായികളാണ് ഈ സംഭവ ങ്ങൾക്ക് പിറകില്ലെന്നു ബ്രിട്ടീഷ് രേഖകൾ വ്യക്തമാക്കുന്നു. 1843 ഒക്ടോബർ 19ന്(റംസാൻ 26) അവസരം കാത്തു നിൽക്കുകയായിരുന്ന മാപ്പിള പോരാളികളിലെ ആറംഗ സംഘം കപ്രാട്ട് പണിക്കരുടെ കോവിലകത്തേക്കു അതിക്രമിച്ചു കയറി കാവൽ ഭടന്മാരെ തുരത്തിയോടിച്ചു തമ്പ്രാന്റെ തല കൊയ്തു. കൊലപാതകത്തിന് ശേഷം കോവിലകത്തിനു പുറത്തിറങ്ങി സംഘം നായർ പടയെ വെല്ലു വിളിക്കുകയും തങ്ങളുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തുകയും ചെയ്തു.

കാപ്രാട്ട് പണിക്കരുമായി അഗാധ സൗഹൃദം ഉണ്ടായ സയ്യിദ് അലവി എന്തിനു ഒരു അടിയാള യുവതിക്ക് വേണ്ടി സവർണ്ണനായ പണിക്കരെ വധിക്കാൻ അനുകൂലിച്ചു എന്ന ചോദ്യം ബ്രിട്ടീഷ് അധികാരികളെ കുഴക്കിയിരുന്നു. മാപ്പിളാർക്കിടയിലെ കെട്ടുറപ്പും സാഹോദര്യ ബന്ധവും കാരണമായിരിക്കാം ഇതെന്ന് അവരരുമാനിക്കുന്നു. മാർഗ്ഗം ചേർന്നവരെ തങ്ങളിലൊരാളായാണ് മാപ്പിളമാർ കാണുന്നതെന്നും അന്വേഷണ റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. മാപ്പിള പെണ്ണിന്റെ അഭിമാനത്തിന് മേൽ ജന്മികൾ വിലപറയാതിരിക്കാനും അത്തരത്തിലുള്ള നീക്കത്തിന് ഇതാണ് മറുപടിയെന്നും തമ്പ്രാന്മാരെ ഓർമ്മിപ്പിക്കാനുമാണ് പണിക്കർ വധമെന്നും കരുതുന്നവരുണ്ട്. മാർഗ്ഗം കൂടിയ കീഴാളരുടെ അഭിമാനത്തിനായി ജീവത്യാഗം ചെയ്യാൻ മാപ്പിളമാർ സന്നദ്ധമാണെന്ന സന്ദേശം കീഴാള ജാതിക്കാർക്ക് നൽകിയതാണ് ഇതെന്നും വിലയിരുത്തലുകളുമുണ്ട്.

യുദ്ധം ചെയ്തു മരണം വരിക്കാൻ മാപ്പിളമാരെ പ്രേരിപ്പിക്കുന്നത് രക്ത സാക്ഷികൾക്ക് സൊർഗം കിട്ടുമെന്ന വിശ്വാസമാണെന്നും ആധ്യാത്മിക നേതാക്കളിൽ അവർ വലിയ തോതിൽ വിശ്വാസമർപ്പിക്കുകയും ദൈവികതയുടെ സ്വാധീനമുള്ളവരായി കരുതുകയും ഇത്തരം സിദ്ധന്മാരുടെ അനുഗ്രഹങ്ങൾക്കും ആജ്ഞകൾക്കും വലിയ വിലകൽപ്പിക്കുകയും ചെയ്യുന്നതാണ് പല ലഹളകൾക്കും കാരണമെന്നും ബ്രിട്ടീഷ് അധികാരികൾ വിലയിരുത്തിയിട്ടുണ്ട്.

ചേരൂർ യുദ്ധത്തിൽ അലവി വഹിച്ച പങ്കിനെ പറ്റി സർക്കാരിന് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. ചേരൂർ പടയ്ക്ക് ശേഷം അലവി ജന മധ്യത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. യുദ്ധത്തിൽ അലവിക്ക് പറ്റിയ ഗുരുതരമായ പരിക്കാണ് ഇതിനു കാരണമെന്ന് ശ്രുതി പരന്നെങ്കിലും പ്രത്യക്ഷമായ തെളിവുകൾ ഇല്ലാതെ അറസ്‌റ് ചെയ്താലുള്ള ഭവിഷ്യത്ത് ഭയന്ന് അവർ അതിൽ നിന്നും പിന്മാറുകയായിരുന്നു.

അവലംബം:

എ.കെ.കോടൂർ - മാപ്പിള ആംഗ്ലോ യുദ്ധം.
വില്യം ലോഗൻ - മലബാർ മാനുവൽ
ജാതി വ്യവസ്ഥിതിയും കേരള ചരിത്രവും - പി കെ ബാലകൃഷ്ണൻ
സി അച്യുതമേനോൻ സ്റ്റേറ്റ് മാനുവൽ
മമ്പുറം തങ്ങള്: ജീവിതം, ആത്മീയത, പോരാട്ടം - മഹ്മൂദ് പനങ്ങാങ്ങര.
എം ഗംഗാധരൻ: മാപ്പിള പഠനങ്ങൾ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP