Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡ്-19 ഏഴാമൻ ലോക കോവിഡ് റിപ്പബ്ലിക്കിന്റെ ചോദ്യം ചെയ്യപ്പെടാനാവാത്ത ഏകാധിപതിയായ നേതാവാണ്; ലോകം കൈകൾ കഴുകിയും മുഖംമൂടികൾ ധരിച്ചും ഈ ഏകാധിപതിയിൽ നിന്നും അകന്നും ഭയന്നും തന്നെ കഴിയണം; കോവിഡ് റിപ്പബ്ലിക്ക്: സി ടി വില്യം എഴുതുന്ന ലേഖന പരമ്പര രണ്ടാംഭാഗം

കോവിഡ്-19 ഏഴാമൻ ലോക കോവിഡ് റിപ്പബ്ലിക്കിന്റെ ചോദ്യം ചെയ്യപ്പെടാനാവാത്ത ഏകാധിപതിയായ നേതാവാണ്; ലോകം കൈകൾ കഴുകിയും മുഖംമൂടികൾ ധരിച്ചും ഈ ഏകാധിപതിയിൽ നിന്നും അകന്നും ഭയന്നും തന്നെ കഴിയണം; കോവിഡ് റിപ്പബ്ലിക്ക്: സി ടി വില്യം എഴുതുന്ന ലേഖന പരമ്പര രണ്ടാംഭാഗം

സി ടി വില്യം

കോവിഡ് മഹാമാരിക്കാലത്ത് ഭൂമിയിൽ തികച്ചും വ്യത്യസ്തമായൊരു സമ്പൂർണ്ണ ജനാധിപത്യ റിപ്പബ്‌ളിക്ക് രൂപം കൊള്ളുകയാണ്. ഡോ. ലി വെൻലിയാംഗിന്റെ ദീർഘ ദൃഷ്ടിയിലൂടെ ജന്മം കൊണ്ട ഈ റിപ്പബ്ലിക്കിനെ ലോക കോവിഡ് റിപ്പബ്ലിക്ക് എന്ന് വിളിക്കാം. ഈ റിപ്പബ്ലിക്കിന് അതിർത്തികളില്ല. വർണ്ണഭേദങ്ങളും, ഭാഷാഭേദങ്ങളും, രൂപഭേദങ്ങളുമില്ല. അതിർത്തികളില്ലാത്ത കോവിഡ് റിപ്പബ്ലിക്കിനെ വരഞ്ഞെടുക്കാൻ ശ്രമിക്കുകയാണ്.ഇത് ഭരണത്തിന്റെ റിപ്പബ്ലിക്കല്ല, ഇനിയുമെഴുതാത്ത മരണത്തിന്റെ സമ്പൂർണ്ണ ജനാധിപത്യ റിപ്പബ്ലിക്കാണ്, ഒപ്പം പ്രപഞ്ച മനുഷ്യന് സമ്മാനിക്കുന്ന നവോത്ഥാനമെന്ന പുനരുത്ഥാനത്തിന്റെ കൂടി റിപ്പബ്ലിക്കാണ്. അദൃശ്യമായ- അരൂപിയായ- ജനിതക ഭാന്തു പിടിച്ച ഒരു വൈറസിന്റെ റിപ്പബ്ലിക്കാണിത്.

ലോക കോവിഡ് റിപ്പബ്ലിക്കൻ ജനത

സാധാരണ റിപ്പബ്ലിക്കിനും റിപ്പബ്ലിക്കൻ ജനതക്കും ഒരു ഭരണകാല ചക്രമുണ്ടാവും. ആ ചാക്രികതക്ക് ഒരു നിശ്ചിതത്വം ഉണ്ടാകുന്നതും സ്വാഭാവികം. എന്നാൽ ലോക കോവിഡ് റിപ്പബ്ലിക്കിനും ആ റിപ്പബ്ലിക്കൻ ജനതക്കും അത്തരമൊരു ഭരണകാല ചക്രമോ നിശ്ചിതത്വമോ ഉണ്ടാവുന്നില്ല. കോവിഡ് റിപ്പബ്ലിക്കിന് വർത്തമാനകാലവും വർത്തമാനകാലത്തിൽ അവസാനിക്കുന്ന ഭൂതകാലവും മാത്രമേ ഉള്ളൂ. ഈ റിപ്പബ്ലിക്കിനും റിപ്പബ്ലിക്കൻ ജനതക്കും നിശ്ചിതമായ ഭാവികാലമില്ല. ചുരുക്കിപ്പറഞ്ഞാൽ ലോക കോവിഡ് റിപ്പബ്ലിക്കിന്റെ കാലമെന്നു പറയുന്നത് അനിശ്ചിത കാലമാണ്. എന്നു വേണമെങ്കിലും അവസാനിക്കാവുന്ന അല്ലെങ്കിൽ എന്നന്നേക്കുമായി അവസാനിക്കാത്തതുമായ ഒരുതരം അനിശ്ചിതത്വത്തിന്റെ കാലം എന്നും പറയാം. റിപ്പബ്ലിക്കിന്റെ അസ്തിത്വം തന്നെ അട്ടിമറിക്കുന്ന അനിശ്ചിതത്വമാണ് ലോക കോവിഡ് റിപ്പ ബ്ലിക്കിന്റേത്. കോവിഡ്-19 ഏഴാമന്റെ ഉത്ഭവവും തുടർച്ചയും തന്നെ ഒരുതരത്തിൽ അനിശ്ചിതത്വവും അസാധാരണത്വവും നിറഞ്ഞതാണല്ലോ.

കോവിഡ്-19 ഏഴാമൻ അദൃശ്യനാണ്. അരൂപിയാണ്. എന്നാൽ അവന്റെ ഭരണവും ഭരണം വിതക്കുന്ന മരണവും ദൃശ്യമാണ്, അനുഭവമാണ്. കോവിഡ് റിപ്പബ്ലിക്ക് ലോകത്തിന്റെ സമഗ്ര റിപ്പബ്ലിക്കാണ്. റിപ്പബ്ലിക്ക് ഭരണസംവിധാനത്തിൽ ഏകാധിപതി ഉണ്ടാവില്ലെങ്കിലും, കോവിഡ്-19 ഏഴാമൻ ലോക കോവിഡ് റിപ്പബ്ലിക്കിന്റെ ചോദ്യം ചെയ്യപ്പെടാനാവാത്ത ഏകാധിപതിയായ നേതാവാണ്. ലോകം കൈകൾ കഴുകിയും മുഖംമൂടികൾ ധരിച്ചും ഈ ഏകാധിപതിയിൽ നിന്നും അകന്നും ഭയന്നും തന്നെ കഴിയണം. രാജ്യങ്ങളും ഭരണകൂടങ്ങളും ഭരണാധിപന്മാരും കോവിഡ്-19 ഏഴാമന്റെ അപ്രഖ്യാപിത കാലത്തെ ആശ്രയിച്ചുവേണം ഭരിക്കാനും മരിക്കാനും. ലോക കോവിഡ് റിപ്പബ്ലിക്ക് ഒരുപോലെ ഭരണത്തേയും മരണത്തേയും നിയന്ത്രിക്കുന്നു. ലോകരാജ്യങ്ങൾ എങ്ങനെ ഭരിക്കണമെന്നും മരിക്കണമെന്നും തീരുമാനിക്കുന്നതും ലോക കോവിഡ് റിപ്പബ്ലിക്കാണ്.

ലോക കോവിഡ് റിപ്പബ്ലിക്ക് വർത്തമാനകാല ലോകചരിത്രത്തിന്റെ മറ്റൊരു നിർണ്ണായകമായ മനുഷ്യാതിർത്തിയാണ്. ക്രിസ്തുവിന് മുമ്പെന്നും പിമ്പെന്നുമുള്ള കാലാതിർത്തികൾ നിശ്ചയിച്ചതുപോലെ തന്നെ പ്രസക്തമാണ് ലോക കോവിഡ് റിപ്പബ്ലിക്ക് കാലവും. കോവിഡ് എന്ന മഹാമാരിയെ ചൈനയിലെ വുഹാനിലെ ഡോ. ലി വെൻലിയാംഗ് ആദ്യമായി കണ്ടെത്തിയ 2019 ഡിസംബർ 30 ന് മുമ്പുള്ള കാലത്തെ BCov (Before Covid-19) യെന്നും 2019 ഡിസംബർ 30 ന് ശേഷ മുള്ള കാലത്തെ ACov (After Covid-19) യെന്നും കോവിഡ് റിപ്പബ്ലിക്ക് കാലഘട്ടമായി ലോക ചരിത്രം രേഖപ്പെടുത്തും. ലോകമാന മനുഷ്യരും ഈ കാലാതിർത്തി നിർ ണ്ണയത്തിലൂടെ രണ്ടായി തരം തിരിക്കപ്പെടുകയാണ്. ചുരുക്കിപ്പറഞ്ഞാൽ ലോക കോവിഡ് റിപ്പബ്ലിക്കൻ ജനത ലോക ചരിത്രത്തിൽ അതിന്റെ സവിശേഷതകൾ കൊണ്ടുതന്നെ വേർപ്പെട്ടു നില്ക്കുകയാണെന്നു പറയാം.

ലോക കോവിഡ് റിപ്പബ്ലിക്കൻ ജനത നാളിതുവരെ ചരിത്രം അടയാളപ്പെടുത്തിയ ജനതയിൽ നിന്ന് വ്യത്യസ്തമാണ്. കോവിഡ് റിപ്പബ്ലിക്കൻ ജനത എന്നു പറയുന്നതിനേക്കാൾ ലോക കോവിഡ് റിപ്പബ്ലിക്കൻ മനുഷ്യർ എന്നു പറയുന്നതാവും കൂടുതൽ ശരിയും പ്രസക്തവും. കാരണം, ഈ ലോക റിപ്പബ്ലിക്കിൽ ജനത എന്നൊരു സംഘടിത ഐക്യസമൂഹം നിലനില്ക്കുന്നില്ല. ഇവിടെ മനുഷ്യർ ഓരോരുത്തരും ഒറ്റയ്‌ക്കൊറ്റയ്ക്കായി പരസ്പരം ഭയവിഹ്വലരായി, പരിഭ്രാന്തരായി ജീവിക്കുകയാണ്. അവർ പരസ്പരം വിശ്വസിക്കുന്നില്ല. അടുക്കുന്നില്ല. സ്‌നേഹിക്കുന്നില്ല. സഹായിക്കുന്നില്ല. ഇത്തരത്തിലുള്ള സാമൂഹ്യജീവനത്തിനുള്ള സ്വാതന്ത്ര്യവും സഹജീവനത്തിനുള്ള സാഹചര്യവും ലോക കോവിഡ് റിപ്പബ്ലിക്ക് അവർക്ക് അനുവദിച്ചുകൊടുക്കുന്നില്ല.

കോവിഡ്-19 ഏഴാമന്റെ അദൃശ്യവും അപകടകരവും പ്രവചനാതീതവുമായ സാന്നിദ്ധ്യത്തെ ഭയന്നുകൊണ്ട് ജീവിക്കാനുള്ള ആഹ്വാനമേറ്റെടുത്തവരാണ് അവർ. ആർഷ സംസ്‌കാരം പഠിപ്പിച്ച ഹസ്തദാനവും ആശ്ലേഷവും ആലിംഗനവും പരിത്യജിക്കപ്പെട്ടവരാണവർ. നിഷ്‌കരുണമായ കൊലപാതകങ്ങൾക്കുശേഷം മാനസികവിഭ്രമം മൂലം ഏഴു കടലുകൾ കൊണ്ട് കൈകൾ കഴുകാൻ ഉൾപ്രേരിതയായി ഷേക്‌സ്പിയർ കഥാ പാത്രമായ ലേഡി മാക്‌ബത്തിനെ പോലെ അവർ കൈകൾ കഴുകി ക്കൊണ്ടിരിക്കുന്നു. കോവിഡ് വൈറസ് എന്ന അദൃശ്യ കൊലയാളിയുടെ സാന്നിദ്ധ്യം അലോസരപ്പെടുത്തുന്നതിനാൽ അവർ പരസ്പരം അകന്നു കഴിയുന്നു. ഏതോ കുറ്റബോധം കൊണ്ടാവണം അവർ പരസ്പരം മുഖം മൂടികൾ ധരിച്ചുകൊണ്ട് ഒളിച്ചു ജീവിക്കുന്നു. മുഖംമൂടികൾ അവരുടെ മുഖഭാവങ്ങളെ എവിടേയോ കുഴിച്ചുമൂടുന്നു. മുഖാവരണം അവരുടെ യഥാർത്ഥ ശബ്ദവിന്യാസങ്ങളെ എവിടേയോ ഒളിപ്പിക്കുന്നു. മരണഭയം കൊണ്ട് അവരുടെ കണ്ണുകൾ നിർജ്ജീവങ്ങളാകുന്നു. ചരിത്രം, മനുഷ്യൻ എന്ന് നിർവചിച്ച ജൈവാവസ്ഥയെ, ലോക കോവിഡ് റിപ്പബ്ലിക്ക് ഇന്ന് പുനർനിർവചിക്കാൻ പാടുപെടുകയാണ്.

ലോക കോവിഡ് റിപ്പബ്ലിക്കിലെ സാമൂഹ്യപാഠങ്ങൾ

ലോക കോവിഡ് റിപ്പബ്ലിക്ക് അതിന്റെ വർത്തമാനകാലത്തിലാണ്. അതുകൊണ്ടു തന്നെ കോവിഡ് റിപ്പബ്ലിക്കിനെ അടയാളപ്പെടുത്താവുന്ന തുടക്കവും ഒടുക്കവുമുള്ള ഒരു കാലഘട്ടം ഇപ്പോഴില്ല. ഏതൊരു കാലഘട്ടം പോലെ തന്നെ ലോക കോവിഡ് റിപ്പബ്ലിക്കൻ കാലഘട്ടത്തേയും ചരിത്രത്തിനു മാത്രമേ സാക്ഷ്യപ്പെടുത്താനാവൂ. എന്തായാലും ACov (After Covid-19) 20192020 നടപ്പുകാലത്തെ ലോക കോവിഡ് റിപ്പബ്ലിക്കിന്റെ സാമൂഹ്യപാഠങ്ങൾ ഏറെക്കുറെ കുറിക്കപ്പെട്ടിട്ടു തുടങ്ങിയിട്ടുണ്ട്.

ലോക കോവിഡ് റിപ്പബ്ലിക്കൻ സമൂഹം ഭയാശങ്കകളുടേയും ജാഗ്രതകളുടേയും സമൂ ഹമാണ്. അതിജീവനത്തെ സ്വപ്നം കാണുന്ന, എന്നാൽ സ്വപ്നങ്ങൾ നിഷേധിക്കപ്പെട്ട ഒരു സമൂഹമാണ്. അതുകൊണ്ടുതന്നെ ഈ റിപ്പബ്ലിക്കിന്റെ സാമൂഹ്യപാഠങ്ങൾ, ഭയാശങ്കകളിലും ജാഗ്രതകളിലും അതിജീവന സ്വപ്നങ്ങളിലുമായി കെട്ടുപിണഞ്ഞുകിടക്കുന്നു. രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക-മത മൗലിക-ശാസ്ത്ര-സാങ്കേതിക ഭരണ സംവിധാനങ്ങളിൽ വിശ്വാസം നഷ്ടപ്പെട്ട മനോവിഭ്രാന്തമായ ഈ സമൂഹം ആരേയും വിശ്വസിക്കുന്നില്ല. വ്യക്തിഗത വിശ്വാസങ്ങൾ പോലും അവർക്ക് നഷ്ടമായിരിക്കു ന്നു. ജന്മനാടിന് അകത്തും പുറത്തും, ഭരണകൂടങ്ങളുടെ അനുമതിക്ക് മാത്രം വിധേയമായ സ്വാതന്ത്ര്യം അവർക്ക് അനുഭവിക്കേണ്ടിവരുന്നു. അവരുടെ ഭൗതികവും മാനസികവുമായ വിശപ്പും ദാഹവും ഉല്ലാസവും ഭരണകൂടങ്ങൾ നിശ്ചയിക്കുന്നു. അതേസമയം അവരുടെ ഭൗതികവും മാനസികവുമായ വിശപ്പിനും ദാഹത്തിനും ഉല്ലാസത്തിനുമുള്ള ശമനമാർഗ്ഗങ്ങൾ ഭരണകൂടങ്ങൾ ഏറ്റെടുക്കുന്നുമില്ല. കോവിഡ്-19 ഏഴാമന്റെ കാണപ്പെടാത്ത കിരീടത്തിനും ചെങ്കോലിനും വിധേയമായി, പ്രതിഷേധി ക്കാനാവാതെ അവർ മരണത്തിന്റെ ശ്വാസംമുട്ടലിൽ കഴിഞ്ഞുകൂടുന്നു.

ലോകരാജ്യങ്ങൾക്ക് പൂട്ട് വീണതോടെയാണ് ലോക കോവിഡ് റിപ്പബ്ലിക്ക് രൂപം കൊണ്ടത്. കോവിഡ്-19 ഏഴാമന്റെ സ്ഥാനാരോഹണത്തോടെ 2020-ൽ ജനുവരി 23 നാണ് ലോകരാജ്യങ്ങളിൽ ആദ്യത്തെ പൂട്ട് വീഴുന്നത്. ചൈനയിലെ വുഹാനിലാണ് ആദ്യത്തെ പൂട്ട് വീണത്. ഡോ. ലി വെൻലിയാംഗിനെ ചൈന അവഗണിച്ച പോലെ കോവിഡ് രോഗത്തിന്റെ പ്രഭവകേന്ദ്രമായ ചൈനയെ മനപ്പൂർവ്വം അവഗണിക്കുകയായിരുന്നു ലോകാരോഗ്യ സംഘടനയെന്ന് വേണമെങ്കിൽ നമുക്ക് ആരോപിക്കാം. അതോടൊപ്പം തന്നെ ചൈനയോട് കടപ്പെട്ട ലോകാരോഗ്യ സംഘടനക്കുള്ള അതിരുകവിഞ്ഞ അവിഹിത ബാന്ധവം മൂലമാണ് ലോകാരോഗ്യ സംഘടനക്ക് കോവിഡ് വിഷയത്തിൽ കാര്യമായ ജാഗ്രതാക്കുറവ് ആദ്യഘട്ടങ്ങളിൽ ഉണ്ടായതെന്നും നമുക്ക് ന്യായമായും കുറ്റപ്പെടുത്താം.

കോവിഡിനെ ഒരു മഹാമാരിയായി പ്രഖ്യാപിക്കാൻ ലോകരാജ്യങ്ങളിൽ നിന്നും സമ്മർദ്ദമുണ്ടായിട്ടും ലോകാരോഗ്യ സംഘടന അതിന് ആദ്യനാളുകളിൽ തയ്യാറായിരുന്നില്ല. പിന്നീട് ഗത്യന്തരമില്ലാതെ ചൈനാനുവാദത്തെടെയായിരിക്കണം 2020 ജനുവരി 30 നാണ് ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. പിന്നേയും പിന്നേയും ലോകരാജ്യങ്ങളിൽ നിന്ന് നിലക്കാത്ത സമ്മർദ്ദത്തെ ചെറുത്തുനില്ക്കാൻ സാധിക്കാതെ വന്നപ്പോൾ മാത്രമാണ് 2020 മാർച്ച് 11 ന് ലോകാരോഗ്യ സംഘടന കോവിഡിനെ ഒരു മഹാമാരിയായി (Pandemic) പ്രഖ്യാപിച്ചത്. അപ്പോഴേക്കും ലോകരാജ്യങ്ങൾ കോവിഡ്-19 ഏഴാമന്റെ പിടിയിലമർന്നിരുന്നു. കോവിഡ് രോഗികൾ അതിനകം 580 ൽ നിന്ന് ഒന്നേകാൽ ലക്ഷം കവിഞ്ഞിരുന്നു. കോവിഡ് മരണം 17 ൽ നിന്ന് ഏകദേശം അയ്യായിരത്തോളമെത്തുകയും ചെയ്തിരുന്നു. ഇപ്പോൾ കോവിഡ് രോഗികളുടെ എണ്ണം ലക്ഷങ്ങളും കവിഞ്ഞ് കോടികൾ തൊട്ടുകൊണ്ടിരിക്കുന്നു. മരണം ദശലക്ഷങ്ങളിലേക്ക് ദിശ മാറിക്കൊണ്ടിരിക്കുന്നു.

ചുരുക്കത്തിൽ, കോവിഡ് മഹാമാരിയെ ഇവ്വിധം കോടിയിലേക്കും മരണത്തെ ദശ ലക്ഷങ്ങളിലേക്കും സംക്രമിപ്പിച്ചതിന്റെ സമ്പൂർണ്ണ ഉത്തരവാദിത്തം ലോകാരോഗ്യ സംഘടന ഏറ്റെടുത്തേ മതിയാവൂ എന്ന അനുഭവപാഠത്തിൽ എത്തിനിൽക്കുകയാണ് ലോകരാജ്യങ്ങൾ. ലോക കോവിഡ് റിപ്പബ്ലിക്കിന്റെ ഒന്നാം സാമൂഹ്യപാഠവും ഇതാണ്.

ലോക കോവിഡ് റിപ്പബ്ലിക്കിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗബാധ അനുഭവിച്ചതും കോവിഡ് ആൾ നാശം ഏറ്റുവാങ്ങിയതും അമേരിക്കയാണ്. ഏറ്റവുമൊടുവിലെ കണക്കുകൾ വെളിപ്പെടുത്തുന്നത് അവിടെ രോഗബാധ 50 ലക്ഷത്തിലേക്കും മരണം 2 ലക്ഷത്തിലേക്കും പടരുകയാണെന്നാണ്. അമേരിക്ക സാമ്പത്തികമായും മാനവവിഭവശേഷിപരമായും തകരുമ്പോഴും ചൈന അതീവ രഹസ്യമായി കോവിഡിനെ അതിജീവിക്കുകയും ലോകത്ത് സാമ്പത്തികാധിപത്യം പിടിച്ചടക്കുകയുമായിരുന്നു. ചൈനയുടെ ഈ നിഗൂഡ തന്ത്രം മനസ്സിലാക്കിയ ബിസിനസ്സുകാരൻ കൂടിയായ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് കോവിഡിനെ പാർശ്വവൽക്കരിച്ചു കൊണ്ടുള്ള ദേശീയ സാമ്പത്തിക വികസനയാത്രക്ക് തുടക്കം കുറിച്ചു. അമേരിക്കയുടെ ഈ വികസനയാത്രയാണ് അവിടെ കോവിഡ് രോഗബാധയെ പെരുക്കിയത്. ഇന്ത്യക്കുപോലും കഴിച്ചുകാണിക്കാൻ ധൈര്യമില്ലാത്ത മലമ്പനിക്കുള്ള ഇന്ത്യൻ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്റെമേൽ സായുധ സമ്മർദ്ദം ചെലുത്തി മരുന്ന് സ്വന്തമാക്കിയതിനുശേഷം അത് കഴിച്ചുകൊണ്ട് കോവിഡിനെ ചെറുത്തുനിന്ന ഡോണാൾഡ് ട്രംപ് ലോകവാർത്തകളിൽ ഇടം പിടിച്ചതോടെ രാജ്യങ്ങൾ കോവിഡിനെ അരികുവൽക്കരിച്ചുകൊണ്ട് അവർ അവരവരുടെ രാജ്യങ്ങളെ സ്വതന്ത്രമാക്കി, ദേശീയ സാമ്പത്തിക വികസനയാത്രകളിൽ വ്യാപൃതരായി. ലോകം, ട്രംപിന്റെ സാഹസികതയെ പിൻതുടരുകയായിരുന്നു.

കോവിഡിന്റെ പ്രഭവകേന്ദ്രമായ ചൈന കോവിഡുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ എല്ലാ വസ്തുതകളും വിവരങ്ങളും ലോകമറിയാതെ ഒളിപ്പിച്ചുവച്ചതും നിഗൂഡമായ ആഗോള സാമ്പത്തിക മുന്നേറ്റം നടത്തിയതും ലോകാരോഗ്യ സംഘടനയുടെ അറിവോടെയായിരുന്നു എന്നൊരു പൊതു ആരോപണം ഇപ്പോഴും നിലനില്ക്കുന്നു. മാത്രമല്ല, വുഹാനിലെ വൈറോളജി പരീക്ഷണശാലയിൽ സൂക്ഷിച്ചിരുന്ന വൈറസിനെ ചൈന മനപ്പൂർവ്വം തുറന്നുവിട്ടതാണെന്ന ആരോപണവും ലോകത്ത് പ്രചരിച്ചിരുന്നു. ഈ ആരോപണത്തിൽ ശരി കണ്ടെത്തിയ ഡൊണാൾഡ് ട്രംപ് പിന്നീട് ചൈനാനുവർത്തിയായ ലോകാരോഗ്യ സംഘടനയെ നഖശിഖാന്തം വിമർശിച്ചതും ലോകാരോഗ്യ സംഘടനയുടെ ലോകാരോഗ്യ പ്രവർത്തനങ്ങളുടെ ധാർമ്മികത ചോദ്യം ചെയ്തതും ലോക വാർത്തയായിരുന്നു. ചൈനാകേന്ദ്രീകൃതമായ ലോകാരോഗ്യ സംഘടനയുടെ നിലപാടുകൾ തൃപ്തികരമല്ലെന്ന് തുറന്നടിച്ച ട്രംപ്, ലോകാരോഗ്യ സംഘടനക്ക് കൊടുത്തുപോന്നിരുന്ന സഹായധനമായ 553.1 ദശലക്ഷം ഡോളർ അഥവാ 4200 കോടി രൂപ നിരുപാധികം നിർത്തുകയും ചെയ്തു. പിന്നീട് ഈ രാജ്യങ്ങൾ അവരവരുടെ കോൺസുലേറ്റുകളും പരസ്പരം പരസ്പരം അടച്ചുപൂട്ടിക്കളിക്കുകയാണ്.

ഏതാണ്ട് ഒന്നര കോടിയിലധികം കോവിഡ് രോഗബാധിതരും ഏഴു ലക്ഷത്തോളും കോവിഡ് മരണങ്ങളും ഭൂമിയിലുണ്ടായിട്ടും കേവലം കൈകൾ കഴുകാനും മാസ്‌ക് ധരിക്കാനും സാമൂഹികമായ അകലം പാലിക്കാനുമായി നിരന്തരമായ ആരോഗ്യോപദേശം നൽകുന്ന ലോകാരോഗ്യ സംഘടനക്കുള്ള 4200 കോടി രൂപയുടെ സഹായധനം ട്രംപ് നിരുപാധികം നിർത്തിയതിൽ ലോകത്തിന്റെ സാമാന്യബുദ്ധിയുടെ അംഗീകാരവും ഉണ്ടായെന്നത് തികച്ചും സ്വാഭാവികമായ മറ്റൊരു സാമൂഹ്യപാഠമായി.

ലോക കോവിഡ് റിപ്പബ്ലിക്കിൽ ഉൾപ്പെട്ട മുഴുവൻ ലോക രാജ്യങ്ങളും കോവിഡ്-19 ഏഴാമന്റെ മുമ്പിൽ പകച്ചുനില്ക്കുകയാണ്. അമേരിക്ക പോലുള്ള സമ്പന്ന വികസിത രാജ്യങ്ങൾ കോവിഡിനു മുമ്പിൽ ഓച്ഛാനിച്ചുനില്ക്കുക മാത്രമല്ല, കോവിഡിന്റെ ദൃഷ്ടിക്ക് വിധേയരാകാതെ മുഖം മൂടി ധാരികളായി ഒളിച്ചും പാത്തും കഴിയുകയാണ്. കൈകഴുകും പോലെ തന്നെ അകന്നുകഴിയലും ഒളിച്ചുകഴിയലും (Quarantine) കോവിഡെന്ന മഹാമാരിക്കുള്ള SMS (Sanitizing Masking Social Distancing) പ്രതിരോധ മരുന്നായി. കോവിഡ് പ്രതിരോധത്തിൽ വീമ്പു പറഞ്ഞ രാജ്യങ്ങളും വീമ്പു പ്രകടിപ്പിച്ച രാജ്യങ്ങളും കോവിഡിന്റെ മൂർദ്ധന്യഘട്ടങ്ങളിൽ വീണു നിലം പൊത്തുന്ന ദയനീയമായ കാഴ്ചകളും നാം കണ്ടുകൊണ്ടിരിക്കുന്നു. ലോകരാഷ്ട്രങ്ങളുടെ ആയുധപ്പുരയോളം വിസ്തൃതിയും സജ്ജീകരണങ്ങളും ഇല്ലാതെപോയ ആശുപത്രികളെകുറിച്ചും ശ്മശാനങ്ങളെകുറിച്ചും അവർക്ക് ആദ്യമായി തിരിച്ചറിവുണ്ടായെന്നതും പൊള്ളുന്ന സത്യമായി നമ്മുടെ മുന്നിൽ ഇപ്പോൾ നിലകൊള്ളുന്നു. ആരോഗ്യവും മരണവും തമ്മിലുള്ള, അവർ പഠിക്കാതെപോയ, പഴയ സമവാക്യം ഹൃദിസ്ഥിതമാക്കിയ അവരിപ്പോൾ ചരിത്രത്തിലാദ്യമായി ആരോഗ്യസ്ഥാപനങ്ങളുടേയും ശ്മശാനങ്ങളുടേയും കണക്കുകൾ ശേഖരിച്ചുവരുന്നതും നമ്മേ ഖേദപൂർവ്വം ലജ്ജിപ്പിച്ചുകൊണ്ടിരിക്കുന്നു.

ഇതിന്നിടെ ഭാരതം വിളക്കുകൾ അണച്ചും തെളിയിച്ചും പാത്രങ്ങൾ കൊട്ടിയും കോവിഡെന്ന മഹാമാരി ബാധയെ ഒഴിപ്പിച്ചുകളയാനുള്ള ഭാരതീയ തന്ത്രങ്ങളും മെനഞ്ഞു. അവസാനം രാജ്യത്തിൽ പലതവണ പൂട്ടിട്ടും പൂട്ടുതുറന്നും കോവിഡിനെ ആട്ടിപ്പായിക്കാൻ നോക്കിയെങ്കിലും ഫലമു ണ്ടായില്ല. കോവിഡ് അതിന്റെ മരണഘോഷയാത്ര തുടരുകയാണ്. അപ്പോഴും ഭാരതത്തിന്റെ തെക്കേ അറ്റത്ത് ഒലിച്ചുകിടക്കുന്ന ദൈവത്തിന്റെ സ്വന്തം നാടായ മലയാളികളുടെ കൊച്ചുകേരളം ദൈവാനുഗ്രഹത്തോടെയൊ രാഷ്ട്രീ യാനുഗ്രഹത്തോടെയോ കോവിഡിനെ ഉഴിഞ്ഞും ഒഴിപ്പിച്ചും പോന്നു. സ്വതവേ പൊങ്ങച്ചവും അഹങ്കാരവും പുച്ഛഭാവവും കൈമുതലായുള്ള മലയാളി കോവിഡെന്ന കുതിരയെ പിടിച്ചുകെട്ടിയും പുറത്തുകയറി സവാരി നടത്തിയും ലോകശ്രദ്ധ പിടിച്ചു പറ്റി.

ആദ്യമൊക്കെ ത്സാൻസി റാണിയെ പോലെ കുതിരപ്പുറത്തേറി കോവിഡിനെതിരെ പോരാടിയ, രോഗപ്രതിരോധത്തിൽ നിപുണയായ ആരോഗ്യമന്ത്രിയെ പിന്നീട്, താഴെയിറക്കി ക്യാപ്റ്റൻ മുഖ്യമന്ത്രി തന്നെ കുതിരയുടെ കടിഞ്ഞാണിൽ പിടിമുറുക്കിയ ധീരവീരകഥകളിൽ കേരളം കോൾമയിർകൊണ്ടു. സന്ധ്യാസമയത്തെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങൾക്ക് റേറ്റിങ്ങ് കൂടി. ചാനലുകൾക്ക് ഉത്സവമായി. മലയാളി മങ്കമാർ പഞ്ചവർണ്ണ സാരികൾ മാറി മാറിയുടുത്തുകൊണ്ട് പാട്ടുകൾ പാടിയും ആടിയും പാചകം ചെയ്തും കോവിഡിനെ വരവേറ്റു. നിമിഷ കവികൾ കോവിഡ് കവിതകളെ കൊണ്ട് വൈറസിനെ പ്രസാദിപ്പിച്ചു. പിന്നെപ്പിന്നെ എല്ലാവരും മുഖംമൂടികൾ ധരിക്കാൻ തുടങ്ങിയപ്പോൾ പത്രസമ്മേളനങ്ങൾ രാഷ്ട്രീയ കൂറുകൂട്ടിയും മഹാമാരിയുടെ ഗൗരവം കുറച്ചും യാന്ത്രിക സംവാദങ്ങളായോ പാർട്ടി കുറിപ്പടികളായോ വിലയിടിഞ്ഞുപോയി.

വളരെപെട്ടെന്നാണ് ലോകരാഷ്ട്രീയത്തിലെന്നപോലെ കോവിഡ് രാഷ്ട്രീയം സമൂഹ അടുക്കള വഴി കേരളത്തിലേക്ക് രംഗപ്രവേശം നടത്തിയത്. ഡാറ്റാവിവാദത്തിൽ നിന്നുതുടങ്ങി പ്രവാസിപ്രണയത്തിലൂടെ സ്വർണ്ണക്കടത്തെന്ന സ്വപ്നാടനവും കടന്ന്, ആപ്പുവൽക്കരിച്ച മദ്യശാലകളിൽ എത്തിപ്പെട്ടതോടെ മലയാളിയുടെ തനതായ പൊങ്ങച്ചവും അഹങ്കാരവും പുച്ഛരാസപ്രക്രിയയിലൂടെ അഭിരമിച്ചെത്തി. അന്തരാഷ്ട്ര മാധ്യമങ്ങളിൽ കോവിഡ് കേരളത്തെ പ്രകമ്പനം കൊള്ളിച്ചു. പ്രവാസവണ്ടികൾ എന്ന പേരിൽ വോട്ടുവണ്ടികൾ ആകാശമാർഗ്ഗവും ഭൂമിമാർഗ്ഗവും കടൽ മാർഗ്ഗവും എത്തിത്തുടങ്ങി. കോവിഡ് പടരാൻ തുടങ്ങി. വീണിടം പെട്ടെന്ന് വിഷ്ണു ലോകമായി.

'കാക്കയും വന്നു, പനമ്പഴവും വീണു' എന്ന പഴമൊഴി സത്യമായി. അങ്ങനെയിരിക്കെ ലോകാരോഗ്യ സംഘടനയുടെ അന്ത്യപ്രഖ്യാപനം വന്നു; 'കോവിഡ് ഒരു രോഗമല്ല, അതൊരു ജീവിതശൈലിയാണ്'. എന്നാൽ ഈ പ്രഖ്യാപനം ആദ്യം നടത്തിയത് മാസ്‌കിനെ തള്ളിക്കളഞ്ഞ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപാണ്. അന്ന് ട്രംപിനെ ഏറ്റവും കൂടുതൽ കളിയാക്കിയതും സൈബർ ഭാഷയിൽ ട്രോളിയതും മലയാളികളായിരുന്നു. അതേ മലയാളിക്ക് പതിവുപോലെ പരിണാമം സംഭവിച്ചു. ലോകാരോഗ്യ സംഘടനയുടെ വഴുവഴുപ്പുള്ള പ്രവചനവാലിൽ തൂങ്ങി നാണമില്ലാത്ത മലയാളിയും പ്രഖ്യപിച്ചു; 'കോവിഡ് ഒരു രോഗമല്ല, സമരസപ്പെടുത്തേണ്ട ഒരു ജീവിത ശൈലിയാണ്'. ഡൊണാൾഡ് ട്രംപ് എന്ന കുഴലൂത്തുകാരനെ അനുഗമിച്ചുകൊണ്ട് ഭാരതവും പിന്നാലെ കേരളവും രാജ്യത്തിനിട്ട പൂട്ടുകൾ ഒന്നൊന്നായി അഴിച്ചുമാറ്റി. അപ്പോൾപിന്നെ എന്തിനായിരുന്നു, ഇത്രയും നാൾ രാജ്യത്തിന് പൂട്ടിട്ടതെന്ന് ആരും ആരോടും ചോദിച്ചില്ല. ചില ചോദ്യങ്ങൾ അങ്ങനെയാണല്ലോ, നാം ചോദിക്കാതെ പോവുന്ന ചോദ്യങ്ങൾ, പ്രത്യേകിച്ച് മലയാളികൾ. തെരുവുകളും നഗരങ്ങളും കച്ചവടശാലകളും മദ്യശാലകളും പതുക്കെപ്പതുക്കെ തുറന്നു. ഇനി തുറക്കാൻ ബാക്കിയുള്ളത് ശവക്കുഴികൾ മാത്രം. അമേരിക്കയിലെ ചികിത്സ തന്നെ ഫലപ്രദമെന്ന് ഭാരതത്തോടൊപ്പം മലയാളിയും ലോക ചരിത്രത്തോട് ഒരിക്കൽകൂടി പ്രഖ്യാപിച്ചു.

പ്രഖ്യപനങ്ങളും, പ്രവചനങ്ങളും, പ്രസ്താവനകളും, പ്രസംഗങ്ങളും, പ്രക്ഷോഭണങ്ങളും ലോകത്തിൽ പ്രകമ്പനം കൊള്ളുമ്പോഴും, കോവിഡ് എന്ന മഹാമാരി കൊന്നൊടുക്കിയ മനുഷ്യരുടെ കണക്കുകൾ മഹാമാരി പോലെതന്നെ ദശലക്ഷങ്ങളിലേക്ക് പടർന്നു. ഒഴിവാക്കാനാവാത്ത ഈ മഹാദുരന്തങ്ങൾ നമ്മേ പോളണ്ടുകാരനായ ആക്ഷേപഹാസ്യ ചിത്രകാരൻ പവേൽ ക്യൂസിൻസ്‌കിയുടെ സാമൂഹ്യ വിമർശനത്തിന്റെ വരകളിലേക്ക് കൊണ്ടുപോകുന്നു. പവേൽ ക്യൂസിൻസ്‌കിയുടെ പ്രശസ്‌കമായ 'വിഴുപ്പിന്റെ സ്രവം ഓടയിലേക്കൊഴുക്കുന്ന പ്രസംഗകന്റെ' ആയിരം നാവുള്ള ചിത്രമാണ് നമ്മുടെ മനസ്സിൽ ഈയൊരു ദുരവസ്ഥയിൽ തെളിഞ്ഞുവരിക. ലോകത്തെ എല്ലാ രാഷ്ട്രീയ പ്രവർത്തകരും, സാമൂഹ്യ-സാംസ്‌കാരിക-ചാനൽ അവതാരങ്ങളും ദിവസവും പവേൽ ക്യൂസിൻസ്‌കിയുടെ ഈ ചിത്രം തോട്ട് വന്ദിച്ചുകൊണ്ട് വീടിനുപുറത്തുപോയാൽ നമ്മു ടെ ലോകത്തെ ഒരുപാട് മഹാദുരന്തങ്ങൾ ഒഴിവാക്കാമെന്ന് ലോകത്തെ പഠിപ്പിക്കുന്ന ചിത്രം കൂടിയാണിത്, പ്രത്യേകിച്ചും ഈ കോവിഡ് മഹാമാരിക്കാലത്ത്. പാവം ജനങ്ങളുടെ നിഷ്‌കളങ്കമായ തൊണ്ടയിലെ സ്രവമല്ല, പരിശോധിക്കേണ്ടത് പകരം, ജനാരോഗ്യത്തിന്റെ മറവിൽ, ലോക രാഷ്ട്രീയ-സാമൂഹ്യ- സാംസ്‌കാരിക-ചാനൽ അവതാരങ്ങളുടെ തൊണ്ടയിൽ നിന്ന് തള്ളുന്ന വിഴുപ്പിന്റെ സ്രവമാണ് പരിശോധിക്കേണ്ടതെന്ന് ഈ ചിത്രം നമ്മേ വല്ലാതെ നിർബന്ധിക്കന്നുണ്ട്. ലോക കോവിഡ് റിപ്പബ്ലിക്ക് നമ്മേ പഠിപ്പിക്കുന്ന മലയാണ്മയുള്ള ഈ സാമൂ ഹ്യപാഠവും നാം പഠിക്കാതെ പോവരുത്.

ലോക കോവിഡ് റിപ്പബ്ലിക്കെന്ന സമൂഹയൂഥം

ലോക കോവിഡ് റിപ്പബ്ലിക്ക് പുതിയൊരു ലോക മാനവ ജീവിതക്രമം കൊണ്ടുവരികയാണ്. ഇന്നോളം കാലബന്ധിതമായ മാനവ ജീവിതക്രമത്തെ ഈ റിപ്പബ്ലിക്ക് പൊളിച്ചെഴുതുകയാണ്. ഭൂമിയുടെ ഉൽപ്പത്തി ശാസ്ത്രങ്ങളെ വ്യാഖ്യനിക്കുന്ന ധർമ്മശാസ്ത്രങ്ങളേയും അത്യാധുനിക ശാസ്ത്രസാങ്കേതിക സൂക്ഷ്മശാസ്ത്രങ്ങളേയും അട്ടിമറിച്ചുകൊണ്ടാണ് ലോക കോവിഡ് റിപ്പബ്ലിക്ക് പുതിയൊരു ലോക മാനവ ജീവിതക്രമത്തിന് തുടക്കം കുറിക്കുന്നത്.

കേവലം വ്യക്തിക്കപ്പുറം സാമൂഹ്യമായ ഒരു സംഘടിത ജനാധിപത്യ ക്രമത്തിലേക്ക് വികസിച്ചെത്തിയ സാമൂഹ്യമനുഷ്യൻ എന്ന ജനാധിപത്യപരമായ അടയാളപ്പെടുത്തൽ ലോക കോവിഡ് റിപ്പബ്ലിക്ക് തിരുത്തുകയാണ്. അങ്ങനെ സാമൂഹ്യ പരിമാണത്തോടെ സംഘം ചേർന്ന മനുഷ്യന്റെ, വളരെ പണ്ട് ഉണ്ടായിരുന്ന തികച്ചും സ്വാർത്ഥമായ വ്യക്തിഗത ലോകത്തിലേക്ക് പുതിയ മനുഷ്യനെ മടക്കി അയക്കുകയാണ് ഈ റിപ്പബ്ലിക്ക്. സാമൂഹികമായ അകലം പാലിച്ചുകൊണ്ടുള്ള വ്യക്തിഗത ജീവിതത്തിന്റെ നിലനില്പിലേക്ക് പുതിയ മനുഷ്യൻ മടക്കയാത്ര നടത്തുകയാണ്.

എല്ലാ വിചാരങ്ങളും വികാരങ്ങളും പ്രതിബിംബിച്ചിരുന്ന, സമൂഹമനസ്സിനെ തെളിയിച്ചുകാണിച്ചിരുന്ന, അവന്റെ മുഖമെന്ന മനക്കണ്ണാടിയെ ഈ റിപ്പബ്ലിക്ക് എടുത്തുമാറ്റിയിരിക്കുന്നു. പകരം അവന്റെ ശ്വാസങ്ങളേയും നിശ്വാസങ്ങളേയും സൂക്ഷ്മമായി അരിച്ചെടുക്കുകയും തള്ളുകയും ചെയ്യുന്ന തരത്തിലുള്ള മുഖംമൂടികൾ ധരിക്കാൻ അവൻ നിർബന്ധിതനായിരിക്കുന്നു. അവന്റെ മുഖാംഗഭാവങ്ങൾക്ക് തിരശ്ശീല വീണിരിക്കുന്നു. ഇനി അവന് ആത്മബന്ധങ്ങളില്ല. ആത്മീയ ബന്ധങ്ങളില്ല. ഭൗതികമായ സാമൂഹിക ബന്ധങ്ങളുമില്ല. എല്ലാ ബന്ധങ്ങളേയും അവൻ അവിശ്വസിക്കുന്നു. അദൃശ്യവും അരൂപവുമായ മരണാണുക്കളെ പ്രസരിപ്പിക്കുന്ന ബന്ധങ്ങളാണ് അവനു ചുറ്റുമുണ്ടാവുന്ന എല്ലാ ബന്ധങ്ങളും. ആകാശവും, ഭൂമിയും, കടലും, പ്രകൃതിയും, സർവ്വജീവജാലങ്ങളും ഇനിയവന് പ്രവചനാതീതമായ മരണകാരണങ്ങളാണ്. പണ്ടെന്നപോലെ ഇന്ന് മരണം അവനോടുകൂടിയല്ല, മരണം ഇപ്പോൾ അവന്റെ ജൈവാജൈവ ചുറ്റുപാടുകളോടുകൂടിയാണ്.

ലോക കോവിഡ് റിപ്പബ്ലിക്ക് രൂപം കൊള്ളുന്നതിനു മുമ്പുതന്നെ ലോക കുടുംബ ഘടനക്ക് പരിണാമം സംഭവിച്ചിരുന്നു. കോവിഡ് റിപ്പബ്ലിക്ക് അത് കുറെക്കൂടി ദൃഡമാക്കിയെന്നുമാത്രം പറയാം. കുടുംബങ്ങൾ ഘടനാപരമായ ചേർന്നുനില്പിനെ നിരാകരിച്ചുകൊണ്ട് വിഘടനപരമായ ഒരുതരം ചിതറിത്തെറിക്കലിന് വിധേയമായിട്ട് കാലമേറെയായി.

ഡിജിറ്റലൈസ്ഡ് പരിസരങ്ങളിലേക്ക് ലോകം പുനപ്രതിഷ്ഠിക്കപ്പെട്ടതോടെയാണ് നമ്മുടെ കുടുംബഘടനക്ക് വിഘടനം സംഭവിച്ചത്. ഡിജിറ്റലൈസ്ഡ് പരിസരങ്ങളിൽ എല്ലാവ ർക്കും അവരവരുടെ സ്വാർത്ഥമായ സ്വന്തം ഇരിപ്പിടങ്ങളുണ്ടായി. അഥവാ സമൂഹ മാധ്യമഭാഷയിൽ പറഞ്ഞാൽ മുഖപുസ്തകങ്ങളുണ്ടായി. ചിലക്കാൻ ട്വിറ്ററും, ആശയ പ്രകടനങ്ങൾക്ക് വാട്‌സാപ്പും, സ്വരൂപകാമുകതക്ക് ഇൻസ്റ്റഗ്രാമും, ആത്മരതിയുടെ ജീവിതത്തെ തെളിയിച്ചുകാണിക്കാൻ സമൂഹ മാധ്യമങ്ങളുടെ തൽസമയ സംപ്രേഷണങ്ങളുമുണ്ടായി. ഒരുപക്ഷേ ഇതൊക്കെ സമൂഹത്തെ ഏറാന്മൂളികളെപോലെ അടക്കിയൊതുക്കി ഇരുത്താനുള്ള ആഗോളാന്തര കുത്തക മുതലാളിത്ത ഭരണകൂടങ്ങളുടെ നിഗൂഡതന്ത്രങ്ങളാവാം.

ലോക കോവിഡ് റിപ്പബ്ലിക്ക്, കുടുബങ്ങളിലെ ഈ വിഘടനപരതയെ സമ്പൂർണ്ണമാക്കിയെന്നതാണ് സത്യം. കുടുംബങ്ങളിൽ നേരത്തെ ഉണ്ടായിരുന്ന നിയതമായ അകലങ്ങളുടെ അടുപ്പം നഷ്ടപ്പെട്ടു. അച്ഛനും അമ്മയും കർമ്മാധിഷ്ഠിതമായ അകലങ്ങളിൽ കഴിഞ്ഞപ്പോഴുണ്ടായിരുന്ന ആദരവിന്റെ അടുപ്പം അകന്നുപോയി. വിദ്യാവിനോദങ്ങളുമായി വിദ്യാലയങ്ങളിലും, സർവ്വകലാശാലകളിലും അകലങ്ങളുടെ ആകാശഭൂമികളിൽ കഴിഞ്ഞുകൂടിയിരുന്ന മക്കളുടെ കുടുംബാടുപ്പങ്ങളും ഈ ലോക കോവിഡ് റിപ്പബ്ലിക്ക് പുതുക്കിപ്പണിതു.

ഇപ്പോൾ കുടുംബങ്ങളുടെ കുടുസ്സുസ്ഥലികളിൽ അച്ഛനും അമ്മയും മക്കളും അവരവരുടേതായ സൈബറിടങ്ങളിൽ വിരലോടിച്ചും കണ്ണോടിച്ചും ഒറ്റപ്പെട്ടു കഴിയുന്നു. കുടുബങ്ങൾ, അലോസരപ്പെടുത്തുന്ന ഓർമ്മകളുടെ കുടുംബക്കല്ലറകളായി മാറി. ചിലപ്പോഴെങ്കിലും കലഹങ്ങളുടെ ശ്മശാനഭൂമിയായി മാറി. മുത്തശ്ശിയും മുത്തശ്ശനും ഉപയോഗിക്കാത്ത പത്തായങ്ങളിലെ ഭാണ്ഡങ്ങളായി. എല്ലാവരുടേയും ഉയിർത്തെഴുന്നേല്പിന്റെ കാലം അനിശ്ചിതകാലമായി.

സോപ്പിന്റേയും സാനിറ്റൈസറിന്റേയും അസുഖകരമായ മനം മടുപ്പിക്കുന്ന ഗന്ധങ്ങളിൽ കുടുംബങ്ങൾ ശവപ്പെട്ടികൾ പോലെ കിടന്നു. ശവപ്പെട്ടികളിൽ അവിടവിടെ വവ്വാലുകളെ പോലെ തൂങ്ങിക്കിടന്ന, വലുതും ചെറുതുമായ വ്യത്യസ്തങ്ങളായ അഴുക്കുപുരണ്ട മുഖംമൂടികൾ പ്രേതങ്ങളെ പോലെ, അകത്തളങ്ങളിലെ തടങ്കലിലാക്കപ്പെട്ട കാറ്റിലിളകിക്കൊണ്ടിരുന്നു. ലോക കോവിഡ് റിപ്പബ്ലിക്കിൽ കുടുംബങ്ങൾ ശവക്കച്ചകൾ ചുറ്റി മരണം കാത്തുകിടന്നു.

ഇത്തരത്തിൽ ബോധാബോധ മനോതലങ്ങളെ നഷ്ടപ്പെട്ട വ്യക്തിയും കുടുംബവും കൂടിച്ചേരാത്ത നിർജ്ജീവങ്ങളായ ആളുകൾ, ആറടി അകലത്തിൽ തീർത്ത സഞ്ചാര പഥങ്ങളുടെ സമൂഹയൂഥമാണ് (Social System) ലോക കോവിഡ് റിപ്പബ്ലിക്കൻ ജനപഥം. ഈ സമൂഹയൂഥത്തിന്റെ സഞ്ചാരപഥം, കോവിഡ് റിപ്പബ്ലിക്ക് തലവനായ കോവിഡ്-19 ഏഴാമന്റെ നിരീക്ഷണ വലയത്തിലാണ്. യാതൊരുവിധ ഗുരുത്വാകർഷണ നിയമങ്ങ ൾക്കും വിധേയമല്ലാത്ത ഈ സമൂഹയൂഥം അനന്തമായി കറങ്ങുകയാണ്. ഈ സമൂഹയൂഥത്തിൽ നിന്ന് എപ്പോഴൊക്കെയോ കൊഴിഞ്ഞുവീഴുന്നവരെ, ഇനിയും മരിച്ചിട്ടില്ലാത്ത മരണാണുക്കൾക്ക് പുറത്തുകടക്കാനാവാത്ത വിധ മുള്ള അഗാധഗർത്തങ്ങളിൽ സംസ്‌കരിക്കപ്പെടുന്നു. ഇങ്ങനെ കൊഴിഞ്ഞുവീഴുന്നവർക്ക് ശവഘോഷയാത്രകളില്ല. ഉറ്റവരുടേയും ഉടയവരുടേയും ബാഷ്പാഞ്ജലികളുണ്ടാവില്ല. ശാന്തികർമ്മങ്ങളുണ്ടാവില്ല. ശേഷക്രിയകളുണ്ടാവില്ല. ഇവർക്ക് ശ്രാദ്ധങ്ങളുമുണ്ടാവില്ല. അവരെല്ലാം തന്നെ ACov (After Covid-19) കാലഘട്ടങ്ങളിൽ എവിടേയോ കുറിച്ചിടുന്ന ചരിത്രത്തിന്റെ കണക്കുപുസ്തകത്തിലെ തിട്ടപ്പെടുത്താനാവാത്ത വിസ്മൃതരായവരുടെ കണക്കിന്റെ അദൃശ്യ ഭാഗമാവുന്നു. അവരുടെ നീക്കിയിരിപ്പാവുന്ന ഭൗതിക-പ്രകൃതി വിഭവങ്ങൾ ലോക കോവിഡ് റിപ്പബ്ലിക്കിലേക്ക് മുതൽകൂട്ടുന്നു. കാലാന്തരത്തിൽ ഈ സമൂഹയൂഥത്തിന്റെ സഞ്ചാരപഥങ്ങൾ നാമാവശേഷമാവുകയോ സമൂഹയൂഥത്തിൽ (Social System) പുത്തൻ സമൂഹഗ്രഹങ്ങൾ (Social Planets) പുനസൃഷ്ടിക്കപ്പെടുകയോ ചെയ്‌തേക്കാം. അങ്ങനെ ലോക കോവിഡ് റിപ്പബ്ലിക്കിന്റെ സമൂഹയൂഥം (Social System) ഗുരുത്വാകർഷണ നിയമങ്ങളൊക്കെ ലംഘിച്ചു കൊണ്ട് അനന്തമായി കറങ്ങിക്കൊണ്ടേയിരിക്കാം.

(തുടരും)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP