Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രണ്ട് കുടുംബങ്ങൾക്ക് ഒരുമിച്ച് താമസിക്കാൻ ഉതകുന്ന വീടായിരിക്കണം; വയനാട്ടിൽ നിന്നും ഗൾഫിലെത്തി വിയർപ്പൊഴുക്കി സ്വന്തം ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയ തന്റെ ജീവിതത്തിന്റെ അടയാളമാകണം; നാടിന് ഒരു ദുരന്തം വന്നാൽ നാട്ടുകാർക്കും പാർക്കാനാകണം എന്നു പറഞ്ഞതും തന്നെ ഞെട്ടിച്ചു; അത് ഭംഗിവാക്കല്ലെന്ന് തിരിച്ചറിഞ്ഞത് പ്രളയകാലത്ത്; ആഡംബര വീടിന് അപ്പുറം പാവപ്പെട്ടവർക്ക് ആശാകേന്ദ്രം കൂടിയായി മാറിയിരുന്നു ആ വീട്; അറയ്ക്കൽ പാലസ് പണിയുമ്പോൾ ജോയി ഡിസൈനറോട് പറഞ്ഞത് ഇങ്ങനെ

രണ്ട് കുടുംബങ്ങൾക്ക് ഒരുമിച്ച് താമസിക്കാൻ ഉതകുന്ന വീടായിരിക്കണം; വയനാട്ടിൽ നിന്നും ഗൾഫിലെത്തി വിയർപ്പൊഴുക്കി സ്വന്തം ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയ തന്റെ ജീവിതത്തിന്റെ അടയാളമാകണം; നാടിന് ഒരു ദുരന്തം വന്നാൽ നാട്ടുകാർക്കും പാർക്കാനാകണം എന്നു പറഞ്ഞതും തന്നെ ഞെട്ടിച്ചു; അത് ഭംഗിവാക്കല്ലെന്ന് തിരിച്ചറിഞ്ഞത് പ്രളയകാലത്ത്; ആഡംബര വീടിന് അപ്പുറം പാവപ്പെട്ടവർക്ക് ആശാകേന്ദ്രം കൂടിയായി മാറിയിരുന്നു ആ വീട്; അറയ്ക്കൽ പാലസ് പണിയുമ്പോൾ ജോയി ഡിസൈനറോട് പറഞ്ഞത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: അറയ്ക്കൽ ജോയി എന്ന പ്രവാസി വ്യവസായിയുടെ ആത്മഹത്യയെ കുറിച്ചുള്ള ദുരൂഹകൾ ഇനിയും കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ ആത്മഹത്യയ്ക്ക് വഴിവെച്ചത് പ്രൊജക്ട് ഡയറക്ടറുടെ ചതിയാണെന്ന ആക്ഷേപവും ഉയർന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതിയും നൽകിയിരിക്കയാണ് വീട്ടുകാർ. അതേസമയം അറയ്ക്കൽ ജോയിയുടെ ഓർമ്മകളിലാണ് നാടും നാട്ടാരും ഇപ്പോഴും. എല്ലാവർക്കും സഹായങ്ങൾ ചെയ്തിരുന്ന ജോയിയേട്ടനായിരുന്നു അദ്ദേഹം. ജോയി പണിത അറയ്ക്കൽ പാലസ് കേരളത്തിലെ തന്നെ ഏറ്റവും വലിയ വസതികളിൽ ഒന്നായിരുന്നു. ജോയി അറയ്ക്കൽ ഇനിയില്ലെന്നെന്ന് അറയ്ക്കൽ കൊട്ടാരം ഡിസൈൻ ചെയ്ത ജാബിർ ബിൻ അഹമ്മദ് എന്ന കോഴിക്കോട്ടുകാരനും വിശ്വസിക്കാൻ സാധിക്കുന്നില്ല. അകാലത്തിൽ പൊലിഞ്ഞ ആ മനുഷ്യന്റെ ഓർമ്മകളിൽ നൊമ്പരപ്പെടുകയാണ് ജാബിറും.

തനിക്ക് ജ്യേഷ്ഠസഹോദരനെ പോലെയായിരുന്നു അറയ്ക്കൽ ജോയി എന്നാണ് ജാബിർ മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്. അടിമുടി ജെന്റിൽമാനായ അറയ്ക്കൽ ജോയിക്ക് വേണ്ടി വീടൊരുക്കേണ്ടി വന്നത് ഈശ്വര നിശ്ചയമാകാമെന്നും ജാബിർ പറയുന്നു. അറയ്ക്കൽ പാലസ് എന്ന വീട് ഒരുക്കാനുള്ള നിയോഗം ഈശ്വരനിശ്ചയം പോലെ എന്നെ തേടി വന്നത് ഇപ്പോഴും അദ്ഭുതമാണ്. വീടിന്റെ പ്രാഥമിക ചർച്ച നടന്നത് ദുബായിൽ വച്ചാണ്. 'എന്റെ കുടുംബം ഒരു കൂട്ടുകുടുംബവ്യവസ്ഥയിൽ നിലനിൽക്കുന്നതാണ്. അച്ഛൻ, അമ്മ, ഞാനും എന്റെ അനിയനും, ഞങ്ങൾ രണ്ടു പേരുടെ കുടുംബം.. എല്ലാവർക്കും ഒരുമിച്ച് താമസിക്കാൻ ഉതകുന്ന തരത്തിലുള്ള വീടായിരിക്കണം' എന്നാണ് ആദ്യം തന്നെ അദ്ദേഹം പറഞ്ഞത്.

ഡിസൈൻ ചെയ്തുവന്നപ്പോൾ കൊട്ടാരസദൃശ്യമായ ഭവനത്തിലേക്ക് ആണ് ഞങ്ങൾ എത്തിച്ചേർന്നത്. ആദ്യ രൂപകല്പന അദ്ദേഹത്തെ കാണിക്കാൻ ചെല്ലുമ്പോൾ അദ്ദേഹം എന്തുകരുതും എന്ന തെല്ലു ഭയം എനിക്ക് ഉണ്ടായിരുന്നു. എന്നാൽ ഡിസൈൻ കണ്ടശേഷം അദ്ദേഹത്തിനിഷ്ടമായി. വയനാട്ടിൽ നിന്നും ഗൾഫിലെത്തി വിയർപ്പൊഴുക്കി സ്വന്തം ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയ തന്റെ ജീവിതത്തിന്റെ അടയാളമാകണം വീട്. കൂടാതെ നിരവധി തൊഴിലാളികൾക്ക് ജോലി ലഭ്യമാവുകയും അവരുടെ കുടുംബങ്ങളുടെ അഭിവൃദ്ധിക്ക് കാരണമായി തീരുന്ന ധർമപ്രവൃത്തിയായാണ് അദ്ദേഹം വീടുപണിയെ കണ്ടത്.

ഒരുകാര്യം കൂടി അദ്ദേഹം പറഞ്ഞത് സത്യത്തിൽ എന്നെ ഞെട്ടിച്ചത്. അദ്ദേഹം തുടർന്നു, എന്റെ നാടിന് എന്തെങ്കിലും ഒരു ദുരന്തം സംഭവിച്ചാൽ എന്റെ നാട്ടുകാർക്ക് ഒന്നിച്ചു കൂടാൻ കഴിയുന്ന ഒരിടമായിരിക്കണം എന്റെ വീട്. അതൊരു ഭംഗിവാചകമല്ലായിരുന്നു എന്നത് പിന്നീട് വന്ന പ്രളയത്തിൽ വയനാട് അനുഭവിച്ചറിഞ്ഞു. അറയ്ക്കൽ പാലസ് ഒരു ആഡംബരവീടിനപ്പുറം പാവപ്പെട്ടവർക്ക് ആശാകേന്ദ്രം കൂടി ആയിമാറുന്നത് ഒരു ജനതയ്ക്കും നാടിനും ഹൃദയത്തിൽ തൊട്ടറിയാൻ കഴിഞ്ഞു.

വീട് പൂർത്തിയായ സമയത്ത് ഒരുകൂട്ടം ആളുകൾ എന്തിനാണ് ഇത്ര വലിയ വീടിനായി പണം വാരിക്കോരി കളയുന്നത് എന്ന് സോഷ്യൽ മീഡിയയിലൂടെയും മറ്റും വിമർശിക്കുന്നത് കണ്ടു. പക്ഷേ അദ്ദേഹം വീടിനായി മുടക്കിയ പണം നിർമ്മാണമേഖലയിലെ എത്രായിരം പേരെയാണ് സഹായിച്ചത്. എത്ര കുടുംബങ്ങൾക്ക് ഈ വീട് കൊണ്ട് സന്തോഷമുണ്ടായി എന്ന് തിരിച്ചറിയണം. - ജാബിർ അഭിമുഖത്തിൽ പറഞ്ഞു.

തന്റെ ജീവിതത്തിലെ നേട്ടങ്ങളെ അടയാളപ്പെടുത്തുംവിധം സമാനതകൾ ഇല്ലാത്ത ഒരു നിർമ്മിതിയാകണം തന്റെ വീട് എന്നതായിരുന്നു ബിസിനസ്സുകാരനായ ജോയിയുടെ സ്വപ്നം. അതിന്റെ സാക്ഷാത്കാരമായിരുന്നു മാനന്തവാടിയിലെ അറയ്ക്കൽ പാലസ്. 45000 ചതുരശ്രയടിയിൽ ചതുരശ്രയടിയിൽ മാനം മുട്ടെ ഉയർന്ന് നിൽക്കുന്ന അറയ്ക്കൽ പാലസ് നിർമ്മാണസമയത്തുതന്നെ വാർത്തകളിൽ ഇടം നേടിയിരുന്നു. ധാരാളം അംഗങ്ങളുള്ള കുടുംബത്തിന് കൂട്ടുകുടുംബമായി ഒരു മേൽക്കൂരയ്ക്ക് കീഴിൽ താമസിക്കാൻ വേണ്ടികൂടിയാണ് ജോയ് വീട് വിശാലമായി ഒരുക്കിയത്. കൊളോണിയൽ ശൈലിയിലാണ് വീടിന്റെ രൂപകൽപന. റോഡുനിരപ്പിൽ നിന്നും ഉയർന്നു നിൽക്കുന്ന വിശാലമായ നാലേക്കറിലാണ് വീടും ലാൻഡ്‌സ്‌കേപ്പും ഒരുക്കിയത്. 2018 ഡിസംബർ 29നാണ് ജോയിയും സഹോദരൻ ജോണിയും കുടുംബസമേതം താമസം മാറ്റിയത്.

പുറമേ നിന്നുള്ള കാഴ്ചകളിൽ നിന്നു തന്നെ ഈ വീടിന്റെ രൂപഭംഗി വ്യക്തമാണ്. റോഡുനിരപ്പിൽ നിന്നും ഉയർന്നു നിൽക്കുന്ന വിശാലമായ നാലേക്കറിലാണ് വീടും ലാൻഡ്‌സ്‌കേപ്പും ഒരുക്കിയത്.പ്രധാനവാതിൽ തുറന്നകത്തേക്ക് കയറുമ്പോൾ തന്നെ പേര് അനശ്വരമാക്കുന്ന കാഴ്ചയാണ് അറയ്ക്കൽ പാലസ് സമ്മാനിക്കുക. മൂന്നിരട്ടി ഉയരമുള്ള മേൽക്കൂരയിലാണ് അകത്തളങ്ങൾ ഒരുക്കിയത്. 26 മീറ്റർ നീളമുണ്ട് പ്രധാന ഹാളിന്. ഇതിനെ താങ്ങിനിർത്തുന്നത് ഇറക്കുമതി ചെയ്ത മാർബിൾ പൊതിഞ്ഞ നീളൻതൂണുകളും. മുന്തിയ ഇറ്റാലിയൻ മാർബിളിന്റെ പ്രൗഢിയാണ് നിലത്ത് വിരിയുന്നത്. കുടുംബത്തിലെ അംഗങ്ങൾക്കെല്ലാം ഒത്തുകൂടാനുള്ള ഇടങ്ങളെല്ലാം വേണ്ടുവോളം ഒരുക്കിയിട്ടുണ്ട് ഈ അകത്തളത്തിൽ.

താഴത്തെ നിലയിൽ മൂന്നും മുകളിലത്തെ നിലയിൽ അഞ്ചും കിടപ്പുമുറികളാണ് ഈ വീട്ടിലുള്ളത്. വീട് എന്ന വാക്കിൽ അറയ്ക്കൽ പാലസിനെ ഒതുക്കാനാവാത്തതും അതുകൊണ്ട് കൂടിയാണ്. വീടെന്ന ഭാവനയ്ക്ക് പുതിയ തലം സമ്മാനിക്കുകയാണ് വയനാടിന്റെ മണ്ണിൽ ഈ അദ്ഭുതകൊട്ടാരം. കഴിഞ്ഞ പ്രളയവും ഉരുൾപൊട്ടലും ഏറ്റവുമധികം നാശം വിളിച്ച വയനാട്ടിലെ ദുരിതബാധിതർക്കായി അറയ്ക്കൽ പാലസിന്റെ വാതിലുകൾ ജോയ് തുറന്നിട്ടിരുന്നു. അതുകൂടാതെ കോടിക്കണക്കിനു രൂപയുടെ സഹായമാണ് ജോയ് കയ്യയച്ചു നാടിനു നൽകിയത്. ഗൃഹനാഥനായ ജോയ് കടന്നുപോകുന്നുവെങ്കിലും അദ്ദേഹത്തിന്റെ ജീവിതവിജയത്തിന്റെ അടയാളമായി അറയ്ക്കൽ പാലസ് ഇനിയും നിലകൊള്ളുമെന്നാണ് നാട്ടുകാർ കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP