Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202205Wednesday

ടാർസന്റെ പെണ്ണായവൾ മരമുകളിലെത്തി; ലണ്ടനിൽ പുലിവേഷത്തിൽ നടത്തിയ ഫോട്ടോ ഷൂട്ടും വീഡിയോയും ശ്രദ്ധ നേടുമ്പോൾ താരമാവുന്നത് തലശ്ശേരിക്കാരി; സഞ്ജുന മഡോണക്കണ്ടി ഫാഷൻ വേദികളിൽ ചുവടുറപ്പിക്കുമ്പോൾ

ടാർസന്റെ പെണ്ണായവൾ മരമുകളിലെത്തി; ലണ്ടനിൽ പുലിവേഷത്തിൽ നടത്തിയ ഫോട്ടോ ഷൂട്ടും വീഡിയോയും ശ്രദ്ധ നേടുമ്പോൾ താരമാവുന്നത് തലശ്ശേരിക്കാരി; സഞ്ജുന മഡോണക്കണ്ടി ഫാഷൻ വേദികളിൽ ചുവടുറപ്പിക്കുമ്പോൾ

പ്രത്യേക ലേഖകൻ

ലണ്ടൻ: ടാർസൺ, കാലങ്ങളായി ലോകമെങ്ങും പൗരുഷത്തിന്റെ പ്രതീകമായി നിറയുന്ന കാട്ടുയൗവ്വനമാണ്. അവനെ മെരുക്കാൻ മനുഷ്യൻ കരുത്തും ആയുധവും ഒക്കെ ഉപയോഗിച്ച് നോക്കിയിട്ടുണ്ടെങ്കിലും അവൻ കീഴടങ്ങിയത് പലപ്പോഴും പെണ്ണിന്റെ മുന്നിൽ മാത്രമാണ്. കരുത്തനായ അവനെ കീഴടക്കാൻ എത്തുന്നതും കാനന വശ്യത നിറയുന്ന പെൺ സൗന്ദര്യമായിരിക്കും. കഥയിലും നോവലിലും സിനിമയിലും ഒക്കെ നിറഞ്ഞു നിൽക്കുന്ന ടാർസൺ എന്ന മിത്തിനു കാലങ്ങൾ ഏറെ കഴിഞ്ഞിട്ടും ആരാധകർ ഏറെയാണ്.

അവൻ യഥാർത്ഥ പുരുഷ പ്രതീകമായി പലരും ഇന്നും മനസ്സിലിട്ടു ആരാധിക്കുന്നു. ടാർസൺ ലോക പ്രസിദ്ധമായപ്പോഴും അവനൊപ്പം എത്തിയ പെൺസൗന്ദര്യം പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ട്. എന്നാൽ അടുത്തിടെ ലണ്ടനിൽ ഈ പ്രമേയം അടിസ്ഥാനമാക്കി നടന്ന വീഡിയോ, ഫോട്ടോ ഷൂട്ടിൽ ടാർസനേക്കാൾ കരുത്തുറ്റ സാന്നിധ്യമായി നിറയുന്നത് മലയാളി ഫാഷൻ മോഡലായ സഞ്ജുന മഡോണക്കണ്ടി ആണെന്നതും തികച്ചും യുകെ മലയാളികൾക്കും കൗതുകമായി മാറുന്നു.

യുകെയിൽ വിദ്യാർത്ഥിനി ആയെത്തി ഫാഷൻ, മോഡലിങ് രംഗത്ത് ചുവടുറപ്പിച്ച തലശ്ശേരിക്കാരിയാണ് സഞ്ജുന. ഇതിനകം ലണ്ടനിലെ പ്രശസ്തമായ പല വേദികളിലും സഞ്ജുന സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ബ്രൂൺഗ്രാഫ് എന്ന പ്രൊഡക്ഷൻ ബാനറിനു വേണ്ടി കാട്ടുമൃഗങ്ങളുടെ സംരക്ഷണം അടിസ്ഥാനപ്പെടുത്തി ഒരു ബോധവത്കരണ, പ്രചാരണ വിഡിയോ, ഫോട്ടോഷൂട്ടിനു വേണ്ടിയാണു സഞ്ജുന ചീറ്റപ്പുലിത്തോൽ അണിഞ്ഞു കാട്ടുപെണ്ണിന്റെ രൂപത്തിൽ മരം കയറിയത്. ലണ്ടനിലെ അതിമനോഹരമായ ലൊക്കേഷനിൽ ഉൽക്കാടിന്റെ മനോഹാരിത തോന്നിപ്പിക്കുന്ന പശ്ചാത്തലമാണ് സംജുനയും ടാർസണായി ഒപ്പം എത്തിയ ഇറ്റാലിയൻ മോഡൽ ഡിമിട്രിയസ് ജോഹാൻസണും വേഷമിട്ടിരിക്കുന്നത്.

വലിയ മരത്തിൽ അള്ളിപ്പിടിച്ചു കയറിയത് ഒക്കെ രസകരമായ അനുഭവം ആയിരുന്നു എന്നാണ് സഞ്ജുന പിന്നീട് പ്രതികരിച്ചത്. ചെറിയൊരു ടീമിന് വേണ്ടിയുള്ള പ്രൊഡക്ഷൻ ആയിരുന്നെങ്കിലും വലിയ സന്തോഷമാണ് ഈ വീഡിയോ ചിത്രീകരണം നൽകിയതെന്നും സഞ്ജുന വ്യക്തമാക്കുന്നു. സ്ത്രീ സൗന്ദര്യവും കരുത്തും പ്രകടിപ്പിക്കുന്ന ഫാഷൻ റാമ്പിനു പുറമേക്ക് അതേ ചിന്തയോടെ പ്രകൃതി സംരക്ഷണത്തിനും വന്യ ജീവികൾക്കും മൃഗങ്ങൾക്കും ഒക്കെ വേണ്ടി സമൂഹ മനസുണർത്താൻ കഴിയുക എന്നത് വലിയ ദൗത്യമായി ഇക്കാലത്തു മാറുകയാണ് എന്നും സഞ്ജുന കൂട്ടിച്ചേർക്കുന്നു. മൃഗങ്ങളെയും മറ്റും സൗന്ദര്യ വസ്തു നിർമ്മാണത്തിനും തുകൽ എടുത്തു വസ്ത്രത്തിനും മറ്റും വേണ്ടി ഉപായോഗിക്കുന്നതിനെതിരെയും ശബ്ദിക്കാൻ ഫാഷൻ, മോഡലിങ് ലോകം കൂടി മുന്നോട്ടു വരുന്നതിന്റെ സൂചനയാണ് ഇത്തരം ബോധവത്കരണ ശ്രമങ്ങൾ എന്നും ഈ തലശ്ശേരിക്കാരിയായ യുവതി കൂട്ടിച്ചേർക്കുന്നു.

ലണ്ടനിൽ പ്രസിദ്ധീകരിക്കുന്ന ഒട്ടേറെ ഫാഷൻ മാഗസിനിലും പ്രസിദ്ധീകരണങ്ങളിലും സഞ്ജുനയുടെ വിശേഷങ്ങൾ എത്തിക്കഴിഞ്ഞു. ഒരു പ്രധാന മോഡലിങ് ഏജൻസിയിൽ ആർടിസ്റ്റ് ആയി രജിസ്റ്റർ ചെയ്തിട്ടുള്ള സഞ്ജുനയെ തേടി നിറയെ അവസരങ്ങൾ എത്തുന്നുമുണ്ട്. അഭിനയമല്ല തന്റെ കർമ്മ രംഗം എന്ന് തിരിച്ചറിഞ്ഞു ഫാഷൻ, മോഡലിങ് രംഗത്ത് സജീവമായ ശ്രദ്ധ നൽകുകയാണ് ഈ മലബാർ യുവതി.

പഠിക്കാൻ എത്തിയ ശേഷവും സ്വന്തം കാലിൽ നിൽക്കാൻ ലണ്ടനിലെ അവസരങ്ങൾ സ്വയം കയ്യെത്തിപ്പിടിക്കുക ആയിരുന്നു സഞ്ജുന. ഡിസൈനർ ലൈനുകളുടെയും ചില ബ്രാൻഡുകളുടെയും ഒക്കെ പേരിലാണ് സഞ്ജുന ഇപ്പോൾ ശ്രദ്ധിക്കപ്പെട്ടതും ഒരു പ്രധാന ഫാഷൻ കമ്പനിയുടെ ക്രീയേറ്റീവ് ഡയറക്ര് ആയി പ്രവർത്തിക്കുന്ന സഞ്ജുന സ്വന്തമായ ഒരു ബ്രാൻഡ് നിർമ്മിക്കുന്നതിന്റെ തിരക്കിലുമാണ്.

ഒരു മോഡലിന് ആവശ്യമായ മുഴുവൻ രൂപഭാവവും ഒത്തിണങ്ങിയതാണ് സഞ്ജുനയെ ഫാഷൻ വേദികളിൽ ഇപ്പോൾ ശ്രദ്ധിക്കപ്പെടാൻ ഇടയാക്കുന്നത്. നിമിഷ വേഗത്തിൽ റഷ്യനോ, ഇറ്റാലിയനോ മറ്റു യൂറോപ്യൻ ഭാവത്തിലോ ഒക്കെ പ്രത്യക്ഷപ്പെടാൻ സഞ്ജുനയ്ക്കു കഴിയും. മലയാളിയാണോ എന്ന് ഇരുവട്ടം ചോദിക്കേണ്ട മട്ടിൽ രൂപമാറ്റം വരുത്താൻ കഴിയുന്ന സൗന്ദര്യമാണ് സഞ്ജുനയെ വേറിട്ട് നിർത്തുന്ന ഘടകം.

തനി നാടൻ പെണ്ണായി ഒരുങ്ങി നിൽക്കാനൊന്നും തന്നെ കിട്ടില്ലെന്നാണ് രൂപ ഭാവങ്ങളിൽ സഞ്ജുന തെളിയിക്കുന്നതും. കണ്ണിൽ കനവും നാണവും കലർത്തി നിൽക്കുന്ന മലയാളി സൗന്ദര്യ സങ്കലപ്പത്തിലല്ല ആധുനിക ഫാഷൻ ലോകം സഞ്ചരിക്കുന്നതെന്നു നന്നായി അറിയാവുന്ന പെൺകുട്ടിയുമാണ് സഞ്ജുന. ഇതൊക്കെയാകാം ലണ്ടനിലെ ഫാഷൻ പ്രസിദ്ധീകരണങ്ങൾ സഞ്ജുനയെ ഹൈ ഫാഷൻ മോഡൽ ഗേൾ എന്ന് വിശേഷിപ്പിക്കാനും കാരണം.

അടുത്തിടെ റോയൽ മറീനുകളുടെ മൗണ്ട്ബാറ്റൺ മ്യൂസിക് ഫെസ്റ്റിവൽ വേദിയിൽ പ്രത്യേക അതിഥിയായെത്താനും സഞ്ജുനയ്ക്ക് അവസരം ലഭിച്ചിരുന്നു. തങ്ങളുടെ സുവർണ ജൂബിലി ആഘോഷത്തിലേക്കാണ് മറീനുകൾ സഞ്ജുനയെ ക്ഷണിച്ചത് എന്നതും പ്രത്യേകതയായി. ഇന്ത്യൻ പ്രിൻസസ് എന്ന വിശേഷണത്തോടെയാണ് അന്ന് മാധ്യമങ്ങൾ ഈ സാന്നിധ്യത്തെ വിശേഷിപ്പിച്ചത്. ചടങ്ങിൽ ജീവകാരുണ്യ പ്രവർത്തനത്തിനുള്ള ഫണ്ട് റൈസിങ് ഇവന്റുമായി ബന്ധപ്പെട്ടാണ് ഇന്ത്യൻ സൗന്ദര്യത്തെ ചടങ്ങിൽ മറീനുകൾ എതിരേറ്റത്.

യുകെയിലെ പ്രതിരോധ രംഗത്തെ ശക്തി ദുർഗങ്ങളായ റോയൽ മറീനുകൾ തങ്ങളുടെ കരുത്തിനൊപ്പം സംഗീതവും സൗന്ദര്യവും ഒക്കെ നെഞ്ചോട് ചേർത്ത് പിടിക്കുന്നവർ ആണെന്ന് തെളിയിക്കുക കൂടിയാണ് ഈ സംഗീത വിരുന്നിലൂടെ ലക്ഷ്യമിടുന്നത്. അതുവഴി ലോകത്തിനു ജീവകാരുണ്യത്തിന്റെ സന്ദേശം എത്തിക്കുക എന്നതും പ്രധാന ലക്ഷ്യമാണ്. സ്‌കൂളിൽ പഠിച്ചിരുന്ന കാലത്തു ഭാരത് സ്‌കോട് ആൻഡ് ഗൈഡ് വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന ഓർമ്മകളാണ് സഞ്ജുന മാറിനകളുടെ വേദിയിൽ ഓർമ്മിച്ചെടുത്തത്. മുൻപും ലണ്ടനിൽ നടന്ന നിരവധി സൈനിക ചടങ്ങുകളിൽ പ്രത്യേക അതിഥിയായി എത്താൻ സഞ്ജുനയ്ക്കു ഭാഗ്യം ലഭിച്ചിട്ടുണ്ട്.

ഫാഷനും മോഡലിംഗിനും റാമ്പിനു പുറത്തും അനവധി അവസരങ്ങളുണ്ട് എന്ന് കൂടി തെളിയിക്കുകയാണ് സഞ്ജുന തന്റെ വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ. വെറും കൗതുകത്തിനോ ശ്രദ്ധ ലഭിക്കുന്നതിനോ വേണ്ടിയല്ല പുതുലോകത്തു ഫാഷനും മോഡലിംഗും എന്നതിന്റെ നേർ ഉദാഹരണം കൂടിയായി മാറുകയാണ് മലയാളിയായ സഞ്ജുന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP