Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഞാനും നീയും അഥവാ ദാമ്പത്യത്തിലെ താളപ്പിഴവുകൾ

ഞാനും നീയും അഥവാ ദാമ്പത്യത്തിലെ താളപ്പിഴവുകൾ

നുഷ്യൻ എത്ര മനോഹരപദം. എത്രയോ മുന്നേ കേട്ടറിഞ്ഞിട്ടുള്ള ഒരു പ്രയോഗം. പദം മാത്രമല്ല മനുഷ്യൻ - സൃഷ്ടിയിൽ തന്നെ അതിസുന്ദരനല്ലേ - ആണ്. തന്റെ ഉയർച്ചയ്ക്കും താഴ്ചയ്ക്കും കാരണമായിട്ടുള്ള 'എല്ലില്ലാത്ത നാക്ക്' എന്ന വില്ലനെ വളഞ്ഞ് ഒരു ബലത്ത കോട്ടപോലെ തടഞ്ഞിരിക്കുന്ന പല്ലുകളുടെ നിര - ചുണ്ട് ഒന്ന് വക്രിച്ച് താടിയെല്ലിന് അൽപ്പം സ്ഥാനചലനം വരുത്തി പല്ലു മുഴുവൻ പുറത്തുകാട്ടി ഒന്ന് പുഞ്ചിരിക്കുമ്പോൾ - വായ് മൊത്തം തുറന്ന് ശബ്ദം പുറപ്പെടുവിച്ച് ആർത്ത് ചിരിക്കുമ്പോൾ....അട്ടഹസിക്കുമ്പോൾ അവൻ എത്ര സുന്ദരൻ....അവൾ എത്ര സുന്ദരി.....

ജീവിതത്തിന്റെ താളപ്പിഴ....ദാമ്പത്യത്തിലെ ബാഹ്യ ഇടപെടൽ ആദ്യ സന്ദർഭം. ആദാമിൽ നിന്നും ഹവ്വയിൽ നിന്നും തുടങ്ങുന്നു സാത്താന്റെ ഇടപെടൽ. അതേ അങ്ങനെയാണ് വിലക്കപ്പെട്ട കനി ഭക്ഷിച്ചുകൊണ്ട് സ്ത്രീ അവളിലൂടെ പിറവിയുടെ നോവ് ഏറ്റുവാങ്ങിയത്. ഇത് ബൈബിൾ കഥ.

എന്തായാലും ബാഹ്യ ഇടപെടലുകൾ സ്വച്ഛന്ദമായ ജീവിതത്തിന്റെ ഒഴുക്കിനെ വഴികളിൽ തടസ്സം സൃഷ്ടിക്കുന്നു.

ശ്രീനാരായണഗുരു പ്രായോഗികതലത്തിൽ ദാർശനിക വഴികളിലൂടെ അന്നത്തെ സമൂഹത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കും അനീതികൾക്കും എതിരായി പടപൊരുതുവാൻ ഇറങ്ങി പുറപ്പെട്ടയാളാണ്. ഇടയ്ക്ക് അദ്ദേഹത്തിന്റെ മാർഗ്ഗത്തിലും വിവാഹം തടസ്സമായി മാറി. ഗുരുവിനുവേണ്ടി സഹോദരിയാണ് 'കാളിയമ്മ' എന്ന വധുവിനെ താലികെട്ടി ചെമ്പഴന്തി വയൽവാരം വീട്ടിൽ കൊണ്ടു വന്നത്. അതോടെ അദ്ദേഹം വീടുവിട്ടിറങ്ങി. പിന്നീട് ദേശസഞ്ചാരത്തിലും ആദ്ധ്യാത്മിക സാധനകളിലും മുഴുകുന്ന സന്യാസവര്യനായി തീർന്നു ആ മഹത് ജീവിതം.

ആംഗലേയ സാഹിത്യത്തിലെ മുടിചൂടാമന്നനായിരുന്നു വില്യം ഷേക്‌സിപിയർ. അദ്ദേഹത്തിന്റെ വിശ്വപ്രസിദ്ധമായ - 'ഒഥല്ലോ' എന്ന ദൃശ്യകാവ്യത്തിൽ - നായകൻ ഒഥല്ലോയുടെയും നായിക ഡെസ്റ്റിമോണയുടെയും ദാമ്പത്യത്തിൽ ബാഹ്യ ഇടപെടലുകൾ നടത്തിയ ക്യാഷ്യോ എന്ന സുഹൃത്തിലൂടെ അനശ്വര പ്രണയത്തിന്റെ വക്താക്കളെ ദുരന്തകഥയിലെ നായികയും നായകനുമാക്കി മാറ്റിയിരിക്കുന്നു.

രാമായണകഥയിൽ രാമന്റെ അയനത്തിന് കാരണമായി ഭവിക്കുന്ന മന്ഥരയുടെ ദുഷ്ടബുദ്ധി ദശരഥ മഹാരാജാവുൾപ്പെടെ ഒട്ടനവധി ദമ്പതികളുടെ ദാമ്പത്യജീവിതം തകിടം മറിക്കുന്നു. രാമനും സീതയും, ലക്ഷ്മണനും ഊർമ്മിളയും സീതയുടെ അപഹരണത്തോടെ രാവണന്റെയും മണ്ഡോദരിയുടെയും ജീവിതം തഥൈവ.

ശാകുന്തളത്തിൽ ശകുന്തളയുടെയും ദുഷ്യന്തന്റെയും പ്രേമനാടകത്തിനിടയിൽ ദുർവ്വാസാവു മഹർഷിയുടെ ഇടപെടൽ ദീർഘകാലം വിരഹവേദന അനുഭവിക്കുവാൻ ശകുന്തളയ്ക്ക് ഇടയാക്കി.

ചുരുക്കത്തിൽ ബാഹ്യ ഇടപെടലുകൾ അനർഗളമായി ഒഴുകുന്ന അരുവിപോലെ നീങ്ങുന്ന ദാമ്പത്യജീവിതത്തിൽ താളക്കേടുകൾക്ക് അവസരം കൊടുക്കുന്നു. അതുപിന്നെ വഴിമാറി - പിഴച്ചുപോകുവാൻ ഇടവരുത്തുന്നു.

ത്സാൻസിയിലെ രാജാവ് ഗംഗാധർ റാവുവിന്റെ ഭാര്യ മരണപ്പെട്ടപ്പോൾ അൽപ്പകാലത്തിനുള്ളിൽ കൊട്ടാരത്തിലെ ജ്യോതിഷ പണ്ഡിതനായിരുന്ന ദീക്ഷിതശാസ്ത്രി ഇടപെട്ടാണ് മനു കർണ്ണകി എന്ന ബാലികയെ രാജാവിന്റെ വധുവായും തുടർന്ന് റാണിയായും ജീവിതത്തിലേക്ക് വഴി തിരിച്ചു വിട്ടത്.

മഹാത്മാഗാന്ധിയുടെ ഇടപെടലുകളിലൂടെയാണ് ഇന്ദിര ഫിറോസിന്റെ ജീവിതത്തിൽ എത്തപ്പെട്ടതും പിന്നീട് ഇന്ത്യാ മഹാരാജ്യം കണ്ട പ്രഗത്ഭമതിയായ പ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധി ജീവിച്ചു വീരമൃത്യു വരിച്ചതും.

മഹാഭാരതകഥയിൽ കൃഷ്ണന്റെ ഇടപെടലുകൾ ഒന്നുകൊണ്ടു മാത്രമാണ് അർജ്ജുനന്റെ വധുമായി സുഭദ്ര മാറിയതും വില്ലാളിവീരന് അനുരൂപനായ മകൻ അഭിമന്യുവിന് ജന്മം നൽകിയതും.

ഗൗതമബുദ്ധന്റെ കൊട്ടാരജീവിതത്തിനും ദാമ്പത്യത്തിനും മാറ്റം വരുത്തിയ ഇടപെടലുകൾ തന്റെ മുന്നിൽ അനുദിനം പരാതികളുമായി വന്നിരുന്ന പ്രജകളിൽ നിന്നുമായിരുന്നുവല്ലോ -

പറയുവാനേറെയുണ്ട് ഇത്തരം കഥകളെങ്കിലും കേരളക്കരയുടെ അന്തരീക്ഷത്തിൽ വൈവാഹിക രംഗത്തെ താളപ്പിഴകളിൽ ചിലത് ചുരുക്കിപ്പറയാം -

അതിപുരാതനകാലത്ത് സവർണ്ണാധിപത്യം പുലർത്തിയിരുന്ന സന്ദർഭങ്ങളിൽ ബ്രാഹ്മണാദികൾ രാജപ്രഭുക്കന്മാർ പലരും കീഴ്ജാതിക്കാരായ നായർ സ്ത്രീകളെ പുടവ കൊടുത്ത് അകത്തമ്മമാരായും അച്ചിമാരായും വാഴ്‌വ് നൽകിയിരുന്നു. തിരുവിതാംകൂറിൽ പിന്നീട് അത്തരം വീടുകൾ 'അമ്മവീടുകൾ' എന്ന നിലയിൽ അറിയപ്പെടുവാൻ തുടങ്ങി.

നായർ വിഭാഗങ്ങൾക്കിടയിൽ വസ്തുവകകൾ അന്യം നിന്നുപോകാതിരിക്കുവാനെന്ന പേരിൽ തുടങ്ങിയ ബഹു ഭർതൃത്വം വളരെക്കാലം നിലനിന്നിരുന്നു. ഇപ്പോഴും ചിലയിടങ്ങളിൽ തുടരുന്നുമുണ്ട്.

ബഹു ഭാര്യാത്വങ്ങളുടെ നീണ്ടഘോഷം നടന്നിട്ടുള്ളത് മുസ്ലിം മത വിഭാഗത്തിനിടയിലാണ്. അതിന്റെ ഏറ്റക്കുറച്ചിൽ ഇപ്പോഴും അനുഭവപ്പെട്ടു വരുന്നുമുണ്ട്. അക്ഷരാഭ്യാസത്തിന്റെ കുറവും മതപരമായ കെട്ടുപാടുകളുമാണ് ഈ ദുഃസ്ഥിതിയുടെ മട്ടു മാറുവാൻ ഇന്നും വൈമുഖ്യം കാട്ടുന്നത് എന്നു കരുതാം.

കേരളക്കരയിൽ നടമാടിയ ഉച്ചനീചത്വങ്ങളും സാമൂഹ്യ അനാചാരങ്ങളും പാടേ തുടച്ചുമാറ്റുവാൻ നവോത്ഥാന പ്രസ്ഥാനത്തിനും നേതാക്കൾക്കും കുറച്ചൊക്കെ കഴിഞ്ഞു എന്നത് സത്യമാണെങ്കിലും ആനുകാലിക കേരളത്തിന്റെ അന്തരീക്ഷത്തിൽ അവയൊക്കെ രൂപവും ഭാവവും മട്ടും മാതിരിയും മാറി രംഗത്ത് വരുന്നു. അവ തനത് രൂപങ്ങളിൽ നിലയുറപ്പിക്കുവാൻ കൊണ്ടുപിടിച്ച ശ്രമങ്ങളും നടന്നു വരുന്നു.

ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി രംഗത്ത് വന്ന നിഷ്‌കാമകർമ്മികളായ ഒരുപറ്റം നേതാക്കളുടെ വംശം കുറ്റി അറ്റ് പോയിരിക്കുന്നു. പിന്തുടർച്ചക്കാർ ദേശീയവും പ്രാദേശികവും മറന്ന് ധാർഷ്ട്യത്തിന്റെ ഭാഷയിലും വേഷത്തിലും അരങ്ങ് വാഴുന്നു. ഇത് തിരുത്തപ്പെടേണ്ടതും അടിയന്തിര ശുശ്രൂഷയോ ശസ്ത്രക്രിയകളോ അറുത്ത് മാറ്റലോ അവശ്യം വേണ്ടതുമാണ്.

ഏകലോക സിദ്ധാന്തവും വർദ്ധിച്ച രീതിയിലുള്ള ആധുനിക ശാസ്ത്ര സാങ്കേതിക പരിഞ്ജാനവും ഇടത്തരക്കാരന്റെയും സാധാരണക്കാരന്റെയും ജീവിതം വഴിമുട്ടി നിൽക്കുന്ന സ്ഥിതിവിശേഷം അനുദിനം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. ഇവിടെ ഒരുപറ്റം ത്യാഗധനന്മാരുടെ ഭാവനാ വിലാസവും അർപ്പണ ബോധവും മണ്ണും മനുഷ്യനും തമ്മിലുള്ള ഗാഢബന്ധവും ഊട്ടി ഉറപ്പിക്കുവാൻ വേണ്ടി വന്നിരിക്കുന്നു. രാഷ്ട്രീയ സാംസ്കാരിക മേഖലയിൽ ഒരു പുത്തൻ ഉണർവ്വ് വരുത്തേണ്ടിയിരിക്കുന്നു. ഒറ്റപ്പെട്ട മാതൃകകൾ നമ്മുടെ മുന്നിലുണ്ട്. പക്ഷേ അത് സാർവ്വത്രികമാകണം. ആശയവ്യക്തത സമ്പൂർണ്ണമാകണം. ഗുരുകുല വിദ്യാഭ്യാസം പോലെ രാജ്യത്തിന്റെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളെ അടിമുടി മലീമസമാക്കിയിരിക്കുന്ന ഉപരിവർഗ്ഗ ചിന്താഗതികളെ തച്ചുടയ്ക്കണം. ദേശീയമായ ഒരു ബദൽ പ്രക്രിയ സമാരംഭിക്കണം. പരിപാടികളുടെ അടിസ്ഥാനത്തിൽ വ്യക്തമായ കാഴ്ചപ്പാടിലൂടെ .......

പാരമ്പര്യത്തിന്റെ പകിട്ട്

യണിക്കാട്ടു വീട്ടിൽ രാജശേഖരൻ പിള്ള പട്ടാളത്തിലെ അച്ഛനായ കഥ; രത്‌നാകരൻപിള്ള കടയിലെ അച്ഛനും; ദാമോധരൻപിള്ള ആഫീസർ അച്ഛനായതും -

ഈ സംഭവത്തിന് 70 വർഷത്തെ പഴക്കമുണ്ട്. പഴമക്കാർക്ക് പറഞ്ഞ് ചിരിക്കുവാനും ആസ്വദിക്കുവാനുമുള്ള വക ഇതിലുണ്ട്.

കഥയല്ലിതു ജീവിതം.....

രാജശേഖരൻപിള്ളയ്ക്ക് വയസ്സ് 30, പണി പട്ടാളത്തിൽ. മൂത്ത അമ്മാവൻ നാരായണപിള്ള കൊണ്ടുപിടിച്ച് സംബന്ധ ആലോചനകൾ നടത്തി തരപ്പെടുത്തിയതാണ് തടിമിടുക്കും അംഗബലവും കരപ്രമാണിത്വവും ഒത്തുവന്ന ഭാനുമതിക്കുഞ്ഞമ്മയെ - അങ്ങ് പത്തനാപുരത്തു നിന്ന്. വയസ്സ് 19 നോട് അടുത്ത പ്രായം. ജാതകം ഒത്തുനോക്കലും കരപ്രമാണിമാർ ഒന്നിച്ചുള്ള പോക്കുവരവും ഒക്കെക്കഴിഞ്ഞ് ദേവീക്ഷേത്രത്തിൽ വച്ച് താലികെട്ട്. അന്നത്തെ കെങ്കേമൻ കല്യാണമായിരുന്നു അത്. എട്ട് കാറും ഒരു ബസ്സും ചെറുക്കൻ കൂട്ടരുടെ വരവറിയിച്ചു, ആ നാട്ടു പ്രദേശമാകെ.

കല്യാണപ്പിറ്റേന്ന് രാവിലെ - മൂത്ത അമ്മാവൻ കല്യാണപ്പെണ്ണിനെ അരികിൽ വിളിച്ച് ഒരുകൂട്ടം താക്കോൽ ഏൽപ്പിച്ചിട്ട് പറഞ്ഞു -

ഇനി ഒക്കെ നീയാണ് നോക്കീം കണ്ടും കാര്യങ്ങൾ നടത്തിച്ചെടുക്കാൻ. രാജന്റെ ഇളയത് രണ്ടുപേരാ. ഒരുത്തന് പലവ്യജ്ഞനക്കട. മറ്റവൻ താലൂക്ക് ആഫീസിൽ പാർവത്യയാർ. ഇക്കണ്ട കരപുരയിടവും 60 പറ നിലവും കന്നുകാലികളും - ഒക്കേലും നിന്റെ ഒരു കണ്ണ് വേണം. ഒരു തരത്തിലും ഇളയതും മൂത്തതും തമ്മിലൊരു കശപിശ ഉണ്ടാകരുത്. ബാക്കിയെല്ലാം മുകളിലിരിക്കുന്നവൻ തരും. രണ്ടു കൈയും നീട്ടി വാങ്ങിയാൽ മതി.

കല്യാണത്തലേന്നിന്റെ ഉറക്കക്ഷീണവും യാത്രയുടെ മടുപ്പും ഒട്ടു മാറിയില്ലെങ്കിലും അന്നുരാത്രി അമ്മാവിയോടൊപ്പം ഉറങ്ങിയെണീറ്റ ഭാനുമതി എല്ലാം തലകുലുക്കി സമ്മതിച്ചു.

അഞ്ചു രാവും പകലും അമ്മാവിയോടൊപ്പം കഴിഞ്ഞ് വീട്ടിലെ ചെറുതും വലുതുമായ കാര്യങ്ങൾ കണ്ടും കേട്ടും അറിഞ്ഞും മനസ്സിലാക്കിയിട്ടാണ് ഭർത്താവുമൊത്ത് ശയിക്കുവാൻ. അമ്മായി അറയുടെ വാതിൽ തുറന്ന് ഒരു ഗ്ലാസ്സ് കാച്ചിയ പാലുമായിട്ടാണ് ഭാനുമതിയെ ഭർത്താവ് രാജശേഖരന്റെ അടുത്തയ്ക്ക് കടത്തി വിട്ടത്.

പട്ടാളക്കാരനായതുകൊണ്ട് തന്നെ രാജശേഖരൻ പിള്ളയ്ക്ക് എല്ലാ കാര്യങ്ങൾക്കും ഒരു അടുക്കും ചിട്ടയും വേണ്ടുവോളം ഉണ്ടായിരുന്നു. നാണിച്ച് പാലുമായി തന്റെ കിടപ്പറയ്ക്കുള്ളിൽ വന്ന നവവധുവിനെ തോളിൽ കൈയിട്ട് ചേർത്ത് പിടിച്ചുകൊണ്ട് കട്ടിലിന്റെ ഓരത്ത് ഇരുത്തി. കൈയിൽ കരുതിയിരുന്ന പാൽ നിറച്ച ഗ്ലാസ്സ് സാവധാനം തന്റെ കൈയിൽ വാങ്ങി എന്നിട്ട് ചോദിച്ചു ഇത് നമ്മൾ രണ്ടാളും പകുത്ത് കുടിക്കണം അല്ലേ?

അതേന്നാണ് അമ്മായി പറഞ്ഞത്. ഓഹോ - ഇനി എല്ലാം നാം പകുത്ത് അനുഭവിക്കണമെന്നാണ് - സുഖവും ദുഃഖവും, സമ്പത്തും ദാരിദ്ര്യവും മനസ്സിലായോ - ഭാനുമതി തലയാട്ടി.

അവിടെ ആരംഭിച്ച ദാമ്പത്യം പിന്നീട് രണ്ട് അനുജന്മാരുമായും പങ്കുവച്ചു - ഒരേ സമയം മൂന്നാളുകളുടെ ഭാര്യയായി. സഹോദരങ്ങൾ തമ്മിൽ ഒരുവിധത്തിലുമുള്ള അലോരസം ഉണ്ടാക്കാതെ നീണ്ട 46 വർഷം കൊണ്ടു നടന്നവളാണ് ഭാനുമതി. അതിൽ മൂന്ന് ഭർത്താക്കന്മാരിലുമായി 7 മക്കൾ. 2 പെണ്ണും 5 ആണും.

മക്കൾക്ക് പട്ടാളത്തിലെ അച്ഛനായി രാജശേഖരൻ പിള്ളയും കടയിലെ അച്ഛനായി രത്‌നാകരൻ പിള്ളയും ആഫീസർ അച്ഛനായി ദാമോദരൻ പിള്ളയും മാറി.

മൂത്തമകൾ മായ രാജശേഖരൻ പിള്ളയുടെ തനി സ്വരൂപം തന്നെ. അങ്ങനെ തന്നെ വരണമല്ലോ. രണ്ടാമത്തവൻ വേണു, രത്‌നാകരൻ പിള്ളയുടെതും മൂന്നാമത്തവൻ ഗംഗാധരൻ ദാമോദരൻ പിള്ളയുടെതുമാണെന്ന് സംശയലേശമന്യേ ഭാനുമതി അഭിമാനപൂർവ്വം പറയുമായിരുന്നു. അത് ഓരോരുത്തരുടേയും ടേണിൽ സംഭവിച്ചായതിനാലാണ് ഇത്ര നിശ്ചയം. പിന്നീടുള്ള നാലുപേർ രമയും, ദിവാകരനും, അരവിന്ദും, സോമശേഖരനും.

എല്ലാപേർക്കും പ്രിയം കടയിലെ അച്ഛനെ. എന്നും വൈകുന്നേരം കട പൂട്ടി വരുമ്പോൾ മക്കൾക്ക് പ്രത്യേകമായി എന്തെങ്കിലും കരുതി വരിക രത്‌നാകരൻ പിള്ളയുടെ പതിവാണ്.

ഞായറാഴ്ചയും മിക്കവാറും അവധി ദിവസങ്ങളിലും കടയുടെ നടത്തിപ്പ് ദാമോദരൻ പിള്ള ഏറ്റെടുത്തിരുന്നു. ആ ദിവസങ്ങളിൽ പകൽ പറമ്പിലെ പണികൾക്ക് നേതൃത്വം കൊടുക്കുന്ന രത്‌നാകരൻ പിള്ളയ്ക്ക് കുളിക്കുവാനുള്ള വെള്ളം ചെമ്പുകലത്തിൽ ചൂടാക്കി ദേഹത്ത് തേയ്ക്കാനുള്ള എണ്ണയും കുഴമ്പും പ്രതേ്യകമായി കരുതി വെയ്ക്കുന്ന ജോലി ഭാനുമതി നേരിട്ട് ചെയ്യുക പതിവാണ്.

വൈകുന്നേരം അഞ്ചുമണിയോടെ കുളി കഴിഞ്ഞ് ഭസ്മക്കുറിയണിഞ്ഞ് സന്ധ്യാ വന്ദനത്തിന് പൂജാമുറിയിൽ കയറുന്ന മേപ്പടിയാൻ ഭാഗവത പാരായണത്തിന് ശേഷം ഉണ്ണാനിരിക്കുന്നു. പിന്നെ ഒന്ന് വെറ്റില മുറുക്കി ചെറു വർത്തമാനങ്ങളും പറഞ്ഞ് കുറച്ച് നേരം അകത്ത് മുറിയിൽ ഇരിക്കും. ഈ സമയംകൊണ്ട് കുഞ്ഞുങ്ങൾക്ക് അത്താഴം വിളമ്പി അനുജന് ചോറു വിളമ്പി ഒന്ന് മേൽ കഴുകി വസ്ത്രം മാറ്റിയുടുത്ത് അറയിലെ വിളക്കും തെളിച്ച് ചന്ദനത്തിരി കൊളുത്തി വച്ചു കഴിഞ്ഞായിരിക്കും ഭാനുമതിയുടെ അത്താഴം. പണിക്കാർക്കുള്ളത് അവരും കഴിച്ചു കഴിഞ്ഞ് അടുക്കള വാതിൽ പൂട്ടി ഉറക്കറയിൽ പ്രവേശിച്ചാൽ വെളുപ്പിന് നാലുമണിക്ക് തിരികെ ദിനചര്യകൾക്കായി പുറത്ത് ഇറങ്ങുകയുള്ളൂ. വെൽ പ്ലാന്റ് ആൻഡ് സിസ്റ്റമാറ്റിക് അറേജ്‌മെന്റ്‌സ് - എന്താ ശെരിയല്ലേ - ന്യൂ ജെൻസ് കപ്പിൾസ്....

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP