Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

കാതോട് കാതാരം ഷൂട്ടിങ് കണ്ട് സിനിമാ പ്രേമിയായി; പഠനം നിർത്തി സിനിമാ പ്രവർത്തകനാകാൻ മദിരാശിക്ക് വണ്ടി കയറിയ യുവാവ് തിരിച്ചെത്തിയത് മമ്മൂട്ടിക്കൊപ്പം അഭിനയിച്ച നടനായി; എ പടത്തിന്റെ സഹസംവിധായകനായപ്പോൾ തലയിൽ മുണ്ടിട്ട് തീയറ്ററിൽ പോയി കണ്ട് സുഹൃത്തുക്കൾ; പ്രൊഡ്യൂസറായി പടം പിടിക്കാനുള്ള മോഹങ്ങളും പാളി; പിന്നീടൊരിക്കൽ നാട്ടിലെത്തി മടങ്ങിയത് വീട്ടുകാരുടെ ജീവനോപാധിയായ എരുമയുമായി: സിനിമാക്കഥയെ വെല്ലുന്ന ജോയ് തിരുമുടിക്കുന്നിന്റെ കഥ

കാതോട് കാതാരം ഷൂട്ടിങ് കണ്ട് സിനിമാ പ്രേമിയായി; പഠനം നിർത്തി സിനിമാ പ്രവർത്തകനാകാൻ മദിരാശിക്ക് വണ്ടി കയറിയ യുവാവ് തിരിച്ചെത്തിയത് മമ്മൂട്ടിക്കൊപ്പം അഭിനയിച്ച നടനായി; എ പടത്തിന്റെ സഹസംവിധായകനായപ്പോൾ തലയിൽ മുണ്ടിട്ട് തീയറ്ററിൽ പോയി കണ്ട് സുഹൃത്തുക്കൾ; പ്രൊഡ്യൂസറായി പടം പിടിക്കാനുള്ള മോഹങ്ങളും പാളി; പിന്നീടൊരിക്കൽ നാട്ടിലെത്തി മടങ്ങിയത് വീട്ടുകാരുടെ ജീവനോപാധിയായ എരുമയുമായി: സിനിമാക്കഥയെ വെല്ലുന്ന ജോയ് തിരുമുടിക്കുന്നിന്റെ കഥ

കാതോട് കാതോരം തിരുമുടിക്കുന്ന് പള്ളിയിൽ ഷൂട്ട് ചെയ്ത ചിത്രമാണ്. പള്ളിയങ്കണത്തിലെ പി എസ് ഹൈസ്‌കൂളിൽ വിദ്യാർത്ഥികളായിരുന്ന ഞങ്ങൾക്ക് ഒരുത്സവം പോലെയായിരുന്നു ഷൂട്ടിങ് ദിവസങ്ങൾ. മമ്മൂട്ടി, സരിത, ജനാർദനൻ, ഇന്നസെന്റ്, ലിസി, നെടുമുടി വേണു തുടങ്ങിയ താരങ്ങളെല്ലാം വന്നു. കൂടെ കുറെ തിരുമുടിക്കുന്നുകാരും അഭിനയിച്ചു. ഞങ്ങൾ ആഘോഷമായി സിനിമ കാണാൻ പോയി. കാണുന്നതിനിടെ കണ്ണു ചിമ്മിയതിനാൽ നാട്ടുകാരിൽ പലർക്കും സ്വന്തം ഭാവാഭിനയപ്രകടനം കാണാനായില്ല. പിന്നീടു കാസറ്റെടുത്ത് പോസടിച്ചാണ് അവർ ലക്ഷ്യം സാധിച്ചത്.

കമൽ അന്നു ഭരതന്റെ അസോസിയേറ്റായിരുന്നു. ഡയലോഗു പറഞ്ഞു കൊടുക്കുന്ന ജുബ്ബയിട്ട ആ ചെറുപ്പക്കാരനെ എല്ലാവരും ശ്രദ്ധിച്ചു. സരോജ് പാഡി ആയിരുന്നു ക്യാമറാമാൻ. 'പാഡി റെഡി?' എന്നു സംവിധായകൻ ഭരതൻ വിളിച്ചു ചോദിക്കും. 'മണി, ലൈറ്റ്‌സ്' എന്നു ക്യാമറാമാൻ കൽപന കൊടുക്കും. ഇതു രണ്ടും പിന്നീടും ഞങ്ങൾ വെറുതെ നാട്ടിൽ പറഞ്ഞു നടക്കാറുണ്ട്. അതിനപ്പുറത്തോട്ടൊന്നും സിനിമ അവിടെ ആരെയും പ്രലോഭിപ്പിച്ചില്ല, ഒരാളെയൊഴികെ.

എന്റെ സഹപാഠികൂടിയായ ജോയ് ആയിരുന്നു അത്. കാതോരത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ്, രണ്ടു മൂന്നു വർഷങ്ങൾക്കു ശേഷം ഞങ്ങൾ പത്താം ക്ലാസിൽ പഠിക്കുമ്പോൾ ചാലക്കുടിയിൽ ഐ വി ശശിയുടെ ഒരു സിനിമയുടെ ഷൂട്ടിങ് കാണാൻ പോയ ജോയ്, പഠനം നിറുത്തി സിനിമാക്കാർക്കൊപ്പം കൂടി. മദ്രാസിലേക്കു പോയി. സിനിമാപ്രവർത്തകനായിട്ടാണ് പിന്നെ മടക്കം.

ഇടക്കിടെ നാട്ടിൽ വരുമ്പോഴൊക്കെ സിനിമാ വിശേഷങ്ങൾ പറയും. സിനിമയിൽ തന്നെയാണു താനെന്നുറപ്പിക്കാൻ താരങ്ങൾക്കൊപ്പമുള്ള ഫോട്ടോകൾ കൊണ്ടു വന്നു കാണിക്കും. നയം വ്യക്തമാക്കുന്നു എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്നു വന്നു പറഞ്ഞു. മമ്മൂട്ടിയോട് 'എന്തോ' എന്നു വിളികേട്ട് മിന്നി മറയുന്ന റൂം ബോയിയെ ഞങ്ങൾ കണ്ടു ബോധിച്ചു. സിനിമയിൽ ട്രേഡ് യൂണിയനുകൾ വേരുറപ്പിക്കുന്ന കാലത്തു തന്നെ അതിൽ അംഗമായി. അതിന്റെ അംഗത്വകാർഡും നാട്ടിൽ കാഴ്‌ച്ചവസ്തുവായി.

വില്യംസ് എന്ന ക്യാമറാമാൻ ഋഷി എന്ന സിനിമയെടുത്ത് ആദ്യമായി സംവിധായകനായപ്പോൾ ജോയി സഹസംവിധായകനായി ജോലിക്കയറ്റം നേടി. ടൈറ്റിൽസിൽ പേരെഴുതി കാണിക്കുന്നുണ്ടെന്നും പോയി കാണണമെന്നും പറഞ്ഞു. ഋഷി ഒരു എ പടം ആയിരുന്നു. തലയിൽ മുണ്ടിട്ട് അക്കര തിയേറ്ററിൽ പോയി അതു കണ്ടു. സഹസംവിധാനം ജോയ് തിരുമുടിക്കുന്ന് എന്നു കണ്ടു കൃതാർത്ഥനായി.

പിന്നെ അവൻ സിനിമയുടെ കച്ചവടമേഖലയിലേക്കു കടന്നു. ഇതരഭാഷാ ചിത്രങ്ങളുടെ കേരളത്തിലെ റൈറ്റ്‌സ് വിൽക്കുന്നതുമായി ബന്ധപ്പെട്ട കമ്മീഷൻ ഏജന്റായി. സിനിമകളുടെ സ്റ്റിൽ ഫോട്ടോകളുടെ ആൽബങ്ങൾ വിതരണക്കാരെ കാണിച്ചാണ് അന്നൊക്കെ ഈ കച്ചവടത്തിന് അരങ്ങൊരുക്കുക. എട്ടിടിയും പാട്ടും ഉണ്ടെന്നു വിതരണക്കാരെ ബോദ്ധ്യപ്പെടുത്തണമല്ലോ. ഈ ആൽബങ്ങളുമായി ജോയി നാട്ടിൽ വരാറുണ്ട്. ഈ ഇടനിലപ്പണിയോടെ ജോയി സാമ്പത്തീകമായി മെച്ചപ്പെട്ടു. എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറായി ഒരു പടം നിർമ്മിക്കാൻ പോകുകയാണെന്നും ഫിനാൻസ്യേഴ്‌സിനെ ഒക്കെ കിട്ടിയിട്ടുണ്ടെന്നും ഒരിക്കൽ പറഞ്ഞു.

പഴയ വീടു പൊളിച്ചു പുതിയതു പണിയാനായി തറ കെട്ടി. താത്കാലിക താമസത്തിനായി ഒന്ന് തറക്കു പിന്നിൽ പണിതു. ഏറെ നാൾ കഴിഞ്ഞിട്ടും പുതിയ വീടു പണിയാൻ കഴിഞ്ഞില്ല. നാട്ടിൽ വരവു കുറഞ്ഞു. അന്നൊരിക്കൽ നാട്ടിൽ വന്ന ജോയി മടങ്ങുമ്പോൾ വീട്ടിൽ നിന്ന് ഒരു കയറും എടുത്തു. മുകുന്ദന്റെ ഭാഷയിൽ പറഞ്ഞാൽ ആ കയറിനറ്റത്ത് ഒരു എരുമയും ഉണ്ടായിരുന്നു. വീട്ടുകാരുടെ ഉപജീവനോപാധി. അന്നതിനെയും കൊണ്ടു പോയ ജോയി പിന്നെ ഇതുവരെ വന്നിട്ടില്ല.

ഔസേപ്പച്ചൻ ആദ്യമായി സംഗീതസംവിധായകനായ ചിത്രമാണ് കാതോടു കാതോരം. അതിലെ ഒരു പാട്ട് ഇപ്പോൾ എഫ് എമ്മിൽ കേട്ടപ്പോൾ ഞാനോർത്തത് ജോയിയെ ആണ്. ജോയിയുടെ സ്വപ്നഗേഹത്തിനുള്ള തറയുടെ പിന്നിൽ പണിതിരിക്കുന്ന താത്കാലിക വീട്ടിൽ വയോധികരായ മാതാപിതാക്കൾ ഇപ്പോഴും മകനെ കാത്തിരിക്കുന്നുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP