Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202028Monday

പുരുഷത്വം തെളിയിക്കാൻ കട്ടുറുമ്പിന്റെ കടി; ആമസോൺ നദീതീരത്തെ ഗോത്രവർഗത്തിലെ പുരുഷന്മാരുടെ വേദന തീറ്റുന്ന ആചാരത്തെക്കുറിച്ച്

പുരുഷത്വം തെളിയിക്കാൻ കട്ടുറുമ്പിന്റെ കടി; ആമസോൺ നദീതീരത്തെ ഗോത്രവർഗത്തിലെ പുരുഷന്മാരുടെ വേദന തീറ്റുന്ന ആചാരത്തെക്കുറിച്ച്

രവികുമാർ അമ്പാടി

നീ ആണാണെങ്കിൽ വാടാ, തല്ലെടാ, കൊല്ലെടാ.... അങ്ങനെ നിരവധി വെല്ലുവിളികൾ പലപ്പോഴായി നമ്മളെല്ലാവരും കേട്ടിട്ടുണ്ടാകും. കളിയായിട്ടാണെങ്കിലും കാര്യമായിട്ടാണെങ്കിലും ഇത്തരം വെല്ലുവിളികൾ സൂചിപ്പിക്കുന്ന ഒന്നുണ്ട്. ഒരാൾ തന്റെ പുരുഷ്വത്വം തെളിയിക്കണം എന്നത്.

സ്ത്രീശാക്തീകരണത്തിനായി വാദിക്കുന്നവർ, എന്തൊക്കെ വാദഗതികൾ നിരത്തിയാലും, ആദികാലം മുതൽക്കേ മനുഷ്യരുടെ ഇടയിൽ ലിംഗ വിവേചനം നിലനിന്നിരുന്നു. പുരുഷൻ താരതമ്യേന വീരകൃത്യങ്ങൾ ചെയ്യുന്നവനും സ്ത്രീ ശാന്തസ്വഭാവിയും എന്ന ഒരു സാമാന്യ സങ്കല്പമാണ് എല്ലാക്കാലത്തും നിലനില്ക്കുന്നത്. അതുകൊണ്ടു തന്നെ പുരുഷന് തന്റെ ശക്തിയും ശൂരത്വവും ധൈര്യവുമൊക്കെ കൂടിച്ചേർന്ന പുരുഷത്വം തെളിയിക്കാനുള്ള ബാദ്ധ്യതയും വന്നു ചേരുന്നു.

ആംസോൺ നദീതീരങ്ങളിൽ ആവാസമുറപ്പിച്ചിട്ടുള്ള സറ്റേരേ- മാവ് എന്ന ഗോത്രവർഗ്ഗത്തിൽ പെട്ട പുരുഷന്മാരും ഇതിൽ നിന്നും വ്യത്യസതരല്ല. ഒരുപക്ഷെ ലോകത്തിലെ തന്നെ ഏറ്റവുമധികം വേദനിപ്പിക്കുന്ന ആചാരമാണ് ഈ ഗോത്രവർഗ്ഗത്തിലെ പുരുഷന്മാർക്ക്പുരുഷത്വം തെളിയിക്കാനായിട്ടുള്ളത്.

ഈ ഗോത്രവർഗ്ഗത്തിലെ ആൺകുട്ടികൾ പ്രായപൂർത്തിയാകുമ്പോൾ, ഗോത്ര വൈദ്യൻ ഇവരെ കാടിനുള്ളിലേക്ക് കൂട്ടികൊണ്ടു പോകുന്നു. ആമസോൺ വനങ്ങളിൽ കാണപ്പെടുന്ന ഒരു പ്രത്യേകതരം കട്ടുറുമ്പുകളെ ഇവർ ശേഖരിക്കും. ലോകത്തിലെ തന്നെ ഏറ്റവും അധികം വേദന അനുഭവപ്പെടുന്നത് ഈ ഉറുമ്പുകൾ കടിക്കുമ്പോഴാണെന്നാണ് കരുതപ്പെടുന്നത്.

ശേഖരിച്ച ഉറുമ്പുകളെയൊക്കെ ഒരു പാത്രത്തിലാക്കി, അതിലേക്ക്, വൈദ്യൻ പ്രത്യേകമായി തയ്യാറാക്കിയ മരുന്ന് അല്പാല്പമായി പകരുന്നു. ഈ മരുന്നിന്റെ ശക്തിയിൽ ഉറുമ്പുകൾ മയക്കത്തിലാവുമ്പോൾ ഇവയെ, ഓരോ കൈയുറകൾക്കുള്ളിലാക്കും.

അല്പനേരത്തിനുശേഷം മയക്കം വിട്ടുണരുന്ന ഉറുമ്പുകൾ, തങ്ങൾ ബന്ധനസ്ഥരായതറിഞ്ഞ് അക്രമാസക്തരാകും. ഈ സമയം, ആൺകുട്ടികൾ കൈകൾ, കൈയുറക്കുള്ളിൽപത്ത് മിനിട്ടോളം നേരം ഇറക്കി വയ്ക്കണം. ക്രൂദ്ധരായ ഉറുമ്പുകൾ ആ പിഞ്ചു കൈകളിൽ ആഞ്ഞാഞ്ഞ് കടിക്കും. ഈ വേദനയിൽ നിന്നും ഒരല്പമെങ്കിലും മുക്തിനേടുവാൻ ഈ സമയമത്രയും അവർ, ഒരു പ്രത്യേക താളത്തിനനുസരിച്ച് ചുവടുകൾ വച്ച് നൃത്തമാടും. പത്ത് മിനിട്ടിനുശേഷം കൈകൾ പുറത്തെടുക്കുമ്പോഴേക്കും അവർ വേദനയിൽ ഈരേഴു പതിനാലു ലോകവും കണ്ടു കഴിഞ്ഞിരിക്കും.

ഏറ്റവും വേദനാജനകമായ കാര്യം, ഒരു പ്രാവശ്യം ഈ വേദന അനുഭവിച്ചതുകൊണ്ട് പുരുഷത്വം തെളിയിക്കപ്പെടുന്നില്ല എന്നതാണ്. പുരുഷത്വം തെളിയിക്കപ്പെടാതിരുന്നാൽ, അവൻ സമൂഹത്തിൽ ഒറ്റപ്പെട്ടു പോകും. പെൺകുട്ടികൾ അവനെ കല്യാണം കഴിക്കാൻ തയ്യാറാവുകയില്ല. അതിനാൽ ഈ ഗോത്രക്കാരായ പുരുഷന്മാർക്ക് പുരുഷത്വം തെളിയിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതിനായി അവർ ഈ ആചാരം ഇരുപത് പ്രാവശ്യം ചെയ്യണം.

പരിഷ്‌കൃത സമൂഹത്തിൽ സ്ത്രീ വിവേചനമെന്നും സ്ത്രീപീഡനമെന്നുമൊക്കെ മുറവിളികൂട്ടുന്നവർഈ സറ്റാരേ മാവ് പുരുഷന്മാരുടെ ആത്മനൊമ്പരം കാണുന്നുണ്ടോ എന്തോ!!!! ഒരു ജീവിതം പടുത്തുയർത്താൻ, ചെറുപ്പത്തിലേ പീഡനം അനുഭവിക്കുന്ന പുരുഷ സമൂഹം. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP