Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രവാസി

പ്രവാസി

രാവിലെ വീട്ടിൽ നിന്നും ഓഫീസിൽ പോകാൻ അല്പനേരം വൈകിയാണ് ഇറങ്ങിയത്. രാവിലെ പുതച്ച് മൂടി കിടക്കുന്ന സുഖം ഒന്ന് വേറെ തന്നെ. എണീറ്റു ബ്രഷ് ചെയ്ത് കുളിയും കഴിഞ്ഞ് ഡ്രസ്സ് ചെയ്തു കഴിഞ്ഞു സമയം നോക്കിയപ്പോൾ 08:10. ഭാര്യ രാവിലെ എണീറ്റ് ഉണ്ടാക്കി വച്ച പാലപ്പവും മുട്ടക്കറിയും ഡൈനിങ് ടേബിളിൽ ഇരുന്ന് എന്നെ നോക്കി ചിരിക്കുന്നു. ഇനി ഇത് കഴിക്കാതെ പോകുമ്പോൾ ഉള്ള ശ്രീമതിയുടെ മുഖ ഭാവം കാണുന്നത് അതിലും വിഷമമാണ്. രാവിലെ എണീറ്റ് സ്‌നേഹ ഭാജനമായ കെട്ടിയോന് വേണ്ടി എല്ലാം ഉണ്ടാക്കി വച്ച ശേഷം അദ്ധേഹം അത് കഴിക്കാതെ പോകുമ്പോൾ ഉണ്ടാകുന്ന വിഷമം അവർക്ക് അല്ലെ മനസ്സിലാകൂ. അല്ലേലും ഈ ആണുങ്ങൾ അങ്ങനെയാ അവർക്ക് ജോലി ഓഫീസ് കൂട്ടൂകാർ അങ്ങനെ എപ്പോഴും തിരക്ക് തന്നെ. അവൾ സ്വയം പിറുപിറുത്തു.

ഇപ്പോൾ ചെയ്യുന്ന പ്രൊജക്ട് നഗരത്തിൽ നിന്ന് അല്പം മാറിയാണ്. സമയം വൈകിയിരിക്കുന്നു ഇനി ഓഫീസിൽ ചെന്ന് ഫയലുകൾ എടുത്തു വേണം സൈറ്റിൽ പോകാൻ. ഇനി ഡ്രൈവ് ചെയ്ത് അവിടെ എത്തുമ്പോൾ മിക്കവാറും ഉച്ച ആകും എന്ന് തോന്നുന്നു. സിറ്റിയിൽ നിന്ന് കുറച്ചു ദൂരം പിന്നിട്ട് മദീന ഹൈവേയിലൂടെ മുന്നോട്ട് പോകുമ്പോൾ വയറിനു ഉള്ളിൽ വിശപ്പിന്റെ കൂക്കു വിളി തുടങ്ങി. കണ്ണിന് മുമ്പിൽ ഭാര്യ ഉണ്ടാക്കി വച്ച പാലപ്പവും മുട്ട കറിയും ഓർത്തു പോയി. അവളുടെ സ്‌നേഹം നിറഞ്ഞ കണ്ണുകളും ദൈന്യതയോടെ ഉള്ള നോട്ടവും എന്നിൽ വിഷമം ഉളവാക്കി. ആണിന്റെ അഹങ്കാര മനോഭാവം ചിലപ്പോൾ എങ്കിലും സ്ത്രീയുടെ ഉള്ളിൽ നൊമ്പരം ഉണ്ടാക്കും എന്ന യഥാർത്ഥ്യം തിരിച്ചറിഞ്ഞു. പോയ ബുദ്ധി പിടിച്ചാൽ കിട്ടില്ലല്ലോ ഇനി വണ്ടി എവിടെ എങ്കിലും ഹോട്ടൽ കാണുന്നിടത്ത് നിർത്തി കഴിച്ച ശേഷം യാത്ര തുടരാം എന്ന തീരുമാനം എടുത്തു.

അടുത്ത പെട്രോൾ പമ്പിൽ കയറി പെട്രോൾ നിറച്ച ശേഷം അവിടെ നിന്ന ബംഗാളി പയ്യനോട് ഹോട്ടൽ അടുത്ത് ഉണ്ടോ എന്ന് തിരക്കി. ഇനി ഏകദേശം അഞ്ചു കിലോ മീറ്റർ ഹൈവേയിലൂടെ സഞ്ചരിച്ചാൽ അവിടെ സനയ്യായുടെ (വർക്ക് ഷോപ്പ് ) അടുത്ത് ഒരു ബൂഫിയ (ചായ കട) ഉണ്ടെന്നും വലിയ ഹോട്ടൽ ഒന്നും ഇല്ല എന്നും അവൻ പറഞ്ഞു.

വളരെ പണിപ്പെട്ട് അവൻ പറഞ്ഞ ബൂഫിയ ഞാൻ കണ്ടു പിടിച്ചു. വർക്ക് ഷോപ്പിനോട് ചേർന്ന ഒരു ചെറിയ കട. ഇവിടെ വെല്ലോം കിട്ടുമോ ആവോ ആ എന്തായാലും നോക്കാം വേറെ രക്ഷ ഇല്ലല്ലോ. അസലാമു അലൈക്കും ഭായി ആചാര മര്യാദ പാലിച്ച് ഞാൻ അകത്തു ചെന്നു. അകത്തു നിന്നും മറുപടിയായി വാലൈക്കും അസലാമു ബറക്കത്ത് (അള്ളാഹു നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ) എന്ന ശബ്ദം കേട്ടു. പിന്നാലെ വളരെ മെലിഞ്ഞ് മുടിയും താടിയും നരച്ച ഒരു വയോധികൻ വെളിയിൽ വന്നു. ആഹാ എണീറ്റ് നടക്കാൻ പോലും ആരോഗ്യം ഇല്ലാത്ത ഈ മനുഷ്യൻ ആണോ ഇത് നടത്തുന്നത് എന്ന് മനസ്സിൽ ചിന്തിച്ച് കഴിക്കാൻ വല്ലതും ഉണ്ടോ എന്ന് തിരക്കി. ഹിന്ദിയിൽ ചോദിച്ച എനിക്ക് മലയാളത്തിൽ മറുപടി നൽകി ' മോനേ സമൂലി (കുബ്ബൂസിന് ഉള്ളിൽ കുത്തി നിറച്ച ഇറച്ചി) ഉണ്ട് ' ദൈന്യ ഭാവത്തിൽ അയാൾ പറഞ്ഞു. വിശന്നാൽ പിന്നെ വയറിനു കുബ്ബൂസ് എന്നോ പാലപ്പം എന്നോ വെല്ലോം ഉണ്ടോ.

അയാൾ ഉണ്ടാക്കി തന്ന സമൂലി ചായയും കൂട്ടി ഞാൻ രുചിയോടെ കഴിക്കുമ്പോൾ തന്നെ സ്വയം പരിചയപ്പെടുത്താൻ ആരംഭിച്ചു. ഇങ്ങള് ഈ വഴി പുതിയതാ അല്ലെ 'ഞമ്മള് ഇബടെ നാൽപത് ബർഷം ആയി ഉണ്ട് പേര് കുഞ്ഞിക്കോയ സ്ഥലം കോയിക്കോട്'. ചായ കുടിച്ചു തീർത്ത് ഞാൻ മറു ചോദ്യം ചോദിച്ചു ഇക്കാ നാട്ടിൽ ആരൊക്കെ ഉണ്ട്? പ്രായം ആയിട്ടും നിറുത്തി പോണില്ലേ നിങ്ങള്? ചോദ്യം കേട്ട് അയാളുടെ കണ്ണുകൾ നിറഞ്ഞു ഒരു നിമിഷത്തെ മൗനം മുറിച്ച് എന്റെ കൈയിൽ പിടിച്ച് അയാൾ പൊട്ടി കരഞ്ഞു.

'മോനെ ഞമ്മക്ക് ആറ് മക്കൾ ഉണ്ട് ബീവി മയ്യത്ത് ആയി. മകളെ നിറയെ സ്വർണം കൊടുത്ത് നിക്കാഹ് കഴിച്ചു അയച്ചു അവര് നല്ല നിലയിൽ കഴിയുന്നു. അഞ്ചു ആണ്മക്കളും നിക്കാഹ് കഴിഞ്ഞു കുടുംബമായി നല്ല നിലയിൽ കഴിയുന്നു. മക്കളെ എല്ലാം കാശ് മുടക്കി പഠിപ്പിച്ചു രണ്ടു പേർ ഡോക്ടർമാർ ആണ് ഒരാൾ എഞ്ചിനീയറും മറ്റെ ആള് കോണ്ട്രാക്ടറും ആണ്' ബല്യ വീടും കാറും എല്ലാം ഉണ്ട്. അവര് ആരും ഇത് വരെ ചോദിക്കാത്ത ചോദ്യമാണ് ഞാൻ ചോദിച്ചതെന്ന്. ഒരു പക്ഷേ വയസ്സ് കാലത്ത് വാപ്പ അവർക്ക് പ്രാരാബ്ദം ആകുമോ എന്ന ആശങ്ക ആയിരിക്കും. അതാരിക്കും അവര് ചോദിക്കാത്തെ അല്ലേ എന്ന് എന്നോട് ഒരു മറു ചോദ്യവും. ആർക്കും ഭാരമാകാതെ മയ്യത്ത് ഇബടെ കബറടങ്ങണം എന്ന അയാളുടെ ആഗ്രഹം കേട്ട് എന്റെ കണ്ണ് നിറഞ്ഞു അയാളുടെ ഹൃദയ മിടിപ്പ് പെരുമ്പറ കൊട്ടണ പോലെ എനിക്ക് തോന്നി. കഫീൽ നല്ലവനായതുകൊണ്ട് ആവുന്ന കാലം ഇവിടെ നിന്നു കൊള്ളാൻ പറഞ്ഞൂന്ന്. അയാൾക്ക് എല്ലാം അറിയാം അതുകൊണ്ട് കെട്ടിട വാടക ഒന്നും വാങ്ങില്ല. അതുകൊണ്ട് ഇവിടെ കഴിഞ്ഞ് പോകുന്നു.

ശരീരം ക്ഷയിച്ചു കണ്ണുകൾ മങ്ങി ഇനിയും ദൈന്യത ഇല്ലാത്ത ഈ ലോകത്ത് പ്രവാസിയായി എത്ര കാലം കൂടി എന്ന് അയാളുടെ കണ്ണുകൾ പറഞ്ഞു. സമയം പോയത് അറിഞ്ഞില്ല വയർ നിറഞ്ഞു മനസ്സിൽ നിറയെ ഭാരവും ആയി അൻപത് റിയാൽ നൽകി ബാക്കി വേണ്ട ഇക്കാ എന്ന് പറഞ്ഞ് യാത്ര പറയാൻ തുടങ്ങുമ്പോൾ വർഷങ്ങൾ പഴക്കമുള്ള തകര പെട്ടിയിൽ നിന്നും പെറുക്കി എടുത്ത ബാക്കി നാല്പത്താറ് റിയാൽ ബലമായി പിടിച്ച് തന്ന് ഇങ്ങനെ പറഞ്ഞു ' ഇയ്യ് ജോലി ചെയ്ത് കിട്ടിയ പൈസ വെറുതെ വാങ്ങിയാ ഞമ്മക്ക് ബർക്കത്ത് ഉണ്ടാകില്ല മോനേ ഞമ്മള് ജോലി ചെയ്ത കൂലി കിട്ടി ഇനി ബാങ്ങണത് ഹറാമാണ് '. ദീൻ ഉള്ള യഥാർത്ഥ ഇസ്ലാമിന്റെ മുഖം ഞാൻ അയാളിൽ കണ്ടു. കുടുംബത്തിന് സലാം പറയണം ഇനി നിയ്യ് ബീവി ഉണ്ടാക്കി തരുന്നത് കഴിച്ച് വേണം ജോലിക്ക് പോകാൻ എന്ന് ഉപദേശിച്ചു എന്നെ ഇക്ക യാത്രയാക്കി. ഇൻഷ അള്ളാ ഇനി കുടുംബമായി ഞാൻ ഇക്കായെ കാണാൻ വരും എന്ന് പറഞ്ഞപ്പോ ഒരായുസ്സ് മുഴുവൻ സ്വന്തം കുടുംബം പോറ്റാൻ മരുഭൂമിയിൽ ജീവിതം ഹോമിച്ച അയാളുടെ മുഖത്ത് ഒരു വിഷാദം കലർന്ന പുഞ്ചിരി വിടർന്നു?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP