Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സോകുഷിൻബുറ്റ്‌സു അഥവ സ്വയം സമാധി: മമ്മി പ്രതിഷ്ഠകൾ ഉള്ള ജപ്പാനിലെ ക്ഷേത്രങ്ങളെ അറിയാം..

സോകുഷിൻബുറ്റ്‌സു അഥവ സ്വയം സമാധി: മമ്മി പ്രതിഷ്ഠകൾ ഉള്ള ജപ്പാനിലെ ക്ഷേത്രങ്ങളെ അറിയാം..

രവികുമാർ അമ്പാടി

ത്തര ജപ്പാനിലെ വജ്രായന വിഭാഗത്തിൽപ്പെട്ട ബുദ്ധ സന്യാസികളുടെ ഇടയിൽ ഉണ്ടായിരുന്ന ഒരു ആചാരമാണിത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഇത് നിയമം മൂലം നിരോധിക്കുന്നതുവരെ ഇതു തുടർന്നു. ഇഹലോകത്തിലെ കർമ്മങ്ങൾ അവസാനിച്ചു എന്ന് ബോദ്ധ്യം വരുന്ന ഒരു ബുദ്ധസന്യാസി, മോക്ഷപ്രാപ്തിക്കായി സ്വന്തം ജീവിതം അവസാനിപ്പിക്കുന്ന ഒരു ആചാരമാണിത്. ജീവൻ സ്വയം ഒടുക്കുകയാണെങ്കിലും അവർ ഇതിനെ ആത്മഹത്യയായി കാണുന്നില്ല.

ഏതാണ്ട് ആയിരം വർഷങ്ങൾക്ക് മുൻപാണ് ഈ ആചാരം ആരംഭിച്ചത്. വജ്രായന ശാഖയുടെ സ്ഥാപകനായ കുക്കായ് എന്ന ബുദ്ധസന്യാസിയാണ് ആദ്യമായി ഇതുപോലെ ആത്മസമാധി അടഞ്ഞത്. വാക്കായാമ നഗര പ്രവിശ്യയിലെ, മൗണ്ട് കോയ ക്ഷേത്രത്തിൽ ഇന്നും അദ്ദേഹത്തിന്റെ ഭൗതികമുണ്ടത്രെ!

ഇഹലോകത്തിലെ കർമ്മങ്ങൾ പൂർത്തിയാക്കിയ സന്യാസിമാർ, പരലോകയാത്രക്കായി തയ്യാറെടുക്കുന്ന ചടങ്ങ് ഒരല്പം നീളം കൂടിയതാണ്. ഏതാണ്ട് ആയിരം ദിവസങ്ങൾക്ക് മുൻപേ അവർ ഭക്ഷണം വിത്തുകളിലേക്കും കടലയിലേക്കും മാത്രമായി ചുരുക്കും. ഒപ്പം ശരീരത്തിലെ മേദസ്സിനെ പൂർണ്ണമായും ഇല്ലായ്മചെയ്യുവാനായി കഠിനാദ്ധ്വാനത്തിലേർപ്പെടുകയും ചെയ്യും.

അടുത്ത ആയിരം ദിവസത്തേക്ക് അവർ ഭക്ഷണം വേരുകളിൽ ഒതുക്കും. മാത്രമല്ല ഉരുഷി എന്ന ഒരു കാട്ടുമരത്തിൽനിന്നും ലഭിക്കുന്ന വിഷം അല്പം മാത്രം ചേർത്ത ചായ കിടിക്കുവാനാരംഭിക്കുകയും ചെയ്യും. ഈ വിഷപാനം ശർദ്ധിക്കുവാനുള്ള ത്വര ഉണർത്തുന്നു. അങ്ങനെ ശരീരത്തിലെ ജലാംശം വല്ലാതെ കുറയുന്നു. മാത്രമല്ല, ഈ വിഷം ശരീരത്തിലാകെ കലരുന്നത്‌കൊണ്ട് ഉറുമ്പുകളോ ചിതലുകളോ ഇത് ഭക്ഷിക്കുകയുമില്ല.

ഇങ്ങനെ തയ്യാറെടുത്ത സന്യാസി, തന്റെ വലിപ്പത്തിൽ ഒരല്പം മാത്രം വലുതാക്കി ഉണ്ടാക്കിയ കല്ലറയിലെക്ക് പ്രവേശിക്കുന്നു. പുറത്തുനിന്ന്, വളരെ ചെറിയ ഒരു ദ്വാരത്തിലൂടെ ഒരു കുഴലിറക്കും, ശ്വാസോഛാസത്തിനായി. പിന്നെ അടുത്തൊരു സ്തൂപത്തിൽ ഒരു മണികെട്ടി, അതിന്റെ ചരടും ഈ കല്ലറയിലേക്ക് ഇടും.

കിട്ടുന്ന അല്പ വായുവിൽ, സന്യാസി കുറച്ചുനാൾകൂടി ആ അറക്കുള്ളിൽ ജീവിക്കും. ദിവസവും രാവിലെ ചരടിൽ വലിച്ച് മണിയടി ഒച്ച കേൾപ്പിച്ച് താൻ ജീവിച്ചിരിക്കുന്നു എന്ന് വെളിപ്പെടുത്തും. മണിനാദം കേൾക്കാതെയായാൽ സന്യാസി മരിച്ചെന്ന് തീർച്ചപ്പെടുത്തും.

മണിനാദം നിലച്ചാൽ പിന്നെ അകത്തേക്ക് ഇട്ടിരിക്കുന്ന കുഴൽ മാറ്റി, കല്ലറ പൂർണ്ണമായും അടക്കും. പിന്നെയും ഒരായിരം നാൾ കാത്തിരിപ്പ്. അതിനൊടുവിൽ, വേറൊരു സന്യാസി എത്തി കല്ലറതുറന്ന് സമാധി ഉറപ്പുവരുത്തും. അങ്ങനെ സമാധിയാകുന്നയാൾ ബുദ്ധനായിത്തീരും എന്നാണ് വിശ്വാസം. ആ ജഡത്തിന്റെ കണ്ണുകൾ തുരന്നെടുത്ത് മാറ്റി, ആ ജഡത്തെ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കും.

ഇപ്പോൾ ഈ ആചാരം നിരോധിച്ചിട്ടുണ്ടെങ്കിലും ഇത്തരത്തിലുള്ള മമ്മി പ്രതിഷ്ഠകൾ ഉള്ള ക്ഷേത്രങ്ങൾ ഇപ്പോഴും ജപ്പാനിലുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP