Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പല പല വേഷങ്ങൾ

പല പല വേഷങ്ങൾ

സ്‌നേഹിച്ചുള്ള ജീവിതമായിരുന്നു സണ്ണിയുടേത്. അതും കൗമാരപ്രായത്തിൽ തുടങ്ങിയത്. പക്ഷേ ഇപ്പോൾ ടിയാൻ വിധിയിലും ജ്യോതിഷത്തിലും നന്നായി വിശ്വസിക്കുന്നു. ഇടയ്ക്ക് പെന്തക്കോസ്തിലും അൽപകാലം പ്രവർത്തിച്ചു. ധ്യാനമിരുന്നു അങ്ങനെയാണ് ആത്മഹത്യയുടെ വക്കിൽ നിന്നും പിന്തിരിഞ്ഞു പ്രവാസി ജീവിതത്തിലേക്ക് കടന്നത്. എട്ടു വർഷത്തെ പ്രവാസി ജീവിതത്തിന് ജീവിതസഖിയും കൂട്ടിനുണ്ടായിരുന്നു. സണ്ണി പെയിന്ററായിട്ടും ഭാര്യ സ്വന്തം അറബിയുടെ വീട്ടിലെ ആയ ആയിട്ടും പ്രവാസ ജീവിതം നേട്ടങ്ങളെക്കാൾ രോഗങ്ങളാണ് രണ്ടാൾക്കും സമ്മാനിച്ചത്.

ഭാര്യ കടുത്ത പ്രമേഹ രോഗിയായി മാറി. സണ്ണിയ്‌ക്കോ പെയിന്റ് അലർജി കാരണം രണ്ട് കൈകളിലും തൊലിപൊട്ടി പൊളിഞ്ഞ് വല്ലാത്ത പുകച്ചിലും നീറ്റലും. ഇപ്പോൾ ഹോമിയോ ചികിത്സ കഴിഞ്ഞ് അലോപ്പതി (സ്റ്റിറോയ്ഡ് ഗുളികകൾ) ചികിത്സ ആരംഭിച്ചു. ഇനി ആയുർവേദം കൂടി ഒന്ന് പരീക്ഷിക്കണമെന്നാണ് പുള്ളിയുടെ ആഗ്രഹം. നടക്കട്ടേ.

26-ാമത്തെ വയസ്സിൽ സണ്ണി തിരുവനന്തപുരത്തെ ഒരു പ്രശസ്തമായ റസിഡൻസ് കോളനിയിലെ പ്രശസ്തയായ വീട്ടമ്മയുടെ സഹായിയായും ഡ്രൈവർ പണിയും നോക്കി വരുമ്പോഴായിരുന്നു രമണിയെ കണ്ടുമുട്ടിയത്. അതേ റസിഡൻസി ഏര്യയിൽ വീട്ടുജോലിക്കാരിയായി വന്നപ്പോഴായിരുന്നു ഒരു വർഷത്തെ കണ്ടുപരിചയം. ചില അവസരങ്ങളിലുള്ള ഇടപെടലുകളും അവരെ പിരിയാൻ ആകാത്തവിധം അടുപ്പിച്ചു. കല്യാണമോ രജിസ്റ്റർ മാര്യേജോ ഒന്നും ആയിരുന്നില്ല. ഒരു വിളിച്ചു കൊണ്ടുപോകൽ, മാറി താമസിക്കൽ അത്ര തന്നെ.

സണ്ണിയുടെ വീട്ടുകാർ പ്രത്യേകിച്ച് അമ്മയും സഹോദരിമാരും കടുത്ത എതിർപ്പ് പ്രകടിപ്പിക്കുവാൻ കാരണമായത് പിന്നീടുള്ള അന്വേഷണത്തിൽ രമണിക്ക് ആദ്യകെട്ടിൽ ഒരു മകൾ അതും 6-ാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയുണ്ടെന്ന കണ്ടെത്തൽ മൂലമായിരുന്നു. കാലക്രമത്തിൽ അമ്മായിക്ക് വയസ്സാംകാലത്ത് ഒരു ആശ്രയം ഇതേ രമണിയും സണ്ണിയും ആയിരുന്നു എന്നതാണ്. അമ്മായിയുടെ മരണശേഷം രമണിയും ഭർത്താവും പഴയ റസിഡൻസ് കോളനിയിലെ മമ്മിയുടെ വീട്ടിൽ ജോലിക്കാരും സഹതാമസക്കാരുമായി തുടർന്നു, അവരുടെ മരണം വരേയും. ഇനിയാണ് വേഷ പകർച്ചകൾ.

എലിസബത്ത് മമ്മിക്ക് ഒരേയൊരു മകൻ. നല്ല സുറിയാനി കൃസ്ത്യാനിയായ അവരുടെ മകൻ, മരുമകളുടെ പ്രേരണയാൽ പെന്തക്കോസ്ത് സഭയിൽ ചേർന്നു. അവർക്ക് രണ്ടു മക്കൾ ഒരാൺ (വികലാംഗൻ) ഒരു പെൺ അയർലന്റിൽ വിവാഹിതയായിപോയി സ്ഥിരതാമസക്കാരിയായി മാറി.

തൊട്ടടുത്തു തന്നെയുള്ള അൽപ്പം വലുതായ ഓടുമേഞ്ഞ കെട്ടിടത്തിൽ താമസിച്ചിരുന്ന മരുമകളോ മകനോ മമ്മിയുടെ അവസാന കാലത്ത് സംരക്ഷണത്തിന് തുനിഞ്ഞിരുന്നില്ല.

കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ടായിരുന്ന മമ്മിയുടെ അവസാനകാലത്തെ സഹായികൾ സണ്ണിയും ഭാര്യയും മാത്രം. എന്ത് വിരോധാഭാസമെന്ന് നോക്കണേ. മമ്മിയുടെ ചെറുമകൻ കാലിന് അൽപ്പം വൈകല്യമുള്ളതിനാൽ ത്രീവീലർ ബൈക്കിലാണ് സഞ്ചാരം. പ്രൈവറ്റ് ബാങ്കിൽ ക്ലാർക്ക് പണി. ഒന്നുമാറി ഒന്നുമാറി മൂന്ന് കെട്ട്‌കെട്ടി മക്കളില്ല. ഇഷ്ടംപോലെ വയലും ഭൂമിയും ഉണ്ടായിരുന്നത് വിറ്റുവിറ്റ് ലാവിഷ് ജീവിതം സദാ ചുണ്ടത്ത് പുകയുന്ന സിഗരറ്റ് ജോബിയുടെ ജീവിതം പുകഞ്ഞ് തീരുകയാണ്.

മരണത്തിന് ഏതാനും ആഴ്ചകൾക്ക് മുമ്പുവരെ മമ്മി ജോബിനെ കാണാൻ ആഗ്രഹിച്ചിരുന്നു. ഓർമ്മക്കുറവ് ബാധിച്ച് ഭാഗികമായും പൂർണ്ണമായും അബോധാവസ്ഥയിൽ കിടക്കുന്ന അവസരത്തിലായിരുന്നു ജോബിന്റെ വരവും പോക്കും ഫലത്തിൽ ഉണ്ടായതെന്ന് മാത്രം. സംഭവങ്ങൾ വഴിമാറുന്നു വല്ലാതെ...പരമാവധി ചുരുക്കാം.

കർഷകത്തൊഴിലാളികളുടെ തൊഴിൽപ്രശ്‌നം ഉള്ളതിനാൽ വയൽ വിൽപ്പന പ്രയാസമായിരിക്കുമെന്ന തിരിച്ചറിവിന്റെ ഭാഗമായി മമ്മി അവസാനം പ്രാദേശിക സിപിഐ (എം) നേതാവിനെ ആളയച്ചു വരുത്തി. പവർ ഓഫ് അറ്റോർണി പുള്ളിക്കാരന്റെ പേരിൽ രജിസ്റ്റർ ചെയ്തുകൊടുത്തു. അദ്ദേഹത്തിന്റെ അഭിപ്രായപ്രകാരം ഒന്നു രണ്ട് കർഷക തൊഴിലാളികൾക്ക് ആദ്യമായി വീടുവച്ച് താമസിക്കുവാൻ സൗജന്യ നിരക്കിൽ വയൽ ഭൂമി നൽകി. അക്കൂട്ടത്തിൽ സണ്ണിക്ക് 5 സെന്റ് സ്ഥലം സൗജന്യമായി ഇഷ്ടദാനം നൽകി. പിന്നീട് സംഗതികൾ സ്പീഡായിട്ടാണ് നടന്നു കിട്ടിയത്. മമ്മി കൂടുതൽ കാശും അയർലന്റുകാരി ചെറുമകൾക്കും അവരുടെ കുട്ടികൾക്കുമായി കൈമാറി.

്മമ്മിയുടെ മരണശേഷം ഒരാഴ്ചക്കുള്ളിൽ സണ്ണിയും രമണിയും അവിടത്തെ താമസം മാറി. സണ്ണിയുടെ കുടുംബ വീട്ടിലെ ഷെയർ ഒറ്റ മുറിയൽ താമസം ആരംഭിച്ചു.

സ്വയം തൊഴിൽ എന്ന നിലയിൽ ഉണ്ടായിരുന്ന ഓട്ടോ പിക്ക്അപ്പ് വിറ്റു കിട്ടിയ കാശ് ഉപയോഗിച്ച് കാറ്ററിങ് തൊഴിൽ ആരംഭിച്ചു. സിറ്റിയിലെ അരഡസ്സനോളം വരുന്ന ബേക്കറികളിൽ കപ്പയും മീൻകറിയും ബീഫ് ഫ്രൈയും മത്തി പീരയും അലൂമിനിയം കണ്ടെയ്‌നറിൽ നല്ല ഭംഗിയായി പാക്ക് ചെയ്ത് സ്ഥിരമായി എത്തിച്ച് ഉപജീവനം കണ്ടെത്തി. പാചക കലയിൽ തികച്ചും മിടുക്കിയായിരുന്നു രമണി എന്നത് പ്രത്യേകം പറയേണ്ടല്ലോ.

ഇതിനിടയിൽ പത്താംക്ലാസ്സ് കഴിഞ്ഞ് ടൈപ്പ് പഠിത്തവും മറ്റുമായി നിന്നിരുന്ന മകളെ ഒരു ഓട്ടോ പിക്ക്അപ്പ് ഡ്രൈവറുമായിട്ടുള്ള വിവാഹം കടം വാങ്ങിയിട്ടാണെങ്കിലും ഒരുവിധം നന്നായി നടത്തിവിട്ടു. അവൾക്കിപ്പോൾ കുട്ടികൾ രണ്ട്. മരുമകൻ മര്യാദക്കാരൻ. ഇനിയാണ് അമിട്ട് പൊട്ടുന്ന കത്തിവേഷം രംഗപ്രവേശനം നടത്തിയതും ഒടുവിൽ കാർമേഘങ്ങൾ മാറി തെളിഞ്ഞ ആകാശം പോലെ ജീവിതം തിരികെ കൈപ്പിടിയിൽ ഒതുങ്ങുന്നതും.

സംഗതി അൽപ്പം നീണ്ടുപോയി, ക്ഷമിക്കുക. കണ്ടിന്യുവേഷൻ വേണമല്ലോ അതില്ലെങ്കിൽ ബോറടിക്കും. അല്ലെങ്കിൽ ഇത് ജീവിതമല്ല കഥയാണ് വെറും കഥയാണെന്ന് തോന്നിപ്പോകും.

കാറ്ററിംഗിനും കല്യാണത്തിനും കടം കൊടുത്ത് സഹായിച്ച കുമാരൻ കോൺട്രാക്ടർ (പലിശക്കാരൻ) സണ്ണിയുടെ വീട്ടിലെ സ്ഥിരം സന്ദർശകനായി....ശ്ശോ...... ഒന്ന് കൂടി ചുരുക്കാം. ഒരുദിനം സണ്ണി തനിക്ക് കിട്ടിയ അധിക ഓർഡർ വീട്ടിൽ കയറി ഒന്ന് പറഞ്ഞിട്ട് പോകാമെന്ന് കരുതി വന്നപ്പോൾ ആകെ വശപിശക്. മുറിക്കുള്ളിൽ രമണിയും കോൺട്രാക്ടറും കാണാൻ അത്ര നല്ലതല്ലാത്ത സീനിൽ ആകെ പ്രശ്‌നം. ആളെ വിളിച്ചുകൂട്ടി സണ്ണി ഭാര്യയായ മുത്തശ്ശിയെ നവവധുവായി കുമാരൻ കോൺട്രാക്ടറെ ഏൽപ്പിച്ചു. പൊലീസ് സ്റ്റേഷനിൽ കൂടി സംഗതി എളുപ്പമാക്കി.

സണ്ണിക്ക് ഇനി ആത്മഹത്യ തന്നെ ശരണം. കാര്യങ്ങൾ ക്ഷോഭത്തോടും കരച്ചിലോടും പറഞ്ഞ് അവസാനിപ്പിച്ച സണ്ണിയോട് പഴയ സിപിഐ (എം) നേതാവ് അദ്ദേഹം ഇപ്പോൾ ബ്ലോക്കോഫീസറാണ് ഇപ്രകാരം പറഞ്ഞു. സണ്ണിച്ചൻ എങ്ങോട്ടും പോകണ്ട. ഇന്ന് മുതൽ എന്റെ ഔട്ട്ഹൗസിൽ താമസിക്കുക. ഓഫീസ് ജീപ്പ് തൽക്കാലം ഓടിക്കാനുള്ള ഏർപ്പാടാക്കാം. അവിടെ ഡ്രൈവർ പെൻഷനായി പോയിട്ട് രണ്ടാഴ്ചയായി. ഇതുവരെ പുതിയ ആൾ വന്നിട്ടില്ല. ഞാൻ ബ്ലോക്ക് പ്രസിഡന്റിനോട് പറഞ്ഞ് ഡെയ്‌ലിവേജസ്സിൽ നിയമിക്കാം. അത് ശരിയാവില്ല സാർ എന്റെ ജീവിതം തകർന്നു. സാർ ഇനി പാടുപെടണ്ട. പുകഞ്ഞകൊള്ളി പുറത്ത്. എനിക്ക് ഒരാഴ്ചയായി നേരാംവണ്ണം ഉറങ്ങാൻ കഴിയുന്നില്ല. എന്നാലും അവൾ എന്നെച്ചതിച്ചല്ലോ സാർ. ഞാൻ അവൾക്ക് ഒരു ജീവിതം കൊടുത്തവനല്ലേ സാർ. എങ്കിലും...

സണ്ണീ, ഇയാൾ ആ ഔട്ട്ഹൗസിൽ പോയി വേഷമൊക്കെ മാറി ഒന്ന് കുളിച്ച് ഫ്രഷാകാൻ നോക്ക്.

വീട്ടീനുള്ളിലേക്ക് വിളിച്ച് സാർ ഒരു കൈലിയും ബനിയനും തോർത്തും വീട്ടുകാരിയെക്കൊണ്ട് കൊടുപ്പിച്ചു. മടിച്ച് മടിച്ചിട്ടാണെങ്കിലും സണ്ണി അതുവാങ്ങി.

ഔട്ട്ഹൗസിലേയ്ക്ക് തിരിയുമ്പോൾ സാർ ഇത്രയുംകൂടി പറഞ്ഞു. ഉറക്കത്തിനുള്ള വഴി നമുക്ക് ശരിയാക്കാം. ഈയിടെയായി എനിക്കും ഉറക്കം അൽപ്പം കുറവാ. കുളി കഴിഞ്ഞ് വന്ന് നേരത്തേ ഭക്ഷണം കഴിച്ച് ഈ ഗുളികയും കഴിച്ച് ഒരു ഗ്ലാസ്സ് വെള്ളവും കുടിച്ചിട്ട് കിടന്ന് ഉറങ്ങ്. ബാക്കിയെല്ലാം നാളെ എന്താ.

ചെറിയ ഒരു ഗുളിക കൈയിൽ പേപ്പറിൽ പൊതിഞ്ഞുകൊടുത്തു. അന്നത്തെ ദിവസം പകൽ മൂന്നു മണിക്ക് കിടന്ന സണ്ണി പിറ്റേ ദിവസം 11 മണിക്കാണ് ഉണർന്നത്. അന്നേരം സാർ ഓഫീസിൽ പോയി കഴിഞ്ഞിരുന്നു. പ്രഭാതകർമ്മങ്ങൾക്കുശേഷം അടുത്ത ജംഗ്ഷൻ വരെ പോയി സിഗരറ്റും തീപ്പെട്ടിയും അലക്കുസോപ്പും വാങ്ങി വന്നു. മുഷിഞ്ഞ തുണികൾ വെള്ളത്തിൽ കുതിർത്തു വച്ചു. കാർ ഷെഡിൽ നോക്കിയപ്പോൾ മൺവെട്ടിയും പിക്കാസും വെറുതെയിരിക്കുന്നു. എന്നാൽ ഒരു കൈ നോക്കാം പുരയിടത്തിന്റെ മുൻവശത്തെ തെങ്ങുകൾക്ക് തടം തീർത്തു. മൂന്നു മണി വരെ കുറെ കാലത്തിനുശേഷമുള്ള കട്ടിപ്പണി. ശരീരത്തിനും മനസ്സിനും ഒരു പ്രത്യേകത, ഉഷാർ. തുണി അലക്കിയിട്ട് കുളികഴിഞ്ഞ് പുറത്തുപോയി ഭക്ഷണം കഴിച്ചു മടങ്ങി.

വൈകിട്ട് സാറും ഭാര്യയും ഒന്നിച്ചാണ് ഓട്ടോയിൽ വന്നിറങ്ങിയത്. സണ്ണീ കടുത്ത പ്രയോഗമാണല്ലോ കൊള്ളാം. നല്ല ലക്ഷണമാണ്. ഇന്നുകൂടി ഒരു ഗുളിക തരാം. നന്നായി ഉറങ്ങിക്കഴിയുമ്പോൾ മനഃപ്രയാസമെല്ലാം മാറും.

ഇനി ഒരു പുതു ജീവിതം എന്താ. ഞാൻ ഓഫീസിൽ ഡ്രൈവർ പോസ്റ്റ് ശരിയാക്കിയിട്ടുണ്ട്. തിങ്കളാഴ്ച മുതൽ വന്നാൽ മതി. മറുപടിയൊന്നും പറയാതെ സണ്ണി ആരാധനയോടെ സാറിനേയും ഭാര്യയേയും ഏറെനേരം നോക്കി നിന്നു.

ഇനിയും തീർന്നില്ലേ എന്നാണ് താങ്കളുടെ ചോദ്യമെങ്കിൽ ഇല്ല, തീർന്നിട്ടില്ല. ജീവിതം നാം വിചാരിക്കുന്നതുപോലെ അവസാനിപ്പിക്കാൻ പലപ്പോഴും കഴിഞ്ഞെന്ന് വരില്ല.

അല്ല അതു ശരി തന്നെ. എന്നാൽ പിന്നെ സസ്‌പെൻസ് ഒഴിവാക്കി പറഞ്ഞ് തീർക്ക്

തീർക്കാം പെട്ടന്ന് തീർത്തേക്കാം. ഡ്രൈവർ പണിയിൽ നാലുമാസം പൂർത്തീകരിച്ചപ്പോൾ ഇതാ. ഓഫീസിൽ രമണി പ്രത്യക്ഷപ്പെടുന്നു.

സണ്ണി ബിഡിഒ സാറിന്റെ ഓഫീസ് മുറിയിൽ കടന്നു വന്ന് വിവരം പറഞ്ഞിട്ട് പെട്ടെന്ന് പുറത്തുപോയി. ഇന്നിനി ഞാൻ വരില്ല സാർ. അവൾ എന്ത് ഭാവിച്ചിട്ടാണെന്നറിയില്ല. ബിഡിഒ കേട്ടിരുന്നതല്ലാതെ എഴുന്നേറ്റ് ജനൽവഴി വെളിയിലെ സീൻ കാണാൻ തുനിഞ്ഞില്ല.

ഒടുവിൽ അറിഞ്ഞത്....അവൾ കരഞ്ഞു വിളിച്ച് ക്ഷമ ചോദിച്ച് സണ്ണിയെ കൂട്ടി അവളുടെ കുടുംബ വീട്ടിലേക്ക് കൊണ്ടുപോയി എന്നാണ്. വീണ്ടും ഓഫീസിൽ ഡ്രൈവറായി പണിക്ക് ആളില്ലാതായി.

രമണിയുടെ കൂട്ടത്തിൽ ഒരു പെന്തക്കോസ്ത് പാസ്റ്റർ കൂടി ഉണ്ടായിരുന്നുപോലും. അയാൾ സണ്ണിയെ ബ്രയിൻവാഷ് ചെയ്ത് ശരിയാക്കി. രണ്ടുമാസത്തിനുള്ളിൽ ഭാര്യയും ഭർത്താവും ഒന്നിച്ച് ഗൾഫിലേക്ക് പോയി അറബിയെ സേവിക്കാൻ. 8 വർഷം കഴിഞ്ഞ് ഗൾഫിൽ നിന്നു മടങ്ങിവന്ന ഭാഗമാണ് നാം ആദ്യം കണ്ടത്. പോരേ പുകിൽ ബഹുജനം പലവിധം. ഇവിടെ സണ്ണിയും രമണിയും ഈവിധം. നിർത്തി....

നിർത്തിയേ.....

ഇനി വിശദീകരിക്കുന്നില്ല.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP