Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചേട്ടത്തി ഭരണം

ചേട്ടത്തി ഭരണം

തിരുവനന്തപുരം ജില്ലയിലെ മലയോര പ്രദേശമായ നെടുമങ്ങാട് പനയ്‌ക്കോട് എന്ന സ്ഥലമാണ് സംഭവത്തിനാധാരമായ ഇടം. മുന്മന്ത്രി എം വിജയകുമാർ ഈ നാട്ടുകാരനാണ്. ഉഴമലയ്ക്കൽ വില്ലേജ് ഓഫീസറായിരുന്ന അപ്പുക്കുട്ടൻ സാറിന് മക്കൾ നാല്. രണ്ടു പെണ്ണും രണ്ടാണും. മൂത്തവർ രണ്ടും പെൺമക്കൾ. സുമ പഠിക്കുവാൻ മിടുക്കിയായിരുന്നു. പ്രീഡിഗ്രി പാസ്സായി നിൽക്കുമ്പോഴാണ് കളക്ടറേറ്റിൽ ജോലി ചെയ്യുന്ന രാജന്റെ ആലോചന വന്നത്. വിശദമായി അന്വേഷിച്ചു ഒടുവിൽ അപ്പുക്കുട്ടൻ സാർ നിശ്ചയിച്ചു. നാളെ ഒരു ഡെപ്യൂട്ടി കളക്ടർ എങ്കിലുമാകാവുന്ന ചെറുപ്പക്കാരൻ. ചെമ്പഴന്തിയിലാണ് താമസം. അച്ഛനും അമ്മയും നേരത്തേ മരിച്ചു. ചേട്ടനും ചേട്ടത്തിയോടുമൊപ്പമാണ് താമസം. ചേട്ടന് സ്വന്തമായി റേഷൻകട. മൂന്നു മക്കൾ. റവന്യൂ ഇൻസ്‌പെക്ടറായിട്ട് ഇപ്പോൾ മൂന്ന് വർഷമായി ഇനിയും പ്രമോഷൻ സാദ്ധ്യതകൾ ഏറെ.

ചെമ്പഴന്തി ഗുരുകുലമായിരുന്നു വിവാഹവേദി. നല്ലൊരു ആൾക്കൂട്ടത്തോടുകൂടിയാണ് വിവാഹം നടത്തിയത്. വിവാഹം കഴിഞ്ഞ് പുതുച്ചെറുക്കനും പെണ്ണും കുടി വച്ചത് ജ്യേഷ്ഠനും കുടുംബവും താമസിക്കുന്ന കുടുംബവീട്ടിൽ. സാമാന്യം വലിയൊരു വീടായിരുന്നു അത്.

ആദ്യ ദിനം മുതൽ തന്നെ കല്യാണച്ചെറുക്കന്റെ എല്ലാ കാര്യത്തിലും ചേട്ടത്തി അത്യുൽസാഹപൂർവ്വം ഇടപെടുന്നത് പുതുപ്പെണ്ണിൽ വല്ലാത്ത ഈർഷ്യ വരുത്തി വച്ചു. സുമ എല്ലാം ഉള്ളിലൊതുക്കി. വിരുന്ന് വന്ന് പോകുവാൻ തിടുക്കം കൂട്ടി. അമ്മയോടു ഒരു സൂചന നൽകി. ചേട്ടത്തി തന്നെ തീരെ അവഗണിക്കുന്നു. പുതുതായി ഒരു വീട്ടുവേലക്കാരിയെ കിട്ടിയതുപോലെയുള്ള മനോഭാവവും പെരുമാറ്റവും.

മോളേ അതൊന്നും സാരമാക്കണ്ട. കുറച്ചു ദിവസം കഴിയുമ്പോൾ അവന്റെ സ്വഭാവം താനേ മാറിക്കൊള്ളും. നീ വിഷമിക്കണ്ട. അല്ലെങ്കിൽ നീ മാറ്റിയെടുക്കണം. ഇടയ്ക്ക് അമ്മ നിങ്ങളുടെ വീട്ടിലേയ്ക്ക് വരാം. നീ സമാധാനപ്പെട്. തഞ്ചത്തിൽ നിന്നാൽ മതി. എല്ലാം ശരിയാകും.

വിരുന്ന് കഴിഞ്ഞ് അന്നു തന്നെ മടങ്ങാൻ മരുമകന് വല്ലാത്ത തിടുക്കമായിരുന്നു. രണ്ടു ദിവസം കഴിഞ്ഞു പോകാമെന്ന് പറയാൻ കരുതിയിരുന്ന അമ്മാവി പിന്നെയൊന്നും പറഞ്ഞില്ല. മകളോട് കൂടെ പോകുവാൻ ആംഗ്യം കാണിച്ചു. സന്തോഷത്തോടെ മകളെയും മരുമകനെയും യാത്രയാക്കി.

മരുമകൻ കൊണ്ടുവന്ന പുതുവസ്ത്രങ്ങൾ നോക്കാൻ അത്താഴം കഴിയുന്നതുവരെ ഗോമതി താൽപര്യം കാണിച്ചില്ല. അപ്പുക്കുട്ടൻ സാർ രണ്ടു തവണ ചോദിച്ചു. നിനക്കെന്തുപറ്റി ഗോമതി ഒരു തെളിച്ചമില്ലായ്മ. ഓ... എന്തോന്ന് തെളിച്ചം. രണ്ടു ദിവസം നമ്മുടെ കൂടെ നിന്നിട്ട് പോകുമെന്ന് കരുതി. അത് അങ്ങോട്ട് പറയാൻ തുടങ്ങും മുമ്പ് അവന് പോണംപോലും. പിന്നെയെന്തിന് താങ്ങണം. അവന്റെ ചേട്ടത്തിയുടെ ഭരണമാണ് വീട്ടിലെന്നാണ് മോള് കൂട്ടത്തിൽ പറഞ്ഞത്.

ഓഹോ... അതാണോ കാര്യം. നീ അതിന് ദേഷ്യപ്പെടുന്നതെന്തിന്. പുതുമോടിയല്ലേ പതുക്കെ പതുക്കെ മാറിക്കൊള്ളും.

ആദ്യത്തെ പൊട്ടിത്തെറിക്ക് കാരണമായത് ഒരാഴ്ചത്തെ ട്രെയിനിംഗിന് തൃശ്ശൂർ പോയി മടങ്ങിയ രാജൻ വീട്ടുകാർക്ക് വാങ്ങിക്കൊണ്ടു വന്ന പുത്തൻ ഡ്രസ്സിൽ അതും ചേട്ടത്തിക്ക് പ്രത്യേകമായി വാങ്ങിക്കൊണ്ടു വന്ന പട്ടുസാരിയിൽ നിന്നുമായിരുന്നു. സുമയ്ക്ക് താരതമ്യേന വിലകുറഞ്ഞ സാരി. ഒന്നുംരണ്ടും പറഞ്ഞ് രാത്രിയിൽ പുതുപ്പെണ്ണും ചെറുക്കനും കലഹിച്ചു. പിറ്റേന്ന് രണ്ടാംശനി സുമ രാവിലെ കാപ്പി കുടിക്കാനിരിക്കുമ്പോൾ രാജനോട് പറഞ്ഞു. നമുക്ക് വീടുവരെയൊന്ന് പോകാം നാളെ ഞായറാഴ്ചയുമാണല്ലോ. തിങ്കളാഴ്ച രാവിലെ മടങ്ങാം.

കേട്ടമാത്രയിൽ രാജൻ ചോദിച്ചു, ചേട്ടത്തിയോട് പറഞ്ഞോ?

ഇല്ല-അതെന്തിനാ?

നമ്മൾ തീരുമാനിച്ചാൽ പോരേ?

പോരാ-

നീ ചേട്ടത്തിയോട് പറഞ്ഞിട്ട് ഒരുങ്ങിയ്‌ക്കോ. ഒരു സീൻ ഉണ്ടാക്കണ്ടെന്ന് കരുതി സുമ കിണറ്റിൻകരയിൽ വെള്ളം കോരിക്കൊണ്ടിരുന്ന ചേട്ടത്തിയോട് പോയി കാര്യം പറഞ്ഞ് അനുവാദം വാങ്ങി.

നാളെ ഇങ്ങ് പോരണേ- അവരുടെയൊരുപദേശം

ഏതായാലും ശനിയും ഞായറും കഴിഞ്ഞ് തിങ്കളാഴ്ച രാവിലെ രണ്ടാളും കൂടി സ്‌ക്കൂട്ടറിൽ മടക്കയാത്ര.

വീട്ടിൽ സുമയെ ഇറക്കി വിട്ടിട്ട് രാജൻ തത്രപ്പെട്ട് ഓഫീസിൽ പോയി. സുമ തന്റെ കിടപ്പുമുറിയിൽ കടന്നപ്പോൾ ഒരു കാര്യം ശ്രദ്ധിച്ചു. മുഷിഞ്ഞു കിടന്ന രാജേട്ടന്റെ വസ്ത്രങ്ങളെല്ലാം അലക്കിയിട്ടിരിക്കുന്നു. കൂട്ടത്തിൽ ചേട്ടത്തിയുടെ അടിവസ്ത്രങ്ങളും. രാജേട്ടന്റെ വസ്ത്രങ്ങൾ അലക്കിയിടാൻ താൻ ഇവിടുള്ളപ്പോൾ ഇവർക്ക് എന്തിന്റെ സൂക്കേടാണ്. ഉള്ളിൽ ദേഷ്യം ഇരച്ചു കയറി. പുറമേ അത് പ്രകടിപ്പിക്കാതെ വല്ലാതെ വീർപ്പുമുട്ടി സുമ.

വൈകുന്നേരം രാജൻ വീട്ടിൽ മടങ്ങിയെത്തുന്നതുവരെ സുമയ്ക്ക് ഒരു സ്വസ്തതയും ലഭിച്ചില്ല. അത്താഴം കഴിഞ്ഞ് കിടക്കുമ്പോൾ സുമ ചോദിച്ചു-

നിങ്ങളുടെ ചേട്ടത്തിയാണോ ഇപ്പോഴും നിങ്ങളുടെ കാര്യങ്ങൾ നോക്കുന്നത്. അല്ലാ ഞാൻ അറിയാഞ്ഞിട്ട് ചോദിക്കുകയാ-

എന്ത്രാ പ്രശ്‌നം?

നിങ്ങളുടെ വസ്ത്രങ്ങളെല്ലാം അവർ കഴുകിയിട്ടിരിക്കുന്നത് കണ്ടില്ലേ. എനിക്ക് ചെയ്യാവുന്ന കാര്യങ്ങൾ ഇനി ഞാൻ ചെയ്തുകൊള്ളാം. രാജൻ ഒന്നുമേ മറുപടി പറഞ്ഞില്ല.

ചെറുതും വലുതുമായ കാര്യങ്ങളിൽ തർക്കവും വഴക്കും പിണക്കവും നിത്യസംഭവങ്ങളായി.

ഓ കാര്യമായിപ്പോയി. പണ്ടു മുതലേ രാജന്റെ എല്ലാ കാര്യങ്ങളും ഞാൻ തന്നെയാണ് നോക്കീം കണ്ടും ചെയ്തു വരുന്നത്. അവന്റെ ചേട്ടനില്ലാത്ത പരാതി സുമയ്ക്കുണ്ടെങ്കിൽ അവൾ അവനെയുംകൊണ്ട് അവളുടെ വീട്ടിൽ ചെന്ന് പൊറുക്കട്ടെ - പിന്നെയല്ല ഒരു പുതുമ. സുമ പല തവണ വിളിച്ചു നോക്കി. പക്ഷേ, നടന്നില്ല. ഞാൻ ഇവിടെ നിന്ന് എങ്ങോട്ടുമില്ല. നിനക്ക് വേണ്ടെങ്കിൽ നിന്റെ വീട്ടിൽ പോകാം. ആറുമാസം ഗർഭിണിയായ സുമ ഏതായാലും പ്രസവത്തിന് വീട്ടിൽ പോണമല്ലോ. അപ്പോഴത്തേയ്ക്കാക്കി വച്ചു മറ്റെല്ലാം.

പ്രസവത്തിന് വീട്ടിലേയ്ക്ക് പോന്ന സുമ പിന്നെ ഭർത്താവിന്റെ വീട്ടിൽ തിരികെ പോയില്ല. ഒരാൺകുഞ്ഞിന്റെ വരവ് അവളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തി. തുടർന്ന് പഠിച്ച് ബിഎസ്‌സി, ബിയെഡ് പാസ്സായി. അച്ഛന്റെ ശ്രമഫലമായി ഹൈസ്‌ക്കൂളിൽ അദ്ധ്യാപികയുമായി.

വിവാഹത്തിന് വളരെ മുമ്പു മുതൽ തന്നെ തന്റെ ഭർത്താവും ചേട്ടത്തിയും അടുപ്പത്തിലായിരുവെന്ന് സുമയ്ക്ക് അവരുടെ ചില ചലനങ്ങൾകൊണ്ട് തന്നെ ബോധ്യപ്പെട്ടിരുന്നു. അത് ഉപേക്ഷിച്ച് തന്നോടൊപ്പം രാജൻ വരുമെന്ന് അവൾ കരുതി. ഇല്ല വന്നില്ല. പിന്നീട് മരണം വരെ അവർ തമ്മിൽ കണ്ടിട്ടില്ല. സർവ്വീസിൽ ഇരിക്കവെ തന്നെ അമിത മദ്യപാനത്തിന്റെ ഭാഗമായി ക്ഷയരോഗം ബാധിച്ചായിരുന്നു മരണം.

മരണാനന്തരം അവകാശങ്ങളും മറ്റും മകന് ലഭിച്ചു. പതിനെട്ട് വയസ്സ് തികഞ്ഞപാടേ റവന്യൂ വകുപ്പിൽ എൽഡിസിയായി ജോലിയും. എല്ലാത്തിനും മുൻകൈയെടുത്ത് നിൽക്കുവാൻ അപ്പൂപ്പൻ മുൻ വില്ലേജ് ഓഫീസർ മാത്രം. എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ എന്റെ മകളെ ഞാൻ കുരുതി കൊടുത്തുപോയി. അവസാന നാളിലും മകളുടെ വിവാഹത്തിനെക്കുറിച്ച് അപ്പുക്കുട്ടൻ സാർ ഇങ്ങനെ പറയുമായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP