Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

പ്രവാസ ജീവിതം

പ്രവാസ ജീവിതം

നാട്ടിലെ ജീവിതകഥയ്ക്കിടയിൽ ചില പ്രവാസി ജീവിതം കൂടി കുറിക്കട്ടേ-

10-ാം ക്ലാസ്സ് നല്ല നിലയിൽ പാസ്സായ രജനി ഒരു പരിചയക്കാരിയുടെ വലയിൽപ്പെട്ട് ബ്യൂട്ടീഷ്യൻ ജോലിയിൽ പ്രാവീണ്യം നേടി കുവൈറ്റിൽ എത്തിയത് ഒരു പുതിയ ജീവിതം മുന്നിൽ കണ്ടായിരുന്നു. അമ്പലവാസിയായ രജനി, മദ്യപാനത്തിന് അടിമപ്പെട്ട പിതാവിൽ നിന്നും അമ്മയേയും അനുജനെയും രക്ഷിക്കുക എന്ന ലക്ഷ്യം വച്ചാണ് കുവൈറ്റിൽ ഒരു പ്രമുഖ ബ്യൂട്ടിപാർലറിൽ ജീവനക്കാരിയായി പോകുവാൻ തീരുമാനിച്ചത്. പക്ഷേ, അതൊരു വൻ ചതിയായിരുന്നു. ബ്യൂട്ടിപാർലറിന്റെ മറവിൽ മസ്സാജിങ്ങും അനാശാസ്യ നടപടികളുമാണ് അവിടെ രഹസ്യമായി നടന്നിരുന്നത്.

തൃശ്ശൂർ ജില്ലയുടെ ഗ്രാമീണതയും സ്ത്രീസഹജമായ നിഷ്‌ക്കളങ്കതയും കൈമുതലായി മാത്രം ഉണ്ടായിരുന്നിട്ടും ദിവസങ്ങളോളം മറുനാട്ടിൽ പട്ടിണി കിടക്കേണ്ടി വന്നു രജനിക്ക്. ഒടുവിൽ ഓഫീസ് സ്റ്റാഫ് എന്ന നിലയിൽ രൂപം മാറി. ജോലിയിൽ പ്രവേശിക്കുവാൻ സ്‌പോൺസർ മനസ്സില്ലാമനസ്സോടെ സമ്മതിച്ചു. പലപ്പോഴും രജനി തന്റെ ജീവിതം പുഴയിലെ ചെറു ഓളങ്ങൾ പോലെ തേങ്ങി ഒഴുകിപ്പോകുമ്പോൾ പരാതികളില്ലാതെ അപ്രസക്തമായ ജീവിതശൈലികളിൽ ആരും കാണാതെ കണ്ണീരിനെ മൂടിവച്ച് പല രാവുകൾ കടത്തിവിട്ടു. അച്ഛന്റെ മദ്യപാനം ജീവിതത്തെ അരോചകത്തിന്റെ വഴിയിലേക്ക് തള്ളിവിട്ടപ്പോൾ അച്ഛന്റെ അടികൾ പാടുകളായി ശരീരത്തിലും മനസ്സിലും അവശേഷിച്ചിരുന്നു.

1990 കാലഘട്ടം. കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ കാലുകുത്തുമ്പോൾ രജനിക്ക് ഒരുപാട് മോഹങ്ങളായിരുന്നു. ജോലി ചെയ്ത് കുടുംബം നോക്കാൻ കഴിയുന്ന സന്തോഷം. 2-5 മില്യൺ ആളുകൾ വസിക്കുന്ന കുവൈറ്റിൽ 40% സ്വദേശീയരും 40% ഇന്ത്യക്കാരും ബാക്കി മറ്റ് വിദേശികളുമായിരുന്നു. ഇറാഖ് യുദ്ധത്തിനുശേഷമാണ് വിദേശീയരുടെ ഫാഷനെയും ജീവിത രീതികളെയും കുവൈറ്റ് ജനത പകർത്തി തുടങ്ങിയത്.

അസാബിയ എന്ന സ്ഥലത്തേക്കാണ് രജനിയെ സ്‌പോൺസർ കൂട്ടിക്കൊണ്ടുപോയത്. ഒരു ശ്രീലങ്കക്കാരി, രണ്ട് ഫിലിപ്പൈൻസുകാരികൾ, ഒരു തമിഴ്‌നാട്ടുകാരി തുടങ്ങിയ ഒരു മുറിയിൽ 5 പേർ. രാവിലെ 9 മണിക്ക് തുടങ്ങുന്ന ജോലിസമയം രാത്രി 12 മണി വരെ നീളുമായിരുന്നു.

ഓഫീസ് ജോലി കൂടാതെ ഇടയ്ക്ക് ത്രഡ്ഡിങ്, വാക്‌സിങ് എന്നീ പണികളിലും ഏർപ്പെടേണ്ടി വന്നു രജനിക്ക്. ആഹാരം 50 ഫിൽഡിന് 5 കുബ്ബുസ്സ് രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഡാൽകറി ചേർത്ത് ഇത് കഴിക്കുക തന്നെ ഗതി. പെരുംചൂടിൽ വെന്തുരുകുന്ന നിരവധി അത്മാക്കളെ രജനി അവിടെ കണ്ടു. വീട്ടുകാരെ തങ്ങളുടെ കഷ്ടപ്പാടുകൾ അറിയിക്കുവാൻ കഴിയാത്ത അശരണരായ, അകപ്പെട്ടുപോയ യുവതികൾ.

ഏകദേശം ഒരു വർഷക്കാലം നാട്ടിലേക്ക് ഒന്ന് വിളിക്കുവാനോ ഒരു കത്തിടുവാനോ കഴിയാതെ തികച്ചും വീട്ടുതടങ്കൽ പോലുള്ള ജീവിതം. ഒടുവിൽ ഒരു ദിനം അപ്രതീക്ഷിതമായി ഒരു ചെറുപ്പക്കാരൻ ഞാൻ ഒരു മുസ്ലിം എന്ന കുറവ് നിനക്ക് തോന്നുന്നില്ലെങ്കിൽ നിന്നെ ഞാൻ രക്ഷിക്കാം. നമുക്ക് ഒന്നിച്ച് ജീവിക്കാം. ഓർക്കാപ്പുറത്ത് ഒരു പിടിവള്ളി കൈയിൽ തടഞ്ഞതുപോലെ. ബ്യൂട്ടിപാർലറിൽ സ്ഥിരമായി വന്നിരുന്ന ഒരു അറബിയുടെ ഡ്രൈവർ പത്തനംതിട്ട അടൂർ നിവാസി. സമ്മതം. ഒരു സുരക്ഷിതത്വം-ഒരു രക്ഷപ്പെടൽ-ജീവിതം തിരികെ കൈപ്പിടിയിൽ ഒതുങ്ങുന്നതുപോലെയുള്ള തോന്നൽ.

രജനിയുടെ സ്‌പോൺസറെ കണ്ട് 1500 ദിനാർ കൊടുത്ത് അയാൾ റിലീസുവാങ്ങി തന്റെ ഇരട്ടമുറി ഫ്‌ലാറ്റിൽ നസീർ എന്ന യുവാവ് രജനിയെ പാർപ്പിച്ചു. വീണ്ടും ആറുമാസക്കാലം. അതിരാവിലെ വീട്ടുജോലികൾ തീർത്ത് തന്റെ കൂട്ടുകാരനുള്ള ഭക്ഷണം പാകംചെയ്തുകൊടുത്തുവിടുന്നതിൽ മാത്രം ഒതുങ്ങിനിന്നു നസീർ-രജനി കൂട്ടുകെട്ട്. നസീർ കട്ടിലിലും രജനി താഴെ നിലത്ത് പായ് വിരിച്ച് ഒരു കൂരയ്ക്ക് കീഴിൽ നല്ല മിത്രങ്ങളായി മാത്രം.

2001 ഫെബ്രുവരി 5-ാം തീയതി അന്നായിരുന്നു രജനിയുടെ പിറന്നാൾ. തന്റെ കൂട്ടുകാരിയുടെ പിറന്നാൾ സമ്മാനമായി സ്വന്തം അറബിയുടെ ശുപാർശയിലും സഹായത്താലും രജനിക്ക് അഗ്രികൾച്ചർ ഡിപ്പാർട്ട്‌മെന്റിൽ ഒരു പണി തരപ്പെടുത്തി. അന്നത്തെ രാത്രി അവർ സ്വയം ആദ്യരാത്രിയാക്കി കുടുംബജീവിതം സമാരംഭിച്ചു. ഓഫീസ് വിട്ടു വരുന്ന വഴി സൂപ്പർമാർക്കറ്റിൽ നിന്നും രജനി സ്വയം കരുതിക്കൊണ്ടുവന്ന പൂക്കൾ കൊണ്ട് കിടക്ക അലങ്കരിച്ച് നവവധുപോലെ കൈയിൽ ഒരു ഗ്ലാസ്സ് പാലുമായി......

നീണ്ട 10 വർഷത്തിനുള്ളിൽ ഒരു തവണ മാത്രമേ നസീറും രജനിയും നാട്ടിൽ കാലുകുത്തിയിട്ടുള്ളൂ. അതിനുള്ളിൽ അച്ഛനും പിന്നാലെ അമ്മയും കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. അനുജന് ഒരു പ്രൈവറ്റ് കമ്പനിയിൽ പണിയായി. 2010-ൽ 5 ലക്ഷം രൂപ പെങ്ങളുടെ അല്ല അളിയന്റെയും കൂടി സമ്മാനമായി അനുജന് നൽകി അവർ കുടുംബ ബന്ധം പുതുക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP