Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

രാജവെമ്പാല കടിച്ച് അരമണിക്കൂറിനുള്ളിൽ ആന പോലും ചെരിയും; എന്നിട്ടും സുരേഷ് എങ്ങനെ 51 രാജവെമ്പാലകളെ കൈകാര്യം ചെയ്തു? നമ്മുടെ വാവ സുരേഷ് അങ്ങനെ ദേശീയ താരമായി

രാജവെമ്പാല കടിച്ച് അരമണിക്കൂറിനുള്ളിൽ ആന പോലും ചെരിയും; എന്നിട്ടും സുരേഷ് എങ്ങനെ 51 രാജവെമ്പാലകളെ കൈകാര്യം ചെയ്തു? നമ്മുടെ വാവ സുരേഷ് അങ്ങനെ ദേശീയ താരമായി

തിരുവനന്തപുരം: ഇന്നലെ രാത്രി ഒരു പാമ്പ് വഴിയിലുണ്ടായിരുന്നുവെന്നറിഞ്ഞാൽ ഇന്ന് രാവിലെക്കൂടി ആ വഴി നടക്കാൻ പേടിക്കുന്നവരാണ് നമ്മിൽ ഭൂരിഭാഗം പേരും. കൊലക്കൊമ്പനെ തളയ്ക്കുന്ന വീരശൂരപരാക്രമികളായ ആനവിദഗ്ധന്മാർക്ക് പോലും ഉഗ്രജാതികളായ പാമ്പുകളെ ഭയമാണ്. രാജവെമ്പാലയെന്ന ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പ് കടിച്ചാൽ ആന പോലും അരമണിക്കൂറിനുള്ളിൽ ചെരിയുമന്നുറപ്പാണ്. എന്നാൽ തുമ്പിയെപ്പിടിക്കുന്ന ലാഘവത്തോടെ രാജവെമ്പാലകളെ കൈകാര്യം ചെയ്യുന്ന ഒരു അത്ഭുതമലയാളി നമുക്കിടിയിലുണ്ട്. നമുക്കദ്ദേഹത്തെ വാവ സുരേഷ് എന്ന് വിളിക്കാം.

പേരിൽ വാവയാണെങ്കിലും പ്രവൃത്തിയിൽ വീരശൂരപരാക്രമിയാണീ സുരേഷ്. ഇക്കാലയളവിനിടയിൽ 51 രാജവെമ്പാലകളെയാണ് ഈ പാമ്പുപിടിത്തക്കാരൻ അനായാസമായി പിടിച്ചത്. ഇതിലുപരി 32,000 കൊള്ളാവുന്ന പാമ്പുകളെ വാവ പിടിച്ച് കാട്ടിലേക്ക് വിട്ടിട്ടുണ്ട്. ഇതിനിടെ 254 തവണ പാമ്പുകടിയേറ്റിട്ടുണ്ട്. എന്നാൽ വെറും ആറ് തവണ മാത്രെ വാവ ആശുപത്രിയിൽ കിടന്നിട്ടുള്ളൂ. രണ്ടു തവണ വെന്റലേറ്ററിലാകുകയും ചെയ്തു. തുടർച്ചായായുള്ള പാമ്പുകടിയേൽക്കുന്നതിനാൽ സുരേഷിന്റെ ലിവറിന് പ്രശ്‌നങ്ങളുണ്ടെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടും പാമ്പ്പിടുത്തമെന്ന തപസ്യ ഉപേക്ഷിക്കാൻ വാവ സുരേഷ് തയ്യാറായിട്ടില്ല. 2005ൽ ഒരു മൂർഖൻ കടിച്ചതിനെത്തുടർന്ന് സുരേഷിന്റെ ഒരു ചൂണ്ടുവിരൽ നഷ്ടപ്പെട്ടിട്ടുണ്ട്. മറ്റൊരു ആക്രമണത്തിൽ വലത്തെ കണങ്കൈ അഥവാ റിസ്റ്റിന്റെ ചലനശേഷി നഷ്ടപ്പെടുകയുമുണ്ടായി. എന്നിട്ടും വിഷംചീറ്റുന്ന ചങ്ങാതികളുടെ തോളിൽ കൈയിട്ട് നടക്കാനാണ് സുരേഷിനിഷ്ടം.

Stories you may Like

തന്നേക്കാൾ കൂടുതൽ സുരേഷ് പാമ്പുകളെയാണ് സ്‌നേഹിക്കുന്നതെന്നറിഞ്ഞ നിമിഷം മുതൽ ഭാര്യ ഇയാളെ ഉപേക്ഷിച്ച് പോവുകയായിരുന്നു. 12 വർഷത്തെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷമായിരുന്നു ഈ വേർപിരിയൽ. ഇണചേരുന്ന രണ്ടു പാമ്പുകളെ തന്റെ കൂട്ടുകാർ ക്രൂരമായി കല്ലെറിഞ്ഞു കൊല്ലുന്നത് കണ്ടത് മുതലാണ് തന്റെ 12ാം വയസ്സിൽ സുരേഷിന് പാമ്പുകളോടുള്ള സ്‌നേഹമാരംഭിക്കുന്നത്. പിന്നീട് സ്‌കൂൾ പഠനത്തിന് ശേഷം വാവ സുരേഷ് പാമ്പുകളുടെ ലോകത്തേക്ക് ചേക്കേറുകയായിരുന്നു. പിന്നീടുതുവരെ തിരിഞ്ഞ് നോക്കിയിട്ടില്ല. കേരളത്തിലെ വീടുകളിൽ ഇന്ന് വാവസുരേഷ് പരിചിതമായ മുഖമാണ്. വർഷം തോറും 40,000 പേരെയാണ് ഇവിടെ പാമ്പ് കടിക്കുന്നത്. അതിൽ 60 ഓളം പേർ മരിക്കുകയും ചെയ്യുന്നുണ്ട്.

2013ൽ ചാൾസ് രാജകുമാരൻ ത്രിശൂർ സന്ദർശിച്ചപ്പോൾ വാവ സുരേഷിനെക്കാണാൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പ്രത്യേക സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കാതെ താൻ പാമ്പുകളെ പിടിക്കുന്ന വിധം അന്ന് സുരേഷ് ചാൾസ് രാജകുമാരന് മുമ്പിൽ പ്രദർശിപ്പിക്കുകയും അദ്ദേഹം അത്ഭുതപരതന്ത്രനാവുകയും ചെയ്തിരുന്നു. രാജവെമ്പാലയുടെ കടിയേററാൽ ആനപോലും അരമണിക്കൂറിനുള്ളിൽ ചെരിയുമെന്നിരിക്കെ സുരേഷ് എങ്ങിനെയാണ് 51 രാജവെമ്പാലകളെ കൈകാര്യം ചെയ്തതെന്ന ചോദ്യം ചാൾസ് രാജകുമാരൻ അന്ന് ചോദിച്ചിരുന്നു. ഈ ചോദ്യത്തിനുള്ള ഉത്തരം നൽകാൻ മെഡിക്കൽ സയൻസിനു പോലും സാധിക്കുന്നില്ല. അതൊരു നിഗൂഢതയായി തുടരുകയാണ്.

പാമ്പുകൾ സൗഹൃദം പുലർത്തുന്ന ജീവികളാണെന്നാണ് സുരേഷ് പറയുന്നത്. പ്രകോപനം കൂടാതെ ഒരു പാമ്പും ആരെയും ആക്രമിക്കില്ല. അവരുടെ ആവാസവ്യവസ്ഥ നാം കൈയടക്കുമ്പോൾ അവ എവിടെപ്പോകുമെന്നാണ് സുരേഷ് ചോദിക്കുന്നത്. പാമ്പുകളെക്കുറിച്ചുള്ള ക്ലാസുകളെടുക്കുന്ന വേളിയിൽ സുരേഷ് സ്ഥിരം ചോദിക്കുന്ന ചോദ്യമാണിത്. പാമ്പുകളുമായി ബന്ധപ്പെട്ട് നിത്യേന 25 ഫോൺ കാളുകളെങ്കിലും സുരേഷിന് ലഭിക്കാറുണ്ട്. ദിവസവും പാമ്പുമായി ബന്ധപ്പെട്ട് സംഗതികൾക്കായി 200 കിലോമീറ്ററെങ്കിലും യാത്രചെയ്യാറുമുണ്ട്. കുറേ വിളികൾ വരുന്നതിനാൽ ഏററവും പ്രാധാന്യമുള്ള പ്രശ്‌നങ്ങളിൽ മാത്രം ഇടപെടാനാണ് സുരേഷ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

പാമ്പുകടിച്ചാൽ ആളുകൾ ആദ്യം അതിനെ കൊല്ലുകയാണ് ചെയ്യുന്നതെന്ന് സുരേഷിന് പരാതിയുണ്ട്. എന്നാൽ പാമ്പുകൾ മനുഷ്യനും പരിസ്ഥിതിക്കും ഉപകാരികളാണെന്നാണ് ഇയാളുടെ പക്ഷം. എലികളെ ഇല്ലാതാക്കുന്ന ഇവ കർഷകരുടെ മിത്രങ്ങളാണ്. ഇതിലൂടെ പരിസ്ഥിതിയുടെ സന്തുലനാവസ്ഥ നിലനിർത്താനും പാമ്പുകൾ സഹായിക്കുന്നുവെന്നും സുരേഷ് പറയുന്നു.

ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാരും വെറ്ററിനറിയന്മാരും സുരേഷിന്റെ ഉപദേശം സ്ഥിരമായി തേടാറുണ്ട്. വനങ്ങളിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥന്മാർക്ക് സുരേഷ് സ്ഥിരമായി ക്ലാസുകൾ എടുക്കാറുണ്ട്. വനങ്ങളിൽ നിന്ന് പരിക്കേൽക്കുന്നവരെ ചികിത്സിക്കാനും സുരേഷ് തയ്യാറാവാറുണ്ട്. തിരുവനന്തപുരം നഗരത്തിലുള്ള അദ്ദേഹത്തിന്റെ വീടിന്റെ രണ്ടുമുറികളിൽ നിറയെ പാമ്പുകളെ വളർത്തുന്നുണ്ട്.

പാമ്പ് പിടിത്തത്തിന്റെ പേരിൽ ആയിരക്കണക്കിന് പുരസ്‌കാരങ്ങൾ വാവസുരേഷിനെത്തേടിയെത്തിയിട്ടുണ്ട്.പുരസ്‌കാരങ്ങൾക്കൊപ്പമുള്ള പണം പാമ്പുകളുടെ ക്ഷേമത്തിന് വേണ്ടിയാണ് ഇയാൾ ഉപയോഗിക്കുന്നത്. അഭ്യുദയകാംക്ഷികളും പ്രകൃതിസ്‌നേഹികളും ഇക്കാര്യത്തിൽ സുരേഷിന് പിന്തുണയേകുന്നുണ്ട്. രണ്ടു വർഷം മുമ്പ് സംസ്ഥാന ഗവൺമെന്റ് സുരേഷിന് ജോലി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ തന്റെ പാമ്പ് സ്‌നേഹത്തിന് ഇത് തടസ്സമാകുമെന്ന് പറഞ്ഞ് സുരേഷ് ഇത് സ്വീകരിക്കാൻ തയ്യാറായില്ല. പടിഞ്ഞാറൻ ഏഷ്യയിൽ നിന്നും ചില നല്ല ഓഫറുകൾ ലഭിച്ചിരുന്നെങ്കിലും സുരേഷ് അവയും ഉപേക്ഷിക്കുകയായിരുന്നു.

ഭൂമിമാതാവിനെ സംരക്ഷിക്കുന്ന കാര്യത്തിൽ വാവസുരേഷ് നമുക്ക് മാതൃകയാണെന്നാണ് മുൻ കേന്ദ്രമന്ത്രിയും തിരുവനന്തപുരം എംപിയുമായ ശശിതരൂർ ഒരിക്കൽ പറഞ്ഞത്.

മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കുന്നതിലൂടെ കേന്ദ്രഗവൺ മെന്റ് പരിസ്ഥിതി സംരംക്ഷണത്തിന് ഏറെ ഗുണം ചെയ്യുമെന്നാണ് വാവസുരേഷ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ ക്വാറി മാഫിയകളെ സർക്കാർ അടിച്ചമർത്തുമെന്നാണ് സുരേഷ് കരുതുന്നത്. പ്രകൃതി മനുഷ്യന് മാത്രം അവകാശപ്പെട്ടതല്ലെന്നും മറിച്ച് സമസ്തജീവികൾക്കും അവകാശപ്പെട്ടതാണെന്നും വാവ സുരേഷ് പറയുന്നു.

തിരുവന്തപുരം ഐടിപാർക്കിലെ പ്രൊഫഷണലുകൾ സുരേഷുമായി സംവദിക്കാനുള്ള ഒരു ഇന്ററാക്ടീവ് പോർട്ടൽ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കിങ് കോബ്രയെന്നാണിതിന്റെ പേര്. ഇതിനായി ആൻഡ്രോയ്ഡിൽ അധിഷ്ഠിതമായ ഒരു ആപ്ലിക്കേഷനും അവർ തയ്യാറാക്കുന്നുണ്ട്. ഇതിലൂടെ പാമ്പുകളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ യൂസർമാർക്ക് പോസ്റ്റ് ചെയ്യാം. സുരേഷ് ഇവ ക്ലാരിഫൈ ചെയ്യുന്നതാണ്. ഓരോ ജീവിക്കും തന്റേതായ ഇടമുണ്ടാകുന്ന ഒരു ലോകം സ്വപ്നം കണ്ടുകൊണ്ട് വാവസുരേഷ് തന്റെ യജ്ഞങ്ങൾ തുടരുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP