Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

നരകവാരിധി നടുവിൽ

നരകവാരിധി നടുവിൽ

നാല് ആങ്ങളമാരുടെ നടുവിൽ പിറന്ന ഏക പെങ്ങൾ. ഇടത്തരം നായർ തറവാട്ടിൽ ബാല്യകൗമാരങ്ങൾ ചിലവഴിച്ചു വളർന്ന ശാന്തകുമാരിക്ക് പ്രായത്തിൽ ഉപരിയായിട്ടുള്ള ശരീരപുഷ്ടിയും ആരോഗ്യവും പ്രദാനം ചെയ്തത് നേരത്തെകാലത്തെയുള്ള വിവാഹ ജീവിതമായിരുന്നു. പട്ടാളക്കാരനായിരുന്നു വരൻ. കാഴ്ചയിൽ സുന്ദരനും. ആങ്ങളമാരുടെയും അമ്മാവന്റെയും അന്വേഷണത്തിൽ നല്ല കുടുംബക്കാരനും. പിന്നീട് എല്ലാം പെട്ടെന്നായിരുന്നു. വീടിനുമുന്നിൽ പന്തൽ ഒരുങ്ങി. ആർഭാടമായി വിവാഹം നടന്നു.

രണ്ടു മക്കൾ പിറന്നത് മഹാരാഷ്ട്രയിൽ ജോലി നോക്കുമ്പോൾ പൂനയിൽ വച്ചായിരുന്നു. രണ്ടും പെൺകുട്ടികൾ-സുന്ദരിമാർ. പിന്നീട് കുറെക്കാലം മദ്രാസിൽ ആവഡിയിൽ ക്വാർട്ടേഴ്‌സിൽ താമസിക്കുമ്പോൾ ജനിച്ചവളാണ് ഷീല. ഷീലമോളുടെ പ്രസവത്തിനായി നാട്ടിൽ വന്ന ശാന്തകുമാരിയും മക്കളും പിന്നീട് സ്ഥിരതാമസം തിരുവനന്തപുരത്ത് കുമാരപുരത്ത് അച്ഛന്റെ കുടുംബ ഷെയറായി ലഭിച്ച വീട്ടിൽ തന്നെയായിരുന്നു.

1982 ൽ ചില നടപടികൾക്ക് വിധേയനായി സർവ്വീസിൽ നിന്നും പിരിച്ചു വിടപ്പെട്ട ലാൻസ്‌നായിൽ പിആർ നായർ എന്ന രവീന്ദ്രൻ നായർ ശാന്തകുമാരിക്ക് ദുരിതങ്ങളുടെ കൂമ്പാരമാണ് പിന്നീട് നൽകിയത്-മരിക്കുവോളം. 1990 ൽ ശാന്തകുമാരി വീണ്ടും ഒരു കുഞ്ഞിന് ജന്മം നൽകി ഒരു പൊന്നോമന മകൻ. അവന് അജിത്ത് എന്ന് പേര് നൽകി. തട്ടിയും മുട്ടിയും ജീവിതം മുന്നോട്ട് നീങ്ങി. നാലാമത്തെ കുഞ്ഞിന്റെ ജനനം തനിക്ക് നൽകിയ മാനസിക പിരിമുറുക്കവും ആത്മനിന്ദയും ശാന്തകുമാരി പരസ്പരം പങ്കുവച്ചത് മെഡിക്കൽകോളേജിലെ നഴ്‌സ് കൂടിയായ ബന്ധു വസുമതി സിസ്റ്ററുമായിട്ടായിരുന്നു. നാലാമതും പെൺകുഞ്ഞായി പോയാലോ എന്ന ചിന്തയിൽ ഗർഭം അലസിപ്പിക്കുവാൻ വേണ്ടസഹായത്തിനായിട്ടാണ് വസുമതി സിസ്റ്ററെ പോയി നേരിൽ കണ്ടത്. പക്ഷേ, അവരുടെ സമീപനം-ഒരു പക്ഷേ നിനക്ക് പിറക്കുവാൻ പോകുന്നത് ഒരു ആൺകുഞ്ഞാണെങ്കിലോ? എന്ന മറുചോദ്യവും സാന്ത്വനിപ്പിക്കുന്ന വർത്തമാനങ്ങളുമായിരുന്നു. എന്തായാലും വരുന്നതുപോലെ വരട്ടേയെന്ന് സമാധാനിച്ചു.

മകനെ സ്‌ക്കൂളിൽ ചേർക്കുവാനുള്ള ഭാഗ്യം അച്ഛനുണ്ടായില്ല. തികഞ്ഞ മദ്യപാനം രവീന്ദ്രൻ നായരെ ചാരായഷാപ്പിനുള്ളിൽ നടന്ന വാക്കുതർക്കവും തുടർന്നുള്ള കത്തിക്കുത്തിന് ഇരയായി അനാഥശവമാക്കി മാറ്റി. പതിവായി നേരം വൈകി മദ്യപിച്ച് മദോന്മത്തനായി എത്തിയിരുന്ന രവീന്ദ്രൻ നായരെ രാത്രി വളരെ വൈകിയും ശാന്തകുമാരി വഴിക്കണ്ണുമായി കാത്തിരുന്നു. പിറ്റേദിവസം രാവിലെ പൊലീസ്‌സ്റ്റേഷനിൽ നിന്നും എസ്‌ഐയും പാർട്ടിയും വന്നു പറയുമ്പോൾ മാത്രമാണ് തലേദിവസം രാത്രിയുണ്ടായ കത്തികുത്തിൽ തന്റെ കുട്ടികളുടെ അച്ഛൻ പിടഞ്ഞു മരിച്ചത് ശാന്തകുമാരി അറിയുന്നത്. പ്രജ്ഞയറ്റുവീണ ശാന്തകുമാരി ആഴ്ചകളോളം ആ കിടപ്പ് കിടന്നു. ആങ്ങളമാരുടെ നേതൃത്വത്തിൽ മറ്റ് ചടങ്ങുകൾ നടത്തിത്തീർത്തു.

ശാന്തകുമാരി തുടർന്ന് അനുഭവിച്ച കഷ്ടപ്പാടുകൾ വിവരണാതീതമാണ്-മൂന്ന് െപൺമക്കളിൽ ഒരാളിനെ ദത്തെടുക്കുവാൻ തയ്യാറായി സ്ഥലം എസ്‌ഐ ഒന്നു രണ്ടു തവണ ഭാര്യാസമേതനായി വന്നുപോയി. കാരണം അദ്ദേഹത്തിന് രണ്ട് ആൺമക്കൾ മാത്രം. പക്ഷേ, ഇല്ലായ്മയിലും ശാന്തകുമാരി എന്ന അമ്മ അതിന് തയ്യാറായില്ല. പകരം അദ്ദേഹത്തിന്റെ കൂടിയായ സഹായത്താൽ വഞ്ചി പുവർഫണ്ടിൽ മൂന്ന് പെൺമക്കളെയും മാറ്റിപ്പാർപ്പിച്ച് പഠിപ്പിച്ചു. മകനെ മാത്രം തന്നോടൊപ്പം കൂട്ടി. അടുത്ത ചില വീടുകളിൽ അടുക്കളപ്പണിക്ക് പോയിത്തുടങ്ങി.

ഭർത്താവ് വരുത്തിവച്ച കടബാദ്ധ്യതകളിൽ പെട്ട് 8 സെന്റ് പുരയിടത്തിൽ 3 സെന്റ് ഒഴികെ 5 സെന്റ് സ്ഥലവും കെട്ടിടവും ഭർതൃസഹോദരിക്ക് വിറ്റു. രണ്ട് പെൺമക്കളുടെ വിവാഹം നടത്തിവിട്ടു. ഒരു ഗൾഫുകാരനും, വകയിൽ ബന്ധുവായ ഒരു ഇലക്ട്രീഷ്യനും സുന്ദരികളായ മക്കൾക്ക് ഭർത്താക്കന്മാരായി ലഭിച്ചു.

പഞ്ചായത്ത് പ്രദേശമായിരുന്നതിനാൽ വട്ടിയൂർക്കാവ് ബ്ലോക്ക് അധീനതയിലായിരുന്ന സ്ഥലത്ത് സർക്കാരിന്റെ ധനസഹായത്താൽ ഒരു വീടുപണിയുവാൻ കഴിഞ്ഞു. സഹോദരങ്ങളുടെ സഹായവും ലഭിച്ചു. വീടുപണി പൂർത്തീകരിച്ചപ്പോൾ ശാന്ത പത്താംതരം പാസായി തയ്യൽ പരിശീലനവും നേടിയ ഇളയമകളെ വഞ്ചി പുവർഹോമിൽ നിന്നും മാറ്റി തന്നോടൊപ്പം താമസിപ്പിക്കുവാൻ തയ്യാറായി.

ശാന്തകുമാരിയുടെ ബുദ്ധിമുട്ടും കഷ്ടപ്പാടും മനസ്സിലാക്കിയ എൻഎസ്എസ് കരയോഗം ഭാരവാഹികൾ മകന്റെ വിദ്യാഭ്യാസ ചെലവുകൾ സ്വയം ഏറ്റെടുത്തു. ഇന്ന് എംബിഎ പാസായ അജിത്ത് ഒരു പ്രൈവറ്റ് ഫേമിൽ ജോലി നോക്കുന്നു. പുവർഹോമിൽ അന്തേവാസിയായിരുന്ന രാജേഷ് വിവാഹ അഭ്യർത്ഥനയുമായി വന്നപ്പോൾ ഷീലയെ അയാൾക്ക് വിവാഹം ചെയ്തു കൊടുക്കുവാൻ വീട്ടുകാർ തയ്യാറായി. നല്ല പരിശീലനം നേടിയ കാർപെന്റർ പണിക്കാരനും ചെറിയ കോൺട്രാക്ടറുമായിരുന്ന രാജേഷ്. വീടും അതിരിക്കുന്ന ഒന്നര സെന്റ് സ്ഥലവും സ്ത്രീധനമായി നൽകുവാൻ ശാന്തകുമാരി തയ്യാറായി.

കാറും കോളും നിറഞ്ഞ അന്തരീക്ഷത്തിൽ കുടുംബം എന്ന തോണി ഇടയ്ക്ക് ഒറ്റയ്ക്ക് തുഴഞ്ഞ് ഓരോ കടവിലും എത്തിക്കുവാൻ പാടുപെട്ട ഈ കുടുംബിനി ഇപ്പോൾ നേരിടുന്ന പ്രശ്‌നം 3 സെന്റ് ഭൂമിയെ താൻ ഉൾപ്പെടുന്ന 5 അംഗങ്ങൾക്ക് തുല്യമായി എങ്ങനെ വീതിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തുന്ന വിഷമവൃത്തത്തിലാണ്.

ഏക മകനോ? ചോദ്യങ്ങൾ ഏറെ വരുവാനുള്ള സാദ്ധ്യതയുള്ളതാണ്. കൂടെ പഠിച്ച ഒരു പെൺകുട്ടിയുമായി ചേർന്ന് രജിസ്റ്റർ മാര്യേജ് നടത്തി അവളുടെ വീട്ടിൽ കുടിവച്ചു കഴിയുന്നു ഏകമകൻ. എന്തെല്ലാം കഷ്ടപ്പാടുകൾ സഹിച്ചു വളർത്തിയതാണീ മക്കളെ. പ്രതിമാസം 2000 രൂപ വീട്ടിൽ കൊണ്ട് എത്തിക്കുന്നതിൽ ഒതുങ്ങി മകന്റെ സാന്നിദ്ധ്യം.....

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP