Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇഷ്ട സ്ത്രീയെ വിവാഹം കഴിക്കണമെങ്കിൽ പുരുഷ കേസരികൾ നിരവധി പരീക്ഷണങ്ങൾ വിജയിക്കണം; ആഫ്രിക്കൻ രാജ്യത്തെ സ്വയംവരോത്സവത്തെ അറിയാം...

ഇഷ്ട സ്ത്രീയെ വിവാഹം കഴിക്കണമെങ്കിൽ പുരുഷ കേസരികൾ നിരവധി പരീക്ഷണങ്ങൾ വിജയിക്കണം; ആഫ്രിക്കൻ രാജ്യത്തെ സ്വയംവരോത്സവത്തെ അറിയാം...

രവികുമാർ അമ്പാടി

രുക്മിണീ സ്വയംവരം, സീതാസ്വയംവരം, ദ്രൗപതീ സ്വയംവരം എന്നിങ്ങനെ നിരവധി സ്വയംവരകഥകൾ നമ്മൾ ഭാരതീയർക്ക് സുപരിചിതമാണ്. സ്വന്തം പങ്കാളിയെ കണ്ടെത്താനുള്ള സ്ത്രീയുടെ അവകാശത്തെ ഉയർത്തികാണിക്കുന്ന ഒന്നാണ് സ്വയംവരം. തന്റെ സ്വപ്നത്തിലെ പുരുഷന്റെ യോഗ്യതകൾ കണ്ടെത്താൻ നടത്തുന്ന വിവിധ പരീക്ഷകൾക്കും പരീക്ഷണങ്ങൾക്കുമൊടുവിൽ, സ്ത്രീ വിജയിയെ കണ്ടെത്തി വിവാഹം ചെയ്യുന്ന രീതി.

ഇന്ന്, നമ്മുടെ നാട്ടിൽനിന്നും ഈ സമ്പ്രദായം പാടെ ഒഴിഞ്ഞുപോയിരിക്കുന്നു. കുടുംബക്കാരുടെ വിവിധ ആവശ്യങ്ങൾക്കനുസരിച്ചുള്ള ഒരാളുമായി ജീവിതം പങ്കുവെക്കേണ്ടിവരുന്ന ഒരു ഗതികേടിലാണ് ഇന്നത്തെ മിക്ക ഇന്ത്യൻ സ്ത്രീകളും. വ്യക്തിപരമായ കാര്യം എന്നതിൽ നിന്നും രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ബന്ധം എന്ന നിലയിലേക്ക് വിവാഹബന്ധം മാറിയപ്പോൾ, കച്ചവട താത്പര്യവും, മറ്റു സാമൂഹികമായ പരിഗണനകളുമൊക്കെ മുൻനിരയിൽ സ്ഥാനം പിടിച്ചു. സ്ത്രീയുടെ ഇഷ്ടത്തിന് പ്രസക്തി കുറഞ്ഞു.

എന്നാൽ, ഇന്നും സ്ത്രീകളുടെ ഇഷ്ടം മാനിക്കുന്ന ഒരു വിഭാഗം ലോകത്തിലുണ്ട്. ആഫ്രിക്കയിലെ നൈഗർ എന്ന രാഷ്ട്രത്തിലെ വൊഡാബെ ഫുല എന്ന ഗോത്രവർഗ്ഗക്കാരാണ് ഇന്നും ഈ ആചാരം അനുഷ്ഠിച്ചു വരുന്നത്. നാടോടികളും പിന്നെ കന്നുകാലികളെ മെയ്‌ക്കുന്നവരുമാണ് ഈ ഗോത്രത്തിലെ എല്ലാവരും. എല്ലാവർഷവും, വേനലൊഴിയുമ്പോൾ അവർ സഹാറാ മരുഭൂമിയുടെ തെക്കേ അറ്റത്ത് ഒത്തുകൂടും.

യാക്കേ എന്നറിയപ്പെടുന്ന നൃത്തപരിപാടിയാണ് പ്രധാന ഇനം. മുഖത്ത് നിറയെ കടുത്തവർണ്ണങ്ങൾ അണിഞ്ഞ്, പക്ഷിത്തൂവലുകൾ കൊണ്ടലങ്കരിച്ച വസ്ത്രങ്ങളും ധരിച്ചാണ് പുരുഷകേസരികൾ എത്തുക. പനയോലകൊണ്ടുണ്ടാക്കിയ പരമ്പരാഗത തൊപ്പിയണിഞ്ഞാണ് സ്ത്രീകൾ എത്തുക. ആഫ്രിക്കൻ താളത്തിനനുസരിച്ച്, ചുവടുകൾ വച്ച് ആടിത്തിമിർക്കുന്നതിനിടയിൽ അവർ തങ്ങൾക്കിഷ്ടമുള്ള ഇണകളെ കണ്ടുവയ്ക്കും. അതിനു ശേഷമാണ്, ഒട്ടക ഓട്ട മത്സരം, അമ്പെയ്ത്ത് മത്സരം എന്നിവ നടക്കുക. ഓരോ പെൺകുട്ടിയും തെരഞ്ഞെടുക്കുന്ന പുരുഷന്മാർ, ഈ മത്സരങ്ങളിൽ പങ്കെടുക്കും. വിജയിയെ ആ പെൺകുട്ടി വരിക്കും.

ഇതിലെ മറ്റൊരു പ്രത്യേകത എന്തെന്നാൽ വിവാഹിതരായ സ്ത്രീകളും ഇതിൽ പങ്കെടുക്കും എന്നതാണ്. തനിക്ക്, അവിഹിത ബന്ധമുള്ള പുരുഷനെ, മത്സരത്തിനു പ്രേരിപ്പിച്ച് പങ്കെടുപ്പിക്കാനാണ് അവർ ഇതിൽ പങ്കെടുക്കുന്നത്. ആ മത്സരത്തിൽ ആ പുരുഷൻ വിജയിച്ചാൽ അവരുടെ ബന്ധം നിയമവിധേയമാകും. ഭർത്താവിനെ ഉപേക്ഷിക്കാതെ തന്നെ അവൾക്ക് ആ പുരുഷനുമായി ബന്ധം പുലർത്താനാകും. പുരുഷൻ പക്ഷെ എന്നും ഏകഭാര്യവ്രതക്കാരനായിരിക്കണം എന്നാണ് വോഡാബെ ഫുല ഗോത്രത്തിന്റെ നിയമം. അതു തെറ്റിച്ചാൽ കടുത്ത ശിക്ഷ അനുഭവിക്കേണ്ടതായും വരും.

സ്ത്രീശാക്തീകരണത്തിനായി വാദിക്കുന്നവർ അറിയുന്നില്ല ഇത്തരം ആചാരങ്ങൾ ലോകത്തുണ്ടെന്ന്. സ്ത്രീക്ക് പ്രാമുഖ്യം നൽകുന്ന വേറെയും ആചാരങ്ങൾ ഇവിടത്തെ വിവിധ ഗോത്രങ്ങളിൽ നിലനിൽക്കുന്നുണ്ട്. അതെല്ലാം പിന്നീടുള്ള ഭാഗങ്ങളിൽ വിവരിക്കാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP