Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അമ്മയുടെ ശസ്ത്രക്രിയ എന്തുകൊണ്ടാണ് ഞാൻ ഒരു സ്വകാര്യ ആശുപത്രിയിൽ നടത്തിയത്? സർക്കാർ ആശുപത്രിക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഒരു ഗവൺമെന്റ് ഡോക്ടർക്ക് പറയാനുള്ളത്

അമ്മയുടെ ശസ്ത്രക്രിയ എന്തുകൊണ്ടാണ് ഞാൻ ഒരു സ്വകാര്യ ആശുപത്രിയിൽ നടത്തിയത്? സർക്കാർ ആശുപത്രിക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഒരു ഗവൺമെന്റ് ഡോക്ടർക്ക് പറയാനുള്ളത്

ഡോ. ജിനേഷ് പിഎസ്

മ്മയുടെ കാൽമുട്ട് മാറ്റ ശസ്ത്രക്രിയ നടന്ന കാര്യം നേരത്തെ എഴുതിയിരുന്നതാണല്ലോ. ഒരു മാസമായി സർജറി കഴിഞ്ഞിട്ട്. ഇപ്പോൾ വേദന കുറഞ്ഞുവരുന്നു. ജോലിയൊക്കെ തനിയെ ചെയ്തുതുടങ്ങി.

ഞങ്ങൾ നെടുംകണ്ടത്തുനിന്നും പാലായിലേക്ക് താമസം മാറാൻ കാരണം അമ്മയുടെ മുട്ടിനുവേദന ആയിരുന്നു. ഞങ്ങൾ സ്‌കൂളിൽ പഠിക്കുന്ന കാലത്തുതന്നെ വേദന ആരംഭിച്ചിരുന്നു. പല വിഭാഗത്തിൽ നിന്നുള്ള ചികിത്സകൾ അന്ന് ചെയ്തിരുന്നു. അന്നത്തെ കാലത്തൊക്കെ അസഹനീയമായ തണുപ്പാണ് നെടുങ്കണ്ടത്ത്. റൂം ഹീറ്റർ ഇല്ലാതെ ഉറങ്ങാൻ സാധിക്കാത്ത അവസ്ഥ. ആ തണുപ്പും മുട്ടുവേദനയും അമ്മയെ സംബന്ധിച്ചു സഹിക്കാൻ വലിയ ബുദ്ധിമുട്ടായിരുന്നു. അങ്ങിനെയാണ് ഞങ്ങൾ അച്ഛന്റെയും അമ്മയുടെയും നാടായ കോട്ടയം ജില്ലയിൽ തിരിച്ചെത്തുന്നത്.

കാൽമുട്ടുകളിലെ തരുണാസ്ഥിയിൽ തേയ്മാനം ഉണ്ടാവുന്ന ഓസ്റ്റിയോആർത്രൈറ്റിസ് എന്ന അസുഖമായിരുന്നു. നടക്കുമ്പോൾ ലോക്ക് ആകുന്ന അവസ്ഥയിൽ എത്തിയപ്പോളാണ് സർജറി ചെയ്തത്. അതുവരെ പ്രധാനമായും വ്യായാമം തന്നെയായിരുന്നു ചികിത്സ. തരുണാസ്ഥി സംരക്ഷണത്തിനായുള്ള മരുന്നുകളും ഉപയോഗിച്ചിരുന്നു. ഭാര്യ ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്. രണ്ട് മുട്ടുകളിലും ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയ നടത്തിയതിന്റെ പിറ്റേ ദിവസം തന്നെ നടത്താൻ തുടങ്ങി. ഫിസിയോതെറാപ്പി ഡോക്ടറുടെയും ഫിസിയോതെറാപ്പിസ്റ്റിന്റെയും സഹായത്തോടെയാണ് നടക്കാൻ തുടങ്ങിയത്.
എന്തുകൊണ്ടാണ് സർക്കാർ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടത്താത്തതെന്ന ചോദ്യം പലരും ചോദിച്ചിരുന്നു.

കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു അച്ഛന്റെ രണ്ടാമത്തെ തിമിര ശസ്ത്രക്രിയ നടത്തിയിരുന്നത്. എങ്കിലും അമ്മയുടെ ശസ്ത്രക്രിയ അവിടെ നടത്തണ്ടാ എന്നാണ് തീരുമാനിച്ചത്.
അണുബാധ ഇല്ലാതിരിക്കുക എന്നതും ശസ്ത്രക്രിയക്ക് ശേഷം ശരിയായ രീതിയിൽ വ്യായാമം അടക്കമുള്ള പ്രവർത്തനങ്ങളിലൂടെ ശരീരത്തിന്റെ അവസ്ഥ യഥാസ്ഥാനത്താക്കുക എന്നതും ഏതൊരു ശസ്ത്രക്രിയയുടെയും വിജയത്തിന് ഏറ്റവും അത്യന്താപേക്ഷിതമായ കാര്യങ്ങളാണ്. ശസ്ത്രക്രിയക്കാവശ്യമായ ചിലവുകളും ഒരു പ്രധാന വിഷയമാണ്.

ഐ സി യു വിൽ ഒരു രോഗിയോടൊപ്പം എപ്പോഴും ഒരു നേഴ്‌സ് ഉണ്ടാവുന്ന സൗകര്യം സർക്കാർ ആശുപത്രികളിൽ നിലവിലില്ല. നാളെയെങ്കിലും അങ്ങിനെ ഉണ്ടാവണം എന്നാണാഗ്രഹം. താങ്ങാവുന്നതിലും വളരെയധികം ജോലിഭാരമാണ് സർക്കാർ മെഡിക്കൽ കോളേജുകളിലെ നേഴ്‌സ്മാർക്ക്. അമ്മയുടെ ശസ്ത്രക്രിയയുടെ സമയത്ത് അവരുടെ സഹായം നന്ദി പറഞ്ഞാൽ തീരാത്തതാണ്. സർക്കാർ മേഖലയിലായാലും സ്വകാര്യമേഖലയിലായാലും പലപ്പോഴും അവഗണന അനുഭവിക്കുന്ന വിഭാഗമാണവർ.

സന്ദർശകരുടെ ബാഹുല്യം അണുബാധക്കൊരു കാരണമാണ്. പലപ്പോഴും സർക്കാർ ആശുപത്രികളിൽ സന്ദർശകരെ നിയന്ത്രിക്കാൻ പാടാണ്. ഐസിയുവിലെങ്കിലും കയറാതിരിക്കുന്ന, അഥവാ കയറിയാൽ ശ്രദ്ധിക്കുന്ന ഒരു സംസ്‌കാരം വളർത്തിയെടുക്കേണ്ടതുണ്ട് എന്നാണെന്റെ അഭിപ്രായം.

മറ്റൊരു മേഖല ഫിസിക്കൽ മെഡിസിൻ വിഭാഗം ആണ്. അവരാണ് വ്യായാമം അടക്കമുള്ള പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടത്. കോട്ടയം മെഡിക്കൽ കോളേജിൽ നിലവിൽ റസിഡന്റ് ഡോക്ടർമാർ മാത്രമേ ആ വിഭാഗത്തിലുള്ളൂ. ഒരു പ്രൊഫസറും രണ്ട് അസിസ്റ്റന്റ് പ്രൊഫസർമാരും ഉള്ള വിഭാഗമായിരുന്നു.

നിലവിൽ ഓരോ വർഷവും പ്രവേശനം ലഭിക്കുന്ന ഓരോ പിജി ഡോക്ടർമാരും (ആകെ മൂന്ന്) ഒരു സീനിയർ റസിഡന്റ് ഡോക്ടറും മാത്രം. സീനിയർ റസിഡന്റ് പിജി കഴിഞ്ഞശേഷം ബോണ്ട് ചെയ്യുന്ന ആളാണ്. എംബിബിഎസ് യോഗ്യതയുള്ള ഒരു ലക്ച്ചറർ അവധിയിൽ പോയിട്ടുണ്ട്. ആൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോളേജിൽ സർജറി വിഭാഗത്തിൽ നിന്നും സ്ഥലം മാറി വന്നതാണ്.

കൂടാതെ നാല് ഫിസിയോതെറാപ്പിസ്റ്റ് തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു, അതിനാൽ ഒരാളെ താത്ക്കാലിക അടിസ്ഥാനത്തിൽ നിയമിച്ചിരുന്നു. മികച്ച ഒരു ഒക്ക്യൂപേഷണൽ തെറാപ്പിസ്റ്റുണ്ട്. പക്ഷേ, തെറാപ്പിക്കാവശ്യമായ ഒരുപകരണങ്ങളും ഇല്ല. ഒരു സ്പീച് തെറാപ്പിസ്റ്റുണ്ട്, ആവശ്യമായ മെറ്റീരിയൽ ഇല്ല. ഈ കാരണങ്ങൾ ഒക്കെ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ കോട്ടയം മെഡിക്കൽ കോളേജിലെ പിജി റസിഡന്റ് ഡോക്ടർമാർക്ക് അംഗീകാരം നൽകാത്തത്.

എംബിബിഎസ് വിദ്യാർത്ഥികൾക്കും അസ്ഥിരോഗ വിഭാഗം റസിഡന്റ് ഡോക്ടർമാർക്കും പഠനവും പരിശീലനവും നൽകണം. ഓട്ടിസം അടക്കമുള്ള കുട്ടികൾക്ക് തെറാപ്പി നൽകണം. അപകടങ്ങളിലും മറ്റും പരിക്കുപറ്റിയവർക്കുള്ള വ്യായാമം മുതൽ പുനരധിവാസം വരെയുള്ള എല്ലാ കാര്യങ്ങളും ചെയ്യണം.

ശസ്ത്രക്രിയകൾക്കും അപകടങ്ങൾക്കും ഒക്കെ ശേഷം എപ്പോൾ മെഡിക്കലി ഫിറ്റ് ആകുന്നോ, അപ്പോൾ തുടങ്ങണം ഫിസിയോതെറാപ്പി. രണ്ടുമുട്ടും മാറ്റിവെച്ച എന്റെ അമ്മക്ക് സർജറി ചെയ്തതിന്റെ പിറ്റേന്ന് തുടങ്ങി. അതുപോലെ എല്ലാവർക്കും ചെയ്യണം. അതിനുള്ള സൗകര്യങ്ങളും ഉപകരണങ്ങളും വേണം.

മികച്ച നേട്ടങ്ങൾക്കുടമയാണ് കോട്ടയം മെഡിക്കൽ കോളേജിലെ അസ്ഥിരോഗ വിഭാഗം. മികച്ച ഡോക്ടർമാരുള്ള വിഭാഗം. പക്ഷേ, അതുമാത്രം പോരാ, മെഡിക്കൽ കോളേജിനെ കുറ്റപ്പെടുത്തുകയല്ല. മെച്ചപ്പെടുത്തണം എന്നാണ് പറയുന്നത്. 1961 ലെ തസ്തികകൾ വെച്ച് ചെയ്യാവുന്നതിന്റെ പരമാവധി ഇവിടെ ചെയ്യുന്നുണ്ട്. അന്നത്തേതിന്റെ അൻപതറുപതിരട്ടി രോഗികളുണ്ടിന്ന്. അത്രയും പേർക്ക് ചികിത്സ നടത്താനുള്ള തസ്തികകൾ കൂടി സൃഷ്ടിക്കണം.

അമ്മയുടെ ശസ്ത്രക്രിയ ചെയ്ത ഡോക്ടർക്ക് സർക്കാർ മെഡിക്കൽ കോളേജിലെ ജോലി വലിയൊരാഗ്രഹമായിരുന്നെന്ന് പറഞ്ഞപ്പോൾ വലിയൊരത്ഭുതമായി. അടുത്ത സുഹൃത്താണാൾ, 2001 ബാച്ച്. മാസം കുറേ സങ്കീർണ്ണ ശസ്ത്രക്രിയകൾ ചെയ്യുന്ന ആളാണ്. സർക്കാർ മേഖലയിലെത്തിയാൽ ജനങ്ങൾക്ക് വലിയൊരുപകാരമായിരിക്കും, പക്ഷേ ...
മൂന്നാമത്തേത് പണം എന്ന വിഷയമാണ്.

ഇന്നേവരെ ഒരു മെഡിക്കൽ ഇൻഷുറൻസ് എടുത്തിട്ടില്ലാത്ത വ്യക്തിയാണ് ഞാൻ. ഈ അവസരത്തിൽ ഞങ്ങൾ പാടുപെട്ടു. അനൂപിന്റെ (അനുജത്തിയുടെ ഭർത്താവ്) ഗ്രൂപ്പ് ഇൻഷുറൻസിൽ അമ്മയുടെ പേരും ചേർത്തിരുന്നതിനാൽ മാത്രമാണ് സാമ്പത്തിക ബുദ്ധിമുട്ടില്ലാതെ ശസ്ത്രക്രിയ നടന്നുപോയത്. 3.14 ലക്ഷമായിരുന്നു ആശുപത്രി ബില്ല്. ഇൻഷുറൻസ് ഇല്ലെങ്കിൽ എനിക്കടക്കാനാവുമായിരുന്നില്ല.

അതിനാൽ ഞാനും ഒരിൻഷുറൻസ് എടുക്കാൻ തീരുമാനിച്ചു. എനിക്കും ഓസ്റ്റിയോആർത്രൈറ്റിസിന്റെ ആരംഭമാണ്. വ്യായാമം മാത്രമേയുള്ളൂ നിലവിൽ. പണ്ട് എല്ലാ കളികളിലും പങ്കെടുത്തിരുന്നതാണ്. ഇടക്കാലത്ത് നിന്നുപോയി. അതോടെ ശരീരഭാരം കൂടി. വ്യായാമം അത്യാവശ്യമാണ്. കളികൾ വീണ്ടും തുടങ്ങണം. 

(ഡോ. ജിനേഷ് പിഎസ് ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പ് പുനഃപ്രസിദ്ധീകരിക്കുന്നു)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP