Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തീർച്ചയായും ടിപ്പു സുൽത്താൻ ബ്രിട്ടീഷുകാർക്കെതിരെ ആജീവനാന്തം പോരാടിയ പരാക്രമശാലിയായ ഒരു ഭരണാധികാരിയാണ്; പക്ഷ ഒരു സ്വാതന്ത്ര്യ സമരപ്പോരാളിയല്ല: അനൂപ് സി.ബി എഴുതുന്നു

തീർച്ചയായും ടിപ്പു സുൽത്താൻ ബ്രിട്ടീഷുകാർക്കെതിരെ ആജീവനാന്തം പോരാടിയ പരാക്രമശാലിയായ ഒരു ഭരണാധികാരിയാണ്; പക്ഷ ഒരു സ്വാതന്ത്ര്യ സമരപ്പോരാളിയല്ല: അനൂപ് സി.ബി എഴുതുന്നു

അനൂപ് സി.ബി

ർണ്ണാടകയിൽ കുടക് ജില്ലയിലെ മടിക്കേരിയിൽ 2015 നവംബർ 10ന് ഒരു ചെറിയ സംഘമാളുകൾ ഒരു പ്രതിഷേധ പ്രകടനം നടത്തുകയായിരുന്നു. പെട്ടെന്ന് കുറച്ചു പേർ അതിനെ എതിർത്ത് സ്ഥലത്തെത്തി. ഇരുകൂട്ടരും പരസ്പരം കല്ലേറ് തുടങ്ങി. രംഗം സംഘർഷഭരിതമായതോടെ പൊലീസ് ലാത്തി വീശി. സംഘർഷത്തിൽ പരിക്കേറ്റ് രണ്ടു പേർ മരണപ്പെട്ടതോടെ സംഭവം കർണ്ണാടകയിൽ മാത്രമല്ല ദേശീയതലത്തിലും ശ്രദ്ധിക്കപ്പെട്ടു. ബ്രിട്ടീഷുകാർക്കെതിരെ ആജീവനാന്തം ധീരമായ പോരാട്ടം നടത്തി പതിനെട്ടാം ശതകത്തിൽ മൈസൂർ ഭരിച്ചിരുന്ന ടിപ്പു സുൽത്താന്റെ ജയന്തി ആഘോഷം നടത്തുന്നതിനെ എതിർത്ത് വിശ്വഹിന്ദു പരിഷത്തും, അനുകൂലിച്ചു മറ്റൊരു സംഘവും രംഗത്തെത്തിയതാണ് മടിക്കേരിയിലെ സംഘർഷത്തിന്റെ കാരണം. ഒരു സ്വാതന്ത്ര്യസമര പോരാളി എന്ന നിലയിൽ 1999ൽ ടിപ്പുവിന്റെ മരണത്തിന്റെ ഇരുനൂറാം വാർഷികം ആചരിക്കാൻ കർണ്ണാടക സർക്കാർ തീരുമാനമെടുത്തതോടെയാണ് വിവാദങ്ങൾ ഉടലെടുത്തത്. സർക്കാരിന്റേത് ന്യൂനപക്ഷ പ്രീണനമാണെന്ന് വ്യാപകമായ ആരോപണമുയർന്നു. കർണ്ണാടകയിലെ കുടക് ജില്ലയിലെ കൊടവ സമുദായവും, ഹിന്ദുത്വ വാദികളുമാണ് സർക്കാരിന്റെ ഈ തീരുമാനത്തിനോട് പ്രധാനമായും എതിർപ്പ് പ്രകടിപ്പിച്ചത്. ഇതര സമുദായത്തിലുള്ളവരോട് നാമമാത്രമായ സഹിഷ്ണുത പോലും കാണിക്കാതിരിക്കുകയും, അവരെ ബലം പ്രയോഗിച്ചു മതം മാറ്റുകയും, എതിർത്ത ആയിരക്കണക്കിന് പേരെ കൊന്ന് തള്ളുകയും ചെയ്ത നിഷ്ടൂരനായ ഒരു ഭരണാധികാരി മാത്രമാണ് ടിപ്പു എന്നും, ഒരിക്കലും അദ്ദേഹം സ്വാതന്ത്ര്യ സമരപോരാളിയോ, രാജ്യസ്‌നേഹിയോ ആയിരുന്നില്ലെന്നും പ്രതിഷേധക്കാർ വാദമുയർത്തിയതോടെ 'ടിപ്പു സുൽത്താൻ' വിഷയം ചരിത്രകാരന്മാരെ പോലും ഇരുചേരിയിലാക്കിയ ഒരു വലിയ ചർച്ചക്കാണ് വഴി തുറന്നത്.

മൈസൂർ ഭരണാധികാരി ആയിരുന്ന ഹൈദരാലിയുടെ മൂത്ത പുത്രനായി 1750ൽ ജനിച്ച ഫത്തഹ് അലിഖാൻ ടിപ്പു എന്ന ടിപ്പു സുൽത്താൻ ചെറുപ്രായത്തിൽ തന്നെ ആയോധന കലയിലും, ഭരണകാര്യങ്ങളിലും ഏറെ തത്പരനായിരുന്നു. ഫ്രഞ്ചുകാരും, ഡച്ചുകാരും, ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും ഇന്ത്യയിൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാൻ കിട മത്സരം നടത്തിക്കൊണ്ടിരുന്ന ഒരു കാലഘട്ടത്തിലാണ് ടിപ്പു പിറന്നു വീണത്. അക്കാലത്ത് ഇന്ത്യൻ ഉപഭൂഖണ്ഡം പരസ്പരം പോരടിക്കുന്ന ആയിരക്കണക്കിന് നാട്ടുരാജ്യങ്ങളായിരുന്നു. കേരളം പോലുള്ള ഒരു ചെറിയ പ്രദേശം പോലും, അറയ്ക്കൽ രാജവംശവും, കോലത്തിരി രാജവംശവും, സാമൂതിരിയും, കൊച്ചി രാജവംശവും, തിരുവതാംകൂർ രാജാക്കന്മാരുമെല്ലാം ഉൾപ്പെട്ടതായിരുന്നു. 1782ൽ ബ്രിട്ടീഷുകാർ മാഹിയും, കോഴിക്കോടും കീഴടക്കി മുന്നേറിയപ്പോൾ തലശ്ശേരിയിലെ നാട്ടുരാജാവായ സർദാർ ഖാൻ പരാജയപ്പെട്ട് ആത്മഹത്യ ചെയ്യുകയുണ്ടായി. ഇതറിഞ്ഞ ഹൈദരാലി തന്റെ സൈന്യാധിപനായ മഖ്ദൂം അലിയെ ബ്രിട്ടീഷുകാരോട് എതിരിടാൻ മലബാറിലേക്ക് അയച്ചു. എന്നാൽ ബ്രിട്ടീഷുകാർ മഖ്ദൂം അലിയെ കീഴടക്കി വധിച്ചു. ഇതോടെയാണ് മലബാർ തന്റെ നിയന്ത്രണത്തിലാക്കാൻ ഹൈദരാലി തന്റെ പുത്രനായ ടിപ്പുവിനെ അയക്കുന്നത്. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സംരക്ഷണത്തിൽ ഉണ്ടായിരുന്ന തിരുവതാംകൂർ ഒഴിച്ചാൽ കൊച്ചിയും, മലബാറുമുൾപ്പെടുന്ന കേരളത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും മൈസൂർ രാജവംശത്തിന്റെ അധീനതയിൽ ആക്കുന്നതിൽ ടിപ്പു സുൽത്താൻ വിജയിച്ചു.

പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിൽ മലബാറിൽ കളക്ടറായിരുന്ന വില്യം ലോഗൻ തന്റെ പ്രസിദ്ധമായ 'മലബാർ മാനുവൽ' എന്ന ഗ്രന്ഥത്തിൽ ടിപ്പു കേരളത്തിൽ നടത്തിയ പടയോട്ടത്തെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. മലബാർ മാനുവൽ ഒന്നാം വാള്യത്തിലെ മൂന്നാം അധ്യായമായ 'ദ മൈസൂരിയൻ കോൺക്വസ്റ്റ്' (The Mysorean Conquest) ഹൈദരാലിയുടെയും, ടിപ്പുവിന്റെയും മലബാർ അധിനിവേശത്തെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നു. എല്ലാ മതങ്ങളോടും സഹിഷ്ണുത പുലർത്തിയിരുന്ന മുഗൾ ചക്രവർത്തി അക്‌ബറിനെ പോലെയുള്ള ഒരു ഭരണാധികാരി ആയിരുന്നില്ല ടിപ്പു. ഹിന്ദുക്കളുടെയും, ക്രിസ്ത്യാനികളുടെയും ആരാധാനാലയങ്ങൾ തകർത്തും, അവരെ ഇസ്ലാമിലേക്ക് മതം മാറ്റിയും, സ്ത്രീകളെയും, കുട്ടികളയുമടക്കം വധിച്ചും ടിപ്പു നടത്തിയ കൊടിയ ആക്രമണത്തിന്റെ നേർചിത്രം വില്യം ലോഗൻ വരച്ചു കാട്ടുന്നു. ടിപ്പുവിന്റെ മരണത്തിന് ശേഷം ഇംഗ്ലീഷുകാർ ഏർപ്പാടാക്കിയ അന്വേഷണകമ്മീഷൻ റിപ്പോർട്ട് പ്രകാരം, ടിപ്പുവിന്റെ ഭരണകാലത്ത് പതിനായിരക്കണക്കിന് നായന്മാർക്കും മുപ്പതിനായിരത്തോളം ബ്രാഹ്മണർക്കും കൃസ്ത്യാനികൾക്കും അവരുടെ സമ്പത്ത് മുഴുവൻ ഉപേക്ഷിച്ച് മലബാറിൽ നിന്നും തിരുവിതാംകൂറിലേക്ക് നാടുവിടേണ്ടി വന്നതായി കണ്ടെത്തിയിരുന്നു. ജീവിതത്തിലുടനീളം ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്ത ടിപ്പുവിനെ വില്യം ലോഗനെ പോലുള്ള ഒരു ബ്രിട്ടീഷുകാരന്റെ വാക്കുകളിലൂടെ വിലയിരുത്താൻ ശ്രമിക്കുന്നതിലെ അനൗചിത്യവും അത് വഴി മലബാർ മാനുവലിന്റെ ആധികാരികതയും ഇവിടെ ചോദ്യം ചെയ്യപ്പെട്ടേക്കാം. എന്നാൽ ചരിത്രകാരന്മാർ ഇതിനെ ഖണ്ഡിക്കുന്ന ഒരു തെളിവ് ഉയർത്തിക്കാട്ടുന്നുണ്ട്. 1884-ൽ ഉണ്ടായ മാപ്പിള ലഹളയെക്കുറിച്ച് വില്യം ലോഗൻ മലബാർ മാനുവലിൽ പ്രതിപാദിച്ചിരുന്നു. ഇത് മദ്രാസ് സർക്കാർ പിൻവലിക്കാനാവശ്യപ്പെട്ടെങ്കിലും അദ്ദേഹം മാപ്പിളലഹളയുടെ കാർഷിക പശ്ചാത്തലം എടുത്തുകാട്ടി ആവശ്യം നിരസിച്ചു. ഇതിൽ ബ്രിട്ടീഷുകാർക്ക് ഉണ്ടായ നീരസമാണ് അദ്ദേഹത്തെ കടപ്പ ജില്ലയുടെ ഡിസ്ട്രിക്റ്റ്-സെഷൻസ് ജഡ്ജിയായി സ്ഥലം മാറ്റാൻ കാരണമായത് എന്ന് പറയപ്പെടുന്നു. ചരിത്രം വളച്ചൊടിക്കാനുള്ള വില്യം ലോഗന്റെ വൈമുഖ്യത്തിന് നേർസാക്ഷ്യമായി ഈ സംഭവം വിലയിരുത്തപ്പെടുന്നു.

കേരള ചരിത്രത്തെ അടിസ്ഥാനമാക്കി ഹെർമ്മൻ ഗുണ്ടർട്ട് രചിച്ച മലയാള ഗ്രന്ഥമായ 'കേരളപ്പഴമ'യിൽ ടിപ്പു സുൽത്താൻ കോഴിക്കോട് 1789 -ൽ നടത്തിയ ക്രൂരകൃത്യങ്ങൾ വിവരിക്കാനാവാത്തത്രയുമാണെന്ന് പറയുന്നുണ്ട്. 1498 ൽ തുടങ്ങി 1631 വരെയുള്ള കേരള ചരിത്രമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ടിപ്പുവിനെക്കുറിച്ചുള്ള മലബാർ മാനുവലിലെ വിവരങ്ങൾ വലിയൊരളവിൽ ശരി വെയ്ക്കുന്നതാണ് കേരളപ്പഴമയിലെ വിവരണങ്ങൾ. കുറ്റിപ്പുറം കോട്ടയിൽ വെച്ചുണ്ടായ ഒരു സംഭവം മലബാർ മാനുവലിൽ വിവരിക്കുന്നു. കടത്തനാടുള്ള ഏതാണ്ട് 2000 നായർ പടയാളികൾ കുറ്റിപ്പുറം കോട്ടയിൽ ഏതാനും ആഴ്ച ടിപ്പുവിന്റെ വലിയ സേനയോട് കീഴടങ്ങാൻ കൂട്ടാക്കാതെ നിലയുറപ്പിച്ചു. ഒടുവിൽ പട്ടിണി കൊണ്ട് മരിക്കാറായപ്പോൾ അവർ ടിപ്പുവിന് മുന്നിൽ കീഴടങ്ങി. ഒന്നുകിൽ സ്വമനസ്സാലെ ഇസ്ലാമിലേക്ക് മാറാനും, ഇല്ലെങ്കിൽ നിർബന്ധിതമായി മതം മാറ്റി നാട് കടത്തുമെന്നുമാണ് ടിപ്പു അവർക്ക് മുന്നിൽ വെച്ച നിബന്ധന. മറ്റ് നിർവ്വാഹമില്ലാത്തതിനാൽ അവരെല്ലാവരും ഇസ്ലാമിലേക്ക് മാറാൻ സമ്മതിച്ചു. ഉടൻ തന്നെ പുരുഷന്മാരെ എല്ലാവരെയും ചേലാകർമ്മത്തിന് വിധേയരാക്കി. അതിന് ശേഷം സ്ത്രീകളെയും, പുരുഷന്മാരെയും പശുമാംസം നിർബന്ധപൂർവ്വം തീറ്റിക്കുകയുണ്ടായി. പോർച്ചുഗീസ് ചരിത്രകാരനും എഴുത്തുകാരനുമായ ഫ്രാ ബാർത്തലോമിയോ കോഴിക്കോട് ടിപ്പു നടത്തിയ ക്രൂരതകളെപ്പറ്റി വിവരിക്കുന്നു; 'അമ്മമാരെ തൂക്കിലേറ്റിയ ശേഷം കുട്ടികളെ അവരുടെ കഴുത്തിൽ തന്നെ കെട്ടിത്തൂക്കി. ഇതര മതസ്ഥരെ നഗ്‌നരാക്കി ആനകളുടെ കാലുകളിൽ കെട്ടി വലിച്ചു. അവരുടെ ദേവാലയങ്ങൾ തകർക്കപ്പെട്ടു.' ഇതിനെല്ലാം പുറമെ മലബാറിലെങ്ങും സ്ഥലങ്ങളുടെ പേരുകൾ ടിപ്പു ഇസ്ലാമികമാക്കി മാറ്റി. മംഗലപുരം ജലാലാബാദ് ആക്കി. കൂടാതെ കണ്ണൂരിന് കുസനബാദ് എന്നും, വയ്‌പ്പുര അഥവാ ബേപ്പൂരിന് സുൽത്താൻ പട്ടണം എന്നും പുനർനാമകരണം ചെയ്തു. കോഴിക്കോടിനെ ഇസ്ലാമാബാദ് ആക്കി. ടിപ്പുവിന്റെ മരണശേഷമേ നാട്ടുകാർക്ക് ഈ സ്ഥലങ്ങളെ പഴയ പേരിലേക്ക് മടക്കിക്കൊണ്ടുവരാൻ കഴിഞ്ഞുള്ളൂ. ഫാറൂഖാബാദ് എന്ന് ടിപ്പുസുൽത്താൻ പേര് നൽകിയ ഫറൂഖ് മാത്രമാണ് ഇപ്പോഴും നില നിൽക്കുന്ന ഒരു സ്ഥലപ്പേര്.

നാലാമത് ആംഗ്ലോ-മൈസൂർ യുദ്ധത്തിനിടെ 1799ൽ ടിപ്പു വധിക്കപ്പെട്ടപ്പോൾ കേണൽ വില്യം കിർക് പാട്രിക് ടിപ്പുവിന്റെ കൊട്ടാരത്തിൽ നിന്നും ടിപ്പു സ്വന്തം കൈപ്പടയിൽ പേർഷ്യൻ ഭാഷയിൽ എഴുതിയ 2000 -ത്തോളം കത്തുകൾ കണ്ടെടുക്കുകയുണ്ടായി. അവയിലുടനീളം ടിപ്പു തന്റെ യുദ്ധങ്ങൾക്കിടെ പിടികൂടിയ അന്യമതസ്ഥരെ ഇസ്ലാമിലേക്ക് മതം മാറ്റിയതിനെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. ഈ ഗണത്തിൽ പെടുന്ന കുറേ മറ്റു കത്തുകൾ ശേഖരിച്ച കേരളത്തിലെ ചരിത്രകാരനായിരുന്ന കെ.എൻ. പണിക്കർ ഇക്കാര്യം ശരി വെയ്ക്കുന്നു. ടിപ്പു ഫ്രഞ്ചുകാരുമായി സൗഹൃദത്തിലായിരുന്നു. അവരിൽ നിന്ന് സഹായം സ്വീകരിച്ചിരുന്നു. ടിപ്പുവിനെ യുദ്ധങ്ങളിൽ സഹായിക്കാനെത്തിയ എന്നാൽ പിന്നീട് ടിപ്പുവിന്റെ മതപരമായ അസഹിഷ്ണുതയിൽ മനംമടുത്ത് പിന്മാറിയതെന്ന് പറയപ്പെടുന്ന ഫ്രഞ്ച് നാവികനായ ഫ്രാൻകോയിസ് റിപ്പോഡിന്റെ ഡയറിക്കുറിപ്പുകളിൽ മംഗലാപുരത്തും, ഉത്തരകേരളത്തിലും ടിപ്പു ഇസ്ലാമിതര മതങ്ങളോട് കൈക്കൊണ്ട ക്രൂരസമീപനത്തെ രേഖപ്പെടുത്തിയിട്ടുണ്ട്. ടി.കെ.വേലു പിള്ളയുടെ ട്രാവൻകൂർ സ്റ്റേറ്റ് മാനുവലും, ഉള്ളൂരിന്റെ കേരള സാഹിത്യ ചരിത്രവും മലബാറിൽ ടിപ്പു നടത്തിയ കൊടുംക്രൂരതകളുടെ വിവരങ്ങൾ ശരി വെയ്ക്കുന്നവയാണ്. ടിപ്പു കുടകിൽ നടത്തിയ ആക്രമണങ്ങളിൽ കൊടവ സമുദായത്തിൽ പെട്ട 70,000ത്തോളം പേരെ തടവുകാരാക്കിയ ശേഷം മതം മാറ്റിയതായി ചരിത്രകാരന്മാർ പറയുന്നു. ടിപ്പു ജയന്തി ആഘോഷിക്കാനുള്ള കർണ്ണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ ഏറ്റവുമധികം പ്രതിഷേധം ഉയർന്നതും കൊടവ സമുദായത്തിൽ നിന്നായിരുന്നു.

ടിപ്പു ഇതര മതസ്ഥരോട് നടത്തിയ ക്രൂരതകൾ വലിയൊരളവിൽ ചരിത്രത്തിൽ കാണാമെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായ ടിപ്പുവിന്റെ മറ്റൊരു മുഖവും ചരിത്രരേഖകളിൽ നിന്ന് തന്നെ കണ്ടെടുക്കാനാകും. കന്നട, ഹിന്ദി, പേർഷ്യൻ, അറബിക്, ഫ്രഞ്ച് എന്നിങ്ങനെ വ്യത്യസ്തമായ അഞ്ച് ഭാഷകളിൽ പ്രാവീണ്യമുള്ള ഭരണാധികാരിയും, പണ്ഡിതനുമായിരുന്ന ടിപ്പുവിന്റെ ഭരണത്തിൽ പ്രധാന സ്ഥാനങ്ങളിൽ വരെ മറ്റ് മതസ്ഥർ നിയുക്തരായിരുന്നു. ടിപ്പുവിന്റെ മന്ത്രിമാരായിരുന്ന പൂർണ്ണയ്യ, കൃഷ്ണറാവു, സുബ്ബറാവു എന്നിവരെല്ലാം ഇതിനുദാഹരണമാണ്. 156 ഓളം അമ്പലങ്ങൾക്ക് ടിപ്പു വാർഷിക ഗ്രാന്റ് അനുവദിച്ചിരുന്ന രേഖകൾ ചരിത്രകാരന്മാർ കണ്ടെടുത്തിട്ടുണ്ട്. കേരളത്തിൽ ഗുരുവായൂർ, മണ്ണൂർ ക്ഷേത്രങ്ങൾക്ക് ഏക്കർ കണക്കിന് ഭൂമി അദ്ദേഹം ദാനം ചെയ്യുകയുണ്ടായി. ശൃംഗേരിമഠവുമായി ടിപ്പു നല്ല ബന്ധം കാത്തു സൂക്ഷിച്ചിരുന്നു. 1791ൽ മറാത്ത സൈന്യം ശൃംഗേരി മഠം കൊള്ളയടിച്ചപ്പോൾ ടിപ്പു മഠാധിപതിയുടെ സഹായത്തിനെത്തുകയുണ്ടായി. തന്റെ ഗവർണ്ണർ മുഖേന ഒരു പാട് ധനവും, സമ്മാനങ്ങളും ടിപ്പു മഠത്തിലേക്ക് കൊടുത്തയച്ചു. സംഭവത്തിൽ തന്റെ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ടിപ്പു മഠാധിപതിക്ക് കത്തും അയച്ചിരുന്നു. ശ്രീരംഗ പട്ടണത്തിലുള്ള രംഗനാഥ ക്ഷേത്രം, കലാലെയിലുള്ള ലക്ഷ്മീകാന്ത ക്ഷേത്രം, നഞ്ചൻഗുഡിലെ ശ്രീകണ്‌ഠേശ്വര ക്ഷേത്രം എന്നിവിടങ്ങളിലേക്കെല്ലാം ടിപ്പു കൊടുത്ത സമ്മാനങ്ങൾ ഇന്നും സൂക്ഷിച്ചു വെക്കപ്പെട്ടിട്ടുണ്ട്.

ടിപ്പുവിന്റെ മരണത്തിന് ശേഷം പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിലെത്തിയപ്പോഴേക്കും ബ്രിട്ടീഷുകാർ ഭാരതത്തിലെ ഒട്ടുമിക്ക നാട്ടുരാജ്യങ്ങളും പിടിച്ചടക്കുകയോ, തങ്ങളുടെ വരുതിയിലാക്കുകയോ ചെയ്യുന്നതിൽ വിജയിച്ചു. ഡച്ചുകാരും, ഫ്രഞ്ചുകാരും നാമമാത്രമായ പ്രദേശങ്ങളിൽ ഒതുങ്ങി. ഈയൊരു ഘട്ടം വരെ നാട്ടുരാജ്യങ്ങൾ പരസ്പരം കണക്ക് തീർക്കാനും, ജയിക്കാനുമെല്ലാം ബ്രിട്ടീഷുകാരെ കൂട്ട് പിടിച്ചിരുന്നു. വീര ദേശാഭിമാനിയായി വാഴ്‌ത്തപ്പെടുന്ന പഴശ്ശിരാജ പോലും ടിപ്പുവിനെതിരെ പോരാടാൻ ബ്രിട്ടീഷുകാരെ കൂട്ട് പിടിച്ചിട്ടുണ്ടെന്ന് എം.ജി.എസ്. നാരായണൻ അടക്കമുള്ള ചരിത്രകാരന്മാർ പറയുന്നു. തങ്ങളുടെ അധികാരവും, നിലനിൽപ്പുമായിരുന്നു ഈ ഭരണാധികാരികളെ സംബന്ധിച്ചിടത്തോളം പ്രധാനം. അവരാരും തന്നെ അഖണ്ഡ ഭാരതത്തേയോ, അതിന്റെ സ്വാതന്ത്ര്യത്തെയോ വിഭാവന ചെയ്ത് അതിനായി പോരടിച്ചിരുന്നവർ ആയിരുന്നില്ല. അതുകൊണ്ട് തന്നെ ഈ കാലഘട്ടത്തിൽ ജീവിച്ച് ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ഒരു ഭരണാധികാരിയെയും 'സ്വാതന്ത്ര്യ സമരപ്പോരാളി' എന്ന് സാങ്കേതികമായി വിശേഷിപ്പിക്കാൻ കഴിയില്ല. ബ്രിട്ടീഷുകാർ തങ്ങളുടെ പൊതുശത്രുവാണെന്ന് ഇന്ത്യയിലെ മിക്ക രാജ്യങ്ങളും തിരിച്ചറിയുന്നതും, അവർക്കെതിരെ സ്വാതന്ത്ര്യത്തിനായി ഒത്തൊരുമിച്ചു പോരാടാൻ തുടങ്ങിയതും ടിപ്പുവിന്റെ മരണത്തിനും അരനൂറ്റാണ്ട് ശേഷം 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനോടനുബന്ധിച്ചാണ്. ഈയൊരു തിരിച്ചറിവിന്റെ വെളിച്ചത്തിലാണ് കർണ്ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുബ്രോ കമാൽ മുഖർജി ടിപ്പു ജയന്തി ആഘോഷിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ വിമർശിച്ചു കൊണ്ട് 'തീർച്ചയായും ടിപ്പു സുൽത്താൻ ബ്രിട്ടീഷുകാർക്കെതിരെ ആജീവനാന്തം പോരാടിയ പരാക്രമശാലിയായ ഒരു ഭരണാധികാരിയാണ് പക്ഷെ ഒരു സ്വാതന്ത്ര്യ സമരപ്പോരാളിയല്ല ' എന്ന് സംശയലേശമന്യേ അഭിപ്രായപ്പെടാനിടയായത്.

 

References
1. Malabar Manual - William Logan
2. Kerala pazhama - Hermann Gundert
3. Tipu Sultan- The Tyrant of Mysore - Sandeep Balakrishna
4. History of Tipu Sultan - Hasan Mohibbul

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP