Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

പ്രമേഹ പ്രതിരോധത്തിന് തുടക്കം ഇനി വീട്ടിൽ നിന്ന്; ഇന്ന് ലോക പ്രമേഹ ദിനം; കുടുംബവും പ്രമേഹവും എന്ന സന്ദേശവുമായി മറ്റൊരു പ്രമേഹ ദിനം കൂടി

പ്രമേഹ പ്രതിരോധത്തിന് തുടക്കം ഇനി വീട്ടിൽ നിന്ന്; ഇന്ന് ലോക പ്രമേഹ ദിനം; കുടുംബവും പ്രമേഹവും എന്ന സന്ദേശവുമായി മറ്റൊരു പ്രമേഹ ദിനം കൂടി

മറുനാടൻ ഡെസ്‌ക്‌

പ്രമേഹത്തെ ഒരിക്കലും ഒരു രോഗമായി ആരും കരുതുന്നില്ല. അതൊരു ജീവിത ശൈലി രോഗമായാണ് ലോകം അംഗീകരിച്ചിരിക്കുന്നത്. അതുകൊണ്ട് മറ്റു രോഗങ്ങൾക്ക് ചികിത്സ ചെയ്യുന്നതു പോലെയല്ല പ്രമേഹത്തെ ചികിത്സിക്കേണ്ടതും. ഇന്ന് ഒരു പ്രമേഹരോഗി പോലും ഇല്ലാത്ത ഒരു കുടുംബം ഇല്ല എന്നതാണ് വസ്തുത. അതുകൊണ്ടു തന്നെ കുടുംബവും പ്രമേഹവും എന്നതാണ് ഈ വർഷത്തെ പ്രമേഹദിന സന്ദേശം. ഇന്ന് ലോകപ്രമേഹ ദിനം ആചരിക്കുമ്പോൾ പ്രമേഹത്തിന്റെ കാര്യത്തിൽ ഇന്ത്യ ഒന്നാമത് നിൽക്കുന്നു എന്നതാണ് ദുഃഖകരമായ മറ്റൊരു വസ്തുത. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രമേഹരോഗികളുള്ളത് ഈ കൊച്ചുകേരളത്തിലാണെന്നത് മറ്റൊരു ഖേദകരമായ കാര്യം.

കേരളത്തിൽ അഞ്ചിൽ മൂന്നു പേർ പ്രമേഹ രോഗികളോ പ്രമേഹസാധ്യത കൂടിയവരോ ആണ് എന്നാണ് റിപ്പോർട്ട്. ജീവിത ശൈലീ രോഗമാണെന്നതിനാൽ ഒരു പരിധി വരെ പ്രതിരോധിക്കാവുന്നതും നിയന്ത്രിച്ചു നിർത്താൻ സാധിക്കുന്നതാണ് പ്രമേഹം. ഭക്ഷണ നിയന്ത്രണം, ശരിയായ വ്യായാമം എന്നിവ കൊണ്ട് പ്രമേഹത്തിന്റെ സങ്കീർണതകളേയും മറ്റും പ്രതിരോധിക്കാൻ സാധിക്കും. ഈ വർഷത്തെ പ്രമേഹദിന സന്ദേശം തന്നെ കുടുംബവും പ്രമേഹവും എന്നതിനാൽ പ്രമേഹരോഗിക്ക് രോഗത്തെ പ്രതിരോധിക്കാനും അതിനെ നിയന്ത്രിക്കാനും മറ്റു കുടുംബാംഗങ്ങളുടെ ഇടപെടൽ വലിയൊരളവും വേണ്ടത് അത്യാവശ്യമാണ്. രോഗിയും കുടുംബാംഗങ്ങളും ഒത്തൊരുമിച്ചുള്ള ഒരു ശ്രമം കൊണ്ട് പ്രമേഹരോഗത്തേയും അതിന്റെ ബുദ്ധിമുട്ടുകളേയും ഒരുപരിധി വരെ അകറ്റി നിർത്താൻ സാധിക്കും.

കുടുംബത്തോടൊപ്പം ഒത്തൊരുമിച്ച്
രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം. ഇതിന്റെ ഭാഗമായി പിന്നീട് വൃക്കകൾക്ക് കേടുപാടു സംഭവിക്കാനും ഹൃദയാഘാതം, പക്ഷാഘാതം, രക്തസമ്മർദം തുടങ്ങി നൂറുകൂട്ടം രോഗങ്ങൾ കൂടി വരുമ്പോഴാണ് പ്രമേഹം ഗുരുതരമായ ഒരു അവസ്ഥയായി മാറുന്നത്. എന്നാൽ മറ്റു രോഗങ്ങളെ പോലെ മരുന്നു കൊണ്ടു മാത്രം മാറുന്ന രോഗമല്ലിത്. പൂർണമായും ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കില്ലെന്നും കുടുംബാംഗങ്ങളുടെ സഹകരണവും വഴികാട്ടലും മൂലം ഒരു പരിധി വരെ പ്രമേഹത്തെ നിയന്ത്രിച്ചു നിർത്താം. അതിന് വേണ്ടത് സമീകൃതാഹാരവും ദിവസേനയുള്ള വ്യായാമവുമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി നിലനിർത്തുന്നതിന് ആഹാരനിയന്ത്രണം അത്യാവശ്യം വേണ്ടകാര്യമാണ്.

കൃത്യസമയത്ത് മരുന്നുകഴിക്കുക, ഭക്ഷണകഴിക്കുക, മിതമായ തോതിൽ വ്യായാമം ചെയ്യുക ഇക്കാര്യത്തിലൊക്കെ രോഗിക്ക് കുടുംബാംഗങ്ങളുടെ പിന്തുണയും ഓർമപ്പെടുത്തലും നൽകേണ്ടത് കുടുംബാംഗങ്ങളുടെ കർത്തവ്യമാണ്. കുടുംബത്തിൽ ഒരു പ്രമേഹരോഗിയുണ്ടെങ്കിൽ അതിനെ കുടുംബാംഗങ്ങൾ ഒത്തൊരുമിച്ചുവേണം പ്രതിരോധിക്കാൻ. 2018-19ലെ ലോക പ്രമേഹദിന ക്യാമ്പയിന്റെ പ്രഥമലക്ഷ്യം പ്രമേഹം കുടുംബത്തിൽ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് അവബോധം ഉണ്ടാക്കുകയും പ്രമേഹം നിയന്ത്രിക്കുന്നതിൽ കുടുംബത്തിനുള്ള പങ്കിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്നതാണ്.

പ്രമേഹരോഗിക്ക് രോഗനിയന്ത്രണം പൂർണതോതിൽ സാധ്യമാകണമെന്നുണ്ടെങ്കിൽ കുടുംബാംഗങ്ങളുടെ പിന്തുണ ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. കുട്ടികളിലുള്ള പ്രമേഹ നിയന്ത്രണത്തിന് മാതാപിതാക്കൾക്കും മുതിർന്നവർക്കുമുള്ള പങ്ക് ചില്ലറയല്ല. പ്രമേഹം മൂലമുണ്ടാകുന്ന മാനസിക സമ്മർദം ലഘൂകരിക്കുന്നതിനും ചിലരിലെങ്കിലും ഉണ്ടാകുന്ന വിഷാദരോഗം പോലെയുള്ള മാനസികാവസ്ഥയെ മാറ്റിയെടുക്കാനും കുടുംബാംഗങ്ങളുടെ ഭാഗത്തു നിന്ന് മികച്ച ശുശ്രൂഷ ആവശ്യമാണ്.

പ്രമേഹ രോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുമ്പോഴും കൂടുമ്പോഴും ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചും കുടുംബാംഗങ്ങൾ പരിജ്ഞാനമുള്ളവരായിരിക്കണം. സാഹചര്യങ്ങളെ വേണ്ട വിധം കൈകാര്യം ചെയ്യാനുള്ള പരിശീലനവും ഏവരും നേടിയിരിക്കുകയും വേണം. പ്രമേഹം കൂടിനിൽക്കുമ്പോഴും രക്തത്തിലെ പഞ്ചസാര ക്രമാതീതമായി താഴുമ്പോഴും രോഗിയിൽ അമിതമായി ദേഷ്യം, ക്ഷീണം മുതലായവ കാണപ്പെടും. ഇതെല്ലാം കുടുംബാംഗങ്ങൾ മനസ്സിലാക്കിയിരുന്നാൽ കൃത്യസമയത്ത് കണ്ടെത്തി ചികിത്സ നൽകാൻ സഹായിക്കും.

സമീകൃതാഹാരം
അമിതഭക്ഷണം ഒഴിവാക്കുകയെന്നതു പോലെ തന്നെ പ്രാധാനമാണ് സമീകൃതാഹാരം കഴിക്കുകയെന്നതും. തവിടുകളയാത്ത ധാന്യങ്ങൾ, പയറുവർഗങ്ങൾ, പഴങ്ങൾ, മത്സ്യം തുടങ്ങിയ പോഷകമൂല്യമുള്ള ഭക്ഷണങ്ങൾ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. അതേസമയം തവിടുകളഞ്ഞ ധാന്യങ്ങൾ, മൈദ, പായ്ക്കറ്റ് പാനീയങ്ങൾ, ഇറച്ചി, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, മധുരം എന്നിവയുടെ ഉപയോഗം കുറയ്ക്കുക. പ്രമേഹരോഗിക്കു മാത്രമായി ഒരു ഭക്ഷണക്രമം വീട്ടിൽ പാലിക്കുന്നത് രോഗിക്ക് ചിലപ്പോൾ ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം. ഏവർക്കും കഴിക്കാമെന്ന തരത്തിലുള്ള ഒരു ഹെൽത്തി ഡയറ്റ് പാലിച്ചാൽ അതു രോഗിക്കും മറ്റും കുടുംബാംഗങ്ങൾക്കും ഒരുപോലെ ഗുണകരമാകും.

ചിട്ടയായ വ്യായാമം
പ്രമേഹരോഗികൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ പല അസുഖങ്ങളും വരാറുണ്ട്. വൃക്കകളുടെ തകരാർ, കണ്ണിലെ റെറ്റിനയുടെ തകരാർ, കാലിലെ ഞരമ്പുകളുടെ തകരാർ എന്നിവയെല്ലാം പ്രമേഹബാധിതരിൽ കണ്ടുവരാറുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് മരുന്നുകളിലൂടെയും അല്ലാതെയും സ്വാഭാവികമായി നിലനിർത്തുന്നതിലൂടെ ഒരു പരിധിവരെ ഇവയെ തടയാം. ഇതിന് ഏറ്റവും അത്യാവശ്യം ചിട്ടയായ വ്യായാമ മുറകളാണ്. പ്രായമേറെ ആയവർക്ക് വ്യായാമം ചെയ്യുന്നതിന് വിമുഖത കാട്ടാറുണ്ട്. എന്നാൽ ഇതിന് കുടുംബാംഗങ്ങളുടെ പ്രോത്സാഹനവും കുടുംബാംഗങ്ങളിൽ ആരെങ്കിലും ഒരാൾ രോഗിക്കൊപ്പം വ്യായാമത്തിൽ പങ്കുചേരുന്നതും രോഗിക്ക് വ്യായാമം ചെയ്യുന്നതിനുള്ള മടുപ്പ് ഒഴിവാക്കാൻ സഹായിക്കുന്ന ഘടകമാണ്.

മെഡിക്കൽ ചെക്ക് അപ്പ്
പ്രമേഹചികിത്സ ആജീവനാന്തം തുടരേണ്ട ഒന്നാണ്. ജീവിതശൈലി രോഗമാണെങ്കിലും പ്രമേഹത്തെ തുടർച്ചയായി നിരീക്ഷിച്ചുകൊണ്ടിരുന്നില്ലെങ്കിൽ ഏറെ ആപത്തുകൾക്ക് അതു വഴിവയ്ക്കും. കൃത്യമായ ഇടവേളകളിൽ ഡോക്ടറെ കാണുകയും വേണ്ട നിർദ്ദേശങ്ങൾ പാലിക്കുകയും വേണം. ഇൻസുലിൻ എടുക്കുന്നവരാണെങ്കിൽ വീട്ടിൽ ഗ്ലൂക്കോമീറ്റർ ഉപയോഗിച്ച് രക്തത്തിൽ പഞ്ചസാരയുടെ തോത് പരിശോധിക്കണം. ഇത്തരത്തിൽ പ്രമേഹരോഗിയുടെ ജീവിത ശൈലി ക്രമീകരിക്കുകയാണെങ്കിൽ പ്രമേഹം മൂലം രോഗിക്കും മറ്റു കുടുംബാംഗങ്ങൾക്കുമുണ്ടാകുന്ന ബുദ്ധിമുട്ട് ഒരുപരിധി വരെ അകറ്റി നിർത്താം. പ്രമേഹം ഒരു നിശബ്ദകൊലയാളി ആണെന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ ഏവരും ഒത്തൊരുമിച്ചുള്ള പ്രയത്‌നം കൊണ്ടു മാത്രമേ ഇതിനെ നേരിടാൻ സാധിക്കൂ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP