Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ വേളയിൽ ഗാന്ധിജി സരളാ ദേവിയുമായി തീവ്രപ്രണയത്തിൽ മുഴുകി? കസ്തൂർബയെ ഉപേക്ഷിച്ച് രണ്ടാം വിവാഹം കഴിക്കാൻ പോലും തുനിഞ്ഞു; രാഷ്ട്രപിതാവിന് വിവാഹേതര ബന്ധമെന്ന ലേഖനവുമായി ഔട്ട്‌ലുക്ക് വാരിക

ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ വേളയിൽ ഗാന്ധിജി സരളാ ദേവിയുമായി തീവ്രപ്രണയത്തിൽ മുഴുകി? കസ്തൂർബയെ ഉപേക്ഷിച്ച് രണ്ടാം വിവാഹം കഴിക്കാൻ പോലും തുനിഞ്ഞു; രാഷ്ട്രപിതാവിന് വിവാഹേതര ബന്ധമെന്ന ലേഖനവുമായി ഔട്ട്‌ലുക്ക് വാരിക

ന്യൂഡൽഹി: രാജ്യം റൗളിത് നിയമത്തിൽ കഷ്ടപ്പെടുകയും ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ വേദനിക്കുകയും ചെയ്ത 1919ൽ രാഷ്ട്രപിതാവ് ഒരു തീവ്രപ്രണയത്തിൽ മുഴുകിയിരിക്കുകയായിരുന്നുവെന്ന് വെളിപ്പെടുത്തൽ. മഹാത്മാഗാന്ധിക്ക്‌ കസ്തൂർബായുമായുള്ള ബന്ധം നിലനിൽക്കെ മഹാത്മാ ഗാന്ധിക്ക് ഒരു വിവാഹേതര ബന്ധമുണ്ടായിരുന്നതായി വെളിപ്പെടുത്തൽ. രബീന്ദ്രനാഥ ടാഗോറിന്റെ സഹോദരി സ്വർണമ്മയുടെയും കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിലൊരാളായ ജാനകി നാഥ് ഘോഷാലിന്റെ മകൾ സരളാദേവി ചൗധരിയാണ് അദ്ദേഹത്തിന്റെ പ്രണയ കഥകളിലെ നായിക.

പ്രമോദ് കപൂർ എഴുതിയ 'മൈ എക്‌സ്‌പെരിമെന്റ് വിത്ത് ഗാന്ധി' എന്ന പുസ്തകത്തിലാണ് ഈ ബന്ധത്തെക്കുറിച്ച് പരാമർശമുള്ളത്. 1919-20 കാലയളവിൽ ഗാന്ധിജി എഴുതിയ കത്തുകളാണ് ഇതിന് തെളിവായി പ്രമോദ് കപൂർ നിരത്തുന്നത്. ഇനിയും പുറത്തിറങ്ങിയിട്ടില്ലാത്ത ഈ പുസ്തകത്തിലെ ഗാന്ധിജിയുടെ രഹസ്യ ബന്ധത്തെക്കുറിച്ചുള്ള അദ്ധ്യായമായ 'വെൻ ഗാന്ധി നിയർലി സഌപ്പ്ഡ്' ഔട്ട്‌ലുക്ക് മാസിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതേസമയം ഗാന്ധിജിയുടെ ചെറുമകനായ രാജ്‌മോഹൻ ഗാന്ധി എഴുതിയ മോഹൻദാസ്: എ ട്രൂ സ്‌റ്റോറി ഓഫ് എ മാൻ, ഹിസ് പീപ്പിൾ ആൻഡ് എംപയർ എന്ന പുസ്തകത്തിലും 1993ൽ മാർട്ടിൻ ബർഗസ് ഗ്രീൻ എഴുതിയ ഗാന്ധി: വോയിസ് ഓഫ് ന്യൂ ഏജ് റവല്യൂഷൻ എന്ന പുസ്തകത്തിലും ഇത് സംബന്ധിച്ച പരാമർശങ്ങളുണ്ടായിരുന്നു. രാജ്‌മോഹൻ ഗാന്ധിയുടെ പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്ന കത്തുകളാണ് പ്രദീപിന്റെ ലേഖനത്തിന് അടിസ്ഥാനം.

റൗളിത് നിയമം, ജാലിയൻവാലാബാഗ് കൂട്ടക്കൊല തുടങ്ങീ ഗാന്ധിജിയുടെ രാഷ്ട്രീയ ജീവിതത്തിലെ നിർണായകമായ വർഷമായിരുന്നു 1919. ഗാന്ധിജിയും സരളാദേവിയും തമ്മിൽ നേരത്തെ തന്നെ പരിചയമുണ്ടായിരുന്നെങ്കിലും ആ വർഷം ഒക്ടോബറിലാണ് ഇരുവരുടെയും ബന്ധം ദൃഢമായതെന്ന് ലേഖനം പറയുന്നു. പഞ്ചാബിൽ നിന്നുള്ള പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന റാംഭുജ് ദത്ത് ചൗധരിയായിരുന്നു സരളയുടെ ഭർത്താവ്. 1872ലാണ് സരളാദേവി ജനിച്ചത്.

33 വയസ്സു വരെ അവിവാഹിതയായിരുന്ന സരള വിവേകാനന്ദ ആശ്രമത്തിൽ വേദവും ഭഗവത്ഗീതയും പഠിക്കുന്നതിനിടെ ഒരു മഹാരാഷ്ട്ര സ്വദേശിക്കൊപ്പം ഹിമാലയത്തിലേക്കും തിബറ്റിലേക്കും തീർത്ഥാടനത്തിനൊരുങ്ങുമ്പോൾ വീട്ടുകാർ നിർബന്ധിച്ച് ഇവരെ വിവാഹം കഴിപ്പിക്കുകയായിരുന്നു. മാതാവിന് സുഖമില്ലെന്നും മരിക്കുന്നതിന് മുമ്പ് വിവാഹം നടന്നു കാണണമെന്ന് ആഗ്രഹമുണ്ടെന്നും പറഞ്ഞാണ് ആര്യസമാജം പ്രവർത്തകനായിരുന്ന ചൗധരിയുമായി ഇവരുടെ വിവാഹം നടത്തിയത്.

പിന്നീട് കോൺഗ്രസിന്റെ സജീവ പ്രവർത്തകയായ ഇവരുടെ ശബ്ദത്തിലാണ് 1911ൽ കൊൽക്കത്തയിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തിൽ ജനഗണമന.. ആദ്യമായി ലോകം കേൾക്കുന്നത്. റാംഭുജ് ദത്ത് ചൗധരി അറസ്റ്റു ചെയ്യപ്പെട്ട് ജയിലിലായ കാലത്താണ് ഗാന്ധിജിയും തമ്മിൽ അടുത്തത്. 191920 വർഷങ്ങളിൽ ഗാന്ധിജി നിരവധി തവണ അവരുടെ വീട്ടിൽ താമസിച്ചിരുന്നതായി ലേഖനം അവകാശപ്പെടുന്നു.

പരസ്പരം അടുക്കുമ്പോൾ ഗാന്ധിജിക്ക് 50 വയസ്സും സരളാദേവിക്ക് 47 വയസ്സും ഉണ്ടായിരുന്നു. കസ്തൂർബായുമായുള്ള ബന്ധം പോലും തകരുന്ന വിധം ഗാഢമായിരുന്നു ഇരുവരുടെയും ബന്ധം. കോൺഗ്രസിലെ പല പ്രമുഖർക്കും അറിയാമായിരുന്ന ഈ ബന്ധം 1921ലാണ് അവസാനിപ്പിച്ചത്. 2013 ജനുവരിയിൽ കൊൽക്കത്ത സർവകലാശാലയിൽ ഗാന്ധിജിയുടെ പേരക്കുട്ടി ഗോപാലകൃഷ്ണ ഗാന്ധി നടത്തിയ പ്രസംഗത്തിൽ ഈ ബന്ധം പരാമർശിക്കുന്നുണ്ട്. എന്നാൽ ഇരുവരും പരസ്പരമെഴുതിയ കത്തുകൾ ഇപ്പോൾ ലഭ്യമല്ലെന്നും അദ്ദേഹം പറയുന്നു. ഗാന്ധിജി കൊല്ലപ്പെട്ട ശേഷം ദേവദാസ് ഗാന്ധി കുടുംബ സ്വത്തായി സൂക്ഷിച്ചിരുന്ന ഈ കത്തുകൾ അദ്ദേഹത്തിന്റെ മരണ ശേഷം നശിച്ചു പോകുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. എന്നാൽ രാജ്‌മോഹൻ ഗാന്ധിയുടെ പുസ്തകത്തിൽ ഈ കത്തുകളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. തിയതി ഉൾപ്പെടെ വ്യക്തമാക്കുന്നതാണ് രാജ്‌മോഹൻ ഗാന്ധിയുടെ വെളിപ്പെടുത്തൽ.

'എന്റെ ഉറക്കത്തിൽ പോലുമുള്ള നിന്റെ കടന്നുവരവ് തുടരും. നീയാണ് ഏറ്റവും വലിയ ശക്തിയെന്ന് പണ്ഡിറ്റ്ജി(സരളാദേവിയുടെ ഭർത്താവ്) പറയുന്നതിൽ യാതൊരു അത്ഭുതവുമില്ല. അദ്ദേഹത്തെ കീഴടക്കാൻ പ്രയോഗിച്ച മന്ത്രം തന്നെയാണ് നീ എന്നിലും പ്രയോഗിച്ചിരിക്കുന്നത്' എന്നാണ് 1920 മെയ് രണ്ടിന് അദ്ദേഹം സരളാദേവിക്കെഴുതിയ കത്തിൽ പറയുന്നത്. എന്നാൽ ഗാന്ധിജിക്ക് ചുറ്റും എപ്പോഴുമുണ്ടായിരുന്ന ആൾക്കൂട്ടവും അതിൽ സരളാദേവിക്കുണ്ടായിരുന്ന അസൂയയുമാണ് ആ ബന്ധം തകരുന്നതിന് കാരണമായത്.

ഒരുഘട്ടത്തിൽ കസ്തൂർബായെ ഉപേക്ഷിച്ച് സരളാദേവിയെ വിവാഹം കഴിക്കാനും ഗാന്ധിജി ഉദ്ദേശിച്ചിരുന്നതായാണ് ലേഖനം പറയുന്നത്. കസ്തൂർബാ തന്നേക്കാൾ മുതിർന്നതാണെന്നതും വിദ്യാഭ്യാസമില്ലെന്നതുമാണ് ഗാന്ധിയെ ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തിച്ചത്. തന്റെ സമകാലികരേക്കാളെല്ലാം സരളാദേവി വിദ്യാഭ്യാസം നേടിയിരുന്നു. സ്ത്രീകൾ ഫിസിക്‌സ് പഠിക്കാൻ തയ്യാറാകാതിരുന്ന ആ കാലത്ത് അവർക്ക് ഫിസിക്‌സിലും ഇംഗ്ലീഷ് സാഹിത്യത്തിലും ബിരുദമുണ്ടായിരുന്നു. പിന്നീട് അവർ പാഴ്‌സി, ഫ്രഞ്ച്, സംസ്‌കൃതം എന്നീ ഭാഷകളും പഠിച്ചു.

ഇരുവരും തമ്മിൽ ബന്ധമുണ്ടായിരുന്ന കാലത്ത് തന്റെ എല്ലാ പ്രസംഗങ്ങളിലും ഗാന്ധിജി സരളാദേവിയെക്കുറിച്ച് പരമാർശിക്കാൻ ശ്രദ്ധിച്ചിരുന്നു. ഗാന്ധിജി നടത്തിയിരുന്ന യംഗ് ഇന്ത്യയിൽ പതിവായി അവരുടെ ലേഖനങ്ങൾ അച്ചടിച്ചു വന്നു. കൂടാതെ നവ്ജീവന്റെ ഒന്നാം പേജിൽ പോലും ഗാന്ധിജിയുടെ ആസ്വാദനത്തോടെ സരളാദേവിയുടെ കവിതകൾ അച്ചടിക്കുന്നതും പതിവായിരുന്നു.
1919 ഒക്ടോബർ 24ന് ലാഹോറിലെത്തിയ ഗാന്ധിജി സരളാദേവിയുടെ ആതിഥ്യം സ്വീകരിക്കുകയായിരുന്നു. ആദ്യമായി ലാഹോറിലെത്തിയ ശേഷം ഗാന്ധിജി സരാളാദേവിയുടെ സുഹൃത്ത് അനസൂയ ബെന്നിന് എഴുതിയ ഒരു കത്ത് ലേഖനത്തിൽ പരാമർശിച്ചിട്ടുണ്ട്. അത് ഇങ്ങനെ 'സരളയുമായുള്ള ജീവിതം ഉത്സാഹഭരിതമാണ്.

അവർ എന്നെ നന്നായി നോക്കുന്നു'മോത്തിലാൽ നെഹ്രു, മദന്മോഹൻ മാളവ്യ, സി എഫ് ആൻഡ്ര്യൂസ് എന്നിവർക്കൊപ്പം ജാലിയൻവാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിക്കാൻ ബ്രിട്ടീഷ് സർക്കാർ പ്രഖ്യാപിച്ച ഹണ്ടർ കമ്മിറ്റിയെക്കുറിച്ച് സംസാരിക്കാനാണ് അദ്ദേഹം അന്ന് ലാഹോറിൽ എത്തിയത്. എന്നാൽ ചർച്ചകളിൽ തൃപ്തനാകാതെയാണ് ഗാന്ധിജി അന്ന് മടങ്ങിയത്. സരളാദേവിയെ തന്റെ ആത്മീയ പത്‌നിയായി അംഗീകരിച്ച് പോലും ഗാന്ധിജി സംസാരിച്ചിരുന്നതായി രാജ്‌മോഹൻ ഗാന്ധിയുടെ പുസ്തകവും പറയുന്നുണ്ട്. അടുത്ത അനുയായിയും മരുമകനുമായ മദൻലാൽ ഗാന്ധിക്ക് എഴുതിയ കത്തിലും കഴിഞ്ഞ ഒരുമാസമായി താൻ ലാഹോറിൽ സരളാദേവിയുടെ അതിഥിയാണെന്നും സാധ്യമായ എല്ലാ രീതിയിലും അവർ തന്നെ സ്‌നേഹിക്കുകയാണെന്നും ഗാന്ധിജി വ്യക്തമാക്കുന്നുണ്ട്.

കോൺഗ്രസിൽ ഈ ബന്ധത്തെക്കുറിച്ചുള്ള മുറുമുറുപ്പ് ശക്തമായതോടെ ദേവദാസ് ഗാന്ധിയും മഹാദേവ് ദേശായിയും സി രാജഗോപാലാചാരിയും ഇടപെട്ട് ഈ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. കത്തെഴുത്തും പരസ്പരം കാണലും അവസാനിപ്പിച്ചെങ്കിലും തീവ്രമായ ഈ ബന്ധത്തിന്റെ ശേഷിപ്പുകൾ തുടർന്നു. 1933ൽ പിന്നീട് മുംബൈയിലെ ബിഷപ്പ് ആയിത്തീർന്ന ഫാദർ വില്ല്യം ലാഷിനോട് മഹാത്മജി തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നതായി ലേഖനം പറയുന്നു. ഇന്ദിരാ ഗാന്ധിയെ സരളാദേവിയുടെ മകൻ ദീപക് ദത്തിന് വിവാഹം ചെയ്തു കൊടുക്കാൻ ഗാന്ധിജി ജവഹർലാൽ നെഹ്രുവിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ഇത് നിരസിക്കുകയായിരുന്നു. പിന്നീട് ഗാന്ധിജിയുടെയും സരളാദേവിയുടെയും മരണ ശേഷം മദൻലാൽ ഗാന്ധിയുടെ മകളും ഗാന്ധിജിയുടെ ചെറുമകളുമായ രാധയെയാണ് ദീപക് വിവാഹം കഴിച്ചത്.

1923ൽ സരളാദേവിയുടെ ഭർത്താവ് രാംഭുജ്ദത്ത് ചൗധരി മരിച്ചു. 1935ൽ സന്യാസം സ്വീകരിച്ച അവർ പിന്നീട് ഹിമാലയത്തിലാണ് ജീവിച്ചത്. തന്റെ 73ാം വയസ്സിൽ 1945ൽ അവർ അന്തരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP