Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202324Friday

കടമെടുത്ത് പോകുന്നത് ശ്രീലങ്കയുടെ വഴിയേ; സിൽവർ ലൈനല്ല, കമ്മീഷൻ റെയിലാണ് സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നത്; കെട്ടകാലത്തും തീവെട്ടിക്കൊള്ള; സ്ത്രീസുരക്ഷ പ്രസംഗത്തിൽ മാത്രം: സർക്കാരിന്റെ ഒന്നാം വാർഷികം: വി.ഡി.സതീശൻ എഴുതിയ ലേഖനം

കടമെടുത്ത് പോകുന്നത് ശ്രീലങ്കയുടെ വഴിയേ; സിൽവർ ലൈനല്ല, കമ്മീഷൻ റെയിലാണ് സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നത്; കെട്ടകാലത്തും തീവെട്ടിക്കൊള്ള; സ്ത്രീസുരക്ഷ പ്രസംഗത്തിൽ മാത്രം: സർക്കാരിന്റെ ഒന്നാം വാർഷികം: വി.ഡി.സതീശൻ എഴുതിയ ലേഖനം

വി.ഡി.സതീശൻ

 ജനവിരുദ്ധതയും ധാർഷ്ട്യവുമാണ് ഒരു വർഷം പൂർത്തിയാക്കുന്ന രണ്ടാം പിണറായി സർക്കാരിന്റെ മുഖമുദ്ര. തുടർ ഭരണത്തിന് ലഭിച്ച ജനവിധി എന്തും ചെയ്യാനുള്ള ലൈസൻസാണെന്ന അഹങ്കാരമാണ് ഭരണകർത്താക്കളെ നയിക്കുന്നത്. ട്രഷറി പോലും അടച്ചിടേണ്ട അവസ്ഥയിലേക്ക് സംസ്ഥാനത്തെ എത്തിച്ചെന്ന ഭരണനേട്ടമാണ് ആറു വർഷംകൊണ്ട് പിണറായി സർക്കാരുണ്ടാക്കിയിരിക്കുന്നത്. ചരിത്രത്തിൽ ആദ്യമായി, ശമ്പളം നൽകില്ലെന്ന് ഭീഷണി സ്വരത്തിൽ ഒരു മന്ത്രി കെ.എസ്.ആർ.ടി.സി ജീവനക്കാരോട് പറഞ്ഞതും ഈ സർക്കാരിന്റെ കാലത്താണ്. പൊലീസിനെയും ഗുണ്ടകളെയും ഇറക്കി സിൽവർ ലൈൻ നടപ്പാക്കുമെന്നു വാശി പിടിക്കുന്നവരുടെ ലക്ഷ്യം വികസനമല്ല, കമ്മീഷൻ മാത്രമെന്ന് ജനത്തിന് ബോധ്യമായിട്ടുണ്ട്. പാവങ്ങളുടെ നാഭിക്ക് പൊലീസിനെക്കൊണ്ട് ചവിട്ടിച്ച ധാർഷ്ട്യത്തിനെതിരെ ജനം പ്രതികരിക്കുമെന്ന ഭയത്തെ തുടർന്നാണ് കുറ്റിയിടൽ നിർത്തി ജി.പി.എസ് സർവെ നടത്തുമെന്ന് സർക്കാരിന് ഉത്തരവിറക്കേണ്ടി വന്നത്.

ആധുനിക ലോകത്ത് ഓരോ മനുഷ്യനും പ്രസ്ഥാനങ്ങളും കൂട്ടായ്മകളും പൊളിറ്റിക്കലാകണം. ഇടതുപക്ഷമെന്ന് അവകാശപ്പെടുന്നവർ തീവ്രവലതുപക്ഷമാകുമ്പോൾ അങ്ങേയറ്റം ജനപക്ഷമാക്കുകയാണ് കേരളത്തിലെ പ്രതിപക്ഷം. കേന്ദ്ര- സംസ്ഥാന ഭരണങ്ങളുടെ ജനവിരുദ്ധതയും തീവ്രവലത് പക്ഷ നിലപാടുകളേയും ചെറുക്കുന്നത് ഇങ്ങനെയാണ്. ജനാധിപത്യം, സോഷ്യലിസം, നിയമവാഴ്ച എന്നിവയിൽ നിന്ന് വ്യതിചലിക്കാതെ വർഗീയതയോട് സന്ധിയില്ലാ സമരത്തിലാണ് യു.ഡി.എഫ്. പകൽ മതനിരപേക്ഷതയും രാത്രി വർഗീയ പ്രീണനവുമെന്ന എൽ.ഡി.എഫ് അടവ്‌നയം യു.ഡി.എഫിനില്ല. ബിജെപിയുടെ ഏകശിലാ വർഗീയ ഭീകരതയോടും ഞങ്ങൾക്ക് സന്ധിയില്ല.

കടമെടുത്ത് ശ്രീലങ്കയുടെ വഴിയേ

കേരളത്തിന്റെ മൊത്തം കടം 4 ലക്ഷം കോടിയിലേക്ക് അടുക്കുകയാണ്. ശമ്പളം കൊടുക്കാൻ പോലും പണമില്ലെന്നാണ് ധനമന്ത്രി പറയുന്നത്. 25 ലക്ഷം രൂപയിൽ കൂടുതൽ ട്രഷറിയിൽ നിന്നും എടുക്കണമെങ്കിൽ ധനകാര്യ വകുപ്പിന്റെ അനുമതി വേണം. പൂർണമായ ഭരണസ്തംഭനമാണ്. സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ എന്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതിന് ധവളപത്രം പ്രസിദ്ധീകരിക്കണം. സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് വരേണ്യവർഗത്തിന് വേണ്ടി രണ്ട് ലക്ഷം കോടി രൂപ മുടക്കി കമ്മീഷൻ റെയിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ഇതിൽ എന്ത് യുക്തിയും കമ്മ്യൂണിസവുമണുള്ളത്? മോശമാകുന്ന സാമ്പത്തിക സ്ഥിതി സംബന്ധിച്ച് പ്രതിപക്ഷം പല തവണ മുന്നറിയിപ്പ് നൽകിയതാണ്. അതൊന്നും ചെവിക്കൊള്ളാതെ നികുതി പിരിവിൽ വീഴ്ച വരുത്തി വീണ്ടും വീണ്ടും കടമെടുത്ത് ധൂർത്തടിക്കുകയും വൻകിട പദ്ധതികളിലെ കമ്മീഷൻ മാത്രം ലക്ഷ്യം വച്ചുമാണ് സർക്കാർ മുന്നോട്ടു പോയത്. വരുമാനമില്ലാതെയും അനാവശ്യ ചെലവുകളിലൂടെയും ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി ശ്രീലങ്കയിൽ ഏത് ഘട്ടം വരെ പോയിയെന്നത് നമുക്ക് മുന്നിലുള്ള ഉദാഹരണമാണ്. സിൽവർ ലൈൻ നിലവിൽ വന്നാൽ കേരളം ശ്രീലങ്കയുടെ അവസ്ഥയിലെത്തും.

സിൽവർ ലൈനിലെ 'അഴിമതി ലൈൻ'

സിൽവർ ലൈനല്ല, കമ്മീഷൻ റെയിലാണ് സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നത്. ജപ്പാനിലെ ജൈക്കയിൽ നിന്നും കോടികൾ വായ്പയെടുത്ത് കമ്മീഷൻ തട്ടാനുള്ള ഗൂഢശ്രമമാണ് പദ്ധതിക്ക് പിന്നിൽ. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രാചരണത്തിന് ഇറങ്ങിയ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് ജനരോഷം ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് കല്ലിടേണ്ടെന്ന ഉത്തരവിറക്കിയത്. എന്നാൽ ഈ ഉത്തരവിന് വിരുദ്ധമായി, വേണ്ടിടത്ത് കല്ലിടുമെന്നാണ് മന്ത്രിമാർ പറയുന്നത്. ഭൂമി ഏറ്റെടുക്കാനുള്ള കൗശലമായിരുന്നു കല്ലിടൽ.

കല്ലിടുന്ന ഭൂമിയിൽ സർക്കാർ പറഞ്ഞാൽ പോലും ഒരു ബാങ്കും ലോൺ കൊടുക്കില്ല. അത് സാധാരണക്കാരുടെ ജീവിതം ദുസഹമാക്കുമെന്നതു കൊണ്ടാണ് കല്ലിടരുതെന്ന് യു.ഡി.എഫ് പറഞ്ഞത്. എന്നാൽ എന്ത് എതിർപ്പുണ്ടായാലും കല്ലിടുമെന്ന ധിക്കാരം നിറഞ്ഞ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. കല്ലിടുന്നതിന്റെ പേരിൽ എത്ര പേരെയാണ് പൊലീസ് തല്ലിച്ചതച്ചത്? വയോധികന്റെ നാഭിയിൽ ചവിട്ടുകയും സ്ത്രീയെ റോഡിൽ വലിച്ചിഴയ്ക്കുകയും ചെയ്തു. നിരപരാധികളെ ജയിലിൽ അടച്ചു. കല്ലിടൽ നിർത്തിവച്ച സാഹചര്യത്തിൽ കള്ളക്കേസുകൾ പിൻവലിക്കാനും സർക്കാർ തയാറാകണം. കല്ലിടേണ്ടെന്ന തീരുമാനം കെ-റെയിൽ വിരുദ്ധ സമരത്തിന്റെ ഒന്നാം ഘട്ട വിജയമാണ്. ഈ പദ്ധതിയിൽ നിന്നും പിന്മാറുകയാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നത് വരെ യു.ഡി.എഫ് സമരം തുടരും.

പ്രതിപക്ഷമോ പൊതുജനങ്ങളോ ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാത്ത പൗരപ്രമുഖരുമായി സംവദിച്ച് എങ്ങിനെയും പദ്ധതി നടപ്പിലാക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമവും ദയനീയമായി പരാജയപ്പെട്ടു. ജലശാസ്ത്രപരമായി അതീവ ലോലമായ 164 ഇടങ്ങളിലൂടെയാണ് പാത പകടന്നു പോകുന്നത്. ഇത് വെള്ളപൊക്കത്തിന് ഇടയാക്കുമെന്ന് തട്ടിക്കൂട്ടിയ ഡി.പി.ആറിൽ തന്നെ പറയുന്നുണ്ട്. പാറയും മണ്ണും ലഭിക്കാത്തതിനാൽ വിഴിഞ്ഞം തുറമുഖ നിർമ്മാണം നിലച്ചിട്ട് വർഷങ്ങളായി. ഈ സാഹചര്യത്തിൽ സിൽവർ ലൈനിന് വേണ്ട പ്രകൃതി വിഭവങ്ങൾ എവിടെ നിന്നും ലഭിക്കുമെന്ന ചോദ്യത്തിനും ഉത്തരമില്ല.

ഭൂമി നഷ്ടപ്പെടുന്നവർ മാത്രമല്ല കേരളം ഒന്നാകെ സിൽവർ ലൈൻ ഇരകളായി മാറുമെന്ന ബോധ്യം ജനങ്ങൾക്കുണ്ട്. സ്വന്തം നാടിനെ തകർക്കാൻ ഒരു മലയാളിയും കൂട്ടുനിൽക്കില്ലെന്നതിന് തെളിവാണ് വീടുകളിൽ മാത്രം ഒതുങ്ങിയിരുന്ന അമ്മമാരും വയോധികരും ഉൾപ്പെടെയുള്ളവർ കല്ലിടലിനെ പ്രതിരോധിക്കാൻ മുന്നിട്ടിറങ്ങിയത്. സമൂഹിക, പാരിസ്ഥിതിക ആഘാത പഠനങ്ങളുടെ ഫലം എന്തു തന്നെ ആയാലും പദ്ധതി നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അതുകൊണ്ടു തന്നെ ജി.പി.എസ് സർവെ നടത്തിയാലും അതിനെ യു.ഡി.എഫ് എതിർക്കും. ചെറിയൊരു ശതമാനം മാത്രമുള്ള വരേണ്യവർഗത്തിനു വേണ്ടിയാണ് കേരള ജനതയെ ഒന്നാകെ ജപ്പാനിലെ ജൈക്കയ്ക്ക് പണയം വയ്ക്കുന്നത്. കേരളം തകർന്നാലും വേണ്ടില്ല വികസനത്തിന്റെ മറവിൽ കമ്മീഷൻ മാത്രമാണ് സർക്കാരിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ലക്ഷ്യം. തിരുവനന്തപുരത്തെ കണ്ണായ ഭൂമിയിൽ സിപിഎമ്മിന് പുതിയൊരു ഓഫീസ് കെട്ടിടം കൂടി ഉയരുന്നതും ഇതിനോട് ചേർത്ത് വായിക്കണം.

കുതിക്കുന്ന വില, നോക്കുകുത്തിയായി ഭരണകൂടം

പൊതുവിപണിയിൽ അവശ്യ സാധനങ്ങൾക്കെല്ലാം തീവിലയാണ്. വിപണി ഇടപെടൽ നടത്തി വിപണിയിലെ കൃത്രിമ വിലക്കയറ്റം പിടിച്ചു നിർത്താനാണ് സപ്ലോകോയ്ക്ക് സർക്കാർ സബ്‌സിഡി നൽകുന്നത്. വിപണി ഇടപെടലിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടു. ഇന്ധന വില വർധിക്കുന്നതിനനുസരിച്ച് നികുതി പിഴിഞ്ഞെടുക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ മത്സരിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളെ മാതൃകയാക്കി അധിക ഇന്ധന നികുതി വേണ്ടെന്ന് വയ്ക്കാൻ കേരളം തയാറാകാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അഞ്ചു വർഷത്തിനിടെ ഇന്ധന വിൽപനയിലൂടെ 5000 കോടി രൂപയുടെ അധിക വരുമാനമായി കേരളത്തിന് ലഭിച്ചത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നാലു തവണ ഇന്ധന നികുതി കുറച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ, ഓട്ടോ- ടാക്സി തൊഴിലാളികൾ ഉൾപ്പെടെയുള്ള ദുർബല വിഭാഗങ്ങൾക്ക് ഇന്ധന സബ്സിഡി നൽകണമെന്ന നിർദ്ദേശം മുഖവിലയ്ക്കെടുത്തിട്ടില്ല. ഇതിനൊക്കെ പുറമെയാണ് വൈദ്യുതി, വെള്ളം, ഓട്ടോ-ടാക്സി നിരക്കുകളും വർധിപ്പിച്ചത്.

കെട്ടകാലത്തും തീവെട്ടിക്കൊള്ള

കോവിഡിന്റെ മറവിൽ മെഡിക്കൽ സർവീസസ് കോർപറേഷനെ മറയാക്കി സിപിഎം ഉന്നത നേതാക്കളുടെ നേതൃത്വത്തിൽ തീവെട്ടികൊള്ളയാണ് നടത്തിയത്. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ പത്രസമ്മേളനം നടത്തി ചെറിയ കാര്യങ്ങൾ വരെ പറഞ്ഞിരുന്ന മുഖ്യമന്ത്രി ഈ കൊള്ളയെ കുറിച്ച് അറിഞ്ഞില്ലെന്നത് വിശ്വസനീയമല്ല. ഏതാനും ഉദ്യോഗസ്ഥർക്കെതിരെ മാത്രം നടപടിയെടുത്ത് എല്ലാം അവസാനിപ്പിക്കാമെന്നു കരുതേണ്ട. കൊള്ളയിൽ പിണറായി വിജയൻ, കെ.കെ ശൈലജ, തോമസ് ഐസക്ക് എന്നിവരുടെ പങ്ക് തെളിയിക്കുന്ന രേഖകൾ മാധ്യമങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്.

2020 മാർച്ച് 30-ന് സാൻ ഫർമാ എന്ന കമ്പനിയിൽ നിന്നും വിപണി നിരക്കിനേക്കാൾ ഉയർന്ന വിലയിൽ (1550) പി.പി.ഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രിയുടേയും കെ കെ ശൈലജയുടെയും തോമസ് ഐസക്കിന്റെയും അറിവോടെയായിരുന്നു. 16/4/2020 നാണു ഇത് സംബന്ധിച്ച നോട്ട് ഫയലിൽ കെ.കെ ശൈലജ അംഗീകാരം നൽകിയിരിക്കുന്നത്. അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന തോമസ് ഐസക്കും മുഖ്യമന്ത്രിയും ഫയലിൽ ഒപ്പു വച്ചിട്ടുണ്ട്. ഇതിന്റെ തലേ ദിവസം 446 രൂപയ്ക്ക് വാങ്ങിയ പി.പി.ഇ കിറ്റിനാണ് തൊട്ടടുത്ത ദിവസം മൂന്നിരട്ടി വില നൽകിയിരിക്കുന്നത്. ഈ പകൽ കൊള്ളയ്‌ക്കെതിരെ യു.ഡി.എഫ് നിയമവഴി തേടിയിട്ടുണ്ട്.

മയക്ക് മരുന്ന് ഗുണ്ടാ മാഫിയകളെ നിയന്ത്രിക്കുന്നത് സി.പി.എം

സംസ്ഥാനത്തെ ക്രമസമാധാനനില ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലാണ്. മയക്ക് മരുന്ന് ഗുണ്ടാ മാഫിയകൾക്ക് ഒത്താശ ചെയ്യുന്ന സിപിഎം പ്രദേശിക നേതാക്കൾ തന്നെയാണ് പൊലീസിനെയും നിയമന്ത്രിക്കുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളും ഗുണ്ടാ ആക്രമണങ്ങളും സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങളും ക്രമാതീതമായി ഉയരുകയാണ്. ആറു വർഷത്തെ എൽ.ഡി.എഫ് ഭരണം കാസർകോട് മുതൽ തിരുവനന്തപുരം വരെ കേരളത്തെ ഗുണ്ടാ കൊറിഡോറാക്കി മാറ്റിയിരിക്കുകയാണ്.

സോഷ്യൽ എൻജിനീയറിങ് എന്ന ഓമനപ്പേരിൽ പിണറായി വിജയൻ നടത്തുന്ന വർഗീയ പ്രീണന നയങ്ങളാണ് കേരളത്തെ വർഗീയ ശക്തികളുടെ കൊലക്കളമാക്കിയത്. സംഘപരിവാറുമായി വോട്ടു കച്ചവടം നടത്തിയാണ് പിണറായി തുടർ ഭരണം നേടിയത്. തലശ്ശേരി ന്യൂമാഹിക്കടുത്ത് പുന്നോലിൽ സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മുഖ്യമന്ത്രിയുടെ വീടിനു തൊട്ടടുത്ത് സിപിഎമ്മുകാരന്റെ വീട്ടിൽ അഭയം നൽകിയത് സംഘപരിവാർ- സിപിഎം അവിശുദ്ധ കൂട്ടുകെട്ടിന്റെ ഉദാഹരമാണ്. ആലപ്പുഴയിലും പാലക്കാടും എസ്.ഡി.പി.ഐയും ആർ.എസ്.എസും പരസ്പരം വെട്ടി മരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തുകൊടുക്കൽ വാങ്ങലുകൾ നടത്തിയതുകൊണ്ട് ഇവർക്കെതിരെ കാർക്കശ്യമായ നിലപാട് സ്വീകരിക്കാൻ സർക്കാരിന് സാധിക്കുന്നില്ല. ലോകസമാധാനത്തിന് വേണ്ടി ബജറ്റിൽ രണ്ട് കോടി രൂപ മാറ്റി വച്ച സംസ്ഥാനത്താണ് ഈ സമാധാന ലംഘനങ്ങൾ നടക്കുന്നത്. കടുത്ത വർഗീയ പരാമർശം നടത്തിയ പി.സി ജോർജിനെതിരെ പ്രോസിക്യൂട്ടറെ വയ്ക്കാതെ കേരളീയർക്ക് മുന്നിൽ അറസ്റ്റ് നാടകം കളിച്ചു. സിപിഎം പാർട്ടി കോൺഗ്രസിൽ മോദിയുടെ വർഗീയതയ്ക്കെതിരെ ഒരക്ഷരം മിണ്ടാത്ത മുഖ്യമന്ത്രിയുടെ വാക്കുകളിൽ കോൺഗ്രസ് വിരോധം മാത്രമായിരുന്നു.

ശമ്പളമില്ലാതെ കെ.എസ്.ആർ.ടി.സി

രണ്ടാം പിണറായി സർക്കാർ ഒരു വർഷം പൂർത്തിയാക്കുമ്പോൾ വൈദ്യുതി, ജലം കെ.എസ്.ആർ.ടി.സി എന്നിവയുടെ പ്രവർത്തനം ദയനീയമാണ്. സ്വിഫ്റ്റ് കമ്പനി വന്നതോടെ കെ.എസ്.ആർ.ടി.സിയുടെ തകർച്ച സർക്കാർ ഉറപ്പാക്കി. ശമ്പളം കൊടുക്കാൻ പറ്റില്ലെന്ന് ജീവനക്കാരെ വെല്ലുവിളിക്കുന്നതു പോലെയാണ് ഗതാഗത മന്ത്രി പറയുന്നത്. ലാഭത്തിൽ ഓടിക്കൊണ്ടിരുന്ന 20 ശതമാനം സർവീസുകളെയും സ്വിഫ്റ്റ് കമ്പനിയിലേക്ക് മാറ്റി. ബാക്കി 80 ശതമാനവും നഷ്ടത്തിലുള്ള സർവീസുകളാണ്. അതാണ് കെ.എസ്.ആർ.ടി.സിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്ഥിരം ജീവനക്കാരുള്ള പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിയെ തകർത്ത് കരാർ തൊഴിലാളികളെ ഉൾപ്പെടുത്തി പുതിയ കമ്പനി ഉണ്ടാക്കിയ ഈ സർക്കാരിനെയാണോ ഇടതുപക്ഷമെന്ന് പറയുന്നത്? ഇതാണോ ഇടതുപക്ഷ സമീപനം? രണ്ടു ലക്ഷം കോടിയുടെ കമ്മീഷൻ റെയിൽ കൊണ്ടുവരുന്നവർ 2000 കോടി രൂപ കൊടുത്ത് കെ.എസ്.ആർ.ടി.സിയെ രക്ഷിക്കാൻ ശ്രമിക്കാതെ അത് നശിച്ചു പോകട്ടേയെന്ന നിലപാടിലാണ്.

സ്ത്രീ സുരക്ഷ പ്രസംഗത്തിൽ മാത്രം

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കേരളത്തിൽ സാധാരണ കുറ്റകൃത്യമായി മാറിയിരിക്കുകയാണ്. അതിക്രമം ഉണ്ടായാൽ അത് അന്വേഷിക്കലും കേസെടുക്കലും മാത്രമല്ല പൊലീസിന്റെ ചുമതല. അതിക്രമം തടയുക എന്നതു കൂടി പൊലീസിന്റെ ഉത്തരവാദിത്തമാണ്.

പെൺകുട്ടി പരാതിയുമായെത്തിയാൽ മുൻവിധിയോടെയാണ് പൊലീസ് അതിനെ സമീപിക്കുന്നത്. പൊലീസിന്റെ ഇത്തരമൊരു സമീപനത്തിന്റെ രക്തസാക്ഷിയാണ് ആലുവയിൽ ആത്മഹത്യ ചെയത വിദ്യാർത്ഥിനി മോഫിയ. സിനിമ മേഖലയിലെ അതിജീവിതയ്ക്ക് നീതി ലഭ്യമാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. വന്മതിലിനെ കുറിച്ചും നവോത്ഥാനത്തെ കുറിച്ചും സ്ത്രീപക്ഷത്തെ കുറിച്ചുമൊക്കെയാണ് സിപിഎം പറയുന്നത്. ഇതാണോ സിപിഎമ്മിന്റെയും സർക്കാരിന്റെയും സ്ത്രീപക്ഷം? ഇതാണോ മുഖ്യമന്ത്രിയും ഈ സർക്കാരും പ്രഖ്യാപിച്ച നവോത്ഥാനം.

അഴിമതി വിരുദ്ധ സംവിധാനങ്ങളുടെ ചിറകരിഞ്ഞു

അഴിമതി മാത്രം ലക്ഷ്യമിട്ടാണ് പിണറായി സർക്കാർ ലോകായുക്ത ഉൾപ്പെടെയുള്ള അഴിമതി വിരുദ്ധ സംവിധാനങ്ങളുടെ ചിറകരിഞ്ഞത്. പ്രതിപക്ഷത്തിന്റെ എതിർപ്പിനെ അവഗണിച്ചാണ് ലോകായുക്ത ഓർഡിനൻസ് പാസാക്കിയത്. എന്ത് അഴിമതി കാണിച്ചാലും നിങ്ങൾ ഭയപ്പെടേണ്ടെന്ന സന്ദേശമാണ് സർക്കാർ നൽകുന്നത്. 22 വർഷം മുൻപ് നായനാർ മുഖ്യമന്ത്രിയും ഇ ചന്ദ്രശേഖരൻ നായർ നിയമ മന്ത്രിയുമായി ഇരിക്കുന്ന കാലത്ത് ഗൗരവകരമായി ചർച്ച ചെയ്ത് രൂപപ്പെടുത്തിയെടുത്ത നിയമത്തെയാണ് ഈ സർക്കാർ കഴുത്ത് ഞെരിച്ചു കൊന്നത്. ഓംബുഡ്സ്മാൻ കുരയ്ക്കുകയേയുള്ളൂ ഇവിടെ കടിക്കുന്ന നായയുണ്ട് അതാണ് ലോകായുക്ത എന്ന് 2019-ൽ പറഞ്ഞ പിണറായി തന്നെയാണ് 2022 -ൽ ലോകായുക്തയുടെ ഉദകക്രിയയും നടത്തിയത്. ഇടതു മുന്നണിയുടെ അഴിമതി വിരുദ്ധ മുഖത്തിനു നേരെ ഈ ഓർഡിൻസ് തുറിച്ചു നോക്കുമെന്നും പ്രതിപക്ഷത്തിന്റെ വാദമുഖങ്ങൾക്ക് ജനങ്ങൾക്കിടയിൽ വിശ്വാസ്യതയേറുന്നു എന്നുമാണ് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞത്. എന്നാൽ പിന്നീട് കാത്തിന്റെ പാർട്ടിയും ഈ നിയമവിരുദ്ധ നീക്കത്തിന് കുടപിടിച്ചെന്നത് ചരിത്രം.

തുടരുന്ന കർഷക ആത്മഹത്യ

കൃഷിനാശത്തെ തുടർന്ന് അപ്പർ കുട്ടനാട്ടിൽ കർഷകന് ആത്മഹത്യ ചെയ്യേണ്ടി വന്നത് സർക്കാർ സംവിധാനങ്ങളുടെ പാളിച്ചയാണ്. നേരത്തെയുണ്ടായ കൃഷിനാശത്തിന് വിള ഇൻഷുറൻസോ നഷ്ടപരിഹാരമോ ലഭിച്ചിരുന്നില്ല. നഷ്ടപരിഹാരം ലഭിക്കാൻ ഹൈക്കോടതിയെ സമീപിച്ച് കാത്തിരിക്കുന്നതിനിടയിലാണ് വേനൽമഴയിൽ വീണ്ടും കൃഷിനാശമുണ്ടായത്. കുട്ടനാട്ടിൽ വ്യാപക കൃഷിനാശമാണുണ്ടായത്. എന്നാൽ നശിച്ചു പോയ നെല്ല് സംഭരിച്ച് അവരെ സഹായിക്കാൻ പോലും സർക്കാർ ഇതുവരെ തയാറായിട്ടില്ല. കർഷകരുടെ പ്രശ്നങ്ങളോട് സർക്കാർ മുഖം തിരിച്ചു നിന്നതാണ് ഈ കർഷകനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത്.

തൃക്കാക്കരയിലെ കപട വികസനവാദികൾ

വികസനത്തിന് വേണ്ടി വാദിക്കുന്നത് ഞങ്ങളാണെന്ന സിപിഎം വാദം നുണ പ്രചരണം മാത്രമാണെന്നതാണ് ചരിത്ര വസ്തുത. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിൽ എൽ.ഡി.എഫ് സർക്കാർ നടപ്പാക്കിയ വികസനത്തിന്റെ ഏതെങ്കിലും ഒരു അടയാളം കാട്ടിത്തരണമെന്ന വെല്ലുവിളി വ്യവസായ മന്ത്രി പോലും ഏറ്റെടുത്തിട്ടില്ല.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം യു.ഡി.എഫ് കാലത്ത് കെ. കരുണാകരൻ കൊണ്ടുവന്നതാണ്. ഈ വിമാനം ഞങ്ങളുടെ നെഞ്ചത്ത് കൂടി മാത്രമെ ഇറക്കാൻ പറ്റൂവെന്നാണ് അന്നത്തെ സിപിഎം നേതാക്കൾ പ്രസംഗിച്ചത്. കലൂർ ഇന്റർ നാഷണൽ സ്റ്റേഡിയവും കെ കരുണാകരൻ കൊണ്ടുവന്നതാണ്. എന്തിനാണ് കണ്ണായ സ്ഥലത്ത് കളിക്കളമെന്നാണ് അന്ന് സിപിഎം ചോദിച്ചത്. കരുണാകരന്റെ കാലത്ത് ആരംഭിച്ച ഗോശ്രീ വികസന പദ്ധതിക്കെതിരെ ഹൈക്കോടതിയിൽ കേസ് കൊടുത്തത് സിപിഎമ്മുകാരാണ്. ഉമ്മൻ ചാണ്ടിയുടെ കാലത്ത് ഗെയിൽ പൈപ്പ് ലൈൻ ഭൂമിക്കടിയിൽ ഒളിപ്പിച്ചു വച്ച ബോംബാണെന്ന് പ്രസംഗിച്ചയാൾ ഇന്ന് പിണറായി മന്ത്രിസഭയിലെ മന്ത്രിയാണ്. സിൽവർ ലൈൻ കൊണ്ടുവന്ന് തൃക്കാക്കരയെ രക്ഷപ്പെടുത്തുമെന്നാണ് പറയുന്നത്. തൃക്കാക്കരയിലൂടെ സിൽവർ ലൈനൊന്നും പോകുന്നില്ല. മെട്രോ റെയിൽ ഉമ്മൻ ചാണ്ടിയുടെ കാലത്താണ് കൊണ്ടുവന്നത്. അതിനെതിരെ ഇപ്പോഴത്തെ മന്ത്രി സമരം ചെയ്തിട്ടുണ്ട്. മെട്രോ റെയിലിന്റെ രണ്ടാംഘട്ടം തൃക്കാക്കരയിലേക്കായിരുന്നു. എന്നാൽ ആറ് വർമായിട്ടും മെട്രോ എക്സ്റ്റൻഷൻ കൊണ്ടു വരാൻ പറ്റാത്തവരാണ് രണ്ടു ലക്ഷം കോടിക്ക് സിൽവർ ലൈൻ നടപ്പാക്കുമെന്ന് പറയുന്നത്. വികസനം വേണം, വിനാശം വേണ്ടെന്നതാണ് യു.ഡി.എഫ് നിലപാട്. വികസന അജണ്ട കേരളം ചർച്ച ചെയ്യട്ടേ. ഇപ്പോൾ വികസനത്തിന്റെ മുഖം മൂടിയിട്ട് ഇറങ്ങിയിരിക്കുന്നത് യഥാർത്ഥ വികസനവിരുദ്ധരാണ്.

യു.ഡി.എഫ് ബദൽ

ഭാവിയിലെ കേരളം സുസ്ഥിര വികസനത്തിലൂന്നിയാകണം രൂപപ്പെടേണ്ടതെന്ന് യു.ഡി.എഫ് വിശ്വസിക്കുന്നു. പ്രകൃതിക്കിണങ്ങി ഈ കൊച്ചു സംസ്ഥാനം മികച്ച വികസന, ജനകീയ ബദലുകൾ പ്രാവർത്തികമാക്കണം. കാലാവസ്ഥാമാറ്റം കോവിഡ് മഹാമരി പോലുള്ള വൻ ജനകീയാരോഗ്യ പ്രതിസന്ധികൾ എന്നിവയെ ശാസ്ത്രീയമായി അപഗ്രഥനം ചെയ്ത് പരിഹാരമാർഗങ്ങൾ തേടണം. സാമൂഹിക നീതി, വ്യക്തിസ്വാതന്ത്യം, അഭിപ്രായം പറയാനുള്ള നിർഭയ അന്തരീക്ഷം എന്നിവക്കായി പ്രതിപക്ഷം നിരന്തരം പോരാടും. സ്ത്രീകൾ പിന്നാക്ക വിഭാഗങ്ങൾ പ്രത്യേക പരിഗണന അർഹിക്കുന്നവർ കുട്ടികൾ മുതിർന്ന പൗരന്മാർ എന്നിവർക്കായി യു.ഡി.എഫും പോഷക സംഘടനകളും അക്ഷീണം പ്രവർത്തിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP