Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഈ സഭ എന്നു നന്നാകും? കൊറോണ കാലത്ത് എല്ലാവരും കതകടച്ചിരിക്കുമ്പോഴും സീറോമലബാർ സഭയിൽ പുതിയ വിവാദങ്ങൾ കൊഴുക്കുന്നു; ഭൂമി വിവാദവും ആരാധനക്രമ തർക്കവും കൊഴുപ്പിച്ച് സഭയുടെ സൽപ്പേര് മുഴുവൻ കുപ്പയിൽ എറിഞ്ഞിട്ടും ആരും ഒന്നും പഠിച്ചിട്ടില്ലെന്ന് തെളിയിക്കുന്നു പുതിയ തർക്കങ്ങൾ: ലേഖനം വായിക്കാം

ഈ സഭ എന്നു നന്നാകും? കൊറോണ കാലത്ത് എല്ലാവരും കതകടച്ചിരിക്കുമ്പോഴും സീറോമലബാർ സഭയിൽ പുതിയ വിവാദങ്ങൾ കൊഴുക്കുന്നു; ഭൂമി വിവാദവും ആരാധനക്രമ തർക്കവും കൊഴുപ്പിച്ച് സഭയുടെ സൽപ്പേര് മുഴുവൻ കുപ്പയിൽ എറിഞ്ഞിട്ടും ആരും ഒന്നും പഠിച്ചിട്ടില്ലെന്ന് തെളിയിക്കുന്നു പുതിയ തർക്കങ്ങൾ: ലേഖനം വായിക്കാം

സ്വന്തം ലേഖകൻ

ലോകം മുഴുവൻ കൊറോണാ ഭീതിയിൽ കതകടച്ചിരിക്കുന്നു. സാമ്പത്തിക. രാഷ്ട്രീയ, സാമുഹ്യ, ആത്മീയമേഖലകളിലൊക്കെ ഇന്നു വരെ അനിഷേധ്യമെന്നു കരുതപ്പെട്ടിരുന്ന ജീവിത ക്രമം മാറി മറിഞ്ഞിരിക്കുന്നു. ലോകവും ജീവിതവീക്ഷണങ്ങളും സമൂല പരിവർത്തനത്തിന് വിധേയമാകുന്ന ഈ അസാധാരണ സാഹചര്യത്തിലും, സീറോമലബാർ സഭയിലെ പലരും കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുന്നുവോ എന്ന ചോദ്യം പല കോണുകളിൽ നിന്നും ഉയരുന്നു.

ആദ്യം വളരെ രസകരമായ ഒരു വാട്സപ്പ് സംവാദത്തിന്റെ കഥ പറയാം. എല്ലാവരെയും പോലെ അച്ചന്മാരും പണിയില്ലാതെ അകത്തിരിക്കുമ്പോൾ അവർക്കും ഏക ആശ്രയം ഫേസ്‌ബുക്കും വാട്സാപ്പും ഒക്കെ തന്നെയാണ്. സീറോമലബാർ സഭയിലെ ഒരു രൂപതയിലെ അച്ചന്മാരുടെ ഗ്രൂപ്പിൽ ഒരു സംവാദം രൂപപ്പെട്ടു. സഭയുടെ കുർബാനക്രമത്തിൽ ഇപ്പോൾ അംഗീകരിപ്പെട്ടിരിക്കുന്ന രണ്ട് അനാഫൊറകളാണുള്ളത്. (കുദാശ ക്രമം) കൽദായ പാരമ്പര്യത്തിലുള്ള നെസ്തോറിയസ്സിന്റെ അനാഫൊറ കൂടി സീറോമലബാർ സഭയിൽ നടപ്പിലാക്കണമോ എന്ന വിഷയത്തിൽ ആണ് വാദപ്രതിവാദങ്ങൾ പൊട്ടിപുറപ്പെട്ടത്. 'നെസ്തോറിയസ്' എന്ന സഭാപിതാവ് സഭാവിരുദ്ധപ്രബോധനത്തിനു കത്തോലിക്കസഭയിൽ നിന്നു പുറത്താക്കപ്പെട്ടതാണോ എന്നൊരു തർക്കവും സഭാചരിത്രകാരന്മാരുടെ ഇടയിലുണ്ടെന്ന പശ്ചാത്തലവും മനസ്സിൽ കരുതണം.

ഏതായാലും വാട്സാപ്പ് ഗ്രൂപ്പിലെ വാദങ്ങൾ കൊഴുത്തപ്പോൾ ഒരച്ചൻ ഇട്ട കുറിപ്പ് താഴെ കൊടുക്കുന്നു 'വെറും മൂന്നു അനാഫൊറകളാക്കി ചുരുക്കുന്നത് ആഗോളപരാക്രമികളായ നമ്മൾ മാടമ്പി ക്രിസ്ത്യാനികൾക്ക് ചേർന്നതല്ല. Arius, Martin Luther, Corlnelius, Jansen തുടങ്ങി Devassia Mullakkara വരെയുള്ള എല്ലാ പാഷണ്ഡികൾക്കും ഇടം നൽകി കൊണ്ട് കൂടുതൽ അനാഫൊറകളിരക്കണം. ശീമക്കാർ കാണാട്ടെ നമ്മുടെ ഒരു വിശാല മനസ്‌കത. ഓരോ അനാഫൊറയ്ക്കും ചേർന്ന ഡ്രാക്കുള കുപ്പായങ്ങൾ high quality ഷാജി പാപ്പൻ മുണ്ടുകൾ വെട്ടി തയ്‌പ്പിക്കുകയും വേണം എന്നാണ് എന്റെയൊരു ഇത്.' ഏതായാലും ചർച്ചകൾ സ്വിച്ച് ഇട്ട പോലെ നിന്നു.

ഇതുപോലെ തന്നെ മറ്റൊരു വിവാദത്തിനു തീ കൊളുത്തിയിരിക്കുകയാണ്, സീറോമലബാർ സഭയിലെ ഡൽഹി പ്രദേശത്തിലെ രൂപതയിലെ ഫരീദാബാദിലെ മെത്രാപ്പൊലീത്തയുടെ ദുഃഖവെള്ളിയാഴ്ച പ്രസംഗം. യേശുക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ പ്രധാന്യവും അതുകൊണ്ട് തന്നെ ക്രൂശിതരൂപത്തിനു ക്രൈസ്തവ ആദ്ധ്യാത്മികതയിലുള്ള സ്ഥാനവുമൊക്കെയാണ് അദ്ദേഹത്തിന്റെ പ്രസംഗസാരം. അതിന്റെ തൊട്ടുപിന്നാലെ മെത്രാപ്പൊലീത്തയെ വ്യക്തിപരമായി ആക്ഷേപിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ വലിയ വിവാദത്തിന് തീ കൊളുത്തിയിരിക്കുകയാണ് സുറിയാനി പാരമ്പര്യ വാദികൾ.

ഈ കൊറോണക്കാലത്തും എങ്ങനെ സാധിക്കുന്നു ഈ ദൈവശാസ്ത്ര കോമരങ്ങൾ

'നീ പ്രാർത്ഥിക്കുമ്പോൾ മുറിയിൽ കയറി കതകടച്ച് ഹൃദയത്തിൽ പിതാവിനോട് പ്രാർത്ഥിക്കണം' എന്നാണ് യേശു പഠിപ്പിക്കുന്നത്. 'ഞാൻ നിങ്ങൾക്ക് ഒരു കൽപ്പന നൽകുന്നു. പരസ്പരം സ്നേഹിക്കുവിൻ'

യേശുവിന്റെ ഈ രണ്ടു കൽപ്പനകളും ഹൃദയത്തിൽ പ്രാർത്ഥിക്കാനും എല്ലാവരെയും സ്നേഹിക്കാനും ക്രിസ്ത്യാനികൾ പണ്ടേ മറന്നു. വലിയ ദേവാലയങ്ങളും, അരമന മന്ദിരങ്ങളും ആരാധനാ ക്രമങ്ങളും, ദൈവശാസ്ത്രവും, കാനൻ നിയമങ്ങളും, സ്ഥാപന സമുച്ചയങ്ങളും, പണവും, അധികാരവും, ക്രൈസ്തവ സഭകളെ യേശുവിന്റെ സുവിശേഷത്തിൽ നിന്നും ബഹുദൂരം അകറ്റി. അതോടൊപ്പം പരമ്പരാഗത ക്രൈസ്തവരാജ്യങ്ങളിലെ ബഹുദൂരിപക്ഷവും ക്രൈസ്തവജീവിതം ഉപേക്ഷിച്ചു.

അങ്ങനെയൊരു പശ്ചാത്തലത്തിലാണ് പരമസ്വാതികനായ ഫ്രാൻസിസ് മാർപ്പാപ്പ കത്തോലിക്ക സഭയുടെ തലപ്പത്തേക്ക് വരുന്നത്. പാരമ്പര്യവാദികളെ ഞെട്ടിച്ചുകൊണ്ട് സഭയുടെ പല രീതികളും ഫ്രാൻസിസ് മാർപ്പാപ്പ അപ്രസക്തമാക്കി. സുവിശേഷങ്ങളിലെ യേശുവിലേക്ക് തിരിച്ചുപോകുവാൻ അദ്ദേഹം സഭയ്ക്ക് ആഹ്വാനമേകി. തന്റെ ജീവിതം കൊണ്ടും പ്രബോധനം കൊണ്ടും അദ്ദേഹം മാതൃകയായി. എന്നിട്ടും സീറോ മലബാർ സഭയ്ക്ക ഒരു കുലുക്കവും തട്ടിയില്ല. സുവിശേഷവും മാർപ്പാപ്പയും ഒന്നു നമ്മുടെ പാരമ്പര്യത്തിനതീതമല്ല എന്നൊരു കാഴ്ചപ്പാടാണ്.

അതിന്റെ ഏറ്റവും നല്ല ഉദാരണമാണ്, ഫ്രാൻസിസ് പാപ്പ തന്റെ ആദ്യ പെസഹാ ദിവസം സ്ത്രീകളുടെയും അക്രൈസ്തവരുടെയും കാലുകൾ കഴുകി സഭയ്ക്ക് മാതൃകയായപ്പോൾ, തങ്ങൾക്കതു ബാധകമല്ലെന്ന ഔദ്യോഗിക നിലപാടെടുക്കുവാൻ മാത്രം മൂഡത്വം സീറോ മലബാർ മെത്രാൻ സംഘം കാണിച്ചത്. എന്നിട്ട് ഭൂമി വിവാദവും ആരാധനക്രമ തർക്കവും കൊഴുപ്പിച്ച് സഭയുടെ സൽപ്പേര് മുഴുവൻ കുപ്പയിലെറിഞ്ഞ മെത്രാൻ സംഘത്തെ അടിച്ചൊതുക്കുവാൻ ലത്തീൻ സഭയുടെ മാർപ്പാപ്പയും തിരുസംഘവും വേണ്ടി വന്നു. എന്നിട്ടും ആരും ഒന്നും പഠിച്ചിട്ടില്ലെന്നു തെളിയിക്കുകയാണ് ഈ പുതിയ കുരിശുതർക്കം.

ഈ വികല പാരമ്പര്യവാദത്തിന്റെ മറ്റൊരു ഉദാഹരണമാണ് സീറോ മലബാർ സഭയിലെ ചില മെത്രാന്മാർ കറുപ്പും ചുവപ്പുമൊക്കെ തുന്നിക്കൂട്ടി കൈത്തൂവാലയും കുരിശും പിടിച്ച് കൂടുതൽ പൗരസ്ത്യർ ആകാൻ ശ്രമിക്കുന്നത്. സഭയ്ക്ക് ആദ്യം കൈവരേണ്ടത് സ്നേഹവും ഐക്യവും കൂട്ടായ്മയുമാണെന്നു മറന്ന് ആനുഷ്ഠാനികതയ്ക്കുംം നാടകീയതയ്ക്കും കോമാളി വേഷങ്ങൾക്കും പ്രാധാന്യം കൊടുക്കുന്നവർ മറക്കുന്നത് യേശുവിന്റെ വചനങ്ങളാണ് 'അവർ കുപ്പായങ്ങൾക്ക് തൊങ്ങലും അരപ്പട്ടയ്ക്ക് വീതിയും കൂട്ടുന്നു. തെരുവീഥികളിൽ വന്ദനവും, വിരുന്നുകളിൽ പ്രമുഖ സ്ഥാനവും ആഗ്രഹിക്കുന്നു'

മാർപ്പാപ്പയുടെ വാക്കുകൾക്ക് ലത്തീൻ രീതി ആരോപിച്ച്, സുവിശേഷത്തെ നിരാകരിക്കുന്ന സഭാ നേതൃത്വത്തിനു മറ്റുള്ളവരേക്കാൾ പൗരസ്ത്യരാകാൻ ശ്രമിക്കുന്നത് വഴി സഭയുടെ ഐക്യത്തിനു തുരങ്കം വയ്ക്കുന്നവരെ നിലയ്ക്കു നിർത്തുവാനുള്ള ആർജ്ജവത്വമില്ല എന്നതാണ് സീറോ മലബാർ സഭയുടെ ഗതികേട്.

'എന്നെ തല്ലണ്ടപ്പാ, ഞാൻ നന്നാവത്തില്ല'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP