Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോമഡിയും ആക്ഷനും മാത്രം ചെയ്യാൻ പറ്റുന്ന നടനാണ് മോഹൻലാൽ എന്ന മുൻവിധി മാറ്റിയ സിനിമ; മാതുപണ്ടാരമായും സോപ്പുകുട്ടപ്പനായും നിറഞ്ഞാടിയ വിസ്മയം; അഭിനയ മികവിന്റെ പാദമുദ്ര പതിപ്പിച്ച മുപ്പത്തിമൂന്ന് വർഷങ്ങൾ: സഫീർ അഹമ്മദ് എഴുതുന്നു

കോമഡിയും ആക്ഷനും മാത്രം ചെയ്യാൻ പറ്റുന്ന നടനാണ് മോഹൻലാൽ എന്ന മുൻവിധി മാറ്റിയ സിനിമ; മാതുപണ്ടാരമായും സോപ്പുകുട്ടപ്പനായും നിറഞ്ഞാടിയ വിസ്മയം; അഭിനയ മികവിന്റെ പാദമുദ്ര പതിപ്പിച്ച മുപ്പത്തിമൂന്ന് വർഷങ്ങൾ: സഫീർ അഹമ്മദ് എഴുതുന്നു

സഫീർ അഹമ്മദ്

ശൃംഗാരത്തിന്റെയും പശ്ചാത്താപത്തിന്റെയും മുദ്രകൾ ചാർത്തി മാതുപണ്ടാരവും, നിസ്സഹായതയുടെയും അവഗണനയുടെയും പരിഹാസത്തിന്റെയും നൊമ്പരങ്ങളുടെയും മുദ്രകൾ ചാർത്തി സോപ്പ് കുട്ടപ്പനും തിരശ്ശീലയിൽ എത്തിയിട്ട് മുപ്പത്തിമൂന്ന് വർഷങ്ങൾ..
അതെ, മലയളത്തിലെ മികച്ച സിനിമകളിലൊന്നായ, അഭിനയ മികവിന്റെ ഊഷ്മളത പ്രേക്ഷകർക്ക് സമ്മാനിച്ച ആർ.സുകുമാരൻ-മോഹൻലാൽ ടീമിന്റെ പാദമുദ്ര റിലീസായിട്ട് ജൂൺ 24ന്,് മുപ്പത്തിമൂന്ന് വർഷങ്ങൾ ആയി.

സ്ത്രീലമ്പടനായ മാതു പണ്ടാരത്തിന്റെയും അയാൾക്ക് അവിഹിത ബന്ധത്തിൽ ഉണ്ടാകുന്ന, പിതൃത്വം ചോദ്യം ചെയ്യപ്പെടുന്ന, നാട്ടുകാരുടെ പരിഹാസപാത്രമാകുന്ന കുട്ടപ്പൻ എന്ന മകന്റെയും ആത്മസംഘർങ്ങളുടെ കഥയാണ് ആർ.സുകുമാരൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത 'പാദമുദ്ര'.

നാൽപ്പത്തിയൊന്ന് വർഷത്തെ മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച രണ്ട് കഥാപാത്രങ്ങളാണ് മാതു പണ്ടാരവും സോപ്പ് കുട്ടപ്പനും, അദ്ദേഹത്തിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസുകളിൽ ഒന്ന്..സിനിമ എന്ന മാധ്യമവുമായി യാതൊരു മുൻ പരിചയവും ഇല്ലാതിരുന്ന, ഒരു സിനിമ സെറ്റിൽ പോലും പോയിട്ടില്ലാത്ത ആർ.സുകുമാരൻ എന്ന പുതുമുഖ തിരക്കഥാകൃത്ത്-സംവിധായകൻ ആണ് മോഹൻലാലിൽ നിന്ന് വിസ്മയിപ്പിക്കുന്ന ഈ അഭിനയ പ്രകടനം പുറത്തെടുത്ത്, ഇത്രയും മികച്ച ഒരു സിനിമ മലയാളത്തിന് സമ്മാനിച്ചത് എന്നത് ഒക്കെ അതിശയിപ്പിക്കുന്ന കാര്യങ്ങൾ തന്നെയാണ്.

മേക്കപ്പിന്റെ അമിത സഹായം ഇല്ലാതെ അങ്ങേയറ്റം വ്യത്യസ്തമായ രണ്ട് കഥാപാത്രങ്ങളെ ഒരു സിനിമയിൽ എങ്ങനെ വളരെ സ്വഭാവികമായി, എങ്ങനെ അതി മനോഹരമായി അവതരിപ്പിക്കാമെന്നുള്ളതിന് ഇന്ത്യൻ സിനിമയ്ക്കുള്ള ഒരു പാഠപുസ്തകമാണ് പാദമുദ്രയിലെ മോഹൻലാലിന്റെ പെർഫോമൻസ്. അത്രയ്ക്ക് മികച്ചതായിരുന്നു മാതു പണ്ടാരവും സോപ്പു കുട്ടപ്പനുമായിട്ടുള്ള മോഹൻലാലിന്റെ പകർന്നാട്ടം.

'കുട്ടപ്പാ, കടല വേണൊ' എന്ന് ചോദിച്ച് കൊണ്ട് തന്റെ ജാര സന്തതിയായ കുട്ടപ്പന് മാതു പണ്ടാരം ചായക്കടയിൽ നിന്നും ദോശയും കടലയും വാങ്ങി കൊടുക്കുന്നത് പാദമുദ്രയിലെ വളരെ പ്രാധാന്യമുള്ളൊരു രംഗമാണ്. കുട്ടപ്പൻ മാതു പണ്ടാരത്തിന്റെ അടുത്തിരുന്ന് ദോശ കഴിക്കുന്നതിനിടയിൽ ചായക്കടയിലുള്ളവരുടെ പരിഹാസം കലർന്ന ചിരികൾ കണ്ട് ഒന്നും മിണ്ടാതെ അപമാന ഭാരത്താൽ, തന്റെ മകന്റെ അവസ്ഥയോർത്ത്, താൻ ചെയ്ത തെറ്റിന്റെ ആഴം മനസിലാക്കി, പശ്ചാത്തപിച്ച് നിസ്സഹായനായി ഇരിക്കുന്ന മാതുപണ്ടാരം. ഹൃദയസ്പർശിയായിരുന്നു അത്..മോഹൻലാലിന്റെ മികച്ച പ്രകടനത്തോടൊപ്പം ഒഴുകി വന്ന ജോൺസൺ മാസ്റ്ററുടെ പശ്ചാത്തല സംഗീതം ആ രംഗത്തെ കൂടുതൽ മനോഹരമാക്കി.

'അമ്പലമില്ലാതെ ആൽത്തറയിൽ വാഴും' എന്ന ഗാന രംഗത്തിലെ മോഹൻലാലിന്റെ അസാധ്യ പ്രകടനമാണ് പാദമുദ്രയിലെ എടുത്ത് പറയേണ്ട മറ്റൊരു രംഗം. ഭക്തി സാന്ദ്രമായി തുടങ്ങിയ പാട്ടും രംഗങ്ങളും, ഇടയിൽ ഭക്തിയിൽ നിന്നും ശൃംഗാരത്തിലേക്കും കാമത്തിലേക്കുള്ള മാതു പണ്ടാരത്തിന്റെ ഭാവ മാറ്റം, ഗംഭീരമാണത്..ഞൊടിയിടയിലാണ് ഭക്തിയും ശൃംഗാരവും കാമവും ഒക്കെ മാതു പണ്ടാരമെന്ന മോഹൻലാലിന്റെ മുഖത്ത് മിന്നിമറയുന്നത്. 'സംഹാര താണ്ഡവമാടുന്ന നേരത്തും ശൃംഗാര കേളികളാടുന്നു' എന്ന വരികൾക്ക് മോഹൻലാൽ കൊടുക്കുന്ന ഭാവവും ശരീരഭാഷയും ഒക്കെ അതി മനോഹരമാണ്. ഗാന രംഗങ്ങളിൽ തിളങ്ങാനുള്ള മോഹൻലാലിന്റെ അസാമാന്യ വൈദഗ്ദ്ധ്യം വിളിച്ചോതിയ ഒന്നായിരുന്നു ഇത്. കൂടാതെ മൂന്ന് മിനിട്ടോളം ദൈർഘ്യമുള്ള മാതു പണ്ടാരത്തിന്റെ കാവടിയാട്ടം, അതൊരു പുതിയ ദൃശ്യാനുഭവം ആയിരുന്നു പ്രേക്ഷകർക്ക്. മോഹൻലാൽ എന്ന നടന്റെ താളബോധവും അനായാസമായ മെയ് വഴക്കവും പ്രേക്ഷകർക്ക് കാണിച്ച് കൊടുത്ത പ്രകടനമായിരുന്നു ആ കാവടിയാട്ടത്തിലേത്. മലയാള സിനിമയിൽ മോഹൻലാൽ എന്ന നടന് മാത്രം സാധ്യമാകുന്ന ഒന്ന്.

സ്ത്രീലമ്പടനായ, സംസാരത്തിൽ അശ്ലീലം കുത്തി നിറയ്ക്കുന്ന, കവച്ച് വെച്ച് നടക്കുന്ന മാതു പണ്ടാരത്തെയാണൊ അല്ലെങ്കിൽ കുട്ടിക്കാലം മുതൽ തന്റെതല്ലാത്ത കാരണത്താൽ മുഴുവൻ നാട്ടുകാരുടെയും പരിഹാസം ഏറ്റ് വാങ്ങേണ്ടി വന്ന, മാനസികനില തെറ്റിയ സോപ്പ് കുട്ടപ്പനെയാണൊ മോഹൻലാൽ കൂടുതൽ മികവ് നല്കി അവതരിപ്പിച്ചതെന്ന് ചോദിച്ചാൽ ഉത്തരം പറയുക പ്രയാസമായിരിക്കും. അത്രയ്ക്ക് മികച്ച രീതിയിലാണ് മോഹൻലാൽ ആ രണ്ട് കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരിക്കുന്നത്..

അന്ന്, 1988ൽ ഇരുപത്തിയെട്ട് വയസ് മാത്രം പ്രായമുള്ള, കേവലം എട്ട് വർഷങ്ങളുടെ അഭിനയ പരിചയമുള്ള മോഹൻലാൽ എന്ന നടന്റെ പ്രതിഭ എത്രോത്തോളമുണ്ടെന്ന് മലയാള സിനിമ പ്രേക്ഷകർക്ക് കാണിച്ച് കൊടുത്ത സിനിമയാണ് പാദമുദ്ര. നമ്മുടെ ഭൂരിഭാഗം സിനിമ പ്രേക്ഷകർക്കും അവാർഡ് ജൂറിക്കും ഒക്കെ ഒരു മുൻവിധി/തെറ്റിദ്ധാരണയുണ്ട്, സെന്റിമെന്റൽ സീനുകളിൽ ശോഭിക്കുന്നവർ, വാവിട്ട് കരഞ്ഞ് അഭിനയിക്കുന്നവർ അല്ലെങ്കിൽ ആർട് സിനിമകളിൽ അഭിനയിക്കുന്നവർ മാത്രമാണ് മികച്ച നടീനടന്മാർ എന്ന്. കമേഴ്‌സ്യൽ സിനിമകളിലെ ഹാസ്യാഭിനയവും സ്വാഭാവികാഭിനയവും ഒന്നും ഉത്തമ നടനത്തിന്റെ അളവ് കോലുകൾ ആയി പരിഗണിക്കാത്ത ഒരു പ്രേക്ഷക സമൂഹം അന്ന് ഉണ്ടായിരുന്നു,ഒരു പരിധി വരെ അത് ഇന്നുമുണ്ട്.

സത്യൻ അന്തിക്കാടിന്റെ സിനിമകളിൽ കോമഡി ചെയ്യുന്ന,പ്രിയദർശന്റെ സിനിമകളിൽ തലക്കുത്തി മറിയുന്ന, കോമഡിയും ആക്ഷനും മാത്രം ചെയ്യാൻ പറ്റുന്ന നടൻ എന്നാണ് പാദമുദ്ര വരുന്നത് വരെ മോഹൻലാലിനെ കുറിച്ച് പൊതുവെ ഉണ്ടായിരുന്ന ധാരണ. പാദമുദ്രയ്ക്ക് മുമ്പ് അമൃതംഗമയ, ഉണ്ണികളെ ഒരു കഥ പറയാം തുടങ്ങിയ സീരിയസ് സിനിമകളിൽ അത്യുജ്വല അഭിനയം മോഹൻലാൽ കാഴ്‌ച്ചവെച്ചിട്ടുണ്ടെങ്കിലും മോഹൻലാലിനെ മികച്ച നടനായി അംഗീകരിക്കാൻ പൊതുവെ എന്തൊ ഒരു വിമുഖത ഉണ്ടായിരുന്നു അന്ന്, കാരണം മേൽപ്പറഞ്ഞ ആ മുൻവിധി തന്നെ.

പക്ഷെ പാദമുദ്രയിലെ പ്രകടനത്തിലൂടെ തന്നെ കുറിച്ച് ഉണ്ടായിരുന്ന ആ മുൻധാരണകളെ മോഹൻലാൽ തിരുത്തി വിമർശകരുടെ വായ് അടപ്പിച്ചുവെങ്കിലും കിരീടത്തിന് ശേഷമാണ് മോഹൻലാലിനെ മികച്ച നടനായി പൊതുവെ അംഗീകരിച്ച് തുടങ്ങിയത്.

1988ലെ സ്റ്റേറ്റ്/നാഷണൽ ബെസ്റ്റ് ആക്ടർ മൽസരത്തിന്റെ അവസാന റൗണ്ടിൽ പാദമുദ്രയിലെ ഉജ്വല പ്രകടനത്തിലൂടെ മോഹൻലാൽ എത്തിയിരുന്നു. പക്ഷെ മോഹൻലാൽ എന്ന ഇരുപത്തിയെട്ടുക്കാരന് ഇനിയും അവാർഡ് ലഭിക്കാൻ സമയമുണ്ട്/അവസരങ്ങൾ ഉണ്ട് എന്നും പറഞ്ഞ് അന്നത്തെ അവാർഡുകൾ എൺപത് വയസ്സുക്കാരനായ പ്രേംജിക്ക് കൊടുത്തു അവാർഡ് ജൂറി. പ്രോൽസാഹനം എന്ന പോലെ 1988 ലെ കേരള സ്റ്റേറ്റ് സ്‌പെഷ്യൽ ജൂറി അവാർഡ് കൊടുത്തു പാദമുദ്രയിലെ പെർഫോമൻസിന്. കൂടെ ആര്യനിലെയും ചിത്രത്തിലെയും ഉത്സവപ്പിറ്റേന്നിലെയും അഭിനയം കൂടി കണക്കിലെടുത്തുകൊണ്ട്.

1988 ജൂൺ 24ന് റിലീസ് ദിവസം തന്നെ കൊടുങ്ങല്ലൂർ മുഗൾ തിയേറ്ററിൽ നിന്നും ഇക്കയുടെ കൂടെ കണ്ടതാണ് ഞാൻ പാദമുദ്ര, എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ..കോരിച്ചൊരിഞ്ഞ മഴയിലും വൻ തിരക്കായിരുന്നു പാദമുദ്രയ്ക്ക്, അതും ഫാൻസ് അസോസിയേഷൻ ഒന്നും ഇല്ലാത്ത ആ കാലത്ത്. ഒരു പക്ഷെ ഇന്ന് ആക്ഷൻ ജോണറിലുള്ള മോഹൻലാൽ സിനിമകൾക്ക് പോലും റിലീസ് ഡേയിൽ സ്വപ്നം കാണാൻ പറ്റാത്ത അത്ര തിരക്ക്. അന്നത്തെ മോഹൻലാൽ സിനിമകളിൽ നിന്ന് വ്യത്യസ്തമായി ഗൗരവമുള്ള വിഷയം വാണിജ്യ ചേരുവകൾ ഇല്ലാതെ അവതരിപ്പിച്ചതുകൊണ്ടാണ് പാദമുദ്ര ബോക്‌സ് ഓഫിസിൽ ശ്രദ്ധിക്കപ്പെടാതെ പോയത്. അന്ന് ഒരു എട്ടാം ക്ലാസുക്കാരന് ഉൾക്കൊള്ളാവുന്ന പ്രമേയം ആയിരുന്നില്ല പാദമുദ്രക്ക്. അതുകൊണ്ട് തന്നെ നിരാശയോടെയാണ് തിയേറ്റർ വിട്ടിറങ്ങിയതും. പിന്നീട് മുതിർന്ന ശേഷം വീണ്ടും കണ്ടപ്പോഴാണ് പാദമുദ്ര വളരെ ഇഷ്ടപ്പെടുന്നതും ആ സിനിമയുടെ മേന്മകൾ മനസിലാകുന്നതും.

മോഹൻലാലിന്റെ മികച്ച അഭിനയ മുഹുർത്തങ്ങളാൽ സമ്പന്നമായ പാദമുദ്രയിൽ നെടുമുടി വേണുവിന്റെയും സീമയുടെയും മികച്ച പ്രകടനങ്ങൾ എടുത്ത് പറയേണ്ടതാണ്. നാട്ടുകാരുടെ പരിഹാസ ശരങ്ങൾ ഏറ്റ് വാങ്ങി അപമാനത്താൽ തല കുനിച്ച് തന്റെത് അല്ലാത്ത മകനെ സ്‌നേഹിച്ച് വളർത്തുന്ന നാരായണൻ എന്ന കഥാപാത്രം ഒരിക്കൽ കൂടി നെടുമുടി വേണു എന്ന കലാകാരന്റെ നടന വൈഭവം പ്രേക്ഷകർക്ക് കാണിച്ച് തന്നു. ഒരു നിമിഷത്തെ ദൗർബല്യം കൊണ്ട് സംഭവിച്ച താളപ്പിഴയിൽ പിന്നീടുള്ള ജീവിതം നാണക്കേട് സഹിച്ച്, സ്വന്തം മകനെ ലാളിക്കാനും സ്‌നേഹിക്കാനും ആകാതെ നീറി ജീവിക്കേണ്ടി വന്ന ഗോമതി എന്ന കഥാപാത്രത്തെ സീമ മനോഹരമായി അവതരിപ്പിച്ചു. സാലു ജോർജിന്റെ ഛായാഗ്രഹണവും വിദ്യാധരൻ മാസ്റ്ററുടെ സംഗീതവും ജോൺസൺ മാസ്റ്ററുടെ പശ്ചാത്തല സംഗീതവും പാദമുദ്ര എന്ന സിനിമയെ മനോഹരമാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. അമ്പലമില്ലാതെ ആൽത്തറയിൽ വാഴും എന്ന മികച്ച ഗാനം രചിച്ച ഹരി കുടപ്പനക്കുന്നിന്റെയും പേര് പ്രത്യേകം പരാമർശിക്കേണ്ടതാണ്.

മോഹൻലാൽ എന്ന നടന്റെ ഏറ്റവും മികച്ച പത്ത് സിനിമകൾ/പെർഫോമൻസുകൾ ഒന്ന്, രണ്ട് എന്ന ക്രമത്തിൽ പറയാൻ പറഞ്ഞാൽ ഞാൻ ഉൾപ്പെടെ പലർക്കും അത് പറയാൻ വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. പക്ഷെ ഒന്നെനിക്ക് ഉറപ്പിച്ച് പറയാൻ പറ്റും,മോഹൻലാലിന്റെ ഏറ്റവും മികച്ച സിനിമകളിൽ, പെർഫോമൻസുകളിൽ മുൻനിരയിൽ തന്നെ പാദമുദ്രയും അതിലെ മാതു പണ്ടാരവും സോപ്പ് കുട്ടപ്പനും ഉണ്ടാകും.

പാദമുദ്ര എന്ന മികച്ച സിനിമ മലയാള സിനിമയ്ക്ക് സമ്മാനിച്ച തിരക്കഥാകൃത്തും സംവിധായകനുമായ ആർ.സുകുമാരൻ, നിർമ്മാതാവ് അഗസ്റ്റിൻ, ഒരേ സമയം മാതു പണ്ടാരവും സോപ്പ് കുട്ടപ്പനുമായി നിറഞ്ഞാടി നമ്മളെ വിസ്മയിപ്പിച്ച മോഹൻലാൽ എന്നിവരോട് ഒരുപാട് നന്ദി പറഞ്ഞ് കൊണ്ട് നിർത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP