Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

ശബരിമല ഹിന്ദുക്കളുടെ പൊതു ആരാധനാ കേന്ദ്രമാകുന്നതിനെ ആരാണ് പേടിക്കുന്നത്? സമരത്തിലെ പ്രധാനികൾക്കൊക്കെ ഈ വിഷയത്തിൽ ലാഭചേതങ്ങളുണ്ട്; ആർത്തവ വിലക്കല്ല ഹിന്ദുക്കളുടെ പൊതു ആരാധാനകേന്ദ്രം എന്നതിലാണ് സുപ്രീം കോടതി വിധിയുടെ മർമ്മം; വെട്ടിമാറ്റപ്പെടുന്നത് ബ്രാഹ്മണർക്കും മറ്റു സവർണ്ണ ഹിന്ദുക്കൾക്കും ഉണ്ടായിരിക്കുന്ന പ്രകടമായ മേൽക്കൈ; ജാതി വർഗീയത പ്രച്ഛന്നവേഷമിട്ട് കേരളീയതയെ ഭരിക്കുമ്പോൾ; വിജു വി നായർ എഴുതുന്നു

ശബരിമല ഹിന്ദുക്കളുടെ പൊതു ആരാധനാ കേന്ദ്രമാകുന്നതിനെ ആരാണ് പേടിക്കുന്നത്? സമരത്തിലെ പ്രധാനികൾക്കൊക്കെ ഈ വിഷയത്തിൽ ലാഭചേതങ്ങളുണ്ട്; ആർത്തവ വിലക്കല്ല ഹിന്ദുക്കളുടെ പൊതു ആരാധാനകേന്ദ്രം എന്നതിലാണ് സുപ്രീം കോടതി വിധിയുടെ മർമ്മം;  വെട്ടിമാറ്റപ്പെടുന്നത് ബ്രാഹ്മണർക്കും മറ്റു സവർണ്ണ ഹിന്ദുക്കൾക്കും ഉണ്ടായിരിക്കുന്ന പ്രകടമായ മേൽക്കൈ; ജാതി വർഗീയത പ്രച്ഛന്നവേഷമിട്ട് കേരളീയതയെ ഭരിക്കുമ്പോൾ; വിജു വി നായർ എഴുതുന്നു

വിജു വി നായർ

ബരിമല അയ്യപ്പന്റെ ബ്രഹ്മചര്യം സംരക്ഷിക്കാൻ നാട്ടിലെ പരമ്പരാഗത ദിവ്യന്മാർ കുഞ്ഞുകുട്ടിപരാതീനങ്ങൾ സഹിതം തെരുവിലാണ്. ആദ്യഘട്ട മസിലുപിടിത്തത്തിന് ശേഷം ഭരണപക്ഷം അയഞ്ഞിരിക്കുന്നു .ദേവസം ബോർഡ് മുഖേന തല്പരകക്ഷികളെ ചർച്ചയ്ക്കു ക്ഷണിച്ചുകൊണ്ട്. ചർച്ചാഫലമെന്തായാലും ഇംഗിതം വ്യക്തം. ഇരുകൂട്ടർക്കും വലിയ പരിക്കില്ലാതെ തലയൂരണം. കാരണം രണ്ടുണ്ട്.

Stories you may Like

ഒന്ന് ഒരു സമരം നടത്താനിറങ്ങുമ്പോൾ അതിന്റെ പ്രകൃതവും ഘട്ടങ്ങളും മാത്രമല്ല പരിണാമഗുപ്തി കൂടി മുമ്പേറായി നിശ്ചയിക്കുന്നതാണ് സമരം എന്ന പ്രതിഭാസത്തിന്റെ രീതിശാസ്ത്രം തന്നെ. എപ്പോൾ തുടങ്ങണം എന്നതുപോലെ എങ്ങനെ തീർക്കണം എന്നതും ഈ നിശ്ചയത്തിൽ പെടുന്നു. അതറിയാതെ ചാടിപ്പുറപ്പെടുമ്പോഴാണ് സമരങ്ങൾ സമരക്കാർക്ക് തന്നെ തൊന്തരവാവുക. മികച്ച ഉദാഹരണം, സോളാർ കേസിന്മേൽ സിപിഎം നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധം, പുലിവാലു പിടിച്ച നിലയിൽ പൊടുന്നനെ കർട്ടനിടേണ്ടി വന്നതിന്റെ ക്ഷീണം ഇന്നും മാറിയിട്ടില്ല, പാർട്ടിക്ക്. അതേ ലൈനിൽ ഉപരോധത്തിന് പുറപ്പെട്ട നാമജപസമരക്കാരുടെ അവസ്ഥയും ഏറെക്കുറെ അതേ മട്ടിലായിട്ടുണ്ട്. കോടതിവിധിക്കും ആസന്നമായ മണ്ഡലപൂജയ്ക്കും ഇടയിൽപ്പെട്ട സർക്കാരിന്റെ നിലയും വ്യത്യസ്തമല്ല. ഇരുകൂട്ടർക്കും തൽക്കാലം തടികാക്കണം.

രണ്ട്, എല്ലാ പക്ഷക്കാരേയും ഒരുപോലെ വൈക്ലബ്യത്തിലാക്കുന്നത് കോടതിവിധിയാണ്. പരമോന്നത കോടതിയുടെ ഭരണഘടനാബഞ്ച് (ടി കോടതിയിലെ പരമോന്നത പീഠം) സുദീർഘമായ വ്യവഹാര ശേഷം എത്തിച്ചേർന്ന നിഗമനങ്ങൾക്ക് മേൽ അപ്പീലില്ല. പുനഃപരിശോധന എന്നൊരു ചടങ്ങേയുള്ളു. പുറപ്പെടുവിച്ച വിധിയിൽ വസ്തുതാപരമായ പിശകു വല്ലതുമുണ്ടെങ്കിൽ അത് തിരുത്താമെന്നല്ലാതെ വിധി റദ്ദാക്കാനൊന്നും ഒരു പുനഃപരിശോധനാ ഹർജിക്കും സാധാരണഗതിയിൽ കഴിയില്ല. ഈ കേസിലാകട്ടെ അതിനൊരു തിരുത്തിനുള്ള വക കൂടിയില്ല. ആവലാതിക്കാരുടെ ആളെണ്ണം നോക്കിയല്ല ആധുനിക ജൂറിസ്പ്രുഡൻസിന്റെ നടപടി പ്രക്രിയ. ആചാരസംരക്ഷകർ പറഞ്ഞു നടക്കുന്ന ന്യായങ്ങളും ജുഡീഷ്യൽ പ്രക്രിയയും തമ്മിൽ ബന്ധമില്ലെതാനും. ഓർഡിനൻസ്, ഓർഡിനൻസ് എന്ന മന്ത്രജപത്തിനും ഇതു തന്നെയാണ് വിധി. ഇനി, നിയമനിർമ്മാണസഭകൾ വഴി ഇക്കാര്യത്തിൽ പുതിയൊരു നിയമം കൊണ്ടുവന്നാലും രക്ഷയില്ല. കോടതിവിധി മറികടക്കാനുള്ള ഇത്തരം തന്ത്രങ്ങൾ വീണ്ടും കോടതിയുടെ മുന്നിലെത്തും, പുതിയ നിയമത്തിൽ ഭരണഘടനാ ലംഘനമുണ്ടെങ്കിൽ റദ്ദാക്കപ്പെടും. കോടതിവിധിക്ക് ഭരണഘടനാ സാധുത ഇല്ലെന്നു വരുത്തണം. ഇവിടെ നേരേ മറിച്ചാണ് വസ്തുതകളുടെ കിടപ്പുവശം. ഇവിടെ ഭരണഘടനാ ലംഘനം നടത്തുന്ന ഒരാചാരവ്യവസ്ഥയാണ് കോടതി റദ്ദാക്കിയിരിക്കുന്നത് തന്നെ. ചുരുക്കിയാൽ, ഈ വിധി ചുമക്കുകയേ പൗരാവലിക്കും സർക്കാരുകൾക്കും മാർഗമുള്ളു. അതറിവുള്ളതുകൊണ്ടാണ് എല്ലാത്തരം രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഈ വിഷയത്തിലെ യഥാർത്ഥ പ്രതിയായ കോടതിക്കെതിരെ കമാന്ന് മിണ്ടാത്തത്. അപ്പോൾ പിന്നെ എന്തിനാണീ തെരുവുകലാപരിപാടി? അവിടെയാണ് ഈ ഒച്ചപ്പാടിന്റെ യഥാർത്ഥ ആവശ്യക്കാർ ആരെന്നും അവരുടെ യഥാർത്ഥ ചേതോവികാരം എന്തെന്നും തിരിച്ചറിയേണ്ടത്. ഒപ്പം, രാഷ്ട്രീയ മണ്ഡലത്തിലെ വിവിധ കക്ഷികളുടെ ഇംഗിതങ്ങൾ എന്തെന്നും.

പ്രധാന കളിക്കാർക്ക് നേരിട്ട് ലാഭചേതങ്ങളുണ്ട്
സമരക്കാർ പൊതുസമൂഹത്തിനും മുമ്പിൽ പിടിച്ചിട്ടുള്ള പ്രത്യക്ഷന്യായം ലളിതമാണ്. അതായത്, കോടതിവ്യവഹാരമത്രയും ഒറ്റത്തർക്കത്തിന്മേലായിരുന്നു - രജസ്വലകളായ സ്ത്രീകൾക്ക് ശബരിമല അമ്പലത്തിൽ കയറാൻ വകുപ്പുണ്ടോ? ഉണ്ടെന്നാണ് കോടതി വിധി. അത് പ്രതിഷ്ഠാമൂർത്തിയുടെ നൈഷ്ഠിക ബ്രഹ്മചര്യവ്രതം തെറ്റിക്കും, വിശ്വാസികളുടെ ആചാരബലം ക്ഷയിപ്പിക്കും, വിശ്വാസം തന്നെ ദുർബലപ്പെടും. അങ്ങനെ, ഭരണഘടനാദത്തമായ വിശ്വാസസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാകുന്നു ടി വിധി എന്നാണ് പ്രതിഷേധകരുടെ വ്യഖ്യാനം. ഇനി, ഈ ടീമിലുള്ള പ്രധാന കളിക്കാരെ ശ്രദ്ധിക്കുക. ഒന്ന്, താഴമൺമഠം, രണ്ട്, പന്തളം കൊട്ടാരം, മൂന്ന് നായർ സർവ്വീസ് സൊസൈറ്റി. നാല്, ബിജെപി.

ഇതിൽ, ആദ്യ രണ്ട് കൂട്ടരും ശബരിമല ക്ഷേത്രത്തിൽ നേരിട്ട് ലാഭചേതങ്ങളുള്ളവരാണ്. താഴമൺമഠത്തിലെ തന്ത്രിമാർക്കാണ് അവിടുത്തെ പൗരോഹിത്യമേലധികാരത്തിന്റെ പരമ്പരാഗത കുത്തക. പന്തളം രാജവംശത്തിനുള്ളത് മിത്തു വഴിയുള്ള പിതൃസ്ഥാനം. ഇതു രണ്ടും പച്ചയായ ജാതിത്താവഴി സംവരണങ്ങളാണ്. ഒരു ബ്രാഹ്മണകുടുംബവും ഒരു ക്ഷത്രിയ കുടുംബവും വഴിയുള്ള സംവരണം. മൂന്നാം കക്ഷിയായ എൻഎസ്എസിന്റെ പങ്കും പങ്കാളിത്തവും ഇത്രകണ്ട് പച്ചയ്ക്കുള്ളതല്ല,. മേല്പറഞ്ഞ രണ്ട് ജാതികളുടെയും 'കണ്ണും കയ്യും കല്പനയും' എന്ന് ചരിത്രപരമായി പേരെടുത്ത ജാതിവിഭാഗത്തിന്റെ ഔദ്യോഗിക സംഘടനയാണ് എൻഎസ്എസ്. സ്വഭാവികമായും ആ വഴിക്കുള്ള സ്വന്തം 'ജാതിധർമ്മ' പരിപാലനം ജനാധിപത്യകാലത്തും അവർ നിർവഹിക്കുന്നു. രണ്ട്, ദേവസ്വം ബോർഡിലെ നിയമനം കൊണ്ട് ടി ദേവസ്വത്തിന് കീഴിലുള്ള അമ്പലങ്ങളിലെ നിയമനങ്ങളിൽ വരെയുള്ള വ്യക്തമായ മേൽക്കൈ. ഈ രണ്ടുമാണ് എൻഎസ്എസിന് ഇക്കാര്യത്തിലുള്ള വിശേഷതാല്പര്യം.

നാലാം കക്ഷിയായ ബിജെപിയുടെ ഇംഗിതം തികച്ചും രാഷ്ട്രീയപരമാണ്. വ്യത്യസ്ത ജാതിക്കൂട്ടങ്ങളായി നിൽക്കുന്ന ' ഹിന്ദുക്കളെ' രാഷ്ട്രീയമായി സമന്വയിപ്പിച്ച് ഭൂരിപക്ഷ മതത്തിന്റെ ചൊല്പടിയിൽ രാജ്യാധികാരത്തെ നിർത്തുക എന്നതാണ് ഈ സംഘടനയുടെ ജന്മോദ്ദേശ്യം തന്നെ. സ്വഭാവികമായും മേല്പറഞ്ഞ മൂന്നു ജാതികളുടെ ആകസ്മിക സമന്വയം അതിന് ഗുണമുള്ള ലാഭാവസരമാണ്. വിശേഷിച്ചും, മതവിശ്വാസത്തെ രാഷ്ട്രീയായുധമാക്കുന്നതിൽ ശീലവും സന്തോഷവുമുള്ള ഒരു കക്ഷിക്ക്. സമരമുന്നണിയുടെ ഉള്ളടക്കവും അംഗഘടകങ്ങളുടെ ലാഭചേതങ്ങളും ഇത്തരത്തിൽ പൊരുത്തപ്പെടുമ്പോൾ അവർ ഉന്നയിക്കുന്ന പ്രശ്‌നമല്ല, അതിന്റെ അകപ്പൊരുളാണ് പ്രസക്തമാവുന്നത്. അഥവാ അതിന്റെ അകപ്പൊരുളാണ് പ്രസക്തമാവുന്നത്. അഥവാ പ്രദർശിപ്പിക്കപ്പെടുന്ന പുറംതോടല്ല യഥാർത്ഥ പ്രശ്‌നമെന്നർത്ഥം.

ശബരിമല ഹൈന്ദവവിശ്വാസമുള്ളവരുടെ പൊതു ആരാധാനകേന്ദ്രം
ആർത്തവമുള്ള സ്ത്രീകൾക്ക് മല ചവിട്ടാനുള്ള അനുമതിയാണ് ഇവരെല്ലാം ഉയർത്തിപ്പറയുന്ന പ്രശ്‌നം. അതുതന്നെയാണ് അവർ സമർത്ഥമായി ഒരുക്കുന്ന പുകമറയും. 411 പേജുള്ള സു സുപ്രീംകോടതി വിധിന്യായത്തിന്റെ മർമ്മം ഈ സ്ത്രീ പ്രശ്മല്ല. മറിച്ച്, സ്ത്രീയുടെ ശബരിമല പ്രവേശനം ആ മർമ്മത്തിന്റെ സ്വഭാവിക പരിണതമാത്രമാണ്. സ്ത്രീപ്രവേശന തർക്കത്തിൽ നിന്നുദ്ഭവിച്ച ദീർഘവ്യവഹാരത്തിന് ഒടുവിൽ കോടതി എത്തിച്ചേർന്ന നിഗമനമാണ് ആ മർമ്മം - ശബരിമല എന്നത് ഹൈന്ദവവിശ്വാസമുള്ളവരുടെ പൊതു ആരാധാനകേന്ദ്രമാണ്.

അയ്യപ്പഭക്തർ ഒരു പ്രത്യേക മതമോ, മതവിശ്വാസമോ അല്ലെന്നും സനാതന ഹിന്ദുമതത്തിൽപ്പെട്ട വിശ്വാസികൾ തന്നെയാണെന്നും കോടതി 'മുടിനാരിഴ കീറി' കണ്ടെത്തി. ഇതിലിത്ര മുടിനാരൊന്നും കീറേണ്ട കാര്യം സാമാന്യബുദ്ധിയുള്ളവർക്കില്ല. പതിനെട്ടാം പടി കയറി സന്നിധാനത്തിലെത്തുന്ന ആർക്കും കാണാവുന്ന ഒരു ബോർഡ് അയ്യപ്പ ക്ഷേത്രത്തിന്റെ നെറുകയിൽ ഫിറ്റു ചെയ്തിട്ടുണ്ട്. -'തത്വമസി'. നിലവിലുള്ള 'ഹിന്ദുമത'ത്തിന്റെ തത്വശാസ്ത്രഹൃദയമാണ് ഈ വേദാന്തസാരം. അർഥം : 'അത് നീയാകുന്നു'. ജീവാത്മാവും പരമാത്മാവും പ്രപഞ്ചവുമെല്ലാം ഏകമാകുന്ന ഈ തത്വം തള്ളിക്കളയാൻ ഒരു തന്ത്രിക്കും നിർവാഹമില്ല. അതുകൊണ്ടുതന്നെ അയ്യപ്പവിശ്വാസത്തെ ഹിന്ദുത്വത്തിൽ നിന്നുംവേർതിരിക്കാനുമാവില്ല. (അല്ലെങ്കിൽ പിന്നെ ശ്രീരാമകൃഷ്ണ മിഷൻ ചെയ്തപോലെ തങ്ങൾ ഹിന്ദുമതക്കാരല്ലെന്നു സമർത്ഥിക്കണം. കൊൽക്കത്താ ഹൈക്കോടതി അതിൽ പ്രകാരം അവരെ ഒരു പ്രത്യേക മതിവിഭാഗമായി കല്പിക്കുകയും ചെയ്തു. ) ഹൈന്ദവ വിശ്വാസത്തിൽ ഉൾപ്പെടുന്ന അയ്യപ്പഭക്തി സമ്പ്രദായത്തിൽ സ്ത്രീകളെ എന്തെങ്കിലും സൂത്രം പറഞ്ഞ് ഒഴിവാക്കി നിർത്താൻ വകുപ്പില്ല. യുവതീപ്രവേശനത്തിനുള്ള കോടതിയുടെ അനുമതി വരുന്നത് ഈ നിഗമനത്തിന്റെ ഉപഫലമായിട്ടാണ്. ആയതിനാൽ, കോടതിയുടെ ശരിയായ പ്രത്യാഘാതങ്ങൾ ബ്രഹ്മചാരി അയ്യപ്പനോ മല ചവിട്ടുന്ന ഭക്തർക്കോ അല്ല, മറ്റു ചിലർക്കാണ്.

രാഹുൽ ഈശ്വരന്മാരുടെ ആധിവ്യാതികളുടെ പൊരുൾ ഇതാണ്
ശബരിമല ഹൈന്ദവവിശ്വാസികളുടെ പൊതു ആരാധനാലയമാകുന്നതോടെ നാളിതുവരെ അതിന്മേൽ കൈവശംവെച്ച് അനുഭവിച്ചിരുന്ന ചില സംവരണങ്ങൾ ഒറ്റയടിക്ക് റദ്ദാക്കപ്പെടുകയാണ്. ഉദാഹരണമായി, തന്ത്രിമാർക്കും, ശാന്തിപ്പണിക്കാരായി വരുന്ന നമ്പൂതിരിമാർക്കുമുള്ള ജാതിസംവരണം അസ്ഥാനത്താകുന്നു. അബ്രാഹ്മണരായ പൂജാരികൾക്കും ഈ തസ്തികയിലേയ്ക്ക് ഇനിമേൽ അവകാശവാദമുന്നയിക്കാം, അപേക്ഷ കൊടുക്കാം.

പൂജാരിപ്പണിക്ക് പറഞ്ഞിട്ടുള്ള തൊഴിൽയോഗ്യത സ്വായത്തമാകുന്നപക്ഷം. മറ്റൊന്ന്, ദേവസ്വം നിയമനങ്ങളിലും ഭരണത്തിലും വർണ്ണ ഹിന്ദുക്കൾക്ക് പ്രത്യേകിച്ചും നായർക്ക് ഉണ്ടായിരിക്കുന്ന മേൽക്കൈ വെള്ളത്തിലാവും. ഹൈന്ദവ വിശ്വാസികളായ ആർക്കും ഇനി ഇക്കാര്യത്തിൽ മത്സരിക്കാം. പന്തളം കൊട്ടാരത്തിനും കേവലമായ ആലങ്കാരിക പ്രസക്തിക്കപ്പുറം പോകാൻ ഇനി പാങ്ങുണ്ടാവില്ല. ചുരുക്കിയാൽ, ബ്രാഹ്മണർക്കും മറ്റു സവർണ്ണഹിന്ദുക്കൾക്കും ഉണ്ടായിരിക്കുന്ന പ്രകടമായ മേൽക്കൈ വെട്ടിമാറ്റപ്പെടുകയാണ്. ഇത്രകണ്ട് വമ്പിച്ച വരുമാനവും സാമൂഹികപദവിയുമുള്ള ഒരധികാര സ്ഥാപനത്തെ അങ്ങനെ വിശ്വാസികളുടെ പൊതുവകയാക്കാൻ ഇക്കൂട്ടർ എങ്ങനെ സമ്മതിക്കും.?

അതാണ് രാഹുൽ ഈശ്വരന്മാർ ഓടിനടന്ന് പ്രകടിപ്പിക്കുന്ന ആധിവ്യാതികളുടെ പൊരുൾ. ശാന്തിപ്പണിക്കാരായ നമ്പൂതിരുമാരുടെ കൂട്ടായ്മ പ്രകടിപ്പിക്കുന്ന മുറുമുറുപ്പിന്റെ പൊരുൾ. പെരുന്ന പോപ്പിന്റെ പടപ്പുറപ്പാടിന്റെ സാരം. ശിഷ്ടം, ഈ കലക്കവെള്ളത്തിലെ രാഷ്ട്രീയ മത്സ്യബന്ധനമാണ്.

ഈ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ബിജെപി
ബിജെപിയെ സംബന്ധിച്ച് ദീർഘമായ അമാവാസിക്ക് ശേഷം കിട്ടിയ 15% വോട്ടിന്റെ ഉണർവ് മോദിഭരണത്തിന്റെ അഞ്ചുകൊല്ലം കൊണ്ട് ഒരു വഴിക്കായി. ഈഴവജനസാമാന്യത്തെ പിടിച്ച് മാർക്‌സിസ്റ്റ് പാർട്ടിയെ ക്ഷയിപ്പിക്കാൻ നോക്കി. ഫലിച്ചില്ല. മാണിക്ക് വലവീശി നോക്കി, ഒത്തുകിട്ടിയില്ല. ജാനു വഴി ആദിവാസികളെ ചാക്കിലാക്കാൻ നോക്കി, ഏശിയില്ല, ഒടുവിലിപ്പോൾ ജാനുപോലും ചാക്കിൽ നിന്നു ചോർന്നുപോയി. ഇനി ആകെയുള്ള പ്രതീക്ഷ കോൺഗ്രസിലാണ്. എന്നുവച്ചാൽ കോൺഗ്രസിനുണ്ടാകുന്ന ക്ഷയത്തിൽ. ഈ പ്രത്യാശയ്ക്ക് യുക്തിയുണ്ടുതാനും.

കഴിഞ്ഞ നാലുപതിറ്റാണ്ടായി കേരളം വാഴുന്ന ദ്വിമുന്നണിരാഷ്ട്രീയത്തിന്റെ സമകാലിക ഘടന നോക്കുക. പിന്നാക്ക അധഃപ്പത ജാതികളും മതേതര രാഷ്ട്രീയക്കാരുമാണ് ഇടതുപക്ഷ മുന്നണിയുടെ ജനസമാജം. അവരോടു ചേർന്നുനിൽക്കുന്ന ന്യൂനപക്ഷമതക്കാരും വർണ്ണ ഹിന്ദുക്കളും തുലോം തുച്ഛം. യുഡിഎഫിൽ മുസ്ലീങ്ങളുടെ ലീഗ്, കത്തോലിക്കരുടെ കേരളാ കോൺഗ്രസുകൾ, ശിഷ്ടം കോൺഗ്രസ്. ആ പാർട്ടിയാകട്ടെ വന്നുവന്നിപ്പോൾ സുറിയാനി ക്രിസ്ത്യാനിയുടെ പൊന്നാപുരംകോട്ട. ആൾബലമില്ലാത്ത മുല്ലപ്പള്ളി, സുധീരൻ വിടാം. ചെന്നിത്തലുടെ ഐ - ഗ്രൂപ്പിനാണ് പേരിനെങ്കിലും വർണ്ണഹിന്ദുക്കളുടെ പങ്കാലിത്തം. മോദിതരംഗത്തിൽ ബിജെപി കേരളത്തിലുണ്ടാക്കിയ അലയിളക്കം ബാധിക്കുന്നത് ഈ കടവത്താണ്. കാരണം, പരമ്പരാഗതമായി കോൺഗ്രസിനൊപ്പം നിന്ന കേരളത്തിലെ വർണ്ണഹിന്ദുക്കളുടെ കണ്ണിൽ യുഡിഎഫ് എന്നത് കുറേക്കാലമായി നസ്രാണി/മുസ്ലിം ഐക്യമുന്നണിയാണ്.

ഈ പൊതുധാരണ തിരുത്താൻ കഴിയുന്ന നയമോ നടപടികളോ മുന്നണിലീഡറായ കോൺഗ്രസ് അവലംബിച്ചിട്ടുമില്ല. കൂടെക്കൂടെ മതേതരത്വം എന്ന് ജെല്ലിവർത്താമാന പറയുന്നതല്ലാതെ ജനങ്ങൾക്ക് ബോധ്യമാകുന്ന രാഷ്ട്രീയ പ്രവൃത്തി ആ പാർട്ടി എടുക്കുന്നില്ല. കേന്ദ്രത്തിൽ അധികാരം പോവുകയും മുക്കാൽ പങ്ക് സംസ്ഥാനങ്ങളും കൈവിടുകയും കൂടി ചെയ്തതോടെ ദേശീയായിത്തമുള്ള അച്ചുതണ്ടുസ്ഥാനം നഷ്ടമായ കോൺഗ്രസിന് കേരളത്തിലെ ഈ സവിശേഷപ്രതിസന്ധി ഗൗരവമായി സംബോധന ചെയ്യാൻ വേണ്ട ത്രാണിയില്ലതാനും. രണ്ടു മുന്നണികൾ മാത്രമല്ല ബലാബലത്തിൽ മുമ്പ് മുന്നണികളിലെ അമർഷം ഒഴുക്കിവിടാനുള്ള ചാലുകളില്ലായിരുന്നു. മതന്യൂനപക്ഷങ്ങൾക്കും വർണഹിന്ദുക്കൾക്കും പരമ്പരാഗതമായിത്തന്നെ ഇടതുപക്ഷത്തോട് ആഭിമുഖ്യമില്ലാത്തതുകൊണ്ട് അങ്ങനെ ചെയ്ത ഒവുക്ക് ഏറെക്കുറെ അസാധ്യവുമാണ്. എന്നാൽ ബിജെപി നവോന്മേഷശാലിയായതോടെ ആ ഗാരണ്ടി അവസാനിച്ചു. യുഡിഎഫ് അനുഭാവികളായ വർണഹിന്ദുക്കൾക്ക് ഖാദി ഊരി കാവിയുടുക്കാൻ പ്രത്യയശാസ്ത്രപരമായ വൈക്ലബ്യം പോലും ഉണ്ടാവേണ്ട കാര്യമല്ലല്ലോ. ഈ ഉത്തരേന്ത്യൻ നാട്ടുനടപ്പ് കേരളത്തിലുണ്ടാവില്ല എന്ന അന്ധവിശ്വാസത്തിലാണ് കോൺഗ്രസിന്റെ അകർമ്മങ്ങൾ എന്ന തുടരുന്നത്. ഇവിടെത്തന്നെയാണ് ബിജെപിയുടെ മോഹമുകുളം മൊട്ടിടുന്നത്. 15 ശതമാനത്തിൽ നിന്ന് ഇടിഞ്ഞുതുടങ്ങിയ ജനപിന്തുണയിൽ ഹതാശരായി നിന്ന അവർക്ക് ശബരിമലപ്രശ്‌നം വീണുകിട്ടിയ തുറുപ്പാവുന്നതും.

അയിത്തോച്ചാടന സമര ചരിത്രവുമൊക്കെ പണയംവെക്കുമ്പോൾ
കോടതിവിധി വന്നപാടേ ബിജെപിയുടെയും കോൺഗ്രസിന്റെയുമെല്ലാം കേന്ദനേതൃത്വങ്ങൾ അതിനെ പുരോഗമനപരമായ വിധിയായി വാഴ്‌ത്തി. എന്നാൽ ബിജെപിയുടെ കേരളഘടകം വൈകാതെ അവസരലാക്കുകണ്ട് ലൈൻ മാറ്റി. വർണ്ണ ഹിന്ദുക്കളെ തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽവച്ച് ഹിന്ദു രാഷ്ട്രീയക്കാർ റാഞ്ചുമെന്ന നടുക്കത്തിൽ ഗാന്ധിയന്മാരും ഉടനേ അവരുടെ സംരക്ഷകരായി. വൈക്കം, ഗുരുവായൂർ സത്യഗ്രഹങ്ങളും അയിത്തോച്ചാടന സമര ചരിത്രവുമൊക്കെ പണയത്തിന് വച്ചു.അതേസമയം കോടതിവിരുദ്ധം പറയാനുള്ള ആമ്പിയറുമില്ല. അതുകൊണ്ട്, പിണറായി സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ബിജെപിതന്ത്രം തന്നെ കോൺഗ്രസുമെടുത്തു. എന്നു വച്ച് തെരുവിലിറങ്ങാനുള്ള മൂച്ചൊന്നുമല്ല. അവിടെയുമുണ്ട് ഒരു കെണി - ബിജെപിക്കൊപ്പം തെരുവിലിറങ്ങിയിൽ തീർന്നില്ലേ 'മതേതരത്വ' ഡയലോഗ്?

സുപ്രീം കോടതിവിധി തുറന്നു കാട്ടിയിരിക്കുന്നത് കേവലം ലിംഗസമത്വത്തിന്റെ അസംബന്ധം മാത്രമല്ല. ജാതി വർഗീയത പ്രഛന്നവേഷമിട്ട് കേരളീയതയെ ഭരിക്കുന്ന വിധം കൂടിയാണ്. കൊട്ടിഘോഷിക്കുന്ന നവോത്ഥാനം കാതലിൽ ഏശാതെ പോയ ഒരു സമൂഹം എങ്ങനെ പ്രബുദ്ധതയുടെ പുകമറയിൽ 21-ാം നൂറ്റാണ്ടിലും പിന്നാക്കം നടക്കുന്നു എന്നും. ആത്മീയതയുടെ പേരിലാണല്ലോ തന്ത്രിപുഗംവന്മാർ തൊട്ട് ഗാന്ധിശിഷ്യർ വരെ യുക്തിന്യായത്തെ തള്ളുന്നത്. ഇവരുടെ ആത്മീയത എത്ര വിഭാഗീയവും പുരുഷാർത്ഥജടിലവും (അതെ, ആ നാല് വിഭക്തിമൂലകങ്ങൾ തന്നെ) ആണെന്ന് ഇത് യുക്തിനിരാകരണം വഴി അവർ തന്നെ തെളിയിക്കുന്നു. ഒരു കേവലയുക്തി കൊണ്ട് അതിന്റെ അസംബന്ധം കൂടി പറഞ്ഞവസാനിപ്പിക്കാം.

ആർത്തവം അശുദ്ധിയാണെന്നാണല്ലോ ആചാരവിശ്വാസികളുടെ ന്യായമറ. അവർണ്ണ ജാതിക്കാർക്ക് അമ്പലപ്രവേശനവും സ്വതന്ത്ര വഴിനടപ്പും വിലക്കിയിരുന്നതിനും പറഞ്ഞ ന്യായം ഇതുതന്നെയാണ് - 'അശുദ്ധി'. ഇപ്പോഴത്തെ വിശ്വാസയുക്തി വച്ച് ഇനി അവർണർ അമ്പലത്തിൽ കയറുന്നതും വിലക്കാം. അതിനെ പ്രതിഷ്ഠാമൂർത്തിയുടെ താന്ത്രികവിധികൾ പറഞ്ഞ് ന്യായീകരിക്കാം. തടസം പറഞ്ഞാൽ കോടതിയോട് വിശ്വാസസ്വാതന്ത്ര്യത്തിന്റെ ഭരണഘടനാവകുപ്പ് മറുത്തുചൊല്ലാം. തന്ത്രിവിത്തുകളെ ചാനലുകളിലും ഭക്തപ്പെൺപടയെ തെരുവിലും വിന്യസിക്കാം. അങ്ങനെ, പ്രബുദ്ധതയുടെ പതിനെട്ടാം പടിയും കടന്ന് തത്വമസിക്ക് സിന്ദാബാദും വിളിക്കാം.

( എഴുത്തുകാരനും കോളമിസ്റ്റും മാധ്യമ പ്രവർത്തകനുമായ വിജു വി നായർ മറുനാടൻ മലയാളിക്കുവേണ്ടി പ്രത്യേകമായി എഴുതിയതാണ് ഈ ലേഖനം)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP