Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജൂൺ 19 വായന ദിനം: മാറ്റങ്ങളുടെ പടവുകൾ കയറുന്ന വായന: ടോണി ചിറ്റിലപ്പിള്ളി എഴുതുന്നു...

ജൂൺ 19 വായന ദിനം: മാറ്റങ്ങളുടെ പടവുകൾ കയറുന്ന വായന: ടോണി ചിറ്റിലപ്പിള്ളി എഴുതുന്നു...

ടോണി ചിറ്റിലപ്പിള്ളി

കേരളം ഇന്ന് വായനാ ദിനം ആഘോഷിക്കുകയാണ്.വായനയുടെ അവിഭാജ്യ ആവശ്യകത ഗ്രാമങ്ങൾതോറും നടന്ന് പൊതുജനങ്ങളിലേയ്ക്ക് എത്തിച്ചുകൊടുത്ത വായനയുടെ വളർത്തച്ഛൻ കുട്ടനാട്ടിലെ നീലമ്പേരൂർ ഗ്രാമത്തിലെ പുതുവായിൽ നാരായണപ്പണിക്കരുടെ നാമധേയത്തിലാണ് ജൂൺ 19 ന് വായനാവാരാചരണം ആഘോഷിക്കുന്നത്.കേരളത്തിലെ കാസർഗോഡ് മുതൽ പാറശ്ശാലവരെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന സാംസ്കാരിക വിളംബരജാഥ കേരള ചരിത്രത്തിന്റെ താളുകളിൽ മിന്നുന്ന സാംസ്കാരികാഭിമാനമായി ശോഭിക്കുന്നു.

അഞ്ചുവിരലുകളെയും സമന്വയിപ്പിച്ചുകൊണ്ട് പുസ്തക താളുകളിൽ മുഖമമർത്തി ആ ഗന്ധം ആസ്വദിച്ചുക്കൊണ്ട് നമ്മുടെ മനസ്സിനെ ആ താളുകളോടൊപ്പം കൊണ്ടുപോവുന്ന ആഴത്തിലുള്ള വായനയിൽ നിന്നും മാറി ഒരുവിരൽ ചലനത്തിൽ ഒതുങ്ങിയ കുറിയ വായനകളിലേക്ക് നാം മാറിക്കൊണ്ടിരിക്കുന്നു.ഇത് പുതിയ ലോകത്തിൽ നടക്കുന്ന വലിയ മാറ്റമാണ്.എങ്കിലും കടലാസിന്റെ മണമുള്ള വായന മരിക്കുന്നില്ല.പേജുകൾ മറിക്കുമ്പോഴുള്ള രസവുമൊക്കെ ഇല്ലാതാകുന്നില്ല.

വായന കോവിഡിന്റെ സമ്മർദ്ദത്തെ കുറയ്ക്കുന്നു

കോവിഡ് -19 ന്റെ അനിശ്ചിത കാലഘട്ടത്തിൽ വായന സമ്മർദ്ദത്തെ നേരിടാൻ സ ഹായിക്കുകയുംസൃഷ്ടിപരമായ പരിഹാരങ്ങൾ നൽകുകയും ചെയ്യുന്നു.തലച്ചോറിനുള്ള വ്യായാമമാണ് വായന.ശാരീരിക വ്യായാമം പ്രമേഹത്തിന്റെയും ഹൃദ്രോഗത്തിന്റെയും സാധ്യത കുറയ്ക്കുന്നതുപോലെ, പതിവായി വായിക്കുന്നത് ഡിമെൻഷ്യ പോലുള്ള രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുകയും ഓർമ , ഏകാഗ്രത, മാനസികാവസ്ഥ എന്നിവ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.കോവിഡിന്റെ ഈ സമയങ്ങളിൽ ഇത് പ്രത്യേകിച്ചും പ്രസക്തമാണ്.വായന കോവിഡ് മഹാമാരിയുടെ സമ്മർദ്ദം കുറയ്ക്കുന്നതിനുംനമ്മുടെ ഉള്ളിലുള്ള സഹാനുഭൂതിയുടെ വികാരങ്ങൾ വർദ്ധിപ്പിക്കുന്നതിനും സഹായിക്കും:

ഇ- റീഡിങ്

ഡിജിറ്റൽ വായന കൂടുകയാണ്.പുതിയ കാലത്തെ ഇ- റീഡിങ്, വൈകാരികമായ അത്തരം അനുഭൂതികളെ പുതിയ കാലഘട്ടത്തിന്റെ ഉൽപ്പന്നങ്ങളിലൂടെ നവനിർമ്മാണം നടത്തുമ്പോഴാണ്,വായന കാലാതിവർത്തിയാകുന്നത്.അതെ വായന മുന്നോട്ടു പോകുകയാണ്.ദൃശ്യ മാധ്യമങ്ങളിൽ വരുന്ന ദൃശ്യത്തെക്കാൾ സാധാരണക്കാർ ഇപ്പോഴും വിശ്വസിക്കുന്നത് പത്രങ്ങളിലെ അക്ഷരങ്ങളെയാണെന്നുള്ളത് കൗതുകകരമായ വസ്തുതയാണ്.

ഇറ്റാലിയൻ വൈദികനായ റോബർട്ടോ ബൂസ ആണ് വി.തോമസ് അക്വിനാസിന്റെ'ഇൻഡക്സ് തോമിസിറ്റിക്കസ്' എന്ന കൃതിയെ ലെമ്മറ്റൈസേഷൻ വഴി (ഒരു പദത്തിന്റെ വ്യതിചലിച്ച രൂപങ്ങൾ ഒരുമിച്ച് ഗ്രൂപ്പാക്കി മാറ്റുന്ന പ്രക്രിയയാണിത്.അതിനാൽ അവയെ ഒരൊറ്റ ഇനമായി വിശകലനം ചെയ്യാൻ കഴിയും)ആദ്യത്തെ 'ഇ' ബുക്ക് ആക്കി മാറ്റിയതെന്നാണ് ചരിത്രം പറയുന്നത്.1949ൽ സ്പെയിനിൽനിന്നുള്ള അദ്ധ്യാപികയായ ഏയ്ഞ്ചല റൂസ് ആണ് ആദ്യമായി 'ഇ' ബുക്കിനുള്ള പേറ്റന്റ് നേടിയത്.2004-ൽ ഇലക്ട്രോണിക് പേപ്പർ ടെകനോളജി ഉപയോഗിച്ച് സോണി കമ്പനിയാണ് 'ഇ' റീഡർ ആദ്യമായി ഇന്നത്തെ രീതിയിൽ വികസിപ്പിച്ചത്.

ആദിമനുഷ്യൻ ശിലയിൽ എഴുതി വായിച്ചു.പിന്നെ, ചുമർ, താളിയോലകൾ, തുണി, പാപ്പിറസ് എന്നിവയിൽ എഴുതി.ഇപ്പോൾ ഇതാ ഡിജിറ്റൽ തലത്തിലേക്ക് മാറുന്നു.താളിയോല ഇല്ലാതായതുപോലെ പുസ്തകവും ഇല്ലാതായേക്കാം.ഐപോഡ്,ഗാഡ് ജെറ്റ്‌സ്, ഇ-ബുക്ക് റീഡർ,ബ്ലോഗ്,ട്വിറ്റർ,ഫേസ്‌ബുക് തുടങ്ങിയ തലങ്ങളിലേക്ക് വായന മാറുന്നു.

ഡിജിറ്റൽ വായനയ്ക്കിടയിൽ പലപ്പോഴും വായിക്കുന്ന എല്ലാ വാക്കുകളും മനസിലായി എന്ന് വരില്ല. അപ്പോൾ വായനയ്ക്കിടയിൽ അടുത്ത് തന്നെ ഒരു ഡിക്ഷണറി ആവശ്യമായി വരും. അത് പലപ്പോഴും എടുത്ത് നോക്കേണ്ടിയും വരും. ഈ അസൗകര്യം മുൻകൂട്ടി കണ്ട് പല ഇ റീഡർ നിർമ്മാതാക്കളും റീഡറിൽ തന്നെ നിഘണ്ടുവും നൽകിയിട്ടുണ്ട്. അർത്ഥമറിയേണ്ട വാക്കിൽ ഒന്ന് തൊട്ടാൽ മതി.

സോഷ്യൽ മീഡിയയിലൂടെയുള്ള വായന

സോഷ്യൽ മീഡിയ എന്നത് വായനയുടെയും വലിയൊരു ലോകമാണ്. ഗൗരവമുള്ള വായനയ്ക്കും ആളുകൾ സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്തുന്നു.സാഹിത്യം, രാഷ്ട്രീയം, ശാസ്ത്രം തുടങ്ങി എല്ലാ മേഖലകളിലും ഗൗരവതരമായ എഴുത്തും വായനയും ഇന്ന് സോഷ്യൽ മീഡിയയിലൂടെ നടക്കുന്നുണ്ട്. ബ്ലോഗുകൾ, ഇ-മാഗസിനുകൾ, ഓൺലൈൻ പത്രങ്ങൾ എന്നിങ്ങനെയുള്ളവയും ഇ-വായനതന്നെയാണ്.പൗലോ കൊയ്ലോയെപ്പോലെ വിഖ്യാതരായ പല എഴുത്തുകാരും സോഷ്യൽ മീഡിയകളിൽ സജീവമാണിന്ന്.

ഇന്റർനെറ്റ് യുഗത്തിൽ വായന വർധിക്കുകയാണ് ചെയ്യുന്നത്.2016 ലെ ബുക്കർ സമ്മാന അന്തിമ പട്ടികയിൽ ഇടം പിടിച്ച 29 കാരിയായ ഫിയോണ മോസ്ലിയുടെ എൽമറ്റ് എന്ന നോവൽ എഴുതപ്പെട്ടത് ജോലിക്ക് വേണ്ടിയുള്ള യാത്രാവേളയിലെ സമയം സെൽഫോണിലാണ്.2017 ലെ ബുക്കർ സമ്മാനം നേടിയ ജോർജ് സാൻഡേഴ്‌സിന്റെ 'ലിങ്കൺ ഇൻ ദ ബാർഡോ ' എന്ന നോവൽ ഒരു വാട്‌സ് ആപ്പ് ചാറ്റിന്റെ രൂപത്തിലാണ്.വായനയും ,എഴുത്തും ,പ്രസാധനവും നമുക്ക് സ്മാർട്ട് ഫോണിലൂടെ ചെയ്യാം.

ഫേസ്‌ബുക്കും,വാട്ട്‌സാപ്പും,ട്വിറ്ററും, ഇൻസ്റ്റാഗ്രാമും,യൂട്യൂബും,ക്ലബ്ബ് ഹൗസും ഒക്കെയടങ്ങുന്ന സൈബർലോകം നമുക്ക് വായനയുടെയും ചർച്ചകളുടെയും പുതിയ ലോകം സൃഷ്ടിക്കുകയാണ്.വായനയെ നമുക്ക് സംസ്‌കാരം എന്നു തന്നെ പേരിട്ടു വിളിക്കാം.മാറ്റത്തെ വിഭാവനം ചെയ്യുന്ന മനഃസംസ്‌കാരമാണ് വായന.എഴുത്തുകാരന്റെ ചിന്ത വായനക്കാരൻ അയാളുടെ ചിന്തയാക്കി മാറ്റുന്നു എന്നതാണ് വായനക്കാരന്റെ സർഗാത്മക ദൗത്യം.

ഇന്ന് നിലവിലിരിക്കുന്ന പുസ്തക ഷെൽഫുകളും, ലൈബ്രറികളും, വായനാശാലകളും, പുസ്തകശാലകളും നാളെ ഇല്ലാതായേക്കാം.പകരം ടാബ്ലറ്റുകളും,സ്മാർട്ട് ഫോണുകളും,ഡിജിറ്റൽ സാങ്കേതിക വിദ്യകളും വായനക്കായി നമുക്ക് കരഗതമാകും.പക്ഷെ, വായനാമാധ്യമങ്ങൾ മാറിയേക്കാമെങ്കിലും മനുഷ്യന്റെ വായിക്കാനുള്ള ആഗ്രഹം മാറുന്നില്ല.ഇന്ന് വായന മരിക്കുന്നു എന്ന് പറയുന്നത് ശുദ്ധ വിഡ്ഢിത്തമാണ്.സ്മാർട്ട് ഫോണിൽ 16 മണിക്കൂർ നേരം വായിക്കാൻ യുവ തലമുറയ്ക്ക് യാതൊരു മടിയുമില്ല.ആളുകൾ ദിവസത്തിന്റെ ഭൂരിഭാഗം നേരം ഡിജിറ്റൽ മീഡിയയിൽ വായനയിൽ ആണ്.

സർഗാത്മക പ്രവർത്തനങ്ങൾ ഇന്ന് ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ സാധാരണ ജനങ്ങൾക്കുപോലും സാധ്യമാകുന്ന ഒന്നായി മാറിയിരിക്കുകയാണ്.വായനയെ തിരിച്ചു പിടിക്കാൻ സാമൂഹിക മാധ്യമങ്ങൾ വലിയതോതിൽ സഹായിക്കുന്നുണ്ട്.നാട്ടിൻപുറത്തടക്കം ഉള്ള സാമൂഹിക, സാങ്കേതിക മാറ്റങ്ങളും മനുഷ്യനെ വായനശാലകളിൽ നിന്ന് പുറത്തേക്കിറക്കി.വായനക്കാരൻ പുസ്‌കതങ്ങൾക്കായി വായനശാലകൾ തേടിവന്നിരുന്നൊരു കാലത്തു നിന്ന് വായനക്കാരനെ പുസ്തകശാലയിലേക്ക് തേടിക്കൊണ്ടു വരേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ മാറിയിട്ടുണ്ട്.

വായന മുന്നോട്ട് പോകുന്നു

നാം നോക്കേണ്ടത് മുന്നിലേക്കാണ്;പിന്നിലേക്കല്ല.പുസ്തകങ്ങളെ കൂടുതൽ പൊടി ഉൽപ്പാദിപ്പിക്കുന്നതും പ്രാണികൾ മരിച്ചുവീഴുന്നതുമായ ഇടങ്ങളായി കണ്ട ജോർജ് ഓർവലിനെപ്പോലുള്ള ഭ്രാന്തൻ വായനക്കാർ പോലും ഇന്നത്തെ മാറ്റങ്ങൾ ഉൾക്കൊള്ളും.ഭാവന, ഓർമ്മ , ആശയ സംവേദനം ഇവയാണ് എല്ലാ കാലത്തും ബൗദ്ധികലോകത്തെ മുന്നോട്ടു കൊണ്ടുപോയ പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങൾ.റോബോട്ടിക്സ്. ജനിറ്റിക്സ്, വെർച്ച്വൽ സോഷ്യലൈസേഷൻ എന്നീ മൂന്നു മേഖലകളിലെ സ്വാധീനം ലോകത്തെ അപ്പാടെ മാറ്റിമറിക്കുന്ന കാഴ്ച നമ്മെ അമ്പരപ്പിക്കുന്നു.

വായന നമ്മെ കൂടുതൽ തെളിച്ചവും തിളക്കവുമുള്ള വ്യക്തിത്വങ്ങളുടെ ഉടമകളാക്കി മാറ്റുന്നു.കൂടുതൽ ആത്മവിശ്വാസം തരുന്നു.എന്ത് വായിക്കണം എന്നതിനേക്കാൾ ആരെ വായിക്കണം എന്നതാണ് ഡിജിറ്റൽ യുഗത്തിലെ വായന സങ്കല്പം.കാരണം ഇവിടെ വായനക്കാർ തന്നെ എഴുത്തുകാരാകുന്നു.എഴുത്തുകാരുടെ എണ്ണം കൂടുന്നു.

വായനയ്ക്ക് മതമോ, രാഷ്ട്രീയമോ,ജാതിയോ ഉണ്ടാകുന്നത് വായനയെ ദുർബലപ്പെടുത്തുന്നു.കഴിഞ്ഞ 20 വർഷത്തിനുള്ളിൽ എഴുതപ്പെട്ട ചിലിയൻ നോവലിസ്റ്റായ റോബർട്ടോ ബൊലാനോയുടെ '2666',ജാപ്പനീസ് എഴുത്തുകാരനായ ഹാറുകി മുറകാമിയുടെ 'ഐ ക്യു 84'എന്നീ കൃതികൾ വായിക്കുന്നതിനു ഒരാൾക്ക് രാഷ്ട്രീയ, ജാതി ചിന്തകൾ തടസ്സമാകുകയാണെങ്കിൽ അയാൾ വായനക്കാരനേയല്ല.നാം ജീവിച്ചിരിക്കുന്ന കാലത്തുള്ള മഹത്തായ ഈ രണ്ട് നോവലുകൾ മനുഷ്യന്റെ സകല ചിന്താഗതികളെയും മാറ്റിക്കളയുന്നു.

അച്ചടി മാധ്യമത്തിന്റെ സ്വാധീനം

ച്ചടിച്ച പുസ്തകങ്ങളിൽ നിന്നും കംപ്യുട്ടർ സ്‌ക്രീനിലേക്കും, കിന്റിലിലേക്കും, മൊബൈലിലേക്കും വരെ വായനയുടെ സ്വഭാവവും ഘടനയും മാറിയെങ്കിലും പത്ര വായനക്കോ,വായന ദിനത്തിനോ പ്രാധാന്യം കുറയുന്നില്ല.അച്ചടിച്ച പത്രം വായിക്കുന്നതിന്റെ സുഖം നമ്മുടെ വികാരങ്ങളിൽ വലിയ സ്വാധീനം ഇപ്പോഴും ചെലുത്തുന്നുണ്ട്.പുതുതായി ഏതെല്ലാം മാധ്യമങ്ങൾ പിറവിയെടുത്താലും അച്ചടി മാധ്യമം,അതിന്റെ അധീശത്വം വിളിച്ചുപറഞ്ഞുകൊണ്ട് ഇന്നും തലയുയർത്തിനില്ക്കുന്നു.പത്രങ്ങൾ ഒരു പാരമ്പര്യത്തിന്റെ പ്രതീകങ്ങൾ ആണ്.വായന നമ്മിൽ നമ്മോടു തന്നെ സ്‌നേഹമുണ്ടാക്കുന്ന ഒന്നാണ്.ഒരു പുസ്തകം വായിച്ചു തീരുമ്പോൾ ഒരു പുതിയ ലോകം കൂടി നമുക്ക് മുന്നിൽ തുറക്കപ്പെടുന്നു.അച്ചടി മാധ്യമങ്ങൾ എന്നും നിലനിന്നിട്ടുള്ളത്ത് ജനങ്ങളുടെ മനസിലാണ് നാം ഓർക്കണം.

സോഷ്യൽ മീഡിയയുടെയും ഡിജിറ്റൽ മീഡിയയുടെയും വരവിനെ വേവലാതിയോടെ കാണേണ്ട ആവശ്യമില്ല.അച്ചടി മാധ്യമത്തിന് ഡിജിറ്റലിനെയോ ഡിജിറ്റൽ മാധ്യമത്തിന് അച്ചടി മാധ്യമത്തിനെയോ സ്വാധീനിക്കാനാവില്ല.രണ്ടിനും അതിന്റേതായ സ്ഥാനമുണ്ട്.കഥകൾ കേൾക്കാൻ ഇഷ്ടപ്പെടുന്ന 'കുട്ടി'കൾ നമ്മുടെ ഓരോരുത്തരുടേയും ഉള്ളിൽ ഉറങ്ങുന്നുണ്ട് എന്ന സത്യം നിലനിൽക്കുന്നതുകൊണ്ടാവാം,പുതിയ മാനങ്ങളും രൂപങ്ങളും സ്വീകരിച്ച് വായന പ്രത്യക്ഷപ്പെടുന്നു.അത് ഒരിക്കലും മരണമില്ലാത്ത സത്യമായി നിലനിൽക്കുക തന്നെ ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP