Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202129Thursday

'മറവിയുള്ളവർക്കുപോലും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ ഒരിക്കലും മറക്കാനാവില്ല': മഹാനടൻ സത്യന്റെ വിടവാങ്ങലിന് അൻപതാണ്ട് തികയുമ്പോൾ മാധ്യമപ്രവർത്തകനായ ആർ.ബാലകൃഷ്ണൻ എഴുതുന്നു: 'ഒരു പത്താംക്ലാസുകാരന്റെ ഓർമത്താളിൽ നിന്ന്'

'മറവിയുള്ളവർക്കുപോലും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ ഒരിക്കലും മറക്കാനാവില്ല': മഹാനടൻ സത്യന്റെ വിടവാങ്ങലിന് അൻപതാണ്ട് തികയുമ്പോൾ മാധ്യമപ്രവർത്തകനായ ആർ.ബാലകൃഷ്ണൻ എഴുതുന്നു: 'ഒരു പത്താംക്ലാസുകാരന്റെ ഓർമത്താളിൽ നിന്ന്'

ആർ ബാലകൃഷ്ണൻ

 ഒരു പത്താംക്ലാസുകാരന്റെ ഓർമത്താളിൽ നിന്ന്

രാവിലെ തന്നെ പത്രം മുഴുവൻ വായിക്കുന്നത് ഒരു ശീലമായിരുന്നു അക്കാലത്ത്. പരീക്ഷയുടെ ദിവസങ്ങളിൽ പോലും തെറ്റിച്ചിട്ടുമില്ല ആ പതിവ്. ഇതൊരു ജൂൺ മാസത്തിലാണ് സംഭവിക്കുന്നത്. അകത്തെ പേജിലായിരുന്നു മദ്രാസിൽ നിന്നുള്ള ആ സിംഗിൾ കോളം വാർത്ത. അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് ആ മഹാനടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നായിരുന്നു തലക്കെട്ട്.

സ്റ്റുഡിയോയിൽ നിന്ന് ആശുപത്രിയിലേയ്ക്ക് അദ്ദേഹം സ്വയം കാറോടിച്ചാണ് പോയത് എന്ന വാചകമായിരുന്നു ഏക ആശ്വാസം. ഒന്നും സംഭവിക്കില്ലെന്ന് ഞാനുറപ്പിച്ചു. അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങളുടെ കരുത്ത് അത്രമേൽ എന്നെ സ്വാധീനിച്ചിട്ടുണ്ടായിരുന്നു.കേണൽ രാജശേഖരനും ദാമോദരൻ മുതലാളിയും അപ്പുക്കുട്ടനും നാരായണക്കൈമളും മകൻ രഘുവും പ്രഫ. ശ്രീനിയും ഡോ. തോമസും പഴനിയുമെല്ലാം മറ്റൊരു നടനെക്കൊണ്ടും അഭിനയിച്ച് ഫലിപ്പിക്കാനാവില്ലെന്ന് വിശ്വസിച്ചിരുന്ന കൗമാരക്കാരൻ. കടുത്ത ആരാധകൻ.

ടെൻ 'എ' യിൽ രാവിലെ ക്ലാസ് തുടങ്ങുന്നതുവരെ അതുതന്നെയായിരുന്നു ചർച്ച. പതിനൊന്ന് ഇരുപതിനുള്ള ഇന്റർവെൽ സമയത്തും. ഉൽക്കണ്ഠ പങ്കു വയ്ക്കുകയല്ലാതെ വാർത്തയറിയാൻ അന്ന് മറ്റ് മാർഗമില്ലല്ലോ. ഉച്ചയ്ക്ക് ഊണു കഴിക്കാൻ വീട്ടിൽ പോകുമ്പോൾ
കൂടുതൽ വിവരങ്ങളറിയാമെന്ന ആശ്വാസത്തിലായിരുന്നു ഞാൻ. അച്ഛൻ ആകാശവാണിയുടെ സ്ഥിരം ശ്രോതാവാണ്. ഉച്ചയ്ക്കുള്ള വാർത്തയും കേൾക്കുന്ന ശീലമുള്ളയാൾ.

സ്‌കൂളിൽനിന്ന് മെയിൻ റോഡിലേയ്ക്ക് തിരിയുന്ന കവലയിലെ ചായക്കടയ്ക്കു മുന്നിലെ ആൾക്കൂട്ടം അതിനുമുൻപേ വിവരം പറഞ്ഞു. വീട്ടിലെത്തിയപ്പോൾ അച്ഛനും. തിരിച്ച് എത്തുമ്പോഴേയ്ക്കും സ്‌കൂളിലും വാർത്ത പരന്നിരുന്നു. മൈതാനത്തെ കളികൾക്കും മാഞ്ചോട്ടിലെ കൂട്ടം ചേരലുകൾക്കും ബഹളങ്ങൾക്കും പക്ഷേ, ഒരു കുറവുമുണ്ടായിരുന്നില്ല. എന്നെ അത് വല്ലാതെ വേദനിപ്പിക്കുകയും ചെയ്തു.

ഫസ്റ്റ് ബെൽ. സ്‌കൂളിലെ ആരവങ്ങൾ ഒതുങ്ങിത്തുടങ്ങി. എന്നിലെ ആരാധകൻ പിന്നെയും അസ്വസ്ഥനായിരുന്നു. ഒരനുശോചനയോഗം ചേരേണ്ടതല്ലേ.? പക്ഷേ ആര് മുൻകയ്യെടുക്കും എന്നതായിരുന്നു എന്നെ അലട്ടിയിരുന്ന പ്രശ്‌നം. സാഹിത്യസമാജവും 'ക്ലബ്ബു'കളുമൊന്നും രൂപീകരിക്കാനുള്ള സമയമായിട്ടില്ല. വിദ്യാർത്ഥി പ്രതിനിധികളുടെ തെരഞ്ഞെടുപ്പും നടന്നിട്ടില്ല.

വൈകുന്നേരം ദേശീയഗാനത്തിനുമുൻപ് സ്‌കൂൾ ഒന്നടങ്കം ഒരു മിനിറ്റ് മൗനമാചരിക്കുന്നതാണ് പ്രായോഗികമെന്ന് എനിക്ക് തോന്നി. സെക്കൻഡ് ബെൽ അടിക്കാറായി. ഹെഡ്‌മാസ്റ്ററോട് പറയാൻ ഇനി വൈകിക്കൂടാ. ഞാൻ അദ്ദേഹത്തിന്റെ മുറിക്ക് മുൻപിൽ അനുവാദം കാത്തുനിന്നു. ( പോയവർഷം ക്ലാസ് പ്രതിനിധിയായിരുന്നു എന്നതായിരുന്നു എന്റെ ധൈര്യം. ) 'പത്താം ക്ലാസ്സിലാണെന്ന് ഓർമവേണം' എന്നു പറഞ്ഞാണ് അദ്ദേഹം എന്നെ നേരിട്ടത്. 'പോയിരുന്ന് പഠിക്കാൻ നോക്ക്' എന്ന പതിവ് പല്ലവി. 'നേതാവ് ചമഞ്ഞ് ഇങ്ങോട്ട് വരേണ്ടെന്നും നടപ്പില്ലെന്നും' മറ്റ് അദ്ധ്യാപകർ കേൾക്കെ ഒരാക്രോശവും. ഒറ്റയ്ക്ക് വരേണ്ടിയിരുന്നില്ലെന്ന് തോന്നി. നാണംകെട്ട് ഞാൻ മടങ്ങി.

ആ പ്രാവശ്യവും ക്ലാസ് പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടത് ഞാനായിരുന്നു. ആദ്യ യോഗത്തിൽ തന്നെ ഞാനൊരു നിർദ്ദേശം വച്ചു. സ്‌കൂൾ യൂത്ത് ഫെസ്റ്റിവലിൽ നാടകമത്സരത്തിലെ മികച്ച നടന് ആ അനശ്വരനടന്റെ പേരിൽ ട്രോഫി നൽകണം. ഒരു ചെറിയ 'കപ്പ്' മതി. എന്റെ നിർദ്ദേശത്തിന് നല്ല പിന്തുണ കിട്ടി. ഐകകണ്‌ഠ്യേന അത് അംഗീകരിക്കപ്പെടുകയും ചെയ്തു.

യോഗം കഴിഞ്ഞയുടനെ സ്‌കൂൾ ലീഡറും ഞാനും സിനിമയിൽ താല്പര്യമുള്ള മറ്റ് രണ്ടുമൂന്നു അംഗങ്ങളും ചേർന്ന് ഹെഡ്‌മാസ്റ്ററെ കണ്ട് കാര്യങ്ങൾ അവതരിപ്പിക്കാനും തീരുമാനിച്ചു. ആവേശത്തിലായിരുന്നു ഞാൻ. തികഞ്ഞ ആത്മവിശ്വാസത്തിലും.

സ്‌കൂൾ വക പ്രത്യേക സമ്മാനമൊന്നും സാധിക്കില്ലെന്ന് ആദ്യമേതന്നെ ഹെഡ്‌മാസ്റ്റർ കട്ടായം പറഞ്ഞു. ഉപന്യാസത്തിനും കവിതയ്ക്കും ഗാനാലാപനത്തിനും ഒന്നാം സമ്മാനം നേടുന്നവർക്കും അങ്ങനെ സമ്മാനം കൊടുക്കണമെന്ന് വേറൊരു കൂട്ടർ ആവശ്യപ്പെട്ടാൽ താനെന്തുചെയ്യുമെന്നായിരുന്നു മറുചോദ്യം. മറ്റ് ചില സീനിയർ അദ്ധ്യാപകർ ഇടപെട്ടതോടെ അനുരഞ്ജനത്തിന്റെ വഴിതുറന്നുവന്നു.

'ആരെങ്കിലും റോളിങ് ട്രോഫി ഏർപ്പാടാക്കിയാൽ അപ്പോഴാലോചിക്കാ'മെന്നായി അദ്ദേഹം. ഞങ്ങളിറങ്ങി. ഒരു എവർ റോളിങ് ട്രോഫി സംഭാവന ചെയ്യാൻ താല്പര്യമുള്ള സഹൃദയനായ ഒരു കച്ചവടക്കാരൻ അൻപത് വർഷം മുൻപ് കൊരട്ടി എന്ന ഞങ്ങളുടെ ഗ്രാമത്തിൽ ഉണ്ടായിരുന്നില്ല. അങ്ങനെ ആ ആഗ്രഹവും....

തങ്ങളുടെ പുതിയ ചിത്രത്തോടൊപ്പം ആ അതുല്യനടന്റെ അന്ത്യയാത്രയും സംസ്‌കാരച്ചടങ്ങുകളും പ്രദർശിപ്പിക്കുന്നതാണെന്ന ഒരു ചലച്ചിത്രനിർമ്മാതാവിന്റെ അറിയിപ്പ് വരുന്നത് ആയിടെയാണ്. പിന്നെ ആ ചിത്രവും കാത്തിരുപ്പായി. തൊട്ടടുത്ത പട്ടണമായ ചാലക്കുടി അന്നും മലയാള ചിത്രങ്ങളുടെ ഒരു റിലീസ് സെന്ററായിരുന്നു. പത്രത്തിൽ കണ്ടതും വായിച്ചതും ഒരിക്കൽക്കൂടി കൺമുന്നിൽ തെളിഞ്ഞുവരികയായി. പൂർത്തീകരിക്കാനാകാതെപോയ ആ ചലച്ചിത്രവും.

ആറോ ഏഴോ മാസങ്ങൾക്കുശേഷം ആ 'പടം' ഞങ്ങളുടെ നാട്ടിലെ ഓലമേഞ്ഞ 'കൊട്ടക'യിലുമെത്തി. ആ അഭിനയ ചക്രവർത്തിയെ ഒരിക്കൽക്കൂടി കാണാതിരിക്കാനാവില്ലല്ലോ. കറുപ്പിലും വെളുപ്പിലും വീണ്ടും ചലിക്കുന്ന ചിത്രങ്ങളായി ആ നഷ്ടം വീണ്ടും കൺമുന്നിലൂടെ ഓടി മറയുകയായിരുന്നു.

അദ്ദേഹത്തിന് പൂർത്തിയാക്കാൻ കഴിയാതെപോയ ചിത്രങ്ങളിറങ്ങിയപ്പോൾ അവ എന്റെ ഗ്രാമത്തിലെ 'സി ക്ലാസ്' തീയറ്ററിൽ 'കളിക്കുന്നതു'വരെ കാത്തിരിക്കാനുള്ള ക്ഷമയുണ്ടായിരുന്നില്ല എനിക്ക്. ചാലക്കുടിയിലെ തീയറ്ററിൽ ക്യൂ നിന്ന് ഉന്തിലും തള്ളിലും വലഞ്ഞ് അവ കണ്ടു. പതിവുപോലെ മാസങ്ങൾക്കുശേഷം നാട്ടിലെ 'കൊട്ടക'യിലും.

ശരശയ്യയിലെ ഡോ. തോമസ്, അനുഭവങ്ങൾ പാളിച്ചകളിലെ സഖാവ് ചെല്ലപ്പൻ....ആ മഹാനടൻ ആടിത്തകർക്കുകയായിരുന്നു.ലോഗോയ്ക്ക് പിറകിൽ മിന്നിമറയുന്ന ആ നടന്റെ ചിരിക്കുന്ന മുഖവുമായാണ് പിന്നീട് 'മഞ്ഞിലാസ്' ചിത്രങ്ങൾ തുടങ്ങിയിരുന്നത്.ആ മുഖമൊന്ന് കാണാൻവേണ്ടി മാത്രം എത്രയോ തവണ അവരുടെ സിനിമകൾ കണ്ടിരിക്കുന്നു.!

'എസ്.എസ്.എൽ.സി.' എന്ന 'പരീക്ഷ' കഴിഞ്ഞു. കൂട്ടുകാരോടൊപ്പം അംഗമായിരുന്ന കലാ - സാഹിത്യ - സാംസ്‌കാരിക സംഘടനയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമായി. ഒരു 'മുഖപത്രം' തുടങ്ങാൻ ഞങ്ങൾ തീരുമാനിച്ചു. കയ്യെഴുത്ത് മാസികകളുടെ കാലമായിരുന്നു അത്.
തീരെ മോശമല്ലാത്ത കയ്യക്ഷരമായിരുന്നതുകൊണ്ട് എന്നെയാണ് പത്രാധിപരാക്കിയത്. ( നാല് ക്വയർ കടലാസ്, ഒരു കുപ്പി മഷി, ബയന്റിങ് ചാർജ് - അഞ്ചു രൂപ ഒപ്പിക്കാൻ പെട്ട പാട്.! )

സുഹൃത്തുക്കളും നാട്ടിലെ ചില പ്രമുഖരും അടുപ്പമുള്ള ഏതാനും അദ്ധ്യാപകരും ചേർന്ന് ആദ്യ ലക്കം അവിസ്മരണീയമാക്കി. ആ വർഷം ഓഗസ്റ്റ് പതിനഞ്ചിന് 'ദർശന' പ്രസിദ്ധീകരിച്ചു. മുഖക്കുറിക്കു പുറമെ മറ്റൊരു നാലുപേജ്കൂടി പത്രാധിപരുടേതായുണ്ടായിരുന്നു. ഒരു ഓർമ്മക്കുറിപ്പ്.

'മറവിയുള്ളവർക്കുപോലും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ ഒരിക്കലും മറക്കാനാവില്ലെ'ന്ന് ആ ആരാധകൻ അതിൽ കുറിച്ചുവച്ചു. 'അഭിനയ ചക്രവർത്തിയുടെ ജീവൻ അപഹരിക്കുന്നതിന് ഇത്ര ധൃതി കാണിച്ചതെന്തിനെന്ന്' ആരോടെന്നില്ലാതെ ഒരു ചോദ്യവും. ആ വേർപാടിന്, അനുസ്മരണക്കുറിപ്പിന് അൻപതാണ്ട് പൂർത്തിയാവുകയാണ്. അര നൂറ്റാണ്ട്..!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP