Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സമൂഹ മാധ്യമത്തിന്റെ ശക്തി തെളിയിക്കുന്ന ഒരു ദുരന്തം കൂടിയായിരുന്നു തായ്‌ലാൻഡിൽ കുട്ടികളുടെ സംഘം വെള്ളംനിറഞ്ഞ ഗുഹയിൽ അകപ്പെട്ട സംഭവം; ദുരന്തമുണ്ടായി രണ്ടു ദിവസത്തിൽ ലോകം മുഴുവൻ ഇതറിഞ്ഞു; ഗുഹയിലിറങ്ങി പരിചയമുള്ളവരെ കണ്ടെത്താൻ തായ് സർക്കാരിന് അധികം പ്രയാസപ്പെടേണ്ടി വന്നില്ല; കഴിവുള്ളവർ സ്വന്തം ചെലവിൽ തായ്ലാന്റിലെത്തി; ഗുഹാമുഖം അവർ ഏറ്റെടുത്തു: ഗുഹാമുഖത്തു നിന്നുള്ള പാഠങ്ങൾ പങ്കുവച്ച് മുരളി തുമ്മാരുകുടി

സമൂഹ മാധ്യമത്തിന്റെ ശക്തി തെളിയിക്കുന്ന ഒരു ദുരന്തം കൂടിയായിരുന്നു തായ്‌ലാൻഡിൽ കുട്ടികളുടെ സംഘം വെള്ളംനിറഞ്ഞ ഗുഹയിൽ അകപ്പെട്ട സംഭവം; ദുരന്തമുണ്ടായി രണ്ടു ദിവസത്തിൽ ലോകം മുഴുവൻ ഇതറിഞ്ഞു; ഗുഹയിലിറങ്ങി പരിചയമുള്ളവരെ കണ്ടെത്താൻ തായ് സർക്കാരിന് അധികം പ്രയാസപ്പെടേണ്ടി വന്നില്ല; കഴിവുള്ളവർ സ്വന്തം ചെലവിൽ തായ്ലാന്റിലെത്തി; ഗുഹാമുഖം അവർ ഏറ്റെടുത്തു: ഗുഹാമുഖത്തു നിന്നുള്ള പാഠങ്ങൾ പങ്കുവച്ച് മുരളി തുമ്മാരുകുടി

മുരളി തുമ്മാരുകുടി

വെങ്ങോലയിൽ എന്റെ വീടിനും ഞാൻ ഒന്നാം ക്ളാസിൽ പഠിച്ച സ്‌കൂളിനുമിടയിൽ ഒരു തോടുണ്ട്. മഴക്കാലത്ത് അത് നിറയും. അധികം വീതിയില്ലാത്ത അതിന്റെ വരമ്പിലൂടെ നടന്നു വേണം സ്‌കൂളിൽ പോകാൻ. ചിലപ്പോൾ കുട്ടികൾ വെള്ളത്തിൽ വീഴും, പലപ്പോഴും അവരുടെ പുസ്തകങ്ങളും. നീന്തൽ അറിഞ്ഞിരുന്നാൽ മാത്രമേ

അക്കാലത്ത് ധൈര്യമായി സ്‌കൂളിൽ പോകാൻ സാധിക്കൂ. അഞ്ചു വയസ്സാകുന്നതിന് മുൻപ് തന്നെ ചേച്ചിമാർ എന്നെ നീന്തൽ പഠിപ്പിച്ചിരുന്നു. അന്ന് മുതൽ എനിക്ക് വെള്ളം ഒട്ടും പേടിയില്ല.

എന്നാൽ ഡൈവിങ്ങിന്റെ കാര്യം അങ്ങനെയല്ല. നാഷണൽ ജിയോഗ്രാഫിക്കിൽ കോറൽ റീഫുകളിൽ ആളുകൾ മുങ്ങുന്ന പടം കണ്ടിട്ടുണ്ടെങ്കിലും, വെള്ളത്തിൽ ഓക്‌സിജൻ ടാങ്ക് വെച്ച് ആഴത്തിൽ മുങ്ങുന്നവരെ ഞാൻ ആദ്യമായി കാണുന്നത് ബ്രൂണെയിൽ വച്ചാണ്. കടലിനുള്ളിൽ ഒരു പ്ലാറ്റ്ഫോമിൽ വളർന്നുവരുന്ന കൃത്രിമ റീഫിനെപ്പറ്റി പഠിക്കാൻ വന്ന പതിനാറ് ഫിലിപ്പിനോ ഡൈവർമാരെ രണ്ടാഴ്ച കടലിൽ താമസിപ്പിച്ച് അവരുടെ ജോലിക്ക് മേൽനോട്ടം വഹിക്കേണ്ടിവന്നു, അന്നാണ് ഡൈവിങ്ങിനെ പറ്റി,എ അതിലെ അപകട സാധ്യതയെ പറ്റി കൂടുതൽ പഠിക്കേണ്ടി വന്നത്.

ടി വി യിൽ നമ്മൾ സാധാരണയായി ഡൈവിങ് കാണുന്നത് തെളിഞ്ഞ വെള്ളത്തിൽ മനോഹരമായ പുറ്റുകളും മത്സ്യങ്ങളും ഉള്ളയിടങ്ങളിലാണ്. തൊഴിലിനു വേണ്ടിയുള്ള ഡൈവിങ് അങ്ങനെയല്ല. കൂടുതൽ ആഴത്തിൽ മുങ്ങണം, കൂടുതൽ നേരം വെള്ളത്തിനടിയിൽ നിൽക്കണം, വിസിബിലിറ്റി ഉണ്ടെങ്കിലും ഇല്ലെങ്കിലും മുങ്ങണം. മീനിനെ കാണുകയോ ഫോട്ടോ എടുക്കുകയോ ചെയ്താൽ പോരാ, കോൺക്രീറ്റിങ് മുതൽ വെൽഡിങ് വരെ ഉള്ള ജോലി ചെയ്യുകയും സുരക്ഷിതരായിരിക്കുകയും വേണം.

ഒരു ദിവസം രണ്ടു പ്രാവശ്യമാണ് ഫിലിപ്പിനോ ഡൈവർമാർ ഡൈവ് ചെയ്യുന്നത്. ഓരോ ഡൈവിങ്ങും ഒരു മണിക്കൂറിൽ താഴെയാണ്. താഴെ ഉള്ള മർദ്ദ വ്യത്യാസം കാരണം നൈട്രജൻ രക്തത്തിലേക്ക് കയറും, ഡൈവിങ് കഴിഞ്ഞു തിരിച്ചു ഉയർന്നു വരേണ്ടത് സാവധാനം ആയിരിക്കണം, അല്ലെങ്കിൽ നൈട്രോജെൻ കുമിളകൾ രക്തത്തിൽ നിന്നും പുറത്തു വരും. ഡികംപ്രഷൻ സിക്‌നെസ്സ് എന്നാണിതിന്റെ പേര്. തല കറങ്ങും, ബോധം മറയും, ജീവൻ വരെ നഷ്ടപ്പെടാം. അതുകൊണ്ടു തന്നെ വെള്ളത്തിനടിയിൽ എന്ത് ജോലി ചെയ്യുന്നവർക്കും കരയിൽ അതേ ജോലി ചെയ്യുന്നവരുടെ അഞ്ചിരട്ടി ശമ്പളം ഉണ്ട്.

വെള്ളത്തിലേക്ക് പതിനാറു പേർ ചാടിക്കഴിഞ്ഞാൽ (രണ്ടു പേർ ചേർന്നതാണ് ഒരു സംഘം) അവരുടെ സുരക്ഷയും നോക്കി മുകളിൽ ഇരിക്കലാണ് എന്റെ പണി. ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുമായാണ് അവർ പുറത്തു വരുന്നതെങ്കിൽ അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ ഡീകംബ്രഷൻ ചേമ്പർ ഉണ്ട്. നല്ല പരിശീലനം
സിദ്ധിച്ച ടെക്നീഷ്യന്മാരും. എങ്കിലും പതിനാറു പേരും തിരിച്ചു കയറി വരുന്നതുവരെ ഉള്ളിൽ തീയാണ്. അന്ന് ഞാൻ ഡിങ്കമത വിശ്വാസി അല്ലാതിരുന്നതിനാൽ 'എന്റെ ഡിങ്കാ..' എന്ന് വിളിക്കാനും പറ്റില്ല. രണ്ടാഴ്ച കൊണ്ട് ഡൈവിങ്ങിനോടുള്ള എല്ലാ ഇഷ്ടവും തീർന്നു കിട്ടി.

തായ്ലൻഡിലെ കുട്ടികൾ ഗുഹയിൽ അകപ്പെട്ട വാർത്ത വന്നത് മുതൽ ഞാൻ എന്റെ ഡൈവർമാരുമായുള്ള സമ്പർക്കം ഓർക്കുകയായിരുന്നു. കടലിൽ ഡൈവ് ചെയ്യുന്നതിന്റെ പലയിരട്ടി ബുദ്ധിമുട്ടാണ് കടലിനടിയിൽ കിടക്കുന്ന പഴയ കപ്പലിൽ മുങ്ങുന്നത് (ടൈറ്റാനിക്കിൽ ഒക്കെ മുങ്ങിയത് പോലെ). ഏറെ പരിചയമുള്ളവരേ 'റെക്ക് ഡൈവിങ്' (Wreck diving) എന്ന പണിക്ക് പോകൂ. അതിലും ദുഷ്‌ക്കരമാണ് ഗുഹയിൽ മുങ്ങുക എന്നത്. വിസിബിലിറ്റി പൂജ്യം. ഇടുങ്ങിയ പാതയിൽ എന്തെങ്കിലും അപകടം സംഭവിച്ചാൽ പുറത്തിറങ്ങുകയോ രക്ഷാ പ്രവർത്തനമോ വലിയ ബുദ്ധിമുട്ടാണ്. ചെറുതായി പാറയോ മണ്ണോ ഇടിഞ്ഞ് ഗുഹയുടെ ഒരു ഭാഗം മൂടിപ്പോയാൽ നമ്മൾ ട്രാപ്പിലായി. അത് നീക്കം ചെയ്ത് മാറ്റാനുള്ള സമയമില്ല, മരണം നിശ്ചയമാണ്. ലോകത്ത് ഡൈവിങ് ചെയ്യുന്നവർ ലക്ഷക്കണക്കിനുണ്ടെങ്കിലും കേവ് ഡൈവിങ് നടത്തുന്നവർ ഒരു ശതമാനത്തിലും താഴെയാണ്.

തായ്ലൻഡിലെ ദുരന്തത്തിന്റെ സ്വഭാവം വെച്ചും ഗുഹയിൽ അകപ്പെട്ട ആളുകളുടെ എണ്ണം കൊണ്ടും ഞങ്ങളുടെ ഇടപെടൽ ഉണ്ടാകാൻ സാധ്യതയില്ലാത്ത ഒന്നാണ് ഈ ദുരന്തമെന്ന് എനിക്കറിയാമായിരുന്നെങ്കിലും, മനുഷ്യന്റെ ചരിത്രത്തിൽ നേരിട്ടിട്ടില്ലാത്ത ഒരു വെല്ലുവിളിയാണ് ഇതെന്ന് ആദ്യമേ മനസ്സിലാക്കി. ഇതുപോലെ ഒരു സാഹചര്യം മാനേജ് ചെയ്യേണ്ടി വന്നാൽ എന്തൊക്കെയായിരിക്കും വെല്ലുവിളികൾ, എങ്ങനെയാണ് തീരുമാനങ്ങളെടുക്കേണ്ടത്, എന്നൊക്കെ എല്ലാ ദിവസവും ചിന്തിക്കുകയും ചർച്ച ചെയ്യുകയും ചെയ്തു. എല്ലാ ദുരന്തത്തിലും ബാധകമായ ധരാളം പാഠങ്ങൾ ഇവിടെയുമുണ്ട്. അത് നിങ്ങളുമായി പങ്കുവെക്കാം.

1. കുറ്റപ്പെടുത്തലിന് സമയമില്ല: കുട്ടികൾ ഗുഹയിൽ അകപ്പെടുകയും ഗുഹാമുഖത്ത് വെള്ളം കയറുകയും ചെയ്തതിനു ശേഷമാണ് വിവരം പുറംലോകം അറിയുന്നത്. എന്തിനാണ് ചെറിയ കുട്ടികളുമായി കോച്ച് ഗുഹയിൽ കയറിയത് എന്നൊന്നും ചോദിച്ചിട്ടോ അതിന് ഉത്തരം കിട്ടിയിട്ടോ ഒരു പ്രയോജനവുമില്ല. കുട്ടികൾ ഗുഹക്കുള്ളിൽ ജീവനോടെയുണ്ടോ എന്ന് കണ്ടുപിടിക്കുകയാണ് പ്രധാനം. ആരുടെയാണ് തെറ്റ്, ഏതൊക്കെ മുന്നറിയിപ്പുകൾ വേണ്ടിയിരുന്നു എന്നൊക്കെ ഉള്ള കാര്യങ്ങൾ പരിശോധിക്കാൻ ഇനി എത്രയോ സമയം ബാക്കിയുണ്ട്.

2. പ്രതീക്ഷ നിലനിർത്തണം: വെള്ളം കയറിക്കിടക്കുന്ന ഗുഹക്കുള്ളിൽ കുട്ടികളുണ്ടോ എന്ന് കണ്ടുപിടിക്കുക എളുപ്പമല്ല. മുമ്പ് പറഞ്ഞതുപോലെ ഗുഹയിൽ ഡൈവ് ചെയ്യുന്നവർ ലോകത്ത് കുറവാണ്. അവർ വന്ന് കാര്യങ്ങൾ നിരീക്ഷിച്ച ശേഷം സാവധാനമേ രക്ഷാപ്രവർത്തനം സാധ്യമാകൂ. അതേസമയം സ്വന്തം മക്കൾ ഗുഹയിൽ അകപ്പെട്ട മാതാപിതാക്കളുടെ വേവലാതി മനസ്സിലാക്കുകയും വേണം. ഈ ദുഃഖവും ആശങ്കയും എതിർപ്പായി മാറാതെ കുട്ടികളുടെ മാതാപിതാക്കളോടും ബന്ധുക്കളോടും കരുണയോടെ പെരുമാറുന്നതും വിവരങ്ങൾ അവരുമായി പങ്കുവെക്കുന്നതും പ്രധാനമാണ്. കുട്ടികളുടെ മാതാപിതാക്കൾ ഏറെ ഇമോഷണൽ ആവുകയും പൊതുജനം ആ വികാരം ഏറ്റെടുക്കുകയും ചെയ്താൽ 'ഇപ്പൊ ശെരിയാക്കിത്തരാം' എന്ന തരത്തിൽ രാഷ്ട്രീയ നേതൃത്വം ഇക്കാര്യത്തിൽ ഇടപെടാൻ തുടങ്ങും, ധൃതി പിടിച്ചു തെറ്റായ തീരുമാനങ്ങൾ എടുക്കേണ്ടി വരും, കുട്ടികളുടേയും രക്ഷാ പ്രവർത്തകരുടേയും ജീവൻ അപകടത്തിൽ ആകും.

3. അന്താരാഷ്ട്ര സഹകരണം പരമപ്രധാനം: ഗുഹയിൽ മുങ്ങൽ രക്ഷാപ്രവർത്തനം നടത്തി പരിചയമുള്ളവർ ഏറെ കുറവാണ്. യൂറോപ്പിൽ വേനലവധി തുടങ്ങിയതിനാൽ മിക്കവാറും ആളുകൾ അവധിയിലാണ്. ഗുഹയിൽ ഡൈവ് ചെയ്യുന്നവരിൽ ഭൂരിഭാഗവും ഡൈവിങ് തൊഴിലാക്കിയവരല്ല. അവരൊന്നും സുരക്ഷാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും അല്ല. അവരെ എങ്ങനെ കണ്ടെത്തും? കണ്ടെത്തിയാൽ തന്നെ അവർ സാഹസികമായ രക്ഷാപ്രവർത്തനത്തിന് വരുമോ? നൂറു വർഷം മുമ്പോ എന്തിന് അൻപത് വർഷം മുൻപാണ് ഇത് സംഭവിച്ചതെങ്കിൽ കുട്ടികൾക്ക് ദാരുണമായ അന്ത്യമേ ഉണ്ടാകാൻ സാധ്യതയുള്ളൂ. കാരണം തായ്ലൻഡിലെ ദുരന്തം ലോകം അറിയുമ്പോഴേക്കും ഒരാഴ്ച കഴിയും. അതിന് പറ്റിയ വിദഗ്ധരെ കണ്ടുപിടിച്ച് തായ്ലൻഡിൽ എത്തിക്കുമ്പോഴേക്കും മാസം ഒന്ന് കഴിഞ്ഞിട്ടുണ്ടാകും. സമൂഹമാധ്യമത്തിന്റെ ശക്തി തെളിയിക്കുന്ന ഒരു ദുരന്തം കൂടിയാണിത്. ദുരന്തമുണ്ടായി രണ്ടു ദിവസത്തിൽ ലോകം മുഴുവൻ ഇതറിഞ്ഞു. ഗുഹയിലിറങ്ങി പരിചയമുള്ളവരെ കണ്ടെത്താൻ തായ് സർക്കാരിന് അധികം പ്രയാസപ്പെടേണ്ടി വ ന്നില്ല. കഴിവുള്ളവർ സ്വന്തം ചെലവിൽ തായ്ലാന്റിലെത്തി. തായ് സർക്കാരിന്റെ ദുരന്ത നിവാരണ സംവിധാനം അപ്പോഴേക്കും പൂർണ്ണമായും സജ്ജമായി. ഗുഹാമുഖം അവർ ഏറ്റെടുത്തു.

4. എത്ര നാൾ തിരച്ചിൽ നടത്തണം ? ഇങ്ങനെ ഒരു സാഹചര്യത്തിൽ എല്ലാ കുട്ടികളെയും ഒരുമിച്ച് ജീവനോടെ കണ്ടെത്താൻ പറ്റുമെന്ന പ്രതീക്ഷ ആർക്കും തന്നെ ഉണ്ടായിരുന്നിരിക്കാൻ വഴിയില്ല. ഗുഹ ആരോഗ്യമുള്ളവർക്ക് തന്നെ കടന്നുപോകാൻ ബുദ്ധിമുട്ടുള്ളതാണ്. ഗുഹയിൽ ഇടത്താവളങ്ങളും പിരിവുകളുമുണ്ട്. കൂരിരുട്ടിൽ കൂട്ടം തെറ്റാനും വെള്ളത്തിൽ വീണു പോകാനുമുള്ള സാധ്യതയാണ് കൂടുതൽ. ഇത്തരത്തിൽ ആളുകൾ നഷ്ടപ്പെട്ടാൽ എത്രനാൾ തിരച്ചിൽ നടത്തണം എന്നത് ദുരന്ത നിവാരണ ഞങ്ങൾ കൈകാര്യം ചെയ്യേണ്ട ഒരു പ്രധാന പ്രശ്‌നമാണ്. ഇതിന് എഴുതി വെക്കപ്പെട്ട നിയമങ്ങളില്ല. ഭൂകമ്പത്തിൽ അകപ്പെട്ടവർ ആഴ്ചകൾക്ക് ശേഷവും, കടലിൽ അകപ്പെട്ടവർ മാസങ്ങൾക്ക് ശേഷവും രക്ഷെപ്പെട്ട ചരിത്രങ്ങൾ ഉണ്ട്. അതേ സമയം, മലേഷ്യൻ വിമാനം പോലെ ഏറെ തിരച്ചിലിനു ശേഷവും ഒരു വിവരവും കിട്ടാത്ത സാഹചര്യങ്ങളുമുണ്ട്. തിരച്ചിൽ ഏറെ പണച്ചിലവുള്ളതാണ്, അപ്പോൾ അനന്തമായി തിരയാൻ പറ്റില്ല. വൻദുരന്തങ്ങളിൽ തിരച്ചിൽ നിർത്തി, രക്ഷിച്ചവർക്ക് വീടും ഭക്ഷണവും നൽകുന്നതിലേക്ക് രക്ഷാപ്രവർത്തനത്തിന്റെ ശ്രദ്ധ മാറ്റേണ്ടതുണ്ട്.. അപകടത്തിൽ അകപ്പെട്ട, കാണാതായവരുടെ ബന്ധുക്കൾക്ക് ഏറെ മനോവിഷമമുണ്ടാകുന്ന തീരുമാനമാണിത്.

ഏതെങ്കിലും ഒരു സമയത്ത് തിരച്ചിൽ നിർത്തിയെ പറ്റൂ. ആയിരത്തി തൊള്ളായിരത്തി എഴുപത്തി രണ്ടിൽ ഉറുഗ്വായിൽ നിന്നും ചിലിയിലേക്ക് പോയ റഗ്‌ബി ടീം ആന്ഡീസ് പർവത നിരയിൽ വിമാനാപകടത്തിൽ പെട്ടു. പത്തു ദിവസത്തിന് ശേഷം സർക്കാർ തിരച്ചിൽ നിർത്തി വച്ചിരുന്നു, പക്ഷെ അപകടത്തിൽ പെട്ടവർ അപ്പോഴും ജീവനോടെ ഉണ്ടായിരുന്നു. കൂട്ടത്തിൽ ഉള്ള മരിച്ചവരുടെ ശരീരം ഭക്ഷിച്ചു വരെ ആണ് കുറച്ചു പേർ രക്ഷ പെട്ടത്. ഇതുകൊണ്ടൊക്കെ തിരച്ചിലിന്റെ സമയ പരിധി പ്രധാന വിഷയം ആണ്.

ഭാഗ്യത്തിന്, അന്താരാഷ്ട്ര മുങ്ങൽ വിദഗ്ദ്ധരെത്തി ഒരാഴ്ചക്കകം എല്ലാ കുട്ടികളെയും ഒരുമിച്ച് സുരക്ഷിതരായി കണ്ടെത്തി. ബ്രിട്ടനിൽ നിന്നെത്തിയ റിച്ചാർഡ് സ്റ്റാന്റാനും ജോൺ വോളന്തെന്നും ആണ് കുട്ടികളെ കണ്ടെത്തിയത്. മുൻപ് പറഞ്ഞപോലെ ഇവർ മുഴുവൻ സമയം ഡൈവിങ് തൊഴിലാളികൾ അല്ല. റിച്ചാർഡ് അഗ്‌നിശമന വിഭാഗത്തിൽ ആണ്, ജോൺ ഇന്റർനെറ്റ് എൻജിനീയറും. ഇപ്പോൾ ചിന്തിക്കുമ്പോൾ പോലും രോമാഞ്ചം ഉണ്ടാകുന്ന ഒരു നിമിഷമാണ് കുട്ടികളെ അവർ കണ്ടെത്തിയ സമയം. ലോകം മുഴുവൻ നോക്കിയിരിക്കുന്ന ആ വാർത്തയുമായി തിരിച്ച് നാലു മണിക്കൂർ മുങ്ങിയും നടന്നും വരുമ്പോഴേക്കും അവർക്ക് അഡ്രിനാലിന്റെ അതിപ്രസരം ഉണ്ടാകാതിരുന്നത് ഭാഗ്യം.

5 . ആശയങ്ങളുടെ കുത്തൊഴുക്ക്: കുട്ടികളെ കണ്ടു, സുരക്ഷിതരാണെന്ന് അറിഞ്ഞു. ആദ്യം പോയവർ വഴി കാണിക്കാനായി ഒരു 'ഗൈഡ് റോപ്പ്' ഇട്ടതിനാൽ വീണ്ടും അവിടെയെത്താനും സാധിക്കും. എന്നാൽ എങ്ങനെയാണ് കുട്ടികളെ സുരക്ഷിതരായി പുറത്തെത്തിക്കുന്നത്? വെള്ളം താഴണമെങ്കിൽ നവംബർ ആകും. അതിനിടയിൽ വീണ്ടും വെള്ളം പൊങ്ങിയാൽ കുട്ടികളിരിക്കുന്ന സ്ഥലം പോലും മുങ്ങിയേക്കാം. നാലുമാസം കാത്തിരിക്കാം എന്നുവച്ചാലൂം റിസ്‌ക്ക് തന്നെ...

ലോകത്ത് പലയിടത്ത് നിന്നും ആശയങ്ങൾ പറന്നെത്തി. ഓക്‌സിജൻ സപ്പ്‌ലൈയുള്ള ഒരു കാപ്‌സ്യൂൾ ഉണ്ടാക്കി അതിൽ കുട്ടികളെ കിടത്തി വലിച്ചു പുറത്തിറക്കിയാലോ എന്ന് അനേകം പേർ ചിന്തിച്ചു. ചിലിയിലെ ഖനിത്തൊഴിലാളികളെ ഇങ്ങനെയാണ് പുറത്തു കൊണ്ടുവന്നത്. എന്നാൽ ഗുഹ, ഭൂമിക്കടിയിലെ ഖനി പോലെയല്ല. കയറ്റങ്ങളും ഇറക്കങ്ങളുമുണ്ട്. കക്കൂസ് ക്‌ളോസറ്റിന്റെ പുറകിലെ വെള്ളത്തിന്റെ പൈപ്പ് പോലെ യു ഷെയ്‌പ്പിൽ ഉള്ള ഒരു ട്രാപ്പിലാണ് വെള്ളം നിറഞ്ഞുനിൽക്കുന്നത്. അതിൽക്കൂടി കാപ്‌സ്യൂൾ പുറമെനിന്ന് വലിച്ചെടുക്കാൻ പറ്റില്ല. അതിനിടയിൽ എവിടെയെങ്കിലും തങ്ങിപ്പോയാൽ മരണം നിശ്ചയം.

ചിലിയിൽ ചെയ്ത പോലെ മുകളിൽ നിന്നും ഒരു തുരങ്കം ഉണ്ടാക്കുക്ക എന്നതായി അടുത്ത ചിന്ത. ഇതിനും പല റിസ്‌ക് ഉണ്ട്. ചുണ്ണാമ്പുകല്ലുപോലെ മൃദുവായ പാറയാണ് അകത്ത്. തുരങ്കം ഉണ്ടാക്കാൻ വേണ്ടി മല തുരക്കുമ്പോൾ അത് ഇടിഞ്ഞു വീഴാനും മതി. പോരാത്തതിന് കുട്ടികൾ കൃത്യമായി എവിടെയാണെന്ന് മുകളിൽ നിന്നും അറിയില്ല. അതറിയാൻ നടത്തിയ അനവധി ബോറിങ്ങുകളിൽ ഒന്ന് പോലും ലക്ഷ്യത്തിൽ എത്തിയതും ഇല്ല.

കുട്ടികളെ ഡൈവിങ്ങും നീന്തലും പഠിപ്പിക്കുക എന്നതായിരുന്നു മറ്റൊരു ചിന്ത. ഏറ്റവും പരിചയസമ്പന്നരായ ഡൈവർമാർ പോലും മടിക്കുന്ന കാര്യമാണ്, ഗുഹയിലെ സീറോ വിസിബിലിറ്റിയിലുള്ള ഡൈവിങ്. നീന്തൽ പോലും അറിയാത്ത കുട്ടികളെ ഡൈവിങ് പഠിപ്പിച്ച് പുറത്തെത്തിക്കുന്നത് അസാധ്യം തന്നെ.

ഗുഹാമുഖത്ത് നിന്നും ഒരു വലിയ ട്യൂബ് നമ്മുടെ ഫയർ ഫോഴ്സിന്റെ ഹോസ് പോലെ, പക്ഷെ രണ്ടടിയെങ്കിലും വ്യാസമുള്ളത്, കുട്ടികളുള്ള ഇടത്തേക്ക് എത്തിച്ച് അതിൽ വായു നിറച്ച് കുട്ടികളെ അതിലൂടെ വലിച്ചു പുറത്തെടുത്താലോ എന്നായിരുന്നു അമേരിക്കൻ ബില്യണയറായ എലോൺ മസ്‌ക്കിന്റെ ആശയം. അത്തരം സംവിധാനങ്ങൾ ഒരുക്കണമെങ്കിൽ തന്നെ മാസങ്ങൾ വേണ്ടിവരും. അതിനുള്ള സാവകാശമില്ല.

പിന്നെയുള്ളത് കുട്ടികളെ മുതിർന്ന രണ്ടു ഡൈവർമാർ ഓക്‌സിജനും കൊടുത്ത് കൂടെ കൊണ്ടുപോരുക എന്നതാണ്. കുറേ ഭാഗത്തെങ്കിലും വെള്ളത്തിനടിയിലൂടെയാണ് യാത്ര. ഓക്‌സിജൻ മാസ്‌ക്ക് വേണം, ടാങ്കുകളും. ഓക്‌സിജൻ ടാങ്കുകൾ പുറത്തു കെട്ടിയിട്ടാണ് ഡൈവർമാർ മുങ്ങുന്നത്. പത്ത് വയസ്സുള്ള കുട്ടികൾക്ക് ഈ ടാങ്ക് വഹിക്കാനുള്ള ശേഷിയില്ല. അതും മറ്റൊരാൾ വഹിക്കേണ്ടിവരും. ഗുഹയിൽ ചിലയിടങ്ങളിൽ ഒരാൾക്കും ഒരു ടാങ്കിനും കൂടി കടന്നുപോകാനുള്ള ഇടമില്ല. അപ്പോൾ രണ്ടു ടാങ്കുകളുമായി ഒരാൾ എങ്ങനെ വരും?. കുട്ടികൾ പേടിച്ചാലോ, മാസ്‌ക് വലിച്ചു കളഞ്ഞാലോ ?. വെള്ളത്തിൽ മുങ്ങിയാൽ പിന്നെ എന്തെങ്കിലും സംഭവിച്ചാൽ എല്ലാവരുടെയും ജീവൻ അപകടത്തിൽ ആകും.

എന്തൊക്കെ വഴികൾ ആലോചിച്ചാലും അതിലൊക്കെ റിസ്‌ക്കുണ്ട്. സാധാരണഗതിയിൽ മുതിർന്നവരാണ് അപകടത്തിൽ പെട്ടിരിക്കുന്നതെങ്കിൽ അവരോട് കാര്യങ്ങൾ വിശദീകരിക്കാം, അവരുടെ അഭിപ്രായം ആരായാം. ഇവിടെ അതിനുള്ള സാധ്യതയില്ല. കുട്ടികൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അത് ദേശീയ ദുരന്തമാകും. ഈ സമയത്താണ്
ദുരന്തനിവാരണത്തിന്റെ മാനേജർമാരുടെ മനോബലവും ജഡ്ജ്മെന്റും പരിശോധിക്കപ്പെടുന്നത്. ഇവിടയെയാണ് തീരുമാനം പ്രൊഫഷണല്‌സിന് വിടേണ്ടതിന്റെ പ്രാധാന്യം. മന്ത്രിമാരും ഉയർന്ന ഉദ്യോഗസ്ഥരും, എന്തിന് ബന്ധുക്കളും നാട്ടുകാരും ഒക്കെ ഇടപെട്ടാൽ തീരുമാനം തെറ്റും എന്നതിൽ സംശയം വേണ്ട. സാധാരണഗതിയിൽ മറ്റുള്ളവരെ എല്ലാം മാറ്റി നിർത്തി പ്രൊഫഷണൽസ് തമ്മിൽ ചർച്ച ചെയ്ത് ഓരോ തീരുമാനത്തിന്റെയും സാധ്യതകൾ വിലയിരുത്തിയാണ് ഈ തീരുമാനം എടുക്കുന്നത്. ഒരു ഓപ്പറേഷൻ കണ്ട്രോൾ റൂം ഉണ്ടാകേണ്ടത് ഇതിന് വേണ്ടിയാണ്.

6 . രക്ഷാപ്രവർത്തനത്തിന് ആളുകളെ സജ്ജമാക്കുക: ഏത് രീതിയിലാണ് രക്ഷാപ്രവർത്തനം മുന്നേറുന്നതെങ്കിലും രണ്ടു കാര്യങ്ങൾ ചെയ്‌തേ പറ്റൂ. ഒന്ന്, കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം വീണ്ടെടുക്കുക. രണ്ട്, മാതാപിതാക്കളെ ദുരന്തസാധ്യതകൾ ബോധിപ്പിച്ച് എന്തിനും തയ്യാറാക്കുക.

പത്തുദിവസം പട്ടിണിയായിരുന്ന കുട്ടികൾ ആദ്യം ചോദിച്ചത് ഭക്ഷണമാണ്. ഖരഭക്ഷണം ഒറ്റയടിക്ക് കൊടുക്കാനും പാടില്ല. അവരുടെ ആരോഗ്യം നിരീക്ഷിക്കുകയും വേണം. ഗുഹയിൽ മുങ്ങാൻ അറിയാവുന്ന, ഡോക്ടറായ ഒരാൾ വേണം. അങ്ങനൊരാൾ കുട്ടികളോടൊപ്പം സമയം ചെലവഴിക്കാൻ തയ്യാറാകുകയും വേണം. ഭാഗ്യത്തിന് ഇങ്ങനൊരാൾ ആസ്ട്രേലിയൻ സംഘത്തിലുണ്ടായിരുന്നു, ഡോക്ടർ റിച്ചാർഡ് ഹാരിസ്. ഡോക്ടറുമാണ് ഗുഹയിൽ ഡൈവ് ചെയ്യുന്ന ആളുമാണ്, ഗുഹയിലേക്ക് പോകാൻ അദ്ദേഹം തയ്യാറുമാണ്. അദ്ദേഹം കുട്ടികളെ പരിശോധിച്ച്, അവരുടെ ഭക്ഷണ ക്രമം ക്രമീകരിച്ച്, ധൈര്യം നൽകി അവരോടൊപ്പം നിന്നു.

7. ഓക്‌സിജൻ കുറയുന്നു: പതിമൂന്ന് പേരുള്ള ഇടുങ്ങിയ സ്ഥലത്ത് പത്തു ദിവസം കഴിയുമ്പോൾ വായുവിലെ അന്തരീക്ഷത്തിന്റെ അളവ് കുറയും. പോരാത്തതിന് കൂടുതൽ രക്ഷാ പ്രവർത്തകർ എല്ലാ ദിവസവും എത്തുന്നു. അങ്ങനെ ഓക്‌സിജന്റെ അളവ് പതുക്കെ കുറഞ്ഞു വന്നു. ഇത് പ്രശ്‌നം വഷളാക്കും, നമ്മുടെ വാഗൺ ട്രാജഡി ഉണ്ടായത് അങ്ങനെയാണ്. തായ്ലൻഡിലെ ഗുഹകളിൽ ഓക്‌സിജന്റെ അളവ് ഇരുപത്തിയൊന്ന് ശതമാനത്തിൽ നിന്നും പതിനഞ്ചായി. വേഗത്തിൽ ഓക്‌സിജൻ എത്തിക്കുക എന്നതും അത്യാവശ്യമായി വന്നു.

കുട്ടികളുള്ള സ്ഥലത്തേക്ക് ഓക്‌സിജൻ എത്തിക്കുന്ന ജോലികളിലായിരുന്നു ഡൈവിങ് വിദഗ്ധനായ സമാൻ ഗുണാൻ തായ് നേവിയിലെ ഉദ്യോഗസ്ഥനായി റിട്ടയർ ചെയ്ത ആളാണ്. ദുരന്ത മുഖത്തേക്ക് സഹായവുമായി ഓടിയെത്തിയതാണ്. (ഒരു ദുരന്തമുണ്ടാകുമ്പോൾ റിട്ടയർ ചെയ്തവർ അതിൽ ഉൾപ്പെടുന്നത് ലോകത്തിലെ ഒരു നല്ല രീതിയാണ്. ഫുക്കഷിമയിലെ ന്യുക്ലിയർ പ്ലാന്റിലെ റിട്ടയർ ചെയ്തവരും ഇങ്ങനെ തിരിച്ചെത്തിയിരുന്നു. നിപയുടെ സമയത്തും കേരളത്തിലെ റിട്ടയർ ചെയ്ത ഡോക്ടർമാരോട് ഈ ആവശ്യം പറഞ്ഞിരുന്നു, കേരളത്തിൽ സാധാരണ യുവാക്കൾ ഒക്കെയാണ് ദുരന്ത നിവാരണ സംഘങ്ങൾ ഉണ്ടാക്കുന്നത്, പക്ഷെ പരിചയ സമ്പന്നരും റിട്ടയർ ചെയ്തവരും വിദേശത്ത് ജോലി ചെയ്തിട്ടുള്ളവരുടെ ഒക്കെ വിവരം നമ്മൾ ശേഖരിച്ചു വക്കണം, എപ്പോഴാണ് ആവശ്യം വരുന്നതെന്ന് പറയാൻ പറ്റില്ല ). കുട്ടികൾ ഉള്ളിടത്തേക്ക് ഓക്‌സിജൻ എത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ജോലി. തിരിച്ചുവരുമ്പോൾ അദ്ദേഹത്തിന്റെ ടാങ്കിൽ ആവശ്യത്തിന് ഓക്‌സിജൻ ഇല്ലാതെയായി അദ്ദേഹം ബോധം കെട്ടു. രക്ഷിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. രക്ഷാപ്രവർത്തനത്തിലെ ഒന്നാമത്തെ കാഷ്വാലിറ്റിയായി അദ്ദേഹം. തികച്ചും ഒരു ഹീറോ ആണിയാൾ.

8. വലിയ തയ്യാറെടുപ്പുകൾ: പതിമൂന്നാം ദിവസം രണ്ടു കാര്യങ്ങളുണ്ടായി. തുടർച്ചയായി വെള്ളം പമ്പ് ചെയ്തതിന്റെ ഫലമായി ജലനിരപ്പ് താഴ്ന്നു. അങ്ങനെ മുങ്ങി തരണം ചെയ്യേണ്ട ദൂരം കുറഞ്ഞു. അതോടൊപ്പം അധികം താമസിയാതെ മഴ വരുന്നു എന്ന അറിയിപ്പും. കുട്ടികളെ രക്ഷിക്കാനുള്ള സമയമായെന്ന് ഉറപ്പായി. ഓരോ കുട്ടികളുടെ കൂടെയും രണ്ടു ഡൈവർമാരാണ് പുറത്തു സഞ്ചരിക്കുന്നതെങ്കിലും തൊണ്ണൂറു പേരുള്ള സംഘമാണ് ഗുഹക്കകത്ത് തയ്യാറെടുപ്പ് നടത്തുന്നത്. ഗുഹയിൽ രണ്ട് കിലോമീറ്റർ ഉള്ളിൽ ഒരു ബേസ് കാമ്പ് ഉണ്ടാക്കി. ഗുഹയിൽ എല്ലായിടത്തും ഓക്‌സിജൻ സ്റ്റോക്ക് ചെയ്തു. അറുപത് പേരാണ് ഗുഹ ഡൈവിങ്ങിൽ പരിചയമുള്ളവർ. മുപ്പത് പേർ നേവി ഉദ്യോഗസ്ഥരാണ്. ഓരോ വളവിലും തിരിവിലും മുങ്ങുന്നവർക്ക് സഹായവുമായി ഇവരുണ്ട്. ഗുഹക്ക് പുറത്ത് ആർമി ഒരു ഫീൽഡ് ഹോസ്പിറ്റൽ ഉണ്ടാക്കി. അവിടെനിന്നും ആംബുലൻസ്, മെഡിക്കൽ ഹെലികോപ്റ്റർ എന്നിവയും. അടുത്ത വലിയ നഗരമായ ചിയാംഗ് റായ് പകലും രാത്രിയും സജ്ജമായി.

9. അലക്ക് മുതൽ ബിരിയാണി വരെ: രക്ഷാപ്രവർത്തനം തായ് ജനത പകലും രാത്രിയും ശ്രദ്ധിക്കുകയും ചർച്ച ചെയ്യുകയുമാണ്. രക്ഷാപ്രവർത്തകരുടെ ചിത്രം കണ്ട രവിന്മാർട്ട് ലുലെർട്ട് ശ്രദ്ധിച്ചത് അവരുടെ വസ്ത്രങ്ങളിലെ അഴുക്കാണ്. അവർ ചെന്ന് കാര്യമന്വേഷിച്ചു. സംഗതി ഇതാണ്, രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തിയ പലർക്കും ഉടുതുണിക്ക് മറുതുണിയില്ല. ദിവസങ്ങളായി ഒരേ വസ്ത്രം ധരിച്ചിരുന്നവരുടെ വസ്ത്രം അലക്കലും ആവശ്യമായ തുന്നൽ പണിയും അവർ ഏറ്റെടുത്തു. രാത്രി ഒമ്പത് മണിക്ക് അവർ ഗുഹാമുഖത്തെത്തും. തുണിയെല്ലാം കൊണ്ടുപോയി അലക്കിയുണക്കി രാവിലെ തിരിച്ചെത്തും. ഇവർ മാത്രമല്ല, രക്ഷാപ്രവർത്തകർക്ക് ഭക്ഷണം എത്തിക്കുന്നതും കുട്ടികളുടെ ബന്ധുക്കളെ ഗുഹാമുഖത്തേക്കും തിരിച്ചും എത്തിക്കുന്നതുമെല്ലാം സന്നദ്ധ പ്രവർത്തകരാണ്. സമ്പന്നമായ ഒരു ജനതയല്ല തായ്ലാൻഡിലേത്. എന്നാൽ സഹാനുഭൂതി ഏറെയുണ്ട് താനും. ഗുഹയിൽ മുങ്ങി സഹായിക്കാൻ പറ്റാത്തവർ തുണിയലാക്കിയും ഭക്ഷണമുണ്ടാക്കിയും പണമയച്ചും സഹായിക്കുന്നത് നമ്മൾ കണ്ടു പഠിക്കണം. .

10. ഡി-ഡെ വരുന്നു: രണ്ടാം ലോകമഹായുദ്ധ കാലത്തെ ഒരു പ്രയോഗമാണ് ഡി ഡേ. നോർമണ്ടിയിൽ സഖ്യകക്ഷികൾ ധാരാളമായി വന്നിറങ്ങി കരയുദ്ധം തുടങ്ങുന്നതിനെ സൂചിപ്പിക്കുന്നതാണിത്, ആയിരത്തി തൊള്ളായിരത്തി നാല്പത്തി നാല് ജൂൺ ആരായിരുന്നു ഒറിജിനൽ ഡി ഡേ. പക്ഷെ അതിനു ശേഷം സുപ്രധാനമായ എന്തെങ്കിലും തുടങ്ങാനുള്ള ദിവസത്തെ ഡി ഡേ എന്ന് വിളിക്കാൻ തുടങ്ങി. തായ്ലാന്റിലും രക്ഷാപ്രവർത്തനം തുടങ്ങുന്ന ദിവസത്തെ അങ്ങനെ ആണ്, പേരിട്ടത്. ജൂലൈ എട്ട്, ഞായറാണ് അതിനായി തെരഞ്ഞെടുത്തത്.

11. സുപ്രധാനമായ ഒരു തീരുമാനം ബാക്കിയുണ്ട്: പന്ത്രണ്ട് കുട്ടികളിൽ ആരെയാണ് ആദ്യം രക്ഷപെടുത്തേണ്ടത്? ചിലിയിലെ ഖനിത്തൊഴിലാളികളുടെ കാര്യത്തിൽ ഏറ്റവും ക്ഷീണിതരെയാണ് ആദ്യം പുറത്തെത്തിച്ചത്. ഇവിടെ അത് സ്വാഭാവികമായ തീരുമാനമല്ല. പരിചയസമ്പന്നനായ ഡൈവർ പോലും മരിച്ച പാതയാണ്. ഏറ്റവും ക്ഷീണിതനായ ആളെ പുറത്തെത്തിക്കാൻ ശ്രമിക്കുകയും അപകടം സംഭവിക്കുകയും ചെയ്താൽ എല്ലാവരുടെയും മനോധൈര്യം ചോർന്നുപോകും. അപ്പോൾ അല്പം കരുത്തുള്ളവരെ പുറത്തെത്തിച്ച് പദ്ധതിയുടെ ഫീസിബിലിറ്റി പരീക്ഷിക്കുന്നതാണ് കൂടുതൽ മെച്ചം എന്ന് തോന്നാം. അതേ സമയം കൊച്ചുകുട്ടികളെ ആദ്യം പുറത്തെത്തിച്ചില്ലെങ്കിൽ അവരുടെ ധൈര്യവും പോയേക്കാം. അപ്പോൾ ഏതു തീരുമാനത്തിനും പ്ലസും മൈനസും ഉണ്ട്. കുട്ടികളുടെ കൂടെ എത്തി അവരെ പരിശോധിച്ച് ധൈര്യം നൽകിയ റിച്ചാർഡ് ഹാരിസ് എന്ന ഡോക്ടർ ആണ് ഈ തീരുമാനങ്ങൾ എടുക്കാൻ സഹായിച്ചതെന്നാണ് വായിച്ചത്.

പല ദുരന്ത ഘട്ടങ്ങളിലും ഇത്തരം വിഷമം പിടിച്ച തീരുമാനങ്ങൾ എടുക്കേണ്ടതായി വന്നിട്ടുണ്ട് ഭൂമികുലുക്കം ഉണ്ടാകുമ്പോൾ പതിനായിരങ്ങൾക്കാണ് പരിക്കേൽക്കുക. ആയിരങ്ങൾക്ക് ഗുരുതര പരിക്കും. അതിൽ കുട്ടികൾ, മുതിർന്നവർ, ഗർഭിണികൾ, കൈയോ കാലോ ഒടിഞ്ഞവർ, തല പൊട്ടിയവർ, ബോധം പോയവർ ഒക്കെയുണ്ടാകാം. ഇവരെ അടുത്ത ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ഹെലികോപ്റ്ററിൽ ഇരുപത് സീറ്റേയുള്ളു. അതാർക്ക് കൊടുക്കുമെന്നത്, ആര് ജീവിക്കണം മരിക്കണം എന്നത് പോലെയുള്ള ഒരു തീരുമാനമാണ്. എങ്ങനെയാണ് ആ തീരുമാനം എടുക്കുന്നതെന്ന് പിന്നീട് എഴുതാം. ഒന്നുമാത്രം ഇപ്പോൾ പറയാം, ദുരന്തം കഴിഞ്ഞാലും നമ്മെ പിന്തുടരുന്ന ഓർമ്മ ഈ തീരുമാനത്തിലെ ശരി തെറ്റുകളാണ്.

12. വാർത്തയുടെ നിയന്ത്രണം: ദുരന്തസമയത്ത് എല്ലാ വിവരങ്ങളും അപ്പപ്പോൾ പങ്കുവച്ചാൽ അത് കുടുംബങ്ങളെ കൂടുതൽ വിഷമത്തിലാക്കും, രക്ഷാപ്രവർത്തകർക്ക് സമ്മർദ്ദവും കൂടും . കുറച്ച് വിവരങ്ങളെങ്കിലും പങ്കുവെച്ചില്ലെങ്കിൽ ഊഹാപോഹങ്ങൾ പറന്നുനടക്കുകയും ചെയ്യും. ആദ്യം പുറത്തുവിട്ട വീഡിയോയിൽ കോച്ചിനെ കാണാതിരുന്നപ്പോൾ തന്നെ ഊഹാപോഹങ്ങളുണ്ടയി. കുറ്റബോധം കൊണ്ട് അദ്ദേഹം പിന്നിലേക്ക് മാറിയതാണെന്ന് പിന്നീട് റിപ്പോർട്ടുകൾ വന്നു. അപ്പോൾ ഏതു വാർത്തകൾ എപ്പോൾ പങ്കുവെക്കണം എന്നത് പ്രധാനമാണ്.

ഇതുവരെ വാർത്തകൾ നിയന്ത്രിക്കുന്ന കാര്യത്തിൽ തായ് സർക്കാർ നന്നായി വിജയിച്ചു. ആദ്യമേ തന്നെ രക്ഷാപ്രവർത്തനം നാലു മാസം വരെ നീളുമെന്ന് പറഞ്ഞ് ആളുകളുടെ അമിത പ്രതീക്ഷ ഒഴിവാക്കി. രക്ഷാപ്രവർത്തകന്റെ മരണം പുറത്തുപറഞ്ഞ് അവരുടെ വിശ്വാസ്യത വർദ്ധിപ്പിച്ചു. ഇനിയുള്ള നാല്പത്തിയെട്ട് മണിക്കൂർ പ്രധാനമാണ്. രക്ഷാ പ്രവർത്തനങ്ങൾക്കിടയിൽ എന്ത് സംഭവിച്ചാലും അത് തടസ്സമില്ലാതെ മുന്നേറണം. അകത്തുള്ള കുട്ടികളിലോ പുറത്തുള്ള മാതാപിതാക്കളിലോ ഒട്ടും സംഘർഷമുണ്ടാകാതെയും നോക്കണം. മാധ്യമങ്ങൾക്ക് രക്ഷാപ്രവർത്തകരോടോ, ആശുപത്രികളോടോ, രക്ഷപെട്ട കുട്ടികളോടോ സംസാരിക്കാനുള്ള അവസരമുണ്ടാകാതിരിക്കാനാണ് സാധ്യത. ഇനി രക്ഷാപ്രവർത്തനം മുഴുവൻ കഴിഞ്ഞു അവസാനത്തെ കുട്ടിയും പുറത്തു വന്നു കഴിഞ്ഞേ കൃത്യമായ വിവരം കിട്ടൂ.

എങ്ങനെയാണ് മാധ്യമങ്ങൾ പെരുമാറുന്നതെന്നും നമ്മൾ ശ്രദ്ധിക്കണം. ലോകത്തെമ്പാടുനിന്നും നൂറുകണക്കിന് ചാനലുകൾ തായ്ലൻഡിൽ ഉണ്ട്. പക്ഷെ അവർ എല്ലാം സഹകരണത്തോടെയും സഹാനുഭൂതിയോടെയും ആണ് വാർത്തകൾ പുറത്തു വിടുന്നത്. ഇതുവരെ കുറ്റപ്പെടുത്തലുകളില്ല. മന്ത്രിമാരുടെയോ രക്ഷാപ്രവർത്തകരുടെയോ മുന്നിലേക്ക് മൈക്കുമായി ആരും ചാടിവീഴുന്നില്ല, ആരും ആശുപത്രിയിൽ നുഴഞ്ഞു കയറുന്നില്ല. പുറത്തുവന്ന കുട്ടികളുടെ അണ്ണാക്കിൽ മൈക്ക് കുത്തിക്കയറ്റി ''കുട്ടി പറയണം, ഏറെ ബുദ്ധിമുട്ടിയാണ് കുട്ടിയെ പുറത്തെടുത്തത്'' എന്ന് പറയുന്നില്ല. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.

13. ദുരന്തത്തിൽ നിന്നും ടെക്സ്റ്റ് ബുക്കിലേക്ക്: ഏതു തരത്തിൽ തന്നെ ഈ ദുരന്തം അവസാനിച്ചാലും ഇതൊരു ടെക്സ്റ്റ് ബുക്ക് ഉദാഹരണം ആകുമെന്നതിൽ സംശയം വേണ്ട. പന്ത്രണ്ട് ചെറിയ കുട്ടികളുടെ പ്രതീക്ഷ കൈവിടാതെ ഒരു നേതാവ് അവരെ പത്തു ദിവസം എങ്ങനെ സംരക്ഷിച്ചു എന്നത് ദുരന്ത നിവാരണ രംഗത്തെയും, സർവൈവൽ രംഗത്തേയും നേതൃത്വ പരിശീലന രംഗത്തെയും പഠന വിഷയമാകാൻ പോകുകയാണ്. നേതൃത്വ പരിശീലകർ മണ്ണിനടിയിൽ സമയം ചെലവഴിക്കാൻ തുടങ്ങിയാലും അത്ഭുതപ്പെടേണ്ട. അതേ സമയം ഇതിൽ ഉൾപെട്ടവരുടെ മാനസിക ആരോഗ്യം ഏറെ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. കുട്ടികളോടും മാതാപിതാക്കളോടുമുള്ള ഉത്തരവാദിത്തം താൻ നിറവേറ്റിയില്ല എന്ന കുറ്റബോധത്തിൽ നിന്നും കോച്ചിനെ മനോധൈര്യം കൊടുത്ത് പുറത്തു കൊണ്ടുവരണം. കുട്ടികൾക്കും ഏറെ നാളത്തെ കൗൺസിലിങ് ആവശ്യമായി വരും.

14. നിങ്ങൾ തായ്ലൻഡിലെ മന്ത്രിമാരെ കണ്ടിരുന്നോ : ഇത്ര വലിയ സംഭാവമുണ്ടായിട്ടും അന്താരാഷ്ട്ര മാധ്യമങ്ങൾ മുഴുവൻ അവിടെ വന്ന് തമ്പടിച്ചിട്ടും അവിടുത്തെ മന്ത്രിമാരെ കാമറക്ക് മുന്നിൽ കണ്ടിരുന്നോ? ചിരിച്ച് സെൽഫിയെടുത്ത് കുട്ടികളുടെ വീട്ടിൽ ചെന്നത് അവർ എവിടെയെങ്കിലും പോസ്റ്റ് ചെയ്തു കണ്ടോ?

ശ്രദ്ധിക്കേണ്ട കാര്യമാണ്. ഒരു ദുരന്തമുണ്ടാകുമ്പോൾ ദുരന്തമുഖത്തേക്ക് ഓടിയെത്തുന്നതല്ല, മന്ത്രിയുടെ പണി. ദുരന്തം മാനേജ് ചെയ്യാൻ ഏറ്റവും കഴിവുള്ളവരെ ഓൺ സീൻ കമാൻഡർ ആയി നിയമിക്കുക, അയാളുടെ തീരുമാനത്തിൽ ഇടപെടാതിരിക്കുക, അയാൾ ആവശ്യപ്പെടുന്ന കാര്യങ്ങൾ നാട്ടിൽ നിന്നോ വിദേശത്ത് നിന്നോ എത്തിച്ചു കൊടുക്കുക, അവർക്ക് നാട്ടുകാരിൽ നിന്നോ മാധ്യമങ്ങളിൽ നിന്നോ എന്തെങ്കിലും പ്രയാസം നേരിടുന്നുണ്ടെങ്കിൽ അത് പരിഹരിക്കുക, ആളും പരിവാരങ്ങളുമായി ദുരന്ത മുഖത്തെത്തി അവരുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താതിരിക്കുക എന്നതൊക്കെയാണ്. മാതൃകാപരമായ പ്രവർത്തനമാണ് തായ്ലൻഡ് ഇക്കാര്യത്തിൽ കാഴ്ച വെച്ചത്. ഇതും ദുരന്ത ലഘൂകരണ രംഗത്തെ കേസ് സ്റ്റഡി ആകുമെന്നതിൽ സംശയമില്ല.

15. തായ്ലാൻഡിന്റെ പുതിയ മുഖം: ഞാൻ പല തവണ പോയിട്ടുള്ള, എനിക്ക് വലിയ ഇഷ്ടമുള്ള ഒരു സ്ഥലമാണ് തായ്ലൻഡ്. വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ മുതൽ ഓട്ടോ (ടുക്ക് ടുക്ക്) ഡ്രൈവർമാർ വരെ ചിരിച്ചുകൊണ്ട് മാന്യമായി പെരുമാറുന്ന സ്ഥലമാണ്. കേരളം പോലെ തോന്നിക്കുന്ന, ഏകദേശംകേരളത്തിന്റെ ഇരട്ടി ജനസംഖ്യയും ആളോഹരി വരുമാനവും ഉള്ള നാടാണ്. ടൂറിസം ഒരു പ്രധാന വരുമാനമാണ്. ഏഴുകോടി ജനസംഖ്യയുള്ള തായ്ലൻഡിൽ മൂന്ന് കോടി വിദേശ ടൂറിസ്റ്റുകൾ ആണ് വരുന്നത്. മൂന്നുകോടി ജനസംഖ്യയുള്ള കേരളത്തിൽ അത് പത്തുലക്ഷത്തിൽ താഴെയാണ്. നൂറു രൂപക്ക് മുതൽ റൂം കിട്ടും, ഏത് ഗ്രാമത്തിലും ടൂറിസ്റ്റുകൾക്ക് സൗകര്യങ്ങൾ ഉണ്ട്, ടൂറിസ്റ്റുകൾക്ക് മാത്രമായി പൊലീസ് ഉണ്ട്, ലോകത്തെവിടെ നിന്നും തായ്ലാൻഡിലേക്കുള്ള വിമാന ചാർജ്ജ് ഏറെ കുറവാണ് (ജനീവയിൽ നിന്നും ഡൽഹിയിൽ വരാനുള്ള ചാർജിന്റെ പകുതിയാണ് ബാങ്കോക്കിൽ പോകാനുള്ളത്, ഡൽഹിയുടെ മുകളിലൂടെ വീണ്ടും മൂന്നുമണിക്കൂർ പറക്കണം എങ്കിലും). പക്ഷെ ടൂറിസം മാത്രമല്ല കാറുകൾ തൊട്ടു കമ്പ്യൂട്ടർ വരെ നിർമ്മിക്കുന്ന മാനുഫാക്ച്ചറിങ്ങ് ഹബ് കൂടിയാണ്. ഇതൊക്കെ ആണെങ്കിലും നമുക്ക് മലയാളികൾക്ക് തായ്ലൻഡ് എന്നാൽ ഒറ്റ ചിന്തയേയുള്ളു. അത് മാറാനും ആ രാജ്യത്തിന്റെ കഴിവും റെസിലിയൻസും അറിയാനുമുള്ള ഒരവസരം കൂടിയായി ഇത്...

(ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവനാണ് മുരളി തുമ്മാരുകുടി. അഭിപ്രായങ്ങൾ വ്യക്തിപരമാണ്)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP