Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

മിടുക്കരായ പൊലീസുകാരെ പ്രോൽസാഹിപ്പിക്കണം; കളങ്കം ഉണ്ടാക്കുന്നവരെ പുറത്തുകളയുകയും വേണം; നെയ്യാറ്റിൻകര സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുരളി തുമ്മാരുകുടി എഴുതുന്നുഎങ്ങനെയാണ് പൊലീസിന്റെ മനോവീര്യം കാത്തുസൂക്ഷിക്കേണ്ടത് ?

മിടുക്കരായ പൊലീസുകാരെ പ്രോൽസാഹിപ്പിക്കണം; കളങ്കം ഉണ്ടാക്കുന്നവരെ പുറത്തുകളയുകയും വേണം; നെയ്യാറ്റിൻകര സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുരളി തുമ്മാരുകുടി എഴുതുന്നുഎങ്ങനെയാണ് പൊലീസിന്റെ മനോവീര്യം കാത്തുസൂക്ഷിക്കേണ്ടത് ?

മുരളി തുമ്മാരുകുടി

പ്രളയാനന്തരം കേരളത്തിലെ വിവിധ ഭാഗങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി ആറന്മുളയിലെ വല്ലനയിൽ എത്തിയതായിരുന്നു ഞങ്ങൾ. ഏതാണ്ട് ആയിരത്തോളം വീടുകളുള്ള ഒരു കോളനിയാണത്. മിക്കവാറും ആളുകൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരായതിനാൽ ബഹുഭൂരിപക്ഷം വീടുകളും ഒറ്റ നിലയാണ്. അതിൽ മുക്കാൽ ഭാഗത്തിലും വെള്ളം കയറി വസ്തുവകകൾ ഒക്കെ നശിച്ച് വീടിനകം മുഴുവൻ ചെളിയാണ്.

ഞങ്ങൾ അവിടെ ചെല്ലുമ്പോൾ നൂറുകണക്കിന് ആളുകൾ സ്ത്രീകളും പുരുഷന്മാരും വീടുകൾ വൃത്തിയാക്കുന്ന പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുകയാണ്. പൊലീസിന്റെ കുറേ വാഹനങ്ങൾ നിർത്തിയിട്ടിട്ടുള്ളതിനാൽ അവിടെ എന്തെങ്കിലും പ്രശ്‌നം ഉണ്ടോ എന്നൊന്ന് ശങ്കിച്ചു.
ഇല്ല, പ്രശ്‌നം ഒന്നുമില്ല. വീടുകൾ വൃത്തിയാക്കാൻ അഞ്ഞൂറോളം പൊലീസുകാർ രാവിലെ എത്തിയിരിക്കുകയാണ് വിവിധ പൊലീസ് സംഘടനകളുടെ നേതൃത്വത്തിൽ. ഞങ്ങൾ ചെല്ലുമ്പോൾ വൈകുന്നേരമായി. അപ്പോഴും അവർ പണിയിൽ മുഴുകിയിരിക്കുന്നു. വീട് വൃത്തിയാക്കൽ മാത്രമല്ല, വീട്ടിലുള്ളവർക്ക് അത്യാവശ്യ വസ്തുക്കളുമായിട്ടാണ് അവർ വന്നത്.

Stories you may Like

'സാർ, ഞങ്ങൾ കുറെ ദിവസങ്ങളായി ഇവിടെയുണ്ട്. വിവിധ സ്ഥലങ്ങളിൽ നിന്നും ആളുകൾ ഊഴംവെച്ച് വരികയാണ്. ദുരന്തത്തിന് ശേഷം സ്റ്റേഷനുകളിൽ കുറ്റകൃത്യങ്ങളിൽ കുറവുള്ളതുകൊണ്ട് ഞങ്ങൾക്ക് ഇവിടെ വരാനും സാധിക്കുന്നു.'' അസോസിയേഷന്റെ പ്രസിഡന്റ് ശ്രീ ഇന്ദ്രജിത്ത് പറഞ്ഞു.

എനിക്ക് സത്യത്തിൽ രോമാഞ്ചം വന്നു. ലോകത്ത് എത്രയോ ഇടങ്ങളിൽ ദുരന്താനന്തരം സഞ്ചരിച്ചിരിക്കുന്നു. ഏറെ സ്ഥലങ്ങളിലും ദുരന്തം കഴിയുമ്പോൾ അക്രമം കൂടുകയാണ് പതിവ്. ചിലയിടത്തൊക്കെ ദുരിതാശ്വാസവുമായി ചെല്ലാൻ തന്നെ പൊലീസിന്റെയും ചിലപ്പോൾ മിലിട്ടറിയുടേയും സഹായം വേണം. ഇവിടെ, എന്റെ നാട്ടിൽ, കുറ്റകൃത്യങ്ങൾ കുറയുന്നു, പൊലീസുകാർ ദുരിതാശ്വാസവുമായി നാട്ടുകാരെ സഹായിക്കുന്നു. 'കേരളമെന്ന പേര് കേട്ടാൽ അഭിമാനപൂരിതം ആകണം അന്തരംഗം' എന്നൊക്കെ പാടിയിട്ടുണ്ടെങ്കിലും ആ ദിവസങ്ങളിലാണ് അതിന്റെ അർത്ഥം അറിഞ്ഞാസ്വദിച്ചത്.

സാധാരണഗതിയിൽ പൊലീസിന്റെ ഇങ്ങനൊരു മുഖം നാം കാണാറില്ല. വൈപ്പിനിൽ നിരപരാധിയെ ചവിട്ടിക്കൊല്ലുന്ന പൊലീസ്, കോട്ടയത്ത് നിരപരാധിയെ കൊലയിലേക്ക് തള്ളിവിടാൻ കൈക്കൂലി മേടിച്ച പൊലീസ് ഇതൊക്കെയാണ് നമുക്ക് കൂടുതൽ പരിചയം. പൊതുവിൽ നമ്മൾ അധികം പൊലീസുമായി ഇടപഴകാത്തതുകൊണ്ട് സിനിമയിലെ പൊലീസ് കഴിഞ്ഞാൽ പിന്നെ ഇതുപോലെ അക്രമങ്ങൾ ഉണ്ടാകുമ്പോൾ പത്രത്തിൽ വരുന്ന പൊലീസിനെ മാത്രമേ നാം കാണുന്നുള്ളൂ. എന്നാലിത് ഇന്നത്തെ കേരളത്തിലെ പൊലീസിന്റെ ശരാശരി മുഖമല്ല. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഞാൻ ജീവിച്ചിട്ടുണ്ട്.

എന്റെ ഏറെ സുഹൃത്തുക്കൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരായി ജോലി ചെയ്യുന്നുണ്ട്. നേരിട്ട് കണ്ടതും അവർ പറഞ്ഞതുമായ കാര്യങ്ങളിൽ നിന്നും നമ്മുടെ പൊലീസ് സേന അതിലൊക്കെ എത്രയോ മുന്നിലാണ് എന്നതിൽ എനിക്ക് ഒരു സംശയവും ഇല്ല. കേരളത്തിൽ തന്നെ എന്റെ ചെറുപ്പകാലത്ത് പൊലീസിനോടുണ്ടായിരുന്ന പേടിയും വിധേയത്വവും ഒന്നും ഇപ്പോൾ നമുക്കില്ല. ജനാധിപത്യം ആഴത്തിൽ വേരൂന്നിയത്, നമ്മുടെ പൗരാവകാശത്തെപ്പറ്റിയുള്ള ധാരണ വർദ്ധിച്ചത് എല്ലാം ഇതിന് കാരണമാണ്. വിദ്യാഭാസമുള്ള പുതിയ തലമുറ പൊലീസിൽ വരുന്നതും പൊലീസിന്റെ സംസ്‌കാരത്തിൽ വലിയ മാറ്റം ഉണ്ടാക്കുന്നുണ്ട്. കഴിഞ്ഞ മാസം രണ്ടു പൊലീസുകാരുമായി ഞാൻ തിരുവനന്തപുരം തൊട്ട് എറണാകുളം വരെ യാത്ര ചെയ്തു. യാത്രയിൽ ഒരിക്കൽ പോലും അവർ ഒരു ട്രാഫിക്ക് നിയമവും ലംഘിച്ചില്ല എന്ന് മാത്രമല്ല, വാഹനത്തിലെ ചർച്ചകൾ മുഴുവൻ ചരിത്രവും സാഹിത്യവും ആയിരുന്നു. 'കാക്കിക്കുള്ളിലെ കലാഹൃദയം' എന്നത് ശ്രീനിവാസൻ സിനിമ മാത്രമല്ല. ഈ നല്ല മാറ്റങ്ങളെ നമ്മൾ അറിയണം, അവയേയും അവരേയും പ്രോത്സാഹിപ്പിക്കണം.

ഇതിനിടയ്ക്കാണ് കഴിഞ്ഞ ദിവസം നെയ്യാറ്റിൻകരയിൽ ഉണ്ടായതു പോലെ അധികാരത്തിന്റെ ഹുങ്കിൽ ഒരു മനുഷ്യനെ തല്ലാനും വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട് കൊല്ലാനും മടിക്കാത്ത പൊലീസുകാരുടെ കഥ വരുന്നത്. സാധാരണ ഗതിയിൽ പൊലീസുകാർക്കെതിരെ കേസുകൾ വരുമ്പോൾ അതൊക്കെ അല്പം ദുർബലമാക്കി രക്ഷപ്പെടുത്തുകയാണ് രീതി, അല്ലെങ്കിൽ അങ്ങനെ ആണെന്ന് ബഹുഭൂരിപക്ഷം മലയാളികളും വിശ്വസിക്കുന്നു. അത് ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്റെ ഭാഗമായാലും അല്ലെങ്കിലും. വ്യക്തിപരം ആകുമ്പോൾ മറ്റു പൊലീസുകാർ അല്പം വർഗ്ഗ സ്‌നേഹം കാണിക്കുന്നതാകും, ഔദ്യോഗികം ആകുമ്പോൾ 'പൊലീസിന്റെ മനോവീര്യം കെടുത്താതിരിക്കാനാണ്' എന്നൊക്കെ ചിലപ്പോൾ പറയും. പക്ഷെ പുതിയ തലമുറയിലെ ബഹുഭൂരിപക്ഷം പൊലീസുകാരും നിയമം അനുസരിക്കുന്നവരും പുതിയ ലോകത്തിനൊത്ത് പൊലീസിങ് വേണം എന്ന് ആഗ്രഹിക്കുന്നവരും ആകുമ്പോൾ അവരുടെ മനോവീര്യം കെടുന്നത് കുറ്റവാളികളായ പൊലീസുകാരെ സംരക്ഷിക്കുമ്പോൾ ആണ്. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്ന് ആദ്യം അറിയേണ്ടത് നിയമപാലകർ തന്നെയാണ്. മൂന്നാം മുറയൊന്നും വേണ്ടാത്ത ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് ക്രമസമാധാന പാലനവും കുറ്റാന്വേഷണവും നടത്താൻ പറ്റുന്ന പരിശീലനവും, ഉപകരണങ്ങളും, സാഹചര്യവും ഒരുക്കിക്കൊടുത്താണ് നമ്മുടെ പുതിയ പൊലീസുകാർക്ക് മനോവീര്യം ഉണ്ടാക്കിക്കൊടുക്കേണ്ടത്.

കേരളത്തിലെ എല്ലാ പൊലീസുകാരും 'ഒന്നാം തരം' ആന്നെന്നോ, നമ്മുടെ മൊത്തം പൊലീസിങ് സംസ്‌കാരം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആധുനിക പൊലീസിങ് പോലെ ആയിട്ടുണ്ടെന്നോ എനിക്ക് അഭിപ്രായമില്ല. അത് പൊലീസുകാരുടെ മാത്രം കുറ്റവും അല്ല. നമ്മുടെ സമൂഹത്തിൽ നിന്നാണ് പൊലീസുകാരും ഉണ്ടാകുന്നത്. അഴിമതിയും അക്രമവും നിലനിൽക്കുന്ന സമൂഹത്തിലെ പൊലീസിലും അഴിമതിയും അക്രമ വാസനയും ഉണ്ടാകും. പക്ഷെ മറ്റെവിടത്തെക്കാളും കൂടുതൽ വിദ്യാഭ്യാസമുള്ള മിടുക്കരായ പൊലീസുകാർ ഉള്ള ഒരു സംസ്ഥാനമാണ് കേരളം.

കൊലപാതകം പോലുള്ള വലിയ കുറ്റകൃത്യങ്ങൾ കേരളത്തിൽ ഓരോ വർഷവും കുറയുകയാണെന്ന് ഞാൻ മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട്. അപ്പോൾ നമ്മുടെ പൊലീസുകാരെ തീർച്ചയായും പ്രോത്സാഹിപ്പിക്കണം. അതിന് വേണ്ടിത്തന്നെ പൊലീസിന് കളങ്കം ഉണ്ടാക്കുന്നവരെ പുറത്തുകളയുകയും വേണം. കെവിൻ വധക്കേസിൽ കൈക്കൂലി വാങ്ങിയ എ എസ് ഐ യെ പിരിച്ചു വിട്ടത് നല്ല തുടക്കമാണ്. അധികാരം തെറ്റായി ഉപയോഗിക്കുന്ന പൊലീസുകാർക്ക് ഒരു പാഠമാണ്. ബഹുഭൂരിപക്ഷം വരുന്ന യുവാക്കളായ നല്ല പൊലീസുകാർക്ക് സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP