Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭക്ഷ്യ വസ്തുക്കൾക്കോ നിർമ്മാണ വസ്തുക്കൾക്കോ വില കൂടുന്നുണ്ടോ എന്ന് പരിശോധിക്കണം; ഒരു മാസം മുൻപത്തെ വിലയും ഇപ്പോഴത്തെ വിലയും താരതമ്യം ചെയ്ത് കരുതൽ എടുക്കണം; വില കൂടുന്നുണ്ടെങ്കിൽ സർക്കാർ ഇടപെടണം; വേണ്ടി വന്നാൽ കമ്പിയും സിമന്റും മാവേലി സ്റ്റോർ വഴി വിൽക്കണം; പുര കത്തുമ്പോൾ കഴുക്കോൽ ഊരാൻ സമ്മതിക്കരുത്: മുരളി തുമ്മാരുകുടി എഴുതുന്നു

ഭക്ഷ്യ വസ്തുക്കൾക്കോ നിർമ്മാണ വസ്തുക്കൾക്കോ വില കൂടുന്നുണ്ടോ എന്ന് പരിശോധിക്കണം; ഒരു മാസം മുൻപത്തെ വിലയും ഇപ്പോഴത്തെ വിലയും താരതമ്യം ചെയ്ത് കരുതൽ എടുക്കണം; വില കൂടുന്നുണ്ടെങ്കിൽ സർക്കാർ ഇടപെടണം; വേണ്ടി വന്നാൽ കമ്പിയും സിമന്റും മാവേലി സ്റ്റോർ വഴി വിൽക്കണം; പുര കത്തുമ്പോൾ കഴുക്കോൽ ഊരാൻ സമ്മതിക്കരുത്: മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

പുര കത്തുമ്പോൾ കഴുക്കോൽ ഊരാൻ സമ്മതിക്കരുത്

കേരളം ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തത്തിലൂടെ കടന്നു പോവുകയാണ്. സർക്കാരും ജനങ്ങളും മറുനാടൻ മലയാളികളും ലോകത്തിന് മാതൃകയായി ഒറ്റക്കെട്ടായി അതിനെ നേരിടുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം ധാരാളം എത്തുന്നു. ഒരു മാസത്തെ ശമ്പളം നല്കിയിട്ടാണെങ്കിലും ഈ ദുരന്തത്തിൽ നിന്നും അതിജീവിക്കുമെന്ന് ഏറെ മലയാളികൾ തീരുമാനിക്കുന്നു.

ഈ കാലത്തും ഇത് വ്യക്തിപരമായി പണം സമ്പാദിക്കാനുള്ള അവസരമായി കാണുന്നവർ ഉണ്ടാകാം. ആദ്യ ദിവസങ്ങളിൽ കുപ്പി വെള്ളത്തിന്റെ വില പോലും കൂട്ടിയ കച്ചവടക്കാർ ഉണ്ടായിരുന്നല്ലോ. പക്ഷെ ഇനിയത് കൂടുതൽ ആകാൻ പോവുകയാണ്. കമ്പിയും സിമന്റും ഉൾപ്പടെ ഉള്ള നിർമ്മാണ വസ്തുക്കൾ തൊട്ട് ടി വിക്കും ഫ്രിഡ്ജിനും മേശക്കും കിടക്കക്കും ഒക്കെ വില കൂടും.

ഇതിന് ഒരു ന്യായയീകരണവും ഇല്ല. ഈ വസ്തുക്കൾ ഒന്നും കേരളത്തിൽ അല്ല ഉണ്ടാക്കുന്നത്, അപ്പോൾ അവയുടെ പ്രൊഡക്ഷൻ കപ്പാസിറ്റിയിൽ ഒരു കുറവും ഇല്ല. കേരളത്തിൽ പ്രാദേശികം ആയിട്ടുണ്ടാകുന്ന ഡിമാൻഡ് വർദ്ധന മൊത്തം ഇന്ത്യയിൽ വ്യാപാരം നടത്തുന്ന സ്റ്റീലോ കിടക്കയോ വ്യവസായങ്ങളെ ബാധിക്കേണ്ടതല്ല.

പക്ഷെ ഈ അവസരം മുതലെടുത്ത് കച്ചവടക്കാർ വില കൂട്ടും, അത് നമ്മുടെ കച്ചവടക്കാരാണോ, അതോ അതിന് പിന്നിൽ കേരളത്തിലേക്ക് സാധനങ്ങൾ കയറ്റി അയക്കുന്നവർ ആണോ എന്ന് പറയാൻ പറ്റില്ല. രണ്ടാണെങ്കിലും അത് പുര കത്തുമ്പോൾ കഴുക്കോൽ ഊരുന്ന തരത്തിലുള്ള സമൂഹ ദ്രോഹം ആണ്. മലയാളികൾ ബുദ്ധിമുട്ടുന്ന ഈ സമയം നോക്കി എല്ലാ ജോലികളുടേയും ദിവസക്കൂലി കൂട്ടുന്നതും ഇത്തരം പ്രവർത്തിയാണ്.

കെട്ടിട നാശങ്ങളുടെ കാര്യത്തിൽ ചൈനയിലെ ഭൂകമ്പം കേരളത്തിലെ ഈ ദുരന്ത കാലത്തേതിനേക്കാൾ നൂറു മടങ്ങ് വലുതായിരുന്നു. അവിടെയും നിർമ്മാണ വസ്തുക്കളുടെ വില കൂട്ടാൻ കച്ചവടക്കാർ ശ്രമിച്ചിരുന്നു. അതിനെ പ്രതിരോധിക്കാൻ സർക്കാർ ഒരു പണി ചെയ്തു. ഓരോ ഗ്രാമത്തിലും ഇഷ്ടികയും സിമന്റും മൊത്തമായി കൊണ്ട് വന്ന് സ്റ്റോർ ചെയ്തു. വസ്തുക്കൾക്ക് ക്ഷാമമില്ല എന്ന് ആളുകൾക്കും കച്ചവടക്കാർക്കും മനസ്സിലായി, വില നിയന്ത്രണത്തിൽ ആയി.

കേരളത്തിൽ ഭക്ഷ്യ വസ്തുക്കൾക്കോ നിർമ്മാണ വസ്തുക്കൾക്കോ വില കൂടുന്നുണ്ടോ എന്ന് മാധ്യമങ്ങൾ അന്വേഷിക്കണം. ഒരു മാസം മുൻപത്തെ വിലയും ഇപ്പോഴത്തെ വിലയും നോക്കിയാൽ മതിയല്ലോ. കേരള വ്യാപകമായി വില കൂടുന്നുണ്ടെങ്കിൽ സർക്കാർ ഇടപെടണം. വേണ്ടി വന്നാൽ കമ്പിയും സിമന്റും മാവേലി സ്റ്റോർ വഴി വില്കുമെന്ന് പ്രഖ്യാപിക്കാം.

കേരളത്തിലെ പുനർ നിർമ്മാണം തുടങ്ങിയിട്ട് കൂടിയില്ല. മൊത്തം നിർമ്മാണ പ്രവർത്തനത്തിന് ഒരു ഭാഗം മാത്രമാണ് പുനർ നിർമ്മാണം. പക്ഷെ വില കൂടുന്നത് കേരളം മൊത്തമാണ്. മലയാളികൾ മുണ്ടും സാരിയും മുറുക്കിയുടുത്ത് പുനർ നിർമ്മിക്കാൻ അയ്യായിരം കോടി ഉണ്ടാക്കാൻ ശ്രമിക്കുമ്പോൾ സിമന്റിന്റെയും പച്ചക്കറിയുടെയും വില കൂട്ടി ആറായിരം കോടി കേരളത്തിൽ നിന്നും അടിച്ചു മാറ്റാൻ നമ്മൾ സമ്മതിക്കരുത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP