Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്വകാര്യതയിലേക്കു നീളുന്ന ചാരപ്രവർത്തനം; അതുനൽകുന്നപാഠങ്ങൾ

സ്വകാര്യതയിലേക്കു നീളുന്ന ചാരപ്രവർത്തനം; അതുനൽകുന്നപാഠങ്ങൾ

ശ്രീജിത് പണിക്കർ

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട വാദഗതികളും വിവാദങ്ങളും ഏതാണ്ട് എഴുപതുവർഷങ്ങൾക്കു ശേഷവും കെട്ടടങ്ങുന്നില്ല. ഇതുായി ബന്ധപ്പെട്ട കുറെയധികം രഹസ്യ രേഖകൾ കേന്ദ്രഗവണ്മെന്റിന്റെ പക്കൽത്തന്നെയുണ്ട് എന്നത് വളരെക്കാലം പൊതുസമൂഹത്തിന്റെ കണ്ണിൽ നിന്നും മറച്ചുപിടിക്കപ്പെട്ടു. എന്നാൽ വിവരാവകാശ നിയമം നിലവിൽ വന്നതോടെ അതു തുരാൻ കേന്ദ്രഗവണ്മെന്റിന് സാധിക്കാതെയായി. നേതാജിയെക്കുറിച്ചുള്ള 41 അതീവ രഹസ്യ രേഖകൾ സൂക്ഷിക്കുന്നുണ്ട് എന്ന് ഏതാനും ആഴ്ചകൾക്കു മുൻപ് പ്രധാനമന്ത്രിയുടെ കാര്യാലയം രേഖാമൂലം ഈ ലേഖകനെ അറിയിച്ചു. എന്നാൽ രാജ്യത്തിന്റെ രമാധികാരത്തെയും വിദേശ രാജ്യങ്ങളുമായുള്ളബന്ധത്തേയും മുൻനിർത്തി ഇവ പരസ്യപ്പെടുത്താനാവില്ലത്രേ. ഈ രേഖകൾ പുറത്തുവിടാൻ പ്രധാനമന്ത്രിക്കുപോലും അധികാരമില്ല എന്നുള്ള പരിഹാസജനകമായ ഒരു മറുപടിയും എനിക്കു ലഭിച്ചു.

എന്നാൽ ഇതിനുതൊട്ടുമുൻപ് രഹസ്യ സ്വാവം ഉണ്ടായിരുന്ന ചിലരേഖകൾ ഗവണ്മെന്റ് പരസ്യപ്പെടുത്തുകയും ഡൽഹിയിലെ നാഷണൽ ആർക്കൈവ്‌സിലേക്കു മാറ്റുകയുംചെയ്തു. ഈ രേഖകൾ നടുക്കമുണർത്തുന്നവയാണ്. നേതാജിയുടെ ജ്യേഷ്ഠ പുത്രന്മാരായ അമിയാ നാഥ് ബോസ്, ശിശിർ ുമാർ ബോസ് എിവർ കേന്ദ്ര ഗവണ്മെന്റിന്റെ അതിരഹസ്യമായ നിരീക്ഷണത്തിൽ ആയിരുന്നു എന്നാണ് ഈ രേഖകൾ വ്യക്തമാക്കുന്നത്. വ്യക്തിസ്വാതന്ത്ര്യത്തിന് വളരെയധികം പ്രാധാന്യം നൽകുന്ന ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ആണ് ഇതു നടന്നതെന്നതാണ് കൂടുതൽ വിചിത്രം. മുൻ ഇന്ത്യൻ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്രുവിന്റെ കാലം മുതൽ പുത്രി ഇന്ദിരാ ഗാന്ധിയുടെ കാലം വരെയുള്ള നീണ്ട ഇരുപത് വർഷങ്ങൾ ഈ സഹോദരങ്ങൾ നിരീക്ഷണത്തിലായിരുന്നു.

സ്വതന്ത്ര ഇന്ത്യയിൽ പാസ്‌പോർട്ട് വേരിഫിക്കേഷനുള്ള നടപടികൾ വ്യക്തമായി നിലവിലിരിക്കെത്തന്നെ, യാതൊരു ക്രിമിനൽ പശ്ചാത്തലവും ഇല്ലാത്ത അഭിഭാഷകനായ അമിയാനാഥിന്റെ പാസ്‌പോർട്ട് അപേക്ഷയിൽ തീരുമാനം എടുക്കാൻ നിയോഗിക്കപ്പെട്ടവരിൽ കൽക്കത്തയിലെ അന്നത്തെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ, പശ്ചിമബംഗാൾ ഇന്റലിജൻസ് ബ്രാഞ്ച് രഹസ്യാന്വേഷണവിഭാഗം, ഇന്റലിജൻസ് ബ്യൂറോ അസിസ്റ്റന്റ് ഡയറക്ടർ എന്നിവർ ഉൾപ്പെടുന്നു. കൂടുതൽ ആശ്ചര്യം ഉളവാക്കുന്നതാണ് ശിശുരോഗവിദഗ്ദ്ധനായ ശിശിർബോസിനെപ്പറ്റിയുള്ള നിരീക്ഷണം. പിന്നാലെ ഒരാൾ നടന്ന് രഹസ്യ വിവരങ്ങൾ ശേഖരിക്കുന്നതിനു സമാനമാണ് അത്. അദ്ദേഹം എപ്പോൾ എങ്ങനെ എവിടെയൊക്കെപോയി, ആരെയൊക്കെകണ്ടു, എന്തൊക്കെ സംസാരിച്ചു തുടങ്ങിയ വിവരങ്ങൾ വരെ ഇന്റലിജൻസ് ബ്യൂറോ ശേഖരിച്ചു.

കുടുംബാംഗങ്ങുടെ സ്വകാര്യമായ കത്തിടപാടുകൾ വരെ ചികഞ്ഞു പരിശോധിക്കുന്ന തരത്തിലുള്ള ചാരപ്രവർത്തനം സമാനതകൾ ഇല്ലാത്തതാണ്. ഇവയിലൊക്കെ ഇടപെട്ടിരുന്നത് ഇന്റലിജൻസ് ബ്യൂറോയുടെ തലപ്പത്തുണ്ടായിരുന്ന എം. എൽ. ഹൂജ, പിന്നീടു സ്ഥാപിതമായ റോയുടെ ആദ്യ മേധാവിയായ ആർ. എൻ. കാവു എന്നിവരായിരുന്നു എന്നതും ഇതിന്റെ ആഴവും പരപ്പും വർദ്ധിപ്പിക്കുന്നു. ഇന്റലിൻസ് ബ്യൂറോയിലെ ഉന്നതർ നേരിട്ട് അന്വേഷിച്ചിരുന്ന വിവരങ്ങൾ പ്രധാനമന്ത്രിക്കു കൈമാറിയിരുന്നു എന്ന് ന്യായമായും മനസ്സിലാക്കാം. കാരണം വളരെ ലളിതമാണ് ഇന്റലിജ്ൻസ് ബ്യൂറോ റിപ്പോർട്ട് ചെയ്തിരുന്നത് നെഹ്രുവിനായിരുന്നു! തന്റെ സുഹൃത്തു കൂടിയായിരുന്ന അമിയാനാഥ് എന്തിനു ജപ്പാനിൽ സന്ദർശനം നടത്തി, എന്തൊക്കെ ചെയ്തു എന്നീ വിവരങ്ങൾ അന്വേഷിക്കാൻ ജപ്പാനിലെ ഇന്ത്യൻ സ്ഥാനപതിയോട് നിർദ്ദേശിച്ചു കൊണ്ട് വിദേശകാര്യ സെക്രട്ടറിക്ക് നേരിട്ടയച്ച കത്തിൽനിന്നും നെഹ്രുവിന്റെ ആശങ്ക വ്യക്തമാണ്; എന്നാലത് പൊതുതാൽപ്പര്യം മുൻനിർത്തിയാണെന്ന് കരുതുന്നത് വിഡ്ഢിത്തമാവും.

ഈ നിരീക്ഷ സാഹസത്തോടൊപ്പം ചേർത്തു വായിക്കാവുന്നതാണ് ഇന്ത്യയുടെ വിദേശ ചാരസംഘടനയായ റോതന്നെയും നിരീക്ഷിച്ചിരുന്നു എന്ന അമിയാനാഥ് ബോസിന്റെ മകനും ജർമ്മനിയിൽ വ്യവസായിയുമായ സൂര്യകുമാർ ബോസിന്റെ വെളിപ്പെടുത്തൽ. താൻ ജർമ്മനിയിൽ പല വേദികളിലായി ബോസും ജർമ്മനിയുമായുള്ള ബന്ധത്തെപ്പറ്റി നടത്തിയ പ്രഭാഷണങ്ങളിലെല്ലാം ക്ഷണിക്കപ്പെടാത്ത അതിഥിയായി ഒരു റോ ഏജന്റ് എത്തിയിരുന്നതായി അദ്ദേഹം പറയുന്നു. സമാധാന ജീവിതം നയിക്കുന്ന വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും ചാരപ്രവർത്തനവും ആധുനിക ചിന്താഗതിപുലർത്തുന്ന അമേരിക്കയിൽ പോലും വിവാദവിഷയമാണ്. ഒരു പക്ഷേ രാഷ്ട്രീയ പാർട്ടികളോട് തീർത്തും വിധേയത്വം പുലർത്തുന്ന വരൊഴികെ ഏതൊരാളും ഇത് വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന നടപടിയായി വിലയിരുത്തും.

പുറത്തു വന്ന രേഖകൾ പ്രകാരം ബോസ് സഹോദരങ്ങൾ 1948 മുതൽ 1968 വരെ നിരീക്ഷണത്തിൽ ആയിരുന്നു എന്നുമാത്രമാണ് വ്യക്തമാകുന്നത്. അതിനർത്ഥം 1968 നു ശേഷം അവർ നിരീക്ഷിക്കപ്പെട്ടിട്ടില്ല എന്നല്ല. സ്വാഭാവികമായും നീണ്ട 20 വർഷങ്ങൾ നിരീക്ഷിപ്പെട്ട വ്യക്തികളെപ്പറ്റിയുള്ള അന്വേഷണം അവസാനിപ്പിക്കണമെങ്കിൽ അത്സുവ്യക്തമായ സമാപ്തിയിലെത്തിയിരിക്കണം. അല്ലെങ്കിൽ തുടർന്നുള്ള അന്വേഷണങ്ങൾ മറ്റു രേഖകളിൽ ആയിരിക്കാം ഉൾപ്പെട്ടിട്ടുള്ളത്. അമിയാനാഥ് മരിച്ചത് 1996ലും ശിശിർ 2000ലും ആണെന്നിരിക്കെ അതിനുള്ള സാധ്യതകളും തള്ളിക്കളയാൻ ആവില്ല.

ചരിത്രകാരന്മാർ തന്നെ ഈ വിഷയത്തിൽ രണ്ടു തട്ടിലാണ് എന്നതാണ് ആശ്ചര്യം ഉളവാക്കുന്ന ഒരു വസ്തുത. ജാദവ്പൂർ ലോക്‌സഭാംവും ഹാർവാർഡ് പ്രൊഫസ്സറും ബോസ് കുടുംബാംഗവുമായ സുഗത ബോസ് ഈ വിഷയത്തിൽ തന്റെ നടുക്കംരേഖപ്പെടുത്തി. പ്രസിദ്ധ ചരിത്രകാരൻ രാമചന്ദ്രഗുഹ ഈ ലേഖകനുമായുള്ള ഒരു സ്വകാര്യ സംഭാഷണത്തിൽ പ്രസ്തുത ചാരപ്രവർത്തനത്തെ 'ന്യായീകരണമില്ലാത്ത തീവ്രമായ ഒരുതരം മനോവിഭ്രാന്തി' എന്ന് വിശേഷിപ്പിച്ചു. എന്നാൽ രുദ്രാങ്ഷുമുഖർജിയുടെ നിരീക്ഷണം സാമാന്യയുക്തിക്കു നിരക്കുന്നില്ല. ബോസ് സഹോദരന്മാരുടെ സുരക്ഷ മുൻ നിർത്തിയാവാം ഇങ്ങനെ ഒരു അന്വേഷണം നടന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. എത്രത്തോളം ബാലിശമാണ് ആ കണ്ടെത്തൽ. ബോസ് സഹോരങ്ങൾ ഇന്ത്യക്കോ മറ്റേതെങ്കിലും വിദേശരാജ്യങ്ങൾക്കോ ഭീഷണിയായിരുന്നില്ല എന്നതും അവർക്ക് യാതൊരു ഭീഷണിയും നിലനിന്നിരുന്നില്ല എന്നതും മുഖർജി സൗകര്യ പൂർവം മറന്നു. ഈ വാദം അംഗീകരിച്ചാൽ സ്വകാര്യത എന്നത് ഒരു പൗരന്റെ അവകാശമേ അല്ലാതാവും.

സാധാരണക്കാരൻ ഇതിൽ നിന്നും എന്താണ് മനസ്സിലാക്കേണ്ടത്? അമേരിയിൽ ദേശീയ സുരക്ഷാന്വേഷണ ഏജൻസി മനുഷ്യാവകാശ പ്രവർത്തകരെ രഹസ്യമായി നിരീക്ഷിച്ചിരുന്നു എന്ന എഡ്വേർഡ്‌സ് നോഡന്റെ കണ്ടെത്തൽ ഉയർത്തിവിട്ട കൊടുങ്കാറ്റ് ഇനിയും അവസാനിച്ചിട്ടില്ല. സുഹൃത്തുക്കളുടെ മേൽ നടത്തുന്ന ചാരപ്രവൃത്തി അംഗീകരിക്കാനാവില്ല എന്ന് ജർമ്മൻ ചാൻസലർ ആഞ്ജലമെർക്കലും, കോടതി ഉത്തരവില്ലാതെ സ്വകാര്യ വ്യക്തികളെ റഷ്യയിൽ നിരീക്ഷിക്കാറില്ല എന്ന് റഷ്യൻ പ്രസിഡന്റ് വലാഡിമിർ പുട്ടിനും പറഞ്ഞത് ഇവിടെ പ്രസക്തമാണ്. നേതാജിയുടെ ബന്ധുക്കളുടെ മേൽസാമാന്യ മര്യാദകളും നിയമവും ലംഘിച്ച് നടത്തിയ നിരീക്ഷണത്തിന്റെ ഫലങ്ങൾ ജനങ്ങൾക്കു മുൻപിൽവയ്ക്കാൻ ഒരു ജനാധിപത്യ സർക്കാർ ബാദ്ധ്യസ്ഥമാണ്. പ്രത്യേക പ്രാധാന്യമർഹിക്കുന്ന യാതൊരു കണ്ടെത്തലും അവയിലില്ലെങ്കിൽ ബോസ് കുടുംബത്തോടെന്നല്ല, രാജ്യത്തോടുതന്നെ മാപ്പുപറയാൻ ഉത്തരവാദിത്തപ്പെട്ടവർ തയ്യാറാകണം. രഹസ്യാന്വേഷണത്തെപ്പറ്റിയുള്ള രേഖകൾ രസ്യപ്പെടുത്താമെങ്കിൽ അവയെക്കുറിച്ചുള്ള തുടർപഠനങ്ങളും വിശകലനങ്ങളും എന്തുകൊണ്ട് പരസ്യപ്പെടുത്തിക്കൂടാ? രാജ്യത്തെ സ്വതന്ത്രമാക്കാൻ ചെകുത്താനുപോലും കൈകൊടുക്കാൻ തയ്യാറായിരുന്ന ഒരു ധീരദേശാഭിമാനിയുടെ ജീവിതത്തിലെ സുപ്രധാനമായ ഒരേട് ഇനിയും പുകമറയ്ക്കുള്ളിൽ നിന്നുകൂടാ. ദേശസ്‌നേഹികളിലെ രാജകുമാരൻ എന്നു രാഷ്ട്രപിതാവ് വിശേഷിപ്പിച്ച നേതാജിയുടെ അന്ത്യത്തെപ്പറ്റി പലതരം നിറം പിടിപ്പിച്ച കഥകൾ നിലനിൽക്കുന്നത് രാജ്യത്തിന്റെ അന്തസ്സിനു ഭൂഷണമല്ല. അതുകൊണ്ടുതന്നെ നേതാജിയെപ്പറ്റിയുള്ള എഴുപതിനായിരത്തിൽപരംവരുന്ന രഹസ്യതാളുകൾ അതിന്റെ ഉടമസ്ഥരായ രാജ്യത്തെ ജനങ്ങൾക്ക് നൽകേണ്ടതിന്റെ ആവ്യകത സവിശേഷ പ്രാധാന്യം അർഹിക്കുന്നു.

(നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട രേഖകൾ വിവരാവകാശനിയമപ്രകാരം പുറത്തുകൊണ്ടുവരാൻ ശ്രമിക്കുന്ന ന്യൂഡൽഹി ആസ്ഥാനമായ മിഷൻ നേതാജി എന്ന സന്നദ്ധസംഘടനയുടെ സ്ഥാപകാംഗമാണ് ലേഖകൻ. ബോസ് കുടുംബാംഗങ്ങളെ കേന്ദ്രസർക്കാർ രഹസ്യമായി നിരീക്ഷിച്ചിരുന്നതിന്റെ രേഖകൾപരസ്യപ്പെടുത്തിയത് മിഷൻ നേതാജിയാണ്. ലേഖകൻ തിരുവനന്തപുരം ടെക്‌നോപാർക്കിൽ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്നു.)
ഈമെയിൽ : [email protected]

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP