Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202112Saturday

ലാവലിൻ കേസിൽ എ കെ ആന്റണി എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത്? ഉമ്മൻ ചാണ്ടിയുടെ ലക്ഷ്യം വാസ്തവത്തിൽ പിണറായി തന്നെയോ?

ലാവലിൻ കേസിൽ എ കെ ആന്റണി എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത്? ഉമ്മൻ ചാണ്ടിയുടെ ലക്ഷ്യം വാസ്തവത്തിൽ പിണറായി തന്നെയോ?

ടുവിൽ കോടതിയും ആ ചോദ്യം ചോദിച്ചിരിക്കുന്നു. സംസ്ഥാനത്തിനു ലഭിക്കേണ്ട കോടികൾ നഷ്ട്ടപെടുത്തിയത് ആര്? ലാവലിൻ കേസിനെ കുറിച്ച് സി ആർ നീലകണ്ഠൻ എഴുതിയ പുസ്തകം പ്രകാശനം ചെയ്ത മുതിർന്ന പത്ര പ്രവർത്തകൻ ബി ആർ പി ഭാസ്‌കർ പോലും ഇപ്പോൾ ചോദിക്കുന്നത് ഈ ചോദ്യം മാത്രം ആണ്. ബി ആർപി മാത്രമല്ല റിപ്പോർട്ടർ ചാനലിൽ നികേഷ് കുമാറും ആയിട്ടുള്ള അഭിമുഖത്തിൽ മലബാർ ക്യാൻസർ സെന്ററിനുള്ള ബാക്കി പണം എവിടെ പോയി എന്ന് മാതൃഭൂമി എം ഡിയും യു ഡി എഫ് നേതാവുമായ എം പി വീരേന്ദ്ര കുമാറും, പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഇതേ ചോദ്യം ചോദിക്കുന്നത് കണ്ടു. ഇപ്പോൾ കോടതിയും ആ ചോദ്യം ചോദിക്കുന്നു. അയാളെ കണ്ടു പിടിക്കേണ്ടേ? അത് പിണറായി വിജയൻ ആണോ? ഉമ്മൻ ചാണ്ടി ശ്രമിക്കുന്നത് പിണറായിയെ കുടുക്കാൻ ആണോ?

സ്വന്തം പാർട്ടി പ്രവർത്തകർ പോലും സി പി എം സെക്രട്ടറി ആയിരുന്ന പിണറായി വിജയനെ വിശ്വസിക്കാത്ത ഒരു കാലം ഉണ്ടായിരുന്നു. എല്ലാവരും ഒറ്റ തിരിഞ്ഞു പിണറായിയെ ആക്രമിച്ചു. പിണറായി വിജയന്റെ വാക്കുകൾ കടം എടുത്താൽ മഞ്ഞ പത്രക്കാരൻ മുതൽ മഹാ നേതാക്കൾ വരെ എക്‌സ് കമ്യൂണിസ്റ്റ് മുതൽ ആന്റി കമ്യൂണിസ്റ്റ് വരെ വലതു പക്ഷം മുതൽ തീവ്ര ഇടതു പക്ഷം വരെ. ഇവരുടെ എല്ലാം വാ അടപ്പിക്കാൻ വേണമെങ്കിൽ പിണറായി വിജയൻ വിചാരിച്ചിരുന്നെങ്കിൽ സാധിക്കുമായിരുന്നു എന്ന കാര്യം മറക്കുന്നില്ല. ബാലാന്ദൻ കമ്മറ്റി റിപ്പോർട്ട് ചർച്ച ചെയ്ത പോളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മറ്റിയിലും വി എസ് എന്ത് നിലപാട് ആണ് എടുത്തത് എന്ന് വെളിപെടുത്തിയാൽ മാത്രം മതിയായിരുന്നു പിണറായിക്ക് ഈ വേട്ടയാടലിൽ നിന്ന് രക്ഷപെടാൻ.

എന്നാൽ പാർട്ടി അച്ചടക്ക ബോധം പിണറായിയെ അതിൽ നിന്ന് പിന്തിരിപ്പിച്ചു. വി എസും ബാലാന്ദനും തമ്മിലുള്ള ഇരിപ്പ് വശം ശരിക്കും അറിയുമായിരുന്ന സത്യനോക്ഷികൾ ആയ മാദ്ധ്യമങ്ങളും ഈ ചോദ്യവും അഴിമതിക്കാരൻ ആയ പിണറായിയെ എന്തിനു വി എസ് പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് നിർദ്ദേശിച്ചു എന്നും ചോദിച്ചില്ല. എന്നാൽ അത് എല്ലാം മാറി മറഞ്ഞു. ഇന്ന് കോൺഗ്രസ്സുകാർ പോലും പറയുന്നത് അത് ഒരു കള്ളകേസ് ആയിരുന്നു എന്നാണ്. പിന്നെ എന്തിനാണ് ഉമ്മൻ ചാണ്ടി വീണ്ടും ഈ കേസ് പൊക്കി കൊണ്ട് വന്നത്. അവിടെ ആണ് ഉമ്മൻ ചാണ്ടിയുടെ ബുദ്ധി പ്രവർത്തിക്കുന്നത്.

എല്ലാവരും കിട്ടിയ അവസരത്തിലും ഇല്ലാത്ത അവസരങ്ങൾ ഉണ്ടാക്കിയും പിണറായി വിജയനെ ആക്രമിച്ചപ്പോൾ ഇന്ന് വരെ ലാവലിൻ കേസിനെ കുറിച്ച് ഒന്നും പറയാത്ത പ്രമുഖനായ ഒരു കോൺഗ്രസ്സ് നേതാവ് ഉണ്ട്. അത് മറ്റാരുമല്ല മുൻ കേന്ദ്ര പ്രതിരോധ മന്ത്രിയും മുൻ കേരള മുഖ്യമന്ത്രിയും ആയ എ കെ ആന്റണി. ലാവലിൻ കേസ് കാലത്തിലെ മുഖ്യമന്ത്രി എന്ന നിലയിൽ എ കെ ആന്റണിയുടെ മൗനം യാദർശ്ചീകം മാത്രം ആണോ? എന്തിനു സി പി എം പോളിറ്റ് ബ്യൂറോ മെമ്പർ ആയിരുന്ന വി എസും സിപിഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന സി കെ ചന്ദ്രപ്പനും ആർ എസ് പി സംസ്ഥാന സെക്രട്ടറി ആയിരുന്ന ചന്ദ്രചൂഡനും വരെ നേരിട്ടും അല്ലാതെയും ആക്രമിച്ചു. എന്നാൽ സാക്ഷാൽ എ കെ ആന്റണി ഇത് വരെ കമാ എന്നൊരക്ഷരം ഇന്ന് വരെ ലാവലിൻ കേസിനെ കുറിച്ച് മിണ്ടിയിട്ടില്ല. ഇതു വരെ ഒരു വാർത്ത മാദ്ധ്യമങ്ങളും ഒരു മാദ്ധ്യമ പ്രവർത്തകരും ഈ കാര്യം ആന്റണിയോട് ചോദിച്ചും കണ്ടിട്ടില്ല. അതെന്തേ അത്. പിണറായി വിജയൻ പ്രതി. പക്ഷെ ലാവലിൻ കമ്പനി ക്യാനഡയിൽ നിന്ന് സമാഹരിച്ചു തരാം എന്ന് പറഞ്ഞ കോടികൾ നമുക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. പിണറായി വിജയൻ അല്ല അതിനു ഉത്തരവാദി എങ്കിൽ പിന്നെ ആരാണ്. നമ്മുടെ സത്യന്വേഷികൾ ആയ ഒരു മാദ്ധ്യമ പ്രവർത്തകനും അത് അറിയേണ്ട. എന്താണ് അതിനു കാരണം. ലാവലിൻ കേസിലെ എ കെ ആന്റണിയുടെയും പണം നഷ്ടപ്പെട്ടതിനുള്ള കാരണം തേടി മാദ്ധ്യമങ്ങൾ പോകത്തതിനും ഒറ്റ ഉത്തരം മാത്രമേ ഒള്ളൂ. അതിനു കാരണം അന്ന് കേരള മുഖ്യ മന്ത്രി ആയിരുന്ന എ കെ ആന്റണിയും വൈദ്യുതി മന്ത്രി ആയിരുന്ന കടവൂർ ശിവദാസനും മൂലം ആണ് മലബാർ ക്യാൻസർ സെന്ററിനുള്ള പണം നഷ്ടപെട്ടത് എന്നുള്ളതാണ്.

മലബാർ ക്യാൻസർ സെന്ററിന് ലഭിക്കേണ്ടി ഇരുന്ന പണം എവിടെ പോയി? ആ കോടികൾ ആര് കൊണ്ട് പോയി? ബി ആർ പി ഭാസ്‌കറിനും മാതൃഭൂമി പോലെ ഉള്ള പത്രങ്ങൾക്കും സംസ്ഥാന മുഖ്യമന്ത്രിക്കും പോലും അപ്രാപ്യമായ ഉത്തരം ആണോ ഇതിനുള്ളത്? അല്ല എന്ന് ലാവലിൻ കേസിനെ കുറിച്ച് പ്രാഥമിക ജ്ഞാനം പോലും ഉള്ള ആർക്കും അറിയാം.

മലബാർ കാൻസർ സെന്ററിനുള്ള 100 കോടിയുടെ ധനസഹായം സ്വരൂപിച്ചു നൽകാമെന്ന് സമ്മതിക്കുന്ന ധാരണാപത്രം ഒപ്പിട്ടത് 1998 ഏപ്രിൽ 25നാണ്. 1998 ഒക്ടോബർ 19ന് പിണറായി മന്ത്രിസ്ഥാനം രാജിവച്ചു. വൈദ്യുതി സഹകരണ മന്ത്രിയായി എസ് ശർമ്മ സ്ഥാനമേറ്റത് 1998 ഒക്ടോബർ 25ന്. 180 ദിവസത്തേയ്ക്ക് ഒപ്പുവച്ച ധാരണാപത്രം പിണറായി വിജയന്റെ കാലത്ത് ഒരു തവണ പുതുക്കിയിരുന്നു. 1998 ഒക്ടോബർ മൂന്നിന് ധാരണാപത്രം 90 ദിവസത്തേയ്ക്ക് പുതുക്കി.

വീണ്ടും 1999 ഫെബ്രുവരി ആറിന് 180 ദിവസത്തേയ്ക്ക് MOU പുതുക്കി. 1999 സെപ്റ്റംബർ 20ന് പുതുക്കിയപ്പോഴാകട്ടെ അടുത്തു പുതുക്കാനുള്ള തീയതിയാണ് നിശ്ചയിച്ചത്. ആ തീയതി 18 012000. The validtiy of this MOU is further extended upto 18012000 as signed by h parties in a meeting on 20091999 at Trivandrum. signed on 20the of September 1999 എന്നാണ് ഫയലിലെ കുറിപ്പ്.

ഈ ധാരണാപത്രത്തെക്കുറിച്ച് സിഎജി റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെയാണ്. The MOU has also not been renewed after March 2002 for reasons not on record. അതായത് 2002 മാർച്ചു വരെ ധാരണാപത്രം പുതുക്കിയിരുന്നു.

മനോരമയുടെ മുഖപ്രസംഗം

ണ്ടായിരത്തി രണ്ടു ഒക്‌റ്റോബർ ഒന്നിന് മലയാള മനോരമ ഈ കാര്യം പറഞ്ഞു ഒരു മുഖ പ്രസംഗം എഴുതി. തീയതി നോക്കണം. ഇത് പിണറയി വിജയന് എതിരെ ലാവലിൻ ആരോപണം ചൂട് പിടിച്ചു വരുന്നതിനു മുൻപേ. ഈ മുഖപ്രസംഗം ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ഒന്ന് അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന എ കെ ആന്റണിയുടെയും വൈദ്യുതി മന്ത്രി ആയിരുന്ന കടവൂർ ശിവദാസന്റെയും രാഷ്ട്രീയ കളി ആണ് മലബാർ ക്യാൻസർ സെന്ററിന് പണം നഷ്ട്ട പെടാൻ ഉള്ള കാരണം. രണ്ടു ഇനി പണം തരണം എങ്കിൽ ഇത് വരെ ചെയ്ത കാര്യങ്ങൾക്ക് ഒരു അപ്പ്രിസിയേഷൻ ലെറ്റർ തരണം എന്നുള്ള ലാവലിൻ കമ്പനിയുടെ കത്ത് വൈദ്യുതി മന്ത്രിയുടെ ഫയലിൽ ഉറങ്ങുക ആണ്. മൂന്നു ലാവലിൻ കമ്പനിയുമായി മലബാർ ക്യാൻസർ സെന്ററിനു പണം നൽകുന്നതിന് വേണ്ടി ഉണ്ടാക്കിയ കരാർ ആന്റണി മുഖ്യമന്ത്രി ആയിട്ടുള്ള കടവൂർ വൈദ്യുതി മന്ത്രി ആയിട്ടുള്ള സർക്കാർ പുതുക്കുന്നില്ല. പിണറായിയും ലാവലിനും ആഗ്രഹിച്ചത് ഏഷ്യയിലെ എറ്റവും മികച്ച ക്യാൻസർ ആശുപത്രി പടുത്തു ഉയർത്താൻ ആയിരുന്നു.

വസ്തുതകൾ പരിശോദിച്ചു നോക്കിയാൽ ഈ കാര്യത്തിൽ മനോരമ പറഞ്ഞ കാര്യം ശരി ആണ് എന്നും ഇതിലും കൂടുതൽ ഗുരുതരമായ തെറ്റുകൾ ആണ് ആന്റണിയുടെയും കടവൂരിന്റെയും ഭഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത് എന്നും കാണാൻ കഴിയും. എന്നാൽ മൂന്നാമത്തെ പ്രശ്‌നം, മലബാർ കാൻസർ സെന്ററിന് ലഭ്യമാവേണ്ട തുക കിട്ടിയില്ല എന്നത് വളരെ ഗൗരവമുള്ളതാണ്. അതെന്തുകൊണ്ടു സംഭവിച്ചു എന്നതിനുത്തരം കിട്ടണമെങ്കിൽ രണ്ടു പ്രധാനപ്പെട്ട കത്തുകളിലെ ഉള്ളടക്കം കൂടി പരിശോധിക്കണം. 1995ൽ ലാവലിനുമായി സംസ്ഥാന സർക്കാർ ധാരണാപത്രമുണ്ടാക്കുമ്പോഴും 1996ൽ അത് കരാറാക്കുമ്പോഴും പിന്നീട് 2002 മാർച്ചിൽ, മലബാർ കാൻസർ സെന്ററിന് പണം ലഭ്യമാക്കാൻ എസ്.എൻ.സി.ലാവലിനുമായി ഉണ്ടാക്കിയ ധാരണാപത്രം റദ്ദാക്കുമ്പോഴും കേരളത്തിന്റെ മുഖ്യമന്ത്രി എ.കെ.ആന്റണി ആയിരുന്നു. അദ്ദേഹത്തെ ചോദ്യംചെയ്യാൻ സിബിഐ. മുതിർന്നിരുന്നുവെങ്കിൽ ഈ കത്തുകളെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തുമായിരുന്നു. എന്തുകൊണ്ടോ അങ്ങനെ സംഭവിച്ചില്ല.

2001 ഡിസംബർ അഞ്ചിനും 2002 ഡിസംബർ രണ്ടിനും എസ്.എൻ.സി. ലാവലിൻ സീനിയർ വൈസ്പ്രസിഡന്റ് ലാൻസ് എസ്. ഹൊവാർഡാണ് ആന്റണിക്ക് രണ്ടുകത്തുകൾ അയച്ചത്. മലബാർ കാൻസർ സെന്ററിന് ധാരണാപത്രം പ്രകാരമുള്ള പണം ലഭ്യമാക്കാമെന്ന് രണ്ടുകത്തിലും ലാവലിൻ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഈ കത്തുകളോട് എന്തുകൊണ്ടാണ് പ്രതികരിക്കാതിരുന്നതെന്ന് ആന്റണിയാണ് വ്യക്തമാക്കേണ്ടത്.

എ.കെ.ആന്റണിക്ക് മലബാർ കാൻസർ സെന്ററിന്റെ വികസനത്തിൽ താത്പര്യമുണ്ടായിരുന്നില്ല എന്നു കരുതാൻ നിർവാഹമില്ല. 2002 ഡിസംബർ എട്ടിന് കാൻസർ സെന്ററിലെ ബ്ലഡ്ബാങ്ക് ഉദ്ഘാടനത്തിൽ അന്നത്തെ വൈദ്യുതിമന്ത്രി കടവൂർ ശിവദാസൻ വിട്ടുനിന്നിട്ടും ആന്റണി പങ്കെടുത്തു. മാത്രമല്ല ''എന്തുപ്രതിസന്ധിയുണ്ടെങ്കിലും മലബാർ കാൻസർ സെന്ററിന്റെ വികസനത്തിന് ഞങ്ങൾ പ്രതിജ്ഞാബദ്ധമാണ്'' എന്നദ്ദേഹം അന്നത്തെ തലശ്ശേരി എംഎ‍ൽഎ. കോടിയേരി ബാലകൃഷന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രഖ്യാപിക്കുകയും ചെയ്തു. ആന്റണി അന്നു സൂചിപ്പിച്ച പ്രതിസന്ധി എന്തായിരുന്നുവെന്ന് കടവൂരിന്റെ അസാന്നിധ്യം തന്നെ സൂചന നല്കിയിരുന്നു.

കാര്യങ്ങൾ താളംതെറ്റുന്നത് അങ്ങനെയാണ്. കോൺഗ്രസ്സിന്റെ രാഷ്ട്രീയതീരുമാനമായിരുന്നു മലബാർ ക്യാൻസർ സെന്ററിനെ നശിപ്പിക്കുകയെന്നത്. മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാരുടെയും വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയന്റെയും ശ്രമഫലമായി രൂപംകൊണ്ട കാൻസർ സെന്ററിനുവേണ്ടി എസ്.എൻ.സി.ലാവലിനുമായുണ്ടാക്കിയ ധാരണാപത്രം, പൊഖ്‌റാൻ ആണവ സ്‌ഫോടനത്തെ തുടർന്നുവന്ന ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ കരാറാക്കി മാറ്റാൻ കഴിഞ്ഞിരുന്നില്ല. ധാരണാപത്രം ആറുമാസം കൂടുമ്പോൾപുതുക്കിക്കൊണ്ടിരുന്നതിനാൽ സെന്ററിന്റെ നിർമ്മാണപ്രവർത്തനം തടസ്സംകൂടാതെ മുന്നോട്ടുപോയി. എന്നാൽ 2001ൽ അധികാരത്തിൽ വന്ന യുഡി.എഫ്. ഒരുതവണ ധാരണാപത്രം പുതുക്കിയെങ്കിലും പിന്നീട് അതിന് തയ്യാറാവാതെ 2002 മാർച്ചോടെ അത് റദ്ദാവാൻ അനുവദിച്ചു. ലാവലിൻ അന്നത്തെ മുഖ്യമന്ത്രി എ.കെ.ആന്റണിക്കയച്ച കത്തിന്റെ ഉള്ളടക്കം പ്രസക്തമാവുന്നത് ഇവിടെയാണ്. എസ്.എൻ.സി. ലാവലിൻ സീനിയർ വൈസ്പ്രസിഡന്റ് ലാൻസ് എസ്. ഹൊവാർഡ് എഴുതുന്നു. ''കഴിഞ്ഞ നാല്പതുവർഷത്തെ ബന്ധമാണ് ലാവലിനുമായി കേരളത്തിനുള്ളത്. ഇതിന്റെ ഉത്പന്നങ്ങളാണ് ഇടുക്കി, ലോവർപെരിയാർ, കുറ്റ്യാടി എക്സ്റ്റൻഷൻ, പള്ളിവാസൽ, പന്നിയാർ, ചെങ്കുളം തുടങ്ങിയ പദ്ധതികൾ. മലബാർ കാൻസർസെന്റർ ഞങ്ങളുടെ അഭിമാനത്തിന്റെ പര്യായമാണ്. മലബാറിലെ കാൻസർ രോഗികളുടെ ആശാകേന്ദ്രമാണത്.''

കത്തിൽ തുടരുന്നു. ''എന്നാൽ നിർഭാഗ്യം എന്നു പറയട്ടെ കാൻസർ സെന്ററിന്റെയും ഞങ്ങളുടേയും സൽപ്പേരിന് കളങ്കം വരുത്തുന്ന നിലയിൽ ചില ദുഷ്പ്രചാരണങ്ങൾ ഉണ്ടാകുന്നുണ്ട്. ഇത് കാൻസർ സെന്ററിന് കാനഡയിൽ നിന്ന് പണം ശേഖരിക്കുന്നതിൽ പ്രയാസങ്ങൾ സൃഷ്ടിക്കുന്നു. അതുകൊണ്ട് നാലു കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയാണ്:

1. മലബാർ കാൻസർ സെന്ററിനെപ്പറ്റി നല്ല വാർത്തയുണ്ടാകാനുള്ള എല്ലാ അവസരവും ഉപയോഗപ്പെടുത്തണം. കേരളത്തിന് അഭിമാനിക്കാവുന്ന ഒരു സ്ഥാപനമാണ്.

2. കാനഡയിൽ നിന്ന് ഒന്നാം ഘട്ടമായി കിട്ടിയ സഹായധനം പ്രകാരം നടന്നിട്ടുള്ള പ്രവർത്തനങ്ങൾ വിശദമാക്കി ഒരു അനുമോദനക്കത്ത് നല്കണം. തുടർന്നും ധനസഹായം ലഭ്യമാക്കാൻ ഇത് സഹായകമാണ്. സെന്ററിനെക്കുറിച്ചുള്ള നല്ല വാർത്തകൾ കനേഡിയൻ ഹൈക്കമ്മീഷണർക്ക് എത്തിക്കുന്നതും സെന്ററിന് ധനസഹായം തുടരുന്നതിന് പ്രോത്സാഹനം നല്കും.

3. മുഖ്യമന്ത്രി എ.കെ.ആന്റണി കാനഡ സന്ദർശിച്ച് സെന്ററിന്റെ പ്രവർത്തനത്തിൽ കേരളത്തിനുള്ള താത്പര്യം വ്യക്തമാക്കുന്നത് ഗുണകരമാണ്. മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെങ്കിൽ വിശ്വസ്തനായ ഒരു മന്ത്രിയെ ഇക്കാര്യം ചുമതലപ്പെടുത്തണം.

4. കാലഹരണപ്പെട്ട ധാരണാപത്രത്തിനുപകരം കരാറുണ്ടാക്കണം. ഇങ്ങനെ ഒരു കരാർ ഉണ്ടാകുന്നത് സെന്ററിന്റെ തുടർന്നുള്ള വികസനത്തിന് സഹായകമാവുംവിധം കേരള സർക്കാരിനും എസ്.എൻ.സി. ലാവലിനും സെന്ററിനും സുതാര്യമായി പ്രവർത്തിക്കാൻ അവസരമൊരുക്കും.''

ലാവലിൻ 2001 ഡിസംബർ അഞ്ചിന് മുഖ്യമന്ത്രിക്കയച്ച കത്തിനൊപ്പം കരട് കരാറും ഉള്ളടക്കം ചെയ്തിരുന്നു. 2002 ഡിസംബർ രണ്ടിന് വീണ്ടും ഇക്കാര്യം ഓർമപ്പെടുത്തി കരാർ ഉണ്ടാക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും ചെയ്ത് കത്തയച്ചു. ഈ കത്തുകൾക്കൊന്നും എ.കെ.ആന്റണിയോ അന്നത്തെ വൈദ്യുതി മന്ത്രി കടവൂർ ശിവദാസനോ പ്രതികരിച്ചില്ല. മാത്രവുമല്ല പിണറായിയും എസ് ശർമയും പുത്തി കൊണ്ട് വന്നിരുന്ന എം ഓ യു ആന്റണിയും കടവൂരും ഒരു വട്ടം പുതുക്കിയതിനു ശേഷം അജ്ഞാതമായ ഏതോ കാരണത്താൽ അത് പിന്നീട് പുതുക്കിയില്ല. അത് മനോരമ പറയുന്നത് പോലെ എ കെ ആന്റണിയും കടവൂരും രാഷ്ട്രീയം കളിച്ചതാണോ അതോ മറ്റു കാരണങ്ങൾ കൊണ്ടാണോ എന്ന് ഇന്ന് വരെ എ കെ ആന്റണി വെളിപെടുത്ത്തിയിട്ടില്ല. നമ്മുടെ സത്യനോക്ഷണ മാദ്ധ്യമങ്ങൾ ഇന്ന് വരെ അതറിയാൻ ആഗ്രഹിചിട്ടുമില്ല. ലാവലിൻ കേസിൽ തുടർ വിചാരണ നടന്നാൽ കോടതിയിൽ ഇതിനു ഉത്തരം ആന്റണി പറയേണ്ടി വരും.. കാരണം എന്ത് തന്നെ ആയാലും പണം നഷ്ട്ടപെട്ടതിനു ഉത്തരവാദി പിണറായി അല്ല, വേറെ ചിലർ ആണ് എന്നും ജനം അറിയും. ഇത് തന്നെ ആണ് മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി ലക്ഷ്യം വക്കുന്നത്.

എന്നും ആന്റണിയുടെ പിന്നിൽ രണ്ടാമൻ ആകാൻ ആണ് കേരള രാഷ്ട്രീയത്തിൽ വിയോഗം. കരുണാകരന് എതിരെ ചാര കേസ് എന്ന കള്ള കേസ് പടുത്ത് ഉയർത്തി ധന മന്ത്രി സ്ഥാനം രാജിവച്ചു കേരളം ആകെ യോഗങ്ങൾ വിളിച്ചു കൂട്ടിയും പത്ര സമ്മേളനങ്ങളിൽ പരസ്യ പ്രസ്താവന നടത്തിയും മുഖ്യമന്ത്രി കസേര ഉറപ്പിച്ച ഘട്ടത്തിൽ ആണ് കേന്ദ്രത്തിൽ നിന്ന് ആന്റണി പ്രത്യേക വിമാനം ചാർട്ട് ചെയ്തു വന്നു ആ കസേര ഉമ്മൻ ചാണ്ടിയിൽ നിന്ന് തട്ടി എടുത്തത്. ചാര കേസും പാമോലിൻ കേസും ഉണ്ടാക്കി എടുത്തു എന്നുള്ള കരുണാകരനെ അപമാനിച്ചു ഇറക്കി വിട്ടു എന്ന ദുഷ്‌പേര് ഉമ്മൻ ചാണ്ടിക്കും ഫലം ആന്റണിക്കും. പിന്നീട് യു ഡി എഫിന് അധികാരം കിട്ടിയപ്പോഴും മുഖ്യമന്ത്രി ആയയതും ആന്റണി. എന്നാൽ ആ മന്ത്രി സഭയിൽ ചേരാൻ പോലും ഉമ്മൻ ചാണ്ടി തയ്യാർ ആയില്ല. ഉമ്മൻ ചാണ്ടി മാത്രം ആല്ല തിരുവഞ്ചൂരും ആര്യാടനും ഉൾപെടെ ഉള്ള ഉമ്മൻ ചാണ്ടിയുടെ വിശ്വസ്ഥരും ആ മന്ത്രിസഭയിൽ ചേർന്നില്ല. പിന്നീടു അധികാരത്തിൽ എത്തിയ ഉമ്മൻ ചാണ്ടി ലാവലിൻ കേസ് വിജിലൻസിനെ കൊണ്ട് അന്വേഷിപ്പിക്കുകയും തിരെഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു തൊട്ടു മുൻപ് കേസ് സി ബി ഐക്ക് വിടുകയും ആണ് ചെയ്തത്. അതിനു മുൻപ് നാല് വർഷം അധികാരത്തിൽ ഇരുന്ന എ കെ ആന്റണി സർക്കാർ ലാവലിൻ കേസ് അന്വേഷിക്കാൻ യാതൊന്നും ചെയ്യാത്തത് എന്തുകൊണ്ടാണ്. കാര്യങ്ങൾ പ്രതീക്ഷിച്ചത് പോലെ അല്ല നീങ്ങിയത്. പിണറായി വിജയന് എതിരെ സി ബി ഐ കേസ് എടുത്തെങ്കിലും പ്രത്യക്ഷത്തിൽ പോലും പിണറായിക്ക് എതിരെ തെളിവ് ഇല്ലാത്തതു കൊണ്ട് കോടതി വിചാരണ പോലും തടയുക ആണ് ചെയ്തത്. വിചാരണ എങ്കിലും നടന്നെങ്കിൽ പണം നഷ്ട്ടപെട്ടത്തിൽ ആന്റണിക്ക് ഉള്ള പങ്കു ജനത്തിനു വെളിപെട്ടെനെ. ആ പഴയ തന്ത്രം തന്നെ ഉമ്മൻ ചാണ്ടി വീണ്ടും പയറ്റുക ആണ്. തിരെഞ്ഞെടുപ്പിന്റെ പേരും പറഞ്ഞു പിണറായിയെ ചാരി ഉമ്മൻ ചാണ്ടി ആന്റണിയെ എന്നെന്നേക്കുമായി വെട്ടി മാറ്റാനുള്ള ശ്രമത്തിൽ ആണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP