Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കളിയിൽ അല്പം കാര്യം

കളിയിൽ അല്പം കാര്യം

പെലെയ്ക്കു ശേഷമുള്ള ഏറ്റവും വലിയ ഫുട്‌ബോൾ മാന്ത്രികൻ അർജന്റീനയുടെ ഡിയഗോ മാറഡോണയായിരുന്നിരിക്കണം. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മനോഹരമായത് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഗോൾ മാറഡോണയുടേതാണ്. 1986ലെ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരേയുള്ള ക്വാർട്ടർ ഫൈനലിൽ 21നു ജയിച്ച അർജന്റീനയുടെ രണ്ടു ഗോളുകളും മാറഡോണയായിരുന്നു അടിച്ചത്. അവയിൽ രണ്ടാമത്തേതായിരുന്നു, 'നൂറ്റാണ്ടിലെ ഏറ്റവും മനോഹരമായ ഗോൾ': ഇംഗ്ലണ്ടിന്റെ ഗോൾകീപ്പറുൾപ്പെടെയുള്ള അഞ്ചു കളിക്കാരെ വെട്ടിച്ചുകൊണ്ടായിരുന്നു, കളിയുടെ അമ്പത്തഞ്ചാം മിനിറ്റിൽ, മാറഡോണ ആ ഗോൾ ഇംഗ്ലണ്ടിന്റെ വലയിൽ അടിച്ചു കയറ്റിയത്. 'ഡ്രിബ്ലിങ് അറ്റ് ഇറ്റ്‌സ് ഗ്രേറ്റസ്റ്റ്!' യൂട്യൂബിൽ ഇതിന്റെ വീഡിയോ ഉണ്ട്. ഫുട്‌ബോൾ പ്രേമികൾക്ക് അതെത്ര കണ്ടാലും മതിവരാനിടയില്ലാത്തതുകൊണ്ട് അതിന്റെ യൂ ആർ എൽ താഴെക്കൊടുക്കുന്നു:

നാലുമിനിറ്റു മുമ്പു മാറഡോണ മറ്റൊരു ഗോളടിച്ചിരുന്നു. ഉയർന്നു വന്നൊരു പന്തിനു വേണ്ടി ഇംഗ്ലണ്ടിന്റെ ഗോൾകീപ്പർ പീറ്റർ ഷിൽറ്റനും മാറഡോണയും ഒപ്പം ചാടി. ഷിൽറ്റന്റെ കൈകൾ പന്തിലേയ്‌ക്കെത്തുന്നതിനു മുമ്പു മാറഡോണ പന്തിനെ കൈകൊണ്ടിടിച്ചു ഗോളാക്കി. ഹാന്റ് ബോളെന്നു വിധിയ്‌ക്കേണ്ടതിനു പകരം, അതു ഹെഡറായിരുന്നെന്ന ധാരണയിൽ, ടുണീഷ്യക്കാരനായ റഫറി, അലി ബിൻ നാസർ ഗോളെന്നു വിധിച്ചു. കണ്ടുനിന്ന മാറഡോണയുടെ കൂട്ടുകാരാരും മാറഡോണയെ അഭിനന്ദിക്കാൻ ഓടിയെത്തിയില്ല. 'വന്നെന്നെ ആശ്ലേഷിക്കൂ, അല്ലെങ്കിൽ റഫറി ഗോളനുവദിക്കില്ല' എന്നു കൂട്ടുകാരെ മാറഡോണ ആഹ്വാനം ചെയ്തു. കളിക്കു ശേഷം നടന്ന പത്രസമ്മേളനത്തിൽ 'ആ ഗോൾ അല്പം തല കൊണ്ടും, അല്പം ദൈവത്തിന്റെ കരം കൊണ്ടും' ഉള്ളതായിരുന്നെന്നു മാറഡോണ വിശദീകരിച്ചു. അങ്ങനെയത് 'ഹാന്റ് ഓഫ് ഗോഡ് ഗോൾ' ആയി അറിയപ്പെട്ടു. മാറഡോണയ്ക്കു വർഷങ്ങൾ വേണ്ടി വന്നു, കൈകൊണ്ടിടിച്ച കാര്യം തുറന്നു സമ്മതിക്കാൻ. ഗോളായ ഉടൻ അതു ഹെഡറല്ല, ഹാന്റ് ബോളായിരുന്നെന്നു മാറഡോണ റഫറിയെ അറിയിച്ചിരുന്നെങ്കിൽ 'മനുഷ്യത്വം' കളങ്കപ്പെടുത്താത്ത 'ദൈവം' തന്നെയായേനേ, മാറഡോണ.

'ഫുട്‌ബോൾദൈവ'ത്തിന്റേതിൽ നിന്നു വ്യത്യസ്തനായിരുന്നു, നമ്മുടെ സ്വന്തം 'ക്രിക്കറ്റ്‌ദൈവം'. സച്ചിൻ ടെണ്ടുൽക്കറിന്റെ മാഹാത്മ്യം ഏകദിനങ്ങളിൽ നിന്നു വാരിക്കൂട്ടിയ 18426 റൺസിലോ നൂറു സെഞ്ചുറികളിലോ മാത്രം ഒതുങ്ങുന്ന ഒന്നല്ല. 2011ൽ ചെന്നൈയിൽ വച്ചു വെസ്റ്റ് ഇൻഡീസുമായി നടന്ന ഒരു കളിയിൽ, വെസ്റ്റ് ഇൻഡീസിന്റെ രവി രാംപാൽ ബൗൾ ചെയ്ത പന്തു സച്ചിന്റെ ബാറ്റിൽ നേരിയതായൊന്ന് ഉരസിയശേഷം വിക്കറ്റ്കീപ്പർ ഡെവൺ തോമസിന്റെ ഗ്ലൗസിലൊതുങ്ങി. പക്ഷേ, അമ്പയർ സ്റ്റീവ് ഡേവിസ് നിഷേധാർത്ഥത്തിൽ തല കുലുക്കി: 'ഔട്ടല്ല'. പന്തു തന്റെ ബാറ്റിലുരസിയിരുന്നെന്ന് അറിയാമായിരുന്ന സച്ചിൻ അമ്പയറുടെ വിധിയെന്തെന്നു നോക്കുക പോലും ചെയ്യാതെ, സ്വന്തം മനസ്സാക്ഷിയുടെ വിധി മാനിച്ച്, കളിക്കളത്തിനു പുറത്തേയ്ക്കു നടന്നു കഴിഞ്ഞിരുന്നു.

ഇതു പോലുള്ളൊരു സന്ദർഭത്തിൽ ആസ്‌ട്രേലിയൻ ക്യാപ്റ്റനായിരുന്ന റിക്കി പോണ്ടിംഗിന്റെ നിലപാടു സച്ചിന്റേതിനു നേർവിപരീതമായിരുന്നു. ആസ്‌ട്രേലിയയും പാക്കിസ്ഥാനുമായി 2011ൽ നടന്ന കളിയായിരുന്നു അത്. പന്തു തന്റെ ബാറ്റിൽ ഉരസിയിരുന്നെന്നു പോണ്ടിംഗിന് ഉറപ്പായിരുന്നു. പാക്കിസ്ഥാന്റെ വിക്കറ്റ്കീപ്പർ കമ്രാൻ അക്മൽ ബോൾ പിടിച്ചെങ്കിലും പോണ്ടിങ് അനങ്ങിയില്ല. പോണ്ടിങ് ഔട്ടല്ലെന്നു അമ്പയർ വിധിക്കുകയും ചെയ്തു. തെറ്റെന്നുറപ്പായിരുന്ന ആ വിധിയെ പാക്കിസ്ഥാൻ മൂന്നാം അമ്പയറെക്കൊണ്ടു പരിശോധിപ്പിച്ചു. പോണ്ടിങ് ഔട്ടാണെന്നു റീപ്ലേയിൽ തെളിയുകയും ചെയ്തു. മൂന്നാം അമ്പയറുടെ വിധി വന്ന ശേഷമേ പോണ്ടിങ് പുറത്തേയ്ക്കു പോയുള്ളു.

കളിക്കളത്തിൽ മാന്യത പുലർത്തുന്ന കാര്യത്തിൽ ആസ്‌ട്രേലിയക്കാർക്കു വലിയ താത്പര്യമില്ല. അന്യടീമുകളിലെ കളിക്കാരെ ചീത്ത പറഞ്ഞു തളർത്തുന്നത് – സ്ലെഡ്ജിങ് അവരുടെ പതിവുമാണ്. ഈ ചീത്ത പറച്ചിലിനെ അവരുടെതന്നെ ക്യാപ്റ്റനായിരുന സ്റ്റീവ് വോ വിമർശിച്ചിരുന്നു. ആസ്‌ട്രേലിയക്കാർക്കിടയിലും മഹത്വത്തിന്റെ വെള്ളിരേഖയുണ്ടെന്നു വോയുടെ വിമർശനം തെളിയിച്ചു. മറ്റൊരു വെള്ളിരേഖ കൂടിയിതാ: 2003ലെ ലോകകപ്പിന്റെ സെമിഫൈനലിൽ ആസ്‌ട്രേലിയയുടെ ആഡം ഗിൽക്രിസ്റ്റ് ശ്രീലങ്കയ്‌ക്കെതിരേ ബാറ്റു ചെയ്യുകയായിരുന്നു. അരവിന്ദ ഡിസിൽവ ബൗൾ ചെയ്ത ഒരു പന്ത് ഗിൽക്രിസ്റ്റിന്റെ ബാറ്റിലുരസി. ശ്രീലങ്കൻ വിക്കറ്റ് കീപ്പർ കുമാർ സങ്കക്കാര കൃത്യമായി പന്തു പിടിച്ചു. ഗിൽക്രിസ്റ്റ് ഔട്ടല്ലെന്നു അമ്പയർ റൂഡി കൊവേട്‌സൻ വിധിച്ചു. താൻ ഔട്ടാണെന്നു ബോദ്ധ്യമായിരുന്ന ഗിൽക്രിസ്റ്റ് ഇതിനകം നടന്നു കഴിഞ്ഞിരുന്നു, സച്ചിൻ ചെയ്ത പോലെ. മനസ്സാക്ഷിയുള്ളയാളായിരുന്നു ഗിൽക്രിസ്റ്റ്. അദ്ദേഹം ഇന്ത്യക്കാരിഷ്ടപ്പെടുന്ന ചുരുക്കം ചില ആസ്‌ട്രേലിയൻ കളിക്കാരിൽ ഒരാളായിത്തീർന്നതിൽ അതിശയമില്ല.

കർണാടകക്കാരനായ ജി ആർ വിശ്വനാഥ് 91 ടെസ്റ്റുകളിൽ നിന്നു 6080 റണ്ണുകൾ നേടിയിട്ടുണ്ട്. ടെസ്റ്റുകളിൽ നിന്ന് ഏറ്റവുമധികം റണ്ണുകളെടുത്തിരിക്കുന്നവരുടെ ലിസ്റ്റിൽ വിശ്വനാഥിനു ഒമ്പതാം സ്ഥാനം മാത്രം. പക്ഷേ, വിശ്വനാഥ് ഇന്ത്യയിലെ മാത്രമല്ല, ലോകക്രിക്കറ്റിലെത്തന്നെ ഏറ്റവും മാന്യനായ കളിക്കാരനായിരുന്നെന്നു പറയാനെനിക്കു മടിയില്ല. 197980 കാലഘട്ടത്തിൽ രണ്ടു ടെസ്റ്റുകളിൽ വിശ്വനാഥ് ക്യാപ്റ്റനായിരുന്നു. അവയിലൊന്ന്, 1980 ഫെബ്രുവരിയിൽ മുംബൈയിലെ വാംഖേഡെ സ്റ്റേഡിയത്തിൽ വച്ച് ഇംഗ്ലണ്ടുമായി നടന്ന ടെസ്റ്റായിരുന്നു. ഇയാൻ ബോഥമും ബോബ് ടെയ്‌ലറും ബാറ്റു ചെയ്തുകൊണ്ടിരിയ്‌ക്കെ, കപിൽ ദേവിന്റെ ബൗളിംഗിൽ വിക്കറ്റ് കീപ്പർ കിർമാണി ടെയ്‌ലറെ പിടിച്ച് ഔട്ടാക്കി. പക്ഷേ, പന്തു ബാറ്റിന്മേൽ സ്പർശിച്ചിരുന്നില്ലെന്നു ഫസ്റ്റ് സ്ലിപ്പിൽത്തന്നെ ഫീൽഡു ചെയ്തിരുന്ന വിശ്വനാഥിന് ഉറപ്പായിരുന്നു. അദ്ദേഹം അക്കാര്യം അമ്പയർ ഹനുമന്തറാവുവിനെ ഉടൻ ബോദ്ധ്യപ്പെടുത്തുകയും, ടെയ്‌ലർ ഔട്ടായെന്ന വിധി തിരുത്തിക്കുകയും ചെയ്തു. പരാജയഭീതി കൂടാതെ മനസ്സാക്ഷിയുടെ ആഹ്വാനത്തെ ശ്രവിച്ചിരുന്നൊരു കളിക്കാരനായിരുന്നു, വിശ്വനാഥ്.

മാറഡോണ കൈകൊണ്ടിടിച്ചു നേടിയ ഗോൾ മൂലം അർജന്റീനയിലെ നാലരക്കോടി ജനത്തിന്റെ വിശ്വാസ്യതയ്ക്ക് അന്താരാഷ്ട്രവേദിയിൽ കോട്ടം തട്ടി: 'ഹാന്റ് ഓഫ് ഗോഡ് ഗോൾ' നേടിയ നാട്ടുകാർ! ഗിൽക്രിസ്റ്റിന്റെ സത്യസന്ധത ആസ്‌ട്രേലിയക്കാർക്ക് അഭിമാനകരമായിരുന്നെങ്കിലും, ആ അഭിമാനം പോണ്ടിങ് ഭാഗികമായെങ്കിലും നഷ്ടപ്പെടുത്തി. നമുക്കിവിടെ ദാരിദ്ര്യമുണ്ടെങ്കിലും, പതിനഞ്ചു ലക്ഷം കോടി രൂപയുടെ നികുതിവെട്ടിപ്പു നാം പ്രതിവർഷം നടത്തുന്നുണ്ടെന്നാണു കണക്കെങ്കിലും, സച്ചിന്റേയും വിശ്വനാഥിന്റേയും സദ്പ്രവൃത്തികൾ ഇന്ത്യയുടെ അഭിമാനമുയർത്തി. അന്താരാഷ്ട്രവേദികളിൽ നാം സത്യസന്ധരാണെന്ന് ഇന്നു ലോകം ചെറുതായെങ്കിലും വിശ്വസിക്കുന്നുണ്ടാകും. ലക്ഷ്യത്തോളം തന്നെ മാർഗവും നമുക്കു പ്രധാനമാണ്. ലക്ഷ്യസാദ്ധ്യത്തിനു വേണ്ടി, വിജയത്തിനു വേണ്ടി നാം തെറ്റായ മാർഗങ്ങളിൽക്കൂടി ചരിക്കുകയില്ലെന്നു വിശ്വനാഥും സച്ചിനും തെളിയിച്ചു. 'ബൈ ഹുക്ക് ഓർ ക്രൂക്ക്' എന്ന സമീപനം നമുക്കു വേണ്ട.

2006-07 കാലഘട്ടത്തിൽ നമ്മുടെ ശ്രീശാന്ത് ഒന്നാന്തരമൊരു ബൗളറായിരുന്നു. ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റിൽ പത്തു വിക്കറ്റെടുത്ത ശ്രീശാന്തിന്റെ പ്രകടനം അവിസ്മരണീയമായിരുന്നു. സൗത്ത് ആഫ്രിക്കയെ അവരുടെ മണ്ണിൽ വച്ച് ആദ്യമായി തോൽപ്പിച്ചതിന്റെ പിന്നിലും ശ്രീശാന്തുണ്ടായിരുന്നു. 2007ലെ ട്വെന്റിട്വെന്റി ലോകകപ്പിലും ശ്രീശാന്ത്, ഇടയ്ക്കിടെയെങ്കിലും, മിന്നുന്ന പ്രകടനം കാഴ്ച വച്ചു. ഇതൊക്കെയാണെങ്കിലും, ആവേശം കൂടിക്കഴിയുമ്പോൾ ശ്രീശാന്ത് പലപ്പോഴും നിയന്ത്രണം വിട്ടിരുന്നു. അപ്പീൽ ചെയ്യുമ്പോഴുള്ള രൗദ്രഭാവവും ശബ്ദകോലാഹലവും ശ്രീശാന്തിനു വിനയായി. വിക്കറ്റെടുത്ത ശേഷമുള്ള ഹാവഭാവാദികൾ അതിരു കടന്നതായി മാദ്ധ്യമങ്ങൾ അഭിപ്രായപ്പെട്ടു. വിദേശടീമുകളിലെ കളിക്കാരുമായി ഉണ്ടായ ഉരസലുകളും വിമർശിക്കപ്പെട്ടു.

കളിക്കളത്തിലെ വികാരവിക്ഷോഭങ്ങൾക്കു കടിഞ്ഞാണിടാൻ കഴിയാത്ത ശ്രീശാന്തിനെ നിരോധിക്കണം എന്നു മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്ക് ആതർട്ടൺ ആവശ്യപ്പെട്ടു. ശ്രീശാന്തിനു പിഴശിക്ഷയും താക്കീതും ഒന്നിലേറെത്തവണ നൽകപ്പെട്ടു. ശ്രീശാന്തിനെ വാത്സല്യത്തോടെ നോക്കിക്കണ്ടിരുന്ന മുതിർന്ന കേരളീയ വനിതകൾ പോലും 'ചെക്കന് കുറെ കൂടിപ്പോണ് ണ്ട്' എന്നു പറഞ്ഞു. വിക്കറ്റെടുത്തയുടനെ ബൗളർ ആഹ്ലാദം പ്രകടിപ്പിക്കുന്നതു സാധാരണയാണ്. വീരരസവും ഒരു പരിധി വരെയാകാം. എന്നാൽ, രൗദ്രവും ബീഭത്സവുമൊക്കെ അന്താരാഷ്ട്രവേദികളിൽ സ്വീകാര്യമല്ലാത്ത ഭാവങ്ങൾ തന്നെ. ശ്രീശാന്ത് കളിക്കളത്തിൽ സംയമനം പാലിച്ചിരുന്നെങ്കിൽ വാതുവയ്പുകാരോടു സൗഹൃദം കാണിച്ചെന്ന ആരോപണത്തെത്തുടർന്നുണ്ടായ കഷ്ടപ്പാടുകളിൽ അല്പം കൂടി സഹതാപം കിട്ടുമായിരുന്നു എന്നു തോന്നുന്നു. അന്താരാഷ്ട്രവേദികളിൽ മാന്യത കൈവെടിയുന്നതു കളിക്കാരന്റെ രാഷ്ട്രത്തിനെതിരേയും പ്രതികൂലാഭിപ്രായം ഉയരാനിടയാക്കും.

മര്യാദക്കാരുടെ കളിയാണു ക്രിക്കറ്റ് എന്നായിരുന്നു മുൻകാലങ്ങളിൽ പൊതുവിലുണ്ടായിരുന്ന ചിന്താഗതി. കഴിഞ്ഞ ഒന്നു രണ്ടു ദശാബ്ദങ്ങളായി ആ വീക്ഷണത്തിനു കാര്യമായ മാറ്റം സംഭവിച്ചിട്ടുണ്ട്. ചില വിദേശരാജ്യങ്ങളിലെ ഫുട്ബോൾ ഭ്രാന്തന്മാരുടെ അക്രമപ്രവൃത്തികൾ ക്രിക്കറ്റ് പ്രേമികൾ ഇതുവരെ ആവർത്തിച്ച ചരിത്രമുണ്ടായിട്ടില്ലെങ്കിലും, ക്രിക്കറ്റ് മൈതാനമദ്ധ്യത്തിലെ സൗഹൃദത്തിനു ഏതാനും പതിറ്റാണ്ടുകളായി മങ്ങലേറ്റിട്ടുണ്ട്. എങ്കിലും, അതൊന്നും അല്പം പോലും ബാധിക്കാത്ത, മഹാനായൊരു ഇന്ത്യൻ കളിക്കാരനായിരുന്നു വർഷങ്ങൾക്കു മുമ്പു കളി നിർത്തിയ രാഹുൽ ദ്രാവിഡ്. സെഞ്ചുറി നേടിക്കഴിഞ്ഞാൽ ആഹ്ലാദപ്രകടനമൊന്നുമില്ലാതെ, ബാറ്റ് അല്പമൊന്നുയർത്തി ദ്രാവിഡ് കാണികളെ അഭിവാദ്യം ചെയ്യും; അത്ര മാത്രം. കോലാഹലങ്ങളൊന്നുമില്ലാതെ, ശാന്തമായി ബാറ്റു ചെയ്ത്, ടെസ്റ്റു മാച്ചുകളിൽ നിന്ന് ഏറ്റവുമധികം റണ്ണുകളെടുത്ത ലോകത്തിലെ മൂന്നാമത്തെ ബാറ്റ്‌സ്മാനായിത്തീർന്നു ദ്രാവിഡ്. മിതഭാഷിയായ ദ്രാവിഡ് ഒരിക്കൽ പോലും പ്രകോപിതനായി കണ്ടിട്ടില്ല. ശാന്തത മുഖമുദ്രയായുള്ള സച്ചിനെ തെല്ലും വിസ്മരിച്ചുകൊണ്ടല്ല ഇതു പറയുന്നത്.

2011ൽ ദ്രാവിഡിന്റെ അവസാന ഏകദിനത്തിൽ ദ്രാവിഡിനെ ബൗൾ ചെയ്തു പുറത്താക്കിയത് ഇംഗ്ലണ്ടിന്റെ ഗ്രേയിം സ്വാൻ ആയിരുന്നു. ദ്രാവിഡിന്റെ വിക്കറ്റു കിട്ടിയ ഉടനെ സ്വാൻ ആ സന്തോഷം ആഘോഷിക്കുകയല്ല, ദ്രാവിഡിന്റെ കൈ പിടിച്ചു കുലുക്കുകയാണു ചെയ്തത്. തുടർന്ന് ഇംഗ്ലണ്ടിന്റെ എല്ലാ കളിക്കാരും വരിയായി വന്ന്, ആദരപൂർവ്വം ദ്രാവിഡിന്റെ കൈ പിടിച്ചു കുലുക്കി. അവരിൽ ജൊനാഥൻ ട്രോട്ട് ദ്രാവിഡിനോടുള്ള ആദരസൂചകമായി തൊപ്പി മാറ്റിയ ശേഷമാണു ദ്രാവിഡിന്റെ കൈ പിടിച്ചു കുലുക്കിയത്. ദ്രാവിഡിന് ഇംഗ്ലണ്ടിൽ കിട്ടിയ ആദരവു കണ്ടുകൊണ്ടിരുന്ന ഭാരതീയരെയെല്ലാം വികാരഭരിതരാക്കിയിരുന്നിരിക്കണം, ആ രംഗം. രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാനും ക്രിക്കറ്റിനു കഴിയുമെന്നതിനു വേറെ തെളിവു വേണ്ട.

ഏകദേശം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലെന്ന പോലെയാണ് ഇംഗ്ലണ്ടും ആസ്‌ട്രേലിയയും തമ്മിലുള്ള 'ആഷസ്' മത്സരപരമ്പര. ക്രിക്കറ്റിന്റെ കാര്യത്തിൽ അവർ ശത്രുക്കളാണ്. ഫുട്‌ബോളിൽ പെലെയ്ക്കുള്ള പ്രശസ്തി ക്രിക്കറ്റിൽ ആസ്‌ട്രേലിയക്കാരനായ ഡോൺ ബ്രാഡ്മാനുണ്ട്. ബ്രാഡ്മാന്റെ കാലത്തു മുൻതൂക്കം ആസ്‌ട്രേലിയയ്ക്കായിരുന്നു. തോൽവികൊണ്ടു സഹികെട്ട ഇംഗ്ലണ്ടിന് ക്രൂരതന്ത്രങ്ങൾ പ്രയോഗിച്ചാണെങ്കിൽപ്പോലും ആസ്‌ട്രേലിയയെ തോല്പിക്കണമെന്ന ത്വര അക്കാലത്തുണ്ടായി. ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനായിരുന്ന ഡഗ്ലസ് ജാർഡീൻ ആയിരുന്നു അത്തരമൊരു തന്ത്രത്തിന്റെ ഉപജ്ഞാതാവ്. ടീമിലെ ബൗളറായിരുന്ന ഹാരോൾഡ് ലാർവുഡിനെക്കൊണ്ട് ആസ്‌ട്രേലിയൻ ബാറ്റ്‌സ്മാന്മാർക്കു പരിക്കേൽക്കുന്ന തരത്തിൽ പന്തെറിയിപ്പിച്ചു. ആസ്‌ട്രേലിയൻ കളിക്കാരിൽ പലർക്കും പരിക്കു പറ്റി. ലാർവുഡിന്റെ പന്തുകൊണ്ട് ആസ്‌ട്രേലിയൻ കളിക്കാരനായ ബെർട്ട് ഓൾഡ്ഫീൽഡിന്റെ തലയോടിൽ പൊട്ടലുകളുണ്ടാകുക പോലും ചെയ്തു. ഈ ക്രൂരത കണ്ടു കുപിതരായ ആസ്‌ട്രേലിയൻ കാണികൾ കളിക്കളം കയ്യേറുന്നതു തടയാൻ വേണ്ടി പൊലീസുകാർ ബൗണ്ടറിക്കു ചുറ്റും നിരന്നു നിന്നു. 'ബോഡിലൈൻ ബൗളിങ്' എന്ന പേരിൽ കുപ്രസിദ്ധമായിത്തീർന്ന, ക്രൂരമായ ആ പന്തേറ്, ബ്രിട്ടനും ആസ്‌ട്രേലിയയും തമ്മിലുള്ള ബന്ധങ്ങളെ പിടിച്ചുലയ്ക്കുകയും ചെയ്തു.

ലോകത്തിൽ ഏറ്റവുമധികം ആരാധകരുള്ള ഫുട്‌ബോൾ ടീം ബ്രസീലിന്റേതായിരുന്നു. കഴിഞ്ഞ ലോകകപ്പു കഴിഞ്ഞപ്പോൾ, ബ്രസീലിന് ഒട്ടേറെ ആരാധകർ നഷ്ടമായിട്ടുണ്ടാകണം. സെമിഫൈനലിൽ ജർമ്മനിയ്‌ക്കെതിരേ 17 എന്ന ദയനീയ സ്‌കോറിനു ബ്രസീൽ നിലം പൊത്തിയതല്ല മുഖ്യകാരണം. ആ പരാജയം സങ്കടമുണ്ടാക്കി, സംശയമില്ല. പക്ഷേ, ബ്രസീലിനെതിരേ എനിക്കുള്ള പരാതി മറ്റൊന്നാണ്. ലോകകപ്പിൽ ഏറ്റവുമധികം തവണ ഫെയർ പ്ലേയ്ക്കുള്ള കപ്പു നേടിയിരിക്കുന്നതു ബ്രസീലാണ്: നാലു തവണ. ഫൗളുകൾ ഏറ്റവും കുറവുള്ള ടീം. ദയവുള്ള രാക്ഷസൻ ജെന്റിൽ ജയന്റ് – എന്ന ചിത്രമാണു ബ്രസീലിനെപ്പറ്റി നമ്മുടെ മനസ്സിലുണ്ടായിരുന്നത്. എന്നാലിത്തവണ, ബ്രസീൽ സ്വന്തം ചിത്രത്തിൽ കരി വാരിത്തേച്ചു: ഏറ്റവുമധികം ഫൗളുകൾ ചെയ്ത ടീമുകളിലൊന്നായിരുന്നു ബ്രസീൽ. ഇതു തീരെ പ്രതീക്ഷിച്ചതല്ല. മുകളിൽ സൂചിപ്പിച്ചതുപോലെ, അന്താരാഷ്ട്രവേദികളിൽ ടീമുകൾ രാഷ്ട്രങ്ങളുടെ പ്രതിനിധികളാണ്. സ്വന്തം രാഷ്ട്രത്തിന്റെ സ്വഭാവം ഓരോ ടീമിലും പ്രതിഫലിക്കും. ഫെയർ പ്ലേ അവാർഡു നേടാതിരുന്ന കഴിഞ്ഞ പതിറ്റാണ്ടിനിടയിൽ ബ്രസീലിന്റെ രാഷ്ട്രസ്വഭാവത്തിന് അക്രമത്തിലേയ്‌ക്കൊരു ചായ്‌വുണ്ടായിരിക്കുന്നതായി ലോകം ധരിച്ചുപോയാൽ അതിൽ തെറ്റു പറയാനാവില്ല.

അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങളിൽ ഗോളടിച്ച ശേഷം കളിക്കാർ നടത്തുന്ന ആഹ്ലാദപ്രകടനങ്ങൾ കാണാൻ രസമുള്ളവയാണ്. 1990ലെ ലോകകപ്പിൽ റൊമേനിയയ്‌ക്കെതിരെ വിജയം നേടിയ കാമറൂണിന്റെ രണ്ടു ഗോളുകളും നേടിയത് റോജർ മില്ലയായിരുന്നു. ആ ടൂർണ്ണമെന്റിൽ മില്ല ആകെ നാലു ഗോളുകൾ നേടി. ഓരോ ഗോളും നേടിയ ഉടനെ റോജർ മില്ല കോർണർ ഫ്‌ലാഗിനടുത്തേയ്‌ക്കോടുകയും, അതിൽ പിടിച്ചു നിന്നുകൊണ്ട് നൃത്തം ചെയ്യുകയും ചെയ്തു. ഈ നൃത്തം അക്കാലത്തു വളരെ പ്രസിദ്ധമായിത്തീർന്നു, വളരെയധികം ആസ്വദിക്കപ്പെടുകയും ചെയ്തു.

ബ്രസീലിന്റെ റൊമാറിയോ ഗോളടിച്ചയുടനെ കാണികളുടെ മുമ്പിൽ ചെന്നു നിന്നുകൊണ്ട് ഇരുകൈകളിലും ഒരു കുഞ്ഞിനെ താരാട്ട് ആട്ടുന്ന പോലെ അഭിനയിച്ചു കാണിച്ചിരുന്നു. ആവേശഭരിതരായ ബ്രസീലിന്റെ ആരാധകർ എഴുന്നേറ്റു നിന്ന്, വലിയ ആരവത്തോടെ റൊമാറിയോയെ അനുകരിക്കുകയും ചെയ്യുമായിരുന്നു. കളിക്കളത്തിൽ പല അഭ്യാസങ്ങളും കാണിക്കുന്നവരായിരുന്നു നൈജീരിയൻ കളിക്കാർ. അവരിലൊരാളായിരുന്നു, ജൂലിയസ് ആഘഹോവ. ഒരിക്കൽ ഗോളടിച്ചയുടനെയുള്ള ആഘോഷത്തിന്റെ ഭാഗമായി ആഘഹോവ പുറകോട്ടു തുടർച്ചയായി മലക്കം മറിഞ്ഞു; മറിഞ്ഞുമറിഞ്ഞങ്ങനെ പോയി! അത്ഭുതകരമായിരുന്ന ആ മലക്കം മറിയൽ കണ്ടു കാണികൾ ആർത്തു വിളിച്ചു. എത്ര അനായാസമായാണു ആഘഹോവ പുറകോട്ടു മലക്കം മറിഞ്ഞത്!

കളികൾക്കിടയിൽ ആഹ്ലാദകരമല്ലാത്ത സന്ദർഭങ്ങളും ഉണ്ടാകാറുണ്ട്. 2009ലെ യൂ എസ് ഓപ്പൺ ടെന്നീസ് ടൂർണ്ണമെന്റിന്റെ സെമിഫൈനൽ. സെറീന വില്യംസും കിം ക്ലൈസ്റ്റേഴ്‌സും തമ്മിലാണു 'യുദ്ധം.' പല പുരുഷന്മാരേക്കാളും ശക്തമായി ടെന്നീസ് കളിക്കുന്ന വനിതകളാണിരുവരും. ഏയ്‌സുകളുതിർക്കാനും, തീപാറുന്ന ഫോർഹാൻഡും ബാക്ക് ഹാൻഡും ഷോട്ടുകൾ പായിക്കാനും കഴിവുള്ളവർ. രണ്ടു പേരും മികച്ച കളിക്കാർ. ആദ്യസെറ്റു ക്ലൈസ്റ്റേഴ്‌സ് എടുത്തു. രണ്ടാമത്തെ സെറ്റിലും ക്ലൈസ്റ്റേഴ്‌സു തന്നെ മുന്നിട്ടു നിൽക്കുന്നു. ക്ലൈസ്റ്റേഴ്‌സിനു ജയിക്കാൻ കേവലം ഒരു പോയിന്റു മാത്രം മതി. സെറീന സെർവു ചെയ്യുന്നു. ടെന്നീസിൽ സെർവു ചെയ്യുമ്പോൾ പാദം വരകളിൽ സ്പർശിക്കാൻ പാടില്ല. സെറീനയുടെ പാദം വരയിൽ സ്പർശിച്ചുപോയി. പുറകിലുണ്ടായിരുന്ന ലൈൻ ജഡ്ജ് (ലൈൻസ് വുമൻ) സെർവീസു തെറ്റെന്നു വിധിച്ചു. സെറീന കുപിതയായി ലൈൻ ജഡ്ജിയുടെ നേരേ ചെന്ന്, എന്തൊക്കെയോ പറഞ്ഞു. 'നിങ്ങളുടെ തൊണ്ടയിൽ പന്തു കുത്തിയിറക്കും...' എന്നു സെറീന ഭീഷണിപ്പെടുത്തിയെന്ന് ആ രംഗത്തിനു സാക്ഷ്യം വഹിച്ച ചില പത്രങ്ങൾ റിപ്പോർട്ടു ചെയ്തു. സെറീന പറഞ്ഞതിൽ അസഭ്യവുമുണ്ടായിരുന്നുവത്രേ.

അമ്പയർ ലൈൻ ജഡ്ജിയെ വിളിച്ചു സംസാരിച്ചു. അതിനല്പം മുമ്പു റാക്കറ്റ് നിലത്തടിച്ചൊടിച്ചതിന് അമ്പയർ സെറീനയെ താക്കീതു ചെയ്തിരുന്നു. രണ്ടാമതും കുറ്റം ചെയ്തതു കണക്കിലെടുത്ത് അമ്പയർ പെനാൽറ്റിയായി ഒരു പോയിന്റു ക്ലൈസ്റ്റേഴ്‌സിനു നൽകി. ആ പോയിന്റു കിട്ടിയതോടെ ക്ലൈസ്റ്റേഴ്‌സ് വിജയിച്ചു. പിന്നീടു സെറീന പത്രങ്ങൾക്കു നൽകിയ ഒരു പ്രസ്താവനയിലൂടെ, ചൈനീസ് വംശജയായിരുന്ന ലൈൻ ജഡ്ജിയോടു ക്ഷമായാചനം ചെയ്‌തെങ്കിലും, ടെന്നീസ് പ്രേമികൾക്കു സെറീനയോടുണ്ടായിരുന്ന ആരാധനയ്ക്കു വലുതായ ഇടിവു സംഭവിച്ചു. യു എസ് ടെന്നീസ് അസോസിയേഷൻ സെറീനയ്ക്ക് ഏകദേശം നാല്പത്തഞ്ചു ലക്ഷം രൂപയോളം വരുന്ന പിഴയും, രണ്ടു വർഷത്തെ 'ടെന്നീസ് നല്ലനടപ്പും' വിധിക്കുകയും ചെയ്തു.

പണ്ടേ തന്നെ, അമേരിക്കയിലെ ടെന്നീസു കളിക്കാരെപ്പറ്റി ലോകത്തിനു നല്ല അഭിപ്രായമില്ല. ജോൺ മക്കെൻ റോയും ജിമ്മി കോണേഴ്‌സുമായിരുന്നു, അതിനുള്ള പ്രധാന കാരണം. കലഹപ്രിയരായിരുന്നു, ഇരുവരും. അസഭ്യവചനങ്ങളും അവരുച്ചരിക്കുമായിരുന്നു. അവരുണ്ടാക്കിയ ദുഷ്‌പേരു പിൽക്കാലത്തു വന്ന പീറ്റ് സാമ്പ്രസ്സും ആന്ദ്രെ ആഗസിയും ആൻഡി റോഡിക്കും ഭാഗികമായെങ്കിലും നീക്കം ചെയ്തിരുന്നു. സെറീനയുടെ ചെയ്തി അമേരിക്കൻ കളിക്കാരുടെ ജനപ്രിയതയിൽ വീണ്ടും ഇടിവു വരുത്തി.

ലോക ഒന്നാം നമ്പർ ടെന്നീസ് താരമായിരുന്ന റഫേൽ നഡാൽ സ്‌പെയിൻകാരനാണ്. സ്‌പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിൽ വച്ചു വർഷങ്ങൾക്കു മുമ്പു റഫേൽ നഡാലും, ചെക് റിപ്പബ്ലിക്കുകാരനായ തോമസ് ബേർഡിച്ചും തമ്മിലുള്ള മത്സരം നടന്നു കൊണ്ടിരിയ്‌ക്കെ, നാട്ടുകാരനായ നഡാലിന്നു വേണ്ടി ആരവമുയർത്തിക്കൊണ്ടിരുന്ന കാണികളോടു നിശ്ശബ്ദരായിരിക്കാൻ ബേർഡിച്ച് ചുണ്ടത്തു വിരൽ വച്ച് ആവശ്യപ്പെട്ടു. അന്നു മുതൽ കാണികൾക്കു ബേർഡിച്ചിനോടു താത്പര്യക്കുറവുണ്ട്. 2012ലെ ആസ്‌ട്രേല്യൻ ഓപ്പണിൽ നഡാലിന്റെ നാട്ടുകാരനായ നിക്കൊളാസ് അൽമാഗ്രോവുമായി ബേർഡിച്ച് കളിച്ചു കൊണ്ടിരിയ്‌ക്കെ, അൽമാഗ്രോ ഓട്ടത്തിന്നിടയിൽ അടിച്ച പന്ത് ബേർഡിച്ചിന്റെ ശരീരത്തിൽ കൊള്ളുകയും, ബേർഡിച്ച് താഴെ വീഴുകയും ചെയ്തു. അൽമാഗ്രോ ഓടിച്ചെന്നു ബേർഡിച്ചിനോടു ക്ഷമായാചനം ചെയ്‌തെങ്കിലും ബേർഡിച്ചിന്റെ പരിഭവം മാറിയില്ല. കളിയിൽ ബേർഡിച്ച് ജയിച്ചു. കളി കഴിയുമ്പോൾ കളിക്കാർ പരസ്പരം കൈ പിടിച്ചു കുലുക്കുന്ന പതിവുണ്ട്. അതിനായി അൽമാഗ്രോ കൈ നീട്ടിക്കൊണ്ടു ചെന്നെങ്കിലും, ബേർഡിച്ച് അതു നിരസിച്ചു. കാണികൾ ബേർഡിച്ചിനെ കൂവിവിളിച്ചു. തുടർന്നു നടന്ന അഭിമുഖത്തിൽ, 'കോർട്ടിൽ ധാരാളം സ്ഥലം ഒഴിഞ്ഞു കിടന്നിരുന്നു, എന്നിട്ടും അങ്ങോട്ടൊന്നും അടിക്കാതെ അൽമാഗ്രോ എന്റെ ശരീരത്തെത്തന്നെ, മനപ്പൂർവ്വം ലക്ഷ്യമാക്കി' എന്നു ബേർഡിച്ച് പരാതിപ്പെട്ടു. അതും കാണികളുടെ അപ്രീതിക്കിടയാക്കി. അന്നു മുതൽ ബേർഡിച്ചിനു വേണ്ടി കരഘോഷം മുഴക്കുന്നവരുടെ എണ്ണം വളരെക്കുറഞ്ഞു.

ഇതൊക്കെയാണെങ്കിലും, എതിരാളി മികച്ച കളി പുറത്തെടുക്കുമ്പോൾ കാണികളോടൊപ്പം ഇടയ്‌ക്കെങ്കിലും കരഘോഷം മുഴക്കുന്ന ഒരു കളിക്കാരനെങ്കിലും അന്താരാഷ്ട്ര ടെന്നീസിലുണ്ട്: സെർബിയയിൽനിന്നുള്ള, ഇപ്പോഴത്തെ ലോക ഒന്നാം നമ്പർ താരമായ നൊവാക് ജ്യോക്കോവിച്ച്. 2009ലെ യൂ എസ് ഓപ്പണിന്റെ ക്വാർട്ടർ ഫൈനലിൽ റോജർ ഫെഡററുമായി കളിക്കുമ്പോൾ, ജ്യോക്കോവിച്ച് ഫെഡററുടെ ശിരസ്സിനു മുകളിലൂടെ കോർട്ടിന്റെ പുറകിലേയ്ക്കു പന്തു ലോബ് ചെയ്തു. പന്തെടുക്കാൻ വേണ്ടി ഫെഡറർ പുറംതിരിഞ്ഞോടുകയും, ഓട്ടത്തിന്നിടയിൽത്തന്നെ കാലുകൾക്കിടയിലൂടെ, അതിവിദഗ്ദ്ധമായി ആ പന്തു മടക്കിയടിക്കുകയും ചെയ്തു. നെറ്റിന്നടുത്തേയ്ക്കു വന്നു കഴിഞ്ഞിരുന്ന ജ്യോക്കോവിച്ചിനു സ്പർശിക്കാൻ പോലും പറ്റാത്ത അകലത്തിൽ ആ പന്തു വീഴുകയും, ആ പോയിന്റു ഫെഡറർക്കു ലഭിക്കുകയും ചെയ്തു. സ്തബ്ധനായിപ്പോയ ജ്യോക്കോവിച്ച്, എഴുന്നേറ്റു നിന്നു കരഘോഷം മുഴക്കിക്കൊണ്ടിരുന്ന കാണികളോടൊപ്പം ചേർന്ന്, മടി കൂടാതെ കൈയടിച്ചു. എതിരാളികളെ അഭിനന്ദിക്കുന്ന ഇത്തരം കളിക്കാർ അന്താരാഷ്ട്ര ടെന്നീസിൽ വിരളമാണ്.

ഒരു പോയിന്റു നേടിയ ഉടൻ എതിരാളിയുടെ നേരെ മുഷ്ടി ചുരുട്ടി അലറുന്നവർ അന്താരാഷ്ട്ര ടെന്നീസിൽ മാത്രമല്ല, ഷട്ടിൽ ബാഡ്മിന്റണിലുമുണ്ട്. ഷട്ടിലിലെ മിക്ക ചൈനീസ് കളിക്കാരും, വനിതകളുൾപ്പെടെ, ഈ അലറൽ നടത്താറുണ്ട്. പലപ്പോഴും അത് അരോചകവുമാണ്. ഇന്ത്യൻ കളിക്കാർ ഇക്കാര്യത്തിൽ ഭേദമാണ്. പ്രകാശ് പഡുകോണും വിമൽകുമാറും ഗോപീചന്ദുമൊന്നും അങ്ങനെ ചെയ്തു കണ്ടിട്ടില്ല. ഇന്നിപ്പോൾ മുൻപന്തിയിലുള്ള കെ ശ്രീകാന്ത്, പി കശ്യപ്, മലയാളിയായ എച്ച് എസ് പ്രണോയ്, അജയ് ജയറാം, സായി പ്രണീത് എന്നിവരൊന്നും അത്തരം രൗദ്രഭാവം പ്രകടിപ്പിച്ചു കാണാറില്ല. നമ്മുടെ വനിതകളുടെ കാര്യവും വ്യത്യസ്തമല്ല. ലോകറാങ്കിംഗിൽ രണ്ടാം സ്ഥാനത്തുള്ള സൈന നെഹ്‌വാളും, പതിമൂന്നാം സ്ഥാനത്തുള്ള പി വി സിന്ധുവും രൗദ്രഭാവം പ്രകടിപ്പിക്കാതെയാണു കളിക്കാറ്. എന്നിരുന്നാലും അന്താരാഷ്ട്രതലത്തിൽ ഷട്ടിൽ ബാഡ്മിന്റൺ കളിക്കാർ പൊതുവിൽ വിനയം പ്രകടിപ്പിച്ചു കാണാറില്ല. അതുകൊണ്ട്, അവരിൽ നിന്നു വേറിട്ട, തികച്ചും വ്യത്യസ്തയായ ഒരു കളിക്കാരിയെപ്പറ്റിപ്പറയാം.

തായ്‌ലന്റുകാരിയായ റെച്ചനോക്ക് ഇന്തനോൺ ആണ്, ആ കളിക്കാരി. ലോക ഏഴാം നമ്പർ താരം. 2010ൽ മലേഷ്യയിൽ നടന്ന ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ 14 വയസ്സു മാത്രം പ്രായമുള്ളപ്പോൾ കപ്പു നേടി. രണ്ടു തവണ കൂടി റെച്ചനോക്ക് ആ കപ്പു നേടി. ആകെ പത്ത് അന്താരാഷ്ട്ര ടൂർണമെന്റുകളിൽ റെച്ചനോക്ക് ഇതിനകം വിജയിയായിട്ടുണ്ട്. സൈന നെഹ്‌വാളും റച്ചനോക്കും തമ്മിൽ പത്തു തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ആറു തവണ സൈനയും നാലു തവണ റെച്ചനോക്കും വിജയിച്ചിട്ടുണ്ട്. ദിവസങ്ങൾക്കു മുമ്പു നടന്ന ഫ്രെഞ്ച് ഓപ്പൻ ക്വാർട്ടർ ഫൈനലിൽ റെച്ചനോക്കിനായിരുന്നു വിജയം. പക്ഷേ, സെമിയിൽ ചൈനയുടെ വാങ്ങ് ഷിക്‌സിയാനോടു പരാജയപ്പെട്ടു. 20 വയസ്സു മാത്രം പ്രായമായ റെച്ചനോക്ക് മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുകയാണെന്ന കാര്യത്തിൽ സംശയമില്ല.

ഷട്ടിൽകോക്കു തരുന്ന ഒഫീഷ്യലിനെ റെച്ചനോക്ക് ഇരുകൈയും കൂപ്പി, വിനയത്തോടെ തൊഴുന്നതു കണ്ടപ്പോൾ റെച്ചനോക്കിനെ അതിനു പ്രേരിപ്പിച്ച തായ്‌ലന്റിനെപ്പറ്റി കൂടുതലറിയാൻ താത്പര്യം തോന്നി. കൈകൂപ്പിത്തൊഴൽ ഭാരതത്തിനു മാത്രം സ്വന്തമായുള്ളൊരു വിനയപ്രകടനമാണെന്നായിരുന്നു അതുവരെയുണ്ടായിരുന്ന വിശ്വാസം. ആ വിശ്വാസം റെച്ചനോക്കു തിരുത്തി. ഭാരതത്തിലെപ്പോലെ തന്നെ തായ്‌ലന്റിലും പരസ്പരം അഭിവാദ്യം ചെയ്യുന്നതു തൊഴുതുകൊണ്ടാണെന്നു വിക്കിപ്പീഡിയ പറയുന്നു. തായ് ഭാഷയിൽ ഇതിനു 'വായ്' എന്നു പറയുന്നു. ഭാരതത്തിന്റെ അഞ്ജലീമുദ്രയിൽ നിന്ന് ഉരുത്തിരിഞ്ഞുണ്ടായതാണു വായ്. തൊഴുമ്പോൾ അവർ 'സവാസ്ദീ' എന്നു പറയുക കൂടി ചെയ്യുന്നുണ്ടത്രേ. സംസ്‌കൃതത്തിലെ സ്വസ്തിയിൽ നിന്നുണ്ടായതാണു സവാസ്ദീ. ബുദ്ധമതത്തിനും അതിൽ പങ്കുണ്ട്. തായ്‌ലന്റിലെ ജനതയുടെ 94 ശതമാനവും ബുദ്ധമതാനുയായികളാണ്. തായ്‌ലന്റിൽ മാത്രമല്ല ഈ തൊഴൽ നിലവിലുള്ളത്. ഇന്തൊനേഷ്യ, ലാവോസ്, കമ്പോഡിയ, മലേഷ്യ, ബ്രൂണൈ, എന്നീ രാജ്യങ്ങളിലും സമാനമായ അഭിവാദ്യം നിലവിലുണ്ട്. 4000 വർഷങ്ങൾക്കു മുമ്പ്, സിന്ധുനദീതടത്തിലാണു 'നമസ്‌തേ' ഉത്ഭവിച്ചതെന്നും വിക്കിപ്പീഡിയ പറയുന്നു.

ആരാധനാലയങ്ങൾക്കുള്ളിലെ പതിവു മാറ്റിനിർത്തിയാൽ, കൈകൂപ്പി പരസ്പരം അഭിവാദ്യം ചെയ്യുന്ന പതിവ്, 'നമസ്‌തേ'യ്ക്കു ജന്മം കൊടുത്ത ഭാരതത്തിൽപ്പെട്ട സാക്ഷരകേരളത്തിൽ വേരറ്റു പോയെന്നാണു തോന്നുന്നത്. തെരഞ്ഞെടുപ്പുകാലത്തൊഴികെ, ഈ പതിവു കേരളത്തിൽ അന്യം നിന്നുകഴിഞ്ഞുവെന്നു വേണം പറയാൻ. പണ്ടു ഡൽഹി ദൂരദർശൻ സംപ്രേഷണം ചെയ്തിരുന്ന ഹിന്ദി സീരിയലുകളിൽ ആദരപൂർവം 'നമസ്‌തേ' പറയുന്നതും, മുതിർന്നവരുടെ പാദം സ്പർശിക്കുന്നതുമെല്ലാം കാണാറുണ്ടായിരുന്നു. ചില ഹിന്ദി സീരിയലുകളിൽ ഇപ്പോഴുമവ, വിരളമായെങ്കിലും, കാണാറുണ്ട്. ഹിന്ദി സീരിയലുകളിലെ പല കുനുഷ്ടുകളും വക്രതകളും മലയാളം സീരിയലുകളിലേയ്ക്കും പകർത്തിയിട്ടുണ്ടെങ്കിലും, നമസ്‌തേയും പാദസ്പർശവും മലയാളസീരിയൽ സംവിധായകർ കണ്ട മട്ടില്ല.

കൈകൾ നെഞ്ചോടു ചേർത്തു കൂപ്പി, ശിരസ്സല്പം കുനിച്ച്, വിനയപൂർവം 'നമസ്‌തേ': 'നിങ്ങൾക്കു പ്രണാമം'. രാഷ്ട്രത്തിന്റെ അഭിമാനമായി നാം കരുതാറുള്ള നമ്മുടെ ക്രിക്കറ്റ് ടീം ഒരിക്കൽ പോലും കാണികളെ ഇങ്ങനെ, വിനയത്തോടെ കൈകൂപ്പി അഭിവാദ്യം ചെയ്യുന്നതായി കണ്ടിട്ടില്ല. കളിക്കളത്തിലേയ്ക്കു പ്രവേശിക്കുമ്പോഴും കളിക്കളത്തിൽ നിന്നു പുറത്തേയ്ക്കു പോകുമ്പോഴും നമ്മുടെ ടീമംഗങ്ങൾ പ്രേക്ഷകരുടെ നേരേ വിനയത്തോടെ കൈകൂപ്പിയിരുന്നെങ്കിൽ എത്ര നന്നായേനേ! അതു കൈകൂപ്പൽ പ്രചരിക്കാനുള്ള പ്രചോദനവും തുടക്കവുമായേനേ. നെഞ്ചിൽ കൈവയ്ക്കാൻ ഉപദേശിച്ചതിനു പകരം, വിനയത്തോടെ കൈകൂപ്പാൻ ആഹ്വാനം ചെയ്യാമായിരുന്നു, ശശി തരൂരിന്. ഭാരതാംബയ്ക്കു സല്യൂട്ടിനേക്കാളിഷ്ടം കൈകൂപ്പി വണങ്ങലായിരുന്നേനേ, തീർച്ച.

വിനയത്തോടെ ശിരസ്സുകുനിച്ചു തൊഴുതുകൊണ്ടു പരസ്പരം ആദരവു പ്രകടിപ്പിക്കുന്ന പതിവു ജനമദ്ധ്യത്തിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണോ!

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP