Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാലിത്തൊഴുത്തിലേക്കു വഴികാട്ടിയ നക്ഷത്ര വെളിച്ചം

കാലിത്തൊഴുത്തിലേക്കു വഴികാട്ടിയ നക്ഷത്ര വെളിച്ചം

രാജാക്കന്മാരെ രാജകൊട്ടാരങ്ങളിൽനിന്നും ഇറക്കി അവഗണിക്കപ്പെട്ടവരുടെ ഇടയിൽ വന്നു പിറന്നവനെ കാലിത്തൊഴുത്തിലെത്തിച്ചതു നക്ഷത്രമാണ്. ആ നക്ഷത്ര പ്രതീകങ്ങളാണ്.
ക്രിസ്മസ്സിനു നമ്മുടെ വീടുകളിൽ നാം ഉയർത്തുന്ന നക്ഷത്രവിളക്കുകൾ.
കാലിത്തൊഴുത്തിലേക്കു വഴികാട്ടിയ നക്ഷത്രത്തിന്റെ തിളക്കം നമ്മുടെ കണ്ണുകൾക്കില്ല, ''സന്മനസ്സുള്ളവർക്കു സമാധാനം'' എന്ന സന്ദേശം സ്വീകരിക്കാൻ നമ്മുടെ ബധിര കർണ്ണങ്ങൾക്കാവുന്നില്ല, മാലാഖമാർക്കൊപ്പം സ്തുതിപാടാൻ നമ്മുടെ അധരങ്ങൾ അനക്കുന്നില്ല, ദൈവപുത്രനു പൊന്നും മീറയും കാഴ്ചവയ്ക്കാൻ നമ്മുടെ കൈകൾക്കു പിശുക്കാണ്. അപകട സൂചനകൾ തിരിച്ചറിഞ്ഞു 'കുഞ്ഞിനെയുംകൊണ്ട് ഈജിപ്തിലേക്ക്' ഓടാൻ നമ്മുടെ കാലുകൾക്കു ബലമില്ല. നന്മയ്ക്കു മനസ്സു കൊടുത്താലേ ഇന്ദ്രിയങ്ങൾക്കു തിന്മയെ ചെറുക്കാനാവൂ. തണുത്തു വിറങ്ങലിച്ച പാതിരാവിന്റെ ഇരുട്ടിനെ ഭേദിച്ച നക്ഷത്രവെളിച്ചത്തിന്റെ ചേദനയിൽ നിസ്സംഗതയുടെ അന്ധകാരത്തെ അകറ്റാനുള്ള ക്ഷണമാണു ക്രിസ്മസ്സിന്റേത്.

സിസിലി രാജ്യത്തിന്റെ രാജാവായിരുന്ന അൽഫോൻസോ ഒരിക്കൽ കുതിരസവാരി ചെയ്യുകയായിരുന്നു. കമ്പാനിയായിലുള്ള ഒരു ചതുപ്പു പ്രദേശത്തിനടുത്തെത്തിയപ്പോൾ കാഴ്ചയിൽ പാവമെന്നു തോന്നിക്കുന്ന ഒരു മനുഷ്യൻ അദ്ദേഹത്തെ സമീപിച്ച് ദയനീയമായി അഭ്യർത്ഥിച്ചു:
''എനിക്കൊരു ഉപകാരം ചെയ്തിട്ടു പോകുമോ?''
''എന്തുപകാരമാണു ഞാൻ നിങ്ങൾക്കു ചെയ്യേണ്ടത്?'' രാജാവ് ചോദിച്ചു.
''ഞാൻ യാത്ര ചെയ്തിരുന്ന കഴുത, അതാ ആ ചതുപ്പു നിലത്തു താഴ്ന്നുപോയി. അതിനെ വലിച്ചു പൊക്കാൻ ഞാനൊറ്റയ്ക്കു വിചാരിച്ചിട്ടു കഴിയുന്നില്ല!''
അതുകേട്ട രാജാവുടനെ കുതിരപ്പുറത്തുനിന്നും താഴെയിറങ്ങി.
രണ്ടുപേരും കൂടി കഴുതയെ ചെളിയിൽനിന്നും വലിച്ചു കയറ്റി. ആ പാവം മനുഷ്യൻ നന്ദി പറയാൻ വാക്കുകൾ കിട്ടാതെ വിഷമിച്ചു.
എങ്കിലും അയാൾ പറഞ്ഞു: ''ഒരു സഹായത്തിനായി ഞാനെത്രപേരെ സമീപിച്ചെന്നോ! ഒരുത്തനും തിരിഞ്ഞുനോക്കിയില്ല. താങ്കളോടെങ്ങനെ നന്ദി പറയണമെന്നെനിക്കറിയില്ല.''
''ഇതിനെന്തിനാ നിങ്ങൾ നന്ദി പറയുന്നത്.'' ഒരു ചെറു പുഞ്ചിരിയോടെ രാജാവു ചോദിച്ചു. ''ഇതെന്റെ കടമയാണ്. ഞാനതു ചെയ്തു. അത്രയേയുള്ളൂ. അതിനു നന്ദി പറയേണ്ട ആവശ്യമൊന്നുമില്ല.''
''ഇതെങ്ങനെയാണു താങ്കളുടെ കടമയാകുന്നത്? നമ്മൾ തമ്മിൽ യാതൊരു പരിചയവുമില്ലല്ലോ!...'' ആ പാവം മനുഷ്യൻ അത്ഭുതപ്പെട്ടു.
''അതുകൊണ്ടുമാത്രം ഇതെന്റെ കടമയല്ലാതാകുന്നില്ല സഹോദരാ. ഞാനീ രാജ്യത്തെ രാജാവാണ്''
പെട്ടെന്നാ മനുഷ്യൻ വല്ലാതായി. തന്റെ രാജാവിനെയാണു താനീ ചെളിയിലിറക്കിയതെന്നു മനസ്സിലായപ്പോൾ അയാൾക്കു വല്ലാത്ത കുറ്റബോധം തോന്നി.
''ക്ഷമിക്കണം മഹാരാജാവേ! അടിയനതറിഞ്ഞില്ല.'' അയാൾ രാജാവിന്റെ മുമ്പിൽ മുട്ടുകുത്തി.
''ഛെ... ഛെ... അരുത്!'' രാജാവ് അയാളെ തടഞ്ഞു: ''ക്ഷമ ചോദിക്കാൻ തക്കവണ്ണം നിങ്ങളൊരു തെറ്റും ചെയ്തിട്ടില്ല. ഒരാളോട് ഒരു സഹായം അഭ്യർത്ഥിക്കുന്നത് എങ്ങനെ തെറ്റാകും? നിങ്ങളിത്ര ശുദ്ധനായിപ്പോയല്ലോ!''
രാജാവ് അയാളെ തോളിൽ തട്ടി സമാശ്വസിപ്പിച്ചിട്ട് കുതിരപ്പുറത്തു കയറി യാത്രയായി. അൽഫോൻസോ രാജാവിന്റെ ഇത്തരം സത്പ്രവൃത്തികൾ അദ്ദേഹത്തിന്റെ ബദ്ധശത്രുക്കളെ വരെ ഉറ്റമിത്രങ്ങളാക്കിയിട്ടുണ്ട്.

ഇന്നത്തെ ലോകത്ത് മഷിയിട്ടു നോക്കിയാൽപോലും കാണാൻ കഴിയുന്നതല്ല ഇത്തരം സേവന മനഃസ്ഥിതി. തന്നെപ്പോലെ തന്നെയാണ് മറ്റുള്ളവരും എന്ന അവബോധം ഉള്ളവർക്കേ ഇത്തരം സേവനമനഃസ്ഥിതി ഉണ്ടാകൂ...

വലിയ വലിയ കാര്യങ്ങൾ ചെയ്യാൻ നമുക്കു കഴിയില്ലായിരിക്കാം. എന്നാലും, തിരക്കുള്ള റോഡു മുറിച്ചു കടക്കാൻ തത്രപ്പെടുന്ന ഒരു കുരുടന്റെ പെടാപ്പാടു കണ്ട് കൈ കൊട്ടി ചിരിക്കാതെ അയാളെ കൈപിടിച്ചു സഹായിക്കാൻ നമുക്കു കഴിയും! ഇത്തരം കൊച്ചുകൊച്ചു സേവനങ്ങൾ കൊണ്ടു നമുക്ക് ഈ ക്രിസ്മസ്സിന് ഉണ്ണിയേശുവിനു പുൽക്കൂടു തീർക്കാൻ ശ്രമിക്കാം.

ക്രിസ്മസ്സ് ആശംസകൾ!

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP