Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

രണ്ട് വെള്ളയപ്പം..ചിലപ്പോൾ രണ്ട് പോള; ഇത് രണ്ടുമല്ലെങ്കിൽ മൂന്ന് കഷണം പുട്ട്; തേങ്ങാപ്പത്തലും നെയ്‌പ്പത്തലും ഉണ്ടെങ്കിൽ ബഹുകേമം; ഇതിനെല്ലാം പഞ്ചസാര വിതറലും പതിവാണ്; ഇറച്ചിക്കറിയാണ് കൂട്ടാൻ; ഇങ്ങനെ ബീവിമാർ തിന്നും കുടിച്ചും കഴിയുകയാണെന്ന ധാരണ വേണ്ട; എല്ലുമുറിയെ പണിയെടുക്കും; പുതുതലമുറയ്ക്കറിയാത്ത അറയ്ക്കൽ രാജവംശത്തിലെ ബീവിമാരുടെ കൗതുകകരമായ ആരോഗ്യചര്യകൾ; മറുനാടൻ പരമ്പര തുടങ്ങുന്നു

രണ്ട് വെള്ളയപ്പം..ചിലപ്പോൾ രണ്ട് പോള; ഇത് രണ്ടുമല്ലെങ്കിൽ മൂന്ന് കഷണം പുട്ട്; തേങ്ങാപ്പത്തലും നെയ്‌പ്പത്തലും ഉണ്ടെങ്കിൽ ബഹുകേമം; ഇതിനെല്ലാം പഞ്ചസാര വിതറലും പതിവാണ്; ഇറച്ചിക്കറിയാണ് കൂട്ടാൻ; ഇങ്ങനെ ബീവിമാർ തിന്നും കുടിച്ചും കഴിയുകയാണെന്ന ധാരണ വേണ്ട; എല്ലുമുറിയെ പണിയെടുക്കും; പുതുതലമുറയ്ക്കറിയാത്ത അറയ്ക്കൽ രാജവംശത്തിലെ ബീവിമാരുടെ കൗതുകകരമായ ആരോഗ്യചര്യകൾ; മറുനാടൻ പരമ്പര തുടങ്ങുന്നു

രഞ്ജിത്ത് ബാബു

ചരിത്രം ഒളിപ്പിച്ചുവച്ചിരിക്കുന്ന ചില രസക്കൂട്ടുകൾ ഉണ്ട്. കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറയ്ക്കൽ രാജവംശത്തിനും പറയാനുണ്ട് പുതുതലമുറയ്ക്ക് അധികം അറിയാത്ത ചില രസക്കൂട്ടുകൾ. അവ ശീലങ്ങളുടെയും ആചാരങ്ങളുടെയും ഭാഗമായി വന്നതാണെങ്കിലും ആരോഗ്യ സംരക്ഷണത്തിൽ അതീവശ്രദ്ധാലുക്കളായ ന്യൂജൻകാർക്ക് പഠിക്കാനുണ്ട് ഏറെ. അറയ്ക്കൽ രാജവംശം പിന്തുടരുന്ന ചില നല്ല ആരോഗ്യ ശീലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോവുകയാണ് മറുനാടന്റെ കണ്ണൂർ ലേഖകനായ രഞ്ജിത് ബാബു

മ്പത്തിന്റെ സമൃദ്ധിയിൽ അടിച്ചുപൊളിച്ചുജീവിതം നയിക്കുന്നവരാണ് രാജാക്കന്മാരും രാജകുടുംബങ്ങളുമെന്നാണ് ഭൂരിപക്ഷത്തിന്റെയും ധാരണ. ഇട്ടുമൂടാൻ പണമുണ്ടല്ലോ...പിന്നെ ഇഷ്ടമുള്ളതെല്ലാം കഴിച്ചുകുടിച്ചുജീവിക്കാം എന്നുകരുതിയവരല്ല കേരളത്തിലെ രാജവംശങ്ങൾ. സംസ്ഥാനത്തെ ഏകമുസ്ലിം രാജവംശമായ അറയ്ക്കൽ രാജവംശവും നാട്ടുകാരെ സ്വന്തം ജീവിതത്തോട് ചേർത്തുനിർത്തി ജീവിക്കുന്നതിൽ പേരുകേട്ടവരാണ്.

ഒരുകാലത്ത് കണ്ണൂരും അതിനുചുറ്റുമുള്ള മുപ്പത്തിയൊന്നു ദേശങ്ങളും ഈ രാജവംശത്തിന്റെ കീഴിലായിരുന്നു. അറയ്ക്കൽ കുടുംബത്തിലെ ഏറ്റവും പ്രായമുള്ള വ്യക്തിയായിരുന്നു രാജാവ്. മറ്റു രാജവംശങ്ങളിൽ നിന്നു വ്യത്യസ്തമായി സ്ത്രീകളും രാജാധികാരം വഹിച്ചിരുന്നു. രാജാവ് പുരുഷനാണെങ്കിൽ ആലിരാജാവെന്നും സ്ത്രീയെങ്കിൽ ബീവി എന്നും അറിയപ്പെട്ടു. രാജകുടുംബാംഗങ്ങൾക്ക് മാത്രമല്ല ചുറ്റുമുള്ളവർക്കും ആരോഗ്യവും സമൃദ്ധിയുമുണ്ടാവണമെന്നാണ് രാജസ്ഥാനത്തുള്ള ബീവിമാരുടെ പ്രാർത്ഥന.

ബീവിമാരെ കാണാൻ എത്തുന്നവരുടെ വേദനയും വിഷമവും അവർ കേൾക്കുകയും പരിഹരിക്കുകയും ചെയ്തു പോന്നിരുന്നു. ദാനധർമ്മങ്ങൾക്ക് മുന്തിയ പരിഗണനയായിരുന്നു അറയ്ക്കൽ രാജാക്കന്മാർ നൽകി പോന്നിരുന്നത്. ദിനചര്യകളിലും ബീവിമാരുടെ ചിട്ടകൾ ഒന്നു വേറെ തന്നെയായിരുന്നു. അക്കാലത്ത് പുലർച്ചേ അഞ്ച് മണിക്കു മുമ്പ് തന്നെ ഉണരണം. അതിലിപ്പോഴും മാറ്റമില്ലെന്ന് മയ്മൂ ബീവിയും ബദരിയാ ബീവിയും പറയുന്നു. ഭക്ഷണ കാര്യത്തിൽ ഏറെ മാറ്റമുണ്ടെങ്കിലും പഴയത് പൂർണ്ണമായും വിസ്മൃതിയിലായിട്ടില്ല. അക്കാലത്ത് പുലർത്തി പോന്ന ഭക്ഷണ രീതി ഇങ്ങനെ:

അഞ്ച് മണിക്ക് ഉണർന്നു കഴിഞ്ഞാൽ നിസ്‌ക്കാരം. പിന്നെ ചായയും വാട്ടിയെടുത്ത രണ്ട് മുട്ടയും പതിവാണ്. ഗ്ലാസിൽ രണ്ട് മുട്ടയിട്ട് തിളച്ച വെള്ളത്തിലാണ് വാട്ടുക. അതുകഴിഞ്ഞ് തേച്ചുകുളിയാണ്. വീട്ടിൽ തയ്യാറാക്കിയ കുഴമ്പാണ് തേച്ചുകുളിക്ക് ഉപയോഗിക്കുന്നത്. എന്നാൽ അതിന്റെ ചേരുവകളൊന്നും ഇപ്പോൾ ആർക്കുമറിയില്ല. പ്രാതൽ 8 മണിക്കാണ്. രണ്ട് വെള്ളയപ്പം, ചിലപ്പോൾ രണ്ട് പോള. ഇത് രണ്ടുമല്ലെങ്കിൽ മൂന്ന് കഷണം പുട്ട്. തേങ്ങാപ്പത്തലും നെയ്‌പ്പത്തലും ഉണ്ടെങ്കിൽ ബഹുകേമം. ഇതിനെല്ലാം പഞ്ചസാര വിതറലും പതിവാണ്. ഇറച്ചിക്കറിയാണ് കൂട്ടാനായി ഉണ്ടാക്കുക.

ഇതെല്ലാം വായിച്ച് ബീവിമാരുൾപ്പെടെ തിന്നും കുടിച്ചും കഴിയുകയാണെന്ന ധാരണ വേണ്ട. എല്ലാവരും പണിയിൽ ഏർപ്പെടണം. മുക്കും മൂലയും വൃത്തിയാക്കണം. കൊട്ടാരത്തിന്റെ എല്ലാ മുറികളിലും എത്തണം. വിശ്രമമില്ലാത്ത വീട്ടുപണികൾ. അന്നന്നത്തെ കാര്യങ്ങൾ അന്വേഷിച്ച് പരിഹരിക്കുകയും വേണം. ഇതെല്ലാം കഴിഞ്ഞാൽ പത്ത് മണിക്ക് ഒരു ഗ്ലാസ് പശുവിൻ പാൽ പതിവാണ്. പിന്നെ വീണ്ടും പണികളിൽ ഏർപ്പെടണം. പന്ത്രണ്ട് മണിക്ക് കട്ടിയായ കഞ്ഞി വെള്ളം ഉപ്പിട്ട് കുടിക്കുന്ന പതിവും ഉണ്ടായിരുന്നു. ഈ ഇടവേളകളിലൊന്നും ചായയ്ക്കും കാപ്പിക്കും സ്ഥാനമില്ല. കൃത്യം ഒരു മണിക്കാണ് ഉച്ചയൂണ്. ഊണിന് ചോറും മീൻ മുളകിട്ടതും പൊരിച്ച മീനും ഉപ്പേരിയും പപ്പടവും എല്ലാമുണ്ടാകും. വിശദമായ ഉച്ച ഭക്ഷണത്തിന് ശേഷം മൂന്ന് മണിവരെ ഉറക്കമാണ്.

ഉച്ചയുറക്കുമുണർന്നാൽ, ചായയും എരിവില്ലാത്ത പലഹാരവും ഉണ്ടാകും. രാത്രി ഭക്ഷണം ഏഴ് മണിക്കാണ്. കഞ്ഞിയും പത്തിരിയുമാണ് പ്രധാനം. ഒപ്പം ഇറച്ചി പൊരിച്ചതും ചാറുമുണ്ടാകും. രാത്രി എട്ടിന് നിസ്‌ക്കാരം കഴിഞ്ഞ് ഉറക്കത്തിനുള്ള തയ്യാറെടുപ്പാണ്. ബീവിമാർ കാലുകളിൽ യൂക്കാലിപ്റ്റസ് ഓയിൽ തടവിയാണ് കിടക്കുക. മുൻ കാലങ്ങളിൽ ഏഴ് അട്ടിയുള്ള കിടക്കയിലായിരുന്നു ബീവിമാരുടെ ഉറക്കം. അതിൽ കയറാൻ പ്രത്യേക ഗോവണിയും ഒരുക്കാറുണ്ട്. ബീവിമാരടക്കം ഓരോരുത്തർക്കും ഓരോ ജോലിയുണ്ടാകും. അധ്വാനം അക്കാലത്ത് പതിവായിരുന്നു. ഇറച്ചിയും മീനും പാലും മുട്ടയും എല്ലാം കഴിച്ചിട്ടും അക്കാലത്ത് ആർക്കും കാര്യമായ ആരോഗ്യ പ്രശ്നങ്ങളുണ്ടായതായി അനുഭവമില്ലെന്ന് മയ്മു ബീവിയും ബദരിയാ ബീവിയും പറയുന്നു.

കൊളസ്ട്രോളും രക്ത സമ്മർദ്ദവും പ്രമേഹവുമൊന്നും തൊട്ടു തീണ്ടിയിട്ടില്ല. കൊട്ടാരത്തിൽ വൈദ്യന്മാരാണ് ചികിത്സകരായി എത്താറ്. അവർ കൊണ്ടു വരുന്ന അരിഷ്ടവും ഗുളികയും കൊണ്ട് മാറുന്ന രോഗം മാത്രമേ അക്കാലത്ത് ഉണ്ടായിരുന്നുള്ളൂ. ബീവിമാരുൾപ്പെടെയുള്ളവരുടെ കഠിനാധ്വാനമാണ് രോഗങ്ങളെ അകറ്റുന്നതെന്നും പറയുന്നു. ഇന്നത്തെ തലമുറയ്ക്ക് അതൊന്നും വേണമെന്നില്ല. രാജാവും രാജ്യവുമൊക്കെ പഴയ കഥയല്ലേ. ഇന്ന് എല്ലാം മാറി മറിഞ്ഞു. ഒറ്റപ്പെട്ട ചിലർ മാത്രം ചിലതെല്ലാം അനുഷ്ടിക്കുന്നു. അറയ്ക്കൽ ബീവിമാർ പിൻതുടർന്ന് പോന്ന ആരോഗ്യ പരിപാലന സംഹിതകൾ രാജ പ്രതാപം പോലെ തന്നെ അസ്തമനത്തിന്റെ പാതയിലാണ്. അമിത ഭക്ഷണം വർജ്ജിച്ചും അധ്വാനം ജീവിതചര്യയാക്കിയും ഇങ്ങിനെയാരു രാജവംശം ഇവിടെ ഭരണം നടത്തിയിരുന്നുവെന്നത് വരും തലമുറക്ക് കൗതുകമാകും.

അറയ്ക്കൽ രാജവംശത്തിന്റെ ചെറുചരിത്രം

14 ാം നൂറ്റാണ്ടിന്റെ ആദ്യ ദശയിലാണ് കണ്ണൂരിലെ അറക്കൽ രാജവംശം സ്ഥാപിതമായത്. കോലത്തിരിയുടെ കപ്പൽ പടയുടെ അധിപതി രാമൻന്തളി അരയൻ കുളങ്ങര നായർ തറവാട്ടിലെ ഒരു വ്യക്തി ഇസ്ലാം മതത്തിൽ ചേർന്ന് മുഹമ്മദാലി ആയിത്തീരുകയും ഒരിക്കൽ അദ്ദേഹം ഏഴിമല പുഴയിൽ കുളിച്ചു കൊണ്ടിരിക്കേ നടുപ്പുഴയിലെത്തിയ ഒരു കോലത്തിരി തമ്പുരാട്ടി മുങ്ങി താഴുന്നത് കണ്ടെന്നും പുഴയിൽ ചാടി തമ്പ്രാട്ടിയെ രക്ഷിക്കുകയും ചെയ്തു. പുഴയിൽ മുങ്ങി കൊണ്ടിരിക്കുന്ന തന്നെ രക്ഷിച്ച യുവാവിന് തമ്പ്രാട്ടി വിവാഹം കഴിക്കാൻ നിർബന്ധം പിടിക്കുകയും കോലത്തിരി രാജാവ് തന്നെ മമ്മാലിക്ക് തമ്പ്രാട്ടിയെ വിവാഹം കഴിക്കാൻ അനുമതി നൽകുകയും ചെയ്തു. അങ്ങിനെ ഉത്ഭവിച്ചതാണ് അറക്കൽ രാജവംശം എന്നാണ് ഐതീഹ്യം.

അറയ്ക്കൽ രാജകുടുംബത്തിന്റെ സ്ഥാപകൻ മുഹമ്മദലി എന്നു പേരുള്ള ഒരു രാജാവായിരുന്നുവെന്ന് മലബാർ മാന്യുവലിൽ വില്യും ലോഗൻ രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ ആദ്യത്തെ രാജാവ് മുഹമ്മദലിയെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. അറക്കൽ സ്വരൂപത്തിലെ ഭരണാധിപന്മാരെല്ലാം അലിരാജാ എന്ന് പേര് ചേർത്തിരുന്നു. കേരളത്തിലെ ആദ്യ മുസ്ലിം ഭരണാധികാരി എന്ന നിലയിൽ ആധിരാജാ എന്നും കടലുകളുടെ അധിപതി എന്ന നിലിയിൽ ആഴി രാജാ എന്നും പേര് വന്നതായും അറിയുന്നു.

ഇന്നത്തെ ധർമ്മടം അക്കാലത്തെ ധർമ്മ പട്ടണമായിരുന്നു. അവിടെ നിന്നും മതപരിവർത്തനത്തിന് ശേഷം അറക്കൽ കുടുംബം കണ്ണൂരിൽ സ്ഥിര താമസമാക്കി. കോട്ട കൊത്തളങ്ങളും പ്രാർത്ഥനാലയങ്ങളും അവർ നിർമ്മിച്ചു. കണ്ണൂരിനെ ഒരു പ്രധാന തുറമുഖ പട്ടണമാക്കിയത് അറക്കൽ രാജവംശമായിരുന്നു. അതുകൊണ്ടു തന്നെ മധ്യകാല കേരളത്തിലെ വ്യാവസായിക രാഷ്ട്രീയ മേഖലകളിൽ അറക്കൽ രാജവംശത്തിനും കണ്ണൂരിനും പ്രധാന പരിഗണന ലഭിച്ചു. കണ്ണൂരിന്റെ അക്കാലത്തെ പുരോഗതിയും ഈജിപ്ത്, ആഫ്രിക്ക, അറേബ്യ തുടങ്ങിയ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധമായിരുന്നു. കുരുമുളക്, കാപ്പി., സുഗന്ധ വ്യജ്ഞനങ്ങൾ, വെറ്റില, അടക്ക തുടങ്ങിയ ഉത്പ്പന്നങ്ങൾ അറക്കൽ രാജവംശത്തിന്റെ പ്രതാപ കാലത്ത് കയറ്റി അയച്ചിരുന്നു.രാജവംശത്തിലെ 38ാമത് അറയ്ക്കൽ സുൽത്താനയായി ആദിരാജാ ഫാത്തിമാ മുത്തുബീവി ജൂലൈയിലാണ് അധികാരമേറ്റത്.

പരമ്പര തുടരും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP