Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നിരാശപ്പെടേണ്ട... വെള്ളപ്പൊക്കത്തിൽ നഷ്ടമായതൊക്കെ നമുക്ക് തിരിച്ചു പിടിക്കാം... വീടിന്റെ ആധാരം മുതൽ ആധാർ കാർഡ് വരെയുള്ള ആവശ്യരേഖകൾ നഷ്ടപ്പെട്ട എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

നിരാശപ്പെടേണ്ട... വെള്ളപ്പൊക്കത്തിൽ നഷ്ടമായതൊക്കെ നമുക്ക് തിരിച്ചു പിടിക്കാം... വീടിന്റെ ആധാരം മുതൽ ആധാർ കാർഡ് വരെയുള്ള ആവശ്യരേഖകൾ നഷ്ടപ്പെട്ട എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

സോണി ജോസഫ്

പ്രതീക്ഷിതമായി ആർത്തലച്ചെത്തിയ വെള്ളത്തിന്റെ കുത്തൊഴുക്കിൽ അടിപതറിയ മലയാളികൾ ആദ്യം ചിന്തിച്ചത് സ്വന്തം ജീവനെക്കുറിച്ചാണ്. അതുകൊണ്ടാണ് എല്ലാം ഇട്ടെറിഞ്ഞിട്ട് സുരക്ഷിതമെന്നു തോന്നിയ മേഖലകളിലേക്ക് അവർ രണ്ടിലൊന്ന് പോലും ആലോചിക്കാതെ പലായനം ചെയ്തത്. വർഷങ്ങളായി ആറ്റുനോറ്റുണ്ടാക്കിയ സമ്പാദ്യങ്ങളും കഷ്ടപ്പെട്ടുണ്ടാക്കിയ ഭവനങ്ങളും അതിനുള്ളിൽ സൂക്ഷിച്ചിരുന്ന വിലപ്പെട്ട രേഖകളും എല്ലാം ഏതാനും മണിക്കൂറുകൾക്കുള്ളിൽ നഷ്ടപ്പെട്ട അനേക ലക്ഷം ആളുകളാണ് ഇപ്പോൾ കേരളത്തിലുള്ളത്. വെള്ളപ്പൊക്കം സമ്മാനിച്ച ദുരിത പർവ്വത്തിന്റെ ആദ്യ പടി കടന്ന് സ്വഭവനകളിലേക്ക് തിരിയെ വന്നപ്പോൾ ചെളിമൂടി നിറഞ്ഞ ചുവരുകളും അഴുക്കുചാലുകൾ പോലുള്ള നിലങ്ങളും ദുർഗന്ധം വമിക്കുന്ന അന്തരീക്ഷങ്ങളും ആണ് അവരെ എതിരേറ്റത്.

എന്നാൽ മിക്ക കുടുംബങ്ങളെയും ഇപ്പോൾ അലട്ടുന്ന പ്രധാന പ്രശ്നം തങ്ങളുടെ നിലനിൽപ്പിന്റെ രേഖകൾ മുതൽ സ്വന്തം സ്വത്വം അടയാളപ്പെടുത്തുന്ന രേഖകൾ വരെ നഷ്ടമായ അവസ്ഥയാണ്. മുറ്റത്തു കിടക്കുന്ന വാഹനങ്ങൾ പ്രവർത്തിക്കാത്ത അവസ്ഥയിലാണ്. ഭൂമിയുണ്ട് എന്നാൽ ആധാരമില്ല. ബാങ്കിൽ പണമുണ്ട്, എന്നാൽ ബാങ്ക് രേഖകളില്ല. ഇന്ത്യൻ പൗരനാണ് എന്നാൽ പൗരത്വം തെളിയിക്കാൻ തിരിച്ചറിയൽ കാർഡില്ല. ഇത്തരം അവസ്ഥകളാണ് ബഹുഭൂരിപക്ഷം ആളുകളെ ഏറെ തളർത്തുന്ന കാര്യവും.

ബഹുമാനപ്പെട്ട കേരളാ ആരോഗ്യമന്ത്രി ശ്രീമതി ഷൈലജ ടീച്ചർ ഇന്നലെ ഇക്കാര്യം വാർത്താസമ്മേളനത്തിൽ പ്രേത്യേകം എടുത്തു പറയുകയുണ്ടായി. വിലപ്പെട്ട പല രേഖകളും നഷ്ടപ്പെട്ടവർ എങ്ങിനെ അവയൊക്കെ വീണ്ടെടുക്കാം എന്ന ആധിയിൽ വളരെ മാനസിക സംഘർഷം അനുഭവിക്കുന്നെന്നും അവർക്കായി കേരളാ ഗവൺമെന്റ പ്രത്യേകം കൗൺസിലിങ് സൗകര്യങ്ങൾ ഏർപ്പെടുത്താൻ വേണ്ട നടപടികൾ ചെയ്തു കൊണ്ടിരിക്കുകയാണ് എന്നും മന്ത്രി പ്രസ്താവിച്ചു.

മലവെള്ളപ്പാച്ചിലിനൊപ്പം നഷ്ടപ്പെട്ട നമ്മുടെ വിലപ്പെട്ട രേഖകൾ എങ്ങിനെ വീണ്ടെടുക്കാം എന്ന വിലയേറിയ കാര്യങ്ങൾ ആണ് ഇനി പറയുന്നത്

ആധാരം വീണ്ടെടുക്കാൻ

ആധാരം നഷ്ടപ്പെട്ടാൽ അതിന്റെ സെർട്ടിഫൈഡ് കോപ്പി സബ് രജിസ്റ്റ്രർ ഓഫിസിൽ നിന്നും എടുക്കാം. ആധാരം രജിസ്റ്റർ ചെയ്ത തീയതിയും നമ്പറും കിട്ടിയാൽ കാര്യങ്ങൾ ഏറെ എളുപ്പമായി. അതില്ലെങ്കിൽ തന്നെ മിക്ക ജില്ലകളിലും സബ് റെജിസ്ട്രർ ഓഫീസുകളിൽ 1992 ജനുവരി ഒന്ന് മുതലുള്ള ഡിജിറ്റൽ പതിപ്പ് കമ്പ്യൂട്ടറുകളിൽ ഉണ്ട്. പഴയ ആധാരം പേരിന്റെ ആദ്യത്തെ അക്ഷരം വച്ചും, വില്ലേജ്, ദേശം, അംശം എന്നിവ വച്ചും തിരിച്ചറിയാം. ആധാരം തിരിച്ചെടുക്കാൻ സമയ താമസം എടുക്കുന്നുവെങ്കി അത് കാണിച്ചു പത്രപ്പരസ്യം കൊടുക്കുന്നത് വഴി മറ്റാരും അത് ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ പറ്റും.

റേഷൻ കാർഡ് വീണ്ടെടുക്കാൻ

റേഷൻ കാർഡ് നഷ്ടപ്പെട്ടാൽ താലൂക്ക് സപ്ലൈ ഓഫിസിൽ അപേക്ഷിച്ചാൽ താൽക്കാലിക റേഷൻ കാർഡ് കിട്ടും. റേഷൻ കാർഡിന്റെ പകർപ്പ് കയ്യിലുണ്ടെങ്കിൽ റേഷൻ വാങ്ങുന്നതിന് അത് മതിയാവും.തുടർന്ന് പുതിയ കാർഡിന് അപേക്ഷിക്കാം.

ആധാർ കാർഡ് വീണ്ടെടുക്കാൻ

ആധാർ എന്റോൾമെന്റ് ചെയാവുന്ന തൊട്ടടുത്ത അക്ഷയ കേന്ദ്രം കണ്ടുപിടിച്ച ശേഷം അവിടെയെത്തി പേരും, വിലാസവും, ജനന തീയതിയും കൃത്യമായി പറഞ്ഞ ശേഷം വിരലടയാളം നൽകിയാൽ ഇലക്ട്രോണിക് ആധാർ ലഭിക്കും. അവയുടെ പ്രിന്റ് എടുത്തും ഉപയോഗിക്കാം.

വോട്ടർ ഐ ഡി കാർഡ് വീണ്ടെടുക്കാൻ

www.ceo.kerala.gov.in എന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റ് സന്ദർശിച്ചാൽ വേണ്ട നിർദ്ദേശങ്ങൾ ലഭിക്കും. ഇവിടെ നിന്നും അപേക്ഷാഫോം ഡൗൺ ലോഡ് ചെയ്ത ശേഷം പൂരിപ്പിച്ച് വിവരങ്ങൾക്കൊപ്പം ഇരുപത്തി അഞ്ചു രൂപ ഫീസും ഒരുമിച്ച് തഹസീൽദാർ അല്ലെങ്കിൽ ഇലക്ടറൽ ഓഫീസർക്ക് അപേക്ഷ നൽകണം. തിരിച്ചറിയൽ കാർഡിന്റെ നമ്പർ ഓർമ്മയില്ലെങ്കിൽ ഈ വെബ്സൈറ്റിൽ കേറിയാൽ സേർച്ച് ചെയ്ത് കണ്ടുപിടിക്കാം. ജില്ലാ, അസംബ്ലി, നിയോജക മണ്ഡലം, അപേക്ഷകന്റെ പേര്, വീട്ടുപേര് എന്നിവ നൽകിയാൽ വോട്ടർ പട്ടികയിലെ ആളിന്റെ വിവരം ലഭിക്കും.വീട്ടിൽ ഇന്റർനെറ്റ് ഇല്ലാത്തവർക്ക് തൊട്ടടുത്ത അക്ഷയ കേന്ദ്രം വഴിയും ഇക്കാര്യങ്ങൾ ചെയ്യാം.

ആർ സി ബുക്ക്, ഡ്രൈവിങ് ലൈസൻസ് എന്നിവ വീണ്ടെടുക്കാൻ

ആർ സി ബുക്ക്, ഡ്രൈവിങ് ലൈസൻസ് എന്നിവ കാണാതായാൽ പത്ര പരസ്യം നൽകിയ ശേഷം അപേക്ഷ നൽകി നിശ്ചിത ഫീസ് അടച്ചാൽ രണ്ടാഴ്ചക്കുള്ളിൽ ഡ്യൂപ്ലിക്കേറ്റ് ലഭിക്കും. വെള്ളപ്പൊക്ക ദുരിതത്തിന്റെ ഭാഗമായി ആർ സി ബുക്ക്, ഡ്രൈവിങ് ലൈസൻസ് എന്നിവക്ക് കേടു പറ്റിയാൽ ഇവയുമായി ആർ ടി ഓ ഓഫീസിൽ എത്തിയാൽ പുതിയ ആർ സി ബുക്ക് ലഭ്യമാകും. ലോൺ എടുത്ത വാഹനം ആണെങ്കിൽ ലോൺ നൽകിയ സ്ഥാപനത്തിന്റെ എൻ ഓ സി യും നൽകിയാൽ നടപടികൾ വേഗത്തിലാകും.

വാഹനങ്ങൾക്ക് ഇൻഷുറൻസ് കവർ കിട്ടാൻ

വെള്ളപ്പൊക്കകെടുതിയിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചാലും വാഹനം ഒഴുകിപ്പോയാലും വിവിധ ഇൻഷുറൻസ് കമ്പനികളുടെ ഫ്ളഡ് കവറേജ് ക്ലയിമിൽ ഉൾക്കൊള്ളിച്ചു നഷ്ടപരിഹാരം നൽകാറുണ്ട്. വെള്ളത്തിൽ മുങ്ങിയ വാഹനങ്ങളുടെ വീഡിയോയോ ചിത്രങ്ങളോ പകർത്തി തെളിവിനായി സൂക്ഷിക്കണം. മാത്രമല്ല അറ്റകുറ്റ പണിക്കായി വാഹനങ്ങൾ അയക്കുന്നതിനു മുൻപായി ഇൻഷുറൻസ് ഏജന്റുമായോ മറ്റധികാരികളുമായോ സംസാരിച്ച് ക്ലയിം സംബന്ധിച്ചു ധാരണയിലെത്തണം.

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വെള്ളത്തിനടിയിലായ വാഹനം സ്വയം സ്റ്റാർട്ട് ചെയ്യരുത്. ക്വാളിഫൈഡ് ആയിട്ടുള്ള ഒരു മെക്കാനിക്കിനെ കാണിച്ച ശേഷം അവർ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിച്ചു കാര്യങ്ങൾ ചെന്നത് വഴി ഇൻഷുറൻസ് ക്ലയിം എളുപ്പത്തിൽ ലഭ്യമാക്കുവാൻ സാധിക്കും.

ഓണപ്പരീക്ഷ ഇങ്ങടുത്തു. പാഠപുസ്തകം വീണ്ടെടുക്കുവാൻ ചെയ്യേണ്ട കാര്യങ്ങൾ

പരീക്ഷയിൽ നിന്നും രക്ഷപെടുവാൻ ആഗ്രഹിക്കുന്ന കുസൃതികൾക്ക് ഈ വെള്ളപ്പൊക്കം ഒരനുഗ്രഹം ആയേക്കാം. എന്നാൽ അവരെ അങ്ങനെ ഉഴപ്പാൻ വിടേണ്ട കാര്യമില്ല. വെള്ളപ്പൊക്കത്തിലോ മഴയിലോ പാഠപുസ്തകം നഷ്ടമായാൽ സ്‌കൂളിലെ ഹെഡ്‌മാസ്റ്റർ സാക്ഷ്യപത്രത്തോടെ ആവശ്യപ്പെടുന്ന എണ്ണത്തിൽ ഡി ഡി ഓഫീസിൽ നിന്നും പാഠപുസ്തകങ്ങൾ ലഭ്യമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP