Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202001Sunday

ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ വിസ്മരിക്കാനാവാത്ത ഒരേടാണ് പറവൂർ; ആദ്യമായി വോട്ടിങ്് യന്ത്രം ഉപയോഗിച്ചത് കേസായി റീപോളിങ്ങ് നടത്തിയപ്പോൾ വിജയിയും മാറി; എന്നും ഈഡൻ കുടുംബത്തിന്റെ ഏദൻതോട്ടമായിരുന്നു എറണാകുളം നിയോജക മണ്ഡലം; കേരളത്തിന്റെ രാഷ്ട്രീയ വെള്ളിത്തിരയിൽ ആദ്യ തിളങ്ങിയ താരം പി ടി കുഞ്ഞു മുഹമ്മദ്; ഒരാൾ തന്നെ മൂന്നു ഉപതിരഞ്ഞെടുപ്പുകൾക്ക് കാരണക്കാരനാകുക എന്ന അപൂർവത സിഎച്ചിന്; ജോർജ് പുളിക്കന്റെ ലേഖന പരമ്പര 'ഉപതെരഞ്ഞെടുപ്പുകളുടെ കഥ' തുടരുന്നു

ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ വിസ്മരിക്കാനാവാത്ത ഒരേടാണ് പറവൂർ; ആദ്യമായി വോട്ടിങ്് യന്ത്രം ഉപയോഗിച്ചത് കേസായി റീപോളിങ്ങ് നടത്തിയപ്പോൾ വിജയിയും മാറി; എന്നും ഈഡൻ കുടുംബത്തിന്റെ ഏദൻതോട്ടമായിരുന്നു എറണാകുളം നിയോജക മണ്ഡലം; കേരളത്തിന്റെ രാഷ്ട്രീയ വെള്ളിത്തിരയിൽ ആദ്യ തിളങ്ങിയ താരം പി ടി കുഞ്ഞു മുഹമ്മദ്; ഒരാൾ തന്നെ മൂന്നു ഉപതിരഞ്ഞെടുപ്പുകൾക്ക് കാരണക്കാരനാകുക എന്ന അപൂർവത സിഎച്ചിന്; ജോർജ് പുളിക്കന്റെ ലേഖന പരമ്പര 'ഉപതെരഞ്ഞെടുപ്പുകളുടെ കഥ' തുടരുന്നു

ജോർജ് പുളിക്കൻ

ഞ്ച് ഉപതിരഞ്ഞെടുപ്പുകൾ.. കേരളം ആവേശത്തിലാണ്. ഇതിനിടെ ഉപതിരഞ്ഞെടുപ്പിന്റെ രസകരമായ ചരിത്രം കേരളത്തിനുണ്ട്. ഇത് രസകരമായി അവതരിപ്പിക്കുകായണ് മാധ്യമ പ്രവർത്തകനായ ജോർജ് പുളിക്കൻ. പുളിക്കന്റെ ലേഖന പരമ്പരയുടെ അഞ്ചാം ഭാഗം.

നിർമ്മാതാവ് നായകനായപ്പോൾ

കേരളത്തിന്റെ രാഷ്ട്രീയ വെള്ളിത്തിരയിൽ ആദ്യ തിളങ്ങിയ താരം പി.ടി.കുഞ്ഞുമുഹമ്മദാണ്. സിനിമയുടെ നക്ഷത്രവിതാനത്ത് വേറിട്ട വഴികളിലൂടെ സഞ്ചിരിച്ച് പലതവണ ദേശീയ, സംസ്ഥാന ബഹുമതികൾ നേടിയ നിർമ്മാതാവും സംവിധായകനുമായ കുഞ്ഞുമുഹമ്മദ് സിപിഎമ്മിന്റെ തിരക്കഥയിലും സംവിധാനത്തിലാണ് രാഷ്ട്രീയത്തിൽ നായകവേഷമണിഞ്ഞത്. അശ്വത്ഥാമാവ്, പുരുഷാർഥം, സ്വരൂപം എന്നീ ചിത്രങ്ങളുടെ നിർമ്മാതാവായും പവിത്രന്റെ ഉപ്പിൽ അഭിനയിച്ചും താരമായി മാറിയിരുന്ന കുഞ്ഞുമുഹമ്മദിന്റെ ആദ്യ തിരഞ്ഞെടുപ്പു ലൊക്കേഷൻ ഗുരുവായൂരായിരുന്നു.

ബാബറി മസ്ജിദിന്റെ തകർച്ചയെത്തുടർന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് എടുത്ത നിലപാടിൽ പ്രതിഷേധിച്ച് അഖിലേന്ത്യാ പ്രസിഡന്റ് ഇബ്രാഹിം സുലൈമാൻ സേട്ട് ലീഗുമായി ഇടഞ്ഞു. തുടർന്ന് അദ്ദേഹം ഇന്ത്യൻ നാഷണൽ ലീഗ് എന്ന പുതിയ പാർട്ടി ഉണ്ടാക്കിയപ്പോൾ ഗുരുവായൂർ എം.എൽ.യായിരുന്ന പി.എം.അബൂബക്കറും അദ്ദേഹത്തോടൊപ്പം കൂടി. പിന്നാലെ അബൂബക്കർ എംഎ‍ൽഎ സ്ഥാനവും രാജിവച്ചു. ഇതേത്തുടർന്നായിരുന്നു ഗുരുവായൂരിൽ ഉപതിരഞ്ഞെടുപ്പു വേണ്ടി വന്നത്.

മുസ്ലിംലീഗ് രാഷ്ട്രീയത്തിലുണ്ടായ ഈ കുഴമറിച്ചിൽ മുതലാക്കി മുസ്ലിംലീഗിന്റെ കുത്തക സീറ്റായിരുന്ന ഗുരുവായൂർ തിരിച്ചുപിടിക്കാൻ സിപിഎമ്മും വേറിട്ട ആലോചനകൾ നടത്തി. അങ്ങനെയാണ് കുഞ്ഞുമുഹമ്മദിനെ അണിയിച്ചൊരുക്കിയത്. ചെണ്ട ചിഹ്നവുമായി എത്തിയ കുഞ്ഞുമുഹമ്മദ് കൊട്ടിക്കയറി പ്രമാണിയായപ്പോൾ ഭരണകക്ഷി സ്ഥാനാർത്ഥിക്ക് പിടിച്ചുനിൽക്കാനായില്ല. 1994 മെയ് 26-നു നടന്ന ഉപതിരഞ്ഞെടുപ്പിൽ മുസ്ലിംലീഗിലെ അബ്ദു സമദ് സമദാനിയായിരുന്നു കുഞ്ഞുമുഹമ്മദിന്റെ പ്രതിനായകൻ. പൊരിഞ്ഞ പോരാട്ടം നടന്നെങ്കിലും ക്ലൈമാക്‌സിൽ പതിവുപോലെ നായകൻ തന്നെ വിജയിച്ചു. പി.എം.അബൂബക്കർ സിപിഎം.സ്വതന്ത്രനായിരുന്ന അഡ്വ.കെ.കെ.കമ്മുവിനെ 5676 വോട്ടിനു തോലപിച്ച മണ്ഡലത്തിൽ കുഞ്ഞുമുഹമ്മദ് 2052 വോട്ടിന്റെ ഭൂരിപക്ഷം നേടി. ചാവക്കാട് പഞ്ചാരമുക്കു സ്വദേശിയായ കുഞ്ഞുമുഹമ്മദും ഫാൻസ് അസോസിേഷനും വിജയമധുരം നുണഞ്ഞു. അങ്ങനെ നിരവധി സിനിമാ അംഗീകാരങ്ങൾക്കൊപ്പം ഗുരുവായൂരുകാർ സമ്മാനിച്ച എംഎ‍ൽഎ.പുരസ്‌കാരം 1996-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും അദ്ദേഹം കാത്തുസൂക്ഷിച്ചു. അപ്പോഴേക്കും ചെണ്ടയിൽ നിന്ന് കുട്ടയിൽ അഭയംതേടിയ അദ്ദേഹം മുസ്ലിംലീഗിലെ ആർ.പി.മൊയ്തൂട്ടിക്കെതിരെ 2836 വോട്ടുകൾ നേടി സ്വന്തം കുട്ട നിറച്ചു.

പറവൂരിൽ യന്ത്രത്തകരാർ

രണ്ടു തവണ ഉപ തിരഞ്ഞെടുപ്പു നടന്ന എറണാകുളം ജില്ലയിലെ പറവൂർ നിയമസഭാ മണ്ഡലം ( ഇപ്പോൾ വടക്കൻ പറവൂർ) ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ വിസ്മരിക്കാനാവാത്ത ഒരേടാണ്. ഇന്ത്യയിലാദ്യമായി ഇലക്ടോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ചത് പറവൂരിലായിരുന്നു. 1982-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പറവൂരിൽ ആകെയുണ്ടായിരുന്ന 83 ബൂത്തുകളിൽ 50 ബൂത്തുകളിലായിരുന്നു പരീക്ഷണം. ഇതു തന്നെയാണ് പറവൂരിൽ ഉപതിരഞ്ഞെടുപ്പിനു കളമൊരുക്കിയതും.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണിയപ്പോൾ സിപിഐ സ്ഥാനാർത്ഥി എൻ.ശിവൻപിള്ള എ.സി.ജോസിനെ 123 വോട്ടിന് തോൽപ്പിച്ചു. വോട്ടിങ് യന്ത്രം ഉപയോഗിച്ചി ബൂത്തുകളിലെ വോട്ടെടുപ്പ് അസാധുവാക്കണമെന്നവശ്യപ്പെട്ട് എ.സി.ജോസ് സുപ്രീം കോടതിയെ സമീപിച്ചു. എ.സി ജോസിന്റെ ഹർജി അനുവദിച്ച കോടതി ആ ബൂത്തുകളിൽ മാത്രം വീണ്ടും തിരഞ്ഞെടുപ്പു നടത്താൻ ഉത്തരവിട്ടു. 1984 മെയ് 21ന് അമ്പതു ബൂത്തുകളിൽ ഉപതിരഞ്ഞെടുപ്പു നടന്നു. ഫലം വന്നപ്പോൾ വിജയിയും മാറിമറിഞ്ഞു. 1446 വോട്ടുകൾക്ക് എ.സി.ജോസ് വിജയിച്ചു.

പറവൂർ ഉപതിരഞ്ഞെടുപ്പിനു ആദ്യം സാക്ഷ്യം വഹിച്ചത് 1973 ജനുവരി 23-നായിരുന്നു. അന്നും കോൺഗ്രസ് സ്ഥാനാർത്ഥി എ.സി.ജോസ് തന്നെയായിരുന്നു. പറവൂരിൽ നിന്നു ജയിച്ച കോൺഗ്രസുകാരനും സി.അച്യുതമേനോൻ മന്ത്രിസഭയിൽ ധനമന്ത്രിയുമായിരുന്ന കെ.ടി.ജോർജ് 1972 ഏപ്രിൽ മൂന്നിന് മരിച്ചതിനെത്തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്. സിപിഎം സ്വതന്ത്രൻ വർക്കി പൈനാടനും എ.സി.ജോസും തമ്മിലുള്ള മത്സരത്തിനൊടുവിൽ മണ്ഡലം സിപിഎം പിടിച്ചെടുത്തു. 1970-ലെ തിരഞ്ഞെടുപ്പിൽ സിപിഐക്കാരനായിരുന്ന കെ.ടി.ജോർജ് സിപിഎമ്മിലെ പി.ഗംഗാധരനെ 1949 വോട്ടിനാണ് തോൽപ്പിച്ചതെങ്കിൽ വർക്കി തന്റെ ഭൂരിപക്ഷം 6158 വോട്ടായി ഉയർത്തി.

ഈഡന്റെ ഏദൻതോട്ടം

എറണാകുളം നിയോജകമണ്ഡലം എന്നും ഈഡൻ കുടുംബത്തിന്റെ ഏദൻതോട്ടമാണ്. എറണാകുളത്തെ നിയമസഭാംഗമായിരുന്ന ഹൈബി ഈഡൻ കൂടി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അച്ഛനെയും മകനെയും നിയമസഭയിലേക്കും ലോക്‌സഭയിലേക്കും വമ്പൻ ഭൂരിപക്ഷത്തിൽ ജയിപ്പിച്ച മണ്ഡലം എന്ന അപൂർവത എറണാകുളം സ്വന്തമാക്കുകയാണ്. പിതാവ് ജോർജ് ഈഡനെപ്പോലെ നിയമസഭാഗത്വം രാജിവെച്ച് ലോക്‌സഭയിലേക്ക് മത്സരിച്ചു ജയിച്ച ഹൈബി ഈഡൻ ആ വഴിയിലും അത്യപൂർവത സൃഷ്ടിച്ചിരിക്കുന്നു. രണ്ടു ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകൾ കൂടി കൂട്ടിയാൽ എറണാകുളം മണ്ഡലത്തിൽ ഇതേവരെ നാല് ഉപതിരഞ്ഞെടുപ്പുകൾ നടന്നുകഴിഞ്ഞു. നിയമസഭാംഗങ്ങൾ ലോക്‌സഭയിലേക്ക് മത്സരിച്ചു ജയിച്ചതിനെത്തുടർന്നാണ് ഈ നിയമസഭാ ഉപതിരഞ്ഞെടുപ്പുകളെല്ലാം ഉണ്ടായത്് എന്ന അസാധാരണത്വവും എറണാകുളത്തിനുണ്ട്.

1998 ജൂൺ രണ്ടിനായിരുന്നു എറണാകുളത്തെ ആദ്യ ഉപതിരഞ്ഞെടുപ്പ്. കോൺഗ്രസ് എംഎ‍ൽഎയായിരന്ന ജോർജ് ഈഡൻ ലോക്‌സഭയിലേക്ക് പോയതിനെത്തടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ എറണാകുളം കോൺഗ്രസിന് നഷ്ടമായി. ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി ഡോ.സെബാസ്റ്റ്യൻ പോൾ 3940 വോട്ടുകൾക്ക് കോൺഗ്രസ് ഐയിലെ ലിനോ ജേക്കബിനുമേൽ അട്ടിമറി വിജയം നേടി. ജോർജ് ഈഡൻ സിപിഎമ്മിലെ വി.ബി.ചെറിയാനെ 10,710 വോട്ടിന്റെ ഭൂരിപക്ഷത്തിന് തോല്പിച്ച മണ്ഡലമായിരുന്നു എറണാകുളം എന്നതാണ് വിജയത്തിന്റെ മാറ്റുകൂട്ടുന്നത്.

2009 നവംബർ പത്തിനായിരുന്നു രണ്ടാമത്തെ ഉപതിരഞ്ഞെടുപ്പ്. നിയമസഭാംഗമായിരുന്ന കോൺഗ്രസിലെ കെ.വി.തോമസ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചപ്പോഴായിരുന്നു ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കോൺഗ്രസിലെ ഡൊമിനിക്ക് പ്രസന്റേഷനും സിപിഎം.സ്വതന്ത്രൻ പി.എൻ.സീനുലാലും ഏറ്റുമുട്ടിയപ്പോൾ വിജയം ഡൊമിനിക്കിനൊപ്പം നിന്നു. 2006-ലെ തിരഞ്ഞെടുപ്പിൽ കെവി.തോമസ് സിപിഎമ്മിലെ എം.എ.ം.ലോറൻസിനെതിരെ നേടിയ 5800 വോട്ടിന്റെ ഭൂരിപക്ഷം 8620 ആയി വർധിപ്പിക്കാനും ഡൊമിനിക്കിനു കഴിഞ്ഞു.

1997 മെയ് 29നാണ് എറണാകുളം ലോക്‌സഭാ മണ്ഡലത്തിൽ ആദ്യ ഉപതിരഞ്ഞെടുപ്പ് നടന്നത്. 1997 ഫെബ്രുവരി രണ്ടിന് മരിച്ച സേവ്യർ അറയ്ക്കലിന്റെ ഒഴിവിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. സിപിഎം സ്വതന്ത്രനായ അഡ്വ.സെബാസ്റ്റ്യൻ പോളും കോൺഗ്രസ് ഐയിലെ പ്രൊഫ.ആന്റണി ഐസക്കും മത്സരിച്ചപ്പോൾ സെബാസ്റ്റ്യൻപോൾ 24,317 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

ലോക്‌സഭാംഗമായ ജോർജ് ഈഡൻ 2003 ജൂലായ് 26 ന് മരിച്ചതിനെത്തുടർന്നായിരുന്നു രണ്ടാമത്തെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. 2003 സെപ്റ്റംബർ 23 നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഐക്കാരനായ എം.ഒ.ജോണും സെബാസ്റ്റ്യൻ പോളും ഏറ്റുമുട്ടിയപ്പോൾ 22,132 വോട്ടിന് സെബാസ്റ്റ്യൻ പോൾ വിജയം ആവർത്തിച്ചു. ഹൈബി ഈഡൻ ലോക്‌സഭാംഗമായതോടെ വീണ്ടുമൊരു നിയമസഭാ ഉപതിരഞ്ഞെടുപ്പിനായി എറണാകുളം തയ്യാറെടുക്കുകയാണ്. അതോടെ ലോക്‌സഭയിലും നിയമസഭയിലേക്കുമായി അഞ്ച് ഉപതിരഞ്ഞെടുപ്പുകൾ നടന്ന മണ്ഡലം എന്ന പ്രത്യേക എറണാകുളത്തിനു സ്വന്തമാകും.രണ്ടു തവണ നിയമസഭയിലേക്ക് ഉപതിരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങൾ അഞ്ചെണ്ണം വേറെയുമുണ്ട്. പറവൂർ, ആറ്റിങ്ങൽ, നിലമ്പൂർ, തലശ്ശേരി, പുനലൂർ, താനൂർ, എന്നിവയാണവ.

സി.എച്ചിന്റെ പേരിൽ മൂന്നു തവണ

ഒരാൾ തന്നെ മൂന്നു ഉപതിരഞ്ഞെടുപ്പുകൾക്ക് കാരണക്കാരനാകുക എന്ന അപൂർവതയും കേരളത്തിൽ സംഭവിച്ചിട്ടുണ്ട്. എംഎ‍ൽഎ., മന്ത്രി, ഉപമുഖ്യമന്ത്രി, മുഖ്യമന്ത്രി, സ്പീക്കർ, ലോക്‌സഭാംഗം എന്നീ സ്ഥാനങ്ങളെല്ലാം വഹിച്ച ഏകവ്യക്തി എന്ന റെക്കോഡ് സ്വന്തമാക്കിയിട്ടുള്ള ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ നേതാവ് സി.എച്ച്.മുഹമ്മദ്‌കോയയാണ് മൂന്നു മണ്ഡലങ്ങലായി മൂന്നു തിരഞ്ഞെടുപ്പുകൾക്ക് കാരണക്കാരനായത്. മൂന്നു നിയമസഭാ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുക്കിയ സി.എച്ച് ഒരു ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുകയും ചെയ്തു. താനൂർ എംഎ‍ൽഎയായിരുന്ന സി.എച്ച്.മുഹമ്മദ്‌കോയ 1962-ൽ നടന്ന ലോക്‌സഭാതിരഞ്ഞെടുപ്പിൽ കോഴിക്കോടു നിന്നു മത്സരിച്ച് ജയിച്ചതിനെത്തുടർാണ്് അവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. 1962 ഏപ്രിൽ 28-ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ മുസ്ലിംലീഗിലെ ഡോ.സി.മുഹമ്മദ്കുട്ടിയും കോൺഗ്രസിലെ പി.കെ.മൊയ്തീൻകുട്ടിയും തമ്മിലായിരുന്നു മത്സരം. ഫലം പ്രഖ്യാപിച്ചപ്പോൾ 12,936 വോട്ടിന് മുഹമ്മദ് കുട്ടി വിജയിച്ചു.

സി.എച്ചിന്റെ ലോക്‌സഭാ പ്രവേശം തന്നെയാണ് കൊണ്ടോട്ടി ഉപതിരഞ്ഞെടുപ്പിനും കാരണമായത്. കൊണ്ടോട്ടിയിൽ നിന്നു നിയമസഭയിലെത്തിയ സി.എച്ച്. നിയമസഭാംഗത്വം രാജിവെച്ച് മഞ്ചേരി ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചു. മഞ്ചേരിയിൽ നിന്നുള്ള ലോക്‌സഭാംഗം ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ് 1972 ഏപ്രിൽ നാലിന് മരിച്ചു. ഇതേത്തുടർന്നാണ് മഞ്ചേരിയിൽ ലോക്‌സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പു വേണ്ടി വന്നത്.
1973 ഏപ്രിൽ 19ന് കൊണ്ടോട്ടിയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മുസ്ലിംലീഗിലെ എംപി.എം.അബ്ദുള്ളക്കുട്ടി കുരിക്കളും സിപിഐ സ്വതന്ത്രൻ കെ.പി.വീരാൻകുട്ടിയും ഏറ്റുമുട്ടിയപ്പോൾ 16,148 വോട്ടുകൾക്ക് കുരിക്കൾ വിജയിച്ചു.

സി.എച്ച് മുഹമ്മദ്‌കോയയുടെ അപ്രതീക്ഷിത വേർപാടാണ് അടുത്ത ഉപതിരഞ്ഞെടുപ്പിന് വഴിവെച്ചത്. 1983 സെപ്റ്റംബർ 28ന് മരിക്കുമ്പോൾ സി.എച്ച് മഞ്ചേരിയിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു. 1984 മെയ് 21ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ ലീഗിലെ എംപി.എം ഇസഹാക്ക് കുരിക്കളും ഇടതു സ്ഥാനാർത്ഥി എം.സി.മുഹമ്മദും തമ്മിലായിരുന്നു മത്സരം. സി.എച്ച് മുഹമ്മദ് കോയ 19,650 വോട്ടുകൾക്ക് അഖിലേന്ത്യാ ലീഗിലെ കെ.കെ.മുഹമ്മദിനെ തോല്പിച്ച മണ്ഡലം ഭൂരിപക്ഷം അല്പം കൂടി ഉയർത്തി 21,809 വോട്ടുകൾക്ക് കുരിക്കൾ സ്വന്തമാക്കി.

(തുടരും).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP