Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

പാർലമെന്ററി വ്യാമോഹങ്ങളിൽ വീണുപോകുമോ എന്ന സംശയം ജനിച്ചപ്പോൾ രാജിവെച്ച കോസല രാമദാസിനെ പുതുതലമുറ അറിയുമോ? ഒരേ നിയമസഭയിൽ മുന്നണി മാറി വിജയക്കൊടി നാട്ടിയ ആദ്യ നിയമസഭാംഗം എന്ന ചരിത്രമുള്ളത് ആർ ശെൽവരാജിന്; നായനാർക്കും എ.കെ.ആന്റണിക്കും ശേഷം രണ്ട് ഉപതിരഞ്ഞെടുപ്പുകളിൽ വിജയിച്ച ബഹുമതി സിപിഎം നേതാവായിരുന്ന കെ.അനിരുദ്ധനുമാത്രം; ജോർജ് പുളിക്കന്റെ ലേഖന പരമ്പര 'ഉപതെരഞ്ഞെടുപ്പുകളുടെ കഥ' നാലാംഭാഗം

പാർലമെന്ററി വ്യാമോഹങ്ങളിൽ വീണുപോകുമോ എന്ന സംശയം ജനിച്ചപ്പോൾ രാജിവെച്ച കോസല രാമദാസിനെ പുതുതലമുറ അറിയുമോ? ഒരേ നിയമസഭയിൽ മുന്നണി മാറി വിജയക്കൊടി നാട്ടിയ ആദ്യ നിയമസഭാംഗം എന്ന ചരിത്രമുള്ളത് ആർ ശെൽവരാജിന്; നായനാർക്കും എ.കെ.ആന്റണിക്കും ശേഷം രണ്ട് ഉപതിരഞ്ഞെടുപ്പുകളിൽ വിജയിച്ച ബഹുമതി സിപിഎം നേതാവായിരുന്ന കെ.അനിരുദ്ധനുമാത്രം; ജോർജ് പുളിക്കന്റെ ലേഖന പരമ്പര 'ഉപതെരഞ്ഞെടുപ്പുകളുടെ കഥ' നാലാംഭാഗം

ജോർജ് പുളിക്കൻ

കുഞ്ഞിരാമനും സെൽവരാജനും

സ്വന്തം പാർട്ടി വിട്ടു മറുപാളയത്തിലെത്തി ഉപതിരഞ്ഞെടുപ്പു നേരിട്ട് ചരിത്രത്തിൽ ഇടംനേടിയത് രണ്ടുപേരാണ്. എം.കുഞ്ഞുരാമൻ നമ്പ്യാരും ആർ.സെൽവരാജും. ഒരാളുടെ പരീക്ഷണം പരാജയപ്പെട്ടപ്പോൾ മറ്റൊരാൾ വിജയശ്രീലാളിതനായി. കാസർകോട് ജില്ലയിലെ ഉദുമ മണ്ഡലത്തിലായിരുന്നു എം.കുഞ്ഞിരാൻ നമ്പ്യാരുടെ മലക്കംമറിച്ചിൽ. ജന്മനാ കോൺഗ്രസുകാരനായിരുന്ന നമ്പ്യാർ 1982-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തേക്ക് മാറി സിപിഎം.സ്വതന്ത്രനായി ഉദുമയിൽ മത്സരിച്ചു. മുസ്ലിംലീഗിലെ പി.മുഹമ്മദ്കുഞ്ഞി മാസ്റ്ററെ 6619 വോട്ടുകൾക്ക് തോൽപ്പിച്ചു നിയമസഭയിലുമെത്തി. എന്നാൽ രണ്ടുവർഷം കഴിഞ്ഞപ്പോൾ കുഞ്ഞിരാമൻ നമ്പ്യാർ മനസ്സാക്ഷിക്കുത്തുണ്ടായി. ഇതേത്തുടർന്ന് പഴയലാവണമായ കോൺഗ്രസിലേക്ക് തന്നെ മടങ്ങാൻ നമ്പ്യാർ തീരുമാനിച്ചു. അങ്ങനെ നിയമസഭാംഗത്വം രാജിവെച്ചു.

Stories you may Like

1985 ജനുവരി 28ന് ഉദുമയിൽ ഉപതിരഞ്ഞെടുപ്പിന് അങ്കത്തട്ടൊരുങ്ങി. കോൺഗ്രുകാർ വീണ്ടും കുഞ്ഞിരാമൻ നമ്പ്യാരെ കച്ചകെട്ടിയിറക്കിയപ്പോൾ സിപിഎം. കെ.പുരുഷോത്തമനെ വെച്ച് അങ്കം കുറിച്ചു. എന്നാൽ ഉദുമക്കാർ നമ്പ്യാരെ നമ്പിയില്ല. സിപിഎം പിന്തുണയിൽ 6619 വോട്ടുകൾക്ക് ജയിച്ച നമ്പ്യാർ പുരുഷോത്തമനു മുന്നിൽ 816 വോട്ടുകൾക്ക് അടിയറവു പറഞ്ഞു.

അതേസമയം, മുന്നണിയും പാർട്ടിയും വിട്ട ആർ.സെൽവരാജിന്റെ കഥ മറ്റൊന്നാണ്. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നെയ്യാറ്റിൻകരയിൽ നിന്നു സിപിഎം സ്ഥാനാർത്ഥിായി വിജയിച്ച സെൽവരാജ് പാർട്ടിക്കെതിരെ ആരോപണവുമായി രംഗത്തെത്തുകയായിരുന്നു. 2012 മാർച്ച് ഒമ്പതിന് നിയമസഭാംഗത്വം രാജിവെച്ച അദ്ദേഹം നാട്ടുകാരെ മുഴുവൻ ഞെട്ടിച്ചത് അന്നാണ്. രാജിവെച്ചുകൊണ്ടു നെയ്യാറ്റിൻകരയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം സിപിഎം നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചു. സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയോടെ ജില്ലാക്കമ്മിറ്റിയിൽ ദല്ലാളന്മാരും കള്ളപ്പണക്കാരുടെ ബിനാമികളുമാണ് അടക്കിവാഴുന്നത്. കണ്ണൂർ ലോബിയുടെ ഇംഗിതത്തിന് ഒപ്പം നിൽക്കുന്നുണ്ടോ എന്നതാണ് സ്ഥാനമാനങ്ങൾക്കുള്ള മാനദണ്ഡം. ഫ്യൂഡൽ മനഃസ്ഥിതിക്കാരുടെ അതിക്രമം കാരണം തനിക്കും ഒപ്പമുള്ളവർക്കും പരിരക്ഷകിട്ടില്ലെന്ന് ഉറപ്പായെന്നും അദ്ദേഹം പറഞ്ഞു. അവിടെ കൊണ്ട് അദ്ദേഹം അവസാനിപ്പിച്ചില്ല എന്നതാണ് രസകരം. യു.ഡി.എഫിലേക്ക് പോകുന്നതിനേക്കാൾ നല്ലത് ആത്മഹത്യാ ചെയ്യുന്നതാണെന്നു കൂടി പറഞ്ഞുകളഞ്ഞു സെൽവരാജ്.

ഒടുവിൽ സെൽവരാജ് കേരളീയരെ മുഴുവൻ അമ്പരപ്പിച്ചുകൊണ്ട് യു.ഡി.എഫിന്റെ ബാനറിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചു. 2012 ജൂൺ 15-ന് നെയ്യാറ്റിൻകരയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സെൽവരാജ് സിപിഎം. സ്വതന്ത്രൻ എഫ്.ലോറൻസിനെ 6334 വോട്ടുകൾക്ക് പരാജയപ്പെടുത്തി. സിപിഎം സ്ഥാനാർത്ഥി എന്ന നിലയിൽ 2011-ൽ കോൺഗ്രസിലെ തമ്പാനൂർ രവിയെ 6702 വോട്ടുകൾക്കാണ് ശെൽവരാജ് തോല്പിച്ചത്. മുന്നണി മാറിയെങ്കിലും ഭൂരിപക്ഷത്തിൽ വലിയ ഇടിവുണ്ടായില്ല. അങ്ങനെ ഒരേ നിയമസഭയിൽ മുന്നണി മാറി വിജയക്കൊടി നാട്ടിയ ആദ്യ നിയമസഭാംഗം എന്ന വേരിട്ടൊരു ചരിത്രം കൂടി അദ്ദേഹം എഴുതിച്ചേർത്തു.

വിപ്ലവദാസനും വിജയദാസനും

മാർക്‌സിസം തലക്കുപിടിച്ചനാളിൽ സിപിഎമ്മിലെത്തി വളർന്ന് പടർന്ന് ഒടുവിൽ എംഎ‍ൽഎയായ ആളാണ് കെ.പി.കോസല രാമദാസ്. 1967-ലെ മൂന്നാം നിയമസഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ നിന്നായിരുന്നു വിജയം. ഗാന്ധിസം തലക്കുപിടിച്ചു നടന്ന കോൺഗ്രസ് ഐയിലെ വക്കം ബി.പുരുഷോത്തമനായിരുന്നു എതിരാളി. ജനപ്രതിനിധിയായി ഒന്നരവർഷം കഴിഞ്ഞപ്പോൾ ഇതുവഴി പാർലമെന്ററി വ്യാമോഹങ്ങളിൽ വീണുപോകുമോ എന്ന സംശയം ജനിച്ചപ്പോൾ കോസല രാമദാസ് രാജിവെച്ചു. പിന്നീട് സാധാരണ തൊഴിലാളികളുടെ തോഴനും തുഴയുമായി അവരുടെ പ്രശ്‌നങ്ങളിൽ ഇടപെട്ട് മരണംവരെ ലളിതജീവിതം നയിച്ചു.

സിരകളിൽ വിപ്ലവം പടർന്നു കയറിയപ്പോൾ മദ്രാസ് ക്രിസ്റ്റിയൻ കോളേജിലെ പഠനം ഉപേക്ഷിച്ച് രാഷ്ട്രീയത്തിലിറങ്ങിയ രാമദാസ് അധികാര രാഷ്ട്രീയത്തിന്റെ കയ്പും വിപ്ലവത്തിന്റെ മധുരവും രുചിച്ചു തുടങ്ങിയത് തിരുവനന്തപുരത്തു പുളിമൂട്ടിലുണ്ടായിരുന്ന, കോൺഗ്രസുകാരൻ കൂടിയായിരുന്ന അച്ഛൻ ദാസിന്റെ ബേക്കറിയിൽ നിന്നായിരുന്നു. അനന്തപുരിയിലെത്തിയാൽ ദാസിന്റെ ബേക്കറിയിൽ കയറി അല്പം രാഷ്ട്രീയം പറയാത്ത നേതാക്കളൊന്നും അന്നുണ്ടായിരുന്നില്ല. അതിന് കോൺഗ്രസ്, കമ്യൂണിസ്റ്റ് വ്യത്യാസങ്ങളും ഉണ്ടായിരുന്നില്ല. വിതരണത്തിനായി കൊണ്ടുവരുന്ന കമ്യൂണിസ്റ്റ് സാഹിത്യങ്ങൾ പലതും ഒളിച്ചു സൂക്ഷിച്ചിരുന്നതും കോൺഗ്രസുകാരൻ നടത്തിയ ഈ ബേക്കറിയിലായിരുന്നത്രെ. പുതുപ്പള്ളി രാഘവനും കെ.സി.ജോർജുമൊക്കെ ഈ സന്ദർശകരിൽ പ്രധാനികളായിരുന്നു. ഇത്തരക്കാരുമായുള്ള സൗഹൃദമാണ് രാമദാസിലും വിപ്ലവത്തിന്റെ വിത്തിട്ടത്.

കോസല രമാദാസിന്റെ രാജിയെത്തുടർന്ന് 1969 ജൂൺ പത്തിനായിരുന്നു ആറ്റിങ്ങലിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. സിപിഎം കാട്ടായിക്കോണം വി.ശ്രീധറെ രംഗത്തിറക്കിയപ്പോൾ വക്കം പുരുഷോത്തമനെത്തന്നെ കോൺഗ്രസ് ഒരിക്കൽ കൂടി പരീക്ഷിച്ചു. കോസല രാമദാസ് 5045 വോട്ടുകൾക്കാണ് വക്കത്തെ തോൽപ്പിച്ചതെങ്കിൽ കാട്ടായിക്കോണം ശ്രീധർ 1300 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വക്കത്തെ വീണ്ടും അടിയറവു പറയിപ്പിച്ചു.1984 ജനുവരി 31-ന് ആറ്റിങ്ങൽ മറ്റൊരു ഉപതിരഞ്ഞെടുപ്പിനുകൂടി വേദിയായിട്ടുണ്ട്. ആറ്റിങ്ങൽ എംഎ‍ൽഎയായിരുന്ന കോൺഗ്രസ് ഐയിലെ വക്കം ബി.പുരുഷോത്തമൻ 1984-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ ജയിച്ചതിനെത്തുടർന്നാണ് ആറ്റിങ്ങലിൽ വീണ്ടും ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്.

പതിവിനു പാർട്ടിനടപ്പിനു വിപരീതമായി കോൺഗ്രസ് പാർട്ടി ഒരു വനിതയെ രംഗത്തിറക്കി. സരസ്വതി കുഞ്ഞുകൃഷ്ണനായിരുന്നു സ്ഥാനാർത്ഥി. ഇടതുമുന്നണി കോൺഗ്രസ് എസിന്റെ മണ്ഡലമായതിനാൽ അവർക്കുതന്നെ സീറ്റ് വിട്ടുനൽകി. വക്കത്തോട് മത്സരിച്ചു തോറ്റ പി.വിജയദാസ് തന്നെയായിരുന്നു സ്ഥാനാർത്ഥി. സരസ്വതിയെ വോട്ടർമാർ കടാക്ഷിച്ചില്ല. 1982ൽ വക്കത്തോട് 7359 വോട്ടുകൾക്ക് പരാജയപ്പെട്ട പി.വിജയദാസ് ഇക്കുറി ഇടതുമുന്നണിയുടെ വിജയദാസനായി. സരസ്വതിയെ 5433 വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

അജയ്യനായി അനിരുദ്ധൻ

നായനാർക്കും എ.കെ.ആന്റണിക്കും ശേഷം രണ്ട് ഉപതിരഞ്ഞെടുപ്പുകളിൽ വിജയിച്ച എംഎ‍ൽഎ. എന്ന ബഹുമതി സിപിഎം നേതാവായിരുന്ന കെ.അനിരുദ്ധനുമാത്രം അവകാശപ്പെട്ടതാണ്. ആദ്യ തവണ സിപിഐക്കാരനായി മത്സരിച്ച അനിരുദ്ധൻ രണ്ടാം തവണ സിപിഎം പ്രതിനിധിയായിട്ടാണ് ഉപതിരഞ്ഞെടുപ്പിനെ നേരിട്ടത്. കേരളാ മുഖ്യമന്ത്രിയായിരുന്ന പട്ടം എ.താണുപിള്ള രാജിവെച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. തിരുവനന്തപുരം രണ്ട് മണ്ഡലത്തിൽ നിന്ന് പി.എസ്‌പി അംഗമായി ജയിച്ച് മുഖ്യമന്ത്രിയായ പട്ടം രാജിവെച്ച് പഞ്ചാബിലെ ഗവർണറായതിനെത്തുടർന്ന എംഎ‍ൽഎ.സ്ഥാനം രാജിവെച്ചു. 1963 മെയ് 15ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ പട്ടം താണുപിള്ള തോല്പിച്ച കെ.അനിരുദ്ധനും പി.എസ്‌പിയിലെ മാധവൻനായരും ഏറ്റുമുട്ടിയപ്പോൾ അനിരുദ്ധൻ ഇത്തവണ ചെങ്കൊടി പാറിച്ചു. എന്നാൽ പട്ടം പട്ടം നേടിയ 9258 വോട്ടുകളുടെ ഭൂരിപക്ഷം നേടാൻ അനിരുദ്ധനായില്ല. അനിരുദ്ധന്റെ വിജയം 5992 വോട്ടുകൾക്കായിരുന്നു.

1978 സെപ്റ്റംബർ 23 ന് തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തിലായിരുന്നു അനുരുദ്ധന്റെ രണ്ടാമൂഴം. എൻ.ഡിപിയിലെ എംപി.നാരായണൻനായർ 1978 ഫെബ്രുവരി 16ന് മരിച്ചതിനെത്തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. എൻഡിപിയിലെ പി.കെ.പിള്ളയുമായി മത്സരിച്ചപ്പോൾ 1785 വോട്ടിന് അനിരുദ്ധൻ വിജയിച്ചു. എംപി.നാരായണൻനായർ സിപിഎമ്മിലെ ജെ.ശാരദാമ്മയെ 10,603 വോട്ടിന് പരാജയപ്പെടുത്തിയ മണ്ഡലമാണ് വാശിയേറിയ മത്സരിത്തിൽ അനിരുദ്ധൻ തിരിച്ചുപിടിച്ചത്. നാരായണൻനായരുടെ വമ്പൻ ഭൂരിപക്ഷത്തെ അട്ടിമറിച്ച അനിരുദ്ധന്റെ ഭൂരിപക്ഷം 1150 വോട്ടുകളിൽ ഒതുങ്ങിയെന്നു മാത്രം. രണ്ടു ഉപതിരഞ്ഞെടുപ്പുകളിലും എതിരാളികളുടെ കയ്യിലിരുന്ന സീറ്റുകൾ തിരിച്ചുപിടിക്കുകയായിരുന്നു എന്ന പ്രത്യേകതയും അനിരുദ്ധന്റെ വിജയങ്ങൾക്കുണ്ട്.

പട്ടം ഗവർണറാകാൻ പോയപ്പോളെന്നപോലെ മറ്റൊരംഗം വൈസ് ചാൻസിലറാകാൻ പോയപ്പോഴും നടന്നു ഉപതിരഞ്ഞെടുപ്പ്. അത് തൃശൂരിലായിരുന്നു. കൊച്ചി ആസ്ഥാനായി ശാസ്ത്ര സാങ്കേതിക സർവകലാശാല രൂപംകൊണ്ടപ്പോൾ അതിന്റെ വൈസ് ചാൻസലറായത് കേരളത്തിലെ ആദ്യ വിദ്യാഭ്യാസമന്ത്രികൂടിയായിരുന്ന പ്രൊഫസർ ജോസഫ് മുണ്ടശ്ശേരിയാണ്. തൃശൂരിൽ നിന്നുള്ള എംഎ‍ൽഎയായി മുണ്ടശ്ശേരി രാജിവെച്ചതിനെത്തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ് നടന്നത്. മണ്ഡലം തിരിച്ചുപിടിക്കാനുള്ള ദൗത്യം കോൺഗ്രസ് വിശ്വസിച്ചേല്പിച്ചത് പി.എ.ആന്റണിയെ ആയിരുന്നു. 1972 ഫെബ്രുവരി 17 ന് നടന്ന തിരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്രൻ വി.ആർ.കൃഷ്ണനെ 3864 വോട്ടുകൾക്ക് തോല്പിച്ച ആന്റണി പാർട്ടിയുടെ വിശ്വാസം കാത്തു. മണ്ഡലത്തെ തിരിച്ചുപിടിച്ചു. ജോസഫ് മുണ്ടശ്ശേരിയുമായി മത്സരിച്ചപ്പോൾ പി.എ.ആന്റണി തോറ്റത് 1730 വോട്ടുകൾക്കായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP