Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തെരഞ്ഞെടുപ്പുകാലത്ത് ചില തെരഞ്ഞെടുപ്പുകൾ

തെരഞ്ഞെടുപ്പുകാലത്ത് ചില തെരഞ്ഞെടുപ്പുകൾ

പ്രകടനപത്രിക

കേരളത്തിൽ ഒരാളെങ്കിലും പട്ടിണി അനുഭവിക്കുന്നുണ്ടെങ്കിൽ, ഒരാളെങ്കിലും പാർപ്പിടമില്ലാതെ വഴിയോരങ്ങളിൽ അലയുന്നുണ്ടെങ്കിൽ, കുടിക്കാൻശുദ്ധജലം ലഭിക്കുന്നില്ലെങ്കിൽ, വിഷമുക്തമായ ആഹാരസാധനങ്ങൾ ഭക്ഷിക്കാന്നാവുന്നില്ലെങ്കിൽ എന്തെല്ലാം പ്രകടന പത്രിക ഇറക്കിയാലും വികസനത്തിന്റെ പേരിൽ കോടികൾ മുടക്കിയാലും അതിലൊരർത്ഥവും കാണാനാവുകയില്ല. പാവപ്പെട്ടവനു ഭക്ഷണവും പാർപ്പിടവും ആരൊഗ്യവും ഉണ്ടായെ നാടു നന്നാകു.. ഒരു നാടിന്റെ സ്വത്തു അതിലെ ആരോഗ്യമുള്ള ജനങ്ങളാണു. കാൻസർ സെന്ററുകൾ ഉണ്ടാക്കും മുൻപു ജനങ്ങളുടെ ആരോഗ്യമാർഗ്ഗങ്ങളാണ് ആരായേണ്ടത്. അതിനവരെ ബോധവൽക്കരിക്കണം. ഒപ്പം ഭാരതത്തിന്റെ മഹത്തയ പരമ്പര്യവും ആയുവേദചികിത്സാരീതികളും ജൈവ സമ്പത്തിന്റെ സംരക്ഷണവും മനസ്സിലാക്കാനുള്ള അവസരങ്ങളും ഉണ്ടാക്കണം. വയോധികജനങ്ങൾക്കു ശരിയായ സംരക്ഷണം ഉറപ്പു വരുത്തണം. മതാപിതാക്കളെ സംരക്ഷിക്കാത്ത , അവരെ നിന്ദിക്കുന്ന മക്കൾക്കു പരമാവധി ശിക്ഷ നൽകാനുള്ള സംവിധാനം ഉണ്ടാകണം. പ്രത്യേക സഹചര്യങ്ങളിൽ വയോധികമന്ദിരങ്ങൾ ആവശ്യമായേക്കാം എന്നാൽ അതിലേക്കുള്ള പ്രോത്സാഹനങ്ങൾ അധികമാകരുത്. തെരുവിനായ്ക്കളും പേപിടിച്ച പട്ടികളും മനുഷ്യജീവിതത്തിന്റെ സ്വൈരത കെടുത്താൻ ഇടവരരുത്.

ശുചിത്വം
വികസനത്തിന്റെ ഭാഗമായി പുതിയ റോഡുകൾ പാലങ്ങൾ എന്നിവ പണിയുമ്പോഴും എന്തുകൊണ്ടു നല്ല കക്കൂസുകൾ ഉണ്ടാക്കുന്നതിനെ പറ്റി ചിന്തിക്കുന്നില്ല? ദീർഘദൂര യാത്രകൾ ചെയ്യേണ്ടിവരുമ്പോൾ യാത്രക്കാർ അനുഭവിക്കുന്ന ദുരിതം രാഷ്ട്രീയ മേലധികാരികൾ അറിയാതെ പോകുന്നതു എന്തുകൊണ്ടാണ്? ശുചിത്വ കേരളം എന്നു പറയുന്നതല്ലാതെ ബസ്സ് സ്റ്റേഷനുകളിലൊ റയിൽവേ സ്റ്റേഷനുകളിലൊ വൃത്തിയുള്ള ടൊയിലറ്റുകൾ ഉണ്ടൊ? അതു ശുചിയായി സുക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളുണ്ടോ? നഗരങ്ങളും പൊതുസ്ഥലങ്ങളും ശുചിയായി സൂക്ഷിക്കേണ്ടതെങ്ങനെയെന്നു ബോധവൽക്കരണം നടത്തുകയും നിയമങ്ങൾ ഉന്ണ്ടാക്കുകയും നിയമ ലംഘനത്തിനു പിഴ ഈടാക്കുകയും ചെയ്യണം. പ്രാഥമികങ്ങളായ ഇത്തരം കാര്യങ്ങൾ അദ്യം നടത്തട്ടെ. പണം കൊയ്യാൻ വലിയ വികസനങ്ങൾ നടത്തിയാലെ പറ്റു എന്നതുകൊണ്ടു ചെറിയ വികസനങ്ങൾക്കു ആരും മുന്നോട്ടു വരില്ലാ എന്നറിയാം, എങ്കിലും ചെവിയുള്ളവർ കേൾക്കട്ടെ. അല്ലെങ്കിൽ മനസ്സാക്ഷിയുള്ളവർ അതേറ്റെടുക്കട്ടെ; നടപ്പാക്കട്ടെ.പിന്നീടാകട്ടെ വലിയ വികസനങ്ങൾ

സ്ത്രീയോടുള്ള മനോഭാവം
സ്വാതത്ര്യം ,സമത്വം, സാഹോദര്യം എന്നെല്ലാം പറയുമ്പോഴും സ്ത്രീക്കു ഭയം കൂടാതെ, യാത്രചെയ്യാനും ജീവിക്കാനും കഴിയണം. സ്ത്രീയെ ഉപഭോഗവസ്തുവായി മാത്രം കാണുമ്പൊഴാണു പീ!ഡനവും വർദ്ധിക്കുന്നത്. പുരുഷനു തുല്യം എല്ലാ മെഖലകളിലും പരിഗണന ഉണ്ടാവുകയും സ്ത്രീയോടുള്ള ബഹുമാനം കാത്തു സൂക്ഷിക്കുകയും വേണം. പുരുഷ മേധാവിത്വം അതിരുകടക്കുന്ന സാഹചര്യം ഒരിടത്തും ഉണ്ടാകാൻ ഇടയാകരുത്. കടുംബത്തിൽ പോലും അസഹിഷ്ണുതയുണ്ടാക്കാൻ അതു കാരണമാകും. മിടുക്കരായ സ്ത്രീകളെ സമൂഹനന്മയ്ക്ക് ഉപയോഗിക്കാനറിയാത്ത ഭരണകർത്താക്കളും, സ്ത്രീകളെക്കണ്ടാൽ കൊതിയൂറുന്ന കാമകിങ്കരന്മാരും, ഗോസിപ്പുകളും കള്ളക്കഥകളും നിർമ്മിച്ചു വഴിതെറ്റിക്കുന്ന ചാനലുകളും ചേർന്ന കേരളം നന്നാകണമെങ്കിൽ മൂല്യച്യുതി സംഭവിച്ചിട്ടില്ലാത്ത കർമ്മ നിരതരായ യുവനേതാക്കൾ രംഗത്തു വരണം.

ആൾദൈവങ്ങൾ
ചാരിറ്റിയുടെ പേരിൽ കണക്കില്ലാതെ ഒഴുകിയെത്തുന്ന പണം ശരിയായ രീതിയിൽ വിനിയോഗിക്കുന്നുണ്ടൊ എന്നറിയാനുള്ള സംവിധാനം ഉണ്ടാവണം. ആൾ ദൈവങ്ങളെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കരുത്. അല്ലെങ്കിൽ തന്നെ ഓരോ മതത്തിനും ആവശ്യത്തിലും അതിലധികവും ദൈവങ്ങളുള്ളപ്പൊൾ ഈ ദൈവങ്ങളുടെ അവശ്യം എന്താണ്. ചാനലുകൾക്കും രാഷ്ട്രീയക്കാർക്കും ആൾ ദൈവങ്ങൾ പണം കായ്ക്കുന്ന മരങ്ങളായതുകൊണ്ടാണ് ഇവർ ഇത്ര തഴച്ചു വളരുന്നതും അവരെക്കുറിച്ചുള്ള പരാതികൾ കാറ്റിൽ പറക്കുന്നതും.

വിദ്യാഭ്യാസം

മാനുഷിക മൂല്യങ്ങൾക്കുപ്രാധാന്യം കൽപ്പിക്കുന്ന വിദ്യഭ്യസ സബ്രദായം നിലവിൽ വരണം. ഒരു വ്യക്തി വളർന്നു വലുതായാൽ അവൻ സമുഹത്തിനു നന്മ ചെയ്യുന്നവനാകണം എന്ന ബോധ്യമാണു നൽകേണ്ടതു. പണത്തിനും പ്രതാപത്തിനും വേണ്ടി മാത്രമാണ് വിദ്യഭ്യാസം എന്ന ചിന്ത കുട്ടികളിൽ രൂഡമൂലമാകരുത്.അവർക്കു മാതൃകയാവാൻ മാതാപിതാക്കൾക്കും അദ്ധ്യാപകർക്കും കഴിയണം.മഹത്മാഗാന്ധി, ശ്രീ നാരായണഗുരു, രവീന്ദ്രനാഥ ടാഗോർ, സ്വമി വിവേകാനന്ദൻ, എ പി ജെ അബ്ദുൽ കലാം തുടങ്ങിയവരെക്കുരിച്ചു കുട്ടികൾ പഠിക്കട്ടെ.സിനിമാ താരങ്ങളും സീരിയൽ താരങ്ങളുമല്ല സമൂഹത്തിനു മാതൃകയെന്നു വീട്ടിൽ നിന്നു തന്നെ അവർ മനസ്സിലാക്കണം. ലൈംഗിക വിദ്യാഭ്യാസം പാഠപദ്ധതിയിൽ നിർബന്ധമായും ഉൾപ്പെടുത്തണം. അതിനു പ്രത്യേകം വൈദഗ്ധ്യം സിദ്ധിച്ച അദ്ധ്യാപകരെക്കൊണ്ടു ക്ലാസ്സുകൾ എടുപ്പിക്കണം. താഴ്ന്ന ക്ലാസ്സുകളിലെങ്കിലും ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കണം.

ചാനലുകൾ
ചാനലുകളുടെ അതിപ്രസരവും സീരിയലുകളും കേരളനാടിന്റെ സംസ്‌കാരത്തെ തന്നെ മാറ്റി മറിച്ചിരിക്കുന്നു.അടർത്തി മറ്റാനാവത്തവിധം ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്ന സീരിയലുകൾ. മനുഷ്യനെ വഴിതെറ്റിക്കുന്ന ,മാനസിക വികലത ഉണ്ടാക്കുന്ന സീരിയലുകളുടെ നിർമ്മാണം തടയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കണ്ണീർ സീരിയലുകളുടെ കാലം കഴിഞ്ഞുവെന്നു തോന്നുന്നു. ഇപ്പൊൾ കുശുമ്പും കുരുട്ടുബുദ്ധിയും ക്രിമിനൽ സ്വഭാവവുമുള്ള കഥാപാത്രങ്ങളേക്കൊണ്ടാണ് അരങ്ങ് കൊഴുപ്പിക്കുന്നത്. ചിന്താശക്തി നശിച്ച യാതൊരു നന്മയും പ്രതീക്ഷിക്കനാവാത്ത ഒരു തലമുറയെ വാർത്തെടുക്കാനെ ഇത്തരത്തിലുള്ള സീരിയലുകൾക്ക് കഴിയൂ. സമൂഹ നന്മയെ ലാക്കാക്കിയുള്ളതും മാനസികാനന്ദം നൽകുന്നതും ബുദ്ധിവികാസത്തിനു ഉതകുന്നതുമായ പരിപടികളാണ് ഉണ്ടാകേണ്ടത്.

സിനിമാതാരങ്ങൾ
സിനിമാതാരങ്ങൾക്കും സീരിയൽ താരങ്ങൾക്കും ഇത്രയേറെ പ്രധന്യം നൽകുന്നതു എന്തിനാണ്?
വിഷുവൊ ഓണമൊ ക്രിസ്സ്മസ്സൊ വന്നാൽ ആശംസ അർപ്പിക്കാൻ യോഗ്യരായ എത്രയോ പ്രഗൽഭ വ്യക്തിത്വങ്ങൾ ഉണ്ടായിരിക്കെ ഒന്നൊ രണ്ടൊ സിനിമയിൽ അഭിനയിച്ചു എന്ന കാരണത്താൽ സിനിമാതാരങ്ങൾക്കു പ്രമുഖ്യം കൊടുക്കുന്നതിന്റെ കാരണം മനസ്സിലാകുന്നില്ല. ഇപ്പോൾ നടക്കുന്ന റിയാലിറ്റി ഷോകൾ എല്ലാം തന്നെ സിനിമയേയും സിനിമാതാരങ്ങളേയും പ്രോത്സാഹിപ്പിക്കാനും പ്രദർശിപ്പിക്കാനുമുള്ള വേദികളായി മാറിയിരിക്കുന്നു. സമൂഹ നന്മയ്ക്കുവേണ്ടി പ്രവർത്തിക്കുന്നവരെ മുൻപോട്ടു കൊണ്ടുവരാനുള്ള ശ്രമങ്ങൾഎന്തുകൊണ്ട് ഉണ്ടാവുന്നില്ല? സിനിമാ മോഹം തലയ്ക്കു പിടിച്ച് അപകടത്തിൽ ചെന്നു ചാടുന്നവർ ധരാളമാണ്. കാണാതാവുന്ന പെൺ കുട്ടികൾ, ചതിക്കപ്പെട്ടിട്ടു അത്മഹത്യ ചെയ്യുന്നവർ ഒക്കെ ഉണ്ടായിരിക്കെ, ഇതൊന്നും കണ്ടില്ലെന്നു നടിച്ച് ചാനലുകൾ എന്തുകൊണ്ടു ഗ്ലാമർ ലോകത്തേക്കുള്ള വഴികൾ കാണിച്ചു കൊടുക്കുന്നു?സിനിമയിൽ വന്നു ജയിച്ചവരെക്കാൾ കൂടുതൽ തോറ്റവർ ആണെന്നു അവരെ മനസ്സിലാക്കേണ്ട ചുമതല അർക്കും ഇല്ലാതെ പോകുന്നതു എന്തുകൊണ്ടാണ്?

മാനുഷികമൂല്യങ്ങൾ
നൂതന സാങ്കേതിക വിദ്യകൾ മനുഷ്യന്റെ സുഗമമായ ജീവിതത്തിന് ഉതകേണ്ടതാണ്.അതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ചെറുപ്പകാലത്തു തന്നെ മുതിർന്നവരിൽ നിന്നും ലഭ്യമാകണം.അല്ലാത്തപക്ഷം ഉണ്ടാകുന്ന വിപത്തുകൾ ഉദാഹരണമായി കാട്ടിക്കൊടുക്കണം.ആറ്റിങ്ങൽ കൊലപാതകം ഉത്തമ ദൃഷ്ടാന്തമാണല്ലൊ.ഉന്നത വിദ്യഭ്യാസം നേടിയിട്ടും മാനുഷിക മൂല്യങ്ങൾ മനസ്സിലാക്കാതെ പോയതിന്റെ പരിണതഫലം ഒരു നാടിന്റെ തന്നെ സമാധാനത്തെയാണ് നശിപ്പിച്ചത്. കൂട്ടു കുടുംബ വ്യവസ്ഥിതി മാറിയതോടെ സ്വന്തം കാര്യം സ്വന്തം സുഖം എന്ന ചിന്തക്കു പ്രമുഖ്യം കൂടി.ഭാര്യാഭർത്താക്കന്മാർക്കിടയിലും ഞങ്ങൾ എന്നതിനെക്കാൾ പ്രാധാന്യം ഞാൻ എന്നതിനായി. നിന്റെ സുഖം എന്റെ സുഖം എന്നു വഴി മാറി ചിന്തിക്കാനും തുടങ്ങിയിരിക്കുന്നു. വിവാഹം എന്നതു വ്യത്യസ്തമായ ഒരു ജീവിതാന്തസ്സാണ്. അതുവരെ ആയിരുന്ന അവസ്ഥയിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു അവസ്ഥ.അപ്പോൾ തീർച്ചയായും വിവാഹ ഒരുക്ക ക്ലാസ്സുകൾ അത്യാവശ്യമാണ്. വീടുകളിൽ നിന്നും കിട്ടുന്ന മതൃകകൾ മാത്രമാണ് പലപ്പോഴും വധൂവരന്മാർക്കു ആശ്രയമായിട്ടുള്ളത്. ശരിയായ മതൃക നൽകാൻ എത്ര വീടുകൾക്കാകുന്നുണ്ടെന്നത് സംശയമുള്ള കാര്യമാണ്. വിവാഹം കഴിഞ്ഞു വേർപിരിഞ്ഞുള്ള ജീവിതമാണു പലയിടത്തും പ്രശ്‌നങ്ങളാകുന്നത്.. സ്ത്രീക്കു കിട്ടേണ്ട താങ്ങും തണലും കിട്ടാതെയാകുമ്പോൾ പല പ്രലോഭനങ്ങളിലും പെട്ടുപോകാൻ ഇട വരും. അതുകൊണ്ട് കഴിവതും ഒന്നിച്ചു ജീവിക്കാനുള്ള സഹചര്യം ഒരുക്കുന്നതാണ് അഭികാമ്യം.ഒരു നല്ല ഭർത്താവുള്ള സ്ത്രീ ഒരിക്കലും തെറ്റാനിടവരില്ല എന്നത് പരക്കെ അംഗീകരിക്കുമ്പോൾ പുരുഷന്റെ ഭാഗത്തു നിന്നും അതിനുള്ള ശ്രമങ്ങൾ ഉണ്ടാവേണ്ടതാണ്.കരുതലിനും സ്‌നേഹത്തിനും വേണ്ടി അവൾ ആരെയും തിരഞ്ഞു പൊകാൻ ഇടവരരുത്.

കേരളവും അമേരിക്കയും
കേരളത്തിലിരുന്നുകൊണ്ട് അമേരിക്കയിലെപോലെ ജീവിക്കനാണു പലരും ശ്രമിക്കുന്നത്.അതായത് അമേരിക്ക കേരളത്തിലേക്കു വളരുന്നൊ എന്നൊരു സംശയം.ഭാഷയിലും വേഷത്തിലും സ്വാതന്ത്ര്യത്തിലും അമേരിക്കയെ അനുകരിക്കുമ്പോൾ കാലവസ്ഥ,സംസ്‌ക്കാരം നിയമങ്ങൾ ഇവയിലെല്ലാമുള്ള വ്യത്യാസം അറിയാൻ ശ്രമിക്കുന്നില്ല. അമേരിക്കയിൽ സ്വാതന്ത്ര്യം ഉണ്ടെങ്കിൽ ഏതു പാതിരാത്രിയിലും ഭയം കൂടാതെ സ്ത്രീകൾക്കുപോലും സഞ്ചരിക്കാൻ കഴിയുന്നുവെങ്കിൽ അതു നിയമങ്ങളുടെ കാർക്കശ്യവും മനൊഭാവങ്ങളിലെ സന്തുലിതാവസ്ഥയുമാണ്. നിയമങ്ങൾ പാലിക്കപ്പെടുകയും പാലിച്ചില്ലെങ്കിൽ തക്കതായ ശിക്ഷ ലഭിക്കുകയും ചെയ്യും. കൈക്കൂലിയും കോഴകൊടുപ്പും കൂട്ടിക്കൊടുപ്പും ഒന്നും അവിടെ വിലപ്പോകില്ല.

സാക്ഷരതയിലും സാങ്കേതിക വിദ്യയിലും മറ്റു പല കാര്യങ്ങളിലും കേരളം മുൻപിൽ നിൽക്കുന്നു എന്നഭിമാനിക്കുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിലും സ്ത്രീകളുടെ സംരക്ഷ്ണത്തിലും നിയമങ്ങൾ നടപ്പാക്കുന്ന കാര്യത്തിലും കേരളം വളരെ പിന്നോക്കാവസ്ഥയിൽത്തന്നെയാണ്. പീഡനങ്ങൾ, ആത്മഹത്യകൾ,കൊലപാതകങ്ങൾ, ഒളിച്ചോട്ടങ്ങൾ കാണാതാകലുകൾ തുടങ്ങിയവകൊണ്ട് കലുഷിതമായ ഒരന്തരീക്ഷത്തിൽ പ്രകടന പത്രികകളും വികസനപദ്ധതികളും കാണിച്ച് ഒരു തിരഞ്ഞെടുപ്പ് മത്രം പോരാ മറ്റു പല തെരിഞ്ഞെടുപ്പുകളും ആവശ്യമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP