Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

കോവിഡ് സ്ഥിതിവിവിര ശാസ്ത്രപ്രകാരം 82 ശതമാനം സ്‌കോർ നേടിയത് നരേന്ദ്ര മോദിയാണ്; മോറിസൺ ആസ്‌ത്രേലിയ 64%, ട്രൂഡോ കാനഡ 61, മോർക്കൽ ജർമ്മനി 58, ബോറിസ് ജോൺസൺ ബ്രിട്ടൻ 61, മാക്രോൺ ഫ്രാൻസ് 34, ട്രംപ്, അമേരിക്ക 44% എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോർ; കോവിഡ് റിപ്പബ്ലിക്ക്; സി ടി വില്യം എഴുതുന്ന ലേഖന പരമ്പര അവസാനിക്കുന്നു

സി ടി വില്യം

കോവിഡ് മഹാമാരിക്കാലത്ത് ഭൂമിയിൽ തികച്ചും വ്യത്യസ്തമായൊരു സമ്പൂർണ്ണ ജനാധിപത്യ റിപ്പബ്‌ളിക്ക് രൂപം കൊള്ളുകയാണ്. ഡോ. ലി വെൻലിയാംഗിന്റെ ദീർഘ ദൃഷ്ടിയിലൂടെ ജന്മം കൊണ്ട ഈ റിപ്പബ്ലിക്കിനെ ലോക കോവിഡ് റിപ്പബ്ലിക്ക് എന്ന് വിളിക്കാം. ഈ റിപ്പബ്ലിക്കിന് അതിർത്തികളില്ല. വർണ്ണഭേദങ്ങളും, ഭാഷാഭേദങ്ങളും, രൂപഭേദങ്ങളുമില്ല. അതിർത്തികളില്ലാത്ത കോവിഡ് റിപ്പബ്ലിക്കിനെ വരഞ്ഞെടുക്കാൻ ശ്രമിക്കുകയാണ്.ഇത് ഭരണത്തിന്റെ റിപ്പബ്ലിക്കല്ല, ഇനിയുമെഴുതാത്ത മരണത്തിന്റെ സമ്പൂർണ്ണ ജനാധിപത്യ റിപ്പബ്ലിക്കാണ്, ഒപ്പം പ്രപഞ്ച മനുഷ്യന് സമ്മാനിക്കുന്ന നവോത്ഥാനമെന്ന പുനരുത്ഥാനത്തിന്റെ കൂടി റിപ്പബ്ലിക്കാണ്. അദൃശ്യമായ- അരൂപിയായ- ജനിതക ഭാന്തു പിടിച്ച ഒരു വൈറസിന്റെ റിപ്പബ്ലിക്കാണിത്.

ലോക കോവിഡ് റിപ്പബ്ലിക്കൻ രാഷ്ട്രീയം

അരാജകവാഴ്ചയുടെ കാലിൽ യാചനാപൂർവ്വം തോറ്റുകിടന്ന ഒരു അസംഘടിത പീഡിതസമൂഹത്തിന്റെ ഉയർത്തെഴുന്നേൽപ്പിനായി ഭൂമിയിൽ അവതരിച്ച ത്യഗോജ്വലമായ സാധർമ്മിക സമർപ്പിത സംസ്‌കാരമായിരുന്നു രാഷ്ട്രീയം. എന്നാൽ കാലത്തിന്റെ കുത്തൊഴുക്കിൽപെട്ട് അധോഗതി പ്രാപിച്ച രാഷ്ട്രീയസംസ്‌കാരം, അധാർമ്മിക പരിസരങ്ങളിൽ അന്യംനിന്നു പോകുകയാണുണ്ടായത്. ഈ കാലഘട്ടത്തിലാണ് ലോക കോവിഡ് റിപ്പബ്ലിക്ക് ജന്മം കൊള്ളുന്നത്. അതുകൊണ്ടുതന്നെ ഈ റിപ്പബ്ലിക്ക്, വഴി തെറ്റിയ അധാർമ്മിക രാഷ്ട്രീയസമൂഹത്തിന് തൽക്കാലം വിരാമമിട്ടുവെന്നും പറയാം. അധാർമ്മിക രാഷ്ട്രീയത്തിന്റെ ചിറകിലൊതുങ്ങിയ ഭരണകൂടങ്ങളെല്ലാം തന്നെ ലോക കോവിഡ് റിപ്പബ്ലിക്ക് കാലത്ത് നിസ്വാർത്ഥമായി കർമ്മനിരതമാവുകയോ നിഷ്‌കാമമാവുകയോ ഉണ്ടായെന്നത് എടുത്തുപറയത്തക്ക കാര്യമാണ്.

ഏകദേശം നൂറോളം രാജ്യങ്ങളിൽ ഈ കോവിഡുകാലത്ത് ആഭ്യന്തര അടിയന്തിരാവസ്ഥയുടെ പൂട്ടു വീണു. പല രാഷ്ട്രങ്ങളിലും ഭരണസഭകൾ പിരിച്ചുവിട്ടു. ഭരണ സംവിധാനങ്ങൾ കോവിഡിൽ കേന്ദ്രീകൃതമായിക്കിടന്നു. കോവിഡുകാലം കണ്ണു തുറപ്പിച്ച ഭരണകൂടങ്ങൾ താൽക്കാലികമായെങ്കിലും ജനങ്ങളിലേക്ക് കണ്ണുകൾ തിരിച്ചു. തെരഞ്ഞെടുപ്പുകൾ ഇല്ലാതാവുകയോ മാറ്റിവയ്ക്കപ്പെടുകയോ ഉണ്ടായി. ബഹുജന പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും കോവിഡിന്റെ ആദ്യനാളുകളിൽ കുറഞ്ഞു.

രാജ്യങ്ങളിൽ ആരോഗ്യ അടിയന്തിരാവസ്ഥയുടെ പൂട്ട് വീണതിൽ ജനങ്ങൾ ഏറെ സന്തോഷിക്കുകയും ഭരണത്തിന്റെ ആദ്യഘട്ടങ്ങളിൽ അവർ ഭാഗികമായെങ്കിലും ഭരണത്തിൽ പങ്കാളികളാവുകയും ചെയ്തു. ഭരണത്തലവന്മാരുടെ ഭരണപ്രാപ്തിയും ജനപിന്തുണയും വിലയിരുത്തുന്നതിനായുള്ള സ്ഥിതിവിവര ശാസ്ത്രത്തിന്റെ (Rally-Round-The-Flag-Effect) നിരീക്ഷണത്തിൽ ലോകരാഷ്ട്രങ്ങളിലെ ഭരണത്തലവന്മാരുടെ ജനപിന്തുണയുടെ സ്‌കോർ ശരാശരി 50 ശതമാനത്തിനു മേൽ നിലനിർത്തിയെന്നത് ഏറെ അഭിമാനകരമാണ്. പ്രോത്സാഹനജനകമാണ്.

ഈ സ്ഥിതിവിവരശാസ്ത്രത്തിന്റെ നിരീക്ഷണത്തിൽ 82 ശതമാനം സ്‌കോർ നേടിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക പ്രശംസ അർഹിക്കുന്നു. മറ്റു രാഷ്ട്രത്തലവന്മാരുടെ സ്‌കോർ ഇങ്ങനെ. മോറിസൺ, ആസ്ത്രേലിയ 64%, ട്രൂഡോ, കാനഡ 61%, മോർക്കൽ, ജർമ്മനി 58%, ജോൺസൺ, ബ്രിട്ടൺ 61%, മാക്രോൺ, ഫ്രാൻസ് 34%, ആംലോ, മെക്സിക്കൊ 64%, ട്രംപ്, അമേരിക്ക 44%, ആബെ, ജപ്പാൻ 28%, ബൊൽസണാറോ, ബ്രസീൽ 47%. ഇതിൽ കോവിഡ് പ്രതിരോധവുമായി പരാജയപ്പെട്ട ജപ്പാനിലും ബ്രസീലിലും മാത്രമാണ് രാഷ്ട്രത്തലവന്മാർക്ക് ജനപിന്തുണ താഴോട്ട് പോയതായി കാണുന്നത്.

രാജ്യങ്ങളിൽ ആദ്യമായി ജനാരോഗ്യത്തെ മുൻനിർത്തിയുള്ള സാമ്പത്തിക നയ പ്രഖ്യാപനങ്ങളും ജീവൻരക്ഷാ അച്ചടക്കങ്ങളും പരിമിതമായെങ്കിലും നടപ്പായി. ആഗോള സാമ്പത്തിക സംഘടനകളിൽ നിന്ന് ആദ്യമായി ജനാരോഗ്യപരവും ജനക്ഷേമപരവുമായ പദ്ധതികൾക്കായി ആത്മാർത്ഥമായ ധനസഹായം ഒഴുകിയെത്തി. ധാർമ്മികത നഷ്ടമായ ആഗോളരാഷ്ട്രീയത്തിന് ആദ്യമായി ജനങ്ങളോടുള്ള ധാർമ്മികമായ ഉത്തരവാദിത്തബോധമുണ്ടായി. കോവിഡുകാലത്തെങ്കിലും ലോക രാഷ്ട്രീയത്തിന് നഷ്ടമായ ധാർമ്മികത തിരിച്ചുവന്നെന്നും വേണമെങ്കിൽ അവകാശപ്പെടാം.

എന്നാൽ ലോകരാഷ്ട്രീയത്തിന്റെ ഈ സാധർമ്മിക വസന്തകാലം അധികം കാലം നിണ്ടുനിന്നില്ല. എക്കാലത്തേയും പോലെ കോവിഡ് മഹാമാരിയും നമ്മളിൽ ശീലമാക്കപ്പെട്ടു. അത്തരത്തിൽ കോവിഡ് മഹാമാരിയെ നല്ലൊരു രാഷ്ട്രീയ-സാംസ്‌കാരിക ശീലമാക്കി രൂപപ്പെടുത്തുന്നതിലും ലോക ഭരണകൂടങ്ങൾ തന്ത്രപരമായ പങ്കുവഹിച്ചു. ആ തന്ത്രബോധമായിരിക്കണം, ചൈനയെ, ഭപുര കത്തുമ്പോൾ വാഴ വെട്ടുും പോലെ' ഈയൊരു ചെറിയ മഹാമാരിക്കാലത്തും തികച്ചും നിഗൂഡമായി മുന്നേറ്റിയത്. ഡോണാൾഡ് ട്രംപിന്റെ രാഷ്ട്രീയ ഭാഷയിൽ പറഞ്ഞാൽ ചൈന ബോധപൂർവ്വകമായി നടത്തിയ, അക്ഷരാർത്ഥത്തിലും, ജൈവ അണ്വായുധ ആക്രമണമാണ് കോവിഡ് മഹാമാരിയുടെ പകർച്ചയിലൂടെ നടത്തിയത്. കോവിഡ്-19 ലൂടെ ചൈന കടത്തിവിട്ടത് ഒരിക്കലും കലാശിക്കാത്ത ഒരു ജൈവ അണ്വായുധ ആക്രമണമായിരുന്നു (Bio-Weapon Attack) എന്നും ആരോപിക്കാം. ലോക രാഷ്ട്രീയത്തേയും ലോക സമ്പദ് വ്യസ്ഥയേയും കലക്കി മറിച്ചുക്കൊണ്ടിരിക്കുകയാണ് ഈ അവസാനമില്ലാത്ത ജൈവ അണ്വായുധ ആക്രമണം ( Bio-Weapon Attack).

വുഹാനിലെ വൈറോളജി പരീക്ഷണശാലയിൽ നിന്ന് ചൈന തന്ത്രപൂർവ്വം തുറന്നു വിട്ടതാണ് കോവിഡ്-19 വൈറസെന്ന ട്രംപിന്റെ മുഷ്ടിചുരുട്ടിയുള്ള ആരോപണം ഇനിയും ട്രംപിനൊ, ട്രംപ് അനുകൂലികൾക്കൊ തെളിയിക്കാനായിട്ടില്ല. അതേസമയം, ഇപ്പോൾ പകർച്ചയിലുള്ള കോവിഡ് -19 വൈറസിൽ നിന്നും തിക ച്ചും വ്യത്യസ്തമായ ഘടനാസങ്കേതമാണ് വുഹാനിലെ വൈറോളജി പരീക്ഷണ ശാലയിലുള്ള കോവിഡ് -19 വൈറസ് എന്നാണ് ചൈനയുടെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട വാദം.

മാത്രമല്ല, കോവിഡ് വൈറസിനെ ലോകത്തിലേക്ക് തുറന്നുവിട്ടത് അമേരിക്കയുടെ തന്നെ പട്ടാളമാണെന്ന പ്രത്യാരോപണവും അമേരിക്കയ്ക്ക് മറുപടിയില്ലാത്ത തിരിച്ചടിയായി ചൈന നൽകുന്നുമുണ്ട്. എന്നാൽ കോവിഡ്-19 ന്റെ ആവിർഭാവം മുതൽ നാളിതുവരെ അനവധി തവണ ജനിതക രൂപാന്തരം പ്രാപിച്ച കോവിഡ്-19 വൈറസ് ശാസ്ത്രലോകത്തിന് പിടികൊടുക്കാതെ ഭൂമിയിൽ മരണഘോഷയാത്ര നടത്തുകയാണ്.

കോവിഡ് വൈറസിന്റെ ആഗമനവും പുരോഗമനവും ശാസ്ത്രത്തിന് വഴങ്ങാത്ത ഒരു പ്രഹേളികയായി തുടരുമ്പോഴും, ലോക അധാർമ്മിക രാഷ്ട്രീയത്തിന്റെ അന്തർധാരയും വളരെ പ്രകടമായിരുന്നു. ആഗോള അടിയന്തിരാവസ്ഥയിലൂടെ മഹാമാരിയായി പ്രഖ്യാപിക്കപ്പെട്ട കോവിഡ് മഹാമാരി ഒരു പിടികിട്ടാപുള്ളിയാണെന്നും അതുകൊണ്ടുതന്നെ അതിനെ മരുന്നുകൊണ്ട് പ്രതിരോധിക്കുക എളുപ്പമല്ലെന്നും, യാതൊരുവിധ ഉളുപ്പുമില്ലാതെ ഈയ്യിടെ ലോകത്തോട് പ്രഖ്യാപിച്ചത് ലോകാരോഗ്യ സംഘടന തന്നെയാണ്. മുഖംമൂടി ധാരണത്തിലും, കൈ കഴുകലിലും, സാമൂഹ്യമായ അകലം പാലിക്കന്നതിനും അപ്പുറത്തുള്ള ലോകാരോഗ്യ സംഘടനയുടെ അതിശുഷ്‌കമായ കണ്ടെത്തൽ അവിടേയും അവസാനിക്കുന്നില്ല. കോവിഡ്-19 മഹാമാരിയാണെങ്കിലും നമ്മളിൽനിന്ന് മായ്ച്ചുകളയാനാവാത്ത വിധം നമ്മളിൽ തന്നെ ഇനിയുള്ളകാലം സഹജീവനം നടത്തേണ്ട ഒരു ജീവിത സംസ്‌കാരിക രോഗമാണെന്നും സമ്പൂർണ്ണ പരാജിത ലോകാരോഗ്യ സംഘടന തെല്ലൊരു സൂത്രത്തിൽ പറഞ്ഞുവച്ചുകൊണ്ട് മുഖം മിനുക്കി വിലസുന്നു.

ഇതിന്നിടെ കോവിഡിന്റെ പ്രഭവകേന്ദ്രമായ വുഹാൻ ശാന്തമായി. ചൈന ഭാഗികമായി തുറന്നു. ചൈനയുടെ കയ്യിലെ കളിപ്പാവയായ ലോകാരോഗ്യ സംഘടന ഉണർന്നു. ലോകം മുഴുവൻ കൊട്ടിയടക്കാനും, മുഖം മൂടാനും, കൈകൾ കഴുകാനും, സാമൂഹ്യമായ അകലം പാലിക്കാനും കൃത്യമായ ആഹ്വാനം കൊടുത്തതിനുശേഷം ചൈനാനുവർത്തിയായ ലോകാരോഗ്യ സംഘടന, ചൈനക്ക് സാമ്പത്തികമായി വളർന്നു പന്തലിക്കാനുള്ള സുദൃഢവും നിഗൂഡവുമായ ഒരു സാമ്പത്തിക കാലാവസ്ഥ സൃഷ്ടിച്ചു കൊടുക്കുകയായിരുന്നു, എന്നൊരു ഗുരുതരമായ ആരോപണവും പുറത്തുവന്നു.

ഈ ആരോപണം പരക്കെ സ്വീകരിക്കപ്പെടാനുള്ള കാരണവും ലോകാരോഗ്യ സംഘടനയുടെ വിധേയപൂർവ്വകമായ ചൈനാനുകൂല നിലപാടുതന്നെ. എന്നിരുന്നാലും ലോകാരോഗ്യ സംഘടനയുടെ ഈ കൗതുകകരവും കൗശലപൂർവ്വകവുമായ കണ്ടെത്തലിന്റെ ഭാഗമായി കോവിഡിനോടൊപ്പം കോവിഡ് വിതക്കുന്ന മരണത്തോടൊപ്പം ലോകം മുഴുവനും തുറക്കപ്പെടുകയായിരുന്നു. ഒപ്പം, കോവിഡ് കാലത്ത് താൽക്കാലികമായി അടക്കപ്പെട്ട അധാർമ്മിക രാഷ്ട്രീയത്തിന്റെ പിന്നാമ്പുറവാതിലുകളും മലർക്കെ തുറക്കപ്പെടുകയായിരുന്നു.

അങ്ങനെ മാരകമായ ഒരു മഹാമാരിയോടൊപ്പം ലോകം മറ്റൊരു മഹാ പ്രതിസന്ധിയിലേക്ക് കൂടി തുറക്കപ്പെട്ടുു. ഒരിക്കലും ഒടുക്കാനാവാത്ത കടബാധ്യതകളിൽ രാഷ്ട്രങ്ങൾ കുരുങ്ങിക്കിടന്നു. കൂട്ടപലായനങ്ങളോടൊപ്പവും കൂട്ടമരണങ്ങളോടൊപ്പവും, ലോക മാനവവിഭവശേഷിയും ഈ ലോകത്ത് ജീവനോടെ ചത്തുകിടന്നു. അധാർ മ്മിക രാഷ്ട്രീയമൊഴിച്ചുള്ള ലോകത്തിന്റെ എല്ലാ അടിസ്ഥാനഘടനാ വളർച്ചയും വട്ടപൂജ്യത്തിന്റെ പിന്നാമ്പുറത്തേക്ക് വളർന്ന് തളർന്നുകിടന്നു. വഴിയോര കച്ചവട സ്ഥാപനങ്ങൾ മുതൽ വ്യവസായ സ്ഥാപനങ്ങൾ വരെ ലോകത്ത് കോവിഡുകാലത്ത് അടഞ്ഞുകിടക്കുന്നു. ലോകത്ത് ദശലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടമായി. അവർക്കാക്കെ തൊഴിലില്ലായ്മാ വേതനമോ ഉപജീവന വേതനമോ കൊടുക്കാൻ രാഷ്ട്രങ്ങൾ നിർബന്ധിതരായി. കടം വാങ്ങിയ കാശുകൊണ്ട് രാഷ്ട്രങ്ങൾ കൂടുതൽ കടങ്ങൾക്ക് കടപ്പെട്ടു. ഈയൊരു സാഹചര്യത്തിലാണ് ലോക കോവിഡ് രാഷ്ട്രീയം രൂപം കൊള്ളുന്നത്.

മാസ്‌കിനും മരുന്നിനും അനുബന്ധ ചികിത്സാ സാമഗ്രികൾക്കുമായുള്ള മത്സരക്കച്ചവടങ്ങളിലും യുദ്ധഭീഷണികളിലും ലോക കോവിഡ് റിപ്പബ്ലിക്ക് രാഷ്ട്രീയം, പാവം ജനങ്ങളുടെ മരണങ്ങൾക്ക് വില പേശിക്കിടന്നു. കോവിഡ് മഹാമാരിയുടെ അനിശ്ചിയമായ മരണഭീകരതയിലും ഭരണകൂടഭീകരതയിലും ലോക രാഷ്ട്രീയം വീണ്ടും തനിയാവർത്തനമായി. ഇന്ത്യൻ ജനതയുടെ കൂട്ടപലായനവും പടിഞ്ഞാറൻ യൂറോപ്പിലെ അനിയന്ത്രിതമായ കൂട്ടമരണങ്ങളും ഒരു ഇടവേളക്കുശേഷം അമേരിക്കയിലേക്ക് തിരിച്ചുവന്ന വർണ്ണാധിഷ്ടിത വംശഹത്യകളും ലോകരാഷ്ട്രീയത്തിന്റെ തനിയാവർത്തനം കുറെക്കൂടി വഷളാക്കി, ഭീകരമാക്കി.

ലോക കോവിഡ് റിപ്പബ്ലിക്കും മതാധിപത്യവും.

ലോകത്തിലെ എല്ലാ ഭരണകൂടങ്ങളും ഉന്നം വക്കുന്നത് ഭരിക്കപ്പെടുന്നവരുടെ മേലുള്ള ആധിപത്യമാണ്. വലിയ വളച്ചുകെട്ടില്ലാതെ പറയുകയാണെങ്കിൽ അത്തരം ആധിപത്യങ്ങളെ പൊതുവായി സ്വേച്ഛാധിപത്യമെന്നൊ, കുത്തക മുതലാളിത്ത ആധിപത്യമെന്നൊ, രാഷ്ട്രീയാധിപത്യമെന്നൊ അതുമല്ലെങ്കിൽ ഇതെല്ലാം കൂടിച്ചേരുന്ന അഭിനവ ജനാധിപത്യമെന്നൊ വിളിക്കേണ്ടിവരും.

എന്നാൽ ഭരിക്കപ്പെടുന്നവരുടെ മേലുള്ള ഈ ആധിപത്യങ്ങളെല്ലാം നിയന്ത്രിക്കപ്പെടുന്നത് ഭരിക്കപ്പെടുന്നവർക്ക് ആധിപത്യമുള്ള മതാധിപത്യമാണ് എന്നത് ചരിത്രം തെളിയിച്ച സത്യമാണ്, വസ്തുതയാണ്. ജനങ്ങളുടെ ജനിതകപാളികളിൽ അവർ ജനിക്കുമ്പോൾ തന്നെ മതാധിപത്യത്തിന്റെ അതിസങ്കീർണ്ണമായ ജൈവരേഖകൾ ആർക്കും മായ്ക്കാനാവാത്തവിധം ജൈവമുദ്രിതമായി നിലകൊള്ളുന്നുണ്ട്. വിവിധ മതങ്ങളാൽ വർഗ്ഗീകരിക്കപ്പെടുകയും വിഭാഗീകരിക്കപ്പെടുകയും ചെയ്ത ഈ മതമൗലിക ജനതയുടെ മേലുള്ള സർവ്വാധിപത്യവും ധനാധിപത്യവും ഉറപ്പിച്ചെടുക്കലാണ് ലോക ഭരണകൂടങ്ങളുടെ എക്കാലത്തേയും രാഷ്ട്രീയ തീവ്രയജ്ഞ പദ്ധതികൾ. മാറി മാറിവരുന്ന ഭരണകൂടങ്ങളെ ജയിപ്പിക്കുകയും പരാജയപ്പെടുത്തുകയും ചെയ്യുന്ന ജോലിയാണ് എന്നും മതാധിപത്യങ്ങൾക്കുള്ളത്. ഭരണകൂടങ്ങളുടെ നിലനില്പിന്നാവശ്യമായ മതാധിപത്യത്തെ അതർഹിക്കുന്ന അനുപാതത്തിൽ ഉൾക്കൊണ്ടുകൊണ്ടാണ് ഭരണകൂടങ്ങൾ ഈ ഭൂമിയിൽ നിലനിന്നുപോരുന്നത്.

ഭരണകൂടങ്ങളുടെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭൗതിക ഉത്തേജകങ്ങളിൽ മതാധിപത്യത്തിനുപുറമെ കുത്തക മുതലാളിത്തവും ഉൾപ്പെടുന്നുണ്ട്. നിയമാനുസൃതമായ പ്രകൃതിദത്തവും ഭൗതികവുമായ വിഭവസമാഹരണവും നികുതിയിനത്തിലുള്ള ധനസമാഹരണവും മാത്രമെ ഭരണകൂടങ്ങൾക്ക് നിയതമായി സംഭരിക്കാനാവൂ. എന്നാൽ ഭരണകൂടങ്ങളുടെ രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ ഭൗതികമായ നിലനില്പിന്നായി സാമ്പത്തിക ഉത്തേജകങ്ങളായി വർത്തിക്കുന്ന രണ്ട് പ്രധാന ഭരണകൂട ഘടകങ്ങളാണ് മതാധിപത്യ ശക്തികളും കുത്തക മുതലാളിത്ത ശക്തികളും. അതുകൊണ്ടുതന്നെ ഭരണകൂടങ്ങൾക്ക് മതാധിപത്യ ശക്തികളേയും കുത്തക മുതലാളിത്ത ശക്തികളേയും സംരക്ഷിക്കേണ്ടതായുണ്ട്.

അതേസമയം, മതാധിപത്യ ശക്തികൾക്കും കുത്തക മുതലാളിത്ത ശക്തികൾക്കും, ഭരണകൂടങ്ങൾക്ക് പിന്നാമ്പു റത്തുനിന്ന് വേരുകൾ ഉറപ്പിക്കേണ്ടതായും സാമ്പത്തികമായി വളർന്നു പന്തലിക്കേണ്ടതായുമുണ്ട്. അതിന്നായി ഈ രണ്ടു ശക്തികൾക്കും, ഭരണകൂടങ്ങളെ ധർമ്മച്യുതികളിലേക്കും നിയമലംഘനങ്ങളിലേക്കും വലിച്ചിഴക്കേണ്ടത് അത്യാവശ്യമായി വരുന്നു. ഭരണകൂടങ്ങളുടെ ഇത്തരത്തിലുള്ള ധർമ്മച്യുതികൾക്കും നിയമലംഘനങ്ങൾക്കും പ്രായശ്ചിത്തമായി, ആർക്കും ചോദ്യം ചെയ്യാനാവാത്ത ധാർമ്മികതയുടെ സാങ്കല്പിക കൂട്ടുഅച്ചുതണ്ടായി മതാധിപത്യ ശക്തികളും കുത്തക മുതലാളിത്ത ശക്തികളും ലോകത്ത് ഇന്നും നിലനിന്നുപോരുന്നു.

കൊറോണവൈറസ് വംശജനായ കോവിഡ്-19 എന്ന ഏഴാമന്റെ സ്ഥാനാരോഹണത്തോടെ ഇതെല്ലാം പൊളിച്ചെഴുതപ്പെടുകയായിരുന്നു. തൽഫലമായി ഭരണകൂടങ്ങളുടെ അടി പതറി. ലോകത്തെ സർവ്വാധിപത്യങ്ങളും ഭൂമിയിൽ മിഴിച്ചുനിന്നു. മതാധിപത്യത്തിന്റെ ആനവാതിലുകളും കുത്തക മുതലാളിത്തത്തിന്റെ സാമ്രാജ്യങ്ങളും അടഞ്ഞുകിടന്നു. ഭൂമിയിലെ ആരാധനാലയങ്ങളും ആകാശങ്ങളിലെ മുഴുവൻ ദൈവങ്ങളും ഭൂമിയിലെ ഭക്തരേയും വിശ്വാസികളേയും നിഷ്‌കരുണം കയ്യൊഴിഞ്ഞു. ദേവാലയങ്ങളിലെ ദീപാലംകൃതമായ അൾത്താരകൾ അണഞ്ഞു. ക്ഷേത്രങ്ങളിലെ ദീപക്കാഴ്ചകൾ അപ്രത്യക്ഷമായി, ഭക്തരും വിശ്വാസികളും കാർമ്മികരും മുഖംമൂടികൾക്കുള്ളിൽ ആറടി അകലത്തിൽ അനിശ്ചിതമായി ഒളിച്ചുകിടന്നു. ലോകം ദൈവങ്ങളെ മറന്നു. ദേവാലയങ്ങളും ക്ഷേത്രങ്ങളും പള്ളികളും ദൈവങ്ങളെ ഓർമ്മിപ്പിച്ചില്ല. ദേവാലയങ്ങളിലേയും ക്ഷേത്രങ്ങളിലേയും പള്ളികളിലേയും പുരോഹിതരും പൂജാരികളും സഹായികളും ഗത്യന്തരമില്ലാതെ കോവിഡിന്റെ ശ്രീകോവിലുകളിൽ ആത്മബലിയായി.

ഫാക്ടറികൾ ചൂളം വിളിച്ചില്ല, മണികളും മുഴക്കിയില്ല. വ്യവസായശാലകൾ ഇരമ്പിയില്ല. വലുതും ചെറുതുമായ ചരക്കുവാഹനങ്ങളുടെ ചക്രങ്ങൾ തിരിഞ്ഞില്ല. ഭരണകൂടങ്ങളുടെ കുറുമ്പും കുസൃതിയും നിലച്ചു. കോവിഡിന്റെ മറവിൽ ചിലച്ചു. ഭരണയന്ത്രം അനങ്ങിയില്ല. കോവിഡിന്റെ മറവിൽ ഉരുണ്ടു. ലോകത്തിന് മേലുണ്ടായിരുന്ന സർവ്വ ആധിപത്യങ്ങളും ആധിയിലൊ വ്യാധിയിലൊ കഴിഞ്ഞുകൂടി. ലോക കോവിഡ് റിപ്പബ്ലിക്ക് അക്ഷരാർത്ഥത്തിൽ മതേതരമായി. ലോകം ചിലർക്കെങ്കിലും സമ്പൂർണ്ണ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായി.

മതാധിപത്യത്തിന്റെ കച്ചവടതാത്പര്യങ്ങൾ സജീവമായത് മദ്ധ്യകാലഘട്ടത്തിലാണെന്ന് ചരിത്രം പറയുന്നുണ്ട്. പാപികളെ തേടിപ്പിടിച്ച പ്രൊഫഷണൽ പാപമോചിതരുടെ കാലമായിരുന്നു അത്. അന്ന് തുടങ്ങിയ പാപമോചന കച്ചവടം (Sale of Indulgence) ഇന്നും ഏറെ മാറ്റങ്ങളില്ലാതെ തന്നെ തുടരുകയാണ്. പ്രൊഫഷണൽ പാപമോചിതർ (Professional Pardoners) അന്നും ഇന്നും സക്രിയരാണ്.

പാപമോചന കച്ചവടം (Sale of Indulgence) വഴി സ്വരൂപിച്ച പണം കൊണ്ടാണ് പ്രസിദ്ധമായ സെന്റ് പീറ്റേഴ്സ് കത്തിദ്രൽ പണികഴിപ്പിച്ചതെന്ന് ചരിത്രം രേഖപ്പെടുത്തിവച്ചിട്ടുണ്ട്. അന്ന് പ്രൊഫഷണൽ പാപമോചിതർ (Professional Pardoners) മതാധിപത്യത്തിന്റെ തണലിലാണ് സംരക്ഷിക്കപ്പെട്ടു പോന്നിരുന്നത്. അന്ന് തുടങ്ങിവച്ച പാപമോചന കച്ചവടവും (Sale of Indulgence) പ്രൊഫഷണൽ പാപമോചിതരും (Professional Pardoners) ഇന്ന് ഭരണകൂടങ്ങളുടെ ഭരണഘടനാപരമായ സംരക്ഷിത സംവിധാനങ്ങളിൽ സുരക്ഷിതരായി ജീവിച്ചുപോരുന്നു. മാത്രമല്ല, ഇന്ന് പാപമോചനത്തിന്റെ കമ്പോള സാധ്യതയും കാര്യമായി വർദ്ധിച്ചിരിക്കുന്നു. പ്രൊഫഷണൽ പാപമോചിതർക്ക് (Professional Pardoners) ഭരണകൂടങ്ങളുടെ ഭരണഘടനാപരമായ അംഗീകാരവുമുണ്ട്. ഇന്ന് പാപമോചന കച്ചവടം (Sale of Indulgence) വഴി ലഭിക്കുന്ന പണം കൊണ്ട് കത്തീദ്രലുകൾ മാത്രമല്ല തീർക്കുന്നത് മറിച്ച്, ഭരണകൂടങ്ങളുടെ രാഷ്ട്രീയ മാനിഫെസ്റ്റോയിലുള്ള കൂറ്റൻ പദ്ധതികൾ കൂടിയാണ്. മതാധിപത്യം യാഥാർത്ഥ്യമാക്കുന്ന ഈ കൂറ്റൻ പദ്ധതികളാണ് ഭരണകൂടങ്ങളുടെ ഭരണത്തുടർച്ച ഉറപ്പുവരുത്തുന്നതെന്നതും വസ്തുതയാണ്, സത്യമാണ്.

ആധുനിക കാലത്തും മതാധിപത്യം വേരാഴ്‌ത്തി നില്ക്കുന്നത് അയുക്തികവും അന്ധവുമായ വിശ്വാസപ്രമാണങ്ങളിന്മേലാണ്. മദ്ധ്യകാലഘട്ടത്തിനുമുമ്പും മതാധിപത്യത്തിന്റെ വേരോട്ടം ഉണ്ടായിരുന്നെന്ന് ചാണക്യന്റെ അർത്ഥശാസ്ത്രവും സാക്ഷ്യപ്പെടുത്തുന്നുണ്ട്. അക്കാലത്തും ഭരണകൂടങ്ങളുടെ ഭൗതികവും രാഷ്ട്രീയവുമായ നിലനില്പിനെ സഹായിച്ചിരുന്നത്, മതാധിപത്യം വിശ്വാസികളിൽ അടിച്ചേൽപ്പിച്ച അയുക്തികവും അന്ധവുമായ വിശ്വാസപ്രമാണങ്ങളും, അവ വിറ്റുകിട്ടിയ പണവും തന്നെയായിരുന്നു. ഭരണകൂടങ്ങൾക്ക് സാമ്പത്തികമായ പ്രതിസന്ധികളുണ്ടാവുമ്പോൾ എവിടെയെങ്കിലും ഒരു താത്ക്കാലിക ആരാധന കേന്ദ്രം കെട്ടിപ്പൊക്കി അന്ധവിശ്വാസങ്ങളെ പടച്ചുവിട്ട് ജനങ്ങളിൽ നിന്ന് തന്ത്രപൂർവ്വം പണം പിരിച്ചെടുത്തതായി അർത്ഥശാസ്ത്രം പറയുന്നുണ്ട്.

ചാണക്യബുദ്ധിയിലുദിച്ച ഈ ഭരണതന്ത്രത്തെ പിന്നീട് ഒരു സ്ഥിരം ഭരണ സംവിധാനമായി ചാണക്യാനന്തര കുടിലഭരണകൂടങ്ങൾ പ്രഖ്യാപിക്കുകയായിരുന്നു. അതിന്റെ തുടർച്ചയാണ് ഇന്ത്യയിലും മറ്റു ലോകരാഷ്ട്രങ്ങളിലും നാമിന്ന് കാണുന്ന മതാധിപത്യത്തിന്റെ അയുക്തികവും അന്ധവുമായ വിശ്വാസപ്രമാണങ്ങളുടെ കള്ളക്കച്ചവടങ്ങൾ.

സ്വർഗ്ഗരാജ്യത്തിന്റെ സ്വർണ്ണതാക്കോലുമായി സ്വർഗ്ഗസ്ഥനായ പിതാവിന്റെ സ്വയം പ്രഖ്യാപിത യേശുദേവന്മാർ റോമിൽ വിശുദ്ധവാഴ്ച ആരംഭിച്ചത് അങ്ങനെയായിരിക്കണം. ഋഷിമാരുടെ ദേവഭൂമിയായ ആർഷഭാരതത്തിലും വിശ്വാസപ്രമാണങ്ങളുടെ പടർന്നുപന്തലിച്ച പേരാലുകളും അങ്ങനെ ജന്മം കൊണ്ടതായിരിക്കണം. നിലാപിറവികളുടെ നിസ്‌കാര മുഹൂർത്തങ്ങൾക്ക് കഠിനനോമ്പിന്റെ വിരിപ്പിട്ട ഇസ്ലാംഭക്തിയുടെ ചാന്ദ്രതാരകമണ്ഡലങ്ങൾ ഉണ്ടായതും അങ്ങനെയായിരിക്കണം. മതാധിപത്യത്തിന്റെ സ്വർണ്ണവർണ്ണ കുടക്കീഴിൽ അഭിനവ ഭരണകൂടങ്ങൾ ഭൂമിയിൽ സർവ്വാധിപത്യം ഉറപ്പിച്ചതും അങ്ങനെതന്നെ ആയിരിക്കണം.

മതാധിപത്യത്തിന്റെ ഈ വേരോട്ടം ഭരണകൂടങ്ങളുടെ അരാജകവാഴ്ചയുടെ തേരോട്ടത്തിന്റെ വേഗം കൂട്ടാൻ അധികം നാൾ വേണ്ടിവന്നില്ല. ഭ്രാന്ത് പിടിച്ചത് മതാധിപത്യത്തിനൊ അവയുടെ പോഷകപ്രേരകങ്ങളായ ഭരണകൂടങ്ങൾക്കൊ എന്ന് സംശയിക്കാവുന്ന ഒരു ജനാധിപത്യ പ്രതിസന്ധികളിലേക്ക് ലോകം പൊയ്ക്കൊണ്ടിരിക്കുന്നു. മാതാധിപത്യ ഭീകരതയും ഭരണകൂട ഭീകരതയും ലോകത്തിലെ ജനങ്ങളെ പൊറുതിമുട്ടിച്ചുകൊണ്ടിരിക്കുന്നു. മാധ്യമങ്ങളുടെ സത്യാന്വേഷണങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ജനക്ഷേമാന്വേഷണങ്ങളും വഴിമുട്ടിയ കാലം വന്നിരിക്കുന്നു. ഗത്യന്തരമില്ലാത്ത ഈയൊരു സാഹചര്യത്തിലാണ് കൊറോണവൈറസ് വംശീയനായ കോവിഡ്-19 ഏഴാമൻ അരൂപിയായി രംഗപ്രവേശം നടത്തിയിരിക്കുന്നത്. മത-ഭരണകൂട ഭീകരതക്ക് സുല്ലിട്ടുകൊണ്ട് ലോക കോവിഡ് റിപ്പബ്ലിക്ക് ഉണ്ടാവുന്നതും അങ്ങിനെയാണ്.

ലോക കോവിഡ് റിപ്പബ്ലിക്കിന്റെ രൂപം കൊള്ളലിലൂടെ മതാധിപത്യത്തിന്റെ കോട്ടകൊത്തങ്ങളിൽ ആളൊഴിഞ്ഞു. ഭരണകൂടങ്ങളുടെ ചെങ്കോലും കിരീടവും കൊഴിഞ്ഞുവീണു. കുരിശുകൾ വാഴ്‌ത്തപ്പെട്ട രാഷ്ട്രങ്ങളുടെ അകത്തളങ്ങളിലെ പറുദീസകൾ സിമിത്തേരികളായി. പായ വിരിച്ച് നിസ്‌കരിച്ചവരുടെ നെറ്റിയിലെ തഴമ്പിൽ മരണം മുത്തമിട്ടു. അമ്പലമണികൾ മുഴങ്ങാത്ത, ശേഷക്രിയാമന്ത്രോച്ഛാരണങ്ങളില്ലാത്ത ആർഷഭൂമികളും ശവപ്പറമ്പുകളായി. ലോക കോവിഡ് റിപ്പബ്ലിക്ക്, മതാധിപത്യത്തിനും ഭരണകൂടങ്ങൾക്കും, നേരിന്റേയും നെറിയുടേയും ഓർമ്മപ്പെടുത്തലായി. ലോക ജാലകങ്ങൾ അടക്കപ്പെട്ടു. അടച്ചുപൂട്ടലിന്റെ ശ്വാസംമുട്ടലിൽ ലോകം വീണ്ടും മരണത്തിലേക്ക് തന്നെ തുറക്കപ്പെട്ടു. മരണത്തോടൊപ്പം ഭരണമെന്ന രാഷ്ട്രീയ തത്ത്വചിന്തയുമായി ലോകരാഷ്ട്രങ്ങൾ പാടുപെടുകയാണ്. നടുവൊടിഞ്ഞ പാമ്പിനെ പോലെ മതാധിപത്യവും കാലൊടിഞ്ഞ കുതിരയെ പോലെ ഭരണകൂടങ്ങളും ലോക കോവിഡ് റിപ്പബ്ലിക്കിന്റെ അടിമകളായി. അസ്തിത്വം തന്നെ അപകടപ്പെടുന്ന തര ത്തിൽ മതങ്ങളും ആധിപത്യം അവസാനിക്കുന്ന തരത്തിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഭരണകൂടങ്ങളും ലോക കോവിഡ് റിപ്പബ്ലിക്കിന്റെ പശ്ചാത്തലത്തിൽ നിഷ്പ്രഭരായി

ലോക കോവിഡ് റിപ്പബ്ലിക്കും വിദ്യാഭ്യാസവും

ഗുരുവും ശിഷ്യനും ഒരു കുടംബമായി ജീവിച്ചുകൊണ്ട് വിദ്യഭ്യാസം പങ്കുവച്ചിരുന്ന പഴയ ഗുരുകുല സമ്പ്രദായം അവസാനിച്ചിട്ട് കാലമേറെയായി. പിന്നീടത് ആശാൻ കേന്ദ്രീകൃതമായ പള്ളിക്കൂടങ്ങളായും വളർന്ന് ഏകാദ്ധ്യപക വിദ്യാലയമായും കടന്ന് നാമിന്ന് കാണുന്ന വിദ്യാലയങ്ങളായും കലാലയങ്ങളായും സർവ്വകലാശാലകളായും വികസിക്കുകയോ പുരോഗമിക്കുകയോ ഉണ്ടായി. ചുരുക്കിപ്പറഞ്ഞാൽ ഗുരുവിൽ നിന്ന് ശിഷ്യനേയും ശിഷ്യനിൽ നിന്ന് ഗുരുവിനേയും അടർത്തിമാറ്റി അകറ്റപ്പെട്ട ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് ഇന്നത്തെ വിദ്യാഭ്യാസം എത്തുകയായിരുന്നു എന്നു പറയുന്നതാവും കൂടുതൽ ശരി.

കാശിനുമാത്രമായി ജോലി ചെയ്യുന്ന ഗുരുക്കന്മാരും, ജോലി ചെയ്ത് കാശുണ്ടാ ക്കാമെന്ന വ്യാമോഹത്തോടെ ശിഷ്യന്മാരും കൂടി, സമർപ്പിത സദ് കർമ്മമായ വിദ്യാഭ്യാസത്തെ അങ്ങനെ കൊടുക്കൽ-വാങ്ങൽ വ്യവസ്ഥകളെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു കച്ചവടമാക്കി. ഭരണകൂടങ്ങൾ ഈ ലാഭക്കച്ചവടത്തിന്റെ ദല്ലാളുമാരായി. രാഷ്ട്രീയക്കാർ ഈ കച്ചവടത്തെ കൂടുതൽ അളവിൽ കമ്പോള വൽക്കരിച്ചുകൊണ്ടിരുന്നു. ഗുരുവിൽ നിന്ന് ഗുരുത്വവും, വിദ്യയിൽ നിന്ന് വിദ്യാർത്ഥിയും വേർപ്പെട്ടപ്പോൾ വിദ്യഭ്യാസം കേവലം അഭ്യാസമായി. ഈ മൂല്യശോഷണാവസ്ഥ യിലേക്കാണ് കോവിഡ് എന്ന മഹാമാരി എത്തുന്നതും ലോക കോവിഡ് റിപ്പബ്ലിക്കിന്റെ പുതിയ വ്യവസ്ഥകളിന്മേൽ നമ്മുടെ വിദ്യാഭ്യാസം നാമിന്നുകാണുന്ന തരത്തിൽ താൽക്കാലികമായെങ്കിലും പരി വർത്തിതമായതും.

ലോക കോവിഡ് റിപ്പബ്ലിക്ക്, വിദ്യയെന്ന കേവലം വ്യവസായമെന്ന അഭ്യാസത്തെ കൂടി അടച്ചുപൂട്ടി. ഇനി വിദ്യാലയങ്ങളിൽ അധികം നാൾ മണി മുഴങ്ങില്ല. ക്ലാസ്സുകളിൽ കുട്ടികളുടെ ഇമ്പമുള്ള കുറുകലുകളും ഇനി അധികം നാൾ ഉണ്ടാവില്ല. അദ്ധ്യാപകരുടെ നോട്ടവും കുട്ടികളുടെ ഓട്ടവും ഇനി ഉണ്ടാവില്ല. അദ്ധ്യാപകരുടെ ആഗമനങ്ങളിൽ ഇനി കുട്ടികളുടെ കുറുകലുകൾ നിശ്ശബ്ദതക്ക് വഴിമാറില്ല. ബ്ലാക്ക് ബോഡുകളിൽ ഇനി ചോക്കുകൾ അക്ഷരങ്ങളും ചിത്രങ്ങളും വരക്കില്ല. ക്ലാസ്സ് മുറികളിൽ ഇനി കുട്ടികൾ ഉണ്ടാവണമെന്നില്ല. കുട്ടികളുടെ ഇളം തോളുകളിൽ ഇനി പുസ്തക സഞ്ചികൾ തൂങ്ങില്ല. അവരുടെ സഞ്ചികളിൽ ഗൃഹാതുരതയുടെ ചോറ്റുപാത്രവും വെള്ളക്കുപ്പികളും ഇനി ഉണ്ടാവില്ല. എന്തിനേറെ പറയുന്നു, ഭൗതികമായ സ്‌കൂളുകൾ പോലും ഇനി ഉണ്ടാകാനിടയില്ല.

കലാലയങ്ങളുടേയും സർവ്വകലാശാലകളുടേയും സ്ഥിതി ഇതിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല. യുജിസി.യുടെ ) ആർഭാട കുതിരപ്പുറത്ത് അലങ്കാരമായെത്തുന്ന പ്രഫസർമാർ ഇനിയും ഇപ്പോഴുള്ള അളവിൽ ഉണ്ടാവണമെന്നില്ല. അതിന്റെ ആവശ്യവുമില്ല. ക്യാമ്പസുകളിലെ ജനാധിപത്യ തീവ്രബോധമുള്ള സംഘടിത വിദ്യാർത്ഥിസമൂഹം ഇപ്പോഴുള്ള അളവിൽ ഇനി ഉണ്ടാവണമെന്നില്ല. പുസ്തകം മണക്കുന്ന ലൈബ്രറികളും ധിഷണാസൗഹൃദങ്ങൾ പൂത്തുലയുന്ന ലൈബ്രറികലുടെ ഇടനാഴികളും ഇനി ഉണ്ടാവണമെന്നില്ല. ലോക കോവിഡ് റിപ്പബ്ലിക്ക് എല്ലാം എടുത്തുമാറ്റുക യാണ്.

വിദ്യാഭ്യാസം ഇനി അകലങ്ങളിലെ അടുപ്പത്തിന്റെ സ്വകാര്യ ആഘോഷങ്ങൾക്കായി ഒരുങ്ങുകയാണ്. ഓരോ വീടും ഇനി ക്ലാസ്സുമുറികളാവുകയാണ്. ടീവി സ്‌ക്രീനും കമ്പ്യൂട്ടർ സ്‌ക്രീനും മൊബൈൽ ഫോൺ സ്‌ക്രീനും ഇനി ബ്ലാക്ക് ബോഡുകളുടെ സജീവ ത്രിമാന ബിംബങ്ങളാവുകയാണ്. സൈബർ തരംഗപാളികളിലൂടെ വിദ്യയുടെ അന ന്തസാധ്യതകൾ ഇനി സംപ്രേഷണങ്ങളാവുകയാണ്. വിദ്യാലയങ്ങൾക്കും കലാലയങ്ങൾക്കും സർവ്വകലാശാലകൾക്കും പകരം ഇനി ഒരുപക്ഷേ സംപ്രേഷണാലയങ്ങളും സംപ്രേഷണശാലകളും സാർവ്വസാന്നിദ്ധ്യമാവും.

ഓരോ ഗുരുവിനും ഓരോ ലോകത്തെ പഠപ്പിക്കാനാവുന്ന സൈബർകാലം വരുന്നു. അതുകൊണ്ടുതന്നെ ഇനി അധികം അളവിലുള്ള അദ്ധ്യപകരും പ്രഫസർമാരും ആവശ്യമായി വരില്ല. ഇനി ഭൂമിയിൽ സാർവ്വസാന്നിദ്ധ്യമുള്ള ഗുരുക്കന്മാർ മാത്രം. സൈബറിടങ്ങളാൽ പ്രാപ്തമാവുന്ന സംപ്രേഷണാലയങ്ങൾക്കും സംപ്രേഷണശാലകൾക്കും ഇനി വിരലിലെണ്ണാവുന്ന ഗുരുക്കന്മാർ മാത്രം മതിയാവും. കുട്ടികളുടേയും ഗുരുക്കന്മാ രുടേയും ഇപ്പോഴുള്ള അനാവശ്യ അനുപാതം ഇനി സൈബർ കേന്ദ്രീകൃത സംപ്രേഷണാലയങ്ങൾക്കും സംപ്രേഷണശാലകൾക്കും ആവശ്യമില്ല. അധികമായിവരുന്ന അദ്ധ്യാപകരേയും പ്രഫസർമാരേയും പുനരധിവസിപ്പിക്കേണ്ടതായിവരും. വിദ്യാഭ്യാസ മന്ത്രിമാരും അവരുടെ അസംഖ്യം വകുപ്പുകളും ഇത്രമേൽ ആവശ്യമില്ല. അവർക്കായി നീക്കിവച്ച കോടിക്കണക്കിന് പണം ഇനി ഭരണകൂടങ്ങൾക്ക് ജനക്ഷേമപരമായ മറ്റേതെങ്കിലും പദ്ധതികൾക്കായി മാറ്റിവക്കാം. അധികമായി വരുന്ന സ്‌കൂളുകളും കലാലയങ്ങളും സർവ്വകലാശാലകളും ഇനി ഭരണകൂടങ്ങൾക്ക് ആശുപത്രികളായോ ആതുരാലയങ്ങളായോ വ്യവസായ ശാലകളായോ ഉപയോഗിക്കാമെന്ന കാലം വരുന്നു.

ലോക കോവിഡ് റിപ്പബ്ലിക്ക് നമ്മുടെ വിദ്യാഭാസമേഖലയെ മൊത്തം അഴിച്ചു പണിഞ്ഞുകൊണ്ടിരിക്കുകയാണ്. വിവരസാങ്കേതിക നൂതനവിദ്യയുടെ കൃത്രിമ ധിഷണാ പരതയിലൂടെ (അൃശേളശരശമഹ കിലേഹഹശഴലിരല) ലോകത്ത് വിദ്യാഭ്യാസം അകലങ്ങളിലെ അത്ഭുതമായി മാറിയിരിക്കുന്നു. പാഠപുസ്തകങ്ങളുടെ ഭൗതിക രൂപങ്ങൾ അന്യംനിന്നുപോകുകയാണ്. വിരൽതുമ്പുകൾ ഡിസ്പ്ളെ സ്‌ക്രീനുകളിൽ ഇഴയുമ്പോൾ പാഠപുസ്തകങ്ങൾ ഏതോ കാല്പനിക ശൂന്യതയിൽ നിന്ന് മിഴിവുറ്റ ദൃശ്യരൂപങ്ങളായി പറന്നെത്തുന്നു. അതുപോലെതന്നെ അദ്ധ്യാപകരും യഥാർത്ഥ ത്രിമാന രൂപങ്ങളായി മുന്നിലെത്തുന്നു. പിന്നെ അദ്ധ്യാപകരും വിദ്യാർത്ഥികളും നിർവിഘ്നം, നിരന്തരം, നിർഭയം പഠനത്തിന്റെ ദൃശ്യവിചാരങ്ങളിൽ ഉത്സുകരാവുന്നു. ഇടവേളകളിൽ അവരെ പിരിക്കാൻ മണികൾ മുഴങ്ങില്ല. രാപകലില്ലാതെ ലോക കോവിഡ് റിപ്പബ്ലിക്കിൽ പഠനം അയത്ന ലളിത യാഥാർത്ഥ്യമാവുകയാണ്.

ലോക കോവിഡ് റിപ്പബ്ലിക്കിന്റെ ഓൺലൈൻ വിദ്യാഭ്യാസം സമ്പൂർണ്ണമായി നടപ്പിലാവുമ്പോൾ, അദ്ധ്യാപക-വിദ്യാർത്ഥി രാഷ്ട്രീയം വിദ്യാഭ്യാസ മേഖലയിൽ നിന്ന് അപ്പാടെ അപ്രത്യക്ഷമാവും. ഭൗതിക സമയത്തിന് വിധേയമായി ക്രമീകരിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്യുന്ന നടപ്പുവിദ്യാഭ്യാസ സമ്പ്രദായങ്ങളും സംവിധാനങ്ങളും ഇല്ലാതാവും. പകരം, സൈബർ ക്രമങ്ങളും സമയങ്ങളും നിയന്ത്രിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായങ്ങളും സംവിധാനങ്ങളും നിലവിൽവരും.

ഭൂമിയിൽ എവിടെയിരുന്നും വിദ്യാർത്ഥികൾക്ക് ക്ലാസ്സിൽ പോകാം. പരീക്ഷകൾ എഴുതാം. കോപ്പിയടിച്ചെന്ന ആരോപണങ്ങളും ഉണ്ടാവില്ല. അത്തരം ആരോപണങ്ങളിന്മേലുള്ള വിദ്യാർത്ഥി ആത്മഹത്യകളും ഇനി ഉണ്ടാവില്ല. പരീക്ഷാഫലങ്ങൾക്കുവേണ്ടി ഇനി സമരങ്ങളും പ്രക്ഷോഭങ്ങളും വേണ്ടിവരില്ല. പരീക്ഷകൾ തീരുന്നതോടെ ഫലപ്രഖ്യാപനങ്ങളും കൃത്യമായെത്തും. ഭരണകൂടങ്ങളുടെ വിദ്യാഭ്യാസ നടത്തിപ്പുമായി ബന്ധപ്പെട്ട ഭീമമായ ചെലവുകൾ ഇനിയുണ്ടാവില്ല. വിദ്യാർത്ഥികളുടെ പഠനത്തിനു വേണ്ടിയുള്ള ഭൗതികമായ ചെലവുകളിൽ നിന്ന് രക്ഷാകർത്താക്കളും രക്ഷപ്പെടും.

ഓരോ വിദ്യാർത്ഥിയും ലോക കോവിഡ് റിപ്പബ്ലിക്കിലെ ഓരോ വിലപ്പെട്ട ഡാറ്റയായി രൂപാന്തരം പ്രാപിക്കും. വിദ്യാഭ്യാസ മേഖലയിലും തൊഴിൽ മേഖലയിലും എപ്പോഴും തുറന്നുകിടക്കുന്ന അത്തരം ഡാറ്റയുടെ അടിസ്ഥാനത്തിൽ അവർക്ക് അനുയോജ്യമായ സാക്ഷ്യപത്രങ്ങളും തൊഴിലുകളും അവരെ തേടിയെത്തും. വിദ്യാർത്ഥികളുടെ പഠനം മുതൽ അവരുടെ ജീവിതസാക്ഷാത്കാരം വരെ ലോക കോവിഡ് റിപ്പബ്ലിക്ക് ഒപ്പം നില്ക്കുന്ന സൈബർ ഭാവികാലം നമ്മുടെ കയ്യെത്തും ദൂരത്ത് എത്തിക്കഴിഞ്ഞു.

ലോക കോവിഡ് റിപ്പബ്ലിക്കും പുനരുത്ഥാനവും

നവോത്ഥാനം (Renaissance) ഈ ലോകത്ത് എക്കാലത്തും ഉണ്ടായിട്ടുണ്ട്. അതൊരിക്കലും ഒരു പ്രസ്ഥാനമാവുന്നില്ല, മറിച്ച് തുടർച്ചയാണ്. എന്നാൽ ചരിത്രം നവോത്ഥാനത്തെ നൂറ്റാണ്ടുകളിലെ ചില മൈൽകുറ്റികളിൽ നാട്ടി പ്രസ്ഥാനവൽക്കരിച്ചിട്ടുണ്ട്. കേവലം ഒരു പഠനത്തിന്റെ സൗകര്യത്തിനുവേണ്ടി അതങ്ങനെ തന്നെ നില്ക്ക ട്ടെ. പതിനാലാം നൂറ്റാണ്ടുമുതൽ പതിനാറാം നൂറ്റാണ്ടു വരെ യൂറോപ്പിൽ പ്രധാനമായും കലാസാഹിത്യമേഖലകളിലുണ്ടായ വിപ്ലവകരമായ മാറ്റങ്ങളെയാണ് ചരിത്രം കൂടുതലായും നവോത്ഥാനം എന്ന ലേബലിൽ കൊണ്ടുനടക്കുന്നത്. അതേസമയം പതിനാറാം നൂറ്റാണ്ടിൽ തന്നെ യൂറോപ്പിലുണ്ടായ ചില ക്രൈസ്തവ സഭാധിപത്യങ്ങളിൽ വന്ന മൗലികമായ രൂപാന്തരത്തേയും, വിപ്ലവമെന്നോ നവോത്ഥാനമെന്നോ ചരിത്രം വിളിച്ചുപോന്നിരുന്നു. അങ്ങനെ നവോത്ഥാനം വിപ്ലവത്തിന്റേയും പരിവർത്തനത്തിന്റേയും പര്യായപദമായി ഭൂമിയിൽ ഗവേഷണ കൗതുകത്തോടെ ചർച്ച ചെയ്തുവരുന്നു.

ഭൗതികവും സാമൂഹികവുമായ ചില കണ്ടെത്തലുകളും ആ കണ്ടെത്തലുകളിൽ നിന്നുണ്ടാവുന്ന മാറ്റങ്ങളുമാണ് ഭൂമിയിൽ വിപ്ലവങ്ങൾക്ക് തുടക്കമാവുന്നത്. വ്യാവസായിക മേഖലകളിലുണ്ടായ ചെറിയ വലിയ കണ്ടുപിടുത്തങ്ങളാണ് വ്യാവസായിക വിപ്ലവത്തിന് തിരി കൊളുത്തിയത്. അതുപോലെതന്നെ മറ്റുചില സാമൂഹിക മാറ്റങ്ങളാണ് അഥവാ പരിവർത്തനങ്ങളാണ് മറ്റു പല പ്രധാന വിപ്ലവങ്ങളിലേക്കും നമ്മേ കൊണ്ടെത്തിച്ചത്. ഇതൊക്കെ തന്നെയാണ് നാമിന്ന് ആഘോഷിക്കുന്ന നവോത്ഥാന പ്രസ്ഥാനങ്ങളിലേക്കും വഴിവെട്ടിയത്. എന്തായാലും ഇത്തരത്തിലുള്ള വിപ്ലവങ്ങളും പരിവർത്തനങ്ങളും നവോത്ഥാനങ്ങളുമെല്ലാമാണ് മനുഷ്യനെ ആധുനിക ലോകത്തേക്ക് ആനയിച്ചത്.

എന്നാൽ ലോക കോവിഡ് റിപ്പബ്ലിക്ക്, ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ മറ്റൊരു തരത്തിലും തലത്തിലുമുള്ള വൈപ്ലിവിക-പരിവർത്തിത-നവോത്ഥാന മുന്നേറ്റമാണ് ഭൂമിയിൽ നടത്തിക്കൊണ്ടിരിക്കുന്നത്. മുന്നേറ്റമെന്നൊക്കെ പറയാമെങ്കിലും യഥാർത്ഥത്തിൽ അതൊരു പിന്നോട്ടുള്ള മുന്നേറ്റമാണെന്ന് സൂക്ഷ്മമായി പഠിക്കുമ്പോൾ പറയേണ്ടിവരും. നാം സയിൻസ് എന്ന് വിളിച്ചുവരുന്ന ശാസ്ത്രത്തിന്റെ തുടക്കകാലത്തേക്കുള്ള ഒരു തിരിച്ചുപോക്കിനുള്ള ആഹ്വാനമാണ് ഇപ്പോൾ ലോക കോവിഡ് റിപ്പബ്ലിക്ക് നടത്തുന്നത്.

 നാമിന്ന് അനുഭവിക്കുന്ന അഭിനവ ശാസ്ത്രത്തിന്റെ ആരംഭബിന്ദുവിൽ മറ്റൊരു ശാസ്ത്രമുണ്ടായിരുന്നു. ഈ ഭൂമിയിലെ സർവ്വ ജീവജാലങ്ങൾക്കും ആത്മദീപ്തമായ ധർമ്മശാസ്ത്രമായിരുന്നു അത്. ആ ധർമ്മശാസ്ത്രത്തെ അണച്ചുകൊണ്ടാണ് നാം പുതുശാസ്ത്രത്തിന്റെ കുതിരപ്പുറത്തേറി സവാരി നടത്തിയത്. സത്യത്തിൽ നാം അന്ന് തല്ലിക്കെടുത്തിയ ആ ധർമ്മശാസ്ത്രത്തിന്റെ ദീപക്കാഴ്ചയിലേക്കാണ് ഇപ്പോൾ ലോക കോവിഡ് റിപ്പബ്ലിക്ക് നമ്മേ കൂട്ടിക്കൊണ്ടുപോകുന്നത്. യഥാർത്ഥത്തിൽ നാം അണച്ചുകളഞ്ഞ ധർമ്മശാസ്ത്രത്തിന്റെ പുനരുത്ഥാനമാണ് ഇവിടെ പ്രകടമാവുന്നത്. ലോക കോവിഡ് റിപ്പബ്ലിക്ക് ഈ നവോത്ഥാന കുതിരയുടെ കടിഞ്ഞാൺ ഊരി വിട്ടിരിക്കുകയാണ് ഇന്ന്. തികച്ചും അലക്ഷ്യമായി എല്ലാ നിയന്ത്രണങ്ങളേയും ഭേദിച്ചുകൊണ്ട് ആ കുതിര ധർമ്മശാസ്ത്രത്തിന്റെ പുനരുത്ഥാനത്തിലേക്ക് കുതിക്കുകയാണ്. പുതിയ ശാസ്ത്രത്തിന്റെ കുതിരപ്പുറങ്ങൾ നഷ്ടമായ വർത്തമാന മാനവ സമൂഹം, അവർ പണ്ടെങ്ങൊ അശാസ്ത്രീയമായി തല്ലിക്കെടുത്തിയ ധർമ്മശാസ്ത്രത്തിന്റെ കൽവിളക്കിൽ ഒരിക്കൽകൂടി തിരിയിട്ടുകൊണ്ട് പുനരുത്ഥാനത്തിന്റെ ആത്മപ്രകാശം തേടുകയാണ് ഇപ്പോൾ.

ലോക കോവിഡ് റിപ്പബ്ലിക്ക് രൂപം കൊണ്ടതോടെ പൂട്ട് വീണത് സാധാരണ ജീവിതത്തിന്റെ നൈരന്തര്യത്തിനാണ്. കോവിഡിന്റെ ഭയാനകമായ അധിനിവേശത്തിൽ തൊഴിലിടങ്ങൾ അടയ്ക്കപ്പെട്ടു. വലുതും ചെറുതുമായ വാണിജ്യ കേന്ദ്രങ്ങളും അങ്ങാടികളും വാണിഭങ്ങളും അടഞ്ഞു. സർവ്വരാജ്യ തൊഴിലാളികളും കൂട്ടിലടക്കപ്പെട്ടു. അവർ വീടുകളിലും അവർക്കായൊരുങ്ങിയ സർക്കാർ കൂടാരങ്ങളിലും കഴിഞ്ഞുകൂടാൻ തുടങ്ങി. വിദ്യാലയങ്ങൾ കൂടി അടയ്ക്കപ്പെട്ടതോടെ കുട്ടികളും അവരോടൊപ്പം കുടുങ്ങിക്കിടന്നു. വാഹനങ്ങൾ ഓടാതെ കിടന്നു. യാത്രകൾ നിരോ ധിക്കപ്പെട്ടു.

സാധാരണ ജീവിതത്തിന്റെ പരാധീനതകളും പ്രാരബ്ദങ്ങളും പരിമിതികളും ദുസ്സഹമായി. അവരിലേക്ക് എത്തിയ സർക്കാർ സഹായങ്ങൾ പാതിവഴിയിൽ മുടങ്ങിക്കിടന്നു. സർക്കാർ സഹായങ്ങൾക്കും ഭക്ഷണപ്പൊതികൾക്കും പരിഹരിക്കാവുന്നതിനും അപ്പുറത്തായിരുന്നു കോവിഡ് വൈറസ് ഉണ്ടാക്കിയ പ്രതിസന്ധി. അസംതൃപ്തരായ തൊഴിലാളി വർഗ്ഗത്തിൽ നിന്ന് രോഷാഗ്നിയുടെ പുകപടലങ്ങൾ ഉയർന്നു. ഭൗതികവും മനഃശാസ്ത്രപരവുമായ അസ്തിത്വം നഷ്ടപ്പെട്ട കുടിയേറ്റ തൊഴിലാളികളിൽ നിന്ന് കൊച്ചു കൊച്ചു വിപ്ലവാഹ്വാനങ്ങളുണ്ടായി. സ്വന്തം മണ്ണിലേക്കുള്ള വാഹനങ്ങളും യാത്രകളും നിഷേധിക്കപ്പെട്ട, അസ്വസ്തരായ കുടിയേറ്റ തൊഴിലാളികൾ അവരുടെ സഹനപാതയിലൂടെ പ്രതിഷേധത്തിന്റെ പലായനങ്ങൾ ആരംഭിച്ചു. പൊള്ളിയടർന്ന കാലുകളിലൂടെ കണ്ണുകളിൽ കത്തിപ്പിടിച്ച കനലുകളുമായി രാജ്യാന്തര പലായനങ്ങളുണ്ടായി. അപമൃത്യുവിലൂടെ പുരോഗമിച്ച പലായനങ്ങൾ ലോക മനസാക്ഷിയുടെ അകംപുറങ്ങളെ നീറിപ്പിടിച്ചു. ലോക കോവിഡ് റിപ്പബ്ലിക്ക് നവോത്ഥാനമായ പുനരുത്ഥാനത്തിന്റെ ചരിത്രാരംഭമായി.

അധികം താമസിക്കാതെ രാജ്യങ്ങളുടെ എല്ലാ പൂട്ടുകളും തുറക്കപ്പെട്ടു. പുറത്തു കടന്നവരുടെ കണ്ണും മൂക്കും വായും പൂട്ടിക്കെട്ടി. അകലനിയന്ത്രിതരായ ലോക ജനസാഗരം അണപൊട്ടിയൊഴുകാൻ തുടങ്ങി. കുത്തൊഴുക്കിൽ അകലനിയന്ത്രണങ്ങൾ നഷ്ടമായി. ജനസാഗരത്തിന്റെ അലമാലകളിൽ മരണം വിതക്കുന്ന വൈറസ് ആർത്തിരമ്പി. ആ ഭീകരമായ ഇരമ്പലിൽ ലോക ജനത അവിടവിടെ ശവങ്ങളായൊഴുകി. മരണമടഞ്ഞവരുടേയും രക്ഷപ്പെട്ടവരുടേയും കള്ളക്കണക്കിന്റെ വെളിപ്പെടുത്തലുകളിൽ ഭൂഗോളം മുഴങ്ങിക്കറങ്ങിക്കൊണ്ടിരുന്നു.

ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള നവോത്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ലോക കോവിഡ് റിപ്പബ്ലിക്ക് കൊണ്ടുവരുന്ന നവോത്ഥാനത്തിന് അടിസ്ഥാനപരമായും ചില സവിശേഷതകൾ പ്രകടമാണ്. സാധാരണഗതിയിൽ നവങ്ങളായ മാറ്റങ്ങളുടെ ഉത്ഥാനമാണ് നവോത്ഥാനമെങ്കിലും കോവിഡാനന്തര നവോത്ഥാനമെന്ന് പറയുന്നത് അങ്ങനെയല്ല. അത് എല്ലാ അർത്ഥത്തിലും പുനരുത്ഥാനമാണ്. നാം കഴിഞ്ഞ നവോത്ഥാനങ്ങൾക്കുവേണ്ടി മറവുചെയ്ത ധർമ്മശാസ്ത്രങ്ങളുടെ പുനരുത്ഥാന മാണ് ഇപ്പോൾ ലോക കോവിഡ് റിപ്പബ്ലിക്ക് നവോത്ഥാനമായി കൊണ്ടുവരുന്നത്.

ലോക രാജ്യങ്ങളിലെ തൊഴിലാളികളും അവരുടെ തൊഴിലിടങ്ങളും അതുണ്ടാക്കുന്ന സമ്പദ്ഘടനയും പരിശോധിക്കുമ്പോൾ ഒരു കാര്യം വ്യക്തമാണ്. ലോക രാജ്യങ്ങളിലെ മുഴുവൻ തൊഴിലാളിളേയും തൊഴിലിടങ്ങളേയും അതത് രാജ്യങ്ങൾ തന്നെ പരസ്പരം നിർബന്ധിതമായി പങ്കുവക്കുകയോ ആശ്രയവിധേയമാക്കുകയോ ചെയ്തു കൊണ്ടിരിക്കുന്നു. അതായത് ലോക രാജ്യങ്ങൾക്ക് അവരവരുടെ മാനവ വിഭവശേഷിയെ സ്വന്തം മണ്ണിൽ പിടിച്ചുനിർത്തുന്നതിനൊ സംരക്ഷിക്കുന്നതിനൊ കഴിയു ന്നില്ല. തൊഴിലാളികൾ ഏതുശ്രേണിയാണെങ്കിലും അവർ അവരവരുടെ ഭൗതികവും സാമൂഹികവുമായ നിലനില്പിനുവേണ്ടി മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരാവുകയാണ്. തൊഴിൽ കേന്ദ്രങ്ങളുടെ കാര്യത്തിലും അതുതന്നെയാണ് സംഭവിക്കുന്നത്. ഓരോ രാജ്യവും അവരവരുടെ തൊഴിൽ കേന്ദ്രങ്ങളെ മറ്റു രാജ്യങ്ങ ളിൽ വേരുറപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ആഗോള കുത്തകമുതലാളിത്ത വ്യാപനം അങ്ങനെ സംഭവിച്ചതാണെന്നും പറയേണ്ടിവരുന്നു.

 ഇത്തരത്തിൽ തൊഴിലാളികൾ പലായനം നടത്തുമ്പോഴും, തൊഴിലിടങ്ങൾ രാജ്യാന്തരമായി ആധിപത്യമുറപ്പിക്കുമ്പോഴും, സാമ്പത്തികമായി സ്വയംപര്യാപ്തത പ്രാപിക്കുമ്പോഴും, രാജ്യങ്ങളുടെ ആഭ്യന്തര മാനവ വിഭവശേഷി പ്രതിസന്ധിയിലാവുന്നു. രാജ്യങ്ങൾക്ക് പ്രത്യേകിച്ചും അവികസിത രാജ്യങ്ങൾക്ക് അടിസ്ഥാനപരമായി അവരുടെ മാനവ വിഭവശേഷി നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള മാനവ വിഭവശേഷി പ്രതിസന്ധികൾ രാജ്യങ്ങളുടെ സ്വയംപര്യാപ്തതയെ പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുന്നു. കോവിഡ് മഹാമാരിക്കാലത്തും സംഭവിച്ചതും അതായിരുന്നു.

കോവിഡ് മഹാമാരിക്കാലത്ത് രാജ്യങ്ങൾ പൂട്ടിയിട്ടപ്പോൾ തൊഴിലിടങ്ങൾ എല്ലാം അടഞ്ഞപ്പോൾ തൊഴിലാളികളുടെ കൂട്ടപലായനങ്ങൾക്ക് ലോകം സാക്ഷിയായി. മാത്രമല്ല, ജില്ലകളും സംസ്ഥാനങ്ങളും രാജ്യങ്ങളും അനിശ്ചിതമായി പൂട്ടിയിട്ടപ്പോൾ തൊഴിലാളികളുടെ കൂട്ടപലായനങ്ങൾ സ്വാഭാവികമായും ഭരണകൂടങ്ങൾക്ക് നിയന്ത്രിക്കാനായില്ല. രാജ്യങ്ങളിൽ കൂട്ടപലായനങ്ങൾ സൃഷ്ടിച്ച സാമൂഹികവും സാമ്പത്തികവും മനഃശാസ്ത്രപരവുമായ പ്രതിസന്ധികൾ മഹാമാരി ഉണ്ടാക്കിയ പ്രതിസന്ധികളേക്കാൾ രൂക്ഷമായി. തൽഫലമായി കോവിഡ് മഹാമാരിയുടെ നിയന്ത്രണവും ലോകത്തിന് നഷ്ടമായി.

ഇവിടെയാണ് ലോക കോവിഡ് റിപ്പബ്ലിക്ക് തുടക്കം കുറിക്കുന്ന നവോത്ഥാനം ധർമ്മശാസ്ത്രങ്ങളുടെ പുനരുത്ഥാന ചിന്തകളിലേക്ക് നമ്മേ കൊണ്ടുപോകുന്നത്. ബി.സി 300-ൽ എഴുതപ്പെട്ട കൗടില്യന്റെ അർത്ഥശാസ്ത്രം പ്രസക്തമാവുന്നതും ഇവിടെയാണ്. മാതൃരാജ്യം വിട്ടുപോയവരെ തിരിച്ചുവിളിച്ചുകൊണ്ടുള്ള ഒരു ദേശീയാഹ്വാനത്തോ ടെയാണ് അർത്ഥശാസ്ത്രത്തിന്റെ ഭരണനിർവ്വഹണ തത്ത്വചിന്ത ആരംഭിക്കുന്നത്. ഭാരതീയ ധർമ്മശാസ്ത്രങ്ങളുടെ അടിസ്ഥാന ശിലയിലൂന്നിക്കൊണ്ടാണ് അർത്ഥശാസ്ത്രകാരൻ ആ ദേശീയാഹ്വാനം നടത്തുന്നത്. ധർമ്മശാസ്ത്ര കാലഘട്ടങ്ങളിൽ രാജ്യത്ത് മാനവ വിഭവശേഷിയെ ധർമ്മശാസ്ത്രപരമായി തന്നെ വിഭാഗീകരിച്ചിരുന്നു. ബ്രാഹ്മണർ, ക്ഷത്രീയർ, വൈശ്യർ, ശൂദ്രർ എന്നീ വിഭാഗങ്ങളടങ്ങുന്ന ചാതുർവർണ്യ ദേശീയ വ്യവസ്ഥകൾ അങ്ങനെ ഉണ്ടായതാണ്. എന്നാൽ പിന്നീട് രൂപംകൊണ്ട വികലമായ രാഷ്ട്രീയ കാഴ്ചപ്പാടുകളൊ വിലയിരുത്തലുകളൊ, ധർമ്മശാസ്ത്രം ദേശീയമായി വിഭാഗീകരിച്ച ആ സാമൂഹ്യവ്യവസ്ഥയെ അഥവാ മാനവ വിഭവശേഷിവ്യവസ്ഥയെ വർണ്ണവിവേചനപരമായി ബന്ധപ്പെടുത്തി ദുർവ്യാഖ്യനം നടത്തി ഇല്ലാതാക്കുകയായിരുന്നു.

ബ്രാഹ്മണർക്ക് ഭരണവും, ക്ഷത്രീയർക്ക് പ്രതിരോധവും, വൈശ്യർക്ക് കച്ചവടവും, ശൂദ്രർക്ക് തൊഴിൽ നൈപുണ്യവും ദേശീയ ഉത്തരവാദിത്തമായി പ്രഖ്യാപിക്കപ്പെട്ട ഒരു സമഗ്ര സമൂഹമായിരുന്നു അക്കാലത്തെ ധർമ്മശാസ്ത്ര സമൂഹം. അതുകൊണ്ടു തന്നെ അക്കാലം സ്വാശ്രയപൂർണ്ണമായ സ്വയംപര്യാപ്തതയുടെ കാലമായിരുന്നു. അക്കാലത്തൊന്നും തൊഴിലാളികളുടെ കൂട്ടപലായനങ്ങളും തൊഴിലിടങ്ങളുടെ അധിനിവേ ശങ്ങളൊ ഉണ്ടായിരുന്നില്ല. മാത്രമല്ല, ഏതെങ്കിലും തരത്തിൽ ആരെങ്കിലും രാജ്യം വിട്ടുപോയിട്ടുണ്ടെങ്കിൽ അവരെ രാജാവ് തിരിച്ചുവിളിക്കുന്ന ദേശീയ കാഴ്ചപ്പാടും അന്നുണ്ടായിരുന്നു.

അതേസമയം കോവിഡ് വൈറസിന്റെ അധിനിവേശക്കാലത്ത് ലോക രാജ്യങ്ങൾ അഭിമുഖീകരിച്ച പ്രധാന പ്രതിസന്ധി രാജ്യാന്തര തൊഴിലാളി കളുടെ കൂട്ട പലായനവും തൊഴിലിടങ്ങളുടെ അടച്ചുപൂട്ടലുകളുമായിരുന്നു. അതിന്റെ ഫലമായി സർവ്വരാജ്യതൊഴിലാളികളും അവരവരുടെ രാജ്യങ്ങളിലേക്ക് കൂട്ടപലായനം നടത്തിയപ്പോഴുണ്ടായ സന്ധി-പ്രതിസന്ധികൾ, മഹാമാരി ഉണ്ടാക്കിയ പ്രതിസന്ധികളെക്കാൾ വളരെ വലുതായിരുന്നു. ഈ ഒരു പ്രതിസന്ധിയിൽ നിന്നുകൊണ്ടാണ് ഇന്ത്യ ആത്മനിർഭർ എന്നു പേരിട്ടുവിളിക്കുന്ന സ്വയംപര്യാപ്തതയുടെ സാമ്പത്തിക പദ്ധതിക്ക് ആരംഭം കുറിച്ചത്. ഇവിടെ ആത്മനിർഭർ പുനരുത്ഥാനത്തിന് പകരം നില്ക്കുകയാണ്.

മഹാമാരിയെ മുൻനിർത്തിക്കൊണ്ട് നാം നടത്തുന്ന ജാഗ്രതാ നിർദ്ദേശങ്ങളായ സാമൂഹിക അകലം പാലിക്കലും ശുചിത്തവും മുഖംമൂടി ധാരണവും പരിശോധിക്കുമ്പോൾ മനസ്സിലാവുന്നതും നമ്മുടെ ധർമ്മശാസ്ത്ര കാലഘട്ടങ്ങളിലേക്കുള്ള തിരിച്ചുപോക്കിന്റെ മുന്നേറ്റമാ ണെന്നാണ്. അന്നൊക്കെയുണ്ടായിരുന്ന വർണ്ണാശ്രമ വ്യവസ്ഥകൾക്ക് പകരം കോവിഡ് കാലത്ത് രാജ്യത്തെ അക്ഷരാർത്ഥത്തിൽ തന്നെ നിറങ്ങളാൽ വേർതിരിക്കപ്പെട്ട ആശ്രമതുല്യമായ മേഖലകളായി തിരിച്ചാണ് സാമൂഹിക അകലം പാലിക്കലും ശുചിത്തവും മുഖംമൂടി ധാരണവും നടപ്പാക്കുന്നത് എന്നതാണ് വസ്തുത. ആചാരങ്ങളും അനുഷ്ഠാനങ്ങളും ആഘോഷങ്ങളും ഒത്തുചേരലുകളും നിയന്ത്രിക്കപ്പെടുന്നതും അതേ ആശ്രമതുല്യമായ മേഖലകളായി തിരിച്ചുതന്നെ. ഈ പരിസരത്താണ് ലോക കോവിഡ് റിപ്പബ്ലിക്ക് വിഭാവനം ചെയ്യുന്ന നവോത്ഥാനം പുനരുത്ഥാനമാവുന്നത്.

( അവസാനിച്ചു)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP