Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202226Thursday

മരണ വൈറസിനെ ആദ്യമായി കണ്ടെത്തിയ ഡോക്ടറെ അപവാദ പ്രചാരണം നടത്തിയെന്ന് പറഞ്ഞ് മാപ്പു പറയിക്കയാണ് ചൈന ചെയ്തത്; പിന്നീട് അദ്ദേഹം കോവിഡ് ബാധിച്ച് മരിച്ചു; കമ്മ്യൂണിസ്റ്റ് റിപ്പബ്ലിക്കിന്റെ നിർബന്ധിത രക്തസാക്ഷിത്വത്തിന്റെ ഇരയാവുകയായിരുന്നു ഡോ. ലി വെൻലി യാംഗ്; സി ടി വില്യം എഴുതുന്ന ലേഖന പരമ്പര: കോവിഡ് റിപ്പബ്ലിക്ക്

മരണ വൈറസിനെ ആദ്യമായി കണ്ടെത്തിയ ഡോക്ടറെ അപവാദ പ്രചാരണം നടത്തിയെന്ന് പറഞ്ഞ് മാപ്പു പറയിക്കയാണ് ചൈന ചെയ്തത്; പിന്നീട് അദ്ദേഹം കോവിഡ് ബാധിച്ച് മരിച്ചു; കമ്മ്യൂണിസ്റ്റ് റിപ്പബ്ലിക്കിന്റെ നിർബന്ധിത രക്തസാക്ഷിത്വത്തിന്റെ ഇരയാവുകയായിരുന്നു ഡോ. ലി വെൻലി യാംഗ്; സി ടി വില്യം എഴുതുന്ന ലേഖന പരമ്പര: കോവിഡ് റിപ്പബ്ലിക്ക്

സി ടി വില്യം

ലോകത്ത് മഹാമാരികൾ മൺമറഞ്ഞ നൂറ്റാണ്ടുകളിലും ഉണ്ടായിട്ടുണ്ട്. അവയെ നാം പ്ലേഗ്, സ്പാനിഷ് ഫ്ലൂ തുടങ്ങിയ പേരുകളിലൊക്കെ വിളിച്ചുപോന്നിട്ടുണ്ട്. ഈ നൂറ്റാണ്ടിലിതാ കോവിഡ് എന്ന മറ്റൊരു മഹാ മാരിയും വന്നെത്തിയിരിക്കുന്നു. മഹാമാരികൾ ഏതൊരു പേരിൽ അറിയപ്പെടുമ്പോഴും അവയുണ്ടാക്കുന്ന പ്രത്യാഘാതത്തിന് ഒരൊറ്റ പേരെ ഉള്ളൂ, മരണം.

മറാവ്യാധികളെ മനുഷ്യായുസ്സുുകൊണ്ട് നിയന്ത്രിക്കാൻ കഴിയാതെ വരുമ്പോഴാണ് നാം അതിനെ മഹാമാരിയെന്ന് വിളംബരം നടത്തുന്നത്. മഹാമാരികളിൽ മരണപ്പെടുന്നവരുടെ കണക്കുകൾ ഇന്നും ചരിത്രത്തിനും ഭരണകൂടങ്ങൾക്കും കാണാകണക്കുകളാണ്. എണ്ണിയാലൊടുങ്ങാത്ത മനുഷ്യർ ഈ ഭൂമിയിൽ നിസ്സഹായാവസ്ഥയിൽ മൃതിയിലേക്ക് തള്ളപ്പെടുമ്പോഴും ഇവിടെ ബാക്കിയാവുന്നതും സാക്ഷിയാവുന്നതും ഭരണകൂടങ്ങൾ മാത്രമാണ്. ചരിത്രം അവശേഷിപ്പിക്കുന്ന ഈ ബാക്കിപത്രങ്ങളിൽ നിന്നും സാക്ഷ്യപത്രങ്ങളിൽ നിന്നും ഭരണകൂടങ്ങൾക്ക് ഒരുപാട് പഠിക്കാനുണ്ട്.

കടന്നുപോയ യുദ്ധങ്ങളും, പ്രകൃതിദുരന്തങ്ങളും, മഹാമാരികളുമെല്ലാം ഭരണകൂടങ്ങളുടെ പാഠ പുസ്തകങ്ങളാണ്. ഈ പാഠപുസ്തകങ്ങളെ പഠിച്ചുവേണം ഭരണകൂടങ്ങൾ ഭരണത്തുടർച്ചയെ പ്രാപിക്കാൻ. നിർഭാഗ്യവശാൽ അതൊന്നുംതന്നെ ഈ ഭൂമിയിൽ നാളിതുവരെയുള്ള ഭരണ കൂടങ്ങളിൽ നാം കാണുന്നില്ല. ഭരണകൂടങ്ങളും മഹാദുരന്തങ്ങളെ പോലെ അതിന്റെ കാല ചക്രങ്ങളിൽ കറങ്ങുകയാണ്.ഓരോ ദുരന്തങ്ങളും കാലാകാലങ്ങളിൽ ഭരണകൂടങ്ങൾക്ക് കൈമാറുന്നത് അസംഖ്യം രക്തസാക്ഷികളെയാണ്. അവരിൽ ചിലർ ചരിത്രരേഖകളാവുന്നു. അവർക്ക് സ്മാരകങ്ങൾ ഉണ്ടാവുന്നു. ഓർമ്മദിനങ്ങൾ ഉണ്ടാവുന്നു. അതേസമയം, മറ്റു ചിലർ ജലരേഖകൾ പോലെ അദൃശ്യരാവുന്നു. അവരുടെ ഓർമ്മകൾ ഒന്നും തന്നെ ഭൂമിയിൽ അവശേഷിക്കുന്നില്ല. ആരും അവശേഷിപ്പിക്കുന്നുമില്ല.

ചൈനയിലെ ഡോ. ലി വെൻലിയാംഗ് അത്തരത്തിൽ ജലരേഖയാക്കപ്പെട്ട ഒരു ധീര രക്തസാക്ഷിയാണ്. ഭൂമിയിൽ കോവിഡ് മരണം വിതക്കുന്നതിനും കൊയ്യുുന്നതിനും വളരെ മുമ്പുതന്നെ മരണവിത്ത് കണ്ടെടുത്ത് ലോകത്തോട് ജാഗ്രതയോടെ അരുതെന്ന വിളംബരം നടത്തിയ മനുഷ്യസ്നേഹിയാണ് ഡോ. ലി വെൻ ലിയാംഗ്.

വുഹാനിലെ സീ ഫുഡ് മാർക്കറ്റിലെ ഒരു സ്റ്റോർ കീപ്പറെ ഗ്ലൂക്കോമയുമായി ബന്ധപ്പെട്ട് ചികിത്സിക്കവെയാണ് ഡോ. ലി വെൻലിയാംഗ് മരണ വൈറസിനെ കണ്ടെടുത്തത്. ഉറച്ച സാമൂഹ്യബോധമുള്ള ഒരു ആക്ടിവിസ്റ്റ് എന്ന നിലയിൽ ഡോ. ലി വെൻലിയാംഗ് അപ്പോൾ തന്നെ വിവരം ലോകത്തെ അറിയിക്കുകയായിരുന്നു. എന്നാൽ വിവരങ്ങൾക്ക് മൂക്കുകയറിട്ട കമ്മ്യൂണിസ്റ്റ് റിപ്പബ്ലിക്ക് ഡോ. ലി വെൻലിയാംഗിനെതിരെ അപവാദ പ്രചരണത്തിന് കേസ്സെടുത്തു. അനന്തരം മാപ്പ് എഴുതിക്കൊടുത്ത ഡോക്ടറെ താക്കീത് ചെയ്ത് വിട്ടയച്ചെങ്കിലും ഡോ. ലി വെൻലിയാംഗ് കോവിഡ് ബാധിച്ച് രക്തസാക്ഷിയായി.

കോവിഡ് മഹാമാരിക്കാലത്ത് ഈ ലേഖനം യ്യാറാക്കുമ്പോൾ ഭൂമിയിൽ തികച്ചും വ്യത്യസ്തമായൊരു സമ്പൂർണ്ണ ജനാധിപത്യ റിപ്പബ്ളിക്ക് രൂപം കൊള്ളുകയാണ്. ഡോ. ലി വെൻലിയാംഗിന്റെ ദീർഘ ദൃഷ്ടിയിലൂടെ ജന്മം കൊണ്ട ഈ റിപ്പബ്ലിക്കിനെ ഞാൻ ലോക കോവിഡ് റിപ്പബ്ലിക്ക് എന്ന് അടയാളപ്പെടുത്തുന്നു. ഈ റിപ്പബ്ലിക്കിന് അതിർത്തികളില്ല. വർണ്ണഭേദങ്ങളും, ഭാഷാഭേദങ്ങളും, രൂപഭേദങ്ങളുമില്ല. അതിർത്തികളില്ലാത്ത കോവിഡ് റിപ്പബ്ലിക്കിനെ വരഞ്ഞെടുക്കാൻ ശ്രമിക്കുകയാണ്.

ഇത് ഭരണത്തിന്റെ റിപ്പബ്ലിക്കല്ല, ഇനിയുമെഴുതാത്ത മരണത്തിന്റെ സമ്പൂർണ്ണ ജനാധിപത്യ റിപ്പബ്ലിക്കാണ്, ഒപ്പം പ്രപഞ്ച മനുഷ്യന് സമ്മാനിക്കുന്ന നവോത്ഥാനമെന്ന പുനരുത്ഥാനത്തിന്റെ കൂടി റിപ്പബ്ലിക്കാണ്. അദൃശ്യമായ- അരൂപിയായ- ജനിതക ഭാന്തു പിടിച്ച ഒരു വൈറസിന്റെ റിപ്പബ്ലിക്കാണിത്.

ഒന്ന്

ഡോ. ലി വെൻ ലിയാംഗിന്റെ റിപ്പബ്ളിക്ക്

2019 ഡിസംബറിലാണ് കോവിഡ് ഒരു നോവായി ഈ ഭൂമിയിലേക്ക് വരുന്നത്. ആ നോവിലൊളിഞ്ഞുകിടന്ന മഹാദുരന്തത്തെ കുറിച്ചുള്ള ആദ്യസൂചന ലോകത്തിന് നൽകിയത് വുഹാനിലെ നേത്രരോഗ വിദഗ്ധനായ ഡോ. ലി വെൻലിയാംഗ് ആയിരുന്നു. 2019 ഡിസംബർ 30 നാണ് ഡോ. ലി വെൻലിയാംഗ് സാർസ് വൈറസിന്റെ സമാനതകളുള്ള ഈ വൈറസിനെ കണ്ടെത്തിയത്.

വുഹാനിലെ സീ ഫുഡ് മാർക്കറ്റിലെ ഒരു സ്റ്റോർ കീപ്പറെ ഗ്ലൂക്കോമയുമായി ബന്ധപ്പെട്ട് 2020 ജനുവരി 8 ന് ചികിത്സിക്കവെയാണ് ഡോ. ലി വെൻലിയാംഗ് ഈ വൈറസിനെ കണ്ടെത്തിയത്. ഉറച്ച സാമൂഹ്യബോധ മുള്ള ഒരു ആക്ടിവിസ്റ്റ് എന്ന നിലയിൽ ഡോ. ലി വെൻലിയാംഗ് അപ്പോൾ തന്നെ വിവരം തന്റെ സഹപ്രവർത്തകരെ അറിയിക്കുകയായിരുന്നു. എന്നാൽ വിവരങ്ങൾക്ക് മൂക്കുകയറിട്ട കമ്മ്യൂണിസ്റ്റ് റിപ്പബ്ലിക്ക് ഡോ. ലി വെൻലിയാംഗിനെതിരെ 2020 ജനുവരി 3 ന് അപവാദ പ്രചരണത്തിന് കേസ്സെടുത്തു. പിന്നീട് മാപ്പ് എഴുതിക്കൊടുത്ത ഡോക്ടറെ താക്കീതുകൊടുത്ത് വിട്ടയക്കുകയായിരുന്നു.

പിന്നീട് 2020 ജനുവരി 10 ന് വൈറസ് ബാധിതനായ ഡോ. ലി വെൻലിയാംഗ് ഐസൊലേഷനിൽ പോകുകയായിരുന്നു. ഡോ. ലി വെൻലിയാംഗിന്റെ നില ഗുരുതരമായതിനെ തുടർന്ന് അന്നുതന്നെ വുഹാൻ സെൻട്രൽ ആശുപത്രി യിൽ ഐ.സി.യു.വിൽ പ്രവേശിപ്പിച്ചു. അനവധി തവണ കോവിഡ് പോസി റ്റീവ് കാണിച്ച ഡോ. ലി വെൻലിയാംഗ് അവസാനം 2020 ഫെബ്രൂ വരി 1 ന് കോവിഡ് രോഗബാധിതനായെന്ന് സ്ഥിരീകരിക്കപ്പെട്ടു. 2020 ഫെബ്രൂവരി 5 മുതൽ ഡോ. ലി വെൻ ലിയാംഗിന്റെ രോഗസ്ഥിതി വീണ്ടും മോശമായതിനെ തുടർന്ന് ഫെബ്രൂവരി 7 ന് ആ ഡോക്ടർ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ലോകത്ത് എക്കാലത്തും ദുരന്തങ്ങളെ പ്രവചിച്ചിട്ടുള്ള സാമൂഹ്യ പ്രതിബദ്ധത യുള്ള രക്തസാക്ഷികളായ പ്രവാചകർക്കൊപ്പം ഡോ. ലി വെൻലിയാംഗ് എന്ന മനുഷ്യസ്നേഹിയായ പ്രവാചകനും കമ്മ്യൂണിസ്റ്റ് റിപ്പബ്ലിക്കിന്റെ നിർബന്ധിത രക്തസാക്ഷിത്ത്വത്തിന്റെ ഇരയാവുകയായിരുന്നു. ഡോ. ലി വെൻലി യാംഗിന്റെ മരണമൊഴി പോലും രേഖപ്പെടുത്താനാവാതെ ആ നേത്രരോഗ വിദഗ്ദൻ ഇപ്പോൾ ഏതോ സ്വർഗ്ഗത്തിലിരുന്ന് ഭൂമിയിലെ ലക്ഷക്കണക്കിന്ന് കോവിഡ് രോഗബാധിതരുടെ കണ്ണുകളിലെ ജീവന്റെ കെടാവിളക്കുകൾ അണയുന്നതും നോക്കി ഇരിക്കുന്നുണ്ടാവും.

ഡോ. ലീ വെൻലിയാംഗിൽ അടിച്ചേൽപ്പിച്ച രക്തസാക്ഷിത്ത്വത്തിലും മുനുഷ്യാവകാശ ധ്വംസകരായ ചൈനഭരണകൂടം തൃപ്തരായില്ല. ചൈന യിലെ സമൂഹ മാധ്യമ പരിസരങ്ങളിൽ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്ന സീനാ വെയ്ബോ (Sina Weibo) എന്ന മൈക്രോബ്ലോഗ്ഗിൽ ഡോ. വെൻലി യാംഗിന്റെ മാധ്യമ മതിലിൽ (Wall) സ്വാതന്ത്ര്യ ദാഹികളായ സഖാക്കൾ സ്നേഹപൂർവ്വം കുറിച്ചിട്ട കുറിമാനങ്ങൾ പോലും ചൈന ഭരണകൂടം മായ്ച്ചു കളഞ്ഞു. ജറുസലേമിലെ പുണ്യപുരാതനമായ ക്ഷേത്രാവശിഷ്ടമായ അതി പ്രശസ്തമായ വിലാപത്തിന്റെ മതിലിനെ (Wailing Wall) അനുസ്മരിപ്പിക്കുംവിധം ഡോ. വെൻലിയാംഗിന്റെ ആരാധകരും സ്വാതന്ത്ര്യകാംഷികളും തീർത്ത മാധ്യമ മതിലാണ് ചൈനീസ് ഭരണകൂടം തകർത്തുകളഞ്ഞത്. അപ്പോഴും പ്രതിഷേധത്തിന്റെ ഹെമിങ്ങ് വെ ഭാഷയിൽ ഡോ. ലീ യുടെ ആരാധകർ അവിടെ എഴുതിവച്ചു, ഭരണകൂടത്തിന് ആരാധകരുടെ കുറിമാനങ്ങളെ മായ്ക്കാനാവൂ, വികാരങ്ങളെ മായ്ക്കാനാവില്ലെന്ന്.

കോവിഡുകാലത്ത് ഞാൻ ഈ ലേഖനം തയ്യാറാക്കുമ്പോൾ ഭൂമിയിൽ കോവിഡ് എന്ന മഹാമാരി മറ്റൊരു സമ്പൂർണ്ണ ജനാധിപത്യ റിപ്പബ്ളിക്കായി രൂപം കൊള്ളുകയാണ്. ഡോ. ലി വെൻലിയാംഗിന്റെ ദീർഘദൃഷ്ടിയിലൂടെ ജന്മം കൊണ്ട ഈ റിപ്പബ്ലിക്കിനെ ലോക കോവിഡ് റിപ്പബ്ലിക്ക് എന്ന് അടയാളപ്പെടുത്തുന്നു. ഈ റിപ്പബ്ലിക്കിന് അതിർത്തികളില്ല. വർണ്ണഭേദങ്ങളും, ഭാഷാഭേദങ്ങളും, രൂപഭേദങ്ങളുമില്ല. അതിർത്തികളില്ലാത്ത കോവിഡ് റിപ്പബ്ലിക്കിനെ വരഞ്ഞെടുക്കാൻ ശ്രമിക്കുകയാണ്.

മനുഷ്യവർഗ്ഗത്തിനും പ്രകൃതിക്കും, ന്യായവും നീതിയും നന്മയും ഉറപ്പുവരുത്തുന്നതിൽ ഭൂമിയിലെ എല്ലാ ഭരണകൂടങ്ങളും പരാജയപ്പെട്ട അത്യപകടകരമായ സാഹചര്യത്തിൽ സ്വയംഭൂവായ ഈ റിപ്പബ്ലിക്കിന് ഭരണകൂടമില്ല. ഭരണാധികാരിയില്ല. ഭരിക്കപ്പെടാൻ ഒരു പ്രത്യേക ജനതയുമില്ല. ജീവനുള്ളവരിലെ ജീവനില്ലാത്ത അവസ്ഥയെ, അതായത് സാക്ഷാൽ മരണത്തെ ഭരിക്കുക യാണ് ഈ റിപ്പബ്ലിക്ക് ചെയ്യുന്നത്. ഇത് ഭരണത്തിന്റെ റിപ്പബ്ലിക്കല്ല, ഇനിയു മെഴുതാത്ത മരണത്തിന്റെ സമ്പൂർണ്ണ ജനാധിപത്യ റിപ്പബ്ലിക്കാണ്, ഒപ്പം പ്രപഞ്ചമനുഷ്യന് സമ്മാനിക്കുന്ന ഉയർത്തെഴുന്നേല്പിന്റെ കൂടി റിപ്പബ്ലിക്കാണ്. അദൃശ്യമായ അരൂപിയായ ജനിതക ഭാന്തു പിടിച്ച ഒരു വൈറസിന്റെ റിപ്പബ്ലിക്കാണിത്.

എങ്ങിനെയാണ് ലോക കോവിഡ് റിപ്പബ്ലിക്ക് നിർവചിക്കപ്പെടുന്നത്. ശാസ്ത്രാഹങ്കാരത്തിന്റെ ധിഷണാലഹരിയിൽ മദോന്മത്തരായ ഭൂഗോള മനുഷ്യവർഗ്ഗങ്ങളാൽ; നാശോന്മുഖ അണ്വായുധധാരികളായ ഭൂഖണ്ഡ പ്രമാണിമാരാൽ; പ്രകൃതിയേയും സാധാരണ മനുഷ്യരേയും, അസാരവും ക്രൂരവുമായി പീഡിപ്പിക്കുന്ന ലൗകികാതിക്രമകാരികളായ മൃഗസമാന മനുഷ്യരാൽ, കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ലോകത്തെ; അവരാൽ സൃഷ്ടിക്കപ്പെട്ട ഒരു ഭ്രാന്തൻ വൈറസ് വംശമായ കൊറോണ വൈറസ് വംശത്തിലെ അദൃശ്യനായ ഏഴാമൻ, കോവിഡ്-19ന്റെ ചോദ്യം ചെയ്യപ്പെടാ നാവാത്ത ഒരു അരാജക ഭരണസംവിധാനത്തേയാണ് നാം ലോക കോവിഡ് റിപ്പബ്ലിക്ക് എന്ന് നിർവചിക്കുന്നത്.

രണ്ട്

കൊറോണവൈറസ് വംശവും കോവിഡ്-19 ഏഴാമനും

ലോകാരോഗ്യ പരിസരങ്ങളിൽ ഏറെ ഭയാശങ്കകൾ എയ്തുവിട്ടുകൊണ്ടാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് പുരോഗമിക്കുന്നത്. ആർക്കും പിടികൊടുക്കാത്ത അപകടകാരികളായ വൈറസുകൾ അക്ഷരാർത്ഥത്തിൽ മരണനൃത്തം ചവിട്ടുകയാണ് ഈ നൂറ്റാണ്ടിൽ. ഈ പരിസരത്തുനിന്നാണ് കോവിഡ് റിപ്പബ്ലിക്ക് രൂപം കൊള്ളുന്നത്.

മനുഷ്യന്റെ ശാസ്ത്രബോധജന്യമായ അഹങ്കാരങ്ങൾ കൊണ്ടും അവൻ നിറച്ചുവച്ച അണ്വായുധ പത്തായത്തിന്റെ സമൃദ്ധമായ ഹുങ്കുകൊണ്ടും ഈ ലോകത്തെ അമ്മാനമാടാമെന്നുള്ള അവന്റെ പ്രതീക്ഷകളുടെ താളം തെറ്റുന്നു. തൽഫലമായി പ്രകൃതി യുടെ സുസ്ഥിരമായ താളവട്ടങ്ങളും അപകടകരമാം വിധം അപക്രമമായ അവതാളത്തിലെത്തുന്നു. ഭൂമിയെ സന്തുലിതമായി നിലനിർത്തുന്ന തീയും വെള്ളവും വായുവും സകലമാന ജീവജാലങ്ങളും പ്രകൃതിയുടെ സുരക്ഷിതമായ കൈകളിൽ നിന്ന് നിയന്ത്രിക്കാനാവാത്തവിധം പുറത്തുചാടിയിരിക്കുന്നു. വൈറസുകളുടെ അവസാനത്തെ വംശമായ കൊറോണവൈറസ് വംശത്തിൽ നിന്ന് കിരീടധാരിയായ കോവിഡ്-19 ഏഴാമൻ ഇന്നിതാ നമ്മുടെ ലോകത്തെ വരിഞ്ഞുമുറുക്കിയിരിക്കുന്നു. ആരോഗ്യശാസ്ത്രത്തിന്റെ ദേവസ്ഥാനമായ ലോകാരോഗ്യ സംഘടന, അതിദുർബ്ബലമായ ആഗോള ആരോഗ്യ അടിയന്തിരാവസ്ഥാ പ്രഖ്യാപനവും മഹാമാരി പ്രഖ്യാപനവും നടത്തിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല.

ഇരുന്നൂറിൽപരം രാജ്യങ്ങളിലായി മരണവല വിരിച്ച കൊറോണവൈറസ് കൊലവെറി ഉയർത്തുമ്പോൾ, ഇതിനകം ലക്ഷങ്ങളുടെ ജീവനെടുത്തുകഴിഞ്ഞു. ഭൂമിയിലെ ഇനിയും തിട്ടപ്പെടുത്താനാവാത്ത ലക്ഷക്കണക്കിന്നാളുകൾ മരണത്തെ മുഖാമുഖം കണ്ടുകൊണ്ടിരിക്കുന്നു. ദേവഭൂമികളും ദേവാങ്കണങ്ങളും കയ്യൊഴിഞ്ഞ മരണതീരത്തെ ദുരിതാത്മാക്കൾ ഈ ഭീകര വൈറസിൽ നിന്ന് മുഖം മൂടി ഒളിച്ചുകഴിയുന്നു.ചൈനയിൽ നിന്ന് തുടങ്ങിയ മരണഘോഷയാത്ര യൂറോപ്പുചുറ്റി അവസാനം ഇതാ ഇന്ത്യയിലും, കൊച്ചു കേരളത്തിന്റെ നെറുകെയിലുമായി അന്ത്യചുംബന കാലവർഷമായി എത്തിയിരിക്കന്നു.

ഇത്തരം വൈറസുകളുടെ ദുരന്തബാധക്ക് വിധേയമാവുന്ന സ്ഥല-കാല-വ്യക്തി-സമൂഹ-രാജ്യ വിവരങ്ങൾ കഴിവതും പുറത്തുവിടാതിരിക്കുന്നതാണ് ഭരണകൂടങ്ങൾ ചെയ്യേണ്ടത്. കാരണം രോഗബാധക്ക് വിധേയമാവുന്ന സ്ഥല-കാല-വ്യക്തി-സമൂഹ-രാജ്യ ഘടകങ്ങളെ സമൂഹം മുഖ്യധാരയിൽ നിന്ന് വേർപ്പെടുത്തുകയാണ് പതിവ്. വൈറസ് മരണാധിനിവേശത്തിന്റെ ആദ്യഘട്ടങ്ങളിൽ ചൈന അനുഭവിച്ചതും അതാണ്. ലോകരാഷ്ട്രങ്ങൾ അന്നും ഇന്നും ചൈനയെ വേർപ്പെടുത്തിയിരിക്കുകയാണ്. കോവിഡ് റിപ്പബ്ലിക്കൻ ഭാഷയിൽ തന്നെ പറഞ്ഞാൽ ലോകം ചൈനയെ ക്വാറന്റൈൻ ചെയ്തിരിക്കുകയാണ്. ഇത് രാജ്യങ്ങളേയും ജനങ്ങളേയും സർവ്വവിധത്തിലും ക്ഷയിപ്പിക്കും. രോഗത്തെ പ്രതിരോധിക്കാനും രോഗത്തിനെതിരെ മുൻകരുതലുകൾ എടുക്കാനും നമുക്ക് ശ്രമിക്കാം. പക്ഷേ രോഗബാധക്ക് വിധേയമാവുന്ന സ്ഥല-കാല-വ്യക്തി-സമൂഹ-രാജ്യ ഘടകങ്ങളെ വേർപ്പെടുത്തുന്നതിലെ ആവലാതികൾ നമുക്ക് ഒരിക്കലും കണ്ടില്ലെന്ന് നടിക്കാനാവില്ല.

കൊറോണവൈറസ് ഒരു കൊലയാളി വംശമാണ്. ആ വംശത്തിലെ ഏഴാമത്തെ പുതിയ കൊലയാളിയാണ്COVഎന്നറിയപ്പെടുന്ന കൊറോണ വൈറസ്. 22 9E, NL 63, OC 43, HK U1, MERS-COV, SARS-COV എന്നിവയാണ് ഈ കുടുംബത്തിലെ മറ്റ് ആറ് കൊലയാളി വൈറസുകൾ. ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട n-COV വൈറസിനെ ലോകം ആദ്യം ചൈനാവൈറസ് എന്ന് പേര് വിളിച്ചു. ചൈനയുടെ ആത്മാഭിമാനം കണക്കിലെടുത്ത് ആ പേരിലെ മര്യാദകേട് ഒഴിവാക്കാനായിരുന്നു പിന്നീട് ലോകാരോഗ്യ സംഘടന അതിനെ കോവിഡ്-19 (Corona Virus Infection Disease-2019) എന്ന് പേര് മാറ്റി വിളിച്ചത്.

കേവലമൊരു നീർവീഴ്ചപ്പനിയുടെ ലക്ഷണങ്ങളോടെ വന്ന് മനുഷ്യജീവനെടുക്കുക മാത്രമാണ് ഈ കൊലയാളി വൈറസിന്റെ ലക്ഷ്യം. ചൈനയിലും, അമേരിക്കയിലും, ആസ്ട്രേലിയായിലും, കാനഡയിലും, ഇന്ത്യയിലും, ബ്രിട്ടനിലുമായി 120 പരീക്ഷണശാലകളിലായി ഈ കൊലയാളി വൈറസിനെ കീഴ്പ്പെടുത്തുന്നതിനായുള്ള ഗവേഷണങ്ങൾ ഇപ്പോഴും നടന്നുവരികയാണ്. അവയിൽ ചില പരീക്ഷണങ്ങൾ മനുഷ്യരിൽ നടത്തിത്തുടങ്ങിയെങ്കിലും, അന്തിമഫലം പറയാറായിട്ടില്ല. ഈയാരു സാഹചര്യത്തിലും വർത്തമാന കാലത്തിൽ നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞന്മാർ മുഖംമൂടികൾ ധരിച്ചുകൊണ്ട് സൗരയൂഥത്തിന്റെ ഗുരുത്വാകർഷണപഥങ്ങളെ ഭേദിച്ചുകൊണ്ട് അന്യഗ്രഹസന്ദർശനം നടത്തി ഭൂമിയിൽ തിരിച്ചുവന്ന് വീണ്ടും മാസ്‌ക് ധരിച്ചെങ്കിലും, ഈ കൊലയാളി വൈറസിനെ പ്രതിരോധിക്കാനുള്ള മരുന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. ഏതോ ഒരു ജാഗ്രതയുടെ പേരിൽ രോഗം പകരാതിരിക്കാൻ കൈകൾ കഴുകിയും, മുഖംമൂടികൾ ധരിച്ചും, ജീവനിൽ നിന്നും ജീവിതത്തിൽ നിന്നും ഇനിയും തിട്ടപ്പെടുത്താനാവാത്ത അകലം പാലിച്ചും ഈ രോഗത്തെ അതിജീവിക്കാൻ പാടുപെടുകയാണ്ലോകം.

ചൈനയിലെ ഹൂബ്ബെ പ്രവിശ്യയിലെ വുഹാൻ മത്സ്യമാർക്കറ്റിൽ നിന്നായിരിക്കണം കൊറോണവൈറസ് എന്ന കൊലയാളി, കൊലവിളി മുഴക്കിയതെന്ന് കരുതപ്പെടുന്നു. ഈ വൈറസിനെ കണ്ടെത്തിയ നാളുകളിൽ അത് മൃഗങ്ങളിൽ നിന്ന് മൃഗങ്ങള ലേക്കും പിന്നീടുള്ള നാളുകളിൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരുകയായിരുന്നു. ഇപ്പോൾ ഈ വൈറസ് ലോകത്തെ പ്രത്യക്ഷമായോ അല്ലാതേയോ കൊന്നു കൊണ്ടിരിക്കുന്നു.

ഒരുപാട് തണ്ടുകളുള്ള ഒരു ചക്രം പോലെയാണത്രെ ഈ വൈറസ് എന്ന് ശാസ്ത്രലോകം പറയുന്നു. അതിന്റെ ചക്രത്തണ്ടുകളിൽ ഒരറ്റത്ത് കിരീടം പോലെ ഒരു ഭാഗമുണ്ട്. ലത്തീൻ ഭാഷയിൽ കിരീടം എന്നതിന് കൊറോണ(CORONA) എന്നത്രെ ഭാഷ്യം. അങ്ങനെയാണ് ഈ വൈറസിന് കൊറോണവൈറസ് എന്ന പേരു് ഉണ്ടായത്. ഘടനാപരമായി പരിശോധിക്കുമ്പോൾ മനസ്സിലാവുന്നത് ഈ വൈറസിന്റെ ബാഹ്യ വൃത്തത്തിൽ തമ്പടിച്ചിരിക്കുന്നE, S, M, HEപ്രോട്ടീനുകളാണ് മനുഷ്യജീവനെ കൊലക്ക് കൊടുക്കുന്നതെന്നാണ് ശാസ്ത്രജ്ഞന്മാരുടെ ഇടക്കാല കണ്ടെത്തൽ.

അതേസമയം നിരന്തരമായ ജനിതക വ്യതിയാനങ്ങളിലൂടെ ഭ്രാന്തമായ തരംഗങ്ങ ളായി (Mad Waves) വിലസുന്ന ഈ കൊലയാളി വൈറസ്, ആഗോള താപനത്തെ തുടർന്നുണ്ടായ കാലാവസ്ഥാ വ്യതിയാനത്താലും അതിലേക്ക് മനുഷ്യനെ നയിച്ച പുതുജീവിത ശൈലികളാലും സൃഷ്ടിക്കപ്പെട്ടതെന്നും ധാർമ്മികതയുടെ അരികു പറ്റിക്കൊണ്ടുള്ള ആരോപണവുമുണ്ട്.

2019-ൽ ചെന്നൈയിലെ സിദ്ധവൈദ്യനായ ഡോ. തണികാശലം വേണി കൊറോണവൈറസിന് മരുന്ന് കണ്ടു പിടിച്ചെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അത് പൂർണ്ണ മായി വിജയിച്ചതായി അറിവില്ല. കൊറോണവൈറസിനെതിരെ വേറേയും മരുന്നുകൾ കണ്ടുപിടിച്ചതായി പറയുന്നുണ്ടെങ്കിലും ഒന്നിനും ഒരു സ്ഥിരീകരണമില്ല. ഏറ്റവുമൊടുവിൽ പാരസെറ്റമോളും അസിത്രാമൈസിനും പിന്നെ ഇന്ത്യയുടെ ഹൈഡ്രോക്സിക്ലോറോക്വിൻ എന്ന പഴയകാല മലമ്പനിക്ക് കൊടുത്തിരുന്ന, മരുന്നല്ലാത്ത മരുന്നിലും അഭയം പ്രാപിച്ചിരിക്കുകയാണ് ലോകം.

എന്തായാലും, 'ശാസ്ത്രം ജയിച്ചു, മനുഷ്യൻ തോറ്റു'എന്നൊക്കെയുള്ള ആധുനിക ശാസ്ത്രസമൂഹത്തിന്റെ അഹങ്കാരത്തിനും ഹുങ്കിനും മുമ്പിൽ മുട്ടുമടക്കാതെ കോവിഡ്-19 ഏഴാമൻ എന്ന കൊലയാളി വൈറസ് ലോകത്തിന്റെ തന്നെ ഭരണം കയ്യിലെടുക്കുമ്പോൾ, കോവിഡ് റിപ്പബ്ലിക്കിന്റെ തലപ്പത്തിരുന്ന് കൊലവിളി മുഴക്കുമ്പോൾ, മരണത്തിന്റെ സുസ്ഥിരമായ വഴിക്ക്, പകരം വക്കാൻ ജീവരക്ഷക്കുള്ള മറ്റേതോ വഴികൂടി അന്വേഷിക്കേണ്ട വിഫലമായ ഒരു തിരിച്ചറിവിൽ നാം എത്തിനില്ക്കുന്നുവെന്നുകൂടി പറയേണ്ടിവരുന്നു.

മൂന്ന്

ലോക കോവിഡ് റിപ്പബ്ലിക്കിന്റെ നാൾവഴികൾ

ഭരണ സംവിധാനങ്ങളുടെ ഉത്ഭവത്തെക്കുറിച്ച് പ്ലാറ്റോ പറഞ്ഞുവച്ചതനുസരിച്ച്, ജനങ്ങളെ ബഹുമാനിച്ചും ആദരിച്ചും പോന്ന ഒരു ഭരണക്രമമായിരുന്നു ഭരണകൂടങ്ങളുടെ ആരംഭകാലത്തുണ്ടായിരുന്നത്. ഗ്രീക്ക് ചിന്തകനായ സോക്രട്ടീസ് ഈ ഭരണക്രമത്തെ തിമോക്രസി (Timocracy) എന്ന് വിളിക്കുന്നു. സ്വേഛ്ഛാധിപത്യത്തിൽ നിന്ന് ആഭ്യന്തര യുദ്ധത്തിലൂടെ ഉയിർകൊണ്ട ഈ ഭരണക്രമം പിൽക്കാലത്ത് ധനസമ്പാദനത്തിനും ഭൗതികമായ പിടിച്ചടക്കലിനും ഊന്നൽ നൽകിയ സമ്പന്ന ജനാധിപത്യ ഭരണക്രമമാകുകയായിരുന്നു. ഈ ഭരണസംവിധാനത്തിന്റെ ഭരണത്തുടർച്ചയെ നിലനിർത്തുന്നതിന്നായി തിമോക്രാറ്റുകൾ (Timocrats) പിന്നീട്, കായികശേഷി വർദ്ധിപ്പിക്കുന്നതിലും യുദ്ധസാമർത്ഥ്യത്തിൽ നൈപുണ്യം കൈവരിക്കുന്നതിലും ഉത്സുകരായി. കാലാന്തരത്തിൽ ഈ ഭരണക്രമം കുറച്ചു മാടമ്പിമാരുടെ കുത്തക ധനാധിപത്യ ഭരണസങ്കേതമായി (Oligarchy) രൂപാന്തരം പ്രാപിച്ചു. സമ്പന്നജനാധിപത്യത്തിലും മാടമ്പിമാരുടെ കുത്തക ധനാധിപത്യത്തിലും വീർപ്പുമുട്ടിയ സ്വാതന്ത്രേ്യച്ഛയുള്ള ജനത പിന്നീട് സ്ഥാപിച്ച ആഗോള ഭരണക്രമമായിരുന്നു ഏറ്റവുമൊടുവിൽ വേരുപിടിച്ച ജനാധിപത്യം (Democracy) .

ദക്ഷിണധ്രുവപ്രദേശമടക്കം മൊത്തം 249 ഭൂപ്രദേശങ്ങളാണ് ഭൂമിയിലുള്ളത്. ഇവയിൽ തന്നെ ഐക്യരാഷ്ട്രസഭയിൽ അംഗങ്ങളായി 193 രാജ്യങ്ങളുണ്ട്. ഐക്യരാഷ്ട്ര സഭയുടെ നിരീക്ഷണത്തിൽ രണ്ട് രാജ്യങ്ങൾ വേറേയുമുണ്ട്. ജനാധിവാസമുള്ള 45 പ്രദേശങ്ങളും ജനാധിവാസമില്ലാത്ത 6 പ്രദേശ ങ്ങളുമുണ്ട്. ഇവയിൽ 75 രാജ്യങ്ങളിലെ ജനാധിപത്യസൂചിക പരിശോധിക്കുമ്പോൾ, 22 രാജ്യങ്ങളിൽ പൂർണ്ണമായ ജനാധിപത്യവും (Full Democracy), 53 രാജ്യങ്ങളിൽ അപാകമായ ജനാധിപത്യവും (Flawed Democracy) നിലനില്ക്കുന്നതായി ബ്രിട്ടൺ ആസ്ഥാനമായ ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് (Economist Intelligence Unit) രേഖപ്പെടുത്തുന്നു.

ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ (Economist Intelligence Unit) ജനാധിപത്യ സൂചികയനുസരിച്ച് ഏറ്റവും കൂടുതൽ സ്‌കോറായ 0-8 പോയിന്റിന് അർഹമായ 22 സമ്പൂർണ്ണ ജനാധിപത്യ രാജ്യങ്ങളാണ് (Full Democracies) ഉള്ളത്. 6-8 പോയിന്റിന് അർഹമായ 53 അപാകമായ ജനാധിപത്യ രാജ്യങ്ങളായും (Flawed Democracies) വിലയിരുത്തപ്പെടുന്നു. ജനാധിപത്യ സംവിധാനത്തിനൊപ്പം മറ്റുപല ഭരണ സംവിധാനങ്ങളും കൂടിക്കലർന്ന സങ്കരയിന ഭരണസങ്കേതമായ (Hybrid Regimes) 38 രാജ്യങ്ങളുണ്ട്, ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ ലിസ്റ്റിൽ. സ്വേച്ഛാധിപത്യ-പ്രഭുത്വ അഥവാ രാജ്യഭരണ സംവിധാനമുള്ള ( Authoritarian Regimes) 54 രാജ്യങ്ങൾ വേറേയുമുണ്ട്. അങ്ങനെ മൊത്തം 167 രാജ്യങ്ങളാണ് ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ (Economist Intelligence Unit) ജനാധിപത്യ സൂചികയനുസരിച്ചുള്ളത്.

ഇങ്ങനെയൊക്കെയാണെങ്കിലും ലോകത്തിലെ ജനാധിപത്യത്തിന്റെ ശ്രേണീപ്രഭാവം അതിന്റെ അസ്സൽ രൂപത്തിൽ നിന്ന് മാറിക്കൊണ്ടിരിക്കുകയാണ്. ജനാധിപത്യത്തിന്റെ ഹിംസാരൂപങ്ങളെയെല്ലാം ഉൾക്കൊണ്ട് അതിക്രൂരമായ മർദ്ദനാധിപത്യ ഭരണസങ്കേതമായി ജനാധിപത്യം രൂപാന്തരം പ്രാപിച്ചിരിക്കുകയാണ് ഈ വർത്തമാന നൂറ്റാണ്ടിൽ. ജനാധിപത്യം അതിമാരകമായി ഹിംസിക്കപ്പെടുകയും തദ്വാര ഒരു ഹിംസാധിപത്യ ഭരണസംവിധാനമായി മാറിയിരിക്കുകയാണ് ഇന്ന് ജനാധിപത്യം. ജനങ്ങൾ ജനങ്ങളാൽ ജനങ്ങൾക്കുവേണ്ടി പരസ്പരം ഹിംസാത്മകമായി ഭരിക്കപ്പെടുന്ന അതിനികൃഷ്ട മായ നിലയിലേക്ക്, ചരിത്രത്തിൽ അഗ്നിശുദ്ധി തെളിയിച്ച പഴയ പ്രതാപമുള്ള ജനാധി പത്യം തമസ്‌കരിക്കപ്പെട്ടിരിക്കുകയാണ് ഇന്ന്.

അത്തരത്തിലേക്ക് അധപ്പതിച്ചുപോയ ഹിംസാധിപത്യ ഭൂമിയിൽ നന്മനിറഞ്ഞ മനുഷ്യരും പ്രകൃതിയും ആവാസപരിസരങ്ങളും ധാർമ്മികമായും ശാസ്ത്രീയമായും മലിനമാക്കപ്പെട്ടു. അഭിനവ ശാസ്ത്രലോകത്തിന്റെ മട്ടുപ്പാവിലിരുന്ന് പ്രാചീന പരിശുദ്ധിയുള്ള ധർമ്മശാസ്ത്രങ്ങളെയെല്ലാം നിഷ്‌കരുണമായി ഹിംസാധിപത്യ മാനവിക മൃഗീ യത തിരസ്‌കരിച്ചു. അങ്ങനെ പുതിയ മനുഷ്യനും അവന്റെ ഭരണകൂടത്തിനും ശാസ്ത്ര സാങ്കേതിക സംഹിതകൾക്കും, നന്മനിറഞ്ഞ മനുഷ്യരുടേയും പ്രകൃതിയുടേയും ആവാസപരിസരങ്ങളുടേയും മേലുള്ള നിയന്ത്രണം കൈമോശം വന്നു. നിദ്രയിലാണ്ട പഞ്ചഭൂതഗണങ്ങളെല്ലാം അനിയന്ത്രിതമായും നിർഭയമായും ഭൂമിയിൽ നിർഗളിച്ചു. അവ പരീക്ഷണശാലകളുടെ നിഗൂഡ കോട്ട കൊത്തളങ്ങളെ മുഴുവനായും തകർത്ത്, അവിടെയുണ്ടായിരുന്ന ബന്ധനസ്ഥരായ അണുവംശത്തെ മുഴുവനായോ ഭാഗികമായോ തുറന്നുവിട്ടു. അങ്ങനെയാണ് കൊറോണ വൈറസ് വംശത്തിലെ അപകടകാരികളായ ആറ് അഗോചര, അരൂപികളായ വൈറസുകൾ, അഹങ്കാരികളായ മനുഷ്യരാൽ ശ്വാസം മുട്ടിക്കഴിയുന്ന ഇനിയും മരിച്ചിട്ടില്ലാത്ത ഭൂമിക്ക് ആശ്രയമായി പുറത്തുവന്നത്.

അഹങ്കാരികളുടെ അമിതഭാരം കൊണ്ടും അവരുടെ പ്രാകൃതമായ പീഡനം കൊണ്ടും സഹികെട്ട ഭൂമിക്ക് സന്തുലിതമാകേണ്ടതുണ്ടായിരുന്നു. പഞ്ചഭൂതഗണങ്ങൾ തുറന്നുവിട്ട വൈറസുകൾ ആ ദൗത്യം ഏറ്റെടുത്തു. അഹങ്കാരികളുടെ എണ്ണം കുറയാൻ തുടങ്ങി. ഓസോൺ പാളികളിലെ ഓട്ടകൾ അടഞ്ഞു തുടങ്ങി. മേഘപാളികളിൽ ഘനീഭവിച്ചുകിടന്ന കാർബൺ കാർമേഘങ്ങൾ, പെയ്യാതെ തന്നെ ഒഴിഞ്ഞുപോയി. ഒളിഞ്ഞുകഴിഞ്ഞ പർവ്വതങ്ങൾ പ്രത്യക്ഷയായി. ലോകത്തി ന്റെ സകല വാതിലുകളും അടക്കപ്പെട്ടു. ലോകം, പാപക്കറ പുരണ്ട കൈകൾ നിരന്തര മായി കഴുകാൻ തുടങ്ങി. പരസ്പരം വിശ്വാസം നഷ്ടപ്പെട്ട ലോകമനുഷ്യർ മുഖംമൂടികൾ ധരിച്ചുകൊണ്ട് അവരവരുടെ മുഖങ്ങൾ മറച്ചു. അവരുടെ ശരീരവും മനസ്സും ആത്മാവും അകലം പാലിച്ചു. ആകാശങ്ങളിൽ വിമാനങ്ങളുടെ ഇരമ്പൽ നിലച്ചു. കിളികളും ശലഭങ്ങളും ആകാശങ്ങൾക്ക് ആടയാഭരണങ്ങളായി. ഭൂമിയുടെ നെഞ്ചകം ഉഴുതുമറിച്ച പുകതുപ്പിയ വണ്ടിച്ചക്രങ്ങൾ ഉരുളാതെ നിന്നു. കടൽപ്പരപ്പുകളിൽ കഴുകൻ കപ്പലുകളുടെ വിഴുപ്പും വിയർപ്പും വീണില്ല. ചുങ്കപ്പിരിവുകാരുടെ ക്ഷേത്രങ്ങ ളിലും ദേവാലയങ്ങളിലും ആളൊഴിഞ്ഞു. അവയുടെ മണിഗോപുരങ്ങളിലെ മണി കൾ മിണ്ടിയില്ല. കൊറോണവൈറസ് വംശത്തിലെ കോവിഡ്-19 ഏഴാമനെന്ന ഏകാധിപതി കറങ്ങുന്ന ചുവന്ന കിരീടം ധരിച്ചു. കത്തുന്ന ചെങ്കോലേന്തി. ഭൂമി ഒരു ലോക കോവിഡ് റിപ്പബ്ലിക്കായി.

(തുടരും)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP