Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

ആയിശ എന്നത് വെറുമൊരു പേരല്ല

ആയിശ എന്നത് വെറുമൊരു പേരല്ല

''ആയ്ചാ'', ആ വിളി ഇപ്പോഴും കാതിൽ മുഴങ്ങുന്നുണ്ട്. രണ്ട് വർഷങ്ങൾക്കപ്പുറം മഴ തോർന്ന ഒരു ജൂൺ മാസപുലരിയിൽ ഞങ്ങളോട് ഒരിക്കലും മടങ്ങി വരാത്ത യാത്ര പറഞ്ഞു പോയ മൂത്താപ്പയുടെ ശബ്ദം. ഇത്തിരി അധികാരവും ഒത്തിരി സ്‌നേഹവും കലർത്തി മൂത്തമ്മ ആയിശയെ വിളിച്ചിരുന്നതങ്ങനെയായിരുന്നു. ആ വിളി കേൾക്കേണ്ട താമസം എവിടെയായിരുന്നാലും എന്തേ എന്നൊരു മറുപടിയുമായി മൂത്തമ്മ ചാരത്തെത്തിയിടും.

ആയിശ... മുസ്ലിം സമുദായത്തിൽ വളരെയധികം പ്രചാരത്തിലുള്ളൊരു പേരു തന്നെയാണ്. ഉപ്പായുടെ പേരിന്റെ ആദ്യാക്ഷരവും ഉമ്മായുടെ പേരിന്റെ അന്ത്യാക്ഷരവും ചേർത്ത് അർഥമില്ലാ പേരുകൾ സൃഷ്ടിക്കുന്ന ന്യൂജൻ യുഗത്തിനും മുമ്പ് നിർലോഭം കാണപ്പെട്ടിരുന്ന ഒരു നാമം. പ്രവാചക പത്‌നിമാരുടെയും പുത്രിമാരുറ്റെയും നാമങ്ങൾക്കപ്പുറത്ത് പിറന്നു വീഴുന്ന പെണ്മക്കൾക്കു പേരു കണ്ടെത്താൻ ഉപ്പമാർ മടിച്ചിരുന്ന ഒരു കാലം. ഏതൊരു പെൺ കൂട്ടത്തിലേക്കു ചെന്നാലും കദീജാ, ഫാത്തിമാ, ആയിശാ എന്നൊക്കെ ഏതൊരു പെൺ കൂട്ടത്തിലേക്കു നീട്ടി വിളിച്ചാലും ഒന്നിലധികം കണ്ഠത്തിൽ നിന്നും മറുപടി വന്നിരുന്ന കാലം.

ഒരിക്കൽ സരസമായിട്ടൊരു മുതിർന്ന സുഹൃത്ത് സൂചിപ്പിച്ചു. കക്ഷിയുടെ വല്ല്യുമ്മയുടെ പേരും ഉമ്മയുടെ പേരും ആയിശ എന്നാണ്. ഒടുവിൽ എളാപ്പ കെട്ടിക്കൊണ്ട് വന്നതും ഒരു ''ആയ്ച'' തന്നെയായപ്പോൾ വല്ല്യുപ്പ പറഞ്ഞുവത്രെ മൂനായ്ചയായി, ഇനി ഒരു ആയ്ച കൂടിയായാൽ മാസം മുഴുവനായി.

അതെ, ആയിഷയെന്ന നാമം അത്ര മേൽ പ്രിയങ്കരമാണ് മുസ്ലിം സമുദായത്തിന്. ഈ ന്യൂ ജൻ യുഗത്തിലും പുതുമയാർന്ന പേരുകൾക്കു മുന്നിലോ പിന്നിലോ ചേർത്ത് ഇപ്പോഴും ഗൃഹാതുരത കാത്ത് സൂക്ഷികാൻ വെമ്പുന്ന ഒരു വിളിപ്പേര്. ഒപ്പനപ്പാട്ടിന്റെ കിലുകിൽ ആരവങ്ങളിലും മാപ്പിളപ്പാട്ടിന്റെ ഇശലുകളിലും ഖദീജയുടെയും ഫാത്തിമയുടെയുമത്രത്തോളം സ്ഥാനം പിടിച്ചിട്ടില്ലെങ്കിലും മാപ്പിള മനസ്സുകളിൽ വല്ലാണ്ട് കുടിയേറിയ ഒന്ന്.

ആയിശ, മുസ്ലിം സമുദായത്തിനു കുത്തക അവകാശപ്പെടാൻ കഴിയുമോ ആപേരിനു മുകളിൽ? മലയാളത്തിന്റെ വിപ്ലവ കവി വയലാർ രാമ വർമ്മ തന്റെ ഒരു കൃതിക്കു നാമകരണം ചെയ്തത് ആയിശ എന്നായിരുന്നു. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് വാസുദേവൻ പോറ്റി തന്റെ മകൾക്ക് ആയിശയെന്ന് ചൊല്ലി വിളിച്ചു. പിന്നീടവരായിരുന്നു പന്ത്രണ്ടാം നിയമസഭയിൽ കൊട്ടാരക്കരയിൽ മുൻ മന്ത്രി ബാലകൃഷ്ണപിള്ളയുടെ ജയന്റ് കില്ലറായി വന്ന ആയിശ പോറ്റി. ഗൊലിയാത്തിനെ വീഴ്‌ത്തിയ ദാവീദ് കണക്കെ അങ്കം ജയിച്ചെത്തിയ അവർ നിലവിലെ നിയമസഭയിലേക്കും വിജയം തുടർന്നു.

ആയിശ... അതൊരിക്കലും ചോരനിറം മാറാത്ത കവിളുകളുള്ളൊരു വെറുമൊരു അറബിപ്പെൺകൊടിയായിരുന്നില്ല. അന്ത്യപ്രവാചകൻ മരിക്കുമ്പോൾ യൗവ്വനത്തിലേക്ക് കാലൂന്നിയിട്ടുള്ളുവെങ്കിലും അന്ത്യദിനം വരെയുള്ള മുഴുവൻ വിശ്വാസികളുടെയും മാതാവെന്ന സ്ഥാനം അലങ്കരിച്ച വ്യക്തിത്വത്തിനുടമ.പ്രവാചകന്റെ അനുയായികൾക്ക് വിശ്വാസകാര്യങ്ങളിൽ ദിശാബോധം നൽകിയ മഹതി. പുരുഷവേഷം ധരിച്ച് ഫ്രഞ്ച് പടയെ നയിച്ച ജോൺ ഓഫ് ആർക് ഇന്നൊരു വീരേതിഹാസമായി ഗണിക്കപ്പെടുന്നുവെങ്കിൽ പതിനാല് നൂറ്റാണ്ടുകൾക്കപ്പുറത്ത് ഒരു പെണ്ണായി തന്നെ സൈന്യത്തെ നയിച്ച ധീര വനിത. ഒട്ടകപ്പുറത്തേറി യുദ്ധമുഖത്തേക്കവർ വന്നതിനാൽ പിൽക്കാലത്ത് ചരിത്രം ആ യുദ്ധത്തെ രേഖപ്പെടുത്തിയത് ജമൽ യുദ്ധം (ജമൽ=ഒട്ടകം) എന്നായിരുന്നു.

അതെ, ആയിശ എന്നത് വെറുമൊരു പേരല്ല. മറിച്ച് അതോരോ സ്ത്രീക്കും പ്രചോദനം നല്കുന്ന ശക്തി തന്നെയാണ്. പിൽകാല ലോകം പെണ്ണിനെ മതത്തിന്റെ വേലിക്കെട്ടുകൾ കാണിച്ച് നാലു ചുവരുകൾക്കുള്ളിൽ തളച്ചിട്ടപ്പോൾ ഗൃഹാതുരതയോടെ പുളകം കൊള്ളിക്കേണ്ടിയിരുന്ന സംജ്ഞ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP