Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

ഈ ഓണം കൊറോണം

ഈ ഓണം കൊറോണം

സി ടി വില്യം

വർഷത്തെ ഓണത്തെ നമുക്ക് മൂന്ന് തലങ്ങളിൽ നിന്ന് കാണേണ്ടിവരുമെന്നാണ് ഞാൻ വിചാരിക്കുന്നത്. രാഷ്ട്രീയമായും സാമൂഹികമായും സാംസ്കാരികമായും നമുക്കിന്ന് ഓണത്തെ വിലയിരുത്തണ്ടിവരും.

രാഷ്ട്രീയമായി പറഞ്ഞാൽ ഈ ഓണം അക്ഷരാർത്ഥത്തിലും നമുക്ക് പൊന്നോണമാണ്. ഭരണകൂടത്തിന്റെ സ്വർണ്ണക്കടത്തിൽ പ്രകാശിക്കുന്ന ഈ ഓണം മലയാളികൾക്ക് പൊന്നോണം തന്നെ. അത്തം പത്തോണം എന്നൊക്കെ പറയുമെങ്കിലും കേരളത്തിന്റെ സ്വർണ്ണക്കടത്തിന്റെ പശ്ചാത്തലത്തിൽ ഈ പൊന്നോണത്തിന്റെ അത്തം കുറിച്ചിട്ട് ഒരു മാസം പിന്നിട്ടു. ഇതിന്നിടയിൽ മാറിമാറി വന്ന പൊന്നോണക്കളങ്ങളും,ഓണത്തല്ലും, വില്ലും, പുലിക്കളിയും, കുമ്മാട്ടിയും തിമിർത്തുകൊണ്ടിരിക്കുന്നു. കഴിഞ്ഞ കുറേ നാളുകളായി കേരളത്തിന് ഇത് ശരിക്കും സ്വർണ്ണക്കടത്തിന്റെ പൊന്നോണനാളുകൾ.

സാമൂഹികമായി ഈ ഓണത്തെ വിലയിരുത്തുമ്പോൾ ഈ ഓണം മഹാമാരിയുടെ കാലത്തിലുള്ള തികച്ചും നിഷ്പ്രഭമായൊരു ഓണമാണ്. കൊറോണവൈറസിന്റെ കറുത്ത പശ്ചാത്തലത്തിൽ നമുക്ക് ഈ ഓണം പൊന്നോണമല്ല, മറിച്ച്, മരണത്തെ ഓർമ്മിപ്പിക്കുന്ന കൊറോണം തന്നെയാണ്. ജാഗ്രതയും ആശങ്കയും കരുതലും കടന്ന് ഇപ്പോളിത് ഭരണകൂടം കയ്യൊഴിഞ്ഞ ഭയത്തിന്റെ, മരണത്തിന്റെ  മഹാമാരിനാളുകളാണ്.

അടുപ്പത്തിന്റെ ഓണം ഇവിടെ അകലത്തിന്റെ ഓണമാവുകയാണ്. നമ്മൾ അണിയുന്ന മുഖാവരണങ്ങൾ നമ്മുടെ സുഖമുള്ള ഓണ ഓർമ്മകളേയും, പ്രസാദത്തേയും, ആനന്ദത്തേയും അതിഭീകരമാം വിധം മറക്കപ്പെട്ടിരിക്കുകയാണ്. ഏതോ മനോവിഭ്രാന്തമായ അവസ്ഥയിൽ നാം നമ്മുടെ സ്വന്തം കൈകളെ പോലും വിശ്വസിക്കാതെ എപ്പോഴും കഴുകിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് നമുക്ക് ഈ ഓണത്തെ കൊറോണം എന്നുവിളിക്കേണ്ടിവരുന്നത്.

സാംസ്കാരികമായി വിലയിരുത്തുമ്പോൾ ഈ ഓണം എന്നേ മരിച്ചുപോയ ഒരു ഓണമാണെന്ന് നമുക്ക് ബോധ്യമാവും. മരിക്കുക എന്നുപറഞ്ഞാൽ അതിൽ ഒരു സ്വാഭാവികത ഉള്ളതുകൊണ്ട് അങ്ങനെ പറയുന്നത് ശരിയാവില്ല. അതുകൊണ്ട് നാം ഈ ഓണത്തെ കൊന്നു എന്നുപറയുന്നതാവും കൂടുതൽ ശരി.

സ്വന്തം മുറ്റത്തുനിന്നും തൊടിയിൽ നിന്നും പൂ നുള്ളി ഓണപ്പൂക്കളമിട്ട പൂക്കാലം എന്നേ വിസ്മൃതമായിരിക്കുന്നു. ഇന്ന് നമുക്ക് മുറ്റങ്ങളില്ല, തൊടികളുമില്ല. നുള്ളാൻ പൂക്കളുമില്ല. ചെത്തിയും മന്ദാരവും മുക്കുറ്റിയും തുമ്പയും ചെമ്പരത്തിയും കോളാംബിയുമെല്ലാം ഇന്ന് നേഴ്സറികളിലെ മ്യൂസിയങ്ങളിൽ കാഴ്ചവസ്തുക്കളായി സംരക്ഷിക്കപ്പെട്ടുപോരുന്നു.

കഴിഞ്ഞ കുറേ വർഷങ്ങളായി നാം ചൈനാ നിർമ്മിത സിന്തറ്റിക്ക് പൂക്കളങ്ങളാണ് നമ്മുടെ മുറ്റത്തെ സെമിത്തേരിയിൽ അലങ്കരിക്കുന്നത്. എന്നാൽ ഇക്കുറി ചൈനീസ് പൂക്കളത്തോടൊപ്പം നമുക്ക് സൗജന്യമായി കിട്ടിയ ചോരപ്പൂക്കളം കണക്കേയുള്ള കൊറോണയേയും സ്വീകരിക്കേണ്ടിവന്നു എന്നതാണ് സത്യം.

ഓണം ഒരാണ്ടിന്റെ വിളവെടുപ്പിന്റെ ഉത്സവമാണ്. എന്നാൽ നിർഭാഗ്യകരമെന്നുപറയട്ടെ, ഇന്ന് മലയാളിക്ക് വിളവെടുക്കാൻ വിളകളില്ല. ഇന്ന് മലയാളിക്കുവേണ്ടി വിളവെടുപ്പുകൾ നടത്തുന്നത് കൂറ്റൻ ചരക്കുലോറികളാണ്. ഈ കൂറ്റൻ ചരക്കുലോറികളേയാണ് നാം “ഒരു മുറം പച്ചക്കറി”യുമായി നേരിട്ട് കീഴടങ്ങിയത്. നമ്മുടെ അയൽ സംസ്ഥാനങ്ങളിൽ നിന്ന് വിളവെടുപ്പുമായെത്തുന്ന ചരക്കുലോറികളെ കാത്ത് മലയാളികൾ അവന്റെ ഉമ്മറപ്പടികളിൽ ഇന്നും എന്നും അലസമായിരിക്കുകയാണ്. മലയാളികളുടെ ഈ അലസമായ കാത്തിരിപ്പാണ് ഓണത്തെ മറ്റു പലതിനോടൊപ്പം കോർപ്പറേറ്റുകൾക്ക് വിറ്റുകൊടുത്തത്. ഓണം കോർപ്പറേറ്റ്  വിപണിയുടെ ഉത്സവമായതും അങ്ങനെയാണ്. സാംസ്കാരികമായ ഓണപ്പെരുമയിൽ നിന്ന് മലയാളി അകലം പ്രാപിച്ചതും അങ്ങനെയാണ്.

മലയാളിയുടെ വർഷങ്ങളായുള്ള ഈ സാമൂഹികമായ സാംസ്കാരിക അകലമാണ് ഇന്ന് ഈ ഓണത്തെ അകലങ്ങളുടെ ഓണമാക്കിയത്. പൂക്കളിൽ നിന്നുപോലും അകലം പാലിക്കേണ്ടിവരുന്ന മലയാളിയുടെ ഈ ദുരവസ്ഥ ഏറെ ഭയാനകമാണ്. നമ്മുടെ ഭാവിയെ ഇരുട്ടിലാഴ്‌ത്തും വിധം ഭീകരമാണ് ഈ കാലം.

അതുകൊണ്ട് ഏതോ നഷ്ടവസന്തത്തിന്റെ, പ്രതാപത്തിന്റെ ഓർമ്മക്ക് മുന്നിൽ നിന്നുകൊണ്ട് നമുക്ക് പരസ്പരം മരണസമാനമായ ആറടി അകലത്തിൽ നിന്നുകൊണ്ട് ഈ ഓണത്തേയും പ്രത്യാശയോടെ വരവേൽക്കാം. ആശംസിക്കാം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP