Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമേരിക്കയിൽ നിന്നും ഇന്ത്യയിലേക്ക് സംഹാര ദൂതൻ

അമേരിക്കയിൽ നിന്നും ഇന്ത്യയിലേക്ക് സംഹാര ദൂതൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദർശനം മൂലം സഹസ്ര കോടിക്കണക്കിന് ഡോളറിന്റെ വിദേശ നിക്ഷേപം സാദ്ധ്യമായി വന്നു എന്ന വാർത്ത കണ്ടു. ഭാരതത്തെ ഒരു പുത്തൻ യുഗത്തിലേക്ക് കൈപിടിച്ചുയർത്തുവാനുള്ള ശ്രമത്തിലാണദ്ദേഹം.

അതുവരെ ചേരി ചേരാനയം പ്രസംഗിച്ചു അതോടൊപ്പം തകർത്തടിഞ്ഞ് ഊർദ്ധ ശ്വാസം വലിക്കുന്നതുമായ റഷ്യയുടെ പിന്നാലെ കൂടി പണം കൊടുത്ത് അറു പഴഞ്ചൻ മിങ് വിമാനങ്ങൾ പോലെയുള്ള യുദ്ധോപകരണങ്ങൾ വാങ്ങിയും ഭാരതത്തെ പിന്നോട്ടടിച്ച കോൺഗ്രസ്സ് നേതാക്കൾ കാണട്ടെ അദ്ദേഹത്തിന്റെ വിജയ യാത്ര.

മറ്റു രാജ്യങ്ങൾ എന്തിന് ചൈന പോലും അമേരിക്കയുമായി ചെങ്ങാത്തം സ്ഥാപിച്ച് നേട്ടങ്ങൾ കൊയ്‌തെടുത്തപ്പോൾ ഇന്ത്യ മാത്രം അമേരിക്കയ്‌ക്കെതിരെ മുഖം തിരിച്ചു നിന്നു. പ്രധാന മന്ത്രിയുടെ അമേരിക്കൻ സന്ദർശനം ലോകത്തിലെ ഏറ്റവും വലിയ രണ്ടു ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള കൈ കോർക്കലാണ്.

മാത്രമല്ല അമേരിക്കയിൽ നിന്ന് അപ്പാച്ചെ ഹെലികോപ്റ്ററുകൾ വാങ്ങുവാനുള്ള അദ്ദേഹത്തിന്റെ ശ്രമം ശക്തിയുടെ സന്ദേശം കൂടിയാണ്. റഷ്യയെ പ്രീണിപ്പിക്കുവാൻ വേണ്ടി വാങ്ങി കൂട്ടിയ മിങ് വിമാനങ്ങൾ തകർന്ന വീണ് ഓരോ വർഷവും നൂറു കണക്കിന് വ്യോമസേനാംഗങ്ങൾ കൊല്ലപ്പെടുന്ന വാർത്ത കണ്ടും കേട്ടും ജീവിക്കുന്ന ഭാരത ജനതയുടെ മുന്നിലേക്ക് ഇതാ കടന്നു വരുന്ന ശത്രു സംഹാരിയായ ''സുദർശന ചക്രം'' അപ്പാച്ചെ ഹെലികോപ്റ്റർ. ഈ സമയം അപ്പാച്ചെ ഹെലികോപ്റ്റർ എന്താണെന്നോ അതിന്റെ സംഹാര ശക്തി ന്താണെന്നോ സാധാരണ ജനങ്ങൾക്കറിയില്ലായിരിക്കാം. അതേപ്പറ്റി ഒരു ചെറു വിവരണമാണ് ഈ ലേഖനം.

അപ്പാച്ചെ
'യുദ്ധ ഭൂമിയിലെ സംഹാര ദൂതൻ' എന്നറിയപ്പെടുന്നു. അതിന്റെ അഗ്നിച്ചിറകിൻ കീഴിൽ സർവ്വതും ഭസ്മീകരിക്കപ്പെടുകയും അതിന്റെ ഇരമ്പം ശത്രു നിരയെ അസ്ത്ര പ്രജ്ഞമാക്കുകയും ചെയ്യുന്നു. അതിന്റെ മുൻ വശത്ത് ഒരു കുട്ടിക്കുരങ്ങനെപ്പോലെ കുത്തിയിരിക്കുന്ന ഒരൊറ്റക്കണ്ണൻ റോബോർട്ടിന്റെ ഇൻഫ്രാറെഡ് മിഴിയിൽ നിന്ന് ഒന്നിനും ഒരിടത്തും മറഞ്ഞിരിക്കുവാൻ സാദ്ധ്യമല്ല. മൂടൽ മഞ്ഞിലും പെരുമഴയത്തും കൂരിരിളിലും കൂർമുള്ളിൻ പടപ്പുകളിലും മറഞ്ഞിരിക്കുന്നതെന്തും അവന്റെ മുൻപിൽ പകൽ പോലെ അനാവൃതമാകുന്നു. അവൻ വർഷിക്കുന്ന നരകാഗ്നിയിൽ ശത്രു നിരകൾ മുഴുവൻ ഭസ്മീകരിക്കപ്പെടുന്നു. അതേ അതാണ് ''എഎച്ച് 64 അപ്പാച്ചെ'' ഹെലികോപ്റ്റർ എന്ന ഭസ്മാസുരൻ.

ലോകത്തിലെ ഏറ്റവും അപകടകാരിയും ശക്തനും ഭീകരനുമായ ഹെലികോപ്റ്റർ ശക്തിയേറിയ 16 ലേസർ നിയന്ത്രിത ''ഹെൽ ഫയർ'' (നരകാഗ്നി) മിസ്സൈലുകളാണ് ഇതിന്റെ വജ്രായുധം. 20 കിലോമീറ്റർ അകലെയുള്ള ഏത് ടാങ്കുകളെയും നിമിഷത്തിനുള്ളിൽ ഭസ്മീകരിക്കുവാൻ ഈ ഹെൽഫയർ ടാങ്കുവേധ മിസ്സൈലിനു കഴിയും. 30 എംഎം ചെയിൻ ഗൺ മിനിറ്റിൽ 600 റൗണ്ട് വെടിയുതിർക്കുന്നു. മുൻപിലായി ഒരു ഒറ്റക്കണ്ണൻ റോബോർട്ട് മൈലുകൾ അകലെ വരെയുള്ള ഭൂമിയും അന്തരീക്ഷവും സ്‌കാൻ ചെയ്യുന്നു. ഏതു കാലാവസ്ഥയിലും രാത്രിയുടെ കൂരിരിളിലും എല്ലാം പകൽ പോലെ പൈലറ്റിന്റെ മുൻപിലുള്ള ടിവി സ്‌ക്രീനിൽ തെളിയുന്നു. മാത്രമല്ല മില്ലി മെട്രിക് റഡാറിൽ ആകാശത്ത് കൂടി വരുന്നതെന്തും തെളിയും. പൈലറ്റിന്റെ ഹെൽമറ്റ് വളരെ പ്രത്യേകതയുള്ളതാണ്. അനേകം വയറുകളാൽ ബന്ധിതമാണിത്. അതിന്റെ ഇരുവശങ്ങളിലും ''ഇൻഫ്രാറെഡ് ബീം സിഗ്നലുകൾ'' ഉണ്ട്. പൈലറ്റിന്റെ ഓരോ ചലനവും ഈ ''ബീം'' പിടിച്ചെടുത്ത് ഒരു കമ്പ്യൂട്ടറിലേക്ക് സംപ്രേഷണം ചെയ്യുന്നു. അത് ഹെലികോപ്റ്ററിന്റെ അടിയിൽ സജ്ജീകരിക്കുന്ന ഒരു പീരങ്കിയെ ചലിപ്പിക്കുന്നു. അതായത് പൈലറ്റ് എവിടെ നോക്കിയാലും ഈ പീരങ്കി അവിടേക്ക് തിരിയുകയും ലക്ഷ്യം കുറിക്കുകയും ചെയ്യും. ചുരുക്കത്തിൽ പൈലറ്റ് എവിടേക്ക് നോക്കുന്നുവോ അവിടേക്ക് പീരങ്കിയും ലക്ഷ്യം കുറിച്ചിരിക്കും.

ഇലക്ട്രിക് ജാമറുകളും ഇലക്‌ട്രോമിക് കൗണ്ടർ മെഷറുകളും റഡാറുകളും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ഇവന്റെ മുൻപിൽ ശത്രുവിന്റെ ടാങ്കുകൾ തീപ്പെട്ടി കൂടുകൾ പോലെ കത്തിയെരിയും ''ഹെൽ ഫയർ'' മിസ്സൈലുകൾ യുദ്ധ ഭൂമിയെ ചുടുലക്കളമാക്കുന്നു. വീഡിയോ സ്റ്റൈൽ ഇലക്‌ട്രോമിക് എയിമിങ് സിസ്റ്റം ഇതിലുണ്ട്. അത്യാധുനിക സെൻസറുകൾ ശത്രുവിന്റെ ചെറിയ ചലനം എന്നല്ല ഒളിഞ്ഞിരിക്കുന്ന ശത്രു ശരീരങ്ങളിൽ നിന്നുയരുന്ന താപം വരെ ഓരോ വേട്ടപ്പട്ടിയെ പോലെ മണത്തറിയുന്നു. ശത്രു മിസ്സൈലുകളിൽ നിന്നും ഇൻഫ്രാ റെഡ് സംരക്ഷണവും ഇതിനുണ്ട്. അഥവാ വെടിയേറ്റ് ഒരെഞ്ചിൻ തകർന്നാൽ വേറൊരെഞ്ചിൻ പ്രവർത്തനനിരതമാകുവാൻ തക്കവണ്ണം ഇരട്ട എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നു.

യുദ്ധ ഭൂമിയിലെവിടെയും ഇറങ്ങാം. അത്യന്തം കൃത്യതയോടെ ലക്ഷ്യം തകർക്കുന്ന ഡിജിറ്റൽ ടെക്‌നോളജിയാണിതിനുള്ളത്. ഉഗ്ര സ്‌ഫോടന ശേഷിയുള്ളതും മടക്കി വയ്ക്കാവുന്നതുമായ 76 ഫിൽ റോക്കറ്റുകൾ സർവ്വ സംഹാരിയായ സുദർശന ചക്രമായി ഈ വാഹനത്തെ മാറ്റുന്നു.

1990 ന് ശേഷം അപ്പാച്ചെയുടെ പരിഷ്‌കരിച്ച പതിപ്പിറങ്ങി. ഇതിന്റെ തലയ്ക്ക് മുകളിലുള്ള ഒരു റോബോർട്ടിന് ഒരു സമയം 128 ശത്രു ലക്ഷ്യങ്ങളെ ഇൻഫ്രാറെഡ് രശ്മികളുപയോഗിച്ച് സ്‌കാൻ ചെയ്യുവാനും 30 സെക്കന്റിനുള്ളിൽ ലക്ഷ്യം കുറച്ച് തകർക്കുവാനും സാധിക്കുന്നു.

1991 ജനുവരി 17 ന് ''ഓപ്പറേഷൻ ഡസേർട്ട് സ്റ്റോം'' ആരംഭിച്ചു. ഇറാഖിന്റെ മരുഭൂമിയിലുള്ള റഡാർ ശ്യംഖലകൾ മുഴുവൻ ഒറ്റയടിക്ക് തകർത്ത് തരിപ്പണമാക്കിയത് ഏതാനും അപ്പാച്ചെ ഹെലികോപ്റ്ററുകൾ ആയിരുന്നു.

ഹൈവേ ഓഫ് ഡെത്ത്
റാക്കിന്റെ ആയിരത്തോളം കവചിത വാഹനങ്ങൾ 650 ടാങ്കുകൾ 900 പീരങ്കികൾ 400 മിസൈൽ വാഹിനികൾ മറ്റ് ആർട്ടിലറി ഗണ്ണുകൾ ആയിരക്കണക്കിന് പട്ടാളക്കാർ എല്ലാം അര മണിക്കൂറിനുള്ളിൽ ചുട്ടു ചാമ്പലാക്കപ്പെട്ടു. 1991 ഫെബ്രുവരി 27 ന് ബസ്രാ റോഡിലായിരുന്നു ആ സംഭവം. ഈ സ്ഥലം ''ഹൈ വേ ഓഫ് ഡത്'' എന്ന പേരിൽ അറിയപ്പെടുന്നു. 12 അപ്പാച്ചെ കൂടി ആയിരുന്നു ഈ ആക്രമണം.

നിമിഷ നേരത്തിനുള്ളിൽ ഈ സൈനിക വാഹനങ്ങൾ മുഴുവൻ അഗ്നി പ്രളയമായി മാറി. കത്തിയെരിഞ്ഞ ടാങ്കറുകളുടെയും കവചിത വാഹനങ്ങളുടെയും ഇടയിൽ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ ചിതിറിക്കിടന്നിരുന്നു. കീഴടങ്ങിയ 47000 പട്ടാളക്കാരെ രക്ഷപ്പെടുത്തി.

9/ 11 ന് ശേഷം അഫ്ഗാനിസ്ഥാനിൽ ആയിരക്കണക്കിന് ഭീകരരെ ഉന്മൂലനം ചെയ്ത സംഹാര ദൂതനാണ് അപ്പാച്ചെ. ഇത് കര സൈന്യത്തിന്റെ കാവൽ മാലാഖ ആയും അറിയപ്പെടുന്നു.
ശീത യുദ്ധ കാലത്ത് യൂറോപ്പിന് നേരെ ഭീഷണി ഉയർത്തിയിരിക്കുന്ന ആയിരത്തോളം റഷ്യൻ ടാങ്കുകളെ നേരിടുവാനുള്ള ആയുധമായിരുന്നു അപ്പാച്ചെ. ആയിരം റഷ്യൻ ടാങ്കുകളെ തകർക്കാൻ ഇരുപതിൽ താഴെ അപ്പാച്ചെ മതി എന്നായിരുന്നു കണക്കു കൂട്ടൽ. എന്തായാലും ഇന്ത്യൻ കര സൈന്യത്തിന് അപ്പാച്ചെ അഗ്നേയാസ്ത്രമായിരിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.

(ലേഖകൻ മുമ്പ് ദീപികയിൽ ലീഡർ പേജിലും സൺഡേ സപ്ലിമെന്റിലും ലേഖനങ്ങൾ എഴുതിയിരുന്നു.)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP