Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നൂറു ഡോളറിനു മുകളിൽ ആയിരുന്ന ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞ് ബാരലിനു 30 ഡോളറിന്റെ അടുത്തെത്തി; അന്താരാഷ്ട്ര കമ്പോളത്തിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും എന്തുകൊണ്ട് ഇന്ത്യയിൽ ഇന്ധനവില കുറയുന്നില്ല ? എന്തുകൊണ്ടാണ് ഇത് സംഭവിച്ചത്? ശ്യാം ഗോപാൽ എഴുതുന്നു

നൂറു ഡോളറിനു മുകളിൽ ആയിരുന്ന ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞ് ബാരലിനു 30 ഡോളറിന്റെ അടുത്തെത്തി; അന്താരാഷ്ട്ര കമ്പോളത്തിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും എന്തുകൊണ്ട് ഇന്ത്യയിൽ ഇന്ധനവില കുറയുന്നില്ല ? എന്തുകൊണ്ടാണ് ഇത് സംഭവിച്ചത്? ശ്യാം ഗോപാൽ എഴുതുന്നു

അന്താരാഷ്ട്ര കമ്പോളത്തിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും എന്തുകൊണ്ട് ഇന്ത്യയിൽ ഇന്ധനവില കുറയുന്നില്ല?

2014ൽ ബാരലിനു നൂറു ഡോളറിനു മുകളിൽ ആയിരുന്ന ക്രൂഡ് ഓയിൽ വില 2016 ആയപ്പൊളേക്കും കുത്തനെ ഇടിഞ്ഞ് ബാരലിനു 30 ഡോളറിന്റെ അടുത്തെത്തി. പക്ഷെ, എന്തുകൊണ്ട് ആ മാറ്റങ്ങൾ ഇന്ത്യയിൽ ഇന്ധന വിലയിൽ പ്രതിഫലിച്ചില്ല എന്നത് വലിയ ചർച്ചാവിഷയം ആയിരിക്കുകയാണ്. എന്തുകൊണ്ടാണ് ഇത് സംഭവിച്ചത്?

ഇന്ത്യയിലെ ഇന്ധന ഉത്പാദന-വിതരണ വ്യവസായത്തിന്റെ ഘടനയെക്കുറിച്ച് ചെറുതായൊന്നു വിശദീകരിക്കാം. ഇന്ത്യയിൽ ഇന്ധനവ്യവസായത്തിൽ പ്രവർത്തിക്കുന്ന കമ്പനികളെ പ്രധാനമായും രണ്ടായി തിരിക്കാം.

ആദ്യത്തേത്, അപ് സ്റ്റ്രീം എണ്ണക്കമ്പനികൾ. എണ്ണ പര്യവേഷണത്തിലും ഉത്പാദനത്തിലും പ്രവർത്തിക്കുന്ന കമ്പനികളാണ് അപ് സ്റ്റ്രീം കമ്പനികൾ. സർക്കാർ ഉടമസ്ഥതയിലുള്ള ഒഎൻജിസി, ഓയിൽ ഇന്ത്യ, സ്വകാര്യ മേഖയിൽ നിന്നുമുള്ള റിലയൻസ് ഇൻഡസ്ട്രീസ്, കയറൻ ഇന്ത്യ തുടങിയവയാണ് പ്രധാന അപ് സ്റ്റ്രീം കമ്പനികൾ. നിരവധി കമ്പനികൾ ഉണ്ടെങ്കിലും ഉത്പാദനത്തിന്റെ 60 ശതമാനവും ഒൻജിസിയിൽ നിന്നാണ്.

രണ്ടാമത്തേത്, ഡൗൺ സ്റ്റ്രീം കമ്പനികൾ. അപ് സ്റ്റ്രീം കമ്പനികളിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങി അതിനെ സംസ്‌കരിച്ച് മാർക്കറ്റ് ചെയ്യുകയാണ് ഡൗൺ സ്റ്റ്രീം കമ്പനികൾ ചെയ്യുക. ബിപിസിഎൽ, ഐഒസിഎൽ, എച്ചപിസിഎൽ, റിലയൻസ്, എസ്സാർ, ഷെൽ ഇന്ത്യ എന്നിവയാണ് ഇന്ത്യയിലെ പ്രധാന ഡൗൺ സ്റ്റ്രീം എണ്ണ കമ്പനികൾ. ഇതിൽ, മാർക്കറ്റ് ഷേറിന്റെ 88%വും സർക്കാർ ഉടമസ്ഥതയിലുള്ള ബിപിസിഎൽ, ഐഒസിഎൽ, എച്ച്പിസിഎൽ കമ്പനികൾക്കാണ്. റിഫൈനറികളും പെട്രോൾ പമ്പുകളും ഈ കമ്പനികളുടെ ഉടമസ്ഥതയിലാണ്.
ഇന്ത്യയിൽ ആരാണ് ഇന്ധനവില നിശ്ചയിക്കുന്നത്?

2010 വരെ ഇന്ത്യയിൽ എണ്ണവില നിർണയാവകാശം പൂർണമായും കേന്ദ്ര സർക്കാറിന്റെ പക്കൽ ആയിരുന്നു. അക്കാലങ്ങളിലെല്ലാം, ജനപ്രീതിക്കായി ഇന്ധനവില കൃതൃമമായി താഴ്തി വച്ച് വിൽപന നടത്തുവാൻ സർക്കാറുകൾ എണ്ണക്കമ്പനികളെ നിർബന്ധിതരാക്കുകയായിരുന്നു ചെയ്തിരുന്നത്. ഇന്ധന മാർക്കറ്റിങ് കമ്പനികൾ കനത്ത നഷ്ടം സഹിച്ചാണ് ഇന്ധനം വിറ്റിരുന്നത്. 2009ൽ മാത്രം 1,03,000 കോടി രൂപയായിരുന്നു ഈ നഷ്ടം. അപ് സ്റ്റ്രീം, ഡൗൺ സ്റ്റ്രീം എണ്ണക്കമ്പനിക്കളും സർക്ക്കാരും സംയുക്തമായാണ് ആ നഷ്ടം ഏറ്റെടുത്തിരുന്നത്. ഇതിൽ തന്നെ സർക്കാർ ഖജനാവിൽ നിന്നായിരുന്നു 69 ശതമാനം നഷ്ടവും ഏറ്റെടുത്തിരുന്നത്. ഇത് തുടർന്നു കൊണ്ടുപോവാൻ സാധിക്കുമായിരുന്നില്ല എന്നതുകൊണ്ടാണ് ഇന്ധന വില നിയന്ത്രണം എടുത്ത് കളയാൻ 2010ൽ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ഇതിന്റെ ആദ്യപടിയായി പെട്രോൾ വിലനിയന്ത്രണം എടുത്തുമാറ്റി. പക്ഷെ, ഡീസൽ വില നിയന്ത്രണം എടുത്ത് കളയാൻ സർക്കാർ അപ്പോഴും തയ്യാറായിരുന്നില്ല. കമ്പോളത്തിൽ സാധനങ്ങളുടെ വില നിശ്ചയിക്കുന്നതിൽ ഡീസൽ വില നിർണായക ഘടകമാണെന്നതുകൊണ്ടാണ് സർക്കാർ ഇതിനു മുതിരാഞ്ഞത്. പക്ഷെ, 2013 ആയപ്പോളേക്കും ഡീസൽ വില നിയന്ത്രണം മൂലം എണ്ണക്കമ്പനികൾക്ക് ഉണ്ടായ നഷ്ടം 160000 കോടി രൂപയായി! ഇതോടെ ഡീസൽ വില നിയന്ത്രണം എടുത്തു കളയാൻ സർക്കാർ നിർബന്ധിതരാവുകയായിരുന്നു. പെട്ടെന്ന് വില കൂട്ടുന്നത് അവശ്യസാധനങ്ങളുടെ വില വർദ്ധനവിലേക്കു വഴി വച്ചേക്കാം എന്നതുകൊണ്ട് സർക്കാർ എല്ലാ മാസവും ഡീസൽ വില അൻപതു പൈസ വച്ചു കൂട്ടാൻ തീരുമാനിക്കുകയായിരുന്നു.

2014ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നു. ഡീസൽ വില നിയന്ത്രണം പൂർണമായും എടുത്ത് മാറ്റാൻ അതേ വർഷം സെപ്റ്റംബറിൽ സർക്കാർ തീരുമാനിച്ചു. അതോടുകൂടി, പെട്രോളിന്റെയും ഡീസലിന്റെയും വില നിർണയാവകാശം ഓയിൽ മാർക്കറ്റിങ് കമ്പനികളുടെ പക്കൽ എത്തി. ഓരോ രണ്ടാഴ്ച കൂടുമ്പൊഴും വില പുനർനിർണയിക്കുക എന്നതായിരുന്നു പുതിയ സംവിധാനം.

2014നു ശേഷം സംഭവിച്ച മാറ്റങ്ങൾ:

2014നു ശേഷം എണ്ണ വിലയിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. മുഖ്യമായും ഷേൽ ഓയിൽ ഉത്പാദനത്തിൽ ഉണ്ടായ വളർച്ചയും രാഷ്ട്രീയ മാറ്റങ്ങളും മൂലം അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു. 2014ൽ ബാരലിനു 100 ഡോളറിനു മുകളിൽ ആയിരുന്ന ക്രൂഡ് ഓയിൽ വില 2016 ആയപ്പോളേക്കും ബാരലിനു 30 ഡോളറിൽ താഴെ എത്തി.

പക്ഷെ, ഈ വിലയിടിവിന് ആനുപാതികമായി ഇന്ത്യയിൽ ഇന്ധനവില കുറയാഞ്ഞത് എന്തുകൊണ്ട്?

ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലകളിലെ ഘടകങ്ങൾ ഇവയൊക്കെയാണ്:
-റിഫൈനറികൾ ഇന്ധന മാർക്കറ്റിങ് കമ്പനികളിൽ നിന്ന് ഈടാക്കുന്ന വില.
-ഇന്ധന മാർക്കറ്റിങ് കമ്പനികളിൽ ഡീലർമാരിൽ നിന്ന് ഈടാക്കുന്ന വില.
-കേന്ദ്ര സർക്കാർ ചുമത്തുന്ന എക്‌സൈസ് ഡ്യൂട്ടി.
-ഡീലർമാരുടെ കമ്മീഷൻ.
-സംസ്ഥാന നികുതികൾ.
ഇതെല്ല്‌ലാം കൂട്ടിയാണ് ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില നിശ്ചയിക്കപ്പെടുന്നത്. ഇവിടെ ശ്രദ്ധിക്കേണ്ട ഘടകം കേന്ദ്ര സംസ്ഥാന സർക്കാർ നികുതികളാണ്. ഇവ കൂട്ടാനും കുറക്കാനുമുള്ള അധികാരം അതത് സർക്കാറുകൾക്ക് ഇപ്പോഴും ഉണ്ട് എന്നതുകൊണ്ട് വിലനിയന്ത്രണങ്ങൾ എടുത്തു കളഞ്ഞു എന്ന് സാങ്കേതികമായി പറയാമെങ്കിലും പൂർണമായി ശരിയല്ല. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിലിനു വൻ വിലയിടിവു സംഭവിച്ചിട്ടും ഇന്ത്യയിൽ ഇന്ധന വില കുറയാത്തതിനു കാരണവും കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ഈ അധികാരമാണ്.

ക്രൂഡ് ഓയിൽ വില കുറയുന്നതിന്ന് അനുസരിച്ച് കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടിക്കൊണ്ടിരുന്നു. 2014ൽ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി യഥാക്രമം 9.48 രൂപയും 3.56 രൂപയും ആയിരുന്നത് 2016 ആയപ്പോളേക്കും 21.48 രൂപയും 17.33 രൂപയുമായി സർക്കാർ ഉയർത്തി. ഇതുമൂലം ആണ് അന്താരഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ കുത്തനെ ഉണ്ടായ ഇടിവ് ഇന്ത്യയിലെ ഇന്ധനവിലയിൽ പ്രതിഫലിക്കാതിരുന്നത്.

എന്തുകൊണ്ട് കേന്ദ്രസർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും വില കുറക്കാൻ അനുവദിക്കാതെ എക്‌സൈസ് ഡ്യൂട്ടി കൂട്ടി?
ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളാണ്. രാജ്യത്തിന്റെ ഫിസ്‌കൽ ഡെഫിസി(ധനക്കമ്മി)റ്റും ഇൻഫ്‌ലേഷ(നാണ്യപ്പെരുപ്പം)നും.
സർക്കാരിന്റെ മൊത്തം ചെലവിന്റെയും വരവിന്റെയും(കടം എടുത്തത് ഒഴികെ) തമ്മിലുള്ള അന്തരമാണ് ഫിസ്‌കൽ ഡെഫിസ്റ്റ്. തങ്ങളുടെ ചെലവ് നടത്താനായി കടം വാങ്ങുകയല്ലാതെ മറ്റൊരു പോംവഴിയും ഇല്ലാതായി എന്നതാണ് ഫിസ്‌കൽ ഡെഫിസിറ്റ് സൂചിപ്പിക്കുന്നത്. ചുരുക്കത്തിൽ, തങ്ങളുടെ ബഡ്ജറ്ററി ചെലവ്ക്കായി സർക്കാർ കടം എടുത്ത ആകെ തുകയാണ് ഫിസ്‌കൽ ഡെഫിസിറ്റ്. വലിയ ഫിസ്‌കൽ ഡെഫിസിറ്റുകൾ സർക്കാറുകൾ ആകുലപ്പെടേണ്ടതാണ്. വർഷം ചെല്ലുതോറും കടം പെരുകി വൻ സാമ്പത്തിക പ്രതിസന്ധിക്കു കാരണമായേക്കാം. ഇതിനു പുറമേ, വലിയ തോതിലുള്ള ഫിസ്‌കൽ ഡെഫിസിറ്റുകൾ സൂചിപ്പിക്കുന്നത് സർക്കാറിനു വലിയ രീതിയിൽ കടം വാങ്ങേണ്ടി വരുന്നു എന്നതാണ്. അത്തരത്തിൽ സർക്കാർ കടം വാങ്ങുമ്പോൾ വിപണിയിൽ ലോണിനു ഡിമാന്റ് കൂടുന്നു. ലോണിനു ഡിമാന്റ് കൂടുമ്പോൾ പലിശ നിരക്ക് കൂടുന്നു. പലിശ നിരക്ക് കൂടുമ്പോൾ സ്വകാര്യ സംരംഭകർ പുതിയ നിക്ഷേപങ്ങൾ നടത്തുന്നതിൽനിന്ന് പിൻവാങ്ങുന്നു. അതോടെ, ആത്യന്തികമായി, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നത് ഗണയമായി കുറയുന്നു, വരുമാനംകുറയുന്നു. ഒപ്പം, പലിശ നിരക്ക് കൂടുന്നത് ഭക്ഷ്യവസ്തുക്കൾ ഉൾപ്പടെയുള്ളവയുടെ വിലവർദ്ധനവിനും കാരണമാകും. ഇതിനെല്ലാം പുറമേ, കടം വാങ്ങിയതിന്റെ പലിശ ഇനത്തിൽ കോടിക്കണക്കിനു രൂപ യാതൊരു ഗുണവും ഇല്ലാതെ സർക്കാറിനു യാതൊരു അടയ്‌ക്കേണ്ടിവരുന്നു. ഇതെല്ലാം സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നു. ഫിസ്‌കൽ ഡെഫിസിറ്റ് കുറക്കുക എന്നത് സമ്പദ് വ്യവസ്ഥയുടെ ഭദ്രതയ്ക്കും പുരോഗതിക്കും അനിവാര്യമാണ്. ഇതു തന്നെയാണ് എണ്ണവിലയിൽ നിന്ന് ഉണ്ടായ അധിക വരുമാനം കൊണ്ട് നരേന്ദ്ര മോദി സർക്കാർ ചെയ്തതും.

ലളിതമായി പറഞ്ഞാൽ, നിങ്ങൾക്ക് ഒരു വലിയ തുക കടം ഉണ്ടെന്ന് കരുതുക. അതിന്റെ പലിശ ഇനത്തിൽ നിങ്ങൾ മാസാമാസം വലിയൊരു തുക അടയ്ക്കുന്നു. പെട്ടെന്ന് നിങ്ങൾക്ക് വലിയൊരു തുക കൈവരുന്നു. ആ പണം വച്ച് എന്താവും നിങ്ങൾ ചെയ്യുക? കടം വീട്ടുമോ അതോ ചെലവാക്കി കളയുമോ? വിവേകമുള്ള ഒരാൾ ആ പണം ഉപയോഗിച്ച് ആദ്യം കടം വീട്ടും. അതുതന്നെയാണ് കേന്ദ്ര സർക്കാർ ചെയ്തതും. 2013-14 സാമ്പത്തികവർഷം ജിഡിപിയുടെ 4.5% ആയിരുന്ന രാജ്യത്തിന്റെ ഫിസ്‌കൽ ഡെഫിസിറ്റ് 2016-17 ആയപ്പോളേക്കും 3.5% ആയി കുറക്കാൻ കേന്ദ്രസർക്കാറിനു സാധിച്ചു. ഇന്ധന നികുതിയിനത്തിൽ പിരിഞ്ഞുകിട്ടിയ അധികവരുമാനമാണ് ഇതിൽ മുഖ്യപങ്ക് വഹിച്ചത്. ഇതിലൂടെ, സ്വകാര്യ നിക്ഷേപത്തെ പ്രൊൽസാഹിപ്പിക്കുവാനും പലിശയിനത്തിൽ ഉപയോഗശൂന്യമായി നഷ്ടപ്പെടുമായിരുന്ന കോടികൾ സംരക്ഷിച്ച് ജനങ്ങൾക്ക് ഉപയോഗപ്രദമായ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് ഉപയോഗിക്കുവാനും സാധിച്ചു. സ്മാർട്ട് സിറ്റി പദ്ധതികൾ, റോഡ്, റെയിൽ, തുറമുഖ നിർമ്മാണം, മുദ്രാ ലോണുകൾ, വിവിധ സാമൂഹിക സുരക്ഷാ പദ്ധതികൾ തുടങ്ങിയ നിരവധി പദ്ധതികളിലായി ഈ പണം കാര്യക്ഷമമായി ഉപയോഗിക്കാൻ സർക്കാറിനു സാധിച്ചു. ഒപ്പം, പലിശനിരക്ക് നിയന്ത്രണവിധേയമാക്കി നിർത്തുന്നതിലൂടെ വിലക്കയറ്റം തടയാനും ആയി.

ഇതോടൊപ്പം തന്നെ, പണപ്പെരുപ്പം നിയന്ത്രിക്കുന്നതിലും സർക്കാറിനു ഈ കാലയളവിൽ സാധിച്ചു. അഭികാമ്യമെന്ന് ആർബിഐ നിശ്ചയിച്ച 4%ത്തിലും താഴെ ആയിരുന്നു ഇക്കാലയളവിൽ രാജ്യത്തിന്റെ പണപ്പെരുപ്പ നിരക്ക്. തീർത്തും ഉചിതവും ശക്തവുമായ ഒരു സാമ്പത്തിക നയമാണ് കേന്ദ്ര സർക്കാർ ഇന്ധനവിലയുടെ കാര്യത്തിൽ നടപ്പാക്കിയിട്ടുള്ളത്.

ജനപ്രിയതയെക്കാൾ രാജ്യത്തിന്റെ ദീർഘകാല പുരോഗതി ലക്ഷ്യം വച്ചുള്ള ഒരു പക്വമായ സാമ്പത്തിക നയം ആണ് നരേന്ദ്ര മോദി സർക്കാർ ഈ വിഷയത്തിൽ സ്വീകരിച്ചത്.
എന്താണ് ഇന്ധനവിലയിൽ കേരളസർക്കാറിന്റെ നിലപാട്?
ഇന്ധനവിലവർധനവ് കേരളസർക്കാറിന് വൻ വരുമാന വർദ്ധനവാണ് നൽകിയിരിക്കുന്നത്. ജിഎസ്ടിയും മദ്യവും കഴിഞ്ഞാൽ സംസ്ഥാനസർക്കാറിന്റെ പ്രധാന വരുമാന മാർഗ്ഗം ആണ് ഇന്ധനനികുതികൾ. ഡീസലിനു 24.1%വും പെട്രോളിന് 31.8%വുമാണ് കേരളസർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നികുതി. ഈ നികുതി നിരക്കുകൾ കുറക്കാൻ ധനമന്ത്രി തോമസ് ഐസക്ക് തയ്യാറായിട്ടില്ല. ഇതിനു പുറമേ കേന്ദ്ര നികുതിയുടെ ഒരു ശതമാനം സെസ്സായും കേരളസർക്കാർ ഈടാക്കുന്നു. ഇതിനും പുറമേ കേന്ദ്ര സർക്കാറിലേക്ക് സെന്റ്രൽ എക്‌സൈസ് വഴി ലഭിക്കുന്ന തുകയുടെ 43%വും സംസ്ഥാനങ്ങൾക്ക് നൽകുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ഒരു മാസം മാത്രം 525 കോടി രൂപയാണ് കേരളസർക്കാറിന് ഇന്ധനനികുതി ഇനത്തിൽ ലഭിച്ചത്!

2017 ജൂൺ 15നു ശേഷം വന്ന മാറ്റം.
രണ്ടാഴ്ചയിൽ ഒരിക്കൽ നടന്നിരുന്ന ഇന്ധന വില പുനർനിർണയം ജൂൺ 15 മുതൽ ദിവസേനയാക്കി മാറ്റാൻ ഇന്ധന മാർക്കറ്റിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാർ അധികാരം നൽകി. ഉപഭോകതാക്കൾക്കും എണ്ണ കമ്പനികൾക്കും ഗുണകരമാവുന്ന വിധം ക്രൂഡ് ഓയിൽ വിലയിൽ വരുന്ന ചെറിയ മാറ്റങ്ങൾ പോലും പെട്ടെന്ന് റീടെയിൽ വിലയിൽ പ്രതിഫലിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. പക്ഷെ ഈ മാറ്റം അതിന്റെ ഇഛിച്ച ഫലം നൽകിയിട്ടുണ്ടോ എന്നത് സംശയമാണ്. ഉദാഹരണത്തിന്, ഓഗസ്റ്റ് ഒന്നിനും സെപ്റ്റംബർ 7നും ഇടയിൽ ഇന്ത്യൻ ബാസ്‌കറ്റ് ക്രൂഡ് ഓയിൽ വില ബാരലിനു 200 രൂപയോളം കൂടിയെങ്കിലും അതിന് ആനുപാപാതികമായതിനെക്കാൾ കൂടുതൽ വർദ്ധനവാണ് ഇന്ധന മാർക്കറ്റിങ് കമ്പനികൾ റീടെയ്ൽ വിലയിൽ വരുത്തിയത്. മാർക്കറ്റിങ് കമപ്നികളുടെ വില പുനർന്നിർണ്ണയ സംവിധാനം കൂടുതൽ സുതാര്യമാവേണ്ടതുണ്ട്. ഇതിൽ കേന്ദ്ര സർക്കാറിന്റെ ഇടപെടൽ അനിവാര്യമാണ്.

ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടു വന്നിരുന്നെങ്കിൽ ഇന്ധന വില ഗണ്യമായി കുറയുമായിരുന്നില്ലേ? എന്തുകൊണ്ട് അത് ചെയ്തില്ല?
ശരിയാണ്. ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടു വന്നിരുന്നെങ്കിൽ ഇന്ധന വില ഗണ്യമായി കുറയുമായിരുന്നു. പക്ഷെ, ജിഎസ്ടിയിലെ ഏറ്റവും ഉയർന്ന ടാക്‌സ് സ്ലാബ് 28% ആണ്. ഇന്ന്, ഇന്ധനവിലയിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ചുമത്തുന്ന നികുതി 50%ത്തിനു മുകളിൽ ആണ്. പെട്ടെന്ന്, 50%ൽ നിന്ന് 28%ത്തിലേക്ക് നികുതി പുനഃക്രമീകരിക്കുന്നത് സമ്പദ്വ്യവസ്ഥയെ ഉലയ്ക്കും. സർക്കാറുകളുടെ വരുമാനത്തെ ഗണ്യമായി ബാധിക്കും. ഇതുമൂലം പെട്ടെന്നുണ്ടായെക്കാവുന്ന വിലക്കുറവ് ഇപ്പോൾതന്നെ വളരെ താണനിലയിലുള്ള ഇൻഫ്‌ലേഷൻ വീണ്ടും കുറയാൻ കാരണമാക്കും. ഇത് സമ്പദ്വ്യവസ്ഥയ്ക്ക് താങ്ങാൻ ആവില്ല. ഇതിനെല്ലാം പുറമെയാണ് കുറഞ്ഞ വിലയിൽ ലഭിക്കുന്നതുമൂലം ഉണ്ടാവുന്ന അമിതോപയോഗം മൂലം ഉണ്ടായെക്കാവുന്ന പാരിസ്ഥിക പ്രശ്‌നങ്ങൾ.
പെട്രോളിയം ഉത്പന്നങ്ങളെ ജി എസ് ടിയുടെ പരിധിയിൽ കൊണ്ടുവരാവുന്നതാണ്. പക്ഷെ, അത് പെട്ടെന്ന് ചെയ്യാവുന്ന ഒന്നല്ല. ഘട്ടം ഘട്ടമായി വരുത്തേണ്ട മാറ്റമാണത്.

പൊളിറ്റിക്കൽ കറക്റ്റ്‌നസിനെക്കാൾ ഇക്കണോമിക് കറക്റ്റ്‌നസിനു പ്രാധാന്യം നൽകി വളരെ പക്വവും അച്ചടക്കത്തോടെയുമുള്ള നയങ്ങളാണ് എണ്ണവിലയുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ കൈക്കൊണ്ടിട്ടുള്ളത്. കൈയടി നേടാവുന്ന ജനപ്രിയ നടപടികളെക്കാൾ രാജ്യത്തിന്റെ സാമ്പത്തികഭദ്രതയ്ക്ക് സർക്കാർ മുൻതൂക്കം നൽകിയിരിക്കുന്നു. ഉത്തരവാദിത്വമുള്ള ഒരു ഭരണകൂടം ചെയ്യേണ്ടത് അതു തന്നെയാണ്.

(ശ്യാം ഗോപാൽ ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പ്)

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP