Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കറൻസി നോട്ടുകളില്ലാത്ത കിനാശ്ശേരി

കറൻസി നോട്ടുകളില്ലാത്ത കിനാശ്ശേരി

രവികുമാർ അമ്പാടി

ട്രെയിൻ ഭാരതപ്പുഴക്കുമുകളിലെത്തി. പാലത്തിനു മുകളിൽ കയറിയ വണ്ടി പഞ്ചാരിയുടെ നാലാം കാലം കൊട്ടി പായുമ്പോൾ നേരം വെളുക്കുന്നതേ ഉണ്ടായിരുന്നുള്ളു. ചെറിയൊരു ഉറക്കച്ചടവുണ്ടെങ്കിലും മടിയിലിരിക്കുന്ന കണ്ണനും ഉഷാറാണ്.

'അച്ഛാ, ഈ പുഴയിലെന്താ വെള്ളമില്ലാത്തത്?''  ''വെള്ളമുണ്ടെങ്കിലത് ഭാരതപ്പുഴയാകുമോ മോനേ?'' ചോദ്യത്തിനുത്തരം മറുചോദ്യമായതുകൊണ്ടാകാം. ഇഷ്ടപ്പെടാത്തതുപോലെ അവൻ മുഖമൊന്നു കറുപ്പിച്ചു. പിന്നെ, ഒന്നും മിണ്ടാതെ ഷൊർണൂരിന്റെ മണ്ണിലേക്കിറങ്ങിയ വണ്ടിയുടെ കലാശകൊട്ടിന് ഇരുമ്പഴികളിൽ താളം പിടിച്ചിരുന്നു.

''ഖുർബാനി ഖുർബാനി ഖുർബാനി....'' ചപ്ലാകട്ടയുടെ താളത്തിനൊപ്പിച്ചുള്ള ഗാനം. കാലം ഇത്രയായിട്ടും തീവണ്ടിക്കകത്ത് താളംകൊട്ടിപാടുവാൻ മറ്റൊരു ഗാനമുണ്ടാക്കുവാൻ ഒരു സംഗീത സംവിധായകനുമായില്ലല്ലോ എന്നു വിചാരിച്ചിരിക്കുമ്പോഴേക്കും, ഹാഫ് സാരിയുടുത്ത് മെലിഞ്ഞ ഒരു പെൺകുട്ടി ഒരു കാർഡുമായെത്തി.

സീറ്റിനു മുകളിലേക്ക് കാർഡ് അലക്ഷ്യമായി ഇട്ടിട്ട് അവൾ നടന്നു നീങ്ങി. അതിലെ അക്ഷരങ്ങൾക്കും കാര്യമായ മാറ്റമൊന്നും വന്നിരിക്കില്ലെന്നറിയാവുന്നതുകൊണ്ട് വായിച്ചു നോക്കാൻ മെനക്കെട്ടില്ല. അപ്പോഴേക്കും അന്ധഗായകന്റെ കൈപിടിച്ച് ഒരു സ്ത്രീ മുന്നിലെത്തി. ''ഖുർബാനി ഖുർബാനി ഖുർബാനി...'' ഗായകൻ നിർത്താതെ പാടിക്കൊണ്ടിരിക്കുന്നു. ആ സ്ത്രീ കൈയിലെ സ്വൈപ്പിങ് മെഷിൻ നീട്ടിയിട്ട് ദുർബലമായ സ്വരത്തിൽ അപേക്ഷിച്ചു.

''ഗതിയില്ലാത്തവരാണ് സാർ, സഹായിക്കണം. ആ കാർഡൊന്നൊരക്കണം.'' ആ ദുർബല സ്വരത്തിനോടു തോന്നിയ അനുകമ്പയായിരിക്കണം, പെട്ടെന്നു തന്നെ പേഴ്‌സ് തുറന്ന് കാർഡെടുക്കാൻ പ്രേരിപ്പിച്ചത്. കാർഡു നീട്ടിയപ്പോഴേക്കും അവർ തടഞ്ഞു.

''സാർ, മാസ്റ്റർകാർഡ് നടക്കില്ല. സർവ്വർ പ്രോബ്ലം. ഇന്നലെ മുതൽ തുടങ്ങിയതാ. വിസ കാർഡുണ്ടെങ്കിലുരക്കൂ സാർ....''

ഒരു നിമിഷം അന്ധാളിച്ചുപോയി. പിന്നെ കാർഡ് പേഴ്‌സിൽ തിരികെ വച്ച് മറ്റൊന്നെടുത്തു. പിൻ നമ്പർ ടൈപ്പ് ചെയ്തു കൊടുത്തപ്പോൾ, തെളിഞ്ഞ മുഖത്തോടെ ഒരു ചിരിയും സമ്മാനിച്ച് അന്ധഗായകനും കൂട്ടുകാരിയും നടന്നു നീങ്ങി.

''ചായ.... ചായേ.... ചായ...'' വിളി അങ്ങ് ദൂരെ കേട്ടപ്പോഴേക്കും കണ്ണൻ വാശിപിടിക്കാൻ തുടങ്ങി.

ചായവാങ്ങി, പേഴ്‌സുതുറക്കുമ്പോഴേക്കും ചായക്കാരൻ വിലക്കി.

''മെഷീൻ പണിചെയ്യുന്നില്ല സാർ. പേ ടി എം വഴി തന്നാൽ മതി.'' മൊബൈൽ ഫോണെടുത്ത് ആപ്പിനെ ഞെക്കിയുണർത്തി കാര്യം സാധിച്ചപ്പോഴേക്കും വണ്ടി ഷൊർണൂർ സ്റ്റേഷനിലെത്തിയിരുന്നു.

''പേപ്പർ... പേപ്പറേ.....''പ്ലാറ്റ്‌ഫോമിൽ നിന്നാണ് വിളി ഉയരുന്നത്. കാലത്തെ എഴുന്നേറ്റാൽ ചായയും വർത്തമാനപ്പത്രവും നിർബന്ധമായിപ്പോയി. ഇതു രണ്ടും കിട്ടിയില്ലെങ്കിൽ അന്നത്തെ ദിവസം പോക്കാണ്. കണ്ണനെ മടിയിൽ നിന്നിറക്കി സീറ്റിലിരുത്തിയിട്ട് മെല്ലേ പുറത്തേക്കിറങ്ങി.

''പേപ്പറു വാങ്ങിക്കാനായിരിക്കും?'' സഹധർമ്മിണിയുടെ ചോദ്യംകേട്ടപ്പോഴേ തോന്നി അതിൽ എന്തോ കുനിഷ്ഠുണ്ടെന്ന്.

''ന്യുസ് ആപ്പുകളൊരുപാട് ഡൗൺലോഡ് ചെയ്തു വച്ചിട്ടുണ്ടല്ലോ? അതിൽ നോക്കിയാൽ പോരെ?'' കാലത്തെ നല്ല വിസ്താരത്തിലെത്തുന്ന കടലാസ്സ് മലർത്തിപ്പിടിച്ച്, അതിലെഴുതിയിരിക്കുന്നത് നുണയാണെങ്കിൽ പോലും, വായിക്കുമ്പോൾ കിട്ടുന്ന സുഖം എന്തെന്നറിയാൻ ഒരല്പം വായനശീലമൊക്കെ വേണമെടി എന്ന് മമ്മൂട്ടി സ്റ്റൈലിൽ പറയാനാഞ്ഞെങ്കിലും, അതിന്റെ പ്രത്യാഘാതമോർത്ത് ഒന്നും മിണ്ടാതെ പുറത്തിറങ്ങി, പത്രക്കാരനെ അന്വേഷിച്ച്.

പത്രക്കാരനു മുന്നിൽ വലിയ തിരക്കാണ്.

''ധൃതി കൂട്ടല്ലെ ചേട്ടന്മാരെ, ആകെ ഒരു മെഷിനേ ഉള്ളു. ഉരച്ച്, പിൻ ടൈപ്പ് ചെയ്യാൻ സമയമെടുക്കില്ലേ...'' ധൃതികൂട്ടുന്നവരോട് തന്റെ നിസ്സഹായാവസ്ഥ വെളിവാക്കുന്ന പത്രക്കാരൻ.

കുറെയേറെ നേരം കാത്തുനിന്നെങ്കിലും, പത്രം കിട്ടിയ സന്തോഷത്തിൽ കമ്പാർട്ട്‌മെന്റിൽ മടങ്ങിയെത്തി.

പത്രവായനയും പ്രാതലുമൊക്കെയായി ഓടുന്ന വണ്ടിയിലിരുന്നു സമയം കളഞ്ഞു. ഇടക്ക് കളിപ്പാട്ടങ്ങളുമായി ഒരു തമിഴൻ എത്തിയപ്പോഴാണ് കണ്ണൻ ഉഷാറായത്.

''ഗണ്ണ് വേണം അച്ഛാ...'' അവൻ പിടിവിടുന്ന ലക്ഷണമില്ല.

''കാർഡ് ഏതാ എടുക്ക്വാ?'' ആദ്യം അതറിയണമല്ലോ...

''ഏതാനാലും പറവാല്ലൈ...'' അണ്ണാച്ചി മെഷിൻ എടുത്തു നീട്ടി.ക്രയവിക്രയം കഴിഞ്ഞ ഉടനെ അയാൾ മൊബൈൽ കൈയിലെടുത്ത് അതിൽ തോണ്ടിവലിക്കാൻ തുടങ്ങി.

''ഇപ്പൊത്തന്നെ ട്രാൻസ്ഫർ പണ്ണണം സാർ. അപ്പതാനെ ഏറണാകുളത്തെത്തുമ്പോൾ ഇനൂം മെറ്റീരിയൽ കെടക്കുള്ളു.'' തമിഴ് കലർന്ന മലയാളത്തിൽ സംസാരിച്ചുകൊണ്ടയാൾ തന്റെ മൊബൈലിൽ കൂടെ പൈസ കമ്പനി അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു.

വടക്കുനിന്നോടിക്കിതച്ചെത്തിയ വണ്ടി എറണാകുളം ജംങ്ക്ഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലെത്തി കിതച്ചു നിന്നു. കമ്പാർട്ട്‌മെന്റിലേക്ക് തള്ളിക്കയറിയ കൂലിക്കാർ പെട്ടിയിൽ പിടിയിട്ടു.

''എത്ര കൂലിയാകുംന്ന് പറ. എന്നിട്ടു മതി''. അവസാനം പുലിവാലു പിടിക്കരുതല്ലോ.

''അതൊക്കെ പ്ലാറ്റ്‌ഫോമിൽ ഇറങ്ങിയിട്ട് പറയാം. എന്തായാലും ഇത് ഞങ്ങളെ എടുക്കു. ഇനി സാറെടുത്താൽ നോക്കുകൂലി തരേണ്ടിവരും.''

''ഈ നോക്കുകൂലിയും കാർഡ് വഴി സ്വീകരിക്കുമോ? അത് ഏത് അക്കൗണ്ടിലേക്കാ പോകുന്നത്?'' അറിയുവാനുള്ള കൗതുകം കൊണ്ട് ചോദിച്ചു പോയതാണ്. ഇവനാരെടാ ഈ പൊട്ടൻ എന്ന ഭാവത്തിൽ അയാൾ ആകെപ്പാടെ ഒന്നുഴിഞ്ഞു നോക്കി. 

''നോക്കുകൂലിക്ക് വേറെ അക്കൗണ്ടാണ്. അതിന് സേവന നികുതിയും കൊടുക്കുന്നുണ്ട്.'' വെറുതെ ബഹളം കൂട്ടി ആരോഗ്യം കേടാക്കാതിരിക്കുവാൻ താത്പര്യമില്ലാത്തതിനാൽ, അയാളുടെ പുറകെ നീങ്ങി.

നാട്ടിൽ വലിയ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ല. ഇരുമ്പുപാലമിറങ്ങി നേരേ നടന്നാലെത്തുന്ന കവലയ്ക്ക് ഇടതു ഭാഗത്തുകൊല്ലന്റെ ആല ഇപ്പൊഴും അതുപോലെ നില്പുണ്ട്. വേലായുധേട്ടന്റെ പലചരക്ക് കടയും, പരമു ചേട്ടന്റെ മുറുക്കാൻ കടയുമൊക്കെ ഇപ്പോഴുമുണ്ട്. എന്തിനധികം, പുറമ്പോക്കിലമ്മിണിയുടെ മുറുക്കാൻ കറപുരണ്ട പല്ലുകൾക്ക് പോലും മാറ്റം വന്നട്ടില്ല.

''നീ വരുന്ന വഴിയാ?'' വായതുറന്ന ചിരിയുമായി അടുത്തെത്തിയപ്പോൾ ഒഴിഞ്ഞുമാറാനായിരുന്നു ധൃതി. പഴയ കുസൃതികളുടെ ഭണ്ഡാരങ്ങളഴിച്ചാൽ കുടുംബം കുളംതോണ്ടില്ലെ?

''ഇപ്പൊ പഴേപോലെ ബുദ്ധിമുട്ടൊന്നൂല്ലാട്ടോ. ആപ്പുണ്ട്.'' അമ്മിണിയുടെ ട്രേഡ് മാർക്ക് ചിരിയുമായി അവർ നടന്നു നീങ്ങി. ഭാര്യയുടെ ചോദ്യങ്ങൾക്ക് തൊട്ടുതൊട്ടില്ലെന്ന മട്ടിൽ ഉത്തരം നൽകി അതിവേഗം നടന്നു. വീടെത്താൻ.
''കാവില് വഴിപാടുണ്ട്... വൈകീട്ട് പോണംട്ടോ...'' ചെന്നു കയറിയ വഴി അമ്മയുടെ ഓർമ്മപ്പെടുത്തൽ.

 ''വഴിപാടിന്റെ കാശ് ഞാൻ കൊടുത്തിട്ടുണ്ട്. പ്രസാദം തരുമ്പോൾ തിരുമേനിക്ക് ദക്ഷിണ കൊടുത്താൽ മാത്രം മതി.'' അകത്തേക്ക് തിരിഞ്ഞു നടക്കുമ്പോൾ, പരദേശിയായ മകന് അറിയില്ല എന്നു കരുതിയോ എന്തോ അമ്മ ഓർമ്മിപ്പിച്ചു.

''തിരുമേനീടെ മെഷിൻ വേറെയാ. അതിലൊരക്കണം കാർഡ്, ദക്ഷിണകൊടുക്കാൻ''

തിരുമേനീടെ മെഷിനിലും വെടിവഴുപാടുകാരന്റെ മെഷിനിലും പിന്നെ വെളിച്ചപ്പാടിന്റെ മെഷിനിലുമൊക്കെ കാർഡുരച്ച് അനുഗ്രഹവും വാങ്ങി പുറത്തേക്കിറങ്ങിയപ്പോൾ മുന്നിലതാ ബാല്യകാല സുഹൃത്ത് ബാബുരാജൻ.

''നീയെപ്പൊ വന്നു?'' കുശലാന്വേഷണങ്ങൾ നീണ്ടപ്പോൾ ഒരല്പനേരം ഒന്നിരിക്കണമെന്ന് ആശ. ഭാര്യയേയും മകനേയും വീട്ടിലാക്കി അവനോടൊപ്പം നടന്നു.

''ഇനി ഇപ്പൊ ക്യു നിന്നിട്ട് എപ്പൊ കിട്ടാനാടാ? നാളെപ്പോരെ?'' ബിവറേഹസിലെ ക്യുവിനെക്കുറിച്ചുള്ള സോഷ്യൽ മീഡിയ വാർത്തകളോർത്താണ് അവനോട് ചോദിച്ചത്.

''ഏയ്.. ബിവറേജസിലൊന്നും പോണ്ടടാ.. മ്മ്‌ടെ പഴേ ഔസേപ്പ് ചേട്ടനെ അറിയില്ലേടാ... മുല്ലപ്പന്തൽ ഷാപ്പില് കറിവയ്ക്കാൻ നിന്നിരുന്ന.... അയാൾടടുത്ത് പോയാൽ മതി.'' ഷാപ്പിലെ പണിയെല്ലാം വിട്ട്, വീടിനകത്ത് തന്നെ ഒരു ബാർ സെറ്റപ്പ് ചെയ്ത് സുഖ ജീവിതം നയിക്കുകയാണ് ഔസേപ്പ് ചേട്ടൻ. ബിവറേജസ്സീന്നും പിന്നെ നാട്ടിലെ പട്ടാളക്കാരുടെ ക്വാട്ടെമൊക്കെയായി സാധനം മേടിച്ചു വക്കും. കൂടാതെ മേരിച്ചേച്ചീടെ വക ടച്ചിങ്‌സും. നല്ല തിരക്കാണത്രെ ഇപ്പൊ.

''കുപ്പിക്ക് എന്റെ മെഷിനീലൊരക്കണം, ടച്ചിങ്‌സിൻ അവളുടേതിലൊരക്കണം.'' പുതിയ ആളെ എല്ലാം പറഞ്ഞു മനസ്സിലാക്കണം എന്നു വിചാരിച്ചിട്ടായിരിക്കാം ഔസേപ്പ് ചേട്ടൻ കാര്യങ്ങൾ വിശദീകരിക്കാൻ തുടങ്ങി.

''ചേട്ടാ...അപ്പോ ഈ പൊലീസും എക്‌സൈസുമൊന്നും പിടിക്കില്ലെ?''

''ഏയ്, അവർക്കൊക്കെ കിട്ടേണ്ടതു കിട്ടൂടാ. ആഴ്‌ച്ചയിലൊരിക്കലവന്മാര് അവരുടെ ഭാര്യമാരുടെ മെഷിനുമായെത്തും. മ്മ്ക്കടെ കാർഡ് അതേലൊന്നൊരച്ചുകൊടുത്താൽ മതി. പിന്നെ ആവശ്യത്തിന് കള്ളും കപ്പേം.''

നാടിന്റെ പുരോഗതിയിൽ അന്തിച്ച്, ബാബുരാജനുമൊത്ത്, ഒരു മൂലയിലേക്ക് നീങ്ങി. മേരിച്ചേച്ചീടെ കോഴിപൊരിച്ചത് കൂട്ടി രണ്ട് പെഗ്ഗ് വിട്ടപ്പോഴേക്കും ബാബു ഫോമിലായി.
''ഡാ... ഇപ്പൊ ബോയ്‌സ് സ്‌കൂളിനകത്തുപോയാൽ പുറമ്പോക്കിലമ്മിണിയും കാർത്തൂമൊക്കെ കാണും. ഒന്നു നോക്കിയാലോടാ..'' ''ഛെ... വൃത്തികെട്ടവനെ... ഇതൊന്നും ഇനീം നിർത്താറായില്ലേടാ...''

''ഏയ്... അങ്ങനെ പതിവൊന്നൂല്ലാട്ടോ.ഇടക്കൊക്കെ , ഒരു രസത്തിന്. എന്തായാലും മാസത്തിലൊരു തവണയെങ്കിലും അവളുമാരുടെ ആരുടേയെങ്കിലും മെഷിനീൽ കാർഡൊരച്ചില്ലെങ്കിൽ ഒരു സുഖോല്ലഡാ.'' ആ വിഷയം തുടരാൻ താത്പര്യമില്ലാത്തതിനാൽ രാഷ്ട്രീയത്തിലേക്ക് കടന്നു.
''അത് ഒന്നു മാത്രാടാ പ്രശ്‌നം. നുമ്മ കച്ചവടക്കാരൊക്കെ ഇവന്മാർക്കായി മാത്രം പ്രത്യേക കാർഡെടുത്തു വച്ചിരിക്കുകയാ.''
''അതെന്തിനാഡാ?''
''ഒന്നിനു പുറകെ ഒന്നായി എത്തില്ലെടാ. എന്നും എന്തെങ്കിലുമൊക്കെയുണ്ടാകും. ഒരച്ചൊരച്ച് കാർഡിന്റെ ഊപ്പാടെളകും. മാസത്തിലൊന്ന് വച്ചെങ്കിലും പുതിയ കാർഡു വാങ്ങെണ്ടി വരും.''

ഔസേപ്പ് ചേട്ടനോടും മേരിച്ചേച്ചിയോടും യാത്രപറഞ്ഞിറങ്ങി നടന്നു. അധികം ദൂരമില്ല വീട്ടിലേക്ക്.
ബാബുവിനോട് യാത്രയും പറഞ്ഞു വളവു തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴാണ് വലിയൊരു ശബ്ദം കേട്ടത്. ഭൂമി കുലുങ്ങുന്നതുപോലെ, എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകുന്നതിനു മുൻപേ മുഖത്തേക്ക് അതിശക്തിയായി വെള്ളം വീണു.

പെട്ടെന്ന് ഞെട്ടിയുണർന്നപ്പോൾ മുന്നിൽ ഭാര്യ. ഒരു മനുഷ്യന് ഒരു ജന്മത്തിലാവാഹിക്കാവുന്ന കോപം മുഴുവൻ ആ മുഖത്തുണ്ട്.കൈയിൽ വെള്ളമൊഴിഞ്ഞ ഒരു മോന്തയും.
''മൂടിപ്പുതച്ചുകിടന്നുറങ്ങിക്കോ... ആ കൊച്ചിന് പാലു കുടിക്കണമെന്നൊരു വിചാരോല്ലാലോ..''
''അതിന് നീയല്ലെ ദിവസവും മോണിങ് വാക്കിനു പോകുമ്പോൾ പാല് മേടിക്കാറുള്ളത്.''
''അതെ.. എന്റെ കൈയിൽ കാശുണ്ടായിരുന്നതുകൊണ്ട് ഇന്നലെ വരെ മേടിച്ചു. ഇന്നെവിടന്ന് മേടിക്കാനാ..''

''ഏടി, എന്റെ പേഴ്‌സിലുണ്ടല്ലോ?'' ''ഓ... കുറേ കൊണ്ടുവന്നു വച്ചിട്ടുണ്ട് രണ്ടായിരത്തിന്റെ നോട്ടുകൾ. ആരെടുക്കും മനുഷ്യാ അതൊക്കെ. ചില്ലറ വേണ്ടെ? വേഗം പോയി എവിടെന്നെങ്കിലും ചില്ലറ വാങ്ങിക്കൊണ്ട് പോയി പാല് വാങ്ങിച്ചോണ്ട് വാ. ഉണരുമ്പോൾ പാല് കിട്ടിയില്ലെങ്കിൽ അവൻ കസറും. പിന്നെ എന്റെ തനി സ്വഭാവം കാണിക്കും ഞാൻ...''

മൂടിനു തീപിടിച്ചതുപോലെ ഷർട്ടും വലിച്ചുകേറ്റി അമ്പലത്തിലേക്ക്പാഞ്ഞു. ദൈവത്തിനോടപേക്ഷിച്ചിട്ടു കാര്യമില്ലെന്നറിയാം, പക്ഷെ തിരുമേനീടെ തട്ടത്തിൽ വീഴുന്ന ചില്ലറകൾക്കിപ്പൊ നല്ല വിലയാ.  രണ്ടായിരത്തിന്റെ ഒരു നോട്ടു നൽകി, തട്ടത്തിൽ വീണുകിടന്നിരുന്ന ചില്ലറയെല്ലാം വാരിപ്പെറുക്കി പാലുവാങ്ങാനായി നടക്കുമ്പോഴും, ഒരു ക്യാഷ്‌ലെസ് എക്കോണമി സ്വപ്നത്തിന്റെ ഹാങ്ങ് ഓവർ എന്നെ വിട്ടുമാറിയിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP