Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'വായിച്ചാൽ വളരും.. വായിച്ചില്ലെങ്കിലും വളരും.. വായിച്ചാൽ വിളയും.. വായിച്ചില്ലെങ്കിൽ വളയും': വീണ്ടുമൊരു വായനാദിനം കൂടി എത്തുമ്പോൾ..

'വായിച്ചാൽ വളരും.. വായിച്ചില്ലെങ്കിലും വളരും.. വായിച്ചാൽ വിളയും.. വായിച്ചില്ലെങ്കിൽ വളയും': വീണ്ടുമൊരു വായനാദിനം കൂടി എത്തുമ്പോൾ..

അഞ്ജു പാർവ്വതി പ്രഭീഷ്

രിത്രത്തിൽ ഓരോ ദിവസത്തിനും അതിന്റേതായ പ്രാധാന്യവും പ്രസക്തിയുമുണ്ട്. ഇന്ന് ജൂൺ 19. കേരള ചരിത്രത്തിൽ വായന കൊണ്ട് വിപ്ലവം സൃഷ്ടിച്ച ഒരു പാവം വിപ്ലവകാരിയുടെ ചരമദിനത്തെ കുറിക്കുന്നുണ്ട് ഈദിനം. ഒപ്പം പുസ്തകങ്ങളെ ത്രമേൽ സ്‌നേഹിച്ച ആ വായനയുടെ തമ്പുരാനോടുള്ള ആദരവിന്റെ പ്രതീകമായി ആചരിക്കുന്ന ദേശീയ വായനാദിനം കൂടിയാണ് ഇന്ന്. പുതുവായിൽ നാരായണപണിക്കരെന്ന പി.എൻ.പണിക്കരെയും അദ്ദേഹം വിത്തുപാകി. വളവും വെള്ളവുമൊഴിച്ച് പടർന്നു പന്തലിപ്പിച്ച ഗ്രന്ഥശാലാ പ്രസ്ഥാനത്തെയും തങ്കലിപികളിൽ രേഖപ്പെടുത്തിയിട്ടുണ്ട് സാംസ്‌കാരിക കേരളം.

1996 മുതൽ 2016 വരെ കേരളമെന്ന സംസ്ഥാനത്തിന്റെ മാത്രം, മലയാളത്തിന്റെ മാത്രം വായനാ ദിനമായിരുന്നു ജൂൺ 16.1995 ജൂൺ 16നു കാലയവനികയ്ക്കുള്ളിൽ മറഞ്ഞ, പുസ്തകങ്ങളിലൂടെ സാംസ്കാരിക നവോത്ഥാനം സാധ്യമാക്കിയ ആമഹാനോട് കേരളം നീതി പുലർത്തിയത് പിറ്റേവർഷം മുതൽ ആ ചരമദിനത്തെ വായനാ ദിനമായി ആചരിച്ചു ക്കൊണ്ടാണ്. എന്നാൽ 21 വർഷങ്ങൾക്കിപ്പുറം 2017 മുതൽ ജൂൺ 19 നെ ദേശീയ വായനാ ദിനമായി ഇന്ത്യ ഏറ്റെടുത്തപ്പോൾ മലയാളത്തിന്റെ പ്രസക്തിയും, ആ 51 അക്ഷരങ്ങളുടെ ശക്തിയും ആ മഹാന്റെ പ്രശസ്തിയും ഇന്ത്യയാകെ പടരുന്നുവെന്നത് ഓരോ മലയാളിയും അഭിമാനത്തോടെ ഏറ്റുപറയുക തന്നെ വേണം. ഒപ്പം വെർച്വൽ ലോകത്തിന്റെ നാലതിരുകൾക്കുള്ളിൽ തളച്ചിട്ട എഴുത്തിന്റെയും വായനയുടെയും ഇ- ബോൺസായ് മരങ്ങളെ വേരോടെ പിഴുതെടുത്ത വിശാലമായ നേരറിവിന്റെ മണ്ണിൽ നടുകയും ചിന്തയുടെ വളവും വെള്ളവുമൂട്ടി പുസ്തകങ്ങളാകുന്ന വന്മരങ്ങളാക്കി മാറ്റിവരും തലമുറയ്ക്ക് ആവോളം അറിവിന്റെ ഫലങ്ങളും അനുഭവത്തിന്റെ തണലും നല്കുകയും വേണം.

ഈ ആധുനിക ഇന്റർനെറ്റ് യുഗത്തിൽ, വേഗത ജീവിതത്തിന്റെ ഭാഗമായ കാലത്തിലും നമ്മൾ വായനയെ കാര്യമായി കൈവിട്ടിട്ടില്ല തന്നെ. കടലാസിന്റെ മണവും പുറംചട്ടയുടെ നിറവും വായനയുടെ കാലത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയിരുന്ന വായനശാലകളിലെ ആ സൗഹൃദസദസ്സുകൾ ഇന്ന് സാമൂഹ്യമാധ്യമങ്ങളിലെ കൂട്ടായ്മകളിലേക്ക് കളംമാറിയെങ്കിലും ഗൗരവതരമായ വായനയെ നമ്മൾ കൂടെക്കൂട്ടുന്നുവെന്നതിനു സാക്ഷ്യമാണ് പുസ്തകമേളകളിലെ ജനതിരക്കും ലക്ഷകണക്കിനു പ്രതികൾ വിറ്റഴിക്കപ്പെടുന്ന ജനപ്രിയ നോവലുകളും. വൈവിധ്യങ്ങളായ വിഷയങ്ങൾ ഇ-വായനയെ സമ്പന്നമാക്കുന്നുണ്ടെന്ന യാഥാർത്ഥ്യം മറക്കുന്നില്ലെങ്കിൽ കൂടി പുസ്തകവായനയെന്ന ആത്മാവിന്റെ അനുഭൂതി ഇ-വായനയ്ക്ക് എന്നും ഒരുകാതം മുന്നിൽ തന്നെയാണ്. വിരൽത്തുമ്പിൽ വിടരുന്ന വായനയുടെ പൂക്കാലത്തെ എതിരേൽക്കുന്നതിനൊപ്പം അക്ഷരങ്ങളെ കടലാസു താളുകളിൽ വിടർത്തുന്ന പുസ്തകങ്ങളുടെ വസന്തക്കാലത്തെ ആഘോഷമാക്കണം.

വായിച്ചാൽ വളരും

വായിച്ചില്ലെങ്കിലും വളരും

വായിച്ചാൽ വിളയും

വായിച്ചില്ലെങ്കിൽ വളയും

കുഞ്ഞെഴുത്തിന്റെ തമ്പുരാൻ കുഞ്ഞുണ്ണി മാഷിന്റെ പ്രശസ്തമായ ഈവരികൾ വരച്ചു കാട്ടുന്നുണ്ട് വായനയെന്ന മഹാസംസ്‌കാരത്തെ! എല്ലാ അർത്ഥത്തിലും വായന കേവലമൊരു അനുഭവത്തിനപ്പുറം ഒരു സംസ്‌കാരത്തിന്റെ വിളംബരം കൂടിയാണ്. അറിവിന്റെയും ചിന്തയുടെയും ആസ്വാദനത്തിന്റെയും മഹാപ്രവാഹമൊഴുകിയിരുന്നത് കടലാസു താളുകൾക്കിടയിലൂടെയായിരുന്നു. പുസ്തകമെന്ന നദീ തടങ്ങളിലെഴുതിവച്ചിരുന്ന മഹാസംസ്‌കാരത്തിന്റെ ആഴവും പരപ്പും നന്നായി അറിഞ്ഞൊരു തലമുറ, അന്യം നിന്നു പോയിട്ടില്ലെങ്കിലും കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ആ സംസ്‌കൃതിയിൽ നിന്നും ഇ-വായനയുടെ വിരൽത്തുമ്പിൽ വിരിയുന്ന മാന്ത്രികതയിലേക്കൊരു കൂടുമാറ്റം നടന്നു ക്കഴിഞ്ഞിരിക്കുന്നു.

വായന മരിച്ചിട്ടില്ലെന്നു ആശ്വസിക്കാമെങ്കിലും അച്ചടിമഷി പുരണ്ട പുസ്തകത്താളുകൾക്കിടയിൽ കുരുങ്ങിപ്പോയ അനുഭവത്തിന്റെയും ആസ്വാദനത്തിന്റെയും രസക്കൂട്ട് ഇത്തിരിക്കുഞ്ഞന്മാരായ മൊബൈലുകൾക്കും ലാപ്‌ടോപ്പുകൾക്കും പകരാൻ കഴിയുമോ? ഇലക്ട്രോണിക് ഗാഡ്ജറ്റുകൾ വായനായിടങ്ങളായി മാറിയപ്പോൾ, വായനാശാലകൾ വായനക്കൂടുകളായി ഒതുങ്ങിയപ്പോൾ ആത്മാവിനു നഷ്ടമായ സ്പർശവും മണവും അനുഭവഭേദ്യമായി അനുഭവിച്ചറിഞ്ഞ, ആസ്വദിച്ച പുസ്തകങ്ങളെന്ന ആത്മമിത്രങ്ങളെയാണ്. ഒപ്പം വായിച്ചു വളർന്ന പുസ്തക സുഗന്ധം പേറിയിരുന്ന ആ വായനാക്കാലവും! എന്നിരുന്നാൽ പ്പോലും ഓരോ വായനാദിനവും വായനാവാരവും വായനക്കാരിൽ പകരുന്നത് വായനയുടെ അനശ്വര സന്ദേശമാണ്. ഒപ്പം അറിവിന്റെ ഒരിക്കലും കെടാത്ത ജ്വാലയും!

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP