Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

വിവാഹ മോചനക്കേസിൽ അപ്പീൽ തള്ളിയതോടെ വനിത തന്റെ ചെരിപ്പൂരി ലോർഡ് ജസ്റ്റിസ് ഡെന്നിങ്ങിനു നേരെ വലിച്ചെറിയുന്നു; തല കുനിച്ച് ആ ഏറിൽ നിന്നും രക്ഷ നേടി; ആ സ്ത്രീ വീണ്ടും ചെരുപ്പെടുക്കാൻ തലകുനിച്ചപ്പോൾ അദ്ദേഹം ചേമ്പറിലേക്ക് ഓടി രക്ഷപെട്ടു; എന്തിനാണ് ഡെന്നിങ് ഓടിയത്? നിയമചരിത്രത്തിലെ ചില നാൾവഴികൾ: അഡ്വ.ജോൺസൺ മനയാനി എഴുതുന്നു

വിവാഹ മോചനക്കേസിൽ അപ്പീൽ തള്ളിയതോടെ വനിത തന്റെ ചെരിപ്പൂരി ലോർഡ് ജസ്റ്റിസ് ഡെന്നിങ്ങിനു നേരെ വലിച്ചെറിയുന്നു; തല കുനിച്ച് ആ ഏറിൽ നിന്നും രക്ഷ നേടി; ആ സ്ത്രീ വീണ്ടും ചെരുപ്പെടുക്കാൻ തലകുനിച്ചപ്പോൾ അദ്ദേഹം ചേമ്പറിലേക്ക് ഓടി രക്ഷപെട്ടു; എന്തിനാണ് ഡെന്നിങ് ഓടിയത്? നിയമചരിത്രത്തിലെ ചില നാൾവഴികൾ: അഡ്വ.ജോൺസൺ മനയാനി എഴുതുന്നു

അഡ്വ. ജോൺസൺ മനയാനി

ചരിത്രത്തിലെ ചില നാൾ വഴികൾ

(ഈ അടുത്ത കാലത്ത് നിയമ വേദികളിലുണ്ടായ ചില തർക്കങ്ങളാണ് ഈ കുറിപ്പിനാധാരം)

1. സ്വാതന്തൃ സമരനേതാവായിരുന്ന ലോകമാന്യതിലകന്റെ മൂന്ന് രാജ്യദ്രോഹ കുറ്റവിചാരണകൾ എന്റെ ഓർമ്മയിൽ വരുന്നു. ആദ്യ വിചാരണ 1897-ൽ രണ്ടാമത്തെ വിചാരണ 1908-ൽ മൂന്നാമത്തെ വിചാരണ 1916-ൽ. ആദ്യ കുറ്റ വിസ്താരത്തിൽ 18 മാസം കഠിന തടവുശിക്ഷ. തിലകൻ തന്റെ മറാത്തി വാരികയായ കേസരിയിൽ രാജ്യദ്രോഹ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു എന്നതായിരുന്നു കുറ്റം. 18 മാസത്തെ കഠിന തടവുശിക്ഷക്കെതിരെ പ്രിവി കൗൺസിലിലേക്ക് അപ്പീലിന് അനുവാദം ആവശ്യപ്പെട്ടെങ്കിലും ബോംബെ ഹൈക്കോടതി അനുവാദം നിഷേധിച്ചു. മേൽ വിധികൾക്കെതിരെ പ്രിവി കൗൺസിലിൽ തിലകനു വേണ്ടി ഹാജരായത് പിന്നീട് ബ്രിട്ടീഷ് പ്രധാനമന്ത്രിയായ Mr. അസ്‌ക്വിത്ത് ആയിരുന്നു. തിലകൻ കേസ് തോറ്റു. ശിക്ഷാ കാലാവധി തിലകൻ അനുഭവിച്ചു. ബോംബെ ഹൈക്കോടതിയിൽ തിലകനു വേണ്ടി ഹാജരായത്, പിന്നീട് ബോംബെ ഹൈക്കോടതി ജഡ്ജിയായ ഡാവറാണ്.

1908-ൽ രാജ്യദ്രോഹ ലംഘനങ്ങൾ കേസരിയിൽ പ്രസിദ്ധീകരിച്ചു എന്നാരോപിച്ച് വീണ്ടും തിലകൻ കുറ്റവിചാരണയെ നേരിട്ടു. സാധാരണ കോടതി നടപടികൾ വഴി തിലകനെ നശിപ്പിക്കുവാൻ കഴിയുകയില്ല എന്ന് സംശയിച്ച ബ്രിട്ടീഷ് അധികാരികൾ ഒരു സ്‌പെഷ്യൽ ട്രെബ്യൂണൽ രൂപീകരിച്ചു. കൂടാതെ ഒമ്പതംഗങ്ങൾ അടങ്ങുന്ന ജൂറിയും, 6 ഇംഗ്ലീഷുകാർ, 2 പാഴ്‌സികൾ, 1 യഹൂദൻ എന്നിവരടങ്ങുന്ന ജൂറി. 1847-ൽ തിലകനു വേണ്ടി ഹാജരായ ഡോവർ ജസ്റ്റിസ് ഡോവറായപ്പോൾ വന്ന മാറ്റം വലുതായിരുന്നു. ഫ്രാൻസിസ് ബേക്കൺ പറഞ്ഞിട്ടുണ്ട് അഭിഭാഷകൻ ന്യായാധിപനാകുമ്പോൾ മറ്റൊരു മനുഷ്യനാകുമെന്ന്. ജസ്റ്റിസ് ഡോവറിന്റെ കാര്യത്തിൽ മേൽ ആപ്തവാക്യം അക്ഷരാർത്ഥത്തിൽ ശരിയായിരുന്നു.

പുച്ഛത്തോടെയായിരുന്നു പ്രതിയായ തിലകനോടുള്ള ജസ്റ്റിസ് ഡോവറിന്റെ പെരുമാറ്റം. സാക്ഷി വിസ്താരത്തിനു ശേഷം ജൂറിയായ ഒമ്പത് അംഗങ്ങളിൽ ഏഴു പേർ തിലകൻ കുറ്റക്കാരനാണെന്ന് വിധിച്ചു. ശിക്ഷാവിധി പ്രഖ്യാപിക്കുന്നതിന് മുൻപ് എന്തെങ്കിലും ചോദിക്കാനുണ്ടോ എന്ന് കോടതി ആരാഞ്ഞു. തിലകന്റെ മറുപടി ലോക പ്രശസ്തമായി. അതിങ്ങനെയാണ്. 'എനിക്കൊന്നേ പറയാനൊള്ളൂ ജൂറിയുടെ വിധി എന്തായാലും ഞാൻ പറയുന്നു, ഞാൻ നിരപരാധി ആണെന്ന്. വിധിയെ നിയന്ത്രിക്കുന്ന ശക്തികളുടെ മുമ്പിൽ മറ്റൊരു ശക്തിയുണ്ടെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.' ജസ്റ്റിസ് ഡോവറിന്റെ പ്രതികരണം പുച്ഛത്തോടെ ആയിരുന്നു. തിലകൻ ശിക്ഷിക്കപ്പെട്ടു ബർമ്മയിലേക്ക് ആറ് വർഷത്തെ നാടുകടത്തൽ. തിലകന്റെ മുകളിൽ കാണിച്ച കോടതിയോടുള്ള മറുപടി ബോംബെ ഹെകോടതിയുടെ ചീഫ് ജസ്റ്റിസിന്റെ ഒന്നാം നമ്പർ കോടതിയിൽ മാർബിളിൽ ആലേഖനം ചെയ്ത് വെച്ചിട്ടുണ്ട്. ആ ഫലകം 1956-ൽ അനാച്ഛാദനം ചെയ്തത് അന്ന് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന എം.സി. ചഗ്‌ള ആയിരുന്നു. അന്ന് ചഗ്‌ള പറഞ്ഞത് അർത്ഥവത്താണ്. 'ഈ ബഹുമതിക്ക് താൻ അർഹനാണോ ' എന്ന്. 1916-ൽ വീണ്ടും രാജ്യദ്രോഹ കുറ്റവിചാരണയെ തിലകൻ നേരിട്ടു പക്ഷെ ശിക്ഷിക്കപ്പെട്ടില്ല. ചരിത്ര താളുകളിൽ തിലകന്റെ സ്ഥാനം വലുതാണ്. പക്ഷെ ഡോവർ എവിടെ ?

2. 1922-ലെ ഗാന്ധിജിയുടെ രാജ്യദ്രോഹ കുറ്റവിചാരണ

തിലകന് സമാനമായി ഗാന്ധിജിയും 1922-ൽ രാജ്യ ദ്രോഹവിചാരണയെ നേരിട്ടു. അഹമ്മദാബാദ് സെഷൻസ് കോടതിയിൽ ഗാന്ധിജിയെ കുറ്റക്കാരനാണെന്ന് കോടതി കണ്ടു. ശിക്ഷാവിധിക്കു മുൻപേ കോടതി ഗാന്ധിജിയോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് ആരാഞ്ഞു. ഗാന്ധിജിയുടെ മറുപടി പ്രശസ്തമാണ്. തനിക്കു ഗുരുതുല്യനായ തിലകനു നൽകിയ നാടുകടത്തൽ ശിക്ഷ തനിക്ക് വിധിക്കല്ലേ എന്ന്. ഗാന്ധിജിക്ക് 6 കൊല്ലത്തെ ജയിൽവാസം വിധിക്കപ്പെട്ടു. ശിക്ഷാവിധി കാരണം ഗാന്ധിജിക്ക് ബാരിസ്റ്റർ പദവി നഷ്ടപ്പെട്ടു. ഗാന്ധിജിയുടെ പേരിൽ നാണയമിറക്കാൻ ബ്രിട്ടീഷ് സർക്കാർ ഇപ്പോൾ തയ്യാറെടുക്കുന്നു. കൂടാതെ ഇന്നർ ടെമ്പിൾ സ്വമേധയാ ഗാന്ധിജിക്കുള്ള ബാരിസ്റ്റർഷിപ്പ് പുനഃസ്ഥാപിക്കുകയും ചെയ്തു.

3. വ്യക്തി സാതന്ത്യം -സുപ്രീം കോടതി വിധികൾ

1975-ലെ ദേശീയ അടിയന്തരാവസ്ഥ കാലത്ത് വ്യക്തിസ്വാതന്ത്യം നിഷേധിക്കപ്പെട്ടു. അടിയന്തരാവസ്ഥയിൽ വ്യക്തിസ്വാതന്ത്യത്തിന് അവകാശമില്ലെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചു. 40 വർഷത്തിനു ശേഷം അതെ സുപ്രീം കോടതി ആ വിധി തെറ്റാണെന്ന് കണ്ടു. ആദ്യവിധിയിലെ വിധികർത്താക്കളിൽ ഒരാളുടെ മകനടക്കമുള്ള ജഡ്ജിമാരുടെയായിരുന്നു രണ്ടാമത്തെ വിധി. തന്റെ പിതാവടങ്ങുന്ന ബഞ്ചിന്റെ വിധി തെറ്റാണെന്ന് പ്രഖ്യാപിക്കുവാൻ മകനടക്കുന്ന ബഞ്ചിന് യാതൊരു മടിയുമുണ്ടായില്ല.

4. ലോർഡ് ജസ്റ്റിസ് ഡെന്നിങ്ങും കോടതി അലക്ഷ്യവും

നിയമവേദികളിലെ കുലപതിയാണ് ലോർഡ് ജസ്റ്റിസ് ഡെന്നിങ്ങ്. വിവാഹ മോചന കേസുകളുടെ അപ്പീൽ കേസുകളിൽ അദ്ദേഹം വാദം കേൾക്കുന്നു. ഒരു വനിതയുടെ അപ്പീൽ അദ്ദേഹം തള്ളിക്കളയുന്നു. ബന്ധപ്പെട്ട വനിത തന്റെ ചെരിപ്പൂരി ഡെന്നിങ്ങിനു നേരെ വലിച്ചെറിയുന്നു. അദ്ദേഹം തല കുനിച്ച് ആ ഏറിൽ നിന്നും രക്ഷ നേടി. ആ സ്ത്രീ വീണ്ടും ചെരുപ്പെടുക്കാൻ തലകുനിച്ചു. അദ്ദേഹം ചേമ്പറിലേക്ക് ഓടി രക്ഷപെട്ടു.  പത്രപ്രവർത്തകർ
ചേംബറിലെത്തി വിവരങ്ങൾ ആരാഞു. 'എന്തിനാണ് ഓടിയത് ?' അപ്പോൾ ലോർഡിന്റെ മറുപടി ആ സ്ത്രീ വീണ്ടും ചെരുപ്പെടുക്കുന്നതിന് കുനിയുന്നത് കണ്ടു എന്ന്. ആ വനിതയുടെ പേരിൽ കോടതിയലക്ഷ്യ നടപടികൾ എടുക്കുമോ എന്ന് പത്രക്കാർ ആരാഞ്ഞു. ഡെന്നിങ്ങിന്റെ മറുപടി പ്രശസ്തമാണ്. 'നിങ്ങൾ എന്തിനാണ് എന്നെ മൈ ലോർഡ് എന്ന് വിളിക്കുന്നത് എന്നതിന് ഒരു കാരണമുണ്ട്. ഈ ലോകം ദൈവം സൃഷ്ടിച്ചു. ലോകത്തെ നിയന്ത്രിക്കാൻ ദൈവം രാജാവിനെ നിയമിച്ചു. രാജാവ് തന്റെ അധികാരം മഹാപുരോഹിതന്മാർക്കും, ന്യായാധിപന്മാർക്കും, സേനാ നായകർക്കുമായി വീതിച്ചു. അങ്ങനെ ദൈവാധികാരം പങ്കുവെച്ചു. അതുകൊണ്ടാണ് നിങ്ങളെന്നെ 'മൈലോർഡ്'' എന്ന് വിളിക്കുന്നത്. നിങ്ങൾ മുറ്റത്തിറങ്ങി മുകളിലേക്ക് നോക്കി ദൈവത്തെ ചീത്ത വിളിക്കുകയോ കല്ലെറിയുകയോ ചെയ്താൽ ദൈവം ഇടിമിന്നലിറക്കി ശിക്ഷിക്കാറില്ല. കാരണം ദൈവം പരമകാരുണികനും ദയാപൂർണ്ണനുമാണ്. ഇതൊക്കെ നിസാര കാര്യങ്ങൾ'. എത്ര മഹത്തരമായ ചിന്താഗതി.

5. ഇംഗ്ലീഷ് രാജാവിന്റെ കഥ

ഇംഗ്ലീഷ് പാർലമെന്റും രാജാവുമായി നടന്ന ആദ്യത്തെ യുദ്ധത്തിൽ ചാൾസ് ഒന്നാമൻ രാജാവിന്റെ സൈന്യത്തെ ക്രോംബെൽ നയിച്ച പാർലമെന്റ് സൈന്യം പരാജയപ്പെടുത്തി. രാജാവ് തടങ്കലിലായി. രാജ്യദ്രോഹ കുറ്റത്തിന് രാജാവിനെ പാർലമെന്റ് വിചാരണ ചെയ്തു. അഭിഭാഷകനായ ജോൺ ബ്രൺഷായുടെ നേതൃത്വത്തിലുള്ള ട്രിബ്യൂണൽ രാജ്യദ്രോഹക്കുറ്റത്തിന് രാജാവിനെ വധശിക്ഷക്കു വിധിച്ചു. രാജാവിനെ വായ തുറക്കാൻ ജഡ്ജിമാർ അനുവദിച്ചില്ല എന്നു മാത്രമല്ല അധിക്ഷേപം ചൊരിയുകയും ചെയ്തു. 1649-ൽ രാജാവിനെ ശിരച്ചേദം ചെയ്തു വധിച്ചു. 1660-ൽ രാജാധികാരം പുനഃസ്ഥാപിക്കപ്പെട്ടു. വധിക്കപ്പെട്ട രാജാവിന്റെ അനിയൻ ചാൾസ് രണ്ടാമൻ രാജാവായി. ചാൾസ് ഒന്നാമനെ വധിക്കുവാൻ വിധിച്ച പത്ത് പ്രധാന പാർലമെന്റ് അഗങ്ങളെ രാജ്യദ്രോഹ കുറ്റത്തിന് വിസ്തരിച്ച് വധശിക്ഷക്ക് വിധിച്ചു. ശിക്ഷ നടപ്പാക്കി. പാർലമെന്റ് നായകനായിരുന്ന ക്രോംബെൽ അന്തരിച്ചിരുന്നു. അദ്ദേഹത്തിന്റെ ശവക്കല്ലറ പൊളിച്ച് അസ്ഥികൂടം പുറത്തെടുത്ത് വിസ്താരത്തിനു ശേഷം വധശിക്ഷ വിധിച്ച് കഴുവിലേറ്റി. വിധി വെപരീത്യം, രണ്ടു വിധികളും ദൗർഭാഗ്യവശാൽ അപലപനീയം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP